വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏററവും നല്ല സ്ഥാനങ്ങൾ തെരഞ്ഞെടുത്തവർ

ഏററവും നല്ല സ്ഥാനങ്ങൾ തെരഞ്ഞെടുത്തവർ

അധ്യായം 25

ഏററവും നല്ല സ്ഥാനങ്ങൾ തെ​ര​ഞ്ഞെ​ടു​ത്തവർ

ചിലയാ​ളു​കൾക്ക്‌ എല്ലായ്‌പോ​ഴും ഏററവും നല്ല സാധനങ്ങൾ വേണം. മററാർക്കെ​ങ്കി​ലും അവ ലഭിക്കാൻ കഴിയു​ന്ന​തി​നു​മുമ്പ്‌ അവർ അവ എടുക്കും. നീ ഇതു ഗൗനി​ച്ചി​ട്ടു​ണ്ടോ?—ഞാൻ ഗൗനി​ച്ചി​ട്ടുണ്ട്‌.

ദൃഷ്ടാ​ന്ത​മാ​യി, ഒരു ഭക്ഷണസ​മ​യത്ത്‌ ഒരു വലിയ ഭക്ഷണ പാത്രം കൈമാ​റു​ന്നതു ഞാൻ കണ്ടിട്ടുണ്ട്‌. അതിൽ നിറയെ രുചി​ക​ര​മായ കേക്കു​ക​ഷ​ണങ്ങൾ ഉണ്ടായി​രു​ന്നു. പാത്രം കറങ്ങി​ത്തി​രി​ഞ്ഞു വന്നപ്പോൾ ഓരോ വ്യക്തി​യും കേക്കു​ക​ഷ​ണങ്ങൾ ശ്രദ്ധാ​പൂർവ്വം നോക്കി ഏററവും വലുത്‌ എടുക്കുന്ന കാര്യം ഉറപ്പാക്കി. അതു ചെയ്യു​ന്നതു ശരിയാ​ണെന്നു നീ വിചാ​രി​ക്കു​ന്നു​ണ്ടോ?—

മറെറാ​രു കാര്യം സംഭവി​ക്കു​ന്നതു ഞാൻ കണ്ടിട്ടുണ്ട്‌. ഒരു അപ്പനും അമ്മയും ഒരു സ്‌നേ​ഹി​തനെ സന്ദർശി​ക്കാൻ തങ്ങളുടെ മക്കളെ കൂടെ​ക്കൊ​ണ്ടു​പോ​യി. അവർ സ്‌നേ​ഹി​തന്റെ വീട്ടിൽ വന്നെത്തി​യ​പ്പോൾ, കുട്ടികൾ ഏററവും സുഖക​ര​മായ കസേരകൾ ലഭിക്കു​ന്ന​തി​നു തിടു​ക്കം​കൂ​ട്ടി. ഇതു ശരിയാ​ണോ?—

മഹദ്‌ഗു​രു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ അതു​പോ​ലെ​യൊ​ന്നു സംഭവി​ച്ചു. അവൻ ഒരു പ്രധാ​ന​പ്പെട്ട പരീശന്റെ വീട്ടിൽ ഒരു വലിയ ഭക്ഷണത്തി​നു ക്ഷണിക്ക​പ്പെട്ടു. അനേകം അതിഥി​കൾ ക്ഷണിക്ക​പ്പെ​ട്ടി​ട്ടു​ണ്ടാ​യി​രു​ന്നു. അതിഥി​കൾ ഭക്ഷണത്തി​നു വന്നപ്പോൾ അവർ ഭക്ഷണ​മേ​ശ​യു​ടെ തലയ്‌ക്കു സമീപ​ത്താ​യി ഏററവും നല്ല സ്ഥാനങ്ങൾ തെര​ഞ്ഞെ​ടു​ക്കു​ന്ന​താ​യി യേശു കണ്ടു. അവർ മാന്യ​മായ സ്ഥാനങ്ങൾ ആഗ്രഹി​ച്ചു. യേശു അവരോ​ടു പറഞ്ഞതു കേൾക്കാൻ നീ ഇഷ്ടപ്പെ​ടു​ന്നു​വോ?—

അവൻ അവരോട്‌ ഒരു കഥ പറഞ്ഞു. അതിൽ ആ അതിഥി​കൾക്കു നല്ല ബുദ്ധി​യു​പ​ദേശം അടങ്ങി​യി​രു​ന്നു. അതിൽ ഇന്നത്തെ നമുക്കും കുറെ സദുപ​ദേശം അടങ്ങി​യി​രി​ക്കു​ന്നു.

യേശു ഇങ്ങനെ പറഞ്ഞു: ‘നിങ്ങളെ ആരെങ്കി​ലും ഒരു വലിയ വിവാ​ഹ​വി​രു​ന്നി​നു ക്ഷണി​ച്ചേ​ക്കാം. നിങ്ങൾ പോകു​മ്പോൾ ഏററവും ബഹുമാ​ന്യ​മായ ഇരിപ്പി​ടം എടുക്ക​രുത്‌. കാരണം, നിങ്ങ​ളെ​ക്കാൾ പ്രമു​ഖ​നായ ആരെ​യെ​ങ്കി​ലും കൂടെ ക്ഷണിച്ചി​ട്ടു​ണ്ടാ​യി​രി​ക്കാം. അപ്പോൾ വിരുന്നു നടത്തു​ന്ന​യാൾവന്നു നിന്നോട്‌: “ഈ മനുഷ്യ​നു നിന്റെ സ്ഥാനം കൊടു​ക്കുക” എന്നു പറഞ്ഞേ​ക്കാം. നീ ഏററവും താന്ന സ്ഥാന​ത്തേക്കു പോകു​ന്നതു മററു​ള​ള​വ​രെ​ല്ലാം നോക്കി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ നിനക്കു ലജ്ജ തോന്നും!’

ചെയ്യേണ്ട ശരിയായ സംഗതി അതിഥി​കളെ കാണി​ച്ചു​കൊ​ടു​ക്കാൻ യേശു ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ യേശു അവരോ​ടു തുടർന്ന്‌ ഇങ്ങനെ പറഞ്ഞു:

‘നിന്നെ ഒരു വിവാ​ഹ​വി​രു​ന്നി​നു ക്ഷണിക്കു​മ്പോൾ പോയി ഏററവും താന്ന സ്ഥാനത്തി​രി​ക്കുക. അപ്പോൾ നിന്നെ ക്ഷണിച്ച​യാൾ വന്ന്‌ “സ്‌നേ​ഹി​താ, താങ്കൾക്കു​വേണ്ടി ഞങ്ങൾക്ക്‌ ഇതി​നേ​ക്കാൾ മെച്ചപ്പെട്ട ഒരു സ്ഥാനമുണ്ട്‌!” എന്നു പറഞ്ഞേ​ക്കാം. നീ മെച്ചപ്പെട്ട സ്ഥാന​ത്തേക്കു മാറു​മ്പോൾ മറെറ​ല്ലാ​വ​രു​ടെ​യും മുമ്പാകെ നിനക്കു ബഹുമാ​നം ലഭിക്കും.’—ലൂക്കോസ്‌ 14:1-11.

യേശു​വി​ന്റെ കഥയുടെ ആശയം നിനക്കു മനസ്സി​ലാ​യോ?—നമുക്ക്‌ ഒരു ദൃഷ്ടാന്തം എടുത്തു നിനക്കു മനസ്സി​ലാ​യോ എന്നു നോക്കാം. ആരു​ടെ​യെ​ങ്കി​ലും വീട്ടിൽ നമുക്കു ഭക്ഷണം ലഭിക്കാൻ പോകു​ന്നു​വെ​ന്നി​രി​ക്കട്ടെ. ഇരിക്കാൻ ഒരുങ്ങു​മ്പോൾ നീ ഏററവും നല്ല സ്ഥാനം തെര​ഞ്ഞെ​ടു​ക്കു​മോ? അതോ ഏററവും നല്ല സ്ഥാനം നീ മററാർക്കെ​ങ്കി​ലും വിട്ടു​കൊ​ടു​ക്കു​മോ?—നീ എന്തു​ചെ​യ്യാൻ യേശു ആഗ്രഹി​ക്കു​ന്നു​വെ​ന്നാ​ണു നീ വിചാ​രി​ക്കു​ന്നത്‌?—

മറെറാ​രു ഉദാഹ​ര​ണ​മെ​ടു​ക്കുക. നീ ആളുകൾ തിങ്ങിയ ഒരു ബസ്സിൽ കയറു​ന്നു​വെ​ന്നി​രി​ക്കട്ടെ. നീ ഒരു സീററു കിട്ടാൻ തിടുക്കം കാണി​ക്കു​ക​യും ഒരു വൃദ്ധമ​നു​ഷ്യൻ നിൽക്കാ​നി​ട​യാ​ക്കു​ക​യും ചെയ്യേ​ണ​മോ?—നീ അതു ചെയ്യാൻ യേശു ആഗ്രഹി​ക്കു​മോ?—

നാം എന്തു​ചെ​യ്‌താ​ലും അതു യേശു​വി​നു വ്യത്യാ​സ​മു​ള​വാ​ക്കു​ന്നി​ല്ലെന്ന്‌ ആരെങ്കി​ലും പറഞ്ഞേ​ക്കാം. എന്നാൽ നീ അതു വിശ്വ​സി​ക്കു​ന്നു​വോ?—യേശു ആ പരീശന്റെ വീട്ടിലെ വലിയ വിരു​ന്നിൽ സംബന്ധി​ച്ച​പ്പോൾ ആളുകൾ അവരുടെ ഇരിപ്പി​ടങ്ങൾ തെര​ഞ്ഞെ​ടു​ക്കു​ന്നത്‌ അവൻ നിരീ​ക്ഷി​ച്ചു. നാം ഇന്നു ചെയ്യു​ന്ന​തിൽ അവൻ അത്രതന്നെ തൽപ്പര​നാ​ണെന്നു നീ വിചാ​രി​ക്കു​ന്നി​ല്ലേ?—ഇപ്പോൾ യേശു സ്വർഗ​ത്തി​ലാ​യി​രി​ക്കു​ന്ന​തി​നാൽ നമ്മെ വീക്ഷി​ക്കു​ന്ന​തിന്‌ അവൻ മെച്ചപ്പെട്ട ഒരു സ്ഥാനത്താണ്‌.

ഓരോ​രു​ത്ത​രും ഏററവും നല്ല സ്ഥാനം കിട്ടാൻ ശ്രമി​ക്കു​മ്പോൾ അതു കുഴപ്പ​ത്തി​നി​ട​യാ​ക്കാ​വു​ന്ന​താണ്‌. ചില​പ്പോൾ കുട്ടികൾ ഒന്നിച്ചു കാറിൽ കയറി സഞ്ചരി​ക്കാൻ പോകു​മ്പോൾ ഇതു സംഭവി​ക്കു​ന്നു. കാറിന്റെ കതകു തുറന്നാ​ലു​ടനെ അവർ ജനലി​ന​ടു​ത്തു​ളള ഏററവും നല്ല സീററു കിട്ടു​ന്ന​തിന്‌ ഓടി​ച്ചെ​ല്ലു​ന്നു. ഉടൻതന്നെ ഒരു വാദം നടക്കു​ക​യാണ്‌. അവർ ഓരോ​രു​ത്ത​രും ഏററവും നല്ല സ്ഥാനം ലഭിക്കാൻ ആഗ്രഹി​ക്കു​ന്ന​തു​കൊണ്ട്‌ അവർ അന്യോ​ന്യം കോപി​ക്കു​ന്നു.

കുട്ടികൾ പന്തുക​ളി​ക്കാൻ പുറത്തു​പോ​കു​മ്പോ​ഴും ഇതു സംഭവി​ക്കാ​വു​ന്ന​താണ്‌. അവർ കളിക്കാൻ തുടങ്ങു​ന്ന​തി​നു മുമ്പു​തന്നെ ആദ്യമാ​രാ​ണെ​ന്നു​ള​ളതു സംബന്ധിച്ച്‌ ഒരു വാദം നടന്നേ​ക്കാം. ഇവ സംഭവി​ക്കു​ന്നതു വളരെ മോശ​മ​ല്ല​യോ?—

എല്ലായ്‌പോ​ഴും ഒന്നാമ​താ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നതു ധാരാളം കുഴപ്പ​ങ്ങൾക്കി​ട​യാ​ക്കി​യേ​ക്കാം. അതു യേശു​വി​ന്റെ അപ്പോ​സ്‌ത​ലൻമാ​രു​ടെ ഇടയിൽപ്പോ​ലും കുഴപ്പ​ത്തി​നി​ട​യാ​ക്കി. നീ അതറി​ഞ്ഞി​രു​ന്നോ?—

യേശു അവർക്കെ​ല്ലാം കുറെ സദുപ​ദേശം കൊടു​ക്കേ​ണ്ടി​വന്നു. രാഷ്‌ട്ര​ങ്ങ​ളി​ലെ ഭരണാ​ധി​പൻമാർ വലിയ​വ​രും പ്രമു​ഖ​രു​മാ​യി​രി​ക്കാ​നി​ഷ്ട​പ്പെ​ടു​ന്നു​വെന്നു യേശു പറഞ്ഞു. എല്ലാവ​രും അവരെ അനുസ​രി​ക്കാൻ അവർ ആഗ്രഹി​ക്കു​ന്നു. എന്നാൽ യേശു തന്റെ അനുഗാ​മി​ക​ളോട്‌ അവർ ആ വിധത്തി​ലാ​യി​രി​ക്ക​രു​തെന്നു പറഞ്ഞു. പകരം “നിങ്ങളു​ടെ ഇടയിൽ ഒന്നാമ​നാ​കാ​നാ​ഗ്ര​ഹി​ക്കുന്ന ഏവനും എല്ലാവ​രു​ടെ​യും അടിമ​യാ​യി​രി​ക്കണം” എന്നു യേശു പറഞ്ഞു. അതി​നെ​ക്കു​റി​ച്ചു ചിന്തി​ക്കുക!—മർക്കോസ്‌ 10:35-45.

ഒരു അടിമ ചെയ്യു​ന്ന​തെ​ന്തെന്നു നിനക്ക​റി​യാ​മോ?—അവൻ മററാ​ളു​കൾ തന്നെ സേവി​ക്കാ​ന​നു​വ​ദി​ക്കു​ന്ന​തി​നു പകരം അവരെ സേവി​ക്കു​ന്നു. അവൻ ഒന്നാമത്തെ സ്ഥാനമല്ല, ഏററവും താന്ന സ്ഥാനം എടുക്കു​ന്നു. അയാൾ ഏററവും പ്രധാ​ന​പ്പെട്ട ആളായി​ട്ടല്ല, ഏററവും പ്രാധാ​ന്യം കുറഞ്ഞ​യാ​ളാ​യി വർത്തി​ക്കു​ന്നു. ഒന്നാമ​നാ​കാൻ ആഗ്രഹി​ക്കു​ന്നവൻ ഒരു അടിമ മററു​ള​ള​വ​രോ​ടു പ്രവർത്തി​ക്കു​ന്ന​തു​പോ​ലെ പ്രവർത്തി​ക്ക​ണ​മെന്നു യേശു പറഞ്ഞു​വെ​ന്നോർക്കുക.

അതു നമ്മേ സംബന്ധിച്ച്‌ എന്ത്‌ അർഥമാ​ക്കു​ന്നു​വെന്നു നീ വിചാ​രി​ക്കു​ന്നു?—ഏററവും നല്ല സീററ്‌ ആർക്കു വേണ​മെ​ന്നു​ള​ള​തു​സം​ബ​ന്ധിച്ച്‌ ഒരു അടിമ അവന്റെ യജമാ​ന​നോ​ടു വാദി​ക്കു​മോ?—അല്ലെങ്കിൽ ആരാണ്‌ ആദ്യം ഭക്ഷണം കഴിക്കു​ന്ന​തെ​ന്നു​ള​ളതു സംബന്ധിച്ച്‌ അവൻ വാദി​ക്കു​മോ?—ഒരു അടിമ എല്ലായ്‌പോ​ഴും തന്റെ യജമാ​നനെ തന്നെക്കാൾ മുമ്പു വെക്കു​ന്നു​വെന്നു യേശു പ്രകട​മാ​ക്കി. നാമും ആ വിധത്തി​ല​ല്ല​യോ ചെയ്യേ​ണ്ടത്‌?——ലൂക്കോസ്‌ 17:7-10.

അതെ, നമ്മെക്കാൾ മുമ്പു മററു​ള​ള​വരെ വെക്കു​ന്നതു ക്രിസ്‌തീ​യ​രീ​തി​യാണ്‌. ഇതാണു മഹദ്‌ഗു​രു ചെയ്‌തത്‌. നാം അവന്റെ മാതൃക പിന്തു​ട​രു​ന്നു​വെ​ങ്കിൽ നാം ദൈവ​ത്തി​നു പ്രസാ​ദ​മു​ള​ള​വ​രാ​യി​രി​ക്കും.

(നമ്മെക്കാൾ മുമ്പു മററു​ള​ള​വരെ നിർത്തു​ന്ന​തി​നു നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന കൂടുതൽ തിരു​വെ​ഴു​ത്തു​കൾ റോമർ 12:3-ലും ഫിലി​പ്പി​യർ 2:3, 4-ലും കാണുന്നു.)