സത്യം പറയാഞ്ഞ രണ്ടു വ്യക്തികൾ
അധ്യായം 17
സത്യം പറയാഞ്ഞ രണ്ടു വ്യക്തികൾ
ഒരു പെൺകുട്ടി അവളുടെ അമ്മയോട്, “ഉവ്വ്, സ്കൂൾ വിട്ടാലുടനെ ഞാൻ വീട്ടിൽ വരാം” എന്നു വാഗ്ദാനംചെയ്തുവെന്നിരിക്കട്ടെ. എന്നാൽ അപ്പോൾ മററു കുട്ടികൾ അവളോടു പോകാതെ നിന്നു തങ്ങളോടുകൂടെ കളിക്കാനാവശ്യപ്പെടുന്നു. നില്ക്കുന്നതു ശരിയായിരിക്കുമോ—അല്പസമയത്തേക്കുമാത്രം?—
അല്ലെങ്കിൽ ഒരു ആൺകുട്ടി തന്റെ പിതാവിനോട്: “ഇല്ല, ഞാൻ മേലാൽ വീട്ടിലേക്കു പന്തെറിയുകയില്ല” എന്ന് ഒരുപക്ഷേ വാഗ്ദാനം ചെയ്യുന്നു. അവന്റെ പിതാവു നോക്കാത്തപ്പോൾ ഏതാനും ചില പ്രാവശ്യംകൂടെ മാത്രം അതു ചെയ്യുന്നതു ശരിയായിരിക്കുമോ?—
ചെയ്യേണ്ട ശരിയായ സംഗതി മഹദ്ഗുരു കാണിച്ചുതന്നു. അവൻ ഇങ്ങനെ പറഞ്ഞു: ‘ഉവ്വ് എന്ന നിന്റെ വാക്കിന്റെ അർഥം ഉവ്വ് എന്നായിരിക്കട്ടെ, നിന്റെ ഇല്ല എന്നതിന് ഇല്ല എന്നും; എന്തുകൊണ്ടെന്നാൽ അങ്ങനെയല്ലാത്തതെന്തും ദുഷ്ടനിൽനിന്നുളളതാണ്.’—മത്തായി 5:37.
യേശു അതിനാൽ എന്താണർഥമാക്കിയത്?—നാം എല്ലായ്പോഴും നമ്മുടെ വാഗ്ദാനങ്ങൾ പാലിക്കണമെന്നാണ് അവൻ അർഥമാക്കിയത്; നാം എല്ലായ്പോഴും സത്യം പറയണം.
സത്യം പറയുന്നത് എത്ര പ്രധാനമാണെന്നു കാണിക്കുന്ന ഒരു കഥയുണ്ട്. അത് യേശുവിന്റെ ശിഷ്യൻമാരാണെന്നു പറഞ്ഞ രണ്ടു വ്യക്തികളെ സംബന്ധിച്ചുളളതാണ്.
യേശുവിന്റെ മരണശേഷം അല്പകാലം കഴിഞ്ഞ് അനേകമാളുകൾ അവന്റെ ശിഷ്യൻമാരായിത്തീർന്നു. ഈ ആളുകളിൽ ചിലർ വിദൂരസ്ഥലങ്ങളിൽനിന്നു യെരൂശലേമിൽ വന്നിരുന്നു. ഇവിടെവച്ച് ആദ്യമായിട്ടാണ് അവർ യേശുവിനെക്കുറിച്ചു പഠിച്ചത്. അവർ കൂടുതൽ അറിയാനാഗ്രഹിച്ചു. തൽഫലമായി, അവർ പ്രതീക്ഷിച്ചതിനെക്കാൾ ദീർഘമായി യെരൂശലേമിൽ
പാർത്തു. ചിലരുടെ പണം തീർന്നുപോയി, അവർക്കും ആഹാരം വാങ്ങാൻ സഹായം ആവശ്യമായിരുന്നു.യെരൂശലേമിലെ ശിഷ്യൻമാർ അവരെ സഹായിക്കാനാഗ്രഹിച്ചു. അതുകൊണ്ട് ഈ ശിഷ്യൻമാരിൽ അനേകർ തങ്ങൾക്കു സ്വന്തമായി ഉണ്ടായിരുന്ന വസ്തുക്കൾ വില്ക്കുകയും പണം യേശുവിന്റെ അപ്പോസ്തലൻമാരുടെ അടുക്കൽ കൊണ്ടുവരുകയും ചെയ്തു. അപ്പോൾ അപ്പോസ്തലൻമാർ പണമാവശ്യമുണ്ടായിരുന്നവർക്ക് അതു കൊടുത്തു.
അനന്യാസ് എന്നു പേരുണ്ടായിരുന്ന ഒരു ശിഷ്യനും അയാളുടെ ഭാര്യ സഫീരയും അവർക്കുണ്ടായിരുന്ന ഒരു വയൽ വിററു. അവർ അതു വില്ക്കേണ്ടതാണെന്ന് ആരും അവരോടു പറഞ്ഞില്ലായിരുന്നു. അവർ അതു സ്വയമായി തീരുമാനിച്ചതായിരുന്നു. എന്നാൽ അവർ ചെയ്തത് അവർ പുതിയ ശിഷ്യൻമാരെ സ്നേഹിച്ചതുകൊണ്ടല്ലായിരുന്നു. യഥാർഥത്തിൽ അവർ തങ്ങൾ ആയിരിക്കുന്നതിനെക്കാൾ മെച്ചമാണെന്നു മററാളുകളെ ധരിപ്പിക്കാൻ അവർ ആഗ്രഹിച്ചു. അതുകൊണ്ട് അവർ ഈ പണം മുഴുവനും മററുളളവരെ സഹായിക്കാൻ കൊടുക്കുകയാണെന്നു തോന്നിക്കാനാഗ്രഹിച്ചു. എന്നാൽ യഥാർഥത്തിൽ അവർ അതിന്റെ ഒരു ഭാഗം മാത്രം കൊടുക്കുവാനും ബാക്കി സൂക്ഷിക്കുവാനും പോകുകയായിരുന്നു. നീ അതിനെക്കുറിച്ച് എന്തു വിചാരിക്കുന്നു?—
ആദ്യം അനന്യാസ് യേശുക്രിസ്തുവിന്റെ അപ്പോസ്തലൻമാരെ കാണാൻവന്നു. അവൻ പണം അവർക്കു കൊടുത്തു. എന്നാൽ അനന്യാസ് പണം മുഴുവൻ കൊടുത്തില്ല. ദൈവം അതറിഞ്ഞു. അതുകൊണ്ട് അനന്യാസ് സത്യസന്ധനായിരിക്കുന്നില്ലെന്ന് അവൻ അപ്പോസ്തലനായ പത്രോസിനെ അറിയിച്ചു. അതിങ്കൽ പത്രോസ് ഇങ്ങനെ പറഞ്ഞു:
‘അനന്യാസേ, നീ ഇതു ചെയ്യാനിടയാക്കാൻ സാത്താനെ അനുവദിച്ചതെന്തുകൊണ്ട്? വയൽ നിന്റേതായിരുന്നു. നീ അതു വില്ക്കേണ്ടിയിരുന്നില്ല. നീ വയൽ വിററശേഷവും പണംകൊണ്ട് എന്തുചെയ്യണമെന്നു നിശ്ചയിക്കേണ്ടതു നീ ആയിരുന്നു. എന്നാൽ നീ പണത്തിന്റെ ഒരു ഭാഗം മാത്രം കൊടുത്തിട്ടു മുഴുവൻ കൊടുത്തുവെന്നു നടിച്ചതെന്തിന്? ഇതിനാൽ നീ വ്യാജം പറയുകയായിരുന്നു. ഞങ്ങളോടു മാത്രമല്ല, ദൈവത്തോടും.’
അത് അത്ര ഗൗരവമുളളതായിരുന്നു. അനന്യാസ് ഭോഷ്കു പറയുകയായിരുന്നു! അവൻ ചെയ്യാൻ പോകുകയാണെന്നു പറഞ്ഞതു അവൻ ചെയ്തില്ല. അവനും ഭാര്യയും അതു ചെയ്യുന്നതായി നടിച്ചതേയുളളു.
അടുത്തതായി എന്തു സംഭവിച്ചുവെന്നു ബൈബിൾ നമ്മോടു പറയുന്നു. ‘പത്രോസിന്റെ വാക്കുകൾ കേട്ടയുടനെ അനന്യാസ് നിലത്തു വീണു മരിച്ചു’ എന്ന് അതു പറയുന്നു. ദൈവം അനന്യാസിനെ കൊന്നു! അവന്റെ ശവം പുറത്തുകൊണ്ടുപോയി കുഴിച്ചിട്ടു.
ഏതാണ്ടു മൂന്നു മണിക്കൂർ കഴിഞ്ഞ് അവന്റെ ഭാര്യയായ സഫീരാ അകത്തുവന്നു. അവളുടെ ഭർത്താവിന് എന്തു സംഭവിച്ചുവെന്ന് അവൾ അറിഞ്ഞിരുന്നില്ല. അതുകൊണ്ടു പത്രോസ് അവളോട്: ‘നിങ്ങൾ ഞങ്ങൾക്കു തന്ന തുകയ്ക്കാണോ രണ്ടുപേരുംകൂടെ വയൽ വിററത്?’ എന്നു ചോദിച്ചു.
സഫീര ഇങ്ങനെ ഉത്തരം പറഞ്ഞു: ‘അതെ, ഞങ്ങൾ ആ തുകയ്ക്കുതന്നെയാണു വയൽ വിററത്.’
എന്നാൽ അതു വ്യാജമായിരുന്നു! അവർ പണത്തിൽ കുറെ അവർക്കുവേണ്ടിത്തന്നെ സൂക്ഷിച്ചിരുന്നു. അതുകൊണ്ടു ദൈവം സഫീരയെയും കൊന്നു.—പ്രവൃത്തികൾ 5:1-11.
അനന്യാസിനും സഫീരയ്ക്കും സംഭവിച്ചതിൽനിന്നു നാം പഠിക്കേണ്ട എന്തെങ്കിലുമുണ്ടെന്നു നീ വിചാരിക്കുന്നുവോ?—ഉവ്വ്. ദൈവം ഭോഷ്കു പറയുന്നവരെ ഇഷ്ടപ്പെടുന്നില്ലെന്ന് അതു നമ്മെ പഠിപ്പിക്കുന്നു. നാം എല്ലായ്പോഴും സത്യം പറയണമെന്ന് അവൻ ആവശ്യപ്പെടുന്നു.
ഭോഷ്കു പറയുന്നതുകൊണ്ടു ദോഷമില്ലെന്ന് അനേകമാളുകൾ പറയുന്നു. അവർ മിക്കവാറും എല്ലാ ദിവസവും വ്യാജം പറയുന്നു. എന്നാൽ അതു ശരിയാണെന്നു നീ വിചാരിക്കുന്നുവോ?—
ഭൂമിയിലെ സകല രോഗവും വേദനയും മരണവും ഒരു ഭോഷ്കു നിമിത്തം
വന്നതാണെന്നു നിനക്കറിയാമോ?—പിശാച് ഒന്നാമത്തെ സ്ത്രീയായ ഹവ്വായോട് ദൈവത്തെക്കുറിച്ചു ഭോഷ്കു പറഞ്ഞു. തൽഫലമായി അവൾ ദൈവനിയമം ലംഘിച്ചു. അനന്തരം അവൾ ആദാമിനെക്കൊണ്ടും ദൈവനിയമം ലംഘിപ്പിച്ചു. ഇപ്പോൾ അവർ പാപികളായിത്തീർന്നു. അവരുടെ മക്കളെല്ലാം പാപികളായി ജനിക്കുമായിരുന്നു. പാപം നിമിത്തം അവർ കഷ്ടപ്പെടുകയും മരിക്കുകയും ചെയ്യും. അതെല്ലാം എങ്ങനെ ആരംഭിച്ചു?—ഒരു ഭോഷ്കോടെ.പിശാച് “ഭോഷ്കു പറയുന്നവനും ഭോഷ്കിന്റെ അപ്പനുമാകുന്നു”വെന്നു യേശു പറഞ്ഞത് ആശ്ചര്യമല്ല. അവനാണ് ആദ്യമായി ഭോഷ്കു പറഞ്ഞവൻ. ആരെങ്കിലും ഒരു ഭോഷ്കു പറയുമ്പോൾ അവൻ പിശാചു ചെയ്തതുതന്നെ ചെയ്യുകയാണ്. നാം എന്നെങ്കിലും ഭോഷ്കു പറയാൻ പരീക്ഷിക്കപ്പെടുന്നുവെങ്കിൽ നാം ഇതിനെക്കറിച്ചു ചിന്തിക്കണം.—യോഹന്നാൻ 8:44.
ഒരു വ്യക്തി തെററു ചെയ്യുമ്പോഴാണു മിക്കപ്പോഴും അതു സംബന്ധിച്ചു ഭോഷ്കു പറയുവാൻ പരീക്ഷിക്കപ്പെടുന്നത്. ദൃഷ്ടാന്തമായി, നീ എന്തെങ്കിലും പൊട്ടിച്ചേക്കാം. നീ അതു ചെയ്യാൻ ഉദ്ദേശിച്ചിരുന്നതല്ലായിരിക്കാം. എന്നാൽ സാധനം എങ്ങനെയോ പൊട്ടിപ്പോയി. നീ എന്തു ചെയ്യണം?—നീ അതു മറയ്ക്കാൻ ശ്രമിക്കുകയും ഒരുത്തരും കണ്ടുപിടിക്കയില്ലെന്നാശിക്കയും ചെയ്യേണമോ?—
നാം അനന്യാസിനെയും സഫീരയെയും ഓർക്കണം. അവർ സത്യം മറച്ചുവയ്ക്കാൻ ശ്രമിച്ചു. അവരെ കൊന്നതിനാൽ അത് എത്ര തെററായതാണെന്നു ദൈവം പ്രകടമാക്കി.
അതുകൊണ്ട്, നാം എന്തുചെയ്താലും, നാം അതു സംബന്ധിച്ചു വ്യാജം പറയരുത്. “സത്യം സംസാരിക്കുക” എന്നു ബൈബിൾ പറയുന്നു. അത് ഇങ്ങനെയും പറയുന്നു: “അന്യോന്യം ഭോഷ്കു പറയരുത്.” യഹോവ എല്ലായ്പോഴും സത്യം സംസാരിക്കുന്നു. നാം അതുതന്നെ ചെയ്യാൻ അവൻ പ്രതീക്ഷിക്കുന്നു.—എഫേസ്യർ 4:25; കൊലോസ്യർ 3:9.
(നാം എല്ലായ്പോഴും സത്യം പറയണം. അതാണ് പുറപ്പാടു 20:16; സദൃശവാക്യങ്ങൾ 6:16-19; 14:5; 12:19; 16:6 എന്നിവിടങ്ങളിൽ പറയുന്ന ആശയം.)