ആത്മപ്രശംസ ചെയ്ത പരീശൻ
അധ്യായം 36
ആത്മപ്രശംസ ചെയ്ത പരീശൻ
ആത്മപ്രശംസ ചെയ്യുകയെന്നാൽ എന്താണർഥം? നിനക്കറിയാമോ?—
ഇതാ ഒരു ദൃഷ്ടാന്തം. നിനക്ക് നല്ല വശമില്ലാത്ത എന്തെങ്കിലും ചെയ്യാൻ നീ എന്നെങ്കിലും ശ്രമിച്ചിട്ടുണ്ടോ? ഒരുപക്ഷേ, നീ ഒരു ബയിസ്ബോൾ അടിക്കാൻ ശ്രമിച്ചിട്ടുണ്ടായിരിക്കാം. അല്ലെങ്കിൽ നീ റോപ്സ്കിപ് ചെയ്യാൻ ശ്രമിച്ചിരിക്കാം. “ഹാ! ഹാ! ഹാ! നിന്നെക്കാൾ മെച്ചമായി എനിക്കതു ചെയ്യാൻ കഴിയും” എന്ന് ആരെങ്കിലും എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ?—കൊളളാം. ആ ആൾ ആത്മപ്രശംസ ചെയ്യുകയായിരുന്നു. അവൻ തന്നെക്കുറിച്ചുതന്നെ വീമ്പിളക്കുകയായിരുന്നു.
മററുളളവർ അതു ചെയ്യുമ്പോൾ നിനക്ക് എങ്ങനെയുളള തോന്നലാണുണ്ടാകുന്നത്? നിനക്കതിഷ്ടമാണോ?—അപ്പോൾ നീ ആത്മപ്രശംസചെയ്യുമ്പോൾ മററുളളവർ എങ്ങനെ വിചാരിക്കുമെന്നാണു നീ ചിന്തിക്കുന്നത്?—“ഞാൻ നിന്നെക്കാൾ മെച്ചമാണ്” എന്നു മററാരോടെങ്കിലും പറയുന്നതു ദയയാണോ?—അതുചെയ്യുന്നയാളുകളെ യഹോവ ഇഷ്ടപ്പെടുന്നുവോ?—
അങ്ങനെയുളള കാര്യങ്ങൾ ചെയ്ത ചിലയാളുകളെ മഹദ്ഗുരുവിനറിയാമായിരുന്നു. ഒരു ദിവസം അവൻ അവരോട് ഒരു കഥ പറഞ്ഞു. അത് ഒരു പരീശനെയും ഒരു കരംപിരിവുകാരനെയും കുറിച്ചായിരുന്നു.
പരീശൻമാർ അഹങ്കാരികളായ മതോപദേഷ്ടാക്കൻമാർ ആയിരുന്നു. അവർ മററാളുകളെക്കാൾ നീതിമാൻമാരും പരിശുദ്ധൻമാരുമാണെന്നപോലെ മിക്കപ്പോഴും വർത്തിച്ചു. യേശുവിന്റെ കഥയിലെ പരീശൻ പ്രാർഥിക്കാൻ യെരൂശലേമിലെ ദൈവാലയത്തിലേക്കു ചെന്നു.
ഒരു കരംപിരിവുകാരനും അവിടെ പ്രാർഥിക്കാൻ ചെന്നെന്നു യേശു പറഞ്ഞു. മിക്കയാളുകൾക്കും കരംപിരിക്കുന്നവരെ ഇഷ്ടമല്ലായിരുന്നു. കരംപിരിക്കുന്നവർ തങ്ങൾക്കെതിരാണെന്ന്
അവർ വിചാരിച്ചു. അതിനുപുറമേ, ചില കരംപിരിവുകാർ എല്ലായ്പോഴും സത്യസന്ധരായിരുന്നില്ല.ആലയത്തിൽ, പരീശൻ ഈ വിധത്തിൽ ദൈവത്തോടു പ്രാർഥിച്ചുതുടങ്ങി: ‘ദൈവമേ, ഞാൻ മററുളളവരെപ്പോലെ ഒരു പാപിയല്ലാത്തതുകൊണ്ടു ഞാൻ നിനക്കു നന്ദിപറയുന്നു. ഞാൻ ആളുകളെ ചതിക്കുകയോ മററു വഷളായ കാര്യങ്ങൾ ചെയ്യുകയോ ചെയ്യുന്നില്ല. ഞാൻ അവിടെ നില്ക്കുന്ന ആ കരംപിരിവുകാരനെപ്പോലെയല്ല. ഞാൻ ഒരു നീതിമാനായ മനുഷ്യനാണ്. എനിക്കു നിന്നെക്കുറിച്ചു ചിന്തിക്കാൻ കൂടുതൽ സമയം ലഭിക്കത്തക്കവണ്ണം ഞാൻ ആഴ്ചയിൽ രണ്ടു പ്രാവശ്യം നിരാഹാരവ്രതം അനുഷ്ഠിക്കുന്നു. എനിക്കു കിട്ടുന്നതിന്റെയെല്ലാം പത്തിലൊന്നു ഞാൻ ആലയത്തിനു കൊടുക്കുന്നുണ്ട്.’ ആ പരീശൻ നീതിമാനാണെന്നു യഥാർഥമായി വിചാരിച്ചു, ഇല്ലയോ?—അയാൾ ദൈവത്തോടും അതിനെക്കുറിച്ചു പറഞ്ഞു.
എന്നാൽ കരംപിരിവുകാരൻ അതുപോലെയല്ലായിരുന്നു. ദൈവാലയത്തിനടുത്തു വരാൻപോലും താൻ നല്ലവനാണെന്ന് അവൻ വിചാരിച്ചില്ല. അവൻ സ്വർഗത്തിലേക്കു തന്റെ കണ്ണുകൾ ഉയർത്തുകപോലുമില്ലായിരുന്നു. അതുകൊണ്ട് അയാൾ തന്റെ തലകുനിച്ച് അകലെ മാറിനിന്നു. അയാൾ തന്റെ പാപങ്ങളിൽ ഖേദിച്ചു. അയാൾ സങ്കടപ്പെട്ടു മാറത്തടിച്ചു. താൻ എത്ര നല്ലവനാണെന്നു ദൈവത്തോടു പറയാൻ അവൻ ശ്രമിച്ചില്ല. എന്നാൽ അവൻ ‘ദൈവമേ, ഒരു പാപിയായ എന്നോടു ദയ കാണിക്കേണമേ’ എന്നു പ്രാർഥിച്ചു.
ആ മനുഷ്യരിൽ ആരിൽ ദൈവം പ്രസാദിച്ചുവെന്നാണു നീ വിചാരിക്കുന്നത്? ആത്മപ്രശംസക്കാരനായ, വളരെ നല്ലവനെന്നു സ്വയം വിചാരിച്ച, പരീശനിലായിരുന്നോ? അതോ, തന്റെ പാപങ്ങൾ സംബന്ധിച്ചു സങ്കടപ്പെട്ട കരംപിരിവുകാരനിലായിരുന്നോ?—
യേശു ഇങ്ങനെ പറഞ്ഞു: ‘ദൈവത്തിനു കരംപിരിവുകാരൻ പരീശനെക്കാൾ നീതിമാനായിരുന്നു. എന്തുകൊണ്ടെന്നാൽ മററാളുകളെക്കാൾ മെച്ചമാണെന്നു തോന്നിക്കാൻ ശ്രമിക്കുന്ന ഏവനും താഴ്ത്തപ്പെടും. എന്നാൽ സ്വന്തം ദൃഷ്ടിയിൽ എളിയവൻ ഉയർത്തപ്പെടും.’—ലൂക്കോസ് 18:9-14.
യേശു പഠിപ്പിച്ച പാഠം നിനക്കു മനസ്സിലായോ?—നാം മററാളുകളെക്കാൾ മെച്ചമാണെന്നു വിചാരിക്കുന്നതു തെററാണെന്നു കാണിക്കുകയായിരുന്നു അവൻ. ഈ പാഠം നമ്മുടെ ജീവിതത്തിന് എങ്ങനെ യോജിക്കുന്നുവെന്നു നമുക്കു കാണാം.
ഒരുപക്ഷേ, സ്കൂളിൽ നിന്നോടും മറെറാരു കുട്ടിയോടും ചിലചോദ്യങ്ങൾ ചോദിച്ചേക്കാം. നീ ഉത്തരങ്ങൾ പെട്ടെന്നു പറയാൻ പ്രാപ്തനായിരിക്കുകയും മറേറ കുട്ടി കുറേക്കൂടി താമസമുളളവനായിരിക്കുകയും ചെയ്യുന്നുവെങ്കിലെന്ത്? തീർച്ചയായും നിനക്ക് ഉത്തരങ്ങൾ അറിയാവുന്നപ്പോൾ നിനക്കു സന്തോഷം തോന്നുന്നു. എന്നാൽ മറേറ വിദ്യാർഥിയോട് അവൻ ബുദ്ധിയില്ലാത്തവനാണെന്നു പറയുന്നതു ദയയായിരിക്കുമോ?—മറേറയാളെ മോശക്കാരനാക്കിക്കൊണ്ടു നീ മിടുക്കനാണെന്നു തോന്നിക്കാൻ ശ്രമിക്കുന്നതു ശരിയാണോ?—
അതാണു പരീശൻ ചെയ്തത്. താൻ കരം പിരിവുകാരനെക്കാൾ മെച്ചമാണെന്നു അയാൾ വീമ്പിളക്കി. എന്നാൽ അയാൾ തെററിപ്പോയെന്നു മഹദ്ഗുരു പറഞ്ഞു.
ഒരു വ്യക്തി മററാരെയെങ്കിലുംകാൾ മെച്ചമായി ചില കാര്യങ്ങൾ ചെയ്യാൻ പ്രാപ്തനായേക്കാമെന്നുളളതു സത്യം തന്നെ. എന്നാൽ അയാൾ ഒരു മെച്ചപ്പെട്ടയാളാണെന്ന് അതിനർഥമുണ്ടോ?—
അതിനെക്കുറിച്ചു ചിന്തിക്കുക. നമുക്കു ധാരാളം കാര്യങ്ങളറിയാമെങ്കിൽ നാം ആത്മപ്രശംസ ചെയ്യണമോ?—നാമാണോ നമ്മുടെ സ്വന്തം തലച്ചോറുണ്ടാക്കിയത്?—അല്ല, ദൈവമാണു മനുഷ്യനു തലച്ചോർ നല്കിയത്. നമുക്കറിയാവുന്ന എല്ലാ കാര്യങ്ങളും നാം മറെറാരാളിൽനിന്നു പഠിച്ചതാണ്. ഒരുപക്ഷേ,
നാം അത് ഒരു പുസ്തകത്തിൽ വായിച്ചിരിക്കാം. അല്ലെങ്കിൽ പക്ഷേ, ആരെങ്കിലും നമ്മോടു പറഞ്ഞിരിക്കാം. നാം തന്നെ അതു കണ്ടുപിടിച്ചതാണെങ്കിൽപ്പോലും നാം എങ്ങനെയാണ് അതു ചെയ്തത്? ദൈവം ഉണ്ടാക്കിയിരുന്ന വസ്തുക്കളിൽ നോക്കിയതിനാൽത്തന്നെ. നമുക്കുളളതെല്ലാം മററാരിൽ നിന്നെങ്കിലും ലഭിച്ചതാണ്.ചിലയാളുകൾ ശക്തരാണ്. അത് അവരെ മററുളള എല്ലാവരെയുംകാൾ മെച്ചപ്പെട്ടവരാക്കുന്നുണ്ടോ?—അവർ തങ്ങളുടെ സ്വന്തം ശരീരങ്ങൾ ഉണ്ടാക്കിയില്ല. ഉണ്ടാക്കിയോ?—ദൈവമാണു മനുഷ്യനു മാംസപേശികൾ കൊടുത്തത്. നമുക്കു ഭക്ഷിച്ചു ശക്തരാകാൻ കഴിയത്തക്കവണ്ണം ഭക്ഷ്യവിളകൾ വളർത്തുന്നതു ദൈവമാണ്.
അതുകൊണ്ടു നമ്മിലാർക്കെങ്കിലും ആത്മപ്രശംസ ചെയ്യാൻ കാരണമുണ്ടോ? നാം മററാളുകളേക്കാൾ മെച്ചപ്പെട്ടവരാണോ?—മററുളളവരോടു നാം എത്ര ശ്രേഷ്ഠരാണെന്നു പറയുന്നതിനുപകരം നാം യഥാർഥത്തിൽ യഹോവ എത്ര അത്ഭുതവ്യക്തിയാണെന്ന് അവരോടു പറയണം, അല്ലയോ?—എന്തുകൊണ്ടെന്നാൽ അവനാണു നാം കാര്യങ്ങൾ നന്നായി ചെയ്യാൻ സാദ്ധ്യമാക്കുന്നവൻ.
ഒരു വ്യക്തി കഠിനശ്രമം ചെയ്യുമ്പോൾ, ദയാപൂർവകമായ സംഗതി അയാൾക്കു സന്തോഷം തോന്നിക്കുന്ന എന്തെങ്കിലും പറയുകയാണ്. അയാൾ ചെയ്തതു നിനക്കിഷ്ടപ്പെട്ടെന്ന് അയാളോടു പറയുക. മെച്ചമായി ചെയ്യാൻ നിനക്ക് ഒരുപക്ഷേ, അയാളെ സഹായിക്കാൻപോലും കഴിഞ്ഞേക്കും. അതാണ് ആളുകൾ നിനക്കുവേണ്ടി ചെയ്യാൻ നീ ആഗ്രഹിക്കുന്നത്, അല്ലയോ?—യേശു ഇങ്ങനെ പറഞ്ഞു: ‘മററാളുകൾ നിന്നോടു ചെയ്യാൻ നീ ആഗ്രഹിക്കുന്നതുപോലെ തന്നെ അവരോടു ചെയ്യുക.’ അത് അനുസരിക്കാൻ നല്ല ചട്ടമാണ്, അല്ലയോ?—ലൂക്കോസ് 6:31.
നാം അതു ചെയ്യുന്നുവെങ്കിൽ നാം ഒരിക്കലും, വീമ്പിളക്കുകയോ ആത്മപ്രശംസ ചെയ്യുകയോ ചെയ്യുകയില്ല. നാം ആത്മപ്രശംസക്കാരനായ ആ പരീശനെപ്പോലെയായിരിക്കുകയില്ല.
(അഹങ്കാരവും വീമ്പുപറച്ചിലും ഒഴിവാക്കേണ്ട കാര്യങ്ങളാണ്. സദൃശവാക്യങ്ങൾ 16:5, 18; 1 കൊരിന്ത്യർ 4:7; 13:4 എന്നീ തിരുവെഴുത്തുകൾ പറയുന്നതു വായിക്കുക.)