തന്റെ അമ്മാവന്റെ ജീവൻ രക്ഷിച്ച ഒരു യുവാവിനെക്കുറിച്ച് നമുക്കു പഠിക്കാം. പൗലോസ് അപ്പൊസ്തലനായിരുന്നു ആ യുവാവിന്റെ അമ്മാവൻ. നമുക്ക് അവന്റെ പേര് അറിഞ്ഞുകൂടാ. പക്ഷേ, അവൻ വളരെ ധൈര്യത്തോടെ ഒരു കാര്യം ചെയ്തു. അവൻ ചെയ്തത് എന്താണെന്ന് അറിയാമോ?—
യേശുവിനെക്കുറിച്ചു പ്രസംഗിച്ചതുകൊണ്ട് ശത്രുക്കൾ പൗലോസിനെ ഒരിക്കൽ യെരുശലേമിൽ ജയിലിലാക്കി. ചില ദുഷ്ടന്മാർക്ക് പൗലോസിനെ ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് അവർ അവനെ കൊല്ലാൻ ഒരു ഉപായം ആലോചിച്ചു. അവർ തമ്മിൽത്തമ്മിൽ ഇങ്ങനെ പറഞ്ഞു: ‘പൗലോസിനെ കോടതിയിലേക്ക് കൊണ്ടുവരാൻ പട്ടാളമേധാവിയെക്കൊണ്ടു സമ്മതിപ്പിക്കണം. എന്നിട്ട് നമുക്കു വഴിയിൽ ഒളിച്ചിരിക്കാം. പട്ടാളക്കാർ പൗലോസിനെ കൊണ്ടുവരുമ്പോൾ നമുക്ക് അവനെ കൊന്നുകളയാം!’
പൗലോസിന്റെ അനന്തരവൻ (പൗലോസിന്റെ പെങ്ങളുടെ മകൻ) ഈ ഉപായത്തെക്കുറിച്ച് അറിഞ്ഞു. അവൻ എന്തു ചെയ്തുകാണും? അവൻ നേരെ ജയിലിലേക്കു പോയി പൗലോസിനോട് കാര്യം പറഞ്ഞു. ഈ ഗൂഢാലോചനയെക്കുറിച്ച് ഉടൻതന്നെ പട്ടാളമേധാവിയോട് പറയാൻ പൗലോസ് അവനോട് ആവശ്യപ്പെട്ടു. പൗലോസിന്റെ അനന്തരവന് പട്ടാളമേധാവിയോട് ഇക്കാര്യം പറയാൻ എളുപ്പമായിരുന്നോ?— അല്ല, കാരണം വലിയ അധികാരമുള്ള ഒരു ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം! പക്ഷേ, പൗലോസിന്റെ അനന്തരവൻ ധൈര്യശാലിയായിരുന്നു. അവൻ ചെന്ന് ആ ഉദ്യോഗസ്ഥനോടു സംസാരിച്ചു.
ആ ഉദ്യോഗസ്ഥന് കാര്യം മനസ്സിലായി. അദ്ദേഹം പൗലോസിനെ രക്ഷിക്കാൻ ഉടൻതന്നെ 500-ഓളം പട്ടാളക്കാരെ വിളിച്ചുകൂട്ടി. അവരോട് ആ രാത്രിയിൽത്തന്നെ പൗലോസിനെയും കൂട്ടി കൈസര്യയിലേക്കു പോകാൻ അദ്ദേഹം ആവശ്യപ്പെട്ടു. പൗലോസ് രക്ഷപ്പെട്ടോ?— തീർച്ചയായും! ആ ദുഷ്ടന്മാർക്ക് അവനെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അവരുടെ ഉപായം പൊളിഞ്ഞു!
ഈ കഥയിൽനിന്നു മോന് എന്തു പഠിക്കാം?— പൗലോസിന്റെ അനന്തരവനെപ്പോലെ മോനും നല്ല ധൈര്യശാലിയായിരിക്കണം. കാരണം, യഹോവയെക്കുറിച്ച് മറ്റുള്ളവരോടു സംസാരിക്കാൻ നമുക്ക് ധൈര്യം ആവശ്യമാണ്. മോൻ ധൈര്യത്തോടെ യഹോവയെക്കുറിച്ച് മറ്റുള്ളവരോടു സംസാരിക്കുമോ?— അങ്ങനെ ചെയ്താൽ മോനും ആരുടെയെങ്കിലും ജീവൻ രക്ഷിക്കാം!