ദൈവത്തെ സ്നേഹിക്കുന്നവരുടെ സ്നേഹിതരായിത്തീരുക
അധ്യായം 29
ദൈവത്തെ സ്നേഹിക്കുന്നവരുടെ സ്നേഹിതരായിത്തീരുക
നിന്റെ സ്നേഹിതരിൽ ചിലർ ആരാണെന്ന് എന്നോടു പറയൂ. അവരുടെ പേരുകൾ എന്താണ്?—
സ്നേഹിതരുളളതു നല്ലതാണ്. നീ ആ ആളുകളോടൊത്തു സമയം ചെലവഴിക്കാനാഗ്രഹിക്കുന്നു. നീ അവരോടു സംസാരിക്കാനും ഒന്നിച്ചു കാര്യങ്ങൾ ചെയ്യാനും ഇഷ്ടപ്പെടുന്നു.
ശരിയായതരം സ്നേഹിതരുണ്ടായിരിക്കുന്നതും പ്രധാനമാണ്. അവർ ശരിയായ തരക്കാരാണോ അല്ലയോ എന്നു നമുക്ക് എങ്ങനെ പറയാൻ കഴിയും?—
ശരി, നമ്മുടെ ജീവിതത്തിലെ ഏററവും പ്രധാനപ്പെട്ട ആൾ ആരാണെന്നാണു നീ പറയുന്നത്?—അതു യഹോവയാംദൈവമാണ്, അല്ലയോ? നമ്മുടെ ജീവനും നമ്മുടെ ശ്വാസവും സകല നൻമയും അവനിൽനിന്നു വരുന്നു. ദൈവത്തോടുളള നമ്മുടെ സഖിത്വത്തെ പാഴാക്കുന്ന യാതൊന്നും ചെയ്യാൻ നാം ഒരിക്കലും ആഗ്രഹിക്കുന്നില്ല, ഉണ്ടോ?—എന്നാൽ നമ്മുടെ സ്നേഹിതരുടെ തെരഞ്ഞെടുപ്പിന് ആ സഖിത്വത്തെ പാഴാക്കാൻ കഴിയുമെന്നു നിനക്കറിമോ?—അതു ശരിയാണ്. അതുകൊണ്ടു നാം ശ്രദ്ധാപൂർവം സ്നേഹിതരെ തെരഞ്ഞെടുക്കേണ്ട ആവശ്യമുണ്ട്.
അതെങ്ങനെയാണു ചെയ്യേണ്ടതെന്നു മഹദ്ഗുരു നമുക്കു കാണിച്ചുതന്നു. അവനു ശരിയായതരത്തിലുളള സ്നേഹിതരുണ്ടായിരുന്നു. അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങളോടു കല്പിക്കുന്നതു നിങ്ങൾ ചെയ്താൽ നിങ്ങൾ എന്റെ സ്നേഹിതരാകുന്നു.” അതെന്തുകൊണ്ടായിരുന്നു?—എന്തുകൊണ്ടെന്നാൽ യേശു ജനങ്ങളോടു പറഞ്ഞതെല്ലാം ദൈവത്തിൽനിന്നു വന്നതായിരുന്നു. അതുകൊണ്ട് തങ്ങൾ ചെയ്യണമെന്നു ദൈവം പറഞ്ഞതു ചെയ്യുന്ന ആളുകളാണു തന്റെ സ്നേഹിതരെന്നു യേശു പറയുകയായിരുന്നു.—യോഹന്നാൻ 15:14.
ദൈവസേവനത്തിൽ തിരക്കോടെ ഏർപ്പെടാഞ്ഞവരോടു യേശു ദയയുളളവനായിരുന്നില്ലെന്ന് അതിനർഥമില്ല. അവൻ ദയയുളളവനായിരുന്നു. മത്തായി 11:19.
അവൻ അവരുടെ വീടുകളിലേക്കു പോകുകയും അവരോടുകൂടെ ഭക്ഷണം കഴിക്കുകയും പോലും ചെയ്യുമായിരുന്നു. ഇതിനെക്കുറിച്ചു കേട്ട ചിലർ യേശു ‘പാപികളുടെ ഒരു സ്നേഹിതനാ’ണ് എന്നു പറഞ്ഞു. എന്നാൽ അതു യഥാർഥത്തിൽ സത്യമായിരുന്നോ?——അല്ല, സത്യമല്ലായിരുന്നു. അവരുടെ ജീവിതരീതി അവന് ഇഷ്ടപ്പെട്ടതുകൊണ്ടല്ലായിരുന്നു അവൻ അവരുടെ വീടുകളിലേക്കു പോയത്. തനിക്കു ദൈവത്തെക്കുറിച്ച് അവരോടു സംസാരിക്കാൻ കഴിയുമായിരുന്നതുകൊണ്ടായിരുന്നു അവരെ അവൻ നന്ദർശിച്ചത്. അവർ തങ്ങളുടെ വഷളായ വഴികൾക്കു മാററം വരുത്തി ദൈവത്തെ സേവിക്കാൻ അവരെ സഹായിക്കാൻ അവൻ ശ്രമിച്ചു.
ഇത് ഒരിക്കൽ യരീഹോനഗരത്തിൽ സംഭവിച്ചു. യേശു യെരൂശലേമിലേക്കുളള വഴിയിലൂടെ നടന്നുപോകുകയായിരുന്നു. അവിടെ ഒരു ജനക്കൂട്ടം ഉണ്ടായിരുന്നു. ജനക്കൂട്ടത്തിൽ സക്കായി എന്നു പേരുളള ഒരു മനുഷ്യനുണ്ടായിരുന്നു. അവൻ യേശുവിനെ ഒന്നു കാണാനാഗ്രഹിച്ചു. എന്നാൽ സക്കായി വളരെ ചെറിയവനായിരുന്നു; ജനക്കൂട്ടംനിമിത്തം അവനു കാണാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവൻ വഴിയിലൂടെ മുമ്പോട്ടോടി, യേശു കടന്നുപോകുമ്പോൾ നല്ലവണ്ണം കാണാൻവേണ്ടി ഒരു മരത്തിൽ കയറി.
യേശു ആ മരത്തിനരികെ വന്നപ്പോൾ അവൻ മേലോട്ടു നോക്കി: ‘വേഗം ഇറങ്ങിവരൂ. ഇന്നു ഞാൻ നിന്റെ വീട്ടിൽ വരും’ എന്നു പറഞ്ഞു. എന്നാൽ സക്കായി ദുഷ്കാര്യങ്ങൾ ചെയ്തിട്ടുളള ഒരു ധനവാനായിരുന്നു. അങ്ങനെയുളള ഒരു മമനുഷ്യന്റെ വീട്ടിൽ യേശു പോകാനാഗ്രഹിച്ചതെന്തുകൊണ്ടായിരുന്നു?—
ആ മമനുഷ്യന്റെ ജീവിതരീതി യേശുവിന് ഇഷ്ടപ്പെട്ടതുകൊണ്ടല്ലായിരുന്നു. അവൻ ദൈവത്തെക്കുറിച്ചു സക്കായിയോടു പറയാനാണ് അവിടെ പോയത്. തന്നെ കാണാൻ ആ മനുഷ്യൻ എത്ര കഠിനമായി ശ്രമിച്ചുവെന്ന് അവൻ മനസ്സിലാക്കി. അതുകൊണ്ടു സക്കായി മിക്കവാറും ശ്രദ്ധിച്ചേക്കുമെന്ന് അവൻ അറിഞ്ഞു. നാം ജീവിക്കേണ്ടതെന്നു ദൈവം പറയുന്ന വഴിയെക്കുറിച്ച് അവനോടു സംസാരിക്കുന്നതിന് ഇതു നല്ലൊരു സമയമായിരിക്കും.
ഫലമെന്തായിരുന്നു? സക്കായി തന്റെ ദുഷിച്ച വഴികളിൽനിന്നു മാറി. തനിക്ക് എടുക്കാൻ അവകാശമില്ലാഞ്ഞ പണം അവൻ തിരികെ കൊടുത്തു; അവൻ യേശുവിന്റെ ഒരു അനുഗാമിയായിത്തീരുകയും ചെയ്തു. അപ്പോൾ മാത്രമാണു യേശുവും സക്കായിയും സ്നേഹിതരായിത്തീർന്നത്.—ലൂക്കോസ് 19:1-10.
അതുകൊണ്ടു നാം മഹദ്ഗുരുവിൽ നിന്നു പഠിച്ചാൽ നാം നമ്മുടെ സ്നേഹിതരല്ലാത്ത ആളുകളെ എന്നെങ്കിലും സന്ദർശിക്കുമോ?—ഉവ്വ്. എന്നാൽ അവരുടെ ജീവിതരീതി നമുക്കിഷ്ടപ്പെടുന്നതുകൊണ്ടല്ല നാം അവരുടെ വീട്ടിൽ പോകുന്നത്. നാം അവരോടുകൂടെ തെററായ കാര്യങ്ങൾ ചെയ്യുകയില്ല. ദൈവത്തെക്കുറിച്ചു നമുക്കു അവരോടു സംസാരിക്കാൻ കഴിയേണ്ടതിനു നാം അവരെ സന്ദർശിക്കും.
എന്നാൽ നമ്മുടെ ഉററസ്നേഹിതരോടുകൂടെയാണു നാം പ്രത്യേകാൽ സമയം ചെലവഴിക്കാനാഗ്രഹിക്കുന്നത്. അവർ ശരിയായതരം സ്നേഹിതരായിരിക്കുന്നതിന് അവർ ദൈവം ഇഷ്ടപ്പെടുന്ന തരക്കാരായിരിക്കണമെന്നു നാം കണ്ടു കഴിഞ്ഞു. അവർ അങ്ങനെയാണോ എന്നു നമുക്ക് എങ്ങനെ പറയാൻ കഴിയും?—
ശരി, ഒരു നല്ല മാർഗം അവരോട്: നിങ്ങൾ യഹോവയെ സ്നേഹിക്കുന്നുണ്ടോ? എന്നു ചോദിക്കുകയാണ്. അവരിൽ ചിലർക്കു യഹോവ ആരാണെന്നുപോലും അറിയാൻ പാടില്ലായിരിക്കും. എന്നാൽ അവർ അവനെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നുവെങ്കിൽ നമുക്ക് അവരെ സഹായിക്കാൻ കഴിയും. നമ്മെപ്പോലെ അവർ യഹോവയെ സ്നേഹിക്കുന്ന സമയം വരുമ്പോൾ നമുക്ക് ഉററ സ്നേഹിതൻമാരായിത്തീരാൻ കഴിയും.
ഒരു വ്യക്തി ഒരു നല്ല സ്നേഹിതനായിരിക്കുമോ എന്നു കണ്ടുപിടിക്കുന്നതിനു മറെറാരു മാർഗമുണ്ട്. അയാൾ ചെയ്യുന്ന കാര്യങ്ങൾ നിരീക്ഷിക്കുക. അയാൾ മററുളളവരോടു ദയയില്ലാത്ത പ്രവൃത്തികൾ ചെയ്യുകയും അനന്തരം അതു സംബന്ധിച്ചു ചിരിക്കുകയും ചെയ്യുന്നുണ്ടോ? അതു ശരിയല്ല, ആണോ?—അയാൾ എല്ലായ്പോഴും കുഴപ്പത്തിൽ ചാടുന്നുണ്ടോ? നാം അയാളോടുകൂടെ കുഴപ്പത്തിൽ ചാടാൻ ആഗ്രഹിക്കുന്നില്ല, ഉണ്ടോ?—അല്ലെങ്കിൽ അയാൾ കരുതിക്കൂട്ടി ദുഷ്കാര്യങ്ങൾ ചെയ്യുകയും അനന്തരം താൻ പിടിക്കപ്പെടാത്തതുകൊണ്ടു സമർഥനാണെന്നു വിചാരിക്കുകയും ചെയ്യുന്നുണ്ടോ? അവനെ പിടികൂടിയിട്ടില്ലെങ്കിലും അവൻ ചെയ്തതു ദൈവം കണ്ടു, ഇല്ലയോ?—അങ്ങനെയുളള കാര്യങ്ങൾ ചെയ്യുന്ന ആളുകൾ നല്ല സ്നേഹിതരായിരിക്കുമെന്നു നീ വിചാരിക്കുന്നുവോ?—
നിന്റെ ബൈബിൾ എടുത്തുകൊണ്ടു വരരുതോ? നമ്മുടെ കൂട്ടുകാർ നമ്മുടെ ജീവിതത്തെ ബാധിക്കുന്നതെങ്ങനെയെന്ന് അതു പറയുന്നതു നമുക്കു കാണാം. ആ തിരുവെഴുത്ത്, ഒന്നു കൊരിന്ത്യർ 15-ാം അദ്ധ്യായം 33-ാം വാക്യത്തിലുണ്ട്. നീ അത് എടുത്തോ?—
അതിങ്ങനെ വായിക്കുന്നു: “വഴിതെററിക്കപ്പെടരുത്. ചീത്ത സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.” അതിന്റെ അർഥം നാം ദുഷിച്ച ആളുകളുടെ കൂട്ടത്തിൽ പോയാൽ നാമും ദുഷിച്ചുപോകുമെന്നാണ്. നല്ല കൂട്ടുകാർ നല്ല ശീലങ്ങൾ രൂപവൽക്കരിക്കാൻ നമ്മെ സഹായിക്കുമെന്നുളളതും സത്യമാണ്.
നമ്മുടെ ജീവിതത്തിലെ ഏററവും പ്രധാനപ്പെട്ട വ്യക്തി യഹോവയാണെന്നുളളതു നമുക്ക് ഒരിക്കലും മറക്കാതിരിക്കാം. നാം അവനോടുളള നമ്മുടെ സഖിത്വം പാഴാക്കാൻ ആഗ്രഹിക്കുന്നില്ല, ഉണ്ടോ?—അതുകൊണ്ട് ദൈവത്തെ സ്നേഹിക്കുന്നവരെ മാത്രം സ്നേഹിതരാക്കാൻ നാം ശ്രദ്ധയുളളവരായിരിക്കണം.
(1 യോഹന്നാൻ 2:15; 2 ദിനവൃത്താന്തം 19:2 [2 പാരാലിപോമെനൻ 19:2, Dy] സങ്കീർത്തനം 119:115 [118:115, Dy] 2 തിമൊഥെയോസ് 2:22 എന്നിവിടങ്ങളിലും ശരിയായതരം കൂട്ടുകാരുടെ പ്രാധാന്യം വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ആ തിരുവെഴുത്തുകൾ ഒരുമിച്ചു വായിക്കുക.)