വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 7

അനുസരണം നിങ്ങളെ സംരക്ഷിക്കും!

അനുസരണം നിങ്ങളെ സംരക്ഷിക്കും!

ഇഷ്ടമുള്ളതെല്ലാം ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്തു ചെയ്യണം, എന്തു ചെയ്യരുത്‌ എന്നൊക്കെ ആരും നിങ്ങളോടു പറയാതിരിക്കുന്നതാണോ നിങ്ങൾക്കിഷ്ടം? എന്തായാലും പറഞ്ഞോളൂ, മടിക്കേണ്ട.—

മൂത്തവരുടെ വാക്കു കേൾക്കണമെന്നു പറയുന്നത്‌ എന്തുകൊണ്ടാണ്‌?

നിങ്ങൾക്ക്‌ ഇഷ്ടമുള്ളതെല്ലാം ചെയ്യുന്നത്‌ ബുദ്ധിയായിരിക്കുമോ? അതോ അച്ഛനും അമ്മയും പറയുന്നത്‌ കേൾക്കുന്നതാണോ നല്ലത്‌? എന്തു തോന്നുന്നു?— നിങ്ങൾ മാതാപിതാക്കളെ അനുസരിക്കണമെന്നാണ്‌ ദൈവം പറയുന്നത്‌. ദൈവം പറയുന്നത്‌ എന്തായാലും വെറുതെയാവില്ല, അതിനെന്തെങ്കിലും കാരണം കാണും. അതെന്താണെന്നു നോക്കിയാലോ?

നിങ്ങൾക്ക്‌ എത്ര വയസ്സുണ്ട്‌?— നിങ്ങളുടെ അച്ഛന്‌ എത്ര വയസ്സുണ്ടെന്ന്‌ അറിയാമോ?— അമ്മയ്‌ക്കോ?— അവരുടെ അച്ഛനും അമ്മയ്‌ക്കും എത്ര വയസ്സുണ്ടാകും?— നിങ്ങളെക്കാൾ എത്രയോ വയസ്സ്‌ കൂടുതലുണ്ട്‌ അവർക്കൊക്കെ! കൂടുതൽ കാലം ജീവിക്കുന്ന ഒരാൾക്ക്‌ കൂടുതൽ കാര്യങ്ങൾ പഠിക്കാനാകും. ഓരോ വർഷവും എത്രയെത്ര കാര്യങ്ങളാണ്‌ അയാൾക്ക്‌ കാണാനും കേൾക്കാനും ചെയ്യാനും പറ്റുന്നതെന്ന്‌ ഓർത്തുനോക്കൂ! അതുകൊണ്ട്‌ കുട്ടികൾക്ക്‌ വലിയവരിൽനിന്ന്‌ ധാരാളം കാര്യങ്ങൾ പഠിക്കാൻ പറ്റും.

നിങ്ങളെക്കാൾ പ്രായംകുറഞ്ഞ ആരെയെങ്കിലും അറിയാമോ?— അവരെക്കാൾ കൂടുതൽ കാര്യങ്ങൾ നിങ്ങൾക്കറിയാം, അല്ലേ?— എന്തായിരിക്കും കാരണം?— കാരണം, നിങ്ങൾ അവരെക്കാൾ കൂടുതൽ വർഷം ജീവിച്ചിട്ടുണ്ട്‌. ആ സമയംകൊണ്ട്‌ നിങ്ങൾ അവരെക്കാൾ കൂടുതൽ കാര്യങ്ങൾ പഠിച്ചിട്ടുണ്ട്‌.

എല്ലാവരെക്കാളും കൂടുതൽ കാലം ജീവിച്ചിട്ടുള്ളത്‌ ആരാണെന്നറിയാമോ?— യഹോവയാം ദൈവം. നമുക്കൊക്കെ അറിയാവുന്നതിലും കൂടുതൽ കാര്യങ്ങൾ യഹോവയ്‌ക്ക്‌ അറിയാം. അതുകൊണ്ട്‌, യഹോവ എന്തുചെയ്യാൻ പറഞ്ഞാലും അതു നമ്മുടെ ഗുണത്തിനാണെന്ന്‌ തീർച്ച. പക്ഷേ, അനുസരിക്കുന്നത്‌ എപ്പോഴും അത്ര എളുപ്പമായിരിക്കില്ല. മഹാനായ അധ്യാപകനുപോലും ഒരിക്കൽ അങ്ങനെ തോന്നിയിട്ടുണ്ട്‌. അതിനെപ്പറ്റി കേട്ടിട്ടുണ്ടോ?—

ഒരിക്കൽ, ദൈവം യേശുവിനോട്‌ വളരെ വിഷമംപിടിച്ച ഒരു കാര്യം ചെയ്യാൻ പറഞ്ഞു. യേശു അപ്പോൾ എന്തുചെയ്‌തു? ഈ ചിത്രത്തിൽ കാണുന്നതുപോലെ, അവൻ ദൈവത്തോടു പ്രാർഥിച്ചു. എന്താണു പ്രാർഥിച്ചതെന്നോ? ‘പിതാവേ, നിനക്കിഷ്ടമെങ്കിൽ ബുദ്ധിമുട്ടുള്ള ഈ കാര്യം എന്നിൽനിന്നു നീക്കേണമേ.’ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നത്‌ എപ്പോഴും അത്ര എളുപ്പമല്ലെന്നാണ്‌ ഇതു കാണിക്കുന്നത്‌. പക്ഷേ, പ്രാർഥനയുടെ അവസാനം യേശു എന്താണു പറഞ്ഞതെന്ന്‌ അറിയാമോ?—

യേശുവിന്റെ പ്രാർഥനയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

‘എന്നാൽ എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം നടക്കട്ടെ’ എന്നാണ്‌ യേശു പറഞ്ഞത്‌. (ലൂക്കോസ്‌ 22:41, 42) അതെ, തന്റെ ഇഷ്ടമല്ല ദൈവത്തിന്റെ ഇഷ്ടം നടക്കണമെന്നായിരുന്നു യേശുവിന്റെ ആഗ്രഹം. അതുകൊണ്ട്‌, അവൻ ദൈവത്തിന്റെ ഇഷ്ടമനുസരിച്ച്‌ പ്രവർത്തിച്ചു.

ഇതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?— അത്ര എളുപ്പമല്ലെന്നു തോന്നിയാൽപ്പോലും, ദൈവം പറയുന്നത്‌ ചെയ്യുന്നതാണ്‌ എപ്പോഴും ശരി. ഇതിൽനിന്ന്‌ നമുക്ക്‌ മറ്റൊരു കാര്യംകൂടി പഠിക്കാനുണ്ട്‌. എന്താണെന്ന്‌ അറിയാമോ?— ചില ആളുകൾ പറയുന്നതുപോലെ ദൈവവും യേശുവും ഒന്നല്ല. യഹോവയാം ദൈവത്തിന്‌ പുത്രനായ യേശുവിനെക്കാൾ കൂടുതൽ പ്രായവുമുണ്ട്‌, അറിവുമുണ്ട്‌.

നമ്മൾ ദൈവത്തെ അനുസരിക്കുമ്പോൾ നമുക്ക്‌ അവനോട്‌ സ്‌നേഹമുണ്ടെന്നാണ്‌ അത്‌ കാണിക്കുന്നത്‌. “ദൈവത്തോടുള്ള സ്‌നേഹമോ, അവന്റെ കൽപ്പനകൾ അനുസരിക്കുന്നതാകുന്നു” എന്ന്‌ ബൈബിൾ പറയുന്നു. (1 യോഹന്നാൻ 5:3) നമ്മളെല്ലാം ദൈവത്തെ അനുസരിക്കണം എന്നാണ്‌ അതിന്റെ അർഥം. ദൈവത്തെ അനുസരിക്കാൻ നിങ്ങൾക്കിഷ്ടമല്ലേ?—

കുട്ടികളോട്‌ ദൈവം എന്താണു പറഞ്ഞിരിക്കുന്നതെന്ന്‌ അറിയാൻ ബൈബിൾ തുറന്ന്‌ നമുക്കൊരു ഭാഗം വായിക്കാം. എഫെസ്യർ 6-ാം അധ്യായത്തിന്റെ 1-ഉം 2-ഉം 3-ഉം വാക്യങ്ങളാണ്‌ നമ്മൾ വായിക്കാൻ പോകുന്നത്‌. “മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിക്കുവിൻ; അതു ന്യായമാകുന്നുവല്ലോ. ‘നിനക്കു നന്മ ഭവിക്കേണ്ടതിനും നീ ഭൂമിയിൽ ദീർഘായുസ്സോടെ ഇരിക്കേണ്ടതിനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക’ എന്നത്‌ വാഗ്‌ദാനത്തോടുകൂടിയ ആദ്യകൽപ്പന ആകുന്നു.”

അച്ഛനെയും അമ്മയെയും അനുസരിക്കാൻ യഹോവയാണ്‌ നിങ്ങളോടു പറയുന്നത്‌ എന്ന കാര്യം ശ്രദ്ധിച്ചോ? അവരെ ‘ബഹുമാനിക്കണം’ എന്നും യഹോവ നിങ്ങളോടു പറയുന്നു. മാതാപിതാക്കളെ അനുസരിച്ചാൽ നിങ്ങൾക്കു നന്മയുണ്ടാകും എന്ന്‌ ദൈവം വാക്കുതന്നിരിക്കുന്നു.

അനുസരിച്ചതുകൊണ്ട്‌ മരിക്കാതെ രക്ഷപ്പെട്ട ചില ആളുകളുടെ കഥ ഞാൻ പറയാം. വളരെക്കാലംമുമ്പ്‌ യെരുശലേം എന്ന വലിയൊരു നഗരത്തിൽ ജീവിച്ചിരുന്ന ആളുകളുടെ കഥയാണത്‌. അവരിൽ പലരും ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. അതുകൊണ്ട്‌ ദൈവം ആ നഗരത്തെ നശിപ്പിക്കാൻ പോകുകയാണെന്ന്‌ യേശു അവരോടു പറഞ്ഞു. നല്ലതു ചെയ്യാൻ ഇഷ്ടപ്പെടുന്നവർ, രക്ഷപ്പെടുന്നതിനുവേണ്ടി എന്തു ചെയ്യണമെന്നും യേശു പറഞ്ഞു: ‘സൈന്യങ്ങൾ യെരുശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ നാശം അടുത്തിരിക്കുന്നു എന്ന്‌ അറിഞ്ഞുകൊള്ളുവിൻ. അപ്പോൾ യെരുശലേമിലുള്ളവർ മലകളിലേക്ക്‌ ഓടിപ്പോകട്ടെ.’—ലൂക്കോസ്‌ 21:20-22.

യേശുവിന്റെ വാക്കുകൾ അനുസരിച്ചത്‌ ഈ ആളുകളുടെ ജീവൻ രക്ഷിച്ചതെങ്ങനെ?

യേശു പറഞ്ഞതുപോലെതന്നെ സംഭവിച്ചു. റോമൻ പട്ടാളം യെരുശലേമിലെത്തി. ആ നഗരം പിടിച്ചടക്കാനാണ്‌ അവർ വന്നത്‌. അവർ നഗരത്തെ വളഞ്ഞു. എന്നാൽ, എന്താണെന്നറിയില്ല, പെട്ടെന്നുതന്നെ അവർ തിരിച്ചുപോയി. ഇനി പേടിക്കാനില്ലെന്ന്‌ മിക്കവരും കരുതി. അതുകൊണ്ട്‌ അവർ നഗരത്തിൽത്തന്നെ താമസിച്ചു. പക്ഷേ അവർ എന്തു ചെയ്യണമെന്നാണ്‌ യേശു പറഞ്ഞിരുന്നത്‌?— നിങ്ങൾ അന്ന്‌ യെരുശലേമിൽ ഉണ്ടായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു?— യേശു പറഞ്ഞത്‌ വിശ്വസിച്ച ആളുകൾ അവരുടെ വീട്‌ ഉപേക്ഷിച്ച്‌ യെരുശലേമിൽനിന്ന്‌ വളരെ അകലെയുള്ള മലകളിലേക്ക്‌ ഓടിപ്പോയി.

ആദ്യത്തെ വർഷം യെരുശലേമിന്‌ ഒന്നും സംഭവിച്ചില്ല. രണ്ടാമത്തെ വർഷവും ഒന്നും സംഭവിച്ചില്ല. മൂന്നാമത്തെ വർഷമോ? അപ്പോഴും ഒന്നും സംഭവിച്ചില്ല. നഗരം വിട്ടോടിപ്പോയവർ എന്തൊരു മണ്ടന്മാരാണെന്ന്‌ ചിലർ വിചാരിച്ചുകാണും! പക്ഷേ നാലാമത്തെ വർഷം എന്തു സംഭവിച്ചെന്നോ? റോമൻ പട്ടാളം തിരിച്ചുവന്ന്‌ യെരുശലേമിനെ വളഞ്ഞു. രക്ഷപ്പെടാമെന്നു വിചാരിച്ചാൽപ്പോലും സാധിക്കില്ലായിരുന്നു. പട്ടാളം നഗരത്തെ നശിപ്പിച്ചുകളഞ്ഞു. അവിടെയുണ്ടായിരുന്ന മിക്കവരെയും അവർ കൊന്നുകളഞ്ഞു; ബാക്കിയുള്ളവരെ തടവുകാരായി പിടിച്ചുകൊണ്ടുപോയി.

എന്നാൽ യേശു പറഞ്ഞത്‌ അനുസരിച്ചവർക്ക്‌ എന്തെങ്കിലും പറ്റിയോ?— ഇല്ല, അവർക്ക്‌ ആപത്തൊന്നും ഉണ്ടായില്ല. യെരുശലേമിൽനിന്ന്‌ വളരെ ദൂരെയായിരുന്നതുകൊണ്ട്‌ അവർ രക്ഷപ്പെട്ടു. അതെ, അനുസരണം അവരുടെ ജീവൻ രക്ഷിച്ചു.

അനുസരിക്കുന്നത്‌ നിങ്ങളുടെയും ജീവൻ രക്ഷിക്കുമോ?— റോഡിലിറങ്ങി കളിക്കരുതെന്ന്‌ അച്ഛനും അമ്മയും നിങ്ങളോടു പറയാറില്ലേ? എന്തിനാണ്‌ അവരങ്ങനെ പറയുന്നത്‌?— റോഡിൽ കളിച്ചാൽ വണ്ടി വന്നിടിക്കുമെന്ന്‌ അവർക്കറിയാം. പക്ഷേ, ‘ഇപ്പോൾ വണ്ടിയൊന്നും വരുന്നില്ലല്ലോ. അതുകൊണ്ട്‌ റോഡിലിറങ്ങിയാലും കുഴപ്പമില്ല. എത്ര കുട്ടികളാ റോഡിൽ കളിക്കുന്നത്‌, അവർക്കൊന്നും ഇതുവരെ ഒന്നും പറ്റിയിട്ടില്ലല്ലോ’ എന്ന്‌ ചിലപ്പോൾ നിങ്ങൾക്കു തോന്നിയേക്കാം.

അപകടമൊന്നും ഉണ്ടാകില്ല എന്നു തോന്നുമ്പോൾപ്പോലും അനുസരിക്കേണ്ടത്‌ എന്തുകൊണ്ടാണ്‌?

യെരുശലേമിൽ മിക്കവരും അങ്ങനെയാണു ചിന്തിച്ചത്‌. റോമൻ പട്ടാളക്കാർ ആദ്യം തിരിച്ചുപോയപ്പോൾ, ഇനി കുഴപ്പമൊന്നും ഉണ്ടാകില്ല എന്ന്‌ അവർക്കു തോന്നി. നഗരം വിട്ടുപോകാത്ത ചിലരെക്കണ്ട്‌ അവരും അവിടെത്തന്നെ തങ്ങി. എന്തു ചെയ്യണമെന്ന്‌ യേശു നേരത്തേതന്നെ അവരോടു പറഞ്ഞിരുന്നു; പക്ഷേ അവർ അനുസരിച്ചില്ല. അതുകൊണ്ട്‌ അവർക്ക്‌ അവരുടെ ജീവൻതന്നെ നഷ്ടപ്പെട്ടു!

ഇനി, മറ്റൊരു കാര്യം പറയാം. നിങ്ങൾ തീപ്പെട്ടി കത്തിച്ചു കളിക്കാറുണ്ടോ?— തീപ്പെട്ടിക്കൊള്ളി ഉരയ്‌ക്കുമ്പോൾ അതു കത്തുന്നത്‌ കാണാൻ നല്ല രസമായിരിക്കും. പക്ഷേ അതെത്ര അപകടമാണെന്നോ! വീടുമുഴുവൻ കത്തി നിങ്ങൾ മരിച്ചുപോകാൻ അതുമതി!

അതുകൊണ്ട്‌ ഒരുകാര്യം ഓർമവേണം: വല്ലപ്പോഴുംമാത്രം അനുസരിച്ചാൽ പോരാ; എപ്പോഴും അനുസരിക്കണം. അതു നിങ്ങളുടെ ജീവൻ രക്ഷിക്കും. ‘മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ അനുസരിക്കുവിൻ’ എന്ന്‌ ആരാണ്‌ നിങ്ങളോടു പറയുന്നത്‌?— ദൈവം. നിങ്ങളോടുള്ള ഇഷ്ടംകൊണ്ടാണ്‌ ദൈവം അങ്ങനെ പറയുന്നത്‌.

അനുസരണം എത്ര പ്രധാനമാണെന്നു മനസ്സിലാക്കാൻ ഈ തിരുവെഴുത്തുകൾ വായിക്കാം: സദൃശവാക്യങ്ങൾ 23:22; സഭാപ്രസംഗി 12:13; യെശയ്യാവു 48:17, 18; കൊലോസ്യർ 3:20.