“ഇത് എന്റെ പുത്രനാകുന്നു”
അധ്യായം 5
“ഇത് എന്റെ പുത്രനാകുന്നു”
ഓരോരുത്തർക്കും ഒരു പിതാവുണ്ട്. നിനക്കൊരു പിതാവുണ്ട്. എനിക്കും ഒരു പിതാവുണ്ട്. ഒരു പെൺകുട്ടി നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അവളുടെ പിതാവിനു മററുളളവരോട്, “ഇത് എന്റെ പുത്രിയാകുന്നു” എന്നു പറയാൻ സന്തോഷമാണ്. ഒരു ആൺകുട്ടി ശരിയായതു ചെയ്യുമ്പോൾ “ഇത് എന്റെ പുത്രനാകുന്നു” എന്നു പറയാൻ പിതാവിന് അഭിമാനമുണ്ട്.
യേശു എല്ലായ്പോഴും അവന്റെ പിതാവിനു പ്രസാദകരമായതു ചെയ്യുന്നു. അതുകൊണ്ട് അവന്റെ പിതാവിന് അവനോടു പ്രസാദം തോന്നുന്നു. യേശുവിന്റെ പിതാവു ചെയ്തതെന്താണെന്നു നിനക്കറിയാമോ?—“ഇത് എന്റെ പുത്രനാകുന്നു” എന്ന മനുഷ്യരോടു പറയാൻ അവൻ വിദൂരസ്വർഗത്തിൽനിന്നു സംസാരിച്ചു.
യേശു യഥാർഥത്തിൽ തന്റെ പിതാവിനെ സ്നേഹിക്കുന്നു. അവൻ ഭൂമിയിലേക്കു വരുന്നതിനുമുമ്പുതന്നെ അതു പ്രകടമാക്കി. അവനു സ്വർഗത്തിൽ തന്റെ പിതാവായ യഹോവയാം ദൈവത്തോടുകൂടെ അത്ഭുതകരമായ ഒരു സ്ഥാനം ഉണ്ടായിരുന്നു. എന്നാൽ യേശു ചെയ്യുന്നതിനു ദൈവത്തിന് ഒരു പ്രത്യേകവേല ഉണ്ടായിരുന്നു. ആ വേല ചെയ്യുന്നതിനു യേശു സ്വർഗം വിടണമായിരുന്നു. അവൻ ഭൂമിയിൽ ഒരു ശിശുവായി ജനിക്കേണ്ടിയിരുന്നു. അവൻ ഇതു ചെയ്യാൻ യഹോവ ആഗ്രഹിച്ചതുകൊണ്ട്, ഇതു ചെയ്യാൻ യേശുവിനു മനസ്സായിരുന്നു.
ഭൂമിയിൽ ഒരു ശിശുവായി ജനിക്കുന്നതിനു യേശുവിന് ഒരു മാതാവ് വേണമായിരുന്നു. അവൾ ആരായിരുന്നുവെന്നു നിനക്കറിയാമോ?—അവളുടെ പേര് മറിയ എന്നായിരുന്നു.
മറിയയോടു സംസാരിക്കുന്നതിനു യഹോവ തന്റെ ദൂതനായ ഗബ്രിയേലിനെ സ്വർഗത്തിൽനിന്ന് അയച്ചു. അവൾക്ക് ഒരു ആൺകുഞ്ഞ് ഉണ്ടാകാൻ പോകുകയാണെന്നു ഗബ്രിയേൽ മറിയയോടു പറഞ്ഞു. ആ ശിശുവിനു യേശു എന്നു പേർ വിളിക്കപ്പെടും.
ശിശുവിന്റെ പിതാവ് ആരായിരിക്കും?—ശിശുവിന്റെ പിതാവു യഹോവയാം ദൈവം ആയിരിക്കുമെന്നു ദൂതൻ പറഞ്ഞു. അതുകൊണ്ടാണു യേശു ദൈവപുത്രൻ എന്നു വിളിക്കപ്പെടുമായിരുന്നത്.മറിയയ്ക്ക് ഇതിനെക്കുറിച്ച് എങ്ങനെ തോന്നിയെന്നു നീ വിചാരിക്കുന്നു?—‘ഞാൻ അതു ചെയ്യാൻ ആഗ്രഹിക്കുന്നില്ല’ എന്ന് അവൾ പറഞ്ഞുവോ? ഞാൻ യേശുവിന്റെ അമ്മയായിരിക്കാൻ ആഗ്രഹിക്കുന്നില്ല’ എന്ന് അവൾ പറഞ്ഞുവോ?—
ഇല്ല, ദൈവം ആഗ്രഹിച്ചതു ചെയ്യാൻ മറിയ ഒരുക്കമായിരുന്നു. അവൾ ദൈവത്തിന്റെ ദൂതനെ ശ്രദ്ധിക്കാൻ വളരെ മനസ്സുളളവളായിരുന്നു! അതു ദൈവത്തെ ശ്രദ്ധിക്കുന്നതുപോലെയായിരുന്നു! മറിയ ദൈവത്തെ ശ്രദ്ധിക്കാനാഗ്രഹിച്ചു. അവൾ ദൈവത്തെ സ്നേഹിച്ചു. താൻ ചെയ്യണമെന്നു യഹോവയാം ദൈവം ആഗ്രഹിച്ചതു ചെയ്യാൻ അവൾക്കു സന്തോഷമായിരുന്നു.
എന്നാൽ യഹോവയ്ക്ക് എങ്ങനെ സ്വർഗത്തിലെ തന്റെ പുത്രൻ ഭൂമിയിൽ ഒരു ശിശുവായി ജനിക്കാനിടയാക്കാൻ കഴിയും?—യഹോവ എവിടെയും ഏററവും ശക്തൻ ആകുന്നു. മററാർക്കും ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ അവനു ചെയ്യാൻ കഴിയും. അങ്ങനെ യഹോവ തന്റെ പുത്രന്റെ ജീവനെ സ്വർഗത്തിൽനിന്ന് എടുത്തു മറിയയുടെ ഉളളിൽ വച്ചു. മററു ശിശുക്കൾ അവരുടെ മാതാക്കളുടെ ഉളളിൽ വളരുന്നതുപോലെ യേശു മറിയയുടെ ഉളളിൽ വളരാൻ തുടങ്ങി. അതിനുശേഷം മറിയ യോസേഫിനെ വിവാഹം കഴിച്ചു.
അനന്തരം യേശു ജനിക്കാനുളള സമയംവന്നു. അവൻ ബേത്ലഹേം നഗരത്തിൽ ജനിച്ചു. മറിയയും അവളുടെ ഭർത്താവായ യോസേഫും ആ നഗരം സന്ദർശിക്കുകയായിരുന്നു. എന്നാൽ ബേത്ലഹേം ജനങ്ങളെക്കൊണ്ടു നിറഞ്ഞിരുന്നു. യേശു ജനിച്ച രാത്രിയിൽ മറിയയ്ക്കും യോസേഫിനും താമസിക്കാവുന്ന ഒരൊററ മുറിപോലും ഇല്ലായിരുന്നു. അവർക്കു ശിശുവായ യേശുവിനെ ഒരു പുൽത്തൊട്ടിയിൽ കിടത്തേണ്ടിവന്നു. പുൽത്തൊട്ടി പശുക്കൾക്കും മററു മൃഗങ്ങൾക്കും തിന്നാനുളള തീററി ഇടുന്ന സ്ഥലമാണ്.
യേശു ജനിച്ച രാത്രിയിൽ പുളകപ്രദമായ കാര്യങ്ങൾ സംഭവിച്ചു. ബേത്ലഹേമിനടുത്തുവച്ച് ഒരു ദൂതൻ ചില ഇടയൻമാരോടു സംസാരിച്ചു. യേശു എത്ര പ്രധാനപ്പെട്ട ഒരാളാണെന്നു ലൂക്കോസ് 2:10, 11.
അവൻ ഇടയൻമാരോടു പറഞ്ഞു. അവൻ അവരോട് ഇങ്ങനെ പറഞ്ഞു: ‘നോക്കൂ! ജനങ്ങളെ സന്തുഷ്ടരാക്കുന്ന സുവാർത്ത ഞാൻ നിങ്ങളോടു പറയുകയാകുന്നു. ജനങ്ങളെ രക്ഷിക്കുന്ന ഒരാൾ ഇന്നു ജനിച്ചിരിക്കുന്നു.’ ദൈവത്തെ സ്നേഹിക്കുന്ന ജനങ്ങൾക്കുവേണ്ടി യേശു അനേകം നല്ല കാര്യങ്ങൾ ചെയ്യും.—ഇതു സുവാർത്ത ആയിരുന്നു! സ്വർഗത്തിലെ മററു ദൂതൻമാർ ദൈവത്തെ സ്തുതിക്കുന്നതിൽ ഒന്നിച്ചു ചേരാൻ തുടങ്ങി. അവർ സന്തുഷ്ടരായിരുന്നു! അവർ പറഞ്ഞത് ഇടയൻമാർക്കു കേൾക്കാൻ കഴിഞ്ഞു.
ഇപ്പോൾ ഇടയൻമാർ യേശുവിനെ കാണാനാഗ്രഹിച്ചു. അവർക്കു ബേത്ലഹേമിൽ യേശുവിനെ കണ്ടെത്താൻ കഴിയുമെന്നു ദൂതൻ അവരോടു പറഞ്ഞു. അതുകൊണ്ട് അവർ അവിടേക്കുപോയി. യേശുവിനെ കാണാൻ ഇടയൻമാർ അവിടെ എത്തിയപ്പോൾ അവർ കേട്ടിരുന്ന സകല നല്ല കാര്യങ്ങളും അവർ യോസേഫിനോടും മറിയയോടും പറഞ്ഞു. ഇതു യോസേഫിനെയും മറിയയെയും ദൈവത്തോടു വളരെ നന്ദിയുളളവരാക്കിത്തീർത്തു. യേശുവിന്റെ അമ്മയായിത്തീരാൻ സന്നദ്ധയായിരുന്നതിൽ മറിയ എത്ര സന്തുഷ്ടയായിരുന്നുവെന്നു നിനക്കു സങ്കല്പിക്കാൻ കഴിയുമോ?
പിന്നീടു യോസേഫും മറിയയും യേശുവിനെ നസറേത്തു നഗരത്തിലേക്കു കൊണ്ടുപോയി. ഇവിടെയാണു യേശു വളർന്നത്. അവനു പ്രായപൂർത്തിയായപ്പോൾ അവൻ തന്റെ വലിയ പഠിപ്പിക്കൽവേല തുടങ്ങി. ഇതു ഭൂമിയിൽ തന്റെ പുത്രൻ ചെയ്യാൻ യഹോവയാം ദൈവം ആഗ്രഹിച്ച വേലയുടെ ഭാഗമായിരുന്നു.
ഏതാണ്ടു മൂന്നു വർഷം കഴിഞ്ഞു യേശുവും അവന്റെ ചില അനുഗാമികളും ഒരു ഉയർന്ന മലമുകളിലേക്കു പോയി. അവിടെ എന്തു സംഭവിച്ചു?—മററുളളവർ വീക്ഷിച്ചുകൊണ്ടിരിക്കവേ, യേശുവിന്റെ വസ്ത്രങ്ങൾ ഉജ്ജ്വലമായി ശോഭിക്കാൻ തുടങ്ങി. അപ്പോൾ ദൈവത്തിന്റെ സ്വന്തം ശബ്ദം കേട്ടു. യഹോവ യേശുവിനെ സംബന്ധിച്ച് “ഇത് എന്റെ പുത്രനാകുന്നു, പ്രിയപ്പെട്ടവൻതന്നെ” എന്നു പറഞ്ഞു. ദൈവം തന്റെ പുത്രനിൽ പ്രസാദിച്ചു.—യേശു എല്ലായ്പോഴും ശരിയായതു ചെയ്തു. താൻ യഥാർഥത്തിൽ ആയിരിക്കാഞ്ഞ ആരെങ്കിലുമാണെന്ന് അവൻ നടിച്ചില്ല. താൻ ദൈവമാണെന്ന് അവൻ ജനങ്ങളോടു പറഞ്ഞില്ല. യേശു ദൈവപുത്രൻ എന്നു വിളിക്കപ്പെടുമെന്നു ഗബ്രിയേൽ ദൂതൻ മറിയയോടു പറഞ്ഞിരുന്നു. യേശുതന്നെ താൻ ദൈവപുത്രനാണെന്നു പറഞ്ഞു. തനിക്കു തന്റെ പിതാവിനെക്കാൾ അറിവുണ്ടെന്ന് അവൻ ജനങ്ങളോടു പറഞ്ഞില്ല. “എന്റെ പിതാവും എന്നെക്കാൾ വലിയവനാകുന്നു” എന്ന് അവൻ പറഞ്ഞു.—യോഹന്നാൻ 14:28.
യേശുവിന്റെ പിതാവ് അവനു വേലചെയ്യാൻ കൊടുത്തപ്പോൾ അവൻ അതു ചെയ്തു. ‘ഉവ്വ്, ഞാൻ അതു ചെയ്യാം’ എന്നു അവൻ പറഞ്ഞിട്ടു പിന്നെ മറെറന്തെങ്കിലും ചെയ്തില്ല. അവൻ തന്റെ പിതാവിനെ സ്നേഹിച്ചു. അതുകൊണ്ട് അവന്റെ പിതാവു പറഞ്ഞത് അവൻ ശ്രദ്ധിച്ചു.
നാമും യഹോവയെ പ്രസാദിപ്പിക്കാനാഗ്രഹിക്കുന്നു. ഇല്ലയോ?—അപ്പോൾ യേശു ചെയ്തതുപോലെ, നാം യഥാർഥത്തിൽ ദൈവത്തെ ശ്രദ്ധിക്കുന്നുവെന്നു പ്രകടമാക്കണം. ദൈവം ബൈബിളിലൂടെ നമ്മോടു സംസാരിക്കുന്നു. ദൈവത്തെ ശ്രദ്ധിക്കുന്നുവെന്നു നടിക്കുകയും അനന്തരം ബൈബിളിനു വിരുദ്ധമായ കാര്യങ്ങൾ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതു ശരിയായിരിക്കുകയില്ല, ആയിരിക്കുമോ?—നാം യഥാർഥത്തിൽ യഹോവയെ സ്നേഹിക്കുന്നുവെങ്കിൽ അവനെ പ്രസാദിപ്പിക്കുന്നതു നാം പ്രയാസകരമായി കണ്ടെത്തുകയില്ലെന്ന് ഓർക്കുക.
(ബൈബിൾ യേശുവിനെ സംബന്ധിച്ചു യഥാർഥത്തിൽ പറയുന്നതു നാം അറിയുകയും വിശ്വസിക്കുകയും ചെയ്യേണ്ട ആവശ്യമുളളതെന്തുകൊണ്ടെന്നു കാണിക്കുന്ന മററു വാക്യങ്ങൾ: മത്തായി 7:21-23; 1 തിമൊഥെയോസ് 2:5, 6; യോഹന്നാൻ 4:25, 26.)