മഹദ്ഗുരുവായ യേശു
അധ്യായം 1
മഹദ്ഗുരുവായ യേശു
നിനക്കു കഥകൾ കേൾക്കുന്നത് ഇഷ്ടമാണോ?—കൊളളാം, അപ്പോൾ, ഭൂമിയിൽ ജീവിച്ചിരുന്നിട്ടുളള മറേറതൊരുവനും പറഞ്ഞിട്ടുളളതിലേക്കും മെച്ചപ്പെട്ട കഥകൾ പറഞ്ഞ മനുഷ്യനെക്കുറിച്ചു ഞാൻ നിന്നോട് ഒരു കഥ പറയാൻ പോകുകയാണ്. അവന്റെ പേര് യേശുക്രിസ്തു എന്നാണ്.
അവൻ ഏതാണ്ടു രണ്ടായിരം വർഷം മുമ്പാണ് ഈ ഭൂമിയിൽ ജീവിച്ചത്. അതു ദീർഘകാലം മുമ്പാണ്. അതു നിന്റെ വല്യമ്മയോ വല്യപ്പനോ ജനിക്കുന്നതിനു ദീർഘനാൾ മുമ്പാണ്. അതു മനുഷ്യർക്ക് ഇന്നത്തെ കാറുകളോ തീവണ്ടികളോ റേഡിയോകളോ മററു വസ്തുക്കളോ ഉണ്ടാകുന്നതിനു ദീർഘനാൾ മുമ്പാണ്.
യേശു കഥ പറഞ്ഞപ്പോൾ അത് ആളുകളെ ചിന്തിപ്പിച്ചു. യേശു പറഞ്ഞതിനെക്കുറിച്ച് ഒരു വ്യക്തി വേണ്ടത്ര ദീർഘമായി ചിന്തിച്ചാൽ, അതിനു കാര്യങ്ങളെക്കുറിച്ചുളള അയാളുടെ വിചാരഗതിയെ മാററാൻപോലും കഴിയും. അതിന് ആ വ്യക്തിയുടെ മുഴു ജീവിതവീക്ഷണത്തെയും മാററാൻ കഴിയും. യേശു പറഞ്ഞതെല്ലാം സത്യവുമായിരുന്നു.
യേശുവിനു മറേറതൊരു മനുഷ്യനെക്കാളും കൂടുതൽ അറിവുണ്ടായിരുന്നു. അവനായിരുന്നു ജീവിച്ചിട്ടുളളതിലേക്കും ഏററവും നല്ല ഗുരു. നാം മററാളുകളിൽനിന്ന് അനേകം കാര്യങ്ങൾ പഠിക്കുന്നു. എന്നാൽ നമുക്കു യേശുവിൽനിന്ന് ഏററവും പ്രധാനപ്പെട്ട കാര്യങ്ങൾ പഠിക്കാൻ കഴിയും.
യേശു അങ്ങനെയുളള ഒരു മഹദ്ഗുരു ആയിരുന്നതിന്റെ ഒരു കാരണം അവൻ ശ്രദ്ധിച്ചുവെന്നുളളതാണ്. ശ്രദ്ധിക്കുന്നത് എത്ര പ്രാധാന്യമുളളതാണെന്ന് അവന് അറിയാമായിരുന്നു. എന്നാൽ ആരെയാണു യേശു ശ്രദ്ധിച്ചത്? ആരാണ് അവനെ പഠിപ്പിച്ചത്?—യേശുവിന്റെ പിതാവാണ്. യേശുവിന്റെ പിതാവു ദൈവമാണ്.
യേശു ഒരു മനുഷ്യനായി ഭൂമിയിലേക്കു വരുന്നതിനുമുൻപു സ്വർഗത്തിൽ ദൈവത്തോടുകൂടെ വസിച്ചിരുന്നു. അതുകൊണ്ട്
യേശു മററു മനുഷ്യരിൽനിന്നു വ്യത്യസ്തനായിരുന്നു. എന്തുകൊണ്ടെന്നാൽ മററു യാതൊരു മനുഷ്യനും ഭൂമിയിൽ ജനിക്കുന്നതിനു മുമ്പു സ്വർഗത്തിൽ വസിച്ചിട്ടില്ല. സ്വർഗത്തിൽ യേശു തന്റെ പിതാവിനെ ശ്രദ്ധിച്ച ഒരു നല്ല പുത്രനായിട്ടാണിരുന്നിട്ടുളളത്. അതുകൊണ്ടു യേശു ദൈവത്തിൽനിന്നു പഠിച്ചകാര്യങ്ങൾ ജനങ്ങളെ പഠിപ്പിക്കാൻ പ്രാപ്തനായിരുന്നു. നിന്റെ അപ്പനെയും അമ്മയെയും ശ്രദ്ധിക്കുന്നതിനാൽ നിനക്കു യേശുവിനെ അനുകരിക്കാൻ കഴിയും.യേശു ഒരു മഹദ്ഗുരു ആയിരുന്നതിന്റെ മറെറാരു കാരണം അവൻ ജനങ്ങളെ സ്നേഹിച്ചുവെന്നതാണ്. ദൈവത്തെക്കുറിച്ചു പഠിക്കാൻ അവരെ സഹായിക്കുന്നതിന് അവൻ ആഗ്രഹിച്ചു. യേശു മുതിർന്നവരെ സ്നേഹിച്ചു. എന്നാൽ അവൻ കുട്ടികളെയും സ്നേഹിച്ചോ?—ഉവ്വ്, അവൻ സ്നേഹിച്ചു. കുട്ടികൾ യേശുവിനോടുകൂടെ ആയിരിക്കാൻ ഇഷ്ടപ്പെട്ടു. എന്തുകൊണ്ടെന്നാൽ അവൻ അവരോടു സംസാരിക്കുകയും അവരെ ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നു.
ഒരു ദിവസം മാതാപിതാക്കൻമാർ തങ്ങളുടെ കൊച്ചുകുട്ടികളെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. എന്നാൽ കൊച്ചുകുട്ടികളുമായി സംസാരിക്കാൻ കഴിയാത്തവിധം മഹദ്ഗുരു അത്ര തിരക്കിലാണെന്നു യേശുവിന്റെ സ്നേഹിതൻമാർ വിചാരിച്ചു. അതുകൊണ്ട് അവർ അവരോടു പൊയ്ക്കൊളളാൻ പറഞ്ഞു. എന്നാൽ യേശു സമ്മതിച്ചോ?—ഇല്ല. അവൻ: ‘കൊച്ചുകുട്ടികളെ വിടുവിൻ, എന്റെ അടുക്കൽ വരുന്നതിൽനിന്ന് അവരെ തടയരുത്’ എന്നു പറഞ്ഞു. യേശു വളരെ ജ്ഞാനിയും പ്രധാനിയുമായ ഒരു മനുഷ്യൻ ആയിരുന്നെങ്കിലും അവൻ കൊച്ചുകുട്ടികളെ പഠിപ്പിക്കുന്നതിനു സമയമെടുത്തു.—മത്തായി 19:13, 14.
കാര്യങ്ങളെ രസകരമാക്കിത്തീർക്കാൻ യേശുവിന് അറിയാമായിരുന്നതുകൊണ്ട് അവൻ ഒരു മഹദ്ഗുരു ആയിരുന്നു. ദൈവത്തെക്കുറിച്ചു ഗ്രഹിക്കുവാൻ ജനങ്ങളെ സഹായിക്കുന്നതിന് അവൻ പക്ഷികളെയും പുഷ്പങ്ങളെയും മററു വസ്തുക്കളെയും
കുറിച്ചു സംസാരിച്ചു. ഒരു ദിവസം അവൻ ഒരു പർവതത്തിന്റെ ചരിവിലായിരുന്നപ്പോൾ അവന്റെ അടുക്കൽ വന്ന ഒരു വലിയ ജനക്കൂട്ടത്തോട് അവൻ ഒരു പ്രഭാഷണം അഥവാ പ്രസംഗം ചെയ്തു. അതിനെ ഗിരിപ്രഭാഷണം എന്നു വിളിക്കുന്നു.യേശു ജനങ്ങളോട്: ‘ആകാശത്തിലെ പക്ഷികളെ നോക്കുവിൻ. അവ വിത്തു നടുന്നില്ല. അവ വീടുകളിൽ ആഹാരം സംഭരിക്കുന്നില്ല. എങ്കിലും സ്വർഗത്തിലെ ദൈവം അവയെ തീററുന്നു. നിങ്ങൾ അവയെക്കാൾ വിലയേറിയവരല്ലയോ?’ എന്നു പറഞ്ഞു.
‘വയലിലെ ലില്ലിച്ചെടികളിൽനിന്ന് ഒരു പാഠം പഠിക്കുവിൻ’ എന്നും യേശു പറഞ്ഞു. നമുക്ക് അവയിൽനിന്ന് എന്തു പാഠം പഠിക്കാൻ കഴിയുമെന്നാണു നീ വിചാരിക്കുന്നത്? കൊളളാം, ‘അവ വസ്ത്രങ്ങൾ ഉണ്ടാക്കുന്നില്ല. അവ എത്ര മനോഹരമാണെന്നു നോക്കൂ! ധനികനായ ശലോമോൻ രാജാവുപോലും വയലിലെ ലില്ലിച്ചെടികളെക്കാൾ മനോഹരമായി വസ്ത്രം ധരിച്ചിരുന്നില്ല. അതുകൊണ്ട് ദൈവം വളരുന്ന പുഷ്പങ്ങളെ പരിപാലിക്കുന്നുവെങ്കിൽ അവൻ നിങ്ങളെയും പരിപാലിക്കയില്ലയോ?’ എന്നു യേശു പറഞ്ഞു.
യേശു അവിടെ പഠിപ്പിച്ച പാഠം നിനക്കു മനസ്സിലാകുന്നുണ്ടോ?—എവിടെനിന്നു ഭക്ഷിക്കാൻ ആഹാരം കിട്ടും, അല്ലെങ്കിൽ ധരിക്കാൻ വസ്ത്രങ്ങൾ കിട്ടും എന്നതു സംബന്ധിച്ച് അവർ വ്യാകുലപ്പെടുവാൻ അവൻ ആഗ്രഹിച്ചില്ല. ജനങ്ങൾക്ക് ഈ കാര്യങ്ങൾ ആവശ്യമാണെന്നു ദൈവത്തിനറിയാം. നാം ആഹാരത്തിനും വസ്ത്രത്തിനും വേണ്ടി ജോലി ചെയ്യരുതെന്നു യേശു പറഞ്ഞില്ല. എന്നാൽ നാം ദൈവത്തെ ഒന്നാമതു വയ്ക്കണമെന്ന് അവൻ പറഞ്ഞു. നാം അതു ചെയ്യുന്നെങ്കിൽ, നമുക്കു ഭക്ഷിക്കാൻ ആഹാരവും ധരിക്കാൻ വസ്ത്രവും ലഭിക്കുന്നതിൽ ദൈവം ശ്രദ്ധിക്കും. നീ അതു വിശ്വസിക്കുന്നുവോ?——യേശു പഠിപ്പിച്ച രീതി ജനങ്ങൾക്കിഷ്ടപ്പെട്ടു. അവർ ആശ്ചര്യപ്പെട്ടു. അവനെ ശ്രദ്ധിക്കുന്നതു രസകരമായിരുന്നു. അവൻ പറഞ്ഞതു ശരിയായതു ചെയ്യാൻ ജനങ്ങളെ സഹായിച്ചു.
നാമും അവനെ ശ്രദ്ധിക്കുന്നതു പ്രധാനമാണ്. എന്നാൽ നമുക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും? നമുക്കു യേശുവിന്റെ മൊഴികൾ ഒരു പുസ്തകത്തിൽ എഴുതി കിട്ടിയിട്ടുണ്ട്. ആ പുസ്തകം ഏതാണെന്നു നിനക്കറിയാമോ? അതു വിശുദ്ധ ബൈബിളാണ്. അതുകൊണ്ടു ബൈബിളിനു ശ്രദ്ധകൊടുക്കുന്നതിനാൽ നമുക്കു യേശുവിനെ ശ്രദ്ധിക്കാൻ കഴിയും.
നാം യേശുവിനെ ശ്രദ്ധിക്കണമെന്നു ദൈവംതന്നെ പറയുന്നു. ഒരുദിവസം യേശു തന്റെ സ്നേഹിതൻമാരിൽ മൂന്നുപേരുമായി ഒരു ഉയർന്ന മലമുകളിലായിരുന്നപ്പോൾ സ്വർഗത്തിൽനിന്നുളള ഒരു ശബ്ദം ഇങ്ങനെ പറഞ്ഞു: “ഇത് എന്റെ പുത്രനാകുന്നു, ഞാൻ അംഗീകരിച്ചിരിക്കുന്ന പ്രിയപ്പെട്ടവൻ തന്നെ; അവനെ ശ്രദ്ധിക്കുവിൻ.” അത് ആരുടെ ശബ്ദമായിരുന്നുവെന്നു നിനക്കറിയാമോ?—ദൈവത്തിന്റേതായിരുന്നു! നാം ദൈവത്തിന്റെ പുത്രനെ ശ്രദ്ധിക്കണമെന്ന് അവൻ പറഞ്ഞു.—മത്തായി 17:1-5.
നീ മഹദ്ഗുരുവിനെ ശ്രദ്ധിക്കുമോ?—അതാണു നാമെല്ലാം ചെയ്യേണ്ടത്. നാം ശ്രദ്ധിക്കുന്നുവെങ്കിൽ നാം സന്തുഷ്ടരായിരിക്കും. നാം പഠിക്കുന്ന നല്ല കാര്യങ്ങൾ നമ്മുടെ സ്നേഹിതരോടു പറയുന്നതും നമുക്കു സന്തോഷം കൈവരുത്തും.
(യേശുവിനെ ശ്രദ്ധിക്കുന്നതിൽനിന്നു ലഭിക്കുന്ന പ്രയോജനങ്ങളെക്കുറിച്ചുളള കൂടുതലായ നല്ല ആശയങ്ങൾക്കുവേണ്ടി നിങ്ങളുടെ ബൈബിൾ തുറന്നു യോഹന്നാൻ 8:28-30; 3:16; പ്രവൃത്തികൾ 4:12 ഒന്നിച്ചു വായിക്കുക.)