അനുസരണം നിന്നെ സംരക്ഷിക്കുന്നു
അധ്യായം 7
അനുസരണം നിന്നെ സംരക്ഷിക്കുന്നു
നീആഗ്രഹിക്കുന്ന എന്തും ചെയ്യാൻ കഴിഞ്ഞാൽ നിനക്ക് അത് ഇഷ്ടമായിരിക്കുമോ? എന്തുചെയ്യണമെന്ന് ആരും ഒരിക്കലും നിന്നോടു പറയരുതെന്നു നീ ആഗ്രഹിക്കുന്ന സമയങ്ങളുണ്ടോ? ഇപ്പോൾ, സത്യസന്ധനായി എന്നോടു പറയൂ.—
എന്നാൽ എന്താണു നിനക്കു മെച്ചം? നീ ആഗ്രഹിക്കുന്ന എന്തും ചെയ്യുന്നതു യഥാർഥത്തിൽ ബുദ്ധിപൂർവകമായിരിക്കുമോ? അതോ നീ നിന്റെ അപ്പനെയും അമ്മയെയും അനുസരിക്കുമ്പോൾ കാര്യങ്ങൾ മെച്ചമായി ഭവിക്കുന്നുവോ?—നിന്റെ മാതാപിതാക്കളെ നീ അനുസരിക്കണമെന്നു ദൈവം പറയുന്നു, അതുകൊണ്ട് അതിന് ഒരു നല്ല കാരണമുണ്ടായിരിക്കണം. അതു കണ്ടുപിടിക്കാൻ കഴിയുമോയെന്നു നമുക്കു നോക്കാം.
നിനക്ക് എത്ര വയസ്സുണ്ട്?—നിന്റെ പിതാവിനു എത്ര വയസ്സുണ്ടെന്നു നിനക്കറിയാമോ?—നിന്റെ അമ്മയ്ക്ക് എത്ര വയസ്സുണ്ട്?—അവർ നിന്നെക്കാൾ വളരെ ദീർഘമായി ജീവിച്ചിരിക്കുന്നു. ഒരു വ്യക്തി എത്ര ദീർഘമായി ജീവിക്കുന്നുവോ അത്രയ്ക്കു കൂടുതൽ സമയം അയാൾക്കു കാര്യങ്ങൾ പഠിക്കാൻ ഉണ്ട്. അയാൾ ഓരോ വർഷവും കൂടുതൽ കാര്യങ്ങൾ കേൾക്കുന്നു, കൂടുതൽ കാര്യങ്ങൾ കാണുന്നു, കൂടുതൽ കാര്യങ്ങൾ ചെയ്യുന്നു. അതുകൊണ്ടു ചെറുപ്പക്കാർക്കു പ്രായം കൂടിയവരിൽനിന്നു പഠിക്കാൻ കഴിയും.
നിന്നെക്കാളോ എന്നെക്കാളോ മററ് ഏതൊരു വ്യക്തിയെക്കാളോ ദീർഘമായി ജീവിച്ചിട്ടുളളതാരാണ്?—യഹോവയാം ദൈവം. അവനു നിന്നെക്കാളും എന്നെക്കാളും കൂടുതൽ അറിവുണ്ട്. നമുക്കു നല്ലതെന്താണെന്ന് അവൻ നമ്മോടു പറയുമ്പോൾ അതു ശരിയാണെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. അവൻ പറയുന്നതു നാം ചെയ്യുന്നുവെങ്കിൽ അതു നമ്മെ സംരക്ഷിക്കും. നാം എല്ലായ്പോഴും അവനെ അനുസരിക്കണം.
അതുകൊണ്ടു ഞാനും അനുസരണമുളളവനായിരിക്കേണ്ട ആവശ്യമുണ്ട്. ഞാൻ ദൈവത്തെ അനുസരിക്കേണ്ട ആവശ്യമുണ്ട്. അത് എന്റെ സ്വന്തം നൻമയ്ക്കുവേണ്ടിയാണ്. നീ ദൈവത്തെ അനുസരിക്കുമ്പോൾ അതു നിനക്കും നൻമ കൈവരുത്തുന്നു.
നമുക്കു ബൈബിൾ എടുത്ത്, കുട്ടികൾ എന്തു ചെയ്യണമെന്നു ദൈവം പറയുന്നുവെന്നു കാണാം. നിനക്ക് എഫേസ്യർ എന്ന പുസ്തകം കണ്ടുപിടിക്കാമോ?—നമ്മൾ എഫേസ്യർ ആറാം അധ്യായം ഒന്നും രണ്ടും മൂന്നും വാക്യങ്ങൾ വായിക്കാൻ പോകുകയാണ്. അതു പറയുന്നു: “മക്കളേ, കർത്താവിനോടുളള ഐക്യത്തിൽ നിങ്ങളുടെ മാതാപിതാക്കളോട് അനുസരണമുളളവരായിരിക്കുവിൻ, എന്തുകൊണ്ടെന്നാൽ ഇതു നീതിപൂർവകമാകുന്നു: ‘നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക’; ഒരു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പനയാകുന്നു അത്: ‘നീ ശുഭമായിരിക്കേണ്ടതിനും നീ ഭൂമിയിൽ ദീർഘകാലം നിലനിൽക്കേണ്ടതിനുംതന്നെ.”
അതു ബൈബിളിലുണ്ട്. അതുകൊണ്ട് യഹോവയാം ദൈവമാണു നീ നിന്റെ മാതാപിതാക്കൻമാരോട് അനുസരണമുളളവനായിരിക്കണമെന്നു നിന്നോടു പറയുന്നത്.
നിന്റെ അപ്പനെയും അമ്മയെയും “ബഹുമാനിക്ക” എന്നതിന്റെ അർഥമെന്താണ്?—നീ അവരോട് ആദരവു കാണിക്കണമെന്നാണ്
അതിന്റെയർഥം. നീ അവരെ ശ്രദ്ധിക്കുകയും അവർ പറയുന്നതു പരാതികൂടാതെ ചെയ്യുകയും വേണം. നീ അനുസരിക്കുന്നുവെങ്കിൽ “നീ ശുഭമായിരിക്കു”മെന്നു ദൈവം വാഗ്ദത്തംചെയ്യുന്നു.അനുസരണമുണ്ടായിരുന്നതുകൊണ്ടു ജീവൻ രക്ഷിക്കപ്പെട്ട കുറെ ജനങ്ങളെക്കുറിച്ചുളള ഒരു കഥ എനിക്കറിയാം. നീ അതു കേൾക്കാനാഗ്രഹിക്കുന്നുവോ?—
ഈ ജനങ്ങൾ ദീർഘനാൾമുമ്പു യെരൂശലേം എന്ന വലിയ നഗരത്തിൽ ജീവിച്ചിരുന്നു. ആ നഗരത്തിലെ മിക്കയാളുകളും ചീത്തയായിരുന്നു. അവർ ദൈവത്തെ ശ്രദ്ധിച്ചില്ല. അവരെ പഠിപ്പിക്കാൻ യഹോവ തന്റെ സ്വന്തം പുത്രനെ അയച്ചു. എന്നിട്ടും അവർ ശ്രദ്ധിച്ചില്ല. ദൈവം അവരോട് എന്തുചെയ്യും?—
ദൈവം അവരുടെ നഗരത്തെ നശിപ്പിക്കാൻ പോകുകയാണെന്നു മഹദ്ഗുരു അവർക്കു മുന്നറിയിപ്പുകൊടുത്തു! പടയാളികളുടെ സൈന്യങ്ങൾ നഗരത്തിനു ചുററും പാളയമടിക്കുമെന്നും അതിനെ നശിപ്പിക്കുമെന്നും അവൻ പറഞ്ഞു. ജനങ്ങൾ ശരിയായതിനെ സ്നേഹിച്ചാൽ അവർക്ക് എങ്ങനെ രക്ഷപ്പെടാൻ കഴിയുമെന്നും അവൻ അവരോടു പറഞ്ഞു. അവൻ പറഞ്ഞത് ഇതാണ്:
‘നിങ്ങൾ യെരൂശലേമിനു ചുററും സൈന്യങ്ങളെ കാണുമ്പോൾ യെരൂശലേമിനു പുറത്തു കടന്നു പർവതങ്ങളിലേക്ക് ഓടാനുളള സമയമാണത്.’—ലൂക്കോസ് 21:20-22.
യേശു പറഞ്ഞതുപോലെതന്നെ സംഭവിച്ചു. റോമൻസൈന്യം യെരൂശലേമിനെ ആക്രമിക്കാൻ വന്നു. അവർ ചുററും പാളയമടിച്ചു. അനന്തരം ഏതോ കാരണത്താൽ അവർ വിട്ടുപോയി. അപകടം കഴിഞ്ഞെന്നു മിക്കയാളുകളും വിചാരിച്ചു. അവർ നഗരത്തിൽ പാർത്തു. എന്നാൽ അവർ എന്തുചെയ്യണമെന്നായിരുന്നു യേശു പറഞ്ഞിരുന്നത്?—
നീ യെരൂശലേമിൽ ജീവിച്ചിരുന്നെങ്കിൽ നീ എന്തു ചെയ്യുമായിരുന്നു?—യേശുവിനെ യഥാർഥമായി വിശ്വസിച്ചവർ അവരുടെ വീടുകൾ വിട്ടു യെരൂശലേമിൽനിന്നു വിദൂരപർവതങ്ങളിലേക്ക് ഓടിപ്പോയി. മുതിർന്നവർ മാത്രമല്ല പോയത്; കുട്ടികളും അവരോടുകൂടെ പോയി.
എന്നാൽ അവർ അനുസരണമുളളവരായിരുന്നതുകൊണ്ട് അവർ യഥാർഥത്തിൽ സംരക്ഷിക്കപ്പെട്ടോ?—ഒരു വർഷത്തേക്കു
യെരൂശലേമിന് ഒന്നും സംഭവിച്ചില്ല. മൂന്നുവർഷത്തേക്ക് ഒന്നും സംഭവിച്ചില്ല. എന്നാൽ പിന്നീടു നാലാമാണ്ടിൽ റോമിന്റെ സൈന്യം തിരിച്ചുവന്നു. യെരൂശലേമിൽ താമസിച്ചിരുന്നവർക്ക് ഇപ്പോൾ രക്ഷപ്പെടുന്നതിനു സമയം വളരെ വൈകിപ്പോയിരുന്നു. ഈ പ്രാവശ്യം സൈന്യങ്ങൾ നഗരത്തെ നശിപ്പിച്ചു. ഉളളിലുണ്ടായിരുന്ന ആളുകളിലധികവും കൊല്ലപ്പെട്ടു.എന്നാൽ യേശുവിനെ അനുസരിച്ചിരുന്നവർക്ക് എന്തു സംഭവിച്ചു?—അവർ യെരൂശലേമിൽ നിന്നു വളരെ അകലെയായിരുന്നു. അതുകൊണ്ട് അവർക്ക് ഉപദ്രവമുണ്ടായില്ല. അനുസരണം അവരെ സംരക്ഷിച്ചു.
നീ അനുസരണമുളളവനാണെങ്കിൽ അതു നിന്നെയും സംരക്ഷിക്കുമോ?—ഉവ്വ്. എങ്ങനെയെന്നു ഞാൻ നിനക്കു കാണിച്ചുതരാം. ഒരിക്കലും തെരുവിൽ കളിക്കരുതെന്നു ഞാൻ നിന്നോടു പറഞ്ഞേക്കാം. എന്തുകൊണ്ടാണു ഞാൻ അതു പറയുന്നത്?—അതു നീ ഒരു കാറിടിച്ചു മരിച്ചേക്കാമെന്നുളളതുകൊണ്ടാണ്. എന്നാൽ ഏതെങ്കിലും ദിവസം നീ ഇങ്ങനെ വിചാരിച്ചേക്കാം: “ഇപ്പോൾ കാറുകളില്ല. എനിക്കു പരിക്ക് ഏൽക്കുകയില്ല. മററു കുട്ടികൾ തെരുവിൽ കളിക്കുന്നുണ്ട്; അവർക്കു പരിക്ക് ഏൽക്കുന്നതായി ഞാൻ ഒരിക്കലും കണ്ടിട്ടില്ല.”
ഇങ്ങനെയാണു യെരൂശലേമിലെ മിക്കയാളുകളും വിചാരിച്ചത്. റോമാസൈന്യങ്ങൾ വിട്ടുപോയശേഷം അതു സുരക്ഷിതമായി തോന്നി. മററുളളവർ നഗരത്തിൽ വസിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് അവരും അവിടെ വസിച്ചു. അവർക്കു മുന്നറിയിപ്പു കൊടുത്തിരുന്നു, എങ്കിലും അവർ ശ്രദ്ധിച്ചില്ല. തൽഫലമായി അവർക്കു ജീവൻ നഷ്ടപ്പെട്ടു. തെരുവിൽ കളിക്കുന്ന കുട്ടികൾക്കും തങ്ങളുടെ ജീവൻ നഷ്ടപ്പെട്ടേക്കാം. അനുസരിക്കുന്നത് എത്ര മെച്ചം!
കുറെ സമയം മാത്രം അനുസരിക്കുന്നതു പോരാ. എന്നാൽ നീ എല്ലായ്പോഴും അനുസരിക്കുന്നുവെങ്കിൽ അതു യഥാർഥത്തിൽ നിന്നെ സംരക്ഷിക്കും.
“നിങ്ങളുടെ മാതാപിതാക്കളോട് അനുസരണമുളളവരായിരിക്കുവിൻ” എന്നു നിന്നോടു പറയുന്നത് ആരാണ്?—ദൈവമാണ്. അവൻ നിന്നെ യഥാർഥത്തിൽ സ്നേഹിക്കുന്നതുകൊണ്ടാണ് അവൻ അതു പറയുന്നതെന്നോർക്കുക.
(അനുസരണത്തിന്റെ പ്രാധാന്യം കാണിക്കുന്ന കൂടുതലായ കുറെ നല്ല തിരുവെഴുത്തുകൾ ഇതാ: സഭാപ്രസംഗി 12:13; കൊലോസ്യർ 3:20; സദൃശവാക്യങ്ങൾ 23:22.)