വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 43

ആരാണ്‌ നമ്മുടെ സഹോദരന്മാരും സഹോദരിമാരും?

ആരാണ്‌ നമ്മുടെ സഹോദരന്മാരും സഹോദരിമാരും?

മഹാനായ അധ്യാപകൻ ഒരിക്കൽ ഒരു ചോദ്യം ചോദിച്ചു. അതുകേട്ട്‌ എല്ലാവരും അതിശയിച്ചുപോയി. ചോദ്യം എന്തായിരുന്നെന്നോ? “ആരാണ്‌ എന്റെ അമ്മയും എന്റെ സഹോദരന്മാരും?” (മത്തായി 12:48) നിങ്ങൾക്ക്‌ അതിന്റെ ഉത്തരം അറിയാമോ?— യേശുവിന്റെ അമ്മയുടെ പേര്‌ മറിയ എന്നാണെന്ന്‌ നിങ്ങൾക്ക്‌ അറിയാമായിരിക്കും. പക്ഷേ, അവന്റെ സഹോദരന്മാർ ആരെല്ലാമാണെന്ന്‌ അറിയാമോ?— ആകട്ടെ, അവന്‌ സഹോദരിമാരുണ്ടായിരുന്നോ?—

“യാക്കോബ്‌, യോസേഫ്‌, ശിമോൻ, യൂദാ” എന്നിവരായിരുന്നു യേശുവിന്റെ സഹോദരന്മാർ. യേശുവിന്റെ സഹോദരിമാരെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്‌. ഇവരെല്ലാം യേശുവിനെക്കാൾ ഇളയവരായിരുന്നു. മറിയയുടെ ആദ്യത്തെ കുഞ്ഞായിരുന്നല്ലോ യേശു.—മത്തായി 13:55, 56; ലൂക്കോസ്‌ 1:34, 35.

യേശുവിന്റെ സഹോദരന്മാർ അവനിൽ വിശ്വസിച്ചിരുന്നോ?— ആദ്യമൊന്നും അവർ “അവനിൽ വിശ്വസിച്ചിരുന്നില്ല” എന്ന്‌ ബൈബിൾ പറയുന്നു. (യോഹന്നാൻ 7:5) പക്ഷേ, പിന്നീട്‌ യാക്കോബും യൂദായും യേശുവിന്റെ ശിഷ്യന്മാരായി. ബൈബിളിലെ രണ്ടു പുസ്‌തകങ്ങൾ അവർ എഴുതിയിട്ടുണ്ട്‌. ഏതാണെന്ന്‌ അറിയാമോ?— അവരുടെ പേരുതന്നെയാണ്‌ ആ പുസ്‌തകങ്ങൾക്കും: യാക്കോബ്‌, യൂദാ.

യേശുവിന്റെ സഹോദരിമാരുടെ പേരുകൾ ബൈബിൾ പറയുന്നില്ല. പക്ഷേ, കുറഞ്ഞത്‌ രണ്ട്‌ സഹോദരിമാർ അവന്‌ ഉണ്ടായിരുന്നിരിക്കാം. ചിലപ്പോൾ രണ്ടിൽക്കൂടുതൽ ഉണ്ടായിരുന്നുകാണും. അവർ യേശുവിൽ വിശ്വസിച്ചിരുന്നോ?— അത്‌ നമുക്ക്‌ അറിയില്ല. കാരണം, അതിനെക്കുറിച്ച്‌ ബൈബിൾ ഒന്നും പറയുന്നില്ല. പക്ഷേ, “ആരാണ്‌ എന്റെ അമ്മയും എന്റെ സഹോദരന്മാരും?” എന്ന്‌ യേശു ചോദിച്ചത്‌ എന്തുകൊണ്ടായിരിക്കും?— നമുക്ക്‌ നോക്കാം.

യേശു ശിഷ്യന്മാരെ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഒരാൾ, “നിന്റെ അമ്മയും നിന്റെ സഹോദരന്മാരും നിന്നോടു സംസാരിക്കാനായി പുറത്തു നിൽക്കുന്നു” എന്നു പറഞ്ഞു. അപ്പോഴാണ്‌ യേശു നേരത്തേ പറഞ്ഞ ആ ചോദ്യം ചോദിച്ചത്‌. ഒരു പ്രധാനപ്പെട്ട പാഠം അവരെ പഠിപ്പിക്കാനാണ്‌ അവൻ അങ്ങനെ ചോദിച്ചത്‌. എന്നിട്ട്‌, ശിഷ്യന്മാരെ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ അവൻ പറഞ്ഞു: “ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും!”

താൻ എന്താണ്‌ ഉദ്ദേശിച്ചതെന്ന്‌ അവൻ വിശദീകരിച്ചു: “സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവരത്രേ എന്റെ സഹോദരനും സഹോദരിയും അമ്മയും.” (മത്തായി 12:47-50) യേശുവിന്‌ ശിഷ്യന്മാരോട്‌ എത്ര അടുപ്പം തോന്നി എന്ന്‌ ഇതിൽനിന്ന്‌ മനസ്സിലാക്കാം. അതെ, യേശുവിന്‌ തന്റെ അനുഗാമികൾ സ്വന്തം അമ്മയെയും സഹോദരങ്ങളെയും പോലെയായിരുന്നു.

തന്റെ സഹോദരന്മാരും സഹോദരിമാരും ആരാണെന്നാണ്‌ യേശു പറഞ്ഞത്‌?

യേശു ദൈവപുത്രനാണെന്ന്‌ അന്നൊന്നും അവന്റെ സഹോദരന്മാരായ യാക്കോബും യോസേഫും ശിമോനും യൂദായും വിശ്വസിച്ചിരുന്നില്ല. ഗബ്രിയേൽ ദൂതൻ മറിയയോട്‌ പറഞ്ഞ കാര്യങ്ങളും അവർ വിശ്വസിച്ചിരിക്കാൻ ഇടയില്ല. (ലൂക്കോസ്‌ 1:30-33) അതുകൊണ്ട്‌ അവർ യേശുവിനോട്‌ മോശമായി പെരുമാറിയിട്ടുണ്ടാകും. അങ്ങനെ ചെയ്യുന്നവർ ശരിക്കുമുള്ള സഹോദരങ്ങളല്ല. സ്വന്തം സഹോദരങ്ങളോട്‌ മോശമായി പെരുമാറുന്ന ആരെയെങ്കിലും നിങ്ങൾക്ക്‌ അറിയാമോ?—

ഏശാവിനെയും അവന്റെ സഹോദരനായ യാക്കോബിനെയും കുറിച്ച്‌ ബൈബിൾ പറയുന്നുണ്ട്‌. ഒരിക്കൽ യാക്കോബിനോടുള്ള ദേഷ്യം അടക്കാനാവാതെ ഏശാവ്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ എന്റെ സഹോദരനായ യാക്കോബിനെ കൊല്ലും.” അതുകേട്ട്‌, അവരുടെ അമ്മ റിബെക്കാ പേടിച്ചുപോയി. അവൾ എന്തുചെയ്‌തെന്നോ? അവൾ യാക്കോബിനെ ദൂരെ ഒരിടത്തേക്ക്‌ പറഞ്ഞുവിട്ടു. (ഉല്‌പത്തി 27:41-46) പക്ഷേ, കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഏശാവിന്റെ മനസ്സുമാറി. യാക്കോബിനെ വീണ്ടും കണ്ടപ്പോൾ അവൻ കെട്ടിപ്പിടിച്ച്‌ ചുംബിച്ചു എന്ന്‌ ബൈബിൾ പറയുന്നു.—ഉല്‌പത്തി 33:4.

അതിനിടെ യാക്കോബിനും മക്കൾ ജനിച്ചു. ആൺമക്കൾ 12 പേരുണ്ടായിരുന്നു. മൂത്തകുട്ടികൾക്ക്‌ ഇളയവനായ യോസേഫിനെ ഇഷ്ടമല്ലായിരുന്നു. അവർക്ക്‌ അവനോട്‌ അസൂയയായിരുന്നു. എന്തായിരുന്നു കാരണം? യാക്കോബിന്‌ യോസേഫിനെ ആയിരുന്നു കൂടുതൽ ഇഷ്ടം. അതുകൊണ്ട്‌ അവർ യോസേഫിനെ ഈജിപ്‌റ്റിലേക്കു പോകുകയായിരുന്ന അടിമക്കച്ചവടക്കാർക്ക്‌ വിറ്റു. എന്നിട്ട്‌ യോസേഫിനെ ഒരു കാട്ടുമൃഗം കൊന്നു എന്ന്‌ അവർ പിതാവിനോട്‌ പറഞ്ഞു. (ഉല്‌പത്തി 37:23-36) എന്തൊരു ക്രൂരത, അല്ലേ?—

ചെയ്‌തുപോയ തെറ്റിനെക്കുറിച്ച്‌ ഓർത്തപ്പോൾ പിന്നീട്‌ അവർക്കു വിഷമംതോന്നി. അതുകൊണ്ട്‌ യോസേഫ്‌ അവരോട്‌ ക്ഷമിച്ചു. യേശുവിനെപ്പോലെയായിരുന്നു യോസേഫ്‌. എങ്ങനെയായിരുന്നു എന്ന്‌ പറയാമോ?— യേശുവിനെ അറസ്റ്റുചെയ്‌തപ്പോൾ അവന്റെ അപ്പൊസ്‌തലന്മാർ അവനെ വിട്ട്‌ ഓടിപ്പോയി. പത്രോസാണെങ്കിൽ അവനെ അറിയില്ലെന്നുപോലും പറഞ്ഞു. എന്നിട്ടും യേശു അവരോടെല്ലാം ക്ഷമിച്ചു, യോസേഫ്‌ ചെയ്‌തതുപോലെ.

കയീൻ ഹാബെലിനോട്‌ ചെയ്‌തതിൽനിന്ന്‌ നമുക്ക്‌ എന്തു പാഠം പഠിക്കാനാകും?

വേറെ രണ്ട്‌ സഹോദരന്മാരെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്‌: കയീനും ഹാബെലും. അവരിൽനിന്നും നമുക്ക്‌ ഒരു പാഠം പഠിക്കാനുണ്ട്‌. കയീന്റെ മനസ്സിൽ ഹാബെലിനോട്‌ ഒട്ടും സ്‌നേഹമില്ലെന്ന്‌ ദൈവത്തിന്‌ അറിയാമായിരുന്നു. ആ സ്വഭാവം മാറ്റണമെന്ന്‌ ദൈവം കയീനോട്‌ പറഞ്ഞു. ദൈവത്തോട്‌ ശരിക്കും സ്‌നേഹമുണ്ടായിരുന്നെങ്കിൽ കയീൻ അത്‌ അനുസരിക്കുമായിരുന്നു. പക്ഷേ, അവന്‌ സ്‌നേഹമില്ലായിരുന്നു. ഒരു ദിവസം കയീൻ ഹാബെലിനോട്‌, ‘നമുക്ക്‌ വയലിലേക്ക്‌ പോകാം’ എന്നു പറഞ്ഞു. ഹാബെൽ കൂടെപ്പോയി. വയലിൽവെച്ച്‌ കയീൻ ഹാബെലിനെ അടിച്ചുകൊന്നു.—ഉല്‌പത്തി 4:2-8.

ഈ സംഭവത്തിൽനിന്ന്‌ നമ്മൾ വളരെ പ്രധാനപ്പെട്ട ഒരു പാഠം പഠിക്കേണ്ടതുണ്ട്‌ എന്ന്‌ ബൈബിൾ പറയുന്നു. അത്‌ എന്താണെന്ന്‌ അറിയാമോ?— “നിങ്ങൾ ആദിമുതൽ കേട്ടിരിക്കുന്ന സന്ദേശം നാം അന്യോന്യം സ്‌നേഹിക്കണം എന്നതാണല്ലോ. ദുഷ്ടനിൽനിന്നുള്ളവനായി സ്വന്തം സഹോദരനെ കൊലചെയ്‌ത കയീനെപ്പോലെ ആകരുത്‌ നാം.” അതുകൊണ്ട്‌ സഹോദരങ്ങൾ തമ്മിൽ തമ്മിൽ സ്‌നേഹിക്കണം. ഒരിക്കലും കയീനെപ്പോലെ ആകരുത്‌.—1 യോഹന്നാൻ 3:11, 12.

എന്തുകൊണ്ടാണ്‌ കയീനെപ്പോലെ ആകരുതെന്ന്‌ പറയുന്നത്‌?— കാരണം കയീൻ ‘ദുഷ്ടനിൽനിന്ന്‌’ എന്നുവെച്ചാൽ പിശാചായ സാത്താനിൽനിന്ന്‌ ഉള്ളവനാണെന്ന്‌ ബൈബിൾ പറയുന്നു. പിശാചിനെപ്പോലെ പ്രവർത്തിച്ചതുകൊണ്ടാണ്‌ അവനെ പിശാചിൽനിന്ന്‌ ഉള്ളവൻ എന്നു വിളിക്കുന്നത്‌.

സഹോദരങ്ങളെ സ്‌നേഹിക്കണം എന്ന്‌ പറയുന്നത്‌ എന്തുകൊണ്ടാണെന്ന്‌ ഇപ്പോൾ മനസ്സിലായില്ലേ?— അവരെ സ്‌നേഹിച്ചില്ലെങ്കിൽ നിങ്ങൾ ആരുടെ മക്കളാകും?— പിശാചിന്റെ മക്കൾ. അങ്ങനെയാവാൻ നിങ്ങൾക്ക്‌ ഇഷ്ടമില്ല, ശരിയല്ലേ?— അപ്പോൾ, ദൈവത്തിന്റെ മക്കളാകുന്നതാണ്‌ നിങ്ങൾക്ക്‌ ഇഷ്ടമെങ്കിൽ എന്തു ചെയ്യണം?— നിങ്ങളുടെ സഹോദരങ്ങളെ സ്‌നേഹിക്കണം. സ്‌നേഹിക്കുന്നെന്ന്‌ പറഞ്ഞാൽ പോരാ, ശരിക്കും സ്‌നേഹിക്കണം.

പക്ഷേ, സ്‌നേഹം എന്നു പറഞ്ഞാൽ എന്താണ്‌?— മറ്റുള്ളവർക്കുവേണ്ടി നല്ലകാര്യങ്ങൾ ചെയ്യണമെന്ന്‌ നമുക്ക്‌ ഉള്ളിന്റെയുള്ളിൽ തോന്നാറില്ലേ? അതാണ്‌ സ്‌നേഹം. മറ്റുള്ളവരോട്‌ ഇഷ്ടം തോന്നി അവർക്കുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മൾ അവരോട്‌ സ്‌നേഹം കാണിക്കുകയാണ്‌. അങ്ങനെയെങ്കിൽ, ആരാണ്‌ നമ്മുടെ സഹോദരങ്ങൾ?— യേശു പഠിപ്പിച്ചത്‌ ഓർക്കുന്നില്ലേ? നമ്മളെല്ലാം ഒരു വലിയ ക്രിസ്‌തീയ കുടുംബത്തിൽപ്പെട്ടവരാണ്‌. അതിലെ എല്ലാ അംഗങ്ങളും നമ്മുടെ സഹോദരങ്ങളാണ്‌.

സഹോദരനോട്‌ സ്‌നേഹമുണ്ടെന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ കാണിക്കാം?

ഈ സഹോദരങ്ങളെ സ്‌നേഹിക്കുന്നത്‌ വളരെ പ്രധാനപ്പെട്ട കാര്യമാണ്‌. എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌?— അതിന്റെ കാരണം ബൈബിൾ പറയുന്നുണ്ട്‌: ‘കാണുന്ന സഹോദരനെ (അല്ലെങ്കിൽ സഹോദരിയെ) സ്‌നേഹിക്കാത്തവന്‌ കാണാത്ത ദൈവത്തെ സ്‌നേഹിക്കാൻ പറ്റില്ല.’ (1 യോഹന്നാൻ 4:20) അതുകൊണ്ട്‌ നമ്മുടെ ക്രിസ്‌തീയ കുടുംബത്തിലെ ചിലരെമാത്രം സ്‌നേഹിച്ചാൽ പോരാ; എല്ലാവരെയും സ്‌നേഹിക്കണം. ‘നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന്‌ എല്ലാവരും അറിയും’ എന്ന്‌ യേശു പറഞ്ഞു. (യോഹന്നാൻ 13:35) ആകട്ടെ, നിങ്ങൾക്ക്‌ എല്ലാ സഹോദരങ്ങളോടും സ്‌നേഹമുണ്ടോ?— ഇല്ലെങ്കിൽ നിങ്ങൾക്ക്‌ ദൈവത്തെ സ്‌നേഹിക്കാൻ പറ്റില്ല!

നമ്മുടെ സഹോദരങ്ങളോട്‌ ശരിക്കും സ്‌നേഹമുണ്ടെന്ന്‌ നമുക്ക്‌ എങ്ങനെ കാണിക്കാൻ പറ്റും?— സ്‌നേഹമുണ്ടെങ്കിൽ, അവരോട്‌ മിണ്ടാൻ ഇഷ്ടമില്ലെന്നു പറഞ്ഞ്‌ നമ്മൾ മാറിനിൽക്കില്ല. എല്ലാവരോടും നമ്മൾ കൂട്ടുകൂടും. എപ്പോഴും നമ്മൾ അവർക്കുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യും. നമുക്കുള്ളതിൽനിന്ന്‌ അവർക്കു കൊടുക്കുകയും ചെയ്യും. ഇനി, അവർക്ക്‌ ഒരാപത്തു വന്നാൽ നമ്മൾ ചെന്ന്‌ അവരെ സഹായിക്കും; കാരണം അവരും നമ്മളും എല്ലാം ഒരു കുടുംബത്തിലുള്ളവരാണ്‌.

നമ്മൾ എല്ലാ സഹോദരങ്ങളെയും സ്‌നേഹിച്ചാൽ എന്താണ്‌ അതിന്റെ അർഥം?— മഹാനായ അധ്യാപകന്റെ ശിഷ്യന്മാരാണ്‌ നമ്മളെന്ന്‌ അതു കാണിക്കും. അതല്ലേ നമ്മൾ ഇഷ്ടപ്പെടുന്നതും?—

സഹോദരങ്ങളോട്‌ സ്‌നേഹം കാണിക്കുന്നതിനെക്കുറിച്ച്‌ ഗലാത്യർ 6:10-ലും 1 യോഹന്നാൻ 4:8, 21-ലും പറയുന്നുണ്ട്‌. ബൈബിൾ തുറന്ന്‌ അതൊന്ന്‌ വായിച്ചാലോ?