ദൈവത്തിൽനിന്നുളള ഒരു എഴുത്ത്
അധ്യായം 2
ദൈവത്തിൽനിന്നുളള ഒരു എഴുത്ത്
എന്നോടു പറയൂ, എല്ലാററിലുംവച്ച് ഏതു പുസ്തകമാണു നിനക്ക് ഏററവും ഇഷ്ടമുളളത്?—ചില കുട്ടികൾ മൃഗങ്ങളെ സംബന്ധിച്ചു പറയുന്ന ഒന്നു തിരഞ്ഞെടുക്കും. മററു ചിലർ ധാരാളം പടങ്ങളുളള പുസ്തകം തിരഞ്ഞെടുക്കും. ആ പുസ്തകങ്ങൾ വായിക്കുന്നതു രസകരമായിരിക്കാം.
എന്നാൽ സർവലോകത്തിലുംവച്ച് ഏററവും നല്ല പുസ്തകങ്ങൾ ദൈവത്തെക്കുറിച്ചുളള സത്യം നമ്മോടു പറയുന്നവയാണ്. ആ പുസ്തകങ്ങളിലൊന്നു മറെറല്ലാററിനെക്കാളും വിലയേറിയതാണ്. അത് ഏതാണെന്നു നിനക്കറിയാമോ?—ബൈബിൾതന്നെ.
ബൈബിൾ ഇത്ര പ്രധാനപ്പെട്ടതായിരിക്കുന്നതെന്തുകൊണ്ട്?—എന്തുകൊണ്ടെന്നാൽ, അതു ദൈവത്തിൽനിന്നു വന്നതാണ്. അത് അവനെക്കുറിച്ചും അവൻ നമുക്കുവേണ്ടി ചെയ്യാനിരിക്കുന്ന നല്ല കാര്യങ്ങളെക്കുറിച്ചും നമ്മോടു പറയുന്നു. അവനെ പ്രസാദിപ്പിക്കുന്നതിനു നാം എന്തുചെയ്യണമെന്ന് അതു നമുക്കു കാണിച്ചുതരുന്നു. അതു ദൈവത്തിൽനിന്നുളള ഒരു എഴുത്തുപോലെയാണ്.
ദൈവത്തിനു മുഴുബൈബിളും സ്വർഗത്തിൽവച്ച് എഴുതി പിന്നെ മനുഷ്യനു തരാൻ കഴിയുമായിരുന്നു. എന്നാൽ അവൻ അതു ചെയ്തില്ല. ആശയങ്ങൾ ദൈവത്തിൽനിന്നു വന്നതാണ്. എന്നാൽ എഴുത്തിൽ അധികപങ്കും നിർവഹിക്കാൻ അവൻ ഭൂമിയിലെ തന്റെ ദാസൻമാരെ ഉപയോഗിച്ചു.
അവൻ അത് എങ്ങനെയാണു ചെയ്തത്?—മനസ്സിലാക്കാൻ ഒരു ദൃഷ്ടാന്തത്തിനു നമ്മെ സഹായിക്കാൻ കഴിയും. ജനങ്ങൾ റേഡിയോയിൽ ഒരു ശബ്ദം കേൾക്കുമ്പോൾ, അതു വിദൂരത്തിലുളള ഒരാളിൽനിന്നുളളതാണ്. അവർക്ക് അയാളെ കാണാൻ കഴിയുകയില്ല, എന്നാൽ അയാൾ പറയുന്നത് അവർക്കു കേൾക്കാൻ കഴിയും, ഇല്ലയോ?
മനുഷ്യർക്കു തങ്ങളുടെ ശൂന്യാകാശക്കപ്പലുകളിൽ ചന്ദ്രനിലേക്കുളള മുഴുദൂരവും പോകാൻ കഴിയും; അവിടെനിന്ന്
അവർക്കു ഭൂമിയിലേക്കു തിരിച്ചു സന്ദേശങ്ങളയയ്ക്കാൻ കഴിയും. നിനക്ക് അത് അറിയാമായിരുന്നോ?—മനുഷ്യർക്ക് അതു ചെയ്യാൻ കഴിയുമെങ്കിൽ ദൈവത്തിനു സ്വർഗത്തിൽനിന്നു സന്ദേശങ്ങളയയ്ക്കാൻ കഴിയുമോ?—തീർച്ചയായും കഴിയും! മനുഷ്യർക്കു റേഡിയോയും ടെലിവിഷനും ഉണ്ടാകുന്നതിനു ദീർഘനാൾമുമ്പ് അവൻ അതു ചെയ്തു.മോശ ദൈവം സംസാരിച്ച ഒരു മനുഷ്യനായിരുന്നു. മോശയ്ക്കു ദൈവത്തെ കാണാൻ കഴിഞ്ഞില്ല, എന്നാൽ അവനു ശബ്ദം കേൾക്കാൻ കഴിഞ്ഞു. ഇതു സംഭവിച്ചപ്പോൾ ദശലക്ഷക്കണക്കിനാളുകൾ അവിടെ ഉണ്ടായിരുന്നു. ഒരു പർവതം മുഴുവൻ കുലുങ്ങാൻ ദൈവം ഇടയാക്കിയപ്പോൾ അവർ അതു കണ്ടു; അവിടെ ഇടിയും മിന്നലും ഉണ്ടായി. സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഉണ്ടായപ്പോൾ അവർ അതു കേട്ടു. ദൈവം സംസാരിച്ചുവെന്ന് അവർ അറിഞ്ഞു. ദൈവം പിന്നീടു വീണ്ടും മോശയോടു സംസാരിച്ചു; ദൈവം പറഞ്ഞ കാര്യങ്ങൾ മോശ എഴുതുകയും ചെയ്തു. അവൻ എഴുതിയതു ബൈബിളിലുണ്ട്.—പുറപ്പാടു 19:3–20:21.
മോശ മാത്രമല്ല എഴുതിയത്. ബൈബിളിന്റെ ഭാഗങ്ങൾ എഴുതുന്നതിനു നാല്പതോളം പുരുഷൻമാരെ ദൈവം ഉപയോഗിച്ചു. ദൈവം ഭാവിയിൽ ചെയ്യാൻപോകുന്ന കാര്യങ്ങൾ അവർ എഴുതി. അവ സംഭവിക്കുന്നതിനു മുമ്പുതന്നെ ആ കാര്യങ്ങൾ അവർ എങ്ങനെ അറിഞ്ഞു?—ദൈവം അവരോടു സംസാരിച്ചിരുന്നു.
മഹദ്ഗുരുവായ യേശു ഭൂമിയിൽ വന്ന കാലമായപ്പോഴേക്ക്, ബൈബിളിന്റെ ഒരു വലിയ ഭാഗം എഴുതപ്പെട്ടിരുന്നു. മഹദ്ഗുരു സ്വർഗത്തിലായിരുന്നുവെന്ന് ഓർക്കുക. ദൈവം ചെയ്തിരുന്നത് അവനറിയാമായിരുന്നു. ബൈബിൾ ദൈവത്തിൽനിന്നുളളതായിരുന്നുവെന്ന് അവൻ വിശ്വസിച്ചോ?—ഉവ്വ്, അവൻ വിശ്വസിച്ചു.
യേശു ജനങ്ങളോടു ദൈവത്തിന്റെ പ്രവൃത്തികളെക്കുറിച്ചു സംസാരിച്ചപ്പോൾ അവൻ ബൈബിളിൽനിന്നു വായിച്ചു. ബൈബിൾ പറഞ്ഞതു ചിലപ്പോൾ അവൻ ഓർമയിൽനിന്ന് അവരോടു സംസാരിച്ചു.
യേശു ദൈവത്തിൽനിന്നും കൂടുതൽ വിവരങ്ങൾ നമുക്കു കൊണ്ടുവന്നു. അവൻ പറഞ്ഞു: ‘ഞാൻ ദൈവത്തിൽ നിന്നു കേട്ട യോഹന്നാൻ 8:26.
കാര്യങ്ങൾ തന്നെ ഞാൻ ലോകത്തിൽ സംസാരിക്കുകയാകുന്നു.’ യേശു ദൈവത്തോടുകൂടെ വസിച്ചിരുന്നതുകൊണ്ട് അവൻ ദൈവത്തിൽനിന്ന് അനേകം കാര്യങ്ങൾ കേട്ടിരുന്നു. യേശു പറഞ്ഞ ആ കാര്യങ്ങൾ നമുക്ക് എവിടെ വായിക്കാൻ കഴിയും?—ബൈബിളിൽ. അതെല്ലാം നമുക്കു വായിക്കാൻവേണ്ടി എഴുതപ്പെട്ടു.—തീർച്ചയായും, എഴുതുന്നതിനു ദൈവം മനുഷ്യരെ ഉപയോഗിച്ചപ്പോൾ, അവർ ദൈനന്ദിനം ഉപയോഗിച്ച ഭാഷയിലാണ് അവർ എഴുതിയത്. അതുകൊണ്ട് ബൈബിളിന്റെ കുറെ ഭാഗം എബ്രായയിലും, കുറെ അരാമ്യയിലും, ഒരു നല്ല അംശം ഗ്രീക്കിലും എഴുതപ്പെട്ടു. ഇന്നത്തെ അധികമാളുകൾക്കും ആ ഭാഷകൾ വായിക്കാൻ അറിഞ്ഞുകൂടാ. നിനക്കറിയാമോ?—
അതുകൊണ്ടാണു ബൈബിൾ മററു ഭാഷകളിലേക്കു പകർത്തപ്പെട്ടിരിക്കുന്നത്. ഇന്നു ബൈബിളിന്റെ ഭാഗങ്ങൾ രണ്ടായിരത്തിലധികം ഭാഷകളിലുണ്ട്. അതിനെക്കുറിച്ചൊന്നു ചിന്തിക്കുക! ബൈബിൾ എല്ലായിടത്തുമുളള ജനങ്ങൾക്കുവേണ്ടിയുളള ദൈവത്തിന്റെ എഴുത്താണ്. അതുകൊണ്ട് അത് അനേകം ഭാഷകളിൽ ഉണ്ടായിരിക്കേണ്ടതാണ്. എന്നാൽ, അത് എത്ര പ്രാവശ്യം പകർത്തപ്പെട്ടാലും ദൂതു ദൈവത്തിൽനിന്നാണ്.
ബൈബിൾ പറയുന്നതു നമുക്കു പ്രാധാന്യമുളളതാണ്. അതു ദീർഘനാൾ മുമ്പാണ് എഴുതപ്പെട്ടത്. എന്നാൽ, അത് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ചു പറയുന്നു. ദൈവം സമീപഭാവിയിൽ ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചും അതു നമ്മോടു പറയുന്നു. അതു പറയുന്നതു പുളകപ്രദമാണ്! അതു നമുക്ക് അത്ഭുതകരമായ ഒരു പ്രത്യാശ നൽകുന്നു.
നാം എങ്ങനെ ജീവിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നുവെന്നും ബൈബിൾ നമ്മോടു പറയുന്നു. ശരിയെന്താണെന്നും തെറെറന്താണെന്നും അതു നമ്മോടു പറയുന്നു. നീയും, അതുപോലെതന്നെ ഞാനും, ഇതറിയേണ്ടയാവശ്യമുണ്ട്. അതു ചീത്തക്കാര്യങ്ങൾ ചെയ്ത ജനങ്ങളെ സംബന്ധിച്ചും അവർക്കു സംഭവിച്ചതിനെ സംബന്ധിച്ചും നമ്മോടു പറയുന്നു. അതുകൊണ്ട് അവർക്കുണ്ടായ കുഴപ്പം നമുക്ക് ഒഴിവാക്കാൻ കഴിയും. ശരിയായതു ചെയ്ത ജനങ്ങളെ സംബന്ധിച്ചും അവർക്കു കൈവന്ന സൽഫലങ്ങളെ സംബന്ധിച്ചും അതു നമ്മോടു പറയുന്നു. അതെല്ലാം നമ്മുടെ നൻമയ്ക്കുവേണ്ടിയാണ് എഴുതപ്പെട്ടത്.
എന്നാൽ ബൈബിളിൽനിന്ന് ഏററവും കൂടുതൽ പ്രയോജനം ലഭിക്കുന്നതിനു നാം ഒരു ചോദ്യത്തിന്റെ ഉത്തരം അറിയേണ്ട ആവശ്യമുണ്ട്. ആ ചോദ്യം ഇതാണ്: “ആരാണു നമുക്കു ബൈബിൾ തന്നത്?” നീ എന്തു പറയുന്നു?—അതെ, അതു മുഴുവൻ ദൈവത്തിൽനിന്നാണ്.
എന്നാൽ ചിലയാളുകൾ ദൈവം ബൈബിളിൽ പറയുന്നതു ശ്രദ്ധിക്കുന്നില്ല. അവർ തങ്ങൾ ആഗ്രഹിക്കുന്നവിധത്തിൽ മാത്രം ജീവിക്കുന്നു. അതു ശരിയാണെന്നു നീ വിചാരിക്കുന്നുവോ?—ആർക്കെങ്കിലും ദൈവത്തെക്കാൾ കൂടുതൽ അറിവുണ്ടെന്നു നീ വിചാരിക്കുന്നുവോ?—നാം യഥാർഥത്തിൽ ജ്ഞാനികളാണെന്നു പ്രകടമാക്കുന്നതിനുളള മാർഗം ദൈവത്തെ ശ്രദ്ധിക്കുകയാണ്. അനന്തരം അവൻ പറയുന്നതു നാം ചെയ്യേണ്ടതുമാണ്.
അതുകൊണ്ട് ബൈബിൾ ഒരുമിച്ചു വായിക്കുന്നതിനു നാം സമയമെടുക്കേണ്ട ആവശ്യമുണ്ട്. നാം വളരെയധികം സ്നേഹിക്കുന്ന ഒരാളിൽനിന്നു നമുക്ക് ഒരു എഴുത്തു കിട്ടുമ്പോൾ നാം അതു വീണ്ടുംവീണ്ടും വായിക്കുന്നു. അതു നമുക്കു വിലയേറിയതാണ്, എന്തുകൊണ്ടെന്നാൽ അതു നമ്മെ അത്യന്തം സ്നേഹിക്കുന്ന ഒരുവനിൽനിന്നുളള ഒരു എഴുത്താണ്. അതു ദൈവത്തിൽനിന്നുളള ഒരു എഴുത്താണ്.
(ഇപ്പോൾ ഏതാനും മിനിററുകൾ കൂടെ എടുത്തു ബൈബിൾ യഥാർഥത്തിൽ നമ്മുടെ പ്രയോജനത്തിനുവേണ്ടി എഴുതപ്പെട്ട ദൈവവചനമാണെന്നു കാണിക്കുന്ന ഈ തിരുവെഴുത്തുകൾ വായിക്കുക: 2 തിമൊഥെയോസ് 3:16, 17; 2 പത്രോസ് 1:20, 21; റോമർ 15:4.)