ഒരു കുഷ്ഠരോഗി ദൈവത്തിനു മഹത്വം കൊടുത്തു
അധ്യായം 10
ഒരു കുഷ്ഠരോഗി ദൈവത്തിനു മഹത്വം കൊടുത്തു
ഇന്നു നിന്റെ അമ്മ നിനക്കുവേണ്ടി ഒരു നല്ല ഭക്ഷണം ക്രമീകരിച്ചോ?—അത് അമ്മയുടെ ദയയായിരുന്നു, അല്ലായിരുന്നോ?—നീ അമ്മയ്ക്കു നന്ദികൊടുത്തോ?—ചിലപ്പോൾ മററുളളവർ നമുക്കുവേണ്ടി ദയചെയ്യുമ്പോൾ നാം “നന്ദി” പറയാൻ മറക്കുന്നു, ഇല്ലയോ? മഹദ്ഗുരു ഭൂമിയിലായിരുന്നപ്പോൾ, “നന്ദി” പറയാൻ മറന്ന കുറെ കുഷ്ഠരോഗികൾ ഉണ്ടായിരുന്നു.
ഒരു കുഷ്ഠരോഗി ആരാണെന്നു നിനക്കറിയാമോ?—കുഷ്ഠം എന്നു വിളിക്കുന്ന രോഗമുളള ആളാണു കുഷ്ഠരോഗി. ആ രോഗത്തിന് ഒരുവന്റെ മാംസത്തിൽ കുറെ അററുപോകാനിടയാക്കുന്നതിനുപോലും കഴിയും. യേശു ഭൂമിയിൽ ജീവിച്ചപ്പോൾ കുഷ്ഠരോഗികൾ മററാളുകളിൽനിന്ന് അകന്നു ജീവിക്കേണ്ടിയിരുന്നു. കുഷ്ഠരോഗി മറെറാരാൾ വരുന്നതു കണ്ടാൽ അയാൾ ‘ഞാൻ ഒരു കുഷ്ഠരോഗിയാണ്, മാറിക്കൊളളൂ!’ എന്നു വിളിച്ചുപറയേണ്ടിയിരുന്നു. അല്ലെങ്കിൽ ആളുകൾക്കു കുഷ്ഠരോഗിയുടെ രോഗം പകർന്നേക്കാം.
യേശു കുഷ്ഠരോഗികളോടു വളരെ ദയാലുവായിരുന്നു. ഒരുദിവസം യേശു യരൂശലേമിലേക്കു പോകുമ്പോൾ അവൻ ഒരു ചെറിയ പട്ടണത്തിനടുത്തെത്തി. പത്തു കുഷ്ഠരോഗികൾ അവനെ കാണാൻ വന്നു.
കുഷ്ഠരോഗികൾ യേശുവിനോട് അടുത്തു ചെന്നില്ല. അവർ ദൂരെ മാറിനിന്നു. എന്നാൽ എല്ലാത്തരം രോഗങ്ങളും കുഷ്ഠരോഗംപോലും സുഖപ്പെടുത്താൻ യേശുവിനു ദൈവത്തിൽനിന്നു ശക്തി ലഭിച്ചിട്ടുണ്ടെന്നു അവർ കേട്ടിരുന്നു. അതുകൊണ്ട് അവർ ‘യേശുവേ, ഗുരോ, ഞങ്ങളെ സഹായിക്കേണമേ!’ എന്ന് അവനോടു വിളിച്ചു പറഞ്ഞു.
രോഗികളോടു നിനക്കു സഹതാപം തോന്നുന്നുണ്ടോ?—യേശുവിനു തോന്നി. ഒരു കുഷ്ഠരോഗിയായിരിക്കുന്നത് എത്ര സങ്കടകരമാണെന്നു അവൻ അറിഞ്ഞിരുന്നു. അതുകൊണ്ട് അവൻ
അവർക്ക് ഉത്തരം കൊടുത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: ‘പോയി നിങ്ങളെത്തന്നെ ദൈവത്തിന്റെ പുരോഹിതൻമാരെ കാണിക്കുക.’എന്തുകൊണ്ടാണ് ഇതു ചെയ്യാൻ യേശു അവരോടു പറഞ്ഞത്?—അതു യഹോവ തന്റെ ജനത്തിനു കൊടുത്ത നിയമം നിമിത്തമായിരുന്നു. ഈ നിയമം ദൈവത്തിന്റെ പുരോഹിതൻ കുഷ്ഠരോഗിയുടെ മാംസം നോക്കണമെന്നു പറഞ്ഞു. കുഷ്ഠരോഗിയുടെ രോഗംമുഴുവൻ അവനിൽനിന്നു വിട്ടുമാറിക്കഴിയുമ്പോൾ പുരോഹിതൻ കുഷ്ഠരോഗിയോടു പറയും . അനന്തരം അയാൾക്കു രോഗമില്ലാത്ത ആളുകളോടുകൂടെ വീണ്ടും ജീവിക്കാൻ കഴിയുമായിരുന്നു.—ലേവ്യപുസ്തകം 13:16, 17.
എന്നാൽ ഈ പത്തു കുഷ്ഠരോഗികൾക്ക് അപ്പോഴും രോഗമുണ്ടായിരുന്നു. അതുകൊണ്ടു യേശു പറഞ്ഞതുപോലെ അവർ പോയി പുരോഹിതനെ കാണുമോ?—ഉവ്വ്, അവർ ഉടൻതന്നെ പോയി. യേശു അവരുടെ രോഗം മാററുമെന്ന് ഈ മനുഷ്യർ വിശ്വസിച്ചിരിക്കണം.
എന്തു സംഭവിച്ചു?—കൊളളാം, അവർ പുരോഹിതന്റെ അടുക്കലേക്കു പോകുന്നവഴിക്ക് അവരുടെ രോഗം വിട്ടുമാറി. അവരുടെ മാംസത്തിനു സൗഖ്യംവന്നു. അവർ സുഖംപ്രാപിച്ചു! യേശുവിന്റെ ശക്തിയിലുളള അവരുടെ വിശ്വാസത്തിനു പ്രതിഫലം ലഭിച്ചു. അവർക്ക് എന്തൊരു സന്തോഷമാണ് അനുഭവപ്പെട്ടത്!
എന്നാൽ, അവർ ഇപ്പോൾ, തങ്ങളുടെ നന്ദി പ്രകടിപ്പിക്കാൻ എന്താണു ചെയ്യേണ്ടിയിരുന്നത്? നീ എന്തു ചെയ്യുമായിരുന്നു?—
സുഖം പ്രാപിച്ച മനുഷ്യരിൽ ഒരാൾ യേശുവിന്റെ അടുക്കൽ തിരിച്ചുവന്നു. അവൻ ദൈവത്തെക്കുറിച്ചു നല്ല കാര്യങ്ങൾ പറഞ്ഞുകൊണ്ടു യഹോവയ്ക്കു മഹത്ത്വം കൊടുത്തുതുടങ്ങി. അതായിരുന്നു ചെയ്യേണ്ട ശരിയായ സംഗതി. എന്തുകൊണ്ടെന്നാൽ അവനെ സുഖപ്പെടുത്താനുളള ശക്തി ദൈവത്തിൽനിന്നു വന്നതായിരുന്നു. ആ മനുഷ്യൻ മഹദ്ഗുരുവിന്റെ പാദത്തിങ്കൽ വീണ്ട് അവനു നന്ദിപറയുകയും ചെയ്തു. യേശു ചെയ്തതിന് അവൻ വളരെ നന്ദിയുളളവനായിരുന്നു.
എന്നാൽ മറേറ ഒമ്പതുപേരെ സംബന്ധിച്ചെന്ത്? യേശു ഇങ്ങനെ ചോദിച്ചു: ‘സുഖംപ്രാപിച്ച പത്തു കുഷ്ഠരോഗികൾ
ഉണ്ടായിരുന്നു, ഇല്ലേ? മറേറ ഒമ്പതുപേർ എവിടെ? ദൈവത്തിനു മഹത്ത്വം കൊടുക്കാൻ തിരിച്ചുവന്നത് ഒരാൾ മാത്രമോ?’അതെ, അതു സത്യമാണ്. പത്തു കുഷ്ഠരോഗികളിൽ ഒരാൾ മാത്രമേ ദൈവത്തിനു മഹത്ത്വം കൊടുക്കുകയും യേശുവിനു നന്ദി കൊടുക്കാൻ തിരിച്ചുവരികയും ചെയ്തുളളു. ഈ ആൾ മറെറാരു രാജ്യത്തുനിന്നുളള ഒരു ശമര്യക്കാരനായിരുന്നു. മറേറ ഒൻപതുപേർ ദൈവത്തിനു നന്ദി കൊടുത്തില്ല; കുറഞ്ഞപക്ഷം അവർ യേശുവിനു നന്ദി കൊടുത്തില്ല.—ലൂക്കോസ് 17:11-19.
നീ ആ മനുഷ്യരിൽ ആരെപ്പോലെയാണ്?—നമ്മൾ രണ്ടുപേരും ആ ശമര്യക്കാരനെപ്പോലെയായിരിക്കാൻ ആഗ്രഹിക്കുന്നു, ഇല്ലയോ?—അതുകൊണ്ട് ആരെങ്കിലും നമ്മോടു ദയാപൂർവം എന്തെങ്കിലും ചെയ്യുമ്പോൾ നാം എന്തുചെയ്യാൻ ഓർക്കണം?—നാം നന്ദി പ്രകടിപ്പിക്കേണ്ടതാണ്.
ആളുകൾ മിക്കപ്പോഴും “നന്ദിയുണ്ട്” എന്നു പറയാൻ മറക്കുന്നു. എന്നാൽ “നന്ദിയുണ്ട്” എന്നു പറയുന്നതു നല്ലതാണ്. അതാണു ചെയ്യേണ്ട ശരിയായ സംഗതി. നീ അതു ചെയ്യുമ്പോൾ യഹോവയാം ദൈവവും അവന്റെ പുത്രനായ യേശുവും പ്രസാദിക്കുന്നു.
നീ അതിനെക്കുറിച്ചു ചിന്തിക്കുന്നുവെങ്കിൽ ആളുകൾ നിനക്കുവേണ്ടി അനേകം കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നു നീ ഓർമിക്കും. നീ എന്നെങ്കിലും രോഗിയായിരുന്നതായി ഓർക്കുന്നുണ്ടോ?—നീ ഒരിക്കലും ആ പത്തു കുഷ്ഠരോഗികളെപ്പോലെ രോഗിയായിരുന്നിട്ടില്ലായിരിക്കാം. എന്നാൽ നിനക്കു കഠിനമായ ജലദോഷമോ വയററുവേദനയോ പിടിപെട്ടിട്ടുണ്ടായിരിക്കാം. നിന്റെ അമ്മയോ
അപ്പനോ നിന്നെ ശുശ്രൂഷിച്ചോ?—നീ സുഖം പ്രാപിക്കുന്നതിന് അവർ നിന്നെ സഹായിച്ചതിൽ നീ സന്തുഷ്ടനാണോ?—ശമര്യക്കാരൻ, തന്നെ സുഖപ്പെടുത്തിയതിനു യേശുവിനു നന്ദികൊടുത്തു. ഇതു യേശുവിനെ സന്തുഷ്ടനാക്കി. നിന്റെ അപ്പനും അമ്മയും നിനക്കുവേണ്ടി കാര്യങ്ങൾ ചെയ്യുമ്പോൾ നീ “നന്ദി” എന്നു പറയുന്നുവെങ്കിൽ അവർ സന്തുഷ്ടരായിരിക്കുമെന്നു നീ വിചാരിക്കുന്നുവോ?—ഉവ്വ്, അവർ സന്തുഷ്ടരായിരിക്കും.
ചിലപ്പോൾ ആളുകൾ നമുക്കുവേണ്ടി ഓരോ ദിവസവും അല്ലെങ്കിൽ ഓരോ ആഴ്ചയിലും കാര്യങ്ങൾ ചെയ്യുന്നു. അതു ചെയ്യുക എന്നത് അവരുടെ ജോലിയായിരിക്കാം. അതുചെയ്യുന്നതിന് അവർ സന്തോഷമുളളവർപോലുമായിരിക്കാം. എന്നാൽ അവർക്കു നന്ദികൊടുക്കാൻ നാം മറന്നുപോയേക്കാം.
അനേകം കാര്യങ്ങൾ പഠിക്കുന്നതിനു നിന്നെ സഹായിക്കാൻ നിന്റെ അധ്യാപിക കഠിനാദ്ധ്വാനം ചെയ്തേക്കാം. അത് അവരുടെ ജോലിയാണ്. എന്നാൽ പഠിക്കുന്നതിനു നിന്നെ സഹായിച്ചതിൽ നീ അവർക്കു നന്ദി കൊടുക്കുന്നുവെങ്കിൽ അവർക്കു സന്തോഷമായിരിക്കും.
ചിലപ്പോൾ ആളുകൾ നിനക്കുവേണ്ടി ചെറിയ കാര്യങ്ങൾ ചെയ്യുന്നു. ആരെങ്കിലും എന്നെങ്കിലും നിനക്കുവേണ്ടി ഒരു വാതിൽ തുറന്നു പിടിച്ചിട്ടുണ്ടോ?—അല്ലെങ്കിൽ ഊണുമേശയ്ക്കൽ ആരെങ്കിലും നിനക്ക് എന്നെങ്കിലും ഭക്ഷണം നീക്കി വച്ചു തന്നിട്ടുണ്ടോ?—ഈ ചെറിയ കാര്യങ്ങൾക്കുപോലും “നന്ദി” പറയുന്നതു നല്ലതാണ്.
നാം ഭൂമിയിലെ ആളുകളോടു “നന്ദി” പറയാൻ ഓർക്കുന്നുവെങ്കിൽ, അപ്പോൾ നാം സ്വർഗത്തിലെ നമ്മുടെ പിതാവിനോടു “നന്ദി” പറയാൻ ഓർക്കുന്നതിനു കൂടുതൽ സാദ്ധ്യതയുണ്ട്. യഹോവയ്ക്കു നന്ദികൊടുക്കുവാൻ എത്രയോ കാര്യങ്ങളുണ്ട്? അവനാണു നമുക്കു ജീവൻ നൽകിയത്; ജീവിതത്തെ ഉല്ലാസകരമാക്കിത്തീർക്കുന്ന നല്ല വസ്തുക്കളെല്ലാം തന്നതും അവനാണ്. അതുകൊണ്ട് ഓരോ ദിവസവും ദൈവത്തെക്കുറിച്ചുളള നല്ല കാര്യങ്ങൾ പറഞ്ഞുകൊണ്ട് അവനു മഹത്വം കൊടുക്കുന്നതിനു നമുക്കു നല്ല കാരണമുണ്ട്.
(നന്ദി പ്രകടിപ്പിക്കുന്നതു സംബന്ധിച്ചു സങ്കീർത്തനം 92:1 [91:1, Dy] എഫേസ്യർ 5:20 എന്നിവകൂടെ വായിക്കുക.)