യേശു നമ്മെ പ്രാർഥിക്കാൻ പഠിപ്പിക്കുന്നു
അധ്യായം 11
യേശു നമ്മെ പ്രാർഥിക്കാൻ പഠിപ്പിക്കുന്നു
നീയഹോവയാം ദൈവത്തോടു സംസാരിക്കുന്നുണ്ടോ?—നീ അവനോടു സംസാരിക്കാൻ അവൻ ആഗ്രഹിക്കുന്നു. നീ ദൈവത്തോടു സംസാരിക്കുമ്പോൾ അതു പ്രാർഥനയെന്നു വിളിക്കപ്പെടുന്നു.
യേശു മിക്കപ്പോഴും സ്വർഗത്തിലെ തന്റെ പിതാവിനോടു സംസാരിച്ചു. ചിലപ്പോൾ അവൻ ദൈവത്തോടു സംസാരിച്ചപ്പോൾ അവൻ ഒററയ്ക്കായിരിക്കാനാഗ്രഹിച്ചു. ഒരു പ്രാവശ്യം “അവൻ പ്രാർഥിക്കാൻ തനിച്ചു പർവതത്തിലേക്കു പോയി. വൈകിപ്പോയിട്ടും അവൻ അവിടെ ഒററയ്ക്കായിരുന്നു” എന്നു ബൈബിൾ പറയുന്നു.—മത്തായി 14:23.
യഹോവയോട് ഒററയ്ക്കു പ്രാർഥിക്കാൻ നിനക്ക് എവിടെ പോകാൻ കഴിയും?—ഒരുപക്ഷേ, നീ രാത്രിയിൽ കിടക്കുന്നതിനുമുമ്പു നിനക്ക് ഒററയ്ക്കു ദൈവത്തോടു സംസാരിക്കാൻ കഴിയും. യേശു ഇങ്ങനെ പറഞ്ഞു: “നീ പ്രാർഥിക്കുമ്പോൾ, നിന്റെ സ്വകാര്യമുറിയിലേക്കു പോയി വാതിലടച്ചശേഷം നിന്റെ പിതാവിനോടു പ്രാർഥിക്കുക.” നീ ഉറങ്ങാൻ പോകുന്നതിനുമുമ്പ് ഓരോ രാത്രിയിലും ദൈവത്തോടു പ്രാർഥിക്കുന്നുണ്ടോ?—അതു ചെയ്യാവുന്ന ഒരു നല്ല സംഗതിയാണ്.—മത്തായി 6:6.
മററാളുകൾ തന്നോടുകൂടെ ഉണ്ടായിരുന്നപ്പോഴും യേശു പ്രാർഥിച്ചു. തന്റെ ശിഷ്യൻമാരുമായി അവൻ യോഗങ്ങൾ നടത്തിയപ്പോഴും യേശു പ്രാർഥിക്കുമായിരുന്നു. പ്രാർഥന നടത്തുന്ന ക്രിസ്തീയയോഗങ്ങളിലേക്കു നിനക്കു പോകാൻ കഴിയും. ഈ യോഗങ്ങളിൽ സാധാരണമായി പ്രായമേറിയ ഒരു വ്യക്തിയാണു പ്രാർഥിക്കുന്നത്. അയാൾ പറയുന്നത് അവധാനപൂർവം ശ്രദ്ധിക്കുക. എന്തുകൊണ്ടെന്നാൽ അയാൾ നിനക്കുവേണ്ടി ദൈവത്തോടു സംസാരിക്കുകയാണ്. അപ്പോൾ നിനക്കു പ്രാർഥനയ്ക്ക് “ആമേൻ” പറയാൻ കഴിയും.
ഒരു പ്രാർഥയുടെ അന്ത്യത്തിൽ “ആമേൻ” എന്നു പറയുന്നതിന്റെ അർഥം നിനക്കറിയാമോ?—നീ ആ പ്രാർഥന ഇഷ്ടപ്പെടുന്നുവെന്നാണതിന്റെ അർഥം. നീ അതിനോടു യോജിക്കുന്നുവെന്നും, അതു നിന്റെ പ്രാർഥനയുംകൂടെയായിരിക്കാൻ നീ ആഗ്രഹിക്കുന്നുവെന്നും അതിനർഥമുണ്ട്.
യേശു ഭക്ഷണസമയങ്ങളിലും പ്രാർഥിച്ചു. അവൻ തന്റെ ഭക്ഷണത്തിനുവേണ്ടി യഹോവയ്ക്കു നന്ദികൊടുത്തു. നീ ഭക്ഷണം കഴിക്കുന്നതിനുമുമ്പ് എല്ലായ്പോഴും പ്രാർഥിക്കുന്നുണ്ടോ?—
നാം ഭക്ഷണം കഴിക്കാൻ തുടങ്ങുന്നതിനുമുമ്പു ഭക്ഷണത്തിനുവേണ്ടി യഹോവയ്ക്കു നന്ദികൊടുക്കുന്നതു നല്ലതാണ്. ഒരുമിച്ചു ഭക്ഷണം കഴിക്കുമ്പോൾ നിന്റെ പിതാവ് പ്രാർഥിച്ചേക്കാം. എന്നാൽ നീ ഒററയ്ക്കു ഭക്ഷണം കഴിക്കുമ്പോഴോ? അല്ലെങ്കിൽ യഹോവയ്ക്കു നന്ദികൊടുക്കാത്ത ആളുകളോടുകൂടെ നീ ഭക്ഷിക്കുന്നുവെങ്കിലോ?—അപ്പോൾ നീ നിന്റെ സ്വന്തം പ്രാർഥന നടത്തണം.
നീ എല്ലായ്പോഴും ഉച്ചത്തിൽ പ്രാർഥിക്കേണ്ടതുണ്ടോ?—ഇല്ല. നീ ഹൃദയത്തിൽ പറഞ്ഞാൽപ്പോലും യഹോവയ്ക്കു നിന്റെ പ്രാർഥന കേൾക്കാൻ കഴിയും. അതുകൊണ്ട് ദൈവത്തോടു പ്രാർഥിക്കാത്ത ആളുകളോടുകൂടെയായിരിക്കുമ്പോൾ നിനക്കു നിശ്ശബ്ദമായി യഹോവയോടു പ്രാർഥിക്കുവാൻ കഴിയും. ദൃഷ്ടാന്തമായി, സ്കൂളിൽവച്ചു നീ ഉച്ചഭക്ഷണം കഴിക്കുമ്പോൾ നിനക്ക് ഒരു നിശ്ശബ്ദപ്രാർഥന നടത്താവുന്നതാണ്.
നീ പ്രാർഥിക്കുമ്പോൾ തല കുനിക്കണമോ? നീ മുട്ടുകുത്തേണമോ? നീ എന്തു വിചാരിക്കുന്നു?—
ചിലപ്പോൾ യേശു പ്രാർഥിച്ചപ്പോൾ മുട്ടുകുത്തി. ചിലസമയങ്ങളിൽ അവൻ പ്രാർഥിച്ചപ്പോൾ സ്വർഗത്തിലേക്കു തന്റെ ശിരസ്സുയർത്തുമായിരുന്നു. നിന്നുകൊണ്ടു ദൈവത്തോടു പ്രാർഥിക്കുന്നതിനെക്കുറിച്ചും അവൻ സംസാരിച്ചു.
അതുകൊണ്ട് ഇത് എന്തു പ്രകടമാക്കുന്നു? നീ പ്രാർഥിക്കുമ്പോൾ നീ എല്ലായ്പോഴും ഒരേ നിലയിലായിരിക്കേണ്ടതുണ്ടോ?—നിന്റെ നിലയല്ല പ്രധാനപ്പെട്ട സംഗതി. എന്നാൽ ചിലപ്പോൾ നിന്റെ തല കുനിക്കുന്നതു നല്ലതാണ്. മററു ചില സമയങ്ങളിൽ, യേശു ചെയ്തതുപോലെ നീ മുട്ടുകുത്താൻപോലും
ആഗ്രഹിച്ചേക്കാം. എന്നാൽ, പകലോ രാത്രിയിലോ ഏതു സമയത്തും നമുക്കു ദൈവത്തോടു പ്രാർഥിക്കാൻ കഴിയുമെന്നും അവൻ നമ്മെ കേൾക്കുമെന്നും ഓർക്കുക.പ്രാർഥനയിൽ പ്രധാന സംഗതി യഹോവ ശ്രദ്ധിക്കുന്നുണ്ടെന്നു നാം യഥാർഥമായി വിശ്വസിക്കുന്നതാണ്. യഹോവ നിന്നെ കേൾക്കുന്നുവെന്നു നീ വിശ്വസിക്കുന്നുവോ?—
നാം യഹോവയോടുളള നമ്മുടെ പ്രാർഥനകളിൽ എന്താണു പറയേണ്ടത്?—എന്നോടു പറയൂ; നീ പ്രാർഥിക്കുമ്പോൾ എന്തിനെക്കുറിച്ചാണു ദൈവത്തോടു സംസാരിക്കുന്നത്?—
യഹോവ നമുക്കു നിരവധി നല്ലകാര്യങ്ങൾ പ്രദാനംചെയ്യുന്നുണ്ട്, അവയ്ക്കുവേണ്ടി അവനു നന്ദികൊടുക്കുന്നത് ഉചിതമാണ്, അല്ലേ? നാം കഴിക്കുന്ന ഭക്ഷണത്തിനുവേണ്ടി നാം അവനു നന്ദികൊടുക്കുന്നു. എന്നാൽ, നീ എന്നെങ്കിലും നീലാകാശത്തിനും പച്ചമരങ്ങൾക്കും മനോഹരപുഷ്പങ്ങൾക്കും വേണ്ടി അവനു നന്ദി കൊടുത്തിട്ടുണ്ടോ?—അവൻ അവയെയും ഉണ്ടാക്കി.
യേശുവിന്റെ ശിഷ്യൻമാർ ഒരിക്കൽ അവരെ പ്രാർഥിക്കാൻ പഠിപ്പിക്കണമെന്ന് അവനോട് അപേക്ഷിച്ചു. മഹദ്ഗുരു എന്തു പ്രധാനപ്പെട്ട കാര്യങ്ങൾക്കുവേണ്ടി പ്രാർഥിക്കണമെന്ന് അവർക്കു കാണിച്ചുകൊടുത്തു. ഈ കാര്യങ്ങൾ ഏവയെന്നു നിനക്കറിയാമോ?—നിന്റെ ബൈബിളെടുത്തു മത്തായി 6-ാം അധ്യായം തുറക്കുക. 9 മുതൽ 13 വരെയുളള വാക്യങ്ങളിൽ അനേകമാളുകൾ “കർത്താവിന്റെ പ്രാർഥന” എന്നു വിളിക്കുന്നതു നാം കാണുന്നു. നമുക്ക് അത് ഒരുമിച്ചു വായിക്കാം.
ദൈവത്തിന്റെ നാമത്തെക്കുറിച്ചു പ്രാർഥിക്കാൻ യേശു നമ്മോടു പറഞ്ഞുവെന്നു
നാം ഇവിടെനിന്നു ഗ്രഹിക്കുന്നു. ദൈവത്തിന്റെ നാമം വിശുദ്ധീകരിക്കപ്പെടണമെന്ന് അഥവാ വിശുദ്ധമായി കരുതപ്പെടണമെന്നു പ്രാർഥിക്കാൻ അവൻ പറഞ്ഞു. ദൈവത്തിന്റെ നാമം എന്താണ്?—അതു യഹോവയെന്നാണെന്നും ആ നാമത്തെ നാം സ്നേഹിക്കണമെന്നും ബൈബിൾ നമ്മോടു പറയുന്നു.രണ്ടാമതായി, ദൈവത്തിന്റെ രാജ്യം വരാൻ പ്രാർഥിക്കുന്നതിനു യേശു നമ്മെ പഠിപ്പിച്ചു. ഈ രാജ്യം ഭൂമിയിൽ സമാധാനം വരുത്തുകയും അതിനെ ഒരു പറുദീസയാക്കുകയും ചെയ്യുമെന്നുളളതുകൊണ്ട് അതു വളരെ പ്രധാനപ്പെട്ടതാണ്.
മൂന്നാമതായി, സ്വർഗത്തിൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യപ്പെടുന്നതുപോലെ ഭൂമിയിൽ ചെയ്യപ്പെടുന്നതിനു പ്രാർഥിക്കാൻ മഹദ്ഗുരു പറഞ്ഞു. അതിന്റെ അർഥം നാം ദൈവത്തിന്റെ ഇഷ്ടം ചെയ്യണമെന്നാണ്.
അന്നന്നത്തേക്കാവശ്യമുളള ഭക്ഷണത്തിനുവേണ്ടിയും പ്രാർഥിക്കാൻ യേശു നമ്മളെ പഠിപ്പിച്ചു. നാം തെററായ കാര്യങ്ങൾ ചെയ്യുമ്പോൾ നമുക്കു ഖേദമുണ്ടെന്നു നാം ദൈവത്തോടു പറയണമെന്നും അവൻ പറഞ്ഞു. നമ്മോടു ക്ഷമിക്കാൻ നാം ദൈവത്തോട് അപേക്ഷിക്കണം. എന്നാൽ അവൻ ക്ഷമിക്കുന്നതിനുമുൻപ്, മററുളളവർ നമ്മോടു തെററു ചെയ്യുന്നുവെങ്കിൽ നാം അവരോടു ക്ഷമിക്കണം. നീ അതു ചെയ്യുന്നുണ്ടോ?—
അവസാനമായി, ദുഷ്ടനായ പിശാചായ സാത്താനിൽനിന്നു നമ്മെ രക്ഷിക്കണമേയെന്നു നാം പ്രാർഥിക്കണമെന്നു യേശു പറഞ്ഞു. അതുകൊണ്ട് ഈ നല്ലകാര്യങ്ങൾക്കെല്ലാംവേണ്ടി ദൈവത്തോടു പ്രാർഥിക്കാം.
യഹോവ നമ്മുടെ പ്രാർഥന കേൾക്കുന്നുവെന്നു നാം വിശ്വസിക്കണം. നമ്മെ സഹായിക്കാൻ അവനോട് അപേക്ഷിക്കുന്നതിനുപുറമേ, നാം അവനു നന്ദി കൊടുത്തുകൊണ്ടുമിരിക്കണം. നാം യഹോവയോടു പ്രാർഥിക്കുന്നതു കേൾക്കുന്നത് അവന് ഇഷ്ടമാണ്. നാം പ്രാർഥനയിൽ പറയുന്നതു നാം അർഥമാക്കുമ്പോഴും ശരിയായ കാര്യങ്ങൾക്കുവേണ്ടി നാം അവനോട് അപേക്ഷിക്കുമ്പോഴും അവൻ സന്തോഷിക്കുന്നു. അവൻ ഈ കാര്യങ്ങൾ നമുക്കു നൽകും. നീ അതു വിശ്വസിക്കുന്നുവോ?—
(പ്രാർഥനയെ സംബന്ധിച്ച് 1 പത്രോസ് 3:12; 1 യോഹന്നാൻ 5:14; റോമർ 12:12 എന്നിവിടങ്ങളിൽ കൂടുതൽ നല്ല ബുദ്ധിയുപദേശങ്ങൾ കാണുന്നു.)