മഹദ്ഗുരു മററാളുകളെ സേവിച്ചു
അധ്യായം 6
മഹദ്ഗുരു മററാളുകളെ സേവിച്ചു
ആരെങ്കിലും നിനക്കുവേണ്ടി എന്തെങ്കിലും ചെയ്യുമ്പോൾ നീ അത് ഇഷ്ടപ്പെടുന്നുവോ?—കൊളളാം, മററുളളവരും തങ്ങൾക്കുവേണ്ടി ആരെങ്കിലും എന്തെങ്കിലും ചെയ്യുമ്പോൾ അത് ഇഷ്ടപ്പെടുന്നു. നമുക്കെല്ലാം അതിഷ്ടമാണ്. മഹദ്ഗുരുവിന് അത് അറിയാമായിരുന്നു. അവൻ എല്ലായ്പോഴും ജനങ്ങൾക്കുവേണ്ടി കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നു. ‘സേവിക്കപ്പെടുന്നതിനല്ല, സേവിക്കാനാണു ഞാൻ വന്നത്’ എന്ന് അവൻ പറഞ്ഞു.—മത്തായി 20:28.
അതുകൊണ്ട് നാം മഹദ്ഗുരുവിനെപ്പോലെ ആയിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നാം എന്തു ചെയ്യണം?—നാം മററുളളവരെ സേവിക്കണം. അവർക്കുവേണ്ടി നാം നല്ലകാര്യങ്ങൾ ചെയ്യണം.
അനേകമാളുകളും ഇതു ചെയ്യുന്നില്ലെന്നുളളതു സത്യം തന്നെ. യഥാർഥത്തിൽ, മിക്കയാളുകളും മററുളളവർ എല്ലായ്പോഴും തങ്ങളെ സേവിക്കാനാഗ്രഹിക്കുന്നു. ഒരു സമയത്തു യേശുവിന്റെ അനുഗാമികൾപോലും ഈ വിധത്തിൽ വിചാരിച്ചു. ഓരോരുത്തനും ഏററവും പ്രധാനപ്പെട്ടവനാകാനാഗ്രഹിച്ചു.
അവർ ഈ വിധത്തിൽ ചിന്തിക്കുന്നതു ശരിയല്ലെന്നു യേശു അറിഞ്ഞിരുന്നു. അതുകൊണ്ട് ഒരു ദിവസം അവൻ അവർ ഒരിക്കലും മറക്കുകയില്ലാത്ത ഒരു പാഠം അവരെ പഠിപ്പിച്ചു.
അവർ ഒരുമിച്ചു ഭക്ഷണംകഴിച്ചുകൊണ്ടിരുന്നപ്പോൾ യേശു മേശയിൽനിന്ന് എഴുന്നേററു. അവൻ ഒരു ബേസിൻ എടുത്ത് അതിൽ വെളളം ഒഴിച്ചു. അവർ വീക്ഷിച്ചുകൊണ്ടിരിക്കെ, യേശു അവരിൽ ഓരോരുത്തരുടെയും അടുക്കൽ ചെന്നു കുനിഞ്ഞ് അവരുടെ പാദങ്ങൾ കഴുകി. അനന്തരം അവൻ ഒരു തൂവാലകൊണ്ട് അവരുടെ പാദങ്ങൾ തുടച്ചു. അതിനെക്കുറിച്ചു ചിന്തിക്കുക! നീ അവിടെ ഉണ്ടായിരിക്കുകയും യേശു നിന്റെ പാദങ്ങൾ കഴുകുകയും ചെയ്തിരുന്നെങ്കിലോ? നിനക്ക് എന്തു തോന്നുമായിരുന്നു?—
മഹദ്ഗുരു തങ്ങളെ ഇങ്ങനെ സേവിക്കുന്നതു ശരിയാണെന്ന് അവന്റെ അനുഗാമികൾക്കു തോന്നിയില്ല. അവർക്കു വിഷമം
തോന്നി. യഥാർഥത്തിൽ അവരിൽ ഒരുവൻ തനിക്കുവേണ്ടി യേശു ഈ എളിയ സേവനം അനുഷ്ഠിക്കാൻ അനുവദിക്കുകയില്ലായിരുന്നു. എന്നാൽ താൻ അതു ചെയ്യുന്നതു പ്രധാനമാണെന്നു യേശു പറഞ്ഞു.ഇന്നു നാം സാധാരണയായി പരസ്പരം പാദങ്ങൾ കഴുകുന്നില്ല. എന്നാൽ യേശു ഭൂമിയിലായിരുന്നപ്പോൾ അതു ചെയ്യുന്നതു സാധാരണമായിരുന്നു. എന്തുകൊണ്ടെന്നു നിനക്കറിയാമോ?—
കൊളളാം, അവർ ജീവിച്ച ദേശത്ത് ആളുകൾ തങ്ങളുടെ നഗ്നപാദങ്ങളിൽ തുറന്ന ചെരിപ്പുകൾ ധരിച്ചിരുന്നു. അതുകൊണ്ട്, അവർ മണ്ണിളകിയ വഴികളിലൂടെ നടക്കുമ്പോൾ അവരുടെ പാദങ്ങളിൽ പൊടി പൊതിയുമായിരുന്നു. സന്ദർശിക്കാൻ വീട്ടിൽ വന്നെത്തുന്നവരുടെ പൊടിനിറഞ്ഞ പാദങ്ങൾ കഴുകുന്നത് ഒരു ദയാപൂർവമായ പ്രവൃത്തിയായിരുന്നു.
എന്നാൽ ഈ പ്രാവശ്യം യേശുവിന്റെ അനുഗാമികളിലൊരുവനും മററുളളവരുടെ പാദങ്ങൾ കഴുകാൻ തയ്യാറായില്ല. അതുകൊണ്ടു യേശുതന്നെ അതുചെയ്തു. ഇതു
ചെയ്തതിനാൽ യേശു തന്റെ അനുഗാമികളെ പ്രധാനപ്പെട്ട ഒരു പാഠം പഠിപ്പിച്ചു. അവർ ഈ പാഠം പഠിക്കേണ്ട ആവശ്യമുണ്ടായിരുന്നു. അത് ഇന്നു നാം പഠിക്കേണ്ട ആവശ്യമുളള ഒരു പാഠമാണ്.ആ പാഠമെന്താണെന്നു നിനക്കറിയാമോ?—യേശു വീണ്ടും മേശയ്ക്കരികെ തന്റെ ഇരിപ്പിടത്തിലിരുന്നശേഷം ഇങ്ങനെ വിശദീകരിച്ചു: ‘ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്തതു നിങ്ങൾക്കു മനസ്സിലാകുന്നുണ്ടോ? നിങ്ങൾ എന്നെ “ഗുരു” എന്നും “കർത്താവ്” എന്നും വിളിക്കുന്നു, നിങ്ങൾ വിളിക്കുന്നതു ശരിയുമാണ്. നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ അപ്പോൾ നിങ്ങൾ പരസ്പരം പാദങ്ങൾ കഴുകേണ്ടതാണ്.’—യോഹന്നാൻ 13:2-14.
ഇവിടെ തന്റെ അനുഗാമികൾ പരസ്പരം സേവിക്കണമെന്നു താൻ ആഗ്രഹിക്കുന്നതായി മഹദ്ഗുരു പ്രകടമാക്കി. അവർ തങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കാൻ അവൻ ആഗ്രഹിച്ചില്ല. മററുളളവർ തങ്ങളെ എല്ലായ്പോഴും സേവിക്കത്തക്കവണ്ണം അവർ അത്ര പ്രാധാന്യമുളളവരാണെന്ന് അവർ വിചാരിക്കാൻ അവൻ ആഗ്രഹിച്ചില്ല. മററുളളവരെ സേവിക്കാൻ അവർ മനസ്സുളളവരായിരിക്കാൻ അവനാഗ്രഹിച്ചു.
അതു നല്ല ഒരു പാഠമല്ലായിരുന്നുവോ?—നീ മഹദ്ഗുരുവിനെപ്പോലെയായിരുന്ന് മററാളുകളെ സേവിക്കുമോ?—നമുക്കെല്ലാവർക്കും മററുളളവർക്കുവേണ്ടി കാര്യങ്ങൾ ചെയ്യാൻ കഴിയും.
മററാളുകളെ സേവിക്കുന്നതു പ്രയാസമല്ല. നീ നിരീക്ഷിക്കുന്നുവെങ്കിൽ മററാളുകൾക്കുവേണ്ടി നിനക്കു ചെയ്യാൻ കഴിയുന്ന അനേകം കാര്യങ്ങൾ നീ കണ്ടെത്തും.
ഇപ്പോൾ ചിന്തിക്കുക: നിന്റെ അമ്മയെ സഹായിക്കാൻ നിനക്കു ചെയ്യാൻകഴിയുന്ന എന്തെങ്കിലുമുണ്ടോ? നിനക്കും കുടുംബത്തിൽ മററുളളവർക്കുംവേണ്ടി അമ്മ ധാരാളം കാര്യങ്ങൾ ചെയ്യുന്നതായി നിനക്കറിയാം. നിനക്ക് അമ്മയെ സഹായിക്കാൻ കഴിയുമോ?—അമ്മയോട് എന്തുകൊണ്ടു ചോദിച്ചുകൂടാ?—
കുടുംബത്തിലുളളവർ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ഒരുപക്ഷേ, നിനക്കു മേശ ക്രമീകരിക്കാൻ കഴിയും. അല്ലെങ്കിൽ എല്ലാവരും ഭക്ഷണം കഴിച്ചുകഴിയുമ്പോൾ മലിനമായ പാത്രങ്ങൾ നിനക്ക് അടുക്കിവെക്കാൻ കഴിയും. ചില കുട്ടികൾ എല്ലാ ദിവസവും ചപ്പുചവറുകൾ എടുത്തു പുറത്തു കളയുന്നു. നിനക്കു
ചെയ്യാൻ കഴിയുന്നത് എന്തുതന്നെയായിരുന്നാലും, അതു യേശു ചെയ്തതുപോലെ മററുളളവരെ സേവിക്കുന്നതായിരിക്കും.നിനക്കു സേവിക്കാൻ കഴിയുന്ന ഇളയ സഹോദരൻമാരും സഹോദരിമാരും നിനക്കുണ്ടോ?—മഹദ്ഗുരുവായ യേശു തന്റെ അനുഗാമികളെപ്പോലും സേവിച്ചു എന്നോർക്കുക. നിന്റെ ഇളയ സഹോദരൻമാരെയും സഹോദരിമാരെയും സേവിക്കുന്നതിനാൽ നീ യേശുവിനെ അനുകരിക്കുകയായിരിക്കും ചെയ്യുന്നത്.
നിനക്ക് അവർക്കുവേണ്ടി എന്തു ചെയ്യാൻ കഴിയും? നിനക്ക് എന്തെങ്കിലും ചിന്തിച്ചുനോക്കാമോ?—അവർ കളി നിർത്തുമ്പോൾ കളിപ്പാട്ടങ്ങൾ എടുത്തുവെക്കുവാൻ പഠിക്കുന്നതിന് ഒരുപക്ഷേ നിനക്ക് അവരെ സഹായിക്കാൻ കഴിയും. അല്ലെങ്കിൽ കിടക്കാനൊരുങ്ങുന്നതിനു നിനക്ക് അവരെ സഹായിക്കാൻ കഴിയും. ഈ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് അവർ നിന്നെ സ്നേഹിക്കാനിടയാകും, യേശുവിന്റെ അനുഗാമികൾ അവനെ സ്നേഹിച്ചതുപോലെ തന്നെ.
സ്കൂളിലും നിനക്കു മററാളുകളെ സേവിക്കാൻ കഴിയും. ആരെങ്കിലും തന്റെ പുസ്തകങ്ങൾ താഴെയിടുന്നുവെങ്കിൽ അവ പെറുക്കിയെടുക്കുന്നതിന് അവനെ സഹായിക്കുന്നതു നിന്റെ ദയയായിരിക്കും. നിന്റെ അധ്യാപികയ്ക്കുവേണ്ടി ബ്ലാക്ക് ബോർഡു തുടച്ചു വൃത്തിയാക്കാൻ നിനക്കു തയ്യാറാകാവുന്നതാണ്, അല്ലെങ്കിൽ മറെറന്തെങ്കിലും അവർക്കുവേണ്ടി ചെയ്യാവുന്നതാണ്. ആർക്കുവേണ്ടിയെങ്കിലും വാതിൽ തുറന്നുപിടിക്കുന്നതുപോലും ദയാപൂർവമായ ഒരു സേവനമാണ്.
ചിലപ്പോൾ ആളുകൾ അവർക്കു നല്കപ്പെടുന്ന സേവനത്തിനു നമുക്കു നന്ദി നല്കുകയില്ലെന്നു നാം കണ്ടെത്തും. നൻമചെയ്യുന്നതിൽനിന്ന് ഇതു നമ്മെ വിരമിപ്പിക്കണമെന്നു നീ വിചാരിക്കുന്നുവോ?—പാടില്ല! അനേകമാളുകൾ യേശുവിന്റെ സൽപ്രവൃത്തികൾക്കുവേണ്ടി അവനു നന്ദി കൊടുത്തില്ല. എന്നാൽ നൻമ ചെയ്യുന്നതിൽനിന്ന് അത് അവനെ വിരമിപ്പിച്ചില്ല.
അതുകൊണ്ടു ജനങ്ങളെ സേവിക്കുന്നതിൽനിന്നു നമുക്ക് ഒരിക്കലും പിൻമാറാതിരിക്കാം. നമുക്ക് എല്ലായ്പോഴും യേശുവിന്റെ മാതൃക പിന്തുടരാം.
(മററാളുകളെ സഹായിക്കുന്നതു സംബന്ധിച്ചുളള കൂടുതൽ തിരുവെഴുത്തുകൾക്കുവേണ്ടി റോമർ 15:1, 2; സദൃശവാക്യങ്ങൾ 3:27, 28: ഗലാത്യർ 6:2 വായിക്കുക.)