യഹോവ ശലോമോൻ രാജാവിന് ജ്ഞാനമുള്ള ഒരു ഹൃദയം നൽകുന്നു. ശലോമോന്റെ ഭരണകാലത്ത് ഇസ്രായേലിൽ സമാധാനവും ഐശ്വര്യവും കളിയാടുന്നു
ഒരു ദേശത്തെ ഭരണാധികാരിയും പ്രജകളും യഹോവയെ തങ്ങളുടെ പരമാധികാരിയായി അംഗീകരിച്ചുകൊണ്ട് അവന്റെ നിയമങ്ങൾ അനുസരിച്ചു ജീവിക്കുന്നെങ്കിൽ അവിടത്തെ സാഹചര്യം എങ്ങനെയുള്ളതായിരിക്കും? ശലോമോൻ രാജാവിന്റെ 40 വർഷത്തെ ഭരണം അതിനുള്ള ഉത്തരം നൽകുന്നു.
മരിക്കുന്നതിനുമുമ്പ് ദാവീദ്, പുത്രനായ ശലോമോനെ തന്റെ പിൻഗാമിയായി വാഴിച്ചു. ഒരിക്കൽ ദൈവം ഒരു സ്വപ്നത്തിൽ ശലോമോനോട്, ‘നിനക്ക് വേണ്ടുന്ന വരം ചോദിച്ചുകൊള്ളുക’ എന്ന് പറഞ്ഞു. ജനത്തെ നീതിയോടും ന്യായത്തോടും കൂടെ ഭരിക്കാനുള്ള ജ്ഞാനവും വിവേകവും നൽകി തന്നെ അനുഗ്രഹിക്കണമെന്ന് ശലോമോൻ അപേക്ഷിച്ചു. ഇതിൽ സംപ്രീതനായ യഹോവ അവന് ജ്ഞാനവും വിവേകവുമുള്ള ഒരു ഹൃദയം നൽകി. അനുസരണമുള്ളവനായി ജീവിക്കുന്നെങ്കിൽ അവന് ധനവും മാനവും ദീർഘായുസ്സും നൽകുമെന്ന് യഹോവ വാഗ്ദാനംചെയ്തു.
ശലോമോന്റെ ജ്ഞാനപൂർവകമായ ന്യായത്തീർപ്പുകൾ അവനെ പ്രസിദ്ധനാക്കി. അതിലൊന്നാണ് രണ്ടു സ്ത്രീകളും ഒരു കുഞ്ഞും ഉൾപ്പെട്ട കേസ്. കുഞ്ഞ് തന്റേതാണെന്ന് സ്ത്രീകൾ രണ്ടുപേരും വാദിച്ചു. കുഞ്ഞിനെ രണ്ടായി പകുത്ത് ഇരുവർക്കും കൊടുക്കാൻ ശലോമോൻ കൽപ്പിച്ചു. ആദ്യത്തെ സ്ത്രീ ഉടനെ അതു സമ്മതിച്ചു; പക്ഷേ യഥാർഥ അമ്മ കുഞ്ഞിനെ മറ്റേ സ്ത്രീക്കു കൊടുത്തുകൊള്ളാൻ അപേക്ഷിച്ചു. കുഞ്ഞ് ആരുടേതാണെന്നു മനസ്സിലാക്കാൻ ശലോമോന് പ്രയാസമുണ്ടായില്ല. ശലോമോൻ കുഞ്ഞിനെ അവന്റെ അമ്മയെ ഏൽപ്പിച്ചു. ഈ വിധിനിർണയം ഇസ്രായേലിലെങ്ങും പ്രസിദ്ധമായി. ശലോമോന് ദൈവികമായ ജ്ഞാനമുണ്ടെന്ന് ജനം തിരിച്ചറിഞ്ഞു.
ശലോമോന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് യഹോവയുടെ ആലയത്തിന്റെ നിർമാണമായിരുന്നു. യെരുശലേമിലെ പ്രൗഢഗംഭീരമായ ഈ നിർമിതി സത്യാരാധനയുടെ കേന്ദ്രമായി വർത്തിക്കുമായിരുന്നു. ആലയത്തിന്റെ സമർപ്പണവേളയിൽ ദൈവത്തോടു പ്രാർഥിക്കവെ, ശലോമോൻ ഇങ്ങനെ പറഞ്ഞു: “സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നതു എങ്ങനെ?”—1 രാജാക്കന്മാർ 8:27.
ശലോമോന്റെ കീർത്തി മറ്റു ദേശങ്ങളിലേക്കും വ്യാപിച്ചു; ദൂരെയുള്ള അറബിദേശത്തെ ശെബയിൽപ്പോലും അവന്റെ ഖ്യാതി എത്തി. ശലോമോന്റെ ധനവും മഹത്വവും നേരിൽ ദർശിക്കാനും അവന്റെ ജ്ഞാനം പരീക്ഷിച്ചറിയാനും ശെബാരാജ്ഞി യെരുശലേമിൽ വന്നു. ശലോമോന്റെ ജ്ഞാനവും ഇസ്രായേലിന്റെ സമ്പദ്സമൃദ്ധിയും കണ്ട് അമ്പരന്ന രാജ്ഞി, ഇത്രയും ജ്ഞാനിയായ ഒരാളെ രാജാവായി വാഴിച്ച യഹോവയെ സ്തുതിച്ചു. അതെ, ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും ഐശ്വര്യസമൃദ്ധവും സമാധാനപൂർണവുമായ കാലഘട്ടമായിരുന്നു ശലോമോന്റെ ഭരണകാലം. യഹോവയുടെ അനുഗ്രഹമാണ് അത് സാധ്യമാക്കിയത്.
എന്നാൽ ഒരു ഘട്ടമെത്തിയപ്പോൾ യഹോവയുടെ ജ്ഞാനത്തിന് അനുസൃതമായി ജീവിക്കാൻ ശലോമോൻ പരാജയപ്പെട്ടു. ദൈവനിയമം ലംഘിച്ചുകൊണ്ട് ശലോമോൻ നൂറുകണക്കിന് സ്ത്രീകളെ ഭാര്യമാരായെടുത്തു. അവരിൽ പലരും അന്യദേവന്മാരെ ആരാധിച്ചിരുന്നവരായിരുന്നു. യഹോവയെവിട്ട് വിഗ്രഹാരാധനയിലേക്കു തിരിയാൻ കാലക്രമത്തിൽ ഈ ഭാര്യമാർ ശലോമോനെ സ്വാധീനിച്ചു. രാജ്യത്തിന്റെ ഒരു ഭാഗം ശലോമോനിൽനിന്ന് ‘പറിച്ചെടുക്കുമെന്ന്’ യഹോവ പറഞ്ഞു. എങ്കിലും, ശലോമോന്റെ പിതാവായ ദാവീദിനെ കരുതിമാത്രം ഒരു ഭാഗം അവന്റെ വംശപരമ്പരയ്ക്ക് അവകാശപ്പെട്ടതായി തുടരാൻ അനുവദിക്കുമെന്ന് ദൈവം വാഗ്ദാനംചെയ്തു. ശലോമോൻ അവിശ്വസ്തത കാണിച്ചെങ്കിലും ദാവീദുമായുള്ള തന്റെ രാജ്യ ഉടമ്പടിയോട് യഹോവ വിശ്വസ്തതയോടെ പറ്റിനിന്നു.