ക്ഷമിക്കാത്ത അടിമ
അധ്യായം 15
ക്ഷമിക്കാത്ത അടിമ
ആരെങ്കിലും എന്നെങ്കിലും നിന്നോടു തെററുചെയ്തിട്ടുണ്ടോ?—അയാൾ നിന്നെ ദ്രോഹിക്കുകയോ നിന്നോടു നിർദയമായി എന്തെങ്കിലും പറയുകയോ ചെയ്തിട്ടുണ്ടോ?—അതു നിനക്കു വിഷമം ഉണ്ടാക്കി, ഇല്ലയോ?—
അതുപോലെ എന്തെങ്കിലും സംഭവിക്കുമ്പോൾ, അയാൾ നിന്നോടു പെരുമാറുന്ന അതേ നിർദയമായവിധത്തിൽ നീ അയാളോടു പെരുമാറണമോ?—അനേകമാളുകൾ അങ്ങനെ ചെയ്യും.
എന്നാൽ നമ്മോടു തെററുചെയ്യുന്നവരോടു നാം ക്ഷമിക്കണമെന്നു മഹദ്ഗുരു പറഞ്ഞു. ക്ഷമിക്കുന്നത് എത്ര വളരെ പ്രധാനമാണെന്നു പ്രകടമാക്കുന്നതിനു യേശു ഒരു കഥ പറഞ്ഞു. നീ അതു കേൾക്കാനിഷ്ടപ്പെടുന്നുവോ?—
ഒരിക്കൽ ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം നല്ല ഒരു രാജാവായിരുന്നു. അദ്ദേഹം വളരെ ദയയുളളവനായിരുന്നു. തന്റെ അടിമകൾക്കു സഹായം ആവശ്യമായിരുന്നപ്പോൾ അദ്ദേഹം പണം കടം കൊടുക്കുകപോലും ചെയ്യുമായിരുന്നു.
എന്നാൽ രാജാവ് പണം തിരികെ കിട്ടാനാഗ്രഹിച്ച ദിവസം വന്നു. അതുകൊണ്ട് അദ്ദേഹത്തിനു പണം കൊടുക്കാൻ കടപ്പെട്ടിരുന്ന തന്റെ അടിമകളെ അദ്ദേഹം വിളിച്ച്, പണം തരാൻ അവരോട് ആവശ്യപ്പെട്ടു. ഒരു മനുഷ്യൻ രാജാവിന് ആറു കോടി നാണയത്തുട്ടുകൾ കടപ്പെട്ടിരുന്നു! അതു വളരെയധികമാണ്. അത് എന്റെ ജീവിതകാലം മുഴുവൻ എനിക്കുണ്ടായിരുന്നിട്ടുളളതിലുമധികമാണ്.
ഈ അടിമ രാജാവിന്റെ പണം ചെലവഴിച്ചിരുന്നതുകൊണ്ടു തിരിച്ചടയ്ക്കാൻ കൈയിൽ ഒന്നുമില്ലായിരുന്നു. അതുകൊണ്ട് ഈ അടിമയെ വില്ക്കാൻ രാജാവ് ആജ്ഞാപിച്ചു. അടിമയുടെ ഭാര്യയെയും അവന്റെ മക്കളെയും അടിമയ്ക്കുണ്ടായിരുന്ന സകലവും വില്ക്കാൻ രാജാവു പറഞ്ഞു. വിററുകിട്ടുന്ന പണം
രാജാവിനു കൊടുക്കണമായിരുന്നു. ഇത് അടിമയ്ക്ക് എന്തു തോന്നാൻ ഇടയാക്കിയിരിക്കുമെന്നു നീ വിചാരിക്കുന്നു?—അടിമ രാജാവിനോടു യാചിച്ചു: ‘എന്നോട് അതു ചെയ്യരുതേ. എനിക്കു കൂടുതൽ സമയം തരേണമേ, ഞാൻ അങ്ങേയ്ക്കു, തരാനുളളതെല്ലാം തന്നു തീർത്തുകൊളളാം.’ രാജാവ് നീ ആയിരുന്നെങ്കിൽ നീ അടിമയോട് എന്തു ചെയ്യുമായിരുന്നു?—
നല്ല രാജാവിന് അടിമയോടു വളരെ സഹതാപംതോന്നി. അതുകൊണ്ട് അയാൾ പണം തിരികെ കൊടുക്കേണ്ടതില്ലെന്നു അദ്ദേഹം അടിമയോടു പറഞ്ഞു. ആറുകോടി നാണയത്തുട്ടുകളിൽ ഒന്നുപോലും അയാൾ കൊടുക്കേണ്ടതില്ല! അത് അടിമയെ എത്ര സന്തുഷ്ടനാക്കിയിരിക്കണം!
എന്നാൽ അടിമ അനന്തരം എന്തുചെയ്തു? അയാൾ പുറപ്പെട്ടു പോകുകയും വെറും നൂറു നാണയത്തുട്ടുകൾ മാത്രം തനിക്കു കടപ്പെട്ടിരുന്ന മറെറാരു അടിമയെ കണ്ടുമുട്ടുകയും ചെയ്തു. ആറുകോടി നാണയത്തുട്ടുകളോടു താരതമ്യപ്പെടുത്തുമ്പോൾ അതു വളരെയധികമൊന്നുമല്ല. ആ മനുഷ്യൻ തന്റെ സഹയടിമയുടെ കഴുത്തിനു പിടിച്ചു ഞെരുക്കാൻ തുടങ്ങി. അവൻ അയാളോട്: ‘നീ എനിക്കു കടപ്പെട്ടിരിക്കുന്ന ആ നൂറു തുട്ടുകൾ തിരിച്ചു തരൂ’ എന്നു പറഞ്ഞു.
ഒരാൾ അതുപോലുളള എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ചു നിനക്കു സങ്കല്പിക്കാൻ കഴിയുമോ?—നല്ല രാജാവ് അടിമയ്ക്കു വളരെയധികം ഇളച്ചുകൊടുത്തിരുന്നു. ഇപ്പോൾ അയാൾ തിരിഞ്ഞ് ആ സഹയടിമ നൂറു തുട്ടുകൾ തിരികെ കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതു ദയാപൂർവകമായ ഒരു സംഗതിയല്ലായിരുന്നു.
വെറും നൂറു തുട്ടുകൾ കടപ്പെട്ടിരുന്ന അടിമ ദരിദ്രനായിരുന്നു. അയാൾക്കു പൊടുന്നനവേ പണം തിരിച്ചുകൊടുക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് അയാൾ തന്റെ സഹയടിമയുടെ കാല്ക്കൽവീണ്, ‘ദയവായി എനിക്കു കൂടുതൽ സമയം തരേണമേ, ഞാൻ തനിക്കു കടപ്പെട്ടിരിക്കുന്നതു തിരിച്ചുതരാം’ എന്നു യാചിച്ചു പറഞ്ഞു. ആ മനുഷ്യൻ തന്റെ സഹയടിമയ്ക്കു കൂടുതൽ സമയംകൊടുക്കണമായിരുന്നോ?—നീ അതു ചെയ്യുമായിരുന്നോ?—
ഈ മനുഷ്യൻ രാജാവിനെപ്പോലെ ദയയുളളവനായിരുന്നില്ല. ഈ സഹയടിമയ്ക്ക് പൊടുന്നനവേ പണം തിരികെ കൊടുക്കാൻ കഴിയാഞ്ഞതുകൊണ്ട് അയാൾ അവനെ ജയിലിൽ ആക്കിച്ചു. അവൻ തീർച്ചയായും ക്ഷമിക്കുന്നവനായിരുന്നില്ല.
മററടിമകൾ ഇതെല്ലാം സംഭവിക്കുന്നതു കണ്ടു. അവർ രാജാവിനോട് അതിനെക്കുറിച്ചു പറഞ്ഞു. ക്ഷമിക്കുകയില്ലാത്ത അടിമയോടു രാജാവു വളരെ കോപിച്ചു. അതുകൊണ്ട് അദ്ദേഹം അവനെ വിളിച്ച്: ‘ദുഷ്ടദാസനേ, നീ എനിക്കു കടപ്പെട്ടിരുന്നതു ഞാൻ നിനക്ക് ഇളച്ചുതന്നില്ലയോ? അതുകൊണ്ടു നീ നിന്റെ സഹയടിമയോടു ക്ഷമിക്കേണ്ടതല്ലായിരുന്നോ?’
അയാൾ ആ നല്ല രാജാവിൽനിന്ന് ഒരു പാഠം പഠിക്കേണ്ടതായിരുന്നു. എന്നാൽ അവൻ പഠിച്ചിരുന്നില്ല. അതുകൊണ്ട് ആറുകോടി നാണയത്തുട്ടുകൾ അയാൾ തിരിച്ചു കൊടുക്കുന്നതുവരെ രാജാവ്, ക്ഷമിക്കുകയില്ലാത്ത അടിമയെ ജയിലിലാക്കി. തീർച്ചയായും തിരിയെ കൊടുക്കാനുളള പണം ജയിലിൽവച്ച് അവന് ഒരിക്കലും സമ്പാദിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് മരിക്കുന്നതു വരെ അവൻ അവിടെ കിടക്കും.
യേശു ഈ കഥ പറഞ്ഞുതീർത്തശേഷം അവൻ തന്റെ അനുഗാമികളോട്: ‘നിങ്ങൾ ഓരോരുത്തനും തന്റെ സഹോദരനോടു ഹൃദയപൂർവം ക്ഷമിക്കുന്നില്ലെങ്കിൽ എന്റെ സ്വർഗീയപിതാവ് ഇതേവിധത്തിൽ നിങ്ങളോടും ഇടപെടും’ എന്നു പറഞ്ഞു.—മത്തായി 18:21-35.
നാമെല്ലാം ദൈവത്തോടു വളരെയധികം കടപ്പെട്ടിരിക്കുന്നു. നമ്മുടെ ജീവൻ ദൈവത്തിൽ നിന്നു വരുന്നു. എന്നാൽ നാം തെററായ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് അവന് അതു നമ്മിൽനിന്ന്
എടുത്തുകളയാൻ കഴിയും. നാം ദൈവത്തിനു പണം കൊടുക്കാൻ ശ്രമിച്ചാൽ നാം അവനു കടപ്പെട്ടിരിക്കുന്നതു കൊടുക്കാൻ മതിയായതു നമ്മുടെ മുഴുജീവതകാലംകൊണ്ടു സമ്പാദിക്കാൻ ഒരിക്കലും സാധ്യമാകുകയില്ല.നാം ദൈവത്തിനു കടപ്പെട്ടിരിക്കുന്നതിനോടു താരതമ്യപ്പെടുത്തുമ്പോൾ മററാളുകൾ നമ്മോടു വളരെ കുറച്ചു മാത്രമേ കടപ്പെട്ടിരിക്കുന്നുളളു. അവർ നമ്മോടു കടപ്പെട്ടിരിക്കുന്നത് ഒരടിമ മററവനു കടപ്പെട്ടിരുന്ന നൂറു നാണയത്തുട്ടുകൾപോലെയാണ്. എന്നാൽ നാം ദൈവത്തിനു കടപ്പെട്ടിരിക്കുന്നത്, അടിമ രാജാവിനു കടപ്പെട്ടിരുന്ന ആറുകോടി നാണയത്തുട്ടുകൾ പോലെയാണ്.
ദൈവം വളരെ ദയാലുവാണ്. നാം തെററായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അവൻ നമ്മോടു ക്ഷമിക്കും. അവൻ എന്നേക്കുമായി നമ്മുടെ ജീവനെ നമ്മിൽനിന്ന് എടുത്തുകളഞ്ഞുകൊണ്ട് അവൻ നമ്മേക്കൊണ്ടു കടം വീട്ടിക്കുകയില്ല. എന്നാൽ നാം അവന്റെ പുത്രനായ യേശുവിൽ വിശ്വസിക്കുകയും നമ്മോടു തെററുചെയ്യുന്ന മററുളളവരോടു ക്ഷമിക്കുകയും ചെയ്യുന്നുവെങ്കിൽ മാത്രമേ അവൻ നമ്മോടു ക്ഷമിക്കുകയുളളു. അതു ചിന്തിക്കേണ്ട ഒരു കാര്യമാണ്, അല്ലേ?—
അതുകൊണ്ട്, ആരെങ്കിലും നിർദയമായ എന്തെങ്കിലും നിന്നോടു ചെയ്യുകയും പിന്നീട് അയാൾ ഖേദിക്കുന്നുവെന്നു പറയുകയും ചെയ്യുന്നുവെങ്കിൽ നീ എന്തുചെയ്യും? നീ അയാളോടു ക്ഷമിക്കുമോ?—അതു പലപ്രാവശ്യം സംഭവിക്കുന്നുവെങ്കിലെന്ത്? നീ അപ്പോഴും ക്ഷമിക്കുമോ?—
ക്ഷമിക്കാൻ യാചിക്കുന്നയാൾ നമ്മളാണെങ്കിൽ മറേറയാൾ നമ്മോടു ക്ഷമിക്കാൻ നാം ആഗ്രഹിക്കും, ഇല്ലയോ?—അതുതന്നെ നാം അയാൾക്കുവേണ്ടി ചെയ്യണം. നാം അയാളോടു ക്ഷമിക്കുന്നുവെന്നു പറഞ്ഞാൽമാത്രം പോരാ, പിന്നെയോ നാം യഥാർഥത്തിൽ ഹൃദയത്തിൽനിന്ന് അവനോടു ക്ഷമിക്കണം. നാം അതു ചെയ്യുമ്പോൾ നാം യഥാർഥത്തിൽ യേശുവിന്റെ അനുഗാമികളായിരിക്കാൻ ആഗ്രഹിക്കുന്നുവെന്നു പ്രകടമാക്കുന്നു.
(ക്ഷമിക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിന്, മത്തായി 6:14, 15; ലൂക്കോസ് 17:3, 4; സദൃശവാക്യങ്ങൾ 19:11 എന്നിവ കൂടെ വായിക്കുക.)