അച്ഛനെയും അമ്മയെയും അനുസരിക്കാൻ എപ്പോഴും എളുപ്പമാണോ?— ചിലപ്പോഴൊക്കെ ബുദ്ധിമുട്ടാണ്, അല്ലേ? എന്നാൽ, യഹോവയെയും തന്‍റെ അച്ഛനമ്മമാരെയും യേശു എപ്പോഴും അനുസരിച്ചെന്ന കാര്യം മോന് അറിയാമോ?— അച്ഛനമ്മമാരെ അനുസരിക്കാൻ ചിലപ്പോഴൊക്കെ എളുപ്പമല്ലായിരിക്കാം. എന്നാൽ യേശു ചെയ്‌തത് എന്താണെന്നു പഠിച്ചാൽ ബുദ്ധിമുട്ടുള്ളപ്പോഴും അവരെ അനുസരിക്കാൻ മോനു കഴിയും. നമുക്ക് അതേക്കുറിച്ചു പഠിക്കാം.
ഭൂമിയിൽ വരുന്നതിനു മുമ്പ് യേശു സ്വർഗത്തിലായിരുന്നു, തന്‍റെ പിതാവായ യഹോവയുടെ കൂടെ. എന്നാൽ ഇവിടെ ഭൂമിയിലും യേശുവിന് ഒരു അച്ഛനും അമ്മയും ഉണ്ടായിരുന്നു. യോസേഫും മറിയയും ആയിരുന്നു അവർ. എങ്ങനെയാണ് അവർ യേശുവിന്‍റെ അച്ഛനമ്മമാരായതെന്ന് മോന് അറിയാമോ?—
സ്വർഗത്തിലായിരുന്ന യേശുവിന്‍റെ ജീവൻ യഹോവ മറിയയുടെ ഉള്ളിലേക്കു മാറ്റി. യേശുവിന് ഭൂമിയിൽ ജനിക്കാനും ജീവിക്കാനും വേണ്ടിയാണ് യഹോവ ഇങ്ങനെ ചെയ്‌തത്. ഇത് ഒരു അത്ഭുതമായിരുന്നു! മറ്റു കുഞ്ഞുങ്ങൾ അവരുടെ അമ്മമാരുടെ ഉള്ളിൽ വളരുന്നതുപോലെ യേശു മറിയയുടെ ഉള്ളിൽ വളർന്നു. അങ്ങനെ ഏകദേശം ഒമ്പത് മാസം കഴിഞ്ഞപ്പോൾ യേശു ജനിച്ചു. ഇങ്ങനെയാണ് മറിയയും മറിയയുടെ ഭർത്താവായ യോസേഫും ഇവിടെ ഭൂമിയിൽ യേശുവിന്‍റെ അച്ഛനമ്മമാരായത്.
യേശുവിന് 12 വയസ്സു മാത്രമുള്ളപ്പോൾ ഒരു സംഭവമുണ്ടായി. പിതാവായ യഹോവയെ അവൻ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് കാണിക്കുന്നതായിരുന്നു ആ സംഭവം. അന്നൊരിക്കൽ, പെസഹാപ്പെരുന്നാൾ കൂടാൻ യേശുവും വീട്ടിലുള്ളവരും യെരുശലേമിലേക്കു പോയി. അത് ഒരു നീണ്ട യാത്രയായിരുന്നു. പെരുന്നാൾ കഴിഞ്ഞ് തിരിച്ചുവരുമ്പോൾ യേശുവിനെ കാണാനില്ല. യോസേഫും മറിയയും അവനെ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അവൻ എവിടെയായിരുന്നെന്ന് മോന് അറിയാമോ?—
യേശു ആലയത്തിൽ ആയിരുന്നത് എന്തുകൊണ്ടാണ്?
യോസേഫും മറിയയും യെരുശലേമിലേക്ക് വേഗം തിരിച്ചുപോയി, എല്ലായിടത്തും യേശുവിനെ തിരഞ്ഞു. പക്ഷേ, അവനെ കണ്ടില്ല. അവർക്ക് ആകെ വിഷമമായി. എന്നാൽ മൂന്ന് ദിവസം കഴിഞ്ഞപ്പോൾ അവനെ കണ്ടെത്തി! അവൻ എവിടെയായിരുന്നെന്നോ? യഹോവയുടെ ആലയത്തിൽ! അവൻ അവിടെ പോയത് എന്തിനാണെന്ന് മോന് അറിയാമോ?— തന്‍റെ പിതാവായ യഹോവയെക്കുറിച്ചു പഠിക്കാൻ. അവൻ യഹോവയെ സ്‌നേഹിച്ചു, യഹോവയെ സന്തോഷിപ്പിക്കാനുള്ള കാര്യങ്ങൾ പഠിക്കാനും അവൻ ഇഷ്ടപ്പെട്ടു. അവൻ വളർന്നുവലുതായിട്ടും എല്ലായ്‌പോഴും യഹോവയെ അനുസരിച്ചു. അനുസരിക്കാൻ ബുദ്ധിമുട്ടുണ്ടായപ്പോഴും കഷ്ടത അനുഭവിക്കേണ്ടിവന്നപ്പോഴും അവൻ യഹോവയെ അനുസരിച്ചു. അവൻ യഹോവയെ മാത്രമാണോ അനുസരിച്ചത്, യോസേഫിനെയും മറിയയെയും അനുസരിച്ചോ?— ഉവ്വ്, അനുസരിച്ചെന്ന് ബൈബിൾ പറയുന്നു.
യേശുവിന്‍റെ കഥയിൽനിന്ന് എന്തു പഠിക്കാം?— അനുസരിക്കാൻ ബുദ്ധിമുട്ടായിരിക്കുമ്പോഴും മോൻ അച്ഛനെയും അമ്മയെയും അനുസരിക്കണം. മോൻ അങ്ങനെ ചെയ്യുമോ?—