ആരാധന ദൈവത്തിനുളളത്
അധ്യായം 34
ആരാധന ദൈവത്തിനുളളത്
ഞാൻ നിന്നോട് ഒരു പ്രധാനപ്പെട്ട ചോദ്യം ചോദിക്കാൻ പോകുകയാണ്. നീ ഉത്തരം പറയുന്നവിധം നിന്റെ ഭാവിജീവിതത്തെ ബാധിക്കത്തക്കവണ്ണം അതു വളരെ പ്രധാനമാണ്. നിന്റെ ദൈവം ആരാണ്?—
നിന്റെ ദൈവത്തെയാണു നീ ആരാധിക്കുന്നത്. ഭൂമിയിലെങ്ങുമുളള ജനങ്ങൾ അനേകതരം ദൈവങ്ങളെ ആരാധിക്കുന്നുണ്ട്. ആ ദൈവങ്ങളിൽ ചിലതു വെറുതെ കൊത്തിയുണ്ടാക്കപ്പെട്ടവയോ മരംകൊണ്ടോ കല്ലുകൊണ്ടോ നിർമിക്കപ്പെട്ടവയോ ആണ്. മററുളള ചില ദൈവങ്ങൾ സ്പോർട്ട്സിലോ സംഗീതത്തിലോ സുപ്രസിദ്ധരായ ആളുകളാണ്. അവർ “താരങ്ങൾ” എന്നും “വിഗ്രഹങ്ങൾ” എന്നും പറയപ്പെടുന്നു. ഈ മററു ദൈവങ്ങൾക്കു മഹത്വം കൊടുക്കുന്നതു ശരിയാണോ?—
മഹദ്ഗുരു ഇങ്ങനെ പറഞ്ഞു: “നിന്റെ ദൈവമായ യഹോവയെയാണു നീ ആരാധിക്കേണ്ടത്, അവനു മാത്രമാണു നീ വിശുദ്ധ സേവനം അർപ്പിക്കേണ്ടത്.”—മത്തായി 4:10.
അതുകൊണ്ട് യേശു അതു വ്യക്തമാക്കി. നമ്മുടെ ആരാധന യഹോവയാംദൈവത്തിനു മാത്രമുളളതാണ്. നമുക്കു മറെറാരു ദൈവത്തിനും നമ്മുടെ ആരാധനയിൽ അല്പംപോലും കൊടുക്കാവുന്നതല്ല. ഇത് അറിയാമായിരുന്ന ചില ചെറുപ്പക്കാരെ സംബന്ധിച്ചുളള ഒരു പുളകപ്രദമായ കഥ ബൈബിളിലുണ്ട്.
അവരുടെ പേരുകൾ ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നിങ്ങനെയായിരുന്നു. അവർ എബ്രായർ ആയിരുന്നു. എന്നാൽ അവർ ബാബിലോൻരാജ്യത്താണു ജീവിച്ചിരുന്നത്. ബാബിലോനിലെ രാജാവ് ഒരു വലിയ സ്വർണപ്രതിമ പണികഴിപ്പിച്ചു. സംഗീതം ആലപിക്കുമ്പോൾ എല്ലാവരും തന്റെ പ്രതിമയെ വണങ്ങണമെന്ന് അവൻ കല്പിച്ചു. ‘കുമ്പിട്ട് ആരാധിക്കാത്ത ഏവനും ആ നിമിഷത്തിൽത്തന്നെ എരിയുന്ന തീച്ചൂളയിൽ എറിയപ്പെടും’ എന്ന് അവൻ മുന്നറിയിപ്പു കൊടുത്തു. നീ എന്തു ചെയ്യുമായിരുന്നു?—
ശദ്രക്കും മേശക്കും അബേദ്നെഗോയും സാധാരണയായി രാജാവു കൽപ്പിച്ച എന്തും ചെയ്തുപോന്നു. എന്നാൽ അവർ ഇതു ചെയ്യാൻ വിസമ്മതിച്ചു. എന്തുകൊണ്ടെന്നു നിനക്കറിയാമോ?—അത് ‘എനിക്കു പുറമേ മറെറാരു ദൈവവും നിനക്കുണ്ടായിരിക്കരുത്. നീ നിനക്കുവേണ്ടി കൊത്തപ്പെട്ട ഒരു പ്രതിമയുണ്ടാക്കുകയും അതിന്റെ മുമ്പിൽ കുമ്പിടുകയും ചെയ്യരുത്’ എന്നു ദൈവനിയമം പറഞ്ഞിരുന്നതുകൊണ്ടായിരുന്നു. അതുകൊണ്ട് ശദ്രക്കും മേശക്കും അബേദ്നെഗോയും രാജാവിന്റെ കല്പനയ്ക്കു പകരം യഹോവയുടെ നിയമം അനുസരിച്ചു.—രാജാവ് ഇതിനെക്കുറിച്ചു കേട്ടപ്പോൾ വളരെ കോപിച്ചു. ഉടൻതന്നെ അവൻ ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും തന്റെ മുമ്പാകെ വരുത്തിച്ചു. അവൻ ഇങ്ങനെ ചോദിച്ചു: ‘നിങ്ങൾ എന്റെ സ്വന്തം ദൈവങ്ങളെ ആരാധിക്കുന്നില്ലെന്നുളളതു യഥാർഥത്തിൽ അങ്ങനെതന്നെയോ? ഞാൻ നിങ്ങൾക്കു മറെറാരു അവസരം തരാം. ഇപ്പോൾ നിങ്ങൾ സംഗീതം കേൾക്കുമ്പോൾ, ഞാൻ ഉണ്ടാക്കിയിരിക്കുന്ന പ്രതിമയെ വീണ് ആരാധിക്കുവിൻ. നിങ്ങൾ ആരാധിക്കുന്നില്ലെങ്കിൽ നിങ്ങൾ എരിയുന്ന തീച്ചൂളയിൽ എറിയപ്പെടും. നിങ്ങളെ എന്റെ കൈകളിൽനിന്നു രക്ഷിക്കാൻ കഴിയുന്ന ആ ദൈവം ആരാണ്?’
ഇപ്പോൾ ശദ്രക്കും മേശക്കും അബേദ്നെഗോയും എന്തുചെയ്യും? നീ എന്തുചെയ്യുമായിരുന്നു?—അവർ യഹോവയിൽ ആശ്രയിച്ചു. അവർ ധൈര്യമായി സംസാരിക്കുകയും രാജാവിനോട്: ‘ഞങ്ങൾ സേവിക്കുന്ന ദൈവം ഞങ്ങളെ രക്ഷിക്കാൻ പ്രാപ്തനാണ്. അവൻ അതു ചെയ്യുന്നില്ലെങ്കിൽപ്പോലും നിന്റെ ദൈവങ്ങളെയല്ല ഞങ്ങൾ സേവിക്കുന്നത്. ഞങ്ങൾ നിന്റെ സ്വർണപ്രതിമയെ കുമ്പിടുകയില്ല’ എന്നു പറഞ്ഞു.
രാജാവിന് ഉഗ്രകോപമുണ്ടായി. ‘ചൂള പതിവിൽ ഏഴിരട്ടി ചൂടാക്കുവിൻ!’ എന്ന് അവൻ കല്പിച്ചു. ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും കെട്ടുന്നതിന് അവൻ തന്റെ കരുത്തൻമാരോടു പറഞ്ഞു. അനന്തരം അവൻ ‘അവരെ തീച്ചൂളയിലേക്കെറിയുവിൻ!’ എന്നു പറഞ്ഞു.
രാജാവിന്റെ ദാസൻമാർ അവരെ അതിലേക്കെറിഞ്ഞു. രാജാവിന്റെ സ്വന്തം ആളുകൾ ജ്വാലയാൽ കൊല്ലപ്പെടത്തക്കവണ്ണം ചൂള അത്ര ചൂടുളളതായിരുന്നു! മൂന്ന് എബ്രായരെ സംബന്ധിച്ചെന്ത്?
ശദ്രക്കും മേശക്കും അബേദ്നെഗോയും തീയുടെ നടുവിലേക്കുതന്നെ വീണു. എന്നാൽ അപ്പോൾ അവർ എഴുന്നേററുനിന്നു! അവർക്ക് ഉപദ്രവമേററില്ല. അവർ മേലാൽ കെട്ടപ്പെട്ടവരായിരുന്നില്ല. ഇത് എങ്ങനെ സാധ്യമാകുമായിരുന്നു?
രാജാവ് തീച്ചൂളയിലേക്കു നോക്കി; അവൻ കണ്ടത് അവനെ ചകിതനാക്കി. ‘നാം മൂന്നുപേരെ തീയിലേക്കെറിഞ്ഞില്ലയോ?’ എന്ന് അവൻ ചോദിച്ചു.
‘ഉവ്വ്, രാജാവേ,’ എന്ന് അവന്റെ ദാസൻമാർ ഉത്തരം പറഞ്ഞു.
എന്നാൽ രാജാവ്: ‘നോക്കൂ! ഞാൻ നാലു പേർ അവിടെ നടക്കുന്നതു കാണുന്നു; തീ അവരിലാരെയും ഉപദ്രവിക്കുന്നുമില്ല’ എന്നു പറഞ്ഞു.
ആ നാലാമത്തെ ആൾ ആരായിരുന്നുവെന്നു നിനക്കറിയാമോ?—അതു യഹോവയുടെ ദൂതനായിരുന്നു. അവൻ സത്യദൈവത്തിന്റെ വിശ്വസ്തരായ ആ മൂന്ന് എബ്രായദാസൻമാരെ സംരക്ഷിക്കാൻ അവിടെ എത്തിയതായിരുന്നു.
ഇതു കണ്ടപ്പോൾ രാജാവ് ചൂളയുടെ വാതിൽക്കൽ വന്ന്: “ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, അത്യുന്നതദൈവത്തിന്റെ ദാസൻമാരേ, പുറത്തേക്കിറങ്ങി ഇങ്ങു വരൂ!” എന്നു വിളിച്ചു പറഞ്ഞു. അവർ പുറത്തുവന്നപ്പോൾ അവർ വെന്തുപോയില്ലെന്ന് എല്ലാവർക്കും കാണാൻ കഴിഞ്ഞു. അവരുടെമേൽ തീയുടെ മണം പോലുമില്ലായിരുന്നു.
അപ്പോൾ രാജാവ് ഇങ്ങനെ പറഞ്ഞു: ‘തങ്ങളുടെ സ്വന്തം ദൈവത്തെയല്ലാതെ മറെറാരു ദൈവത്തേയും അശേഷം ആരാധിക്കുകയില്ലാത്തതിനാൽ തന്റെ ദാസൻമാരെ രക്ഷിച്ച ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവൻ!’—ദാനിയേൽ മൂന്നാമധ്യായം.
അത് അത്ഭുതകരമല്ലായിരുന്നോ?—ആ മൂന്നു യുവാക്കൾ ചെയ്തതിൽ യഹോവ പ്രസാദിച്ചു. നമുക്ക് അതിൽനിന്ന് ഒരു പാഠം പഠിക്കാൻ കഴിയും.
ഇന്നുപോലും മനുഷ്യർ ആരാധനയ്ക്കുവേണ്ടി പ്രതിമകൾ സ്ഥാപിക്കുന്നുണ്ട്. ചിലതു മരംകൊണ്ടോ കല്ലുകൊണ്ടോ ലോഹംകൊണ്ടോ ഉണ്ടാക്കപ്പെട്ടവയാണ്. നീ ഈ പ്രതിമകളെ കുമ്പിടുമോ?—
മററു ചില പ്രതിമകൾ തുണികൊണ്ട് ഉണ്ടാക്കപ്പെടുന്നു. നീ അത്തരം പ്രതിമ കണ്ടിട്ടുണ്ടോ?—അതു തുണികൊണ്ടോ മരംകൊണ്ടോ കല്ലുകൊണ്ടോ ഉണ്ടാക്കിയതാണെങ്കിൽ ദൈവത്തിനു വ്യത്യാസമുളവാക്കുന്നുവെന്നു നീ വിചാരിക്കുന്നുവോ?—അങ്ങനെയുളള ഒരു പ്രതിമയുടെ മുമ്പാകെ യഹോവയുടെ ഒരു ദാസൻ ആരാധനയുടെ ഒരു ക്രിയ ചെയ്യുന്നതു ശരിയായിരിക്കുമോ?—
ശദ്രക്കും മേശക്കും അബേദ്നെഗോയും യഹോവയ്ക്കു മാത്രമേ ആരാധനകൊടുക്കുമായിരുന്നുളളു. ദൈവം അവരിൽ പ്രസാദിച്ചു. നീ അവരുടെ ദൃഷ്ടാന്തത്തെ പകർത്തുമോ?—
(യഹോവയെ സേവിക്കുന്നവർക്കു പ്രതിമകളെക്കൂടെ ആരാധിക്കാവുന്നതല്ല. ഇതിനെ സംബന്ധിച്ചു യെശയ്യാ 42:8-ലും യോശുവാ 24:14, 15, 19-22 എന്നിവിടങ്ങളിലും പറഞ്ഞിരിക്കുന്നതു വായിക്കുക.)