നൻമ ചെയ്യുന്നതിനാൽ ദ്വേഷിക്കപ്പെടുന്നു
അധ്യായം 27
നൻമ ചെയ്യുന്നതിനാൽ ദ്വേഷിക്കപ്പെടുന്നു
നീനൻമയെ സ്നേഹിക്കുന്നുവോ?—സ്നേഹിക്കുന്നുവെന്ന് നാം ഇരുവരും പറയും, ഇല്ലയോ? എന്നാൽ നാം നൻമചെയ്യുന്നതിനാൽ മററുളളവർ നമ്മെ ദ്വേഷിച്ചാലും അതു ചെയ്യത്തക്കവണ്ണം നാം യഥാർഥത്തിൽ അതിനെ സ്നേഹിക്കുന്നുവോ?—അതു ചെയ്യുന്നതിനു ധൈര്യം ആവശ്യമാണ് അല്ലയോ?—
മഹദ്ഗുരുവിന് അത്തരം ധൈര്യമുണ്ടായിരുന്നുവെന്നു നീ വിചാരിക്കുന്നുവോ? നൻമ ചെയ്തതിനാൽ മററുളളവർ അവനെ ദ്വേഷിച്ചപ്പോൾപ്പോലും അവൻ അതു ചെയ്തോ?—
യേശു ചെയ്ത നല്ലകാര്യങ്ങൾ നിമിത്തം മിക്കപ്പോഴും ആളുകൾ അവനെ ഇഷ്ടപ്പെട്ടു. ഒരിക്കൽ ഒരു നഗരത്തിലെ സകല ജനങ്ങളും അവൻ താമസിച്ചിരുന്ന വീടിന്റെ വാതില്ക്കൽത്തന്നെ തടിച്ചുകൂടി. യേശു രോഗികളെ സൗഖ്യമാക്കിക്കൊണ്ടിരുന്നതിനാലാണ് അവർ വന്നത്.—മർക്കോസ് 1:33.
എന്നാൽ ആളുകൾ സത്യം വിശ്വസിക്കുന്നില്ലെന്നു യേശുവിന്റെ പഠിപ്പിക്കൽ ചിലപ്പോൾ തെളിയിക്കുകയുണ്ടായി. അപ്പോൾ എല്ലാവരും അവനെ കേൾക്കാൻ ഇഷ്ടപ്പെട്ടോ?—അവർ തങ്ങളുടെ വിശ്വാസങ്ങൾ മാററാൻ സന്നദ്ധരായിരുന്നോ?—എല്ലാവരും സന്നദ്ധരായിരുന്നില്ല. യഥാർഥത്തിൽ, യേശു സത്യം സംസാരിച്ചതുകൊണ്ട് അവരിൽ ചിലർ അവനോടു യഥാർഥവിദ്വേഷം പ്രകടമാക്കി.
ഒരുദിവസം ഇതു യേശുവിന്റെ സ്വന്തം നഗരമായ നസറേത്തിൽ സംഭവിച്ചു. യേശു സിന്നഗോഗിൽ പോയി. യഹൂദജനങ്ങൾ കൂടിവന്ന സ്ഥലമായിരുന്നു സിന്നഗോഗ്.
യേശു എഴുന്നേററു തിരുവെഴുത്തുകളിൽ നിന്ന് ഒരു നല്ല പ്രസംഗംചെയ്തു. ആളുകൾക്ക് ആദ്യം അതിഷ്ടമായിരുന്നു.
അവന്റെ വായിൽനിന്നു വന്ന ലാവണ്യവാക്കുകളിൽ അവർ വിസ്മയിച്ചു. ഇത് അവരുടെ സ്വന്തം നഗരത്തിൽ വളർന്നിരുന്ന യുവാവായിരുന്നുവെന്ന് അവർക്കു തീർത്തും വിശ്വസിക്കാൻ കഴിഞ്ഞില്ല.എന്നാൽ പിന്നീടു യേശു മററുചിലതു പറഞ്ഞു. ദൈവം അവരെപ്പോലെ യഹൂദൻമാരല്ലാഞ്ഞവരോടു പ്രത്യേക കൃപ കാണിച്ച സമയങ്ങളെക്കുറിച്ച് അവൻ പറഞ്ഞു. യേശു ഇതു പറഞ്ഞപ്പോൾ സിന്നഗോഗിലെ ആളുകൾ കോപിഷ്ഠരായി. എന്തുകൊണ്ടെന്നു നിനക്കറിയാമോ?—
ദൈവത്തിന്റെ പ്രത്യേക കൃപയുളളവർ അവർ മാത്രമാണെന്ന് അവർ വിചാരിച്ചു. അവർ മററാളുകളെക്കാൾ മെച്ചമാണെന്ന് അവർ വിചാരിച്ചു. അതുകൊണ്ട് യേശു പറഞ്ഞതു നിമിത്തം അവർ അവനെ ദ്വേഷിച്ചു അവർ അവനോട് എന്തു ചെയ്യാൻ ശ്രമിച്ചുവെന്നു നിനക്കറിയാമോ?—
ബൈബിൾ ഇങ്ങനെ പറയുന്നു: ‘അവർ യേശുവിനെ പിടിച്ചു നഗരത്തിനു പുറത്തേക്കു വലിച്ചിഴച്ചു. അവർ അവനെ ഒരു പർവതത്തിന്റെ വക്കിലേക്കു നയിക്കുകയും താഴേക്കു തളളിയിട്ടു കൊല്ലാൻ മുതിരുകയും ചെയ്തു! എന്നാൽ യേശു അവരിൽനിന്ന് ഒഴിഞ്ഞുമാറിക്കളഞ്ഞു.’—ലൂക്കോസ് 4:16-30.
അതു നിനക്കു സംഭവിച്ചിരുന്നുവെങ്കിൽ നീ വീണ്ടും ആ ജനത്തോടു ദൈവത്തെക്കുറിച്ചു സംസാരിക്കാൻ തിരികെ പോകുമായിരുന്നോ?—അതിനു ധൈര്യമാവശ്യമാണ്, അല്ലേ?—കൊളളാം, ഏതാണ്ട് ഒരു വർഷം കഴിഞ്ഞു യേശു നസറേത്തിലേക്കു തിരികെ പോകുകതന്നെ ചെയ്തു. “അവൻ അവരെ അവരുടെ സിന്നഗോഗിൽ പഠിപ്പിച്ചുതുടങ്ങി”യെന്നു ബൈബിൾ പറയുന്നു. ദൈവത്തോടു സ്നേഹമില്ലാഞ്ഞ മനുഷ്യരോടുളള ഭയം നിമിത്തം യേശു സത്യം സംസാരിക്കുന്നതു നിർത്തിക്കളഞ്ഞില്ല.—മത്തായി 13:54.
മറെറാരു ദിവസം യേശു കൈ മുഴുവൻ വരണ്ട അഥവാ ദുർബലമായ ഒരു മനുഷ്യനുണ്ടായിരുന്ന സ്ഥലത്തായിരുന്നു. ആ മനുഷ്യനെ സുഖപ്പെടുത്താൻ യേശുവിനു ദൈവത്തിൽനിന്നുളള ശക്തി ഉണ്ടായിരുന്നു. എന്നാൽ അവിടെയുണ്ടായിരുന്ന ചിലയാളുകൾ യേശുവിനു ഉപദ്രവം ചെയ്യാൻ ശ്രമിച്ചുകൊണ്ടിരുന്നു. മഹദ്ഗുരു എന്തുചെയ്യും?—
ആദ്യമായി, ചെയ്യേണ്ട ശരിയായ സംഗതിയെന്തെന്ന് അവൻ കാണിച്ചുകൊടുത്തു. അവൻ ഇങ്ങനെ ചോദിച്ചു: ‘നിങ്ങൾക്ക് ഒരു ആടുണ്ടായിട്ട് അതു ശബ്ബത്തിൽ ഒരു വലിയ കുഴിയിലേക്കു വീണാൽ നിങ്ങൾ അതിനെ കയററുമോ?’
ഉവ്വ്, അവർ വിശ്രമിക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടുളള ശബ്ബത്തിൽപ്പോലും ഒരു ആടിനുവേണ്ടി അവർ അതു ചെയ്യും. അതുകൊണ്ടു യേശു പറഞ്ഞു: ‘ഒരു മനുഷ്യന് ഒരു ആടിനേക്കാൾ വിലയുളളതുകൊണ്ട് ഒരു ശബ്ബത്തിൽ ഒരു മനുഷ്യനെ സഹായിക്കുന്നത് അധികം മെച്ചമാണ്!’ യേശു ഈ മനുഷ്യനെ സൗഖ്യമാക്കിക്കൊണ്ട് അവനെ സഹായിക്കണമെന്നത് എത്ര വ്യക്തമായിരുന്നു!
അതുകൊണ്ട് യേശു ആ മനുഷ്യനോട് അവന്റെ കൈ നീട്ടാൻ പറഞ്ഞു. ഉടൻതന്നെ അതു മറേറ കൈപോലെ സുഖം പ്രാപിച്ചു! ആ മനുഷ്യൻ എത്ര സന്തുഷ്ടനായിരുന്നു!
എന്നാൽ മറേറ ആ മനുഷ്യരെക്കുറിച്ചെന്ത്? അവർ സന്തോഷമുളളവരായിരുന്നോ?—അല്ല. അവർ യേശുവിനെ പൂർവാധികം ദ്വേഷിച്ചു. അവർ പോയി യേശുവിനെ കൊല്ലാൻ ആസൂത്രണംചെയ്തു!—മത്തായി 12:9-14.
ആളുകൾ ഇന്ന് അതുപോലെയാണ്. ചിലർ ശരിയായതിനെ ഇഷ്ടപ്പെടുന്നു. മററുളളവർ ഇഷ്ടപ്പെടുന്നില്ല. നാം എന്തുചെയ്താലും നമുക്ക് അവരെയെല്ലാം പ്രസാദിപ്പിക്കാൻ സാധ്യമല്ല. അതുകൊണ്ടു നാം യഥാർഥത്തിൽ ആരെ പ്രസാദിപ്പിക്കാനാഗ്രഹിക്കുന്നുവെന്നു തീരുമാനിക്കേണ്ടിയിരിക്കുന്നു.
നിന്റെ സ്നേഹിതൻമാരായി നീ ആരെ ആഗ്രഹിക്കുന്നു? നീ നല്ലയാളുകളെ സ്നേഹിതൻമാരായി ആഗ്രഹിക്കുന്നുവോ?—യഹോവയാംദൈവം നിന്റെ സ്നേഹിതനായിരിക്കാൻ നീ ആഗ്രഹിക്കുന്നുവോ?—അപ്പോൾ നീ എല്ലായ്പോഴും ശരിയായതു ചെയ്യണം.
എന്നാൽ നീ നൻമചെയ്താൽ പിശാച് നിന്നെ ഇഷ്ടപ്പെടുമോ—യഥാർഥത്തിൽ പിശാച് നിന്നെ ഇഷ്ടപ്പെടാൻ നീ ആഗ്രഹിക്കുന്നുവോ?—
പിശാചിന് ഇഷ്ടമുളള ആളുകളുണ്ട്. ബൈബിൾ അവരെ “ലോകം” എന്നു വിളിക്കുന്നു. “ലോകം” മഹദ്ഗുരുവിന്റെ അനുഗാമികളല്ലാത്ത എല്ലാവരും ചേർന്നുളളതാണ്. മഹദ്ഗുരു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ ലോകത്തിന് അതിന്റെ സ്വന്തമായതിനെ ഇഷ്ടമായിരിക്കും. ഇപ്പോൾ നിങ്ങൾ ലോകത്തിന്റെ ഭാഗമായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽ നിന്നു തെരഞ്ഞെടുത്തിരിക്കുന്നതുകൊണ്ട്, ഈ കാരണത്താൽ, ലോകം നിങ്ങളെ വെറുക്കുന്നു.”—യോഹന്നാൻ 15:18, 19.
ലോകത്തിലെ ചിലയാളുകൾ തങ്ങൾ യേശുവിൽ വിശ്വസിക്കുന്നുണ്ടെന്നു പറയുന്നു. എന്നാൽ അവർ യേശു ചെയ്തതുപോലെ ദൈവത്തെ സംബന്ധിച്ചുളള സത്യം മററുളളവരെ പഠിപ്പിക്കുന്നില്ല. അവർ സത്യം പഠിപ്പിക്കുന്നില്ലെന്നു നീ ബൈബിളിൽനിന്നു അവരെ കാണിച്ചുകൊടുത്താൽ അവർക്കതിഷ്ടപ്പെടുമോ?—ഇല്ല, അവരിൽ മിക്കവർക്കും ഇഷ്ടപ്പെടുകയില്ല. എന്നാൽ വരണ്ട കൈ ഉണ്ടായിരുന്ന ആ മനുഷ്യനെപ്പോലെയുളള ആരെയെങ്കിലും നീ കണ്ടെത്തിയേക്കാം. യേശു സത്യം മറച്ചുവെക്കാഞ്ഞതിൽ അവൻ നന്ദിയുളളവനായിരുന്നു.
സത്യം മറച്ചുവെക്കുന്ന അനേകരുണ്ട്. അവർക്കു മററുളളവർ വിചാരിക്കുന്നതിനെ ഭയമാണ്. മററുളളവർ പറഞ്ഞേക്കാവുന്നതിൽ അവർ വളരെ വ്യാകുലപ്പെടുന്നതുകൊണ്ട് അവർ തങ്ങളുടെ ജീവിതകാലത്തെല്ലാം ശരിയെന്തെന്നറിയാവുന്നതു ചെയ്യുന്നതിൽനിന്നു പിൻമാറി നിൽക്കുന്നു. എത്ര ലജ്ജാവഹം! അവർക്കു ജീവിതത്തിൽ വളരെയധികം സന്തോഷം നഷ്പ്പെടുന്നു. ദൈവത്തിന്റെ അംഗീകാരവും അവർക്കു നഷ്ടപ്പെടുന്നു. നാം അതുപോലെയായിരിക്കാനാഗ്രഹിക്കുന്നില്ല, ഉണ്ടോ?—
(മററുളള ആളുകൾ ചിന്തിച്ചേക്കാവുന്നതു ശരിയായതു ചെയ്യുന്നതിൽനിന്നു നമ്മെ പിന്തിരിപ്പിക്കുന്നതിനു നാം ഒരിക്കലും അനുവദിക്കരുതെന്നു തെളിയിക്കുന്നതിനു ഈ തിരുവെഴുത്തുകൾ ഒന്നിച്ചു വായിക്കുക: സദൃശവാക്യങ്ങൾ 29:25; 1 ശമുവേൽ 15:24 [1 രാജാക്കൻമാർ 15:24, Dy]; മത്തായി 26:69-75; യോഹന്നാൻ 12:42, 43.)