“നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു”
അധ്യായം 21
“നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു”
നീശരിയായതു ചെയ്യുമ്പോൾ അതു നിനക്കു സുഖാനുഭൂതി ഉളവാക്കുന്നു, ഇല്ലയോ?—നിന്റെ പിതാവും മാതാവും യഹോവയാംദൈവവുംകൂടി പ്രസാദിച്ചിരിക്കുന്നുവെന്നു നിനക്കറിയാം. എന്നാൽ നാം എത്ര കഠിനമായി ശ്രമിച്ചാലും ചിലപ്പോൾ നാം തെററു ചെയ്യുന്നു, ഇല്ലയോ?—തെററാണെന്നു ദൈവം പറയുന്നതു നാം ചെയ്യുമ്പോൾ അതു പാപമാണ്.
മഹദ്ഗുരുവായ യേശുക്രിസ്തു പാപം നമുക്കെല്ലാം ദോഷം ചെയ്യുന്നുവെന്നു കാണിച്ചുതന്നു. അവൻ തന്റെ ആശ്ചര്യപ്രവൃത്തികളിൽ അഥവാ അത്ഭുതങ്ങളിൽ ഒന്നു ചെയ്തപ്പോൾ ഇതു പ്രകടമാക്കി.
ഈ സമയത്തു യേശു ഗലീലക്കടലിനടുത്തുളള ഒരു പട്ടണത്തിൽ താമസിക്കുകയായിരുന്നു. ഒരു ജനക്കൂട്ടം അവനെ കാണാൻ അവിടെ വന്നു. മററുളളവർക്കു വീട്ടിൽ പ്രവേശിക്കാനിടമില്ലാത്തവിധം അത്രയധികമാളുകൾ വന്നുകൂടി. വേറൊരുത്തർക്കും വാതിലിനടുത്തുപോലും എത്തുവാൻ കഴിഞ്ഞില്ല.
എന്നാൽ കൂടുതലാളുകൾ വന്നുകൊണ്ടേയിരുന്നു. ഒരുസംഘം ആളുകൾ നന്നേ രോഗിയായിരുന്ന ഒരു മനുഷ്യനെ കൊണ്ടു വന്നു. അവൻ പക്ഷവാതക്കാരനായിരുന്നു. നാലുപേർ ചേർന്ന് ഒരു ചെറിയ കിടക്കയിൽ അഥവാ കട്ടിലിൽ അവനെ എടുത്തു കൊണ്ടു വരുകയായിരുന്നു. കാരണം, അവനു നടക്കാൻ കഴിവില്ലായിരുന്നു.
ഈ രോഗിയെ അവർ യേശുവിന്റെ അടുക്കൽ കൊണ്ടുവരാൻ ആഗ്രഹിച്ചതെന്തുകൊണ്ടാണെന്നു നിനക്കറിയാമോ?—അവനെ ആ രോഗത്തിൽനിന്നു വിമുക്തനാക്കാൻ യേശുവിനു കഴിയുമെന്ന് അവർ വിശ്വസിച്ചു.
എന്നാൽ ആ ആളുകളെല്ലാം ആ വീട്ടിലുണ്ടായിരുന്ന സ്ഥിതിക്ക് അവർക്കു തളർന്ന മനുഷ്യനെ എങ്ങനെ യേശുവിന്റെ അടുക്കൽ എത്തിക്കാൻ കഴിഞ്ഞു?—ആ മനുഷ്യർ ഒരു വഴി കണ്ടെത്തി.
അവർ മേൽക്കൂരയിൽ കയറി. അതു പരന്ന മേൽക്കൂരയായിരുന്നു. അവർ അതിൽ ഒരു വലിയ ദ്വാരമുണ്ടാക്കി. അനന്തരം അവർ രോഗിയായ ആ മനുഷ്യനെ കട്ടിലിൽ ആ ദ്വാരത്തിലൂടെതന്നെ അടിയിലുളള മുറിയിലേക്കിറക്കി. അവർക്ക് എന്തു വിശ്വാസമുണ്ടായിരുന്നു!എന്താണു സംഭവിക്കുന്നതെന്നു കണ്ടപ്പോൾ വീട്ടിലെ സകലയാളുകളും അതിശയിച്ചുപോയി. കട്ടിലിൽ തളർന്നു കിടന്ന മനുഷ്യനെ മുറിയിലേക്കുതന്നെ ഇറക്കി. ആ മനുഷ്യരുടെ ആ പ്രവൃത്തിയിൽ യേശു കോപിച്ചോ?—അശേഷമില്ല! അവരുടെ വിശ്വാസം കാണുന്നത് അവനു സന്തോഷമായിരുന്നു. അവൻ ആ പക്ഷവാതക്കാരനോട്: “നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞു.
യേശു അതു പറയുന്നതു ശരിയാണെന്നു ചിലയാളുകൾ വിചാരിച്ചില്ല. അവനു പാപങ്ങൾ മോചിക്കാൻ കഴിയുമെന്ന് അവർ വിചാരിച്ചില്ല. അതുകൊണ്ട് യേശുവിനു യഥാർഥത്തിൽ അതിനു കഴിയുമെന്നു പ്രകടമാക്കുന്നതിന് അവൻ ആ മനുഷ്യനോട്: “എഴുന്നേററു നിന്റെ കട്ടിൽ എടുത്തുകൊണ്ടു വീട്ടിലേക്കു പോകൂ” എന്നു പറഞ്ഞു.
യേശു അതു പറഞ്ഞപ്പോൾ ആ മനുഷ്യനു സൗഖ്യം വന്നു. അവൻ മേലാൽ തളർന്നവനായിരുന്നില്ല. ഇപ്പോൾ അവനെ മററുളളവർ ചുമന്നുകൊണ്ടു നടക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അവനു തനിയെ എഴുന്നേററു നടക്കുന്നതിനും അവന്റെ കട്ടിൽകൂടെ ചുമക്കുന്നതിനും പ്രാപ്തിയുണ്ടായിരുന്നു.
ഇതു കണ്ട ആളുകൾ അത്ഭുതസ്തബ്ധരായി. ഇത്ര അതിശയകരമായ ഒരു സംഭവം അവർ തങ്ങളുടെ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലായിരുന്നു.—മർക്കോസ് 2:1-12.
ഈ അതിശയത്തിൽനിന്നു നാം എന്താണു പഠിക്കുന്നത്?—യേശുവിനു പാപങ്ങളെ മോചിക്കുന്നതിനും രോഗികളെ സൗഖ്യമാക്കുന്നതിനും അധികാരമുണ്ടായിരുന്നുവെന്നു നാം പഠിക്കുന്നു. എന്നാൽ നാം മററു ചിലതുകൂടി പഠിക്കുന്നു. ആളുകൾ പാപം നിമിത്തം രോഗികളായിരുന്നുവെന്നു നാം ഗ്രഹിക്കുന്നു.
നീ എന്നെങ്കിലും രോഗബാധിതനായിരുന്നിട്ടുണ്ടോ?—നമുക്കെല്ലാം രോഗം ബാധിച്ചേക്കാമെന്നുളളതുകൊണ്ടു നാമെല്ലാം പാപികളാണെന്ന് അതിനർഥമുണ്ടോ?—ഉണ്ട്, നാമെല്ലാം പാപത്തിൽ ജനിച്ചവരാണെന്നു ബൈബിൾ പറയുന്നു.
പാപത്തിൽ ജനിക്കുകയെന്നതിന്റെ അർഥം നിനക്കറിയാമോ?—അതിന്റെ അർഥം നാമെല്ലാം അപൂർണരായി ജനിക്കുന്നുവെന്നാണ്. ചിലപ്പോൾ നാം ആഗ്രഹിക്കുന്നില്ലെങ്കിലും നാമെല്ലാം തെററു ചെയ്യുന്നു. ആദ്യ മനുഷനായ ആദാമും ആദ്യ സ്ത്രീയായ ഹവ്വായും ദൈവത്തെ അനുസരിക്കാഞ്ഞതുകൊണ്ടാണു നാം ഈ വിധത്തിലായത്. അവർ ദൈവനിയമം ലംഘിച്ചപ്പോൾ പാപം ചെയ്തു. നമുക്കെല്ലാം ആദാമിൽനിന്നു പാപം കിട്ടി.
നമുക്ക് അവനിൽ നിന്നു പാപം കിട്ടിയതെങ്ങനെയെന്നു നിനക്കറിയാമോ?—നിനക്കു മനസ്സിലാകുന്ന വിധത്തിൽ ഞാൻ അതു വിശദീകരിക്കാൻ ശ്രമിക്കാം. നീ ഒരു ചട്ടിയിൽ മണ്ണുകൊണ്ട് അപ്പം ഉണ്ടാക്കിയിട്ടുണ്ടായിരിക്കാം. നീ ചട്ടിയിൽ ഒരു കൊത ഉണ്ടാക്കുന്നുവെങ്കിൽ മണ്ണപ്പങ്ങൾക്ക് എന്തു സംഭവിക്കും? നിനക്കറിയാമോ?—നീ ആ പാത്രത്തിൽ ഉണ്ടാക്കുന്ന എല്ലാ അപ്പത്തിലും ആ ഒരേ അടയാളം കാണും. ഇല്ലയോ?—
ആദാം ആ ചട്ടി പോലെയായിരുന്നു; നാം മണ്ണപ്പംപോലെയാണ്. ദൈവനിയമം ലംഘിച്ചപ്പോൾ അവൻ അപൂർണനായിത്തീർന്നു. അത് അവന് ഒരു കൊത അഥവാ ഒരു ചീത്ത അടയാളം കിട്ടിയതുപോലെയായിരുന്നു. അതുകൊണ്ട് അവനു മക്കളുണ്ടായപ്പോൾ, അവർ എങ്ങനെയുളളവരായിരിക്കും?—അവന്റെ മക്കൾക്കെല്ലാം ഇതേ അപൂർണതയുടെ അടയാളം കിട്ടും.
മിക്ക കുട്ടികളും നിനക്കു കാണാൻ കഴിയുന്ന എന്തെങ്കിലും വലിയ അപൂർണതയോടെയല്ല ജനിക്കുന്നത്. അവർക്ക് ഒരു കൈ ഇല്ലാതെ ജനിക്കുന്നില്ല, അല്ലെങ്കിൽ അവരുടെ വശത്ത് ഒരു ദ്വാരം കാണുന്നില്ല. എന്നാൽ കാലക്രമത്തിൽ രോഗികളായി
മരിക്കത്തക്കവണ്ണം അവർക്കുളള അപൂർണത അത്ര വലുതാണ്.തീർച്ചയായും ചില ആളുകൾ മററുളളവരെ അപേക്ഷിച്ചു കൂടെക്കൂടെ രോഗികളായിത്തീരുന്നു. അതെന്തുകൊണ്ടാണ്? അത് അവർ കൂടുതൽ പാപത്തോടെ ജനിക്കുന്നതുകൊണ്ടാണോ?—അല്ല. എന്നാൽ അത് അവർക്കു ഭക്ഷിക്കാൻ വേണ്ടത്ര ആഹാരമില്ലാത്തതുകൊണ്ടായിരിക്കാം. അല്ലെങ്കിൽ അവർ വളരെയധികം കേക്കോ മിഠായിയോ തിന്നേക്കാം. അവർ രാത്രിയിൽ വളരെ താമസിച്ചു കിടക്കുന്നതുകൊണ്ട് അവർക്കു വേണ്ടത്ര ഉറക്കം കിട്ടുന്നില്ലായിരിക്കാം. അല്ലെങ്കിൽ അവർ മഴയത്തോ തണുപ്പത്തോ പുറത്തു പോകുമ്പോൾ ശരിയായ വസ്ത്രം ധരിക്കാതിരിക്കാം.
നമുക്കു രോഗം ബാധിക്കാത്ത ഒരു കാലം എന്നെങ്കിലും ഉണ്ടാകുമോ? നാം എന്നെങ്കിലും പാപത്തെ നീക്കം ചെയ്യുമോ?—കൊളളാം, യേശു ആ പക്ഷവാതക്കാരനുവേണ്ടി എന്താണു ചെയ്തത്?—അവൻ അവന്റെ പാപങ്ങൾ മോചിച്ച് അവനെ സൗഖ്യമാക്കി. ശരിയായതു ചെയ്യുന്നതിനു കഠിനശ്രമം ചെയ്യുന്ന സകലർക്കുംവേണ്ടി താൻ എന്താണു ചെയ്യാൻപോകുന്നതെന്ന് ഈ വിധത്തിൽ യേശു പ്രകടമാക്കി.
നാം പാപം ഇഷ്ടപ്പെടുന്നില്ലെന്ന്, നാം തെററിനെ വെറുക്കുന്നുവെന്ന്, നാം പ്രകടമാക്കുന്നുവെങ്കിൽ അവൻ നമ്മെ സൗഖ്യമാക്കും. അവൻ നമുക്ക് ഇപ്പോഴുളള പാപം എടുത്തുകളയും. അവൻ ഇതു നമുക്കുവേണ്ടി പെട്ടെന്നുതന്നെ ദൈവരാജ്യം മുഖാന്തരം ചെയ്യും.
പാപം എല്ലാം കൂടെ ഒരുമിച്ചു നീക്കപ്പെടുകയില്ല. അത് ഒരു കാലഘട്ടംകൊണ്ടാണു ചെയ്യപ്പെടുന്നത്. അപ്പോൾ നമ്മുടെ പാപം ഒടുവിൽ പോയിക്കഴിയുമ്പോൾ നാം ഒരിക്കലും രോഗബാധിതരാകുകയില്ല. നമുക്കെല്ലാം പൂർണമായ ആരോഗ്യം ഉണ്ടായിരിക്കും. അത് എന്തൊരു അനുഗ്രഹമായിരിക്കും!
(പാപം എല്ലാവരേയും എങ്ങനെ ബാധിക്കുന്നുവെന്നതിനെയും നമുക്ക് അതു സംബന്ധിച്ച് എന്തു ചെയ്യാൻ കഴിയും എന്നതിനെയും കുറിച്ചു കൂടുതൽ സഹായകരങ്ങളായ ആശയങ്ങൾക്കുവേണ്ടി റോമർ 3:23; 5:12; 6:12-14, 23; 1 യോഹന്നാൻ 2:1 എന്നിവ വായിക്കുക.)