ഓർക്കുന്നതിനു നമ്മെ സഹായിക്കുന്ന ഒരു ഭക്ഷണം
അധ്യായം 41
ഓർക്കുന്നതിനു നമ്മെ സഹായിക്കുന്ന ഒരു ഭക്ഷണം
നിനക്ക് ആരെങ്കിലും അതിവിശിഷ്ടമായ ഒരു സമ്മാനം തന്നുവെന്നിരിക്കട്ടെ. നിനക്ക് അതിനെക്കുറിച്ച് എങ്ങനെയുളള തോന്നൽ ഉണ്ടാകും?—നീ വെറുതെ “നന്ദി” എന്നു പറയുകയും അനന്തരം നിനക്കതു തന്ന ആളെ മുഴുവനായി മറക്കുകയും ചെയ്യുമോ? അതോ അയാൾ ചെയ്തത് ഓർക്കാൻ നീ ആഗ്രഹിക്കുമോ?—
യഹോവ നമുക്കു വളരെ വിശിഷ്ടമായ ഒരു സമ്മാനം തന്നിരിക്കുന്നു. അവൻ നമുക്കുവേണ്ടി മരിക്കാൻ തന്റെ സ്വന്തം പുത്രനെ ഭൂമിയിലേക്കയച്ചു. ഇതുനിമിത്തം നമുക്കു രോഗത്തിൽനിന്നും മരണത്തിൽ നിന്നും സ്വതന്ത്രരാകാൻ കഴിയും. അവർ എത്ര സ്നേഹപൂർവകമായ സംഗതിയാണു ചെയ്തിരിക്കുന്നത്! തീർച്ചയായും ദൈവവും അവന്റെ പുത്രനും നമുക്കുവേണ്ടി ചെയ്തിരിക്കുന്നതു മറക്കാൻ നാം ആഗ്രഹിക്കുന്നില്ല, ഉണ്ടോ?—
താൻ ചെയ്തത് ഓർക്കാൻ ദൈവപുത്രൻ നമുക്ക് ഒരു പ്രത്യേക മാർഗം നൽകിയെന്നുളളതു നിനക്കറിയാമോ?—നീ അതിനെകുറിച്ചു കേൾക്കാനാഗ്രഹിക്കുന്നുവോ?—
നീ യെരൂശലേമിലെ ഒരു വീടിന്റെ മുകളിലത്തെ നിലയിലുളള ഒരു മുറിയിലാണെന്നു സങ്കല്പിക്കുക. സമയം രാത്രിയാണ്. മുറിയിലാരാണെന്നു നമുക്കു നോക്കാം. മഹദ്ഗുരു അവിടെയുണ്ട്. അവന്റെ അപ്പോസ്തലൻമാരുമുണ്ട്. അവർ ഒരു മേശയ്ക്കു ചുററുമുളള ചാരുബഞ്ചുകളിൽ കിടക്കുകയാണ്. മേശമേൽ കുഞ്ഞാടിനെ ചുട്ടതു കുറെയുണ്ട്. കുറെ പരന്ന അപ്പവും ചുവന്ന വീഞ്ഞുമുണ്ട്. എന്നാൽ ഇതു സാധാരണമായ ഒരു ഭക്ഷണമല്ല. അവർ ഒരു പ്രത്യേക ഭക്ഷണം കഴിക്കുകയാണ്. എന്തിനെന്നു നിനക്കറിയാമോ?—
ഈ ഭക്ഷണം ശതക്കണക്കിനു വർഷം മുമ്പു സംഭവിച്ച വളരെ പ്രധാനപ്പെട്ട ഒരു സംഗതിയെ അവരെ അനുസ്മരിപ്പിക്കാനുളളതാണ്. അതു യഹോവ തന്റെ ജനമായ യിസ്രായേലിനെ ഈജിപ്തിലെ
അടിമത്തത്തിൽനിന്നു സ്വതന്ത്രരാക്കിയ രാത്രിയിലായിരുന്നു സംഭവിച്ചത്.യഹോവ തന്റെ ജനത്തോട്: ‘ഓരോ കുടുംബത്തിനും വേണ്ടി ഒരു ആട്ടിൻകുട്ടിയെ കൊന്ന് അതിന്റെ രക്തം നിങ്ങളുടെ വീടുകളുടെ കട്ടിളകളിൻമേൽ പുരട്ടാൻ’ പറഞ്ഞു. അനന്തരം അവൻ: ‘നിങ്ങളുടെ വീടുകൾക്കകത്തു പോയി ആട്ടിൻകുട്ടിയെ തിന്നുവിൻ’ എന്നു പറഞ്ഞു.
അവർ അതു ചെയ്തു. അതേ രാത്രിയിൽ ദൈവദൂതൻ ഈജിപ്തുദേശത്തുകൂടെ കടന്നുപോയി. മിക്ക വീടുകളിലും ദൂതൻ ആദ്യജാതകുട്ടിയെ കൊന്നു. എന്നാൽ ദൂതൻ കട്ടിളകളിൻമേൽ രക്തം കണ്ടപ്പോൾ ആ വീടിനെ കടന്നുപോയി. ആ വീടുകളിൽ കുട്ടികൾ മരിച്ചില്ല. നീ അവിടെയുണ്ടായിരുന്നെങ്കിൽ ആ വീടുകളിൽ ഏതിലായിരിക്കാൻ നീ ആഗ്രഹിക്കുമായിരുന്നു?—
യഹോവയുടെ ദൂതൻ ചെയ്തതിൽ ഈജിപ്തിലെ രാജാവു ഭയപ്പെട്ടുപോയി. അവൻ യിസ്രായേല്യരോട്: ‘നിങ്ങൾ സ്വതന്ത്രരാണ്. ഈജിപ്തിൽനിന്നു പുറത്തു പൊയ്ക്കൊളളുവിൻ!’ എന്നു പറഞ്ഞു. അങ്ങനെ അവർ തങ്ങളുടെ ഒട്ടകങ്ങളുടെയും കഴുതകളുടെയും പുറത്തു ചുമടുകൾ കയററി പുറപ്പെട്ടു.
എന്നാൽ താൻ അവരെ എങ്ങനെ സ്വതന്ത്രരാക്കിയെന്നുളളതു തന്റെ ജനം മറക്കാൻ യഹോവ ആഗ്രഹിച്ചില്ല. അതുകൊണ്ട് അവൻ പറഞ്ഞു: ‘ആണ്ടിലൊരിക്കൽ നിങ്ങൾ ഇന്നു രാത്രി കഴിച്ചതുപോലെ ഒരു ഭക്ഷണം കഴിക്കണം. ഇന്നു രാത്രി ഈജിപ്തിൽ സംഭവിച്ചതിനെക്കുറിച്ചു നിങ്ങൾ നിങ്ങളുടെ മക്കളോടു പറയണം.’
അവർ ഈ പ്രത്യേക ഭക്ഷണത്തെ പെസഹ എന്നു വിളിച്ചു. എന്തുകൊണ്ടെന്നു നിനക്കറിയാമോ?—എന്തുകൊണ്ടെന്നാൽ അന്നു രാത്രി ദൈവദൂതൻ രക്തംകൊണ്ട് അടയാളപ്പെടുത്തിയിരുന്ന അവരുടെ വീടുകളെ ‘കടന്നുപോയി.’ ഓർക്കുന്നുണ്ടോ?
യേശുവും അവന്റെ അപ്പോസ്തലൻമാരും പെസഹാഭക്ഷണം കഴിക്കുമ്പോൾ ഇതിനെക്കുറിച്ചാണു ചിന്തിക്കുന്നത്. അതിനുശേഷം യേശു വളരെ പ്രധാനപ്പെട്ട ഒന്നു ചെയ്യുന്നു. ശ്രദ്ധാപൂർവം നിരീക്ഷിക്കുക.
അവൻ ശേഷിപ്പുണ്ടായിരുന്ന അപ്പങ്ങളിലൊന്ന് എടുക്കുന്നു. അതിനുവേണ്ടി പ്രാർഥിച്ചശേഷം അവൻ അതു നുറുക്കുന്നു. അവൻ അതു ശിഷ്യൻമാർക്കു കൈമാറി കൊടുത്തിട്ട് “എടുത്തു
ഭക്ഷിക്കുവിൻ” എന്നു പറയുന്നു. അനന്തരം അവൻ അവരോട്: ‘ഈ അപ്പം ഞാൻ നിങ്ങൾക്കുവേണ്ടി മരിക്കുമ്പോൾ ഞാൻ നൽകുന്ന എന്റെ ശരീരത്തെ പ്രതിനിധാനംചെയ്യുന്നു’ എന്നു പറയുന്നു.അടുത്തതായി യേശു ഒരു കപ്പു ചുവന്ന വീഞ്ഞ് എടുക്കുന്നു. മറെറാരു നന്ദിപ്രാർഥനയ്ക്കു ശേഷം അവൻ അതു ചുററും കൈമാറിക്കൊടുക്കുന്നു. അവൻ “നിങ്ങളെല്ലാവരും ഇതിൽനിന്നു കുടിക്കുവിൻ” എന്നു പറയുന്നു. അവൻ അവരോട് ഇങ്ങനെ പറയുന്നു: ‘ഈ വീഞ്ഞ് എന്റെ രക്തത്തെ പ്രതിനിധാനം ചെയ്യുന്നു. പെട്ടെന്നുതന്നെ ഞാൻ നിങ്ങളെ നിങ്ങളുടെ പാപങ്ങളിൽനിന്നു മോചിപ്പിക്കാൻ എന്റെ രക്തം ചൊരിയാൻ പോകുകയാണ്. എന്നെ ഓർക്കുന്നതിന് ഇതു ചെയ്തുകൊണ്ടിരിപ്പിൻ.’—മത്തായി 26:26-28; 1 കൊരിന്ത്യർ 11:23-26.
തന്നെ ഓർക്കാൻ അവർ ഇതു ചെയ്തുകൊണ്ടിരിക്കണമെന്നു യേശു പറഞ്ഞുവെന്നതു നിങ്ങൾ ശ്രദ്ധിച്ചോ?—മേലാൽ അവർക്കു പെസഹാഭക്ഷണം ഉണ്ടായിരിക്കയില്ല. പകരം, യേശുവിനെ ഓർക്കാൻ ഓരോ ആണ്ടിലും ഒരിക്കൽ അവർക്ക് ഈ പ്രത്യേകഭക്ഷണം ഉണ്ടായിരിക്കും. ഇതിനെ കർത്താവിന്റെ സന്ധ്യാഭക്ഷണം എന്നു വിളിക്കുന്നു. ഇന്നു നാം അതിനെ സ്മാരകം എന്നും വിളിക്കുന്നു. എന്തുകൊണ്ട്?—എന്തുകൊണ്ടെന്നാൽ അതു യേശുവും അവന്റെ പിതാവും നമുക്കുവേണ്ടി ചെയ്തതിനെ നമ്മുടെ ഓർമയിലേക്കു തിരികെ വരുത്തുന്നു.
അടുത്ത പ്രാവശ്യം സ്മാരകം നടത്തപ്പെടുമ്പോൾ നീ എന്റെകൂടെ അതിനു പോരുമോ?—പോരുമെങ്കിൽ പരന്ന കുറെ അപ്പവും
ചുവന്ന വീഞ്ഞും എല്ലായിടത്തും വിതരണം ചെയ്യുന്നതു നീ കാണും. അപ്പവും വീഞ്ഞും നിന്നെ എന്തിനെക്കുറിച്ചു ചിന്തിപ്പിക്കും?—അപ്പം നമ്മെ യേശുവിന്റെ ശരീരത്തെക്കുറിച്ചു ചിന്തിപ്പിക്കേണ്ടതാണ്. നമുക്കു നിത്യജീവൻ ലഭിക്കേണ്ടതിന് ആ ശരീരം വെച്ചുതരുവാൻ അവൻ മനസ്സുളളവനായിരുന്നു. ചുവന്ന വീഞ്ഞിനെ സംബന്ധിച്ചെന്ത്?—അതു നമ്മെ, മനുഷ്യർ യേശുവിനെ സ്തംഭത്തിൽ തറച്ചുകൊന്നപ്പോൾ ചൊരിയപ്പെട്ട അവന്റെ രക്തത്തെ അനുസ്മരിപ്പിക്കേണ്ടതാണ്.
യേശുവിന്റെ രക്തം ഈജിപ്തിലെ പെസഹാകുഞ്ഞാടിന്റെ രക്തത്തെക്കാൾ വിലയേറിയതാണ്. എന്തുകൊണ്ടെന്നു നിനക്കറിയാമോ?—യേശുവിന്റെ രക്തത്തിനു നമുക്കു പാപമോചനം കൈവരുത്താൻ കഴിയും.
നമ്മുടെ പാപങ്ങളെല്ലാം നീക്കപ്പെടുന്നതിന്റെ അർഥമെന്താണെന്നു നിനക്കറിയാമോ?—അപ്പോൾ നാം ഒരിക്കലും വീണ്ടും ഒരു തെററും ചെയ്യുകയില്ല. നാം മേലാൽ രോഗബാധിതരാകുകയും വാർദ്ധക്യം പ്രാപിക്കുകയും മരിക്കുകയുമില്ല! നാം സ്മാരകത്തിനു പോകുമ്പോൾ നാം അതിനെക്കുറിച്ചു ചിന്തിക്കണം.
സ്മാരകസമയത്ത് എല്ലാവരും അപ്പം തിന്നുകയും വീഞ്ഞു കുടിക്കുകയും ചെയ്യണമോ?—പാടില്ല. അതു ചെയ്യുന്നവരോടു യേശു: ‘നിങ്ങൾക്ക് എന്റെ രാജ്യത്തിൽ പങ്കുണ്ടായിരിക്കയും സ്വർഗത്തിൽ എന്നോടുകൂടെ സിംഹാസനങ്ങളിലിരിക്കുകയും ചെയ്യും’ എന്നു പറഞ്ഞു. അതിന്റെ അർഥം അവർ യേശുവിനോടുകൂടെ രാജാക്കൻമാരായിരിക്കാൻ സ്വർഗത്തിലേക്കു പോകുമെന്നാണ്. അങ്ങനെ പോകുന്നവർ മാത്രമാണ് അപ്പവും വീഞ്ഞും സ്വീകരിക്കേണ്ടത്.
എന്നാൽ നാം അപ്പം തിന്നുകയോ വീഞ്ഞു കുടിക്കുകയോ ചെയ്യുന്നില്ലെങ്കിലും നാം സ്മാരകത്തിനു ഹാജരാകണം. എന്തുകൊണ്ടെന്നു നിനക്കറിയാമോ?—എന്തുകൊണ്ടെന്നാൽ യേശു നമുക്കുവേണ്ടിയും തന്റെ ജീവൻ നൽകി. നാം സ്മാരകത്തിനു പോകുമ്പോൾ നാം മറന്നിട്ടില്ലെന്നു നാം പ്രകടമാക്കുന്നു. യേശു മുഖാന്തരമുളള അത്ഭുതകരമായ ദാനത്തെ നാം ഓർക്കുന്നു.
(സ്മാരകത്തിനു ഹാജരാകുന്നതിന്റെ പ്രാധാന്യം കാണിക്കുന്നതിനു വായിക്കേണ്ട തിരുവെഴുത്തുകളാണു ലൂക്കോസ് 22:19, 20, 28-30; 1 കൊരിന്ത്യർ 11:27 എന്നിവ.)