ഒരു നല്ല അയൽക്കാരൻ
അധ്യായം 8
ഒരു നല്ല അയൽക്കാരൻ
ത്വക്കിനു നിന്റേതിൽനിന്നു വ്യത്യസ്തമായ നിറമുളള ആരെയെങ്കിലും നിനക്കറിയാമോ?—ചില സ്ഥലങ്ങളിൽ മിക്കയാളുകളുടേയും തൊലിയുടെ നിറം കറുപ്പോ തവിട്ടുനിറമോ ആണ്. മററു സ്ഥലങ്ങളിൽ മിക്കവാറും എല്ലാവർക്കും വെളുത്ത തൊലിയാണുളളത്. അവർ ആ വിധത്തിലാണു ജനിച്ചത്.
മററുളളവരുടേതിൽനിന്നു വ്യത്യസ്തമായ ഒരു തൊലിനിറം നിനക്കുണ്ടെങ്കിൽ അതു നിന്നെ അവരെക്കാൾ മെച്ചപ്പെട്ടവനാക്കുന്നുവോ?—കറുത്ത തൊലിയുളള ഒരാൾ താൻ വെളളത്തൊലിയുളള ഒരുവനെക്കാൾ മെച്ചപ്പെട്ടവനാണെന്നു വിചാരിക്കേണമോ? അല്ലെങ്കിൽ വെളുത്ത തൊലിയുളള ഒരാൾ താൻ തൊലികറുത്ത ഒരാളെക്കാൾ മെച്ചപ്പെട്ടവനാണെന്നു വിചാരിക്കേണമോ? നീ എന്തു വിചാരിക്കുന്നു?—
നാം മഹദ്ഗുരുവായ യേശുക്രിസ്തുവിനെ ശ്രദ്ധിക്കുന്നുവെങ്കിൽ നാം എല്ലാവരോടും ദയയുളളവരായിരിക്കും. ഒരു ആൾ ഏതു ജനതയിൽപ്പെട്ടവനാണെന്നുളളതോ അയാളുടെ തൊലിനിറം എന്താണെന്നുളളതോ യാതൊരു വ്യത്യാസവും ഉളവാക്കുന്നില്ല. നാം എല്ലാത്തരം ആളുകളേയും സ്നേഹിക്കേണ്ടതാണ്. ഇതാണു യേശു പഠിപ്പിച്ചത്.
ഒരു ദിവസം ഒരു യഹൂദൻ യേശുവിനോട് ഒരു പ്രയാസമുളള ചോദ്യം ചോദിക്കാൻ വന്നു. യേശുവിന് ഉത്തരം അറിയാൻ പാടില്ലായിരിക്കുമെന്ന് ഈ മനുഷ്യൻ വിചാരിച്ചു. അവൻ ചോദിച്ചു: ‘എന്നേക്കും ജീവിക്കാൻ ഞാൻ എന്തു ചെയ്യണം?’
ഇതു മഹദ്ഗുരുവിനു പ്രയാസം കുറഞ്ഞ ഒരു ചോദ്യമായിരുന്നു. എന്നാൽ, അവൻതന്നെ അതിന് ഉത്തരം പറയുന്നതിനു പകരം യേശു ആ മനുഷ്യനോട്: ‘നാം എന്തുചെയ്യണമെന്നാണു ദൈവത്തിന്റെ നിയമം പറയുന്നത്?’ എന്നു ചോദിച്ചു.
‘“നീ നിന്റെ ദൈവമായ യഹോവയെ പൂർണഹൃദയത്തോടെ സ്നേഹിക്കണം, നീ നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ
സ്നേഹിക്കണം” എന്നു ദൈവത്തിന്റെ നിയമം പറയുന്നു’ എന്ന് ആ മനുഷ്യൻ ഉത്തരം പറഞ്ഞു.യേശു ഇങ്ങനെ പറഞ്ഞു: ‘നീ ശരിയായി ഉത്തരം പറഞ്ഞു. നീ ഇതു ചെയ്തുകൊണ്ടിരിക്കുക, നിനക്കു നിത്യജീവൻ ലഭിക്കും.’
എന്നാൽ ആ മനുഷ്യൻ എല്ലാവരേയും സ്നേഹിക്കാൻ ആഗ്രഹിച്ചില്ല. അതുകൊണ്ട് അയാൾ ഒരു ഒഴികഴിവു കണ്ടെത്താൻ ശ്രമിച്ചു. അയാൾ യേശുവിനോട്: “ആരാണ് യഥാർത്ഥത്തിൽ എന്റെ അയൽക്കാരൻ?” എന്നു ചോദിച്ചു. നീ അതിന് എങ്ങനെ ഉത്തരം പറയുമായിരുന്നു? ആരാണ് യഥാർഥത്തിൽ നിന്റെ അയൽക്കാരൻ?—
‘നിന്റെ അയൽക്കാർ നിന്റെ സ്നേഹിതൻമാരാണ്’ എന്ന് യേശു പറയണമെന്ന് ഈ മനുഷ്യൻ ആഗ്രഹിച്ചിരിക്കാം. എന്നാൽ മററുളള ആളുകളെ സംബന്ധിച്ചെന്ത്? അവരും നമ്മുടെ അയൽക്കാരാണോ?—
ആ ചോദ്യത്തിനുത്തരം പറയാൻ യേശു ഒരു കഥ പറഞ്ഞു. അത് ഒരു യഹൂദനെയും ഒരു ശമര്യക്കാരനെയും കുറിച്ചായിരുന്നു. അതിങ്ങനെയായിരുന്നു:
ഒരു മനുഷ്യൻ യെരൂശലേം നഗരത്തിൽനിന്നു യരീഹോയിലേക്കുളള വഴിയിലൂടെ പോകുകയായിരുന്നു. ഈ മനുഷ്യൻ ഒരു യഹൂദനായിരുന്നു. അയാൾ നടന്നുപോയപ്പോൾ കൊളളക്കാർ അയാളെ പിടിച്ചു. അവർ അയാളെ ഇടിച്ചു വീഴ്ത്തി അയാളുടെ പണവും വസ്ത്രങ്ങളും എടുത്തു. കൊളളക്കാർ അയാളെ അടിക്കുകയും അർദ്ധപ്രാണനായി വഴിയരികിൽ വിട്ടേച്ചുപോകുകയും ചെയ്തു.
അല്പസമയം കഴിഞ്ഞ് ഒരു പുരോഹിതൻ ആ വഴിയിലൂടെ വന്നു. അദ്ദേഹം വല്ലാതെ പരുക്കേററ മനുഷ്യനെ കണ്ടു. അദ്ദേഹം എന്തു ചെയ്തു? നീ എന്തു ചെയ്യുമായിരുന്നു?—
ആ പുരോഹിതൻ വഴിയുടെ മറുവശത്തുകൂടെ മാറിപ്പോയി. അദ്ദേഹം നിന്നുപോലുമില്ല. അദ്ദേഹം ആ മനുഷ്യനെ സഹായിക്കാൻ ഒന്നുംതന്നെ ചെയ്തില്ല.
പിന്നീടു വളരെ മതഭക്തനായ മറെറാരു മനുഷ്യൻ ആ വഴിക്കുവന്നു. അയാൾ ഒരു ലേവ്യനായിരുന്നു. അയാൾ യെരൂശലേമിലെ
ആലയത്തിൽ സേവിക്കുന്നയാളായിരുന്നു. അയാൾ സഹായിക്കുന്നതിനു നിൽക്കുമോ? അയാൾ പുരോഹിതൻ ചെയ്ത അതേ സംഗതിതന്നെ ചെയ്തു. അയാൾ സഹായം ചെയ്തില്ല. അതായിരുന്നോ ചെയ്യേണ്ട ശരിയായ സംഗതി?—ഒടുവിൽ ഒരു ശമര്യക്കാരൻ ആ വഴിയെ വന്നു. കഠിനമായി പരുക്കേററ് അവിടെ കിടക്കുന്ന യഹൂദനെ അയാൾ കണ്ടു. മിക്ക ശമര്യക്കാരും യഹൂദൻമാരും പരസ്പരം ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് ഈ ശമര്യക്കാരൻ ഈ മനുഷ്യനെ സഹായിക്കാതെ വിടുമോ? ‘ഞാൻ എന്തിന് ഈ യഹൂദനെ സഹായിക്കണം? എനിക്കാണു പരുക്കേററിരുന്നതെങ്കിൽ അയാൾ എന്നെ സഹായിക്കുമായിരുന്നില്ല’ എന്ന് അയാൾ തന്നോടുതന്നെ പറയുമോ?
ഈ ശമര്യക്കാരൻ വഴിയരികിൽ കിടന്ന മനുഷ്യനെ നോക്കി, അയാളോടു വളരെ സഹതാപം തോന്നി. അവിടെകിടന്നു മരിക്കാൻ അയാളെ വിട്ടേച്ചുപോരാൻ അയാൾക്കു കഴിഞ്ഞില്ല.
അതുകൊണ്ടു ശമര്യക്കാരൻ അയാളുടെ മൃഗത്തിന്റെ പുറത്തുനിന്ന് ഇറങ്ങി. അയാൾ ആ മമനുഷ്യന്റെ അടുക്കലേക്കു ചെന്നു മുറിവുകൾക്കു ശുശ്രൂഷിച്ചുതുടങ്ങി. അയാൾ അവയുടെമേൽ എണ്ണയും വീഞ്ഞും ഒഴിച്ചു. ഇതു മുറിവുകൾ കരിയാൻ സഹായിക്കും. പിന്നീട് അയാൾ തുണികൊണ്ടു മുറിവുകൾ കെട്ടി.
ശമര്യക്കാരൻ പരുക്കേററ മനുഷ്യനെ സാവധാനത്തിൽ പൊക്കി തന്റെ മൃഗത്തിന്റെ പുറത്തു കയററി. അനന്തരം അവർ വഴിയിലൂടെ പതുക്കെ സഞ്ചരിച്ച് ഒരു വഴിയമ്പലത്തിൽ അല്ലെങ്കിൽ ഒരു ചെറിയ ഹോട്ടലിൽ എത്തി. ഇവിടെ ആ മനുഷ്യനെ താമസിപ്പിക്കുന്നതിനു ശമര്യക്കാരന് ഒരു സ്ഥലം കിട്ടി. ശമര്യക്കാരൻ അയാളെ നന്നായി ശുശ്രൂഷിച്ചു.
ഇപ്പോൾ യേശു താൻ സംസാരിച്ചുകൊണ്ടിരുന്ന മനുഷ്യനോട്: ‘ഈ മൂന്നു മനുഷ്യരിൽ നല്ല അയൽക്കാരൻ ആരാണെന്നാണു നീ വിചാരിക്കുന്നത്?’ എന്നു ചോദിച്ചു. നീ എങ്ങനെ ഉത്തരം പറയുന്നു? പുരോഹിതനായിരുന്നോ, ലേവ്യനായിരുന്നോ, ശമര്യക്കാരനായിരുന്നോ?—
ആ മനുഷ്യൻ ഇങ്ങനെ ഉത്തരം പറഞ്ഞു: ‘ശമര്യക്കാരനായിരുന്നു നല്ല അയൽക്കാരൻ. അയാൾ യാത്ര നിർത്തി, പരുക്കേററ മനുഷ്യനെ ശുശ്രൂഷിച്ചു.’
യേശു ഇങ്ങനെ പറഞ്ഞു: ‘നീ പറഞ്ഞതു ശരി. അതുകൊണ്ട് നീ പോയി അതുതന്നെ ചെയ്യുക.’—ലൂക്കോസ് 10:25-37.
അത് ഒരു നല്ല കഥയല്ലായിരുന്നോ?—അതു നമ്മുടെ അയൽക്കാർ ആരാണെന്നു വ്യക്തമാക്കുന്നു. നമ്മുടെ അയൽക്കാർ നമ്മുടെ അടുത്ത കൂട്ടുകാർ മാത്രമല്ല. നമ്മുടെ അയൽക്കാർ നമ്മുടെ സ്വന്തം രാജ്യത്തെ ആളുകളോ നമ്മുടെ തൊലിയുടെ അതേ നിറമുളളവരോ മാത്രമല്ല. നമ്മുടെ അയൽക്കാർ എല്ലാത്തരത്തിലുമുളള ആളുകളാണ്.
അതുകൊണ്ട് പരുക്കേററ ആരെയെങ്കിലും നീ കാണുന്നുവെങ്കിൽ നീ എന്തു ചെയ്യും?—ആ വ്യക്തി ഒരു വ്യത്യസ്തരാജ്യത്തുനിന്നുളളവനോ നിന്റേതിൽനിന്നു വ്യത്യസ്തമായ തൊലിനിറമുളളവനോ ആണെങ്കിലോ?—അപ്പോഴും അയാൾ നിന്റെ അയൽക്കാരനാണ്. അതുകൊണ്ടു നീ അയാളെ സഹായിക്കണം. സഹായിക്കാൻ കഴിയാത്തവിധം നീ അത്ര ചെറുപ്പമാണെന്നു വിചാരിക്കുന്നുവെങ്കിൽ നിനക്കു സഹായിക്കാൻ എന്നോടു പറയാവുന്നതാണ്. അല്ലെങ്കിൽ നിനക്ക് ഒരു പോലീസുകാരനെയോ ഒരു അദ്ധ്യാപകനെയോ വിളിക്കാവുന്നതാണ്. അതു ശമര്യക്കാരനെപ്പോലെ ആവുകയാണ്.
മഹദ്ഗുരു നാം ദയയുളളവരായിരിക്കാൻ ആഗ്രഹിക്കുന്നു. മററുളളവർ ആരായിരുന്നാലും അവരെ നാം സഹായിക്കാൻ അവൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അവൻ ഒരു നല്ല അയൽക്കാരനായിരുന്ന മമനുഷ്യന്റെ കഥ പറഞ്ഞത്.
(മററു വർഗങ്ങളിലും രാഷ്ട്രങ്ങളിലും പെട്ട മററാളുകളെ നാം എങ്ങനെ വീക്ഷിക്കണമെന്നുളള ഈ സംഗതി സംബന്ധിച്ചു പ്രവൃത്തികൾ 10:34, 35; 17:26; മത്തായി 5:44-48 എന്നിവകൂടെ വായിക്കുക.)