‘രാജാവായി വരുന്നവൻ വാഴ്ത്തപ്പെട്ടവൻ’
അധ്യായം 39
‘രാജാവായി വരുന്നവൻ വാഴ്ത്തപ്പെട്ടവൻ’
നിനക്കു കർത്താവിന്റെ പ്രാർഥന അറിയാമോ?—നീ അതു പറയുന്നതു ഞാനൊന്നു കേൾക്കട്ടെ.—നീ അത് ഓർക്കുന്നില്ലെങ്കിൽ നമുക്ക് ഒരുമിച്ച് അതു ബൈബിളിൽ മത്തായി ആറാം അധ്യായം ഒമ്പതു മുതൽ പതിമൂന്നു വരെയുളള വാക്യങ്ങളിൽ നിന്നു വായിക്കാം.
ആ പ്രാർഥനയിൽ ഇങ്ങനെ പറയുന്നു: “നിന്റെ രാജ്യം വരേണമേ.” ഒരു രാജ്യം എന്നാലെന്താണ്? നിനക്കറിയാമോ?—
ഒരു രാജ്യം ഒരു ഗവൺമെൻറാണ്. അത് എന്താണെന്നു നിനക്കറിയാം, അല്ലേ?—ഗവൺമെൻറ് ഒരു രാജ്യത്തെ ഭരിക്കുന്ന ഒരു കൂട്ടം ആളുകളാണ്.
ഒരു ഗവൺമെൻറിൽ ഒരു തലവനോ ഭരണാധികാരിയോ ഉണ്ട്. ചില രാജ്യങ്ങളിൽ ഈ ആൾ പ്രസിഡണ്ട് എന്നു വിളിക്കപ്പെടുന്നു. എന്നാൽ ദൈവത്തിന്റെ ഗവൺമെൻറിലെ ഭരണാധികാരി എന്തു വിളിക്കപ്പെടുന്നുവെന്നു നിനക്കറിയാമോ?—അവൻ രാജാവാണ്.
ദൈവരാജ്യത്തിനുവേണ്ടി യഹോവ തന്നെയാണു രാജാവിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ആ രാജാവ് ആരാണെന്നു നിനക്കറിയാമോ?—യേശുക്രിസ്തു തന്നെ. അവൻ മനുഷ്യർ തിരഞ്ഞെടുക്കുന്ന ഏതു ഭരണാധികാരിയെക്കാളും മെച്ചമാണ്. യേശുവിന് ആ ഭരണാധികാരികളിൽ ഏതൊരുവനെക്കാളുമധികം അധികാരമുണ്ട്. യേശു യഥാർഥത്തിൽ ദൈവത്തെ സ്നേഹിക്കുന്നു. അതുകൊണ്ട് അവൻ എല്ലായ്പോഴും ശരിയായതു ചെയ്യുന്നു.
ദീർഘനാൾ മുമ്പു യിസ്രായേലിൽ പുതുരാജാക്കൻമാർ തങ്ങളേത്തന്നെ ജനങ്ങൾക്ക് അറിയിച്ചുകൊടുക്കുന്നതിന് ഒരു കഴുതക്കുട്ടിപ്പുറത്തു യരൂശലേമിലേക്ക് എഴുന്നെളളുമായിരുന്നു. ഇതാണു യേശു ചെയ്തത്.
യെരൂശലേമിനു വെളിയിൽ ഒരു ചെറിയ ഗ്രാമം ഉണ്ടായിരുന്നു. യേശു അതിനോടു സമീപിച്ചപ്പോൾ അവൻ തന്റെ ശിഷ്യൻമാരിൽ
രണ്ടുപേരോട്: ‘ആ ഗ്രാമത്തിലേക്കു പോകുവിൻ; അപ്പോൾ നിങ്ങൾ ഒരു കഴുതക്കുട്ടിയെ കണ്ടെത്തും. അതിനെ അഴിച്ച് എന്റെ അടുക്കൽ കൊണ്ടുവരുവിൻ’ എന്നു പറഞ്ഞു.യേശു പറഞ്ഞതുപോലെതന്നെ ശിഷ്യൻമാർ ചെയ്തു. അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നപ്പോൾ അവൻ അതിന്റെമേൽ ഇരുന്നു. അവൻ യെരൂശലേമിനോടടുത്തപ്പോൾ, ഒരു വലിയ ജനക്കൂട്ടം അവനെ എതിരേൽക്കാൻ വന്നു.
യേശു സവാരിചെയ്തപ്പോൾ ജനക്കൂട്ടത്തിലധികംപേരും തങ്ങളുടെ ബാഹ്യവസ്ത്രങ്ങൾ അവന്റെ മുമ്പിൽ വഴിയിൽ വിരിക്കാൻ തുടങ്ങി. മററുചിലർ വൃക്ഷങ്ങളിൽനിന്നു കൊമ്പുകൾ വെട്ടി വഴിയിൽ നിരത്തി. അവർ യേശുവിനെ രാജാവായി ആഗ്രഹിക്കുന്നുവെന്ന് ഇതിനാൽ പ്രകടമാക്കി.
യേശുവിനെ സ്വാഗതംചെയ്യാൻ ജനങ്ങൾക്കു സന്തോഷമായിരുന്നു. “യഹോവയുടെ നാമത്തിൽ രാജാവായി വരുന്നവൻ വാഴ്ത്തപ്പെട്ടവനാകുന്നു!” എന്ന് അവർ വിളിച്ചു പറഞ്ഞു.
എന്നാൽ യേശു രാജാവായി യെരൂശലേമിലേക്ക് എഴുന്നെളളിയതിൽ എല്ലാവരും സന്തുഷ്ടരായിരുന്നില്ല. ചിലർ യേശുവിനോട് ‘നിന്റെ ശിഷ്യൻമാരോടു മിണ്ടാതിരിക്കാൻ പറയൂ’ എന്നുപോലും പറഞ്ഞു.—ലൂക്കോസ് 19:28-40.
ക്രിസ്തുവിനെ രാജാവായി ലഭിക്കുന്നതിനെക്കുറിച്ചു നീ എങ്ങനെ വിചാരിക്കുന്നു?—യേശു യെരൂശലേമിലേക്ക് എഴുന്നളളിയപ്പോൾ നീ ജീവിച്ചിരുന്നുവെങ്കിൽ നീ അവനെ യഹോവയാൽ
അവന്റെ ജനത്തിന്റെ അടുക്കലേക്ക് അയയ്ക്കപ്പെട്ടവനെന്ന നിലയിൽ സ്വാഗതംചെയ്യുമായിരുന്നോ?—യേശു ഇന്നു ഭൂമിയിലല്ല, ആണോ?—അവൻ സ്വർഗത്തിലാണ്. അവൻ രാജാവായി ഭരിക്കുന്നതു സ്വർഗത്തിൽനിന്നാണ്. നമുക്ക് അവനെ കാണാൻ കഴികയില്ലെങ്കിലും അവന് ഇവിടെ ഭൂമിയിലുളള നമ്മിലോരോരുത്തരെയും കാണാൻ കഴിയും. നമുക്ക് അവനെ ഭോഷനാക്കാൻ കഴികയില്ല. നാം ചെയ്യുന്നത് അവൻ കാണുന്നു. നാം ചിന്തിക്കുന്നതുപോലും അവൻ അറിയുന്നു. നാം യഥാർഥത്തിൽ യഹോവയെ സ്നേഹിക്കുന്നുവെങ്കിൽ അവൻ അതറിയുന്നു. ബൈബിൾ പറയുന്നതു ചെയ്യാൻ നാം കഠിനശ്രമം ചെയ്യുന്നുവെങ്കിൽ അവൻ നമ്മെ സഹായിക്കും. അവനെ എന്നേക്കും നിന്റെ രാജാവായി ലഭിക്കുവാൻ നീ ഇഷ്ടപ്പെടുന്നുവോ?—
ക്രിസ്തു രാജാവായിരിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നില്ല. അവർ ദൈവത്തിൽ വിശ്വസിക്കുന്നുവെന്ന് അവർ പറഞ്ഞേക്കാം. എന്നാൽ അവർക്ക് അവന്റെ രാജ്യം വേണ്ട. എന്തുചെയ്യണമെന്നു ദൈവമോ ക്രിസ്തുവോ അവരോടു പറയാൻ അവർ ആഗ്രഹിക്കുന്നില്ല. അവർക്കു ഇവിടെ ഭൂമിയിൽ അവരുടെ സ്വന്തം ഗവൺമെൻറുകൾ വേണം. അതുകൊണ്ട് എന്താണവർക്കു സംഭവിക്കാൻപോകുന്നതെന്നു നിനക്കറിയാമോ?—
ദാനിയേൽ രണ്ടാമധ്യായം നാല്പത്തിനാലാം വാക്യത്തിൽ ബൈബിൾ നമുക്ക് ഉത്തരംനല്കുന്നു. നമുക്കു നമ്മുടെ ബൈബിളുകൾ കൊണ്ടുവന്ന് അത് ഒരുമിച്ച് എടുക്കാം. ഈ തിരുവെഴുത്തു പിൻവരുന്നപ്രകാരം പറയുമ്പോൾ നമ്മുടെ സ്വന്തം നാളിനെക്കുറിച്ചാണു പറയുന്നത്: “ആ രാജാക്കൻമാരുടെ കാലത്തു സ്വർഗസ്ഥനായദൈവം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ലാത്ത ഒരു രാജ്യം സ്ഥാപിക്കും. രാജ്യംതന്നെ മറെറാരു ജനത്തിനും ഏൽപ്പിക്കപ്പെടുകയില്ല. അത് ഈ രാജ്യങ്ങളെയെല്ലാം തകർത്തുകളയുകയും അവസാനിപ്പിക്കുകയും ചെയ്യും, അതുതന്നെ അനിശ്ചിതകാലത്തോളം നിലനിൽക്കുകയും ചെയ്യും.”
നിനക്ക് അതു മനസ്സിലായോ?—ദൈവത്തിന്റെ ഗവൺമെൻറ് ഈ സകല ഭൗമികഗവൺമെൻറുകളെയും നശിപ്പിക്കാൻ പോകുകയാണ് എന്നു ബൈബിൾ പറയുന്നു. എന്തുകൊണ്ട്?—എന്തുകൊണ്ടെന്നാൽ അവ ദൈവം രാജാവാക്കിയിരിക്കുന്നവനെ അനുസരിക്കുന്നില്ല.
സർവഭൂമിയും ദൈവത്തിനുളളതാണ്. അവൻ അതിനെയും മുഴുപ്രപഞ്ചത്തെയും ഉണ്ടാക്കി. അതുകൊണ്ട് ഏതുതരം ഗവൺമെൻറ് ഭരിക്കണമെന്നു നിശ്ചയിക്കാനുളള അവകാശം അവനുണ്ട്. അവന്റെ ഗവൺമെൻറാണ് ഏററവും ഉത്തമം. പെട്ടെന്നുതന്നെ, സ്ഥിതിചെയ്യുന്ന ഏക ഗവൺമെൻറ് ദൈവത്തിന്റെ രാജ്യമായിരിക്കും.
നീ ദൈവരാജ്യത്തിൻകീഴിൽ എന്നേക്കും ജീവിക്കാനാഗ്രഹിക്കുന്നുവോ?—ഞാനാഗ്രഹിക്കുന്നു. എന്നാൽ നാം അതു ദൈവത്തിനു തെളിയിച്ചുകൊടുക്കേണ്ട ആവശ്യമുണ്ട്. എങ്ങനെയെന്നു നിനക്കറിയാമോ?—അതു ദൈവനിയമങ്ങൾ പഠിക്കുന്നതിനാലും അവയെ എല്ലാ ദിവസവും അനുസരിക്കുന്നതിനാലുമാണ്.
ഇപ്പോൾ, ദൈവത്തിന്റെ രാജ്യം മനുഷ്യരുടെ ഗവൺമെൻറുകളെ നശിപ്പിക്കുമെന്നു ദൈവം പറയുന്നു. എന്നാൽ നാം അതു ചെയ്യണമെന്ന് അവൻ നമ്മോടു പറയുന്നുണ്ടോ?—ഇല്ല. ആ ഗവൺമെൻറുകൾ ഭരിക്കാൻ ദൈവം അനുവദിക്കുന്നിടത്തോളം കാലം നാം മനുഷ്യരുടെ നിയമങ്ങളനുസരിക്കണമെന്നു ബൈബിൾ പറയുന്നു.
എന്നാൽ നാം യഥാർഥത്തിൽ ക്രിസ്തുവിനെ രാജാവായി ആഗ്രഹിക്കുന്നുവെങ്കിൽ, നാം അതിൽപ്പരം ചെയ്യേണ്ടതാണ്. നാം ക്രിസ്തു പറഞ്ഞ സകല കാര്യങ്ങളും അനുസരിക്കേണ്ടതാണ്. നാം “ലോകത്തിന്റെ ഭാഗം” ആയിരിക്കരുതെന്ന് അവൻ പറഞ്ഞു. നാം ലോകത്തിലെ ഗവൺമെൻറുകളുടെ ഭാഗമായിരിക്കാൻ ശ്രമിച്ചാൽ നാം അവനെ അനുസരിക്കുകയായിരിക്കുമോ?—യേശുവും അവന്റെ അപ്പോസ്തലൻമാരും അങ്ങനെയുളള കാര്യങ്ങളിൽ നിന്ന് അകന്നുനിന്നു.—യോഹന്നാൻ 17:14.
പകരം അവർ എന്തു ചെയ്തു?—അവർ ദൈവരാജ്യത്തെക്കുറിച്ചു മററുളളവരോടു പറഞ്ഞു. അതായിരുന്നു അവരുടെ ജീവിതത്തിലെ വലിയവേല. നമുക്കും അതു ചെയ്യാൻ കഴിയുമോ?—ഉവ്വ്, ദൈവരാജ്യം വരണമെന്നു നാം പ്രാർഥിക്കുമ്പോൾ പറയുന്നത് അർഥമാക്കുന്നുവെങ്കിൽ നാം അതു ചെയ്യും.
(ദൈവം രാജാവാക്കിയിരിക്കുന്നവനെ നാം എങ്ങനെ വീക്ഷിക്കണമെന്നു പ്രകടമാക്കുന്ന കൂടുതലായ ഈ തിരുവെഴുത്തുകൾ വായിക്കാൻ കുറെ മിനിററുകൾകൂടി എടുക്കുക: യെശയ്യാവു 9:6, 7; ദാനിയേൽ 7:13, 14; യോഹന്നാൻ 18:36; മത്തായി 6:33.)