അധ്യായം 5
‘ഇവൻ എന്റെ പുത്രൻ’
കുട്ടികൾ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അച്ഛനമ്മമാർക്ക് എന്തൊരു സന്തോഷമായിരിക്കും! തന്റെ മകനോ മകളോ എന്തെങ്കിലും നന്നായി ചെയ്യുമ്പോൾ “എന്റെ മോനാ ഇത്” അല്ലെങ്കിൽ “എന്റെ മോളാ ഇത്” എന്ന് അച്ഛൻ സന്തോഷത്തോടെ മറ്റുള്ളവരോട് പറയും.
പിതാവിന് ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമേ യേശു ചെയ്യാറുള്ളൂ. അതുകൊണ്ട് പിതാവിന് അവനെക്കുറിച്ച് എത്ര അഭിമാനമാണെന്നോ! ഒരിക്കൽ യേശു അവന്റെ മൂന്നു ശിഷ്യന്മാരോടൊപ്പം ആയിരുന്നപ്പോൾ യഹോവ എന്താണു പറഞ്ഞതെന്ന് ഓർക്കുന്നുണ്ടോ?— “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന് അങ്ങു ദൂരെ സ്വർഗത്തിൽനിന്ന് ദൈവം അവരോടു പറഞ്ഞു.—മത്തായി 17:5.
പിതാവിന് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ യേശുവിന് എപ്പോഴും സന്തോഷമാണ്. എന്തുകൊണ്ടാണെന്ന് അറിയാമോ? പിതാവിനെ അത്ര ഇഷ്ടമാണ് അവന്. ആരെങ്കിലും നിർബന്ധിച്ചിട്ട്, മനസ്സില്ലാമനസ്സോടെ ഒരാൾ ഒരു കാര്യം ചെയ്യുകയാണെങ്കിൽ അതു ബുദ്ധിമുട്ടായി തോന്നും. എന്നാൽ മനസ്സോടെ ചെയ്യുകയാണെങ്കിൽ അത് എളുപ്പമായിരിക്കും. മനസ്സോടെ ചെയ്യുക എന്നു പറഞ്ഞാൽ എന്താണെന്ന് അറിയാമോ?— സന്തോഷത്തോടെ ചെയ്യുക.
ഭൂമിയിലേക്കു വരുന്നതിനുമുമ്പും പിതാവ് പറയുന്നതെല്ലാം യേശു ചെയ്യുമായിരുന്നു. കാരണം, പിതാവായ യഹോവയാം ദൈവത്തോട് അവന് വലിയ സ്‌നേഹമുണ്ട്. യേശു സ്വർഗത്തിൽ പിതാവിന്റെ കൂടെ സന്തോഷത്തോടെ കഴിഞ്ഞുവരുകയായിരുന്നു. അങ്ങനെയിരിക്കെ, ദൈവം അവന് ഒരു പ്രത്യേക ജോലി കൊടുത്തു. അതു ചെയ്യുന്നതിന് യേശു സ്വർഗത്തിൽനിന്ന് പോരണമായിരുന്നു. എന്നിട്ട് ഭൂമിയിൽ ഒരു ശിശുവായി ജനിക്കണം. യേശു അതിന് തയ്യാറായി; കാരണം, അതു ചെയ്യാൻ ആവശ്യപ്പെട്ടത് യഹോവയായിരുന്നു.
ശിശുവായി ഭൂമിയിൽ പിറക്കുന്നതിന് യേശുവിന് ഒരു അമ്മ വേണമായിരുന്നു. ആ അമ്മ ആരാണെന്ന് അറിയാമോ?— മറിയ. മറിയയോടു സംസാരിക്കാനായി യഹോവ സ്വർഗത്തിൽനിന്ന് ഒരു ദൂതനെ അയച്ചു. ഗബ്രിയേൽ എന്നായിരുന്നു ആ ദൂതന്റെ പേര്. അവൾക്ക് ഒരു ആൺകുഞ്ഞ് പിറക്കാൻപോകുന്ന വിവരം
ഗബ്രിയേൽ ദൂതൻ അവളെ അറിയിച്ചു. കുഞ്ഞിന് യേശു എന്ന് പേരിടണമെന്നും പറഞ്ഞു. ആകട്ടെ, കുഞ്ഞിന്റെ പിതാവ് ആരായിരിക്കും?— യഹോവയാം ദൈവമായിരിക്കും കുഞ്ഞിന്റെ പിതാവ് എന്ന് ദൂതൻ പറഞ്ഞു. അതുകൊണ്ടാണ് യേശുവിനെ ദൈവപുത്രൻ എന്നു വിളിക്കുന്നത്.ഇതു കേട്ടപ്പോൾ മറിയയ്‌ക്ക് എന്തു തോന്നിക്കാണും?— “യേശുവിന്റെ അമ്മയാകാൻ എനിക്കു പറ്റില്ല” എന്ന് മറിയ പറഞ്ഞോ? ഇല്ല. ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ മറിയയ്‌ക്ക് സമ്മതമായിരുന്നു. എന്നാൽ സ്വർഗത്തിലിരിക്കുന്ന ദൈവപുത്രന് എങ്ങനെയാണ് ഭൂമിയിൽ ഒരു ശിശുവായി ജനിക്കാൻ പറ്റുന്നത്? യേശുവിന്റെ ജനനം മറ്റു ശിശുക്കളുടെ ജനനംപോലെ അല്ലെന്നു പറയുന്നത് എന്തുകൊണ്ടാണ്? അറിയാമോ?—
ദൈവം നമ്മുടെ ആദ്യ മാതാപിതാക്കളായ ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ച് അവർ ഒരുമിച്ചു ജീവിക്കാനുള്ള ക്രമീകരണം ചെയ്‌തു. അങ്ങനെ ഒരുമിച്ചു ജീവിക്കുമ്പോൾ, അമ്മയുടെ വയറ്റിൽ കുഞ്ഞ് വളരാൻ തുടങ്ങും. എല്ലാവരും ഇതിനെ ഒരു അത്ഭുതം എന്നാണ് വിളിക്കുന്നത്. അത് ശരിയാണെന്ന് നിങ്ങൾക്കു തോന്നുന്നില്ലേ?
എന്നാൽ യേശുവിന്റെ കാര്യത്തിൽ ദൈവം അതിലും വലിയ ഒരു അത്ഭുതമാണ് ചെയ്‌തത്. സ്വർഗത്തിൽനിന്ന് അവൻ തന്റെ പുത്രന്റെ ജീവൻ മറിയയുടെ ഉള്ളിലേക്കു മാറ്റി. അതിനു മുമ്പോ അതിനു ശേഷമോ അതുപോലൊരു കാര്യം സംഭവിച്ചിട്ടില്ല. അങ്ങനെ, യേശു മറിയയുടെ വയറ്റിൽ വളരാൻ തുടങ്ങി, മറ്റു കുട്ടികൾ അമ്മമാരുടെ വയറ്റിൽ വളരുന്നതുപോലെ. അതിനുശേഷം, യോസേഫ് എന്നൊരാൾ മറിയയെ കല്യാണംകഴിച്ചു.
പിന്നീട് മറിയയും യോസേഫും ബേത്ത്‌ലെഹെം എന്ന പട്ടണത്തിലേക്കു പോയി. അവിടെ ആളുകളുടെ തിരക്കുകാരണം മറിയയ്‌ക്കും യോസേഫിനും
താമസിക്കാൻ മുറിയൊന്നും കിട്ടിയില്ല. അവർക്ക് ഒരു തൊഴുത്തിൽ താമസിക്കേണ്ടിവന്നു. അവിടെവെച്ചാണ് യേശു ജനിച്ചത്. ഈ ചിത്രത്തിൽ കാണുന്നതുപോലെ, അവർ അവനെ ഒരു പുൽത്തൊട്ടിയിൽ കിടത്തി. പുൽത്തൊട്ടി എന്താണെന്ന് അറിയില്ലേ? പശുവിനൊക്കെ തീറ്റിയിട്ടുകൊടുക്കുന്നത് പുൽത്തൊട്ടിയിലാണ്.യേശു ജനിച്ച രാത്രിയിൽ ചില അത്ഭുതങ്ങൾ നടന്നു. ബേത്ത്‌ലെഹെമിന് അടുത്തുണ്ടായിരുന്ന ചില ആട്ടിടയന്മാർക്ക് ഒരു ദൂതൻ പ്രത്യക്ഷപ്പെട്ടു. യേശു ഒരു സാധാരണ ശിശുവല്ലെന്ന് ദൂതൻ അവരോടു പറഞ്ഞു. ദൂതന്റെ വാക്കുകൾ ബൈബിളിൽ കാണാം: ‘ഇതാ, സകല ജനത്തെയും സന്തോഷിപ്പിക്കുന്ന ഒരു നല്ല വാർത്ത എനിക്കു പറയാനുണ്ട്: ജനങ്ങളെ രക്ഷിക്കാനുള്ള ഒരു ശിശു ഇന്നു പിറന്നിരിക്കുന്നു.’—ലൂക്കോസ് 2:10, 11.
ബേത്ത്‌ലെഹെമിൽ ചെന്നാൽ പുൽത്തൊട്ടിയിൽ കിടക്കുന്ന യേശുവിനെ കാണാമെന്ന് ദൂതൻ ഇടയന്മാരോട് പറയുന്നു. ഉടനെതന്നെ സ്വർഗത്തിലെ മറ്റു ദൂതന്മാരും ഈ ദൂതനോടൊപ്പം ചേർന്ന് ദൈവത്തെ സ്‌തുതിക്കുന്നു. ലൂക്കോസ് 2:12-14.
“ദൈവത്തിനു മഹത്ത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്ന് ദൂതന്മാർ പാടി.—ദൂതന്മാർ പോയതിനുശേഷം ഇടയന്മാർ ബേത്ത്‌ലെഹെമിലേക്കു തിരിച്ചു. തങ്ങൾ കേട്ട നല്ല കാര്യങ്ങൾ അവർ യോസേഫിനോടും മറിയയോടും പറഞ്ഞു. ഒന്നാലോചിച്ചു നോക്കൂ, യേശുവിന്റെ അമ്മയാകാൻ സമ്മതിച്ചതിൽ ഇപ്പോൾ മറിയയ്‌ക്ക് എത്രയധികം സന്തോഷം തോന്നിക്കാണും, അല്ലേ?
പിന്നീട് യോസേഫും മറിയയും യേശുവിനെയും കൂട്ടി നസറെത്തിലേക്കുപോയി. അവിടെയാണ് യേശു വളർന്നത്. വലുതായപ്പോൾ അവൻ പ്രസംഗവേല തുടങ്ങി. ഇതിനുംകൂടെ വേണ്ടിയാണ് യഹോവ യേശുവിനെ ഭൂമിയിലേക്ക് അയച്ചത്. യേശുവിനാണെങ്കിൽ അതു ചെയ്യാൻ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. കാരണം, തന്റെ സ്വർഗീയ പിതാവിനെ അവന് അത്രയ്‌ക്ക് ഇഷ്ടമായിരുന്നു.
മത്തായി 3:17) യഹോവയായിരുന്നു അത്! അച്ഛനും അമ്മയ്‌ക്കും നിങ്ങളെ ഇഷ്ടമാണെന്നു പറഞ്ഞുകേൾക്കുമ്പോൾ നിങ്ങൾക്ക് ഒരുപാട് സന്തോഷം തോന്നും, അല്ലേ?— യേശുവിനും അങ്ങനെ തോന്നിക്കാണും, തീർച്ച.
ഈ വേല തുടങ്ങുന്നതിനുമുമ്പ് യേശു, യോർദാൻ നദിയിൽ സ്‌നാപകയോഹന്നാന്റെ അടുക്കൽപ്പോയി സ്‌നാനമേറ്റു. അവിടെവെച്ച്, ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം സംഭവിച്ചു. യേശു സ്‌നാനമേറ്റു കഴിഞ്ഞപ്പോൾ, സ്വർഗത്തിൽനിന്ന് ഒരു ശബ്ദമുണ്ടായി: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” (ശരിയായ കാര്യങ്ങൾ മാത്രമേ യേശു ചെയ്‌തിട്ടുള്ളൂ. യേശു ഒരിക്കലും ഇല്ലാത്ത ഭാവം നടിച്ചില്ല. താൻ ദൈവമാണെന്ന് അവൻ ഒരിക്കലും ആളുകളോട് പറഞ്ഞില്ല. യേശു ദൈവത്തിന്റെ പുത്രൻ എന്നു വിളിക്കപ്പെടും എന്ന് ഗബ്രിയേൽ ദൂതൻ മറിയയോടു പറഞ്ഞിരുന്നു. യേശുവും അതുതന്നെയാണ് പറഞ്ഞത്, താൻ ദൈവപുത്രനാണെന്ന്. തനിക്ക് പിതാവിനെക്കാൾ അറിവുണ്ടെന്ന് അവൻ ഒരിക്കലും പറഞ്ഞില്ല. പകരം, “പിതാവ് എന്നെക്കാൾ വലിയവനാകുന്നു” എന്നാണ് യേശു പറഞ്ഞത്.—യോഹന്നാൻ 14:28.
സ്വർഗത്തിൽവെച്ചും, ദൈവം കൊടുത്ത ജോലികളെല്ലാം യേശു ഭംഗിയായി ചെയ്‌തു. ഒരു കാര്യം ചെയ്യാമെന്നു സമ്മതിച്ചിട്ട്, അവൻ അതിനു പകരം വേറൊരു കാര്യം ചെയ്‌തില്ല. യേശുവിന് പിതാവിനോട് സ്‌നേഹമുണ്ടായിരുന്നു. അതുകൊണ്ട് പിതാവ് പറഞ്ഞതെല്ലാം അവൻ അനുസരിച്ചു. പിന്നീട് ഭൂമിയിൽ വന്നപ്പോഴും, ദൈവം പറഞ്ഞുവിട്ട കാര്യങ്ങൾതന്നെയാണ് അവൻ ചെയ്‌തത്. മറ്റു കാര്യങ്ങൾ ചെയ്‌തുകൊണ്ട് അവൻ സമയം പാഴാക്കിയില്ല. യഹോവയ്‌ക്ക് തന്റെ പുത്രനോട് പ്രീതി തോന്നിയതിൽ അത്ഭുതപ്പെടാനൊന്നുമില്ല!
യഹോവയെ സന്തോഷിപ്പിക്കാനാണ് നമ്മളും ആഗ്രഹിക്കുന്നത്. ശരിയല്ലേ?— എങ്കിൽ, യേശു ചെയ്‌തതുപോലെ നമ്മളും ദൈവം പറയുന്നത് കേൾക്കണം. ദൈവം പറയുന്നത് നമുക്ക് എങ്ങനെയാണ് കേൾക്കാൻ പറ്റുക? ബൈബിളിലൂടെ. ദൈവം പറയുന്ന കാര്യങ്ങൾ കേൾക്കുന്നു എന്ന് ഭാവിക്കുകയും എന്നാൽ ബൈബിളിന് വിപരീതമായ കാര്യങ്ങൾ വിശ്വസിക്കുകയും ചെയ്യുകയും ആണെങ്കിലോ? അത് ശരിയായിരിക്കുമോ?— ഒരു കാര്യം എപ്പോഴും ഓർക്കണം: യഹോവയോട് ശരിക്കും സ്‌നേഹമുണ്ടെങ്കിൽ, അവനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാൻ നമുക്ക് ഇഷ്ടമായിരിക്കും.
യേശുവിനെപ്പറ്റി നമ്മൾ എന്ത് അറിയുകയും വിശ്വസിക്കുകയും വേണം എന്നു മനസ്സിലാക്കാൻ സഹായിക്കുന്ന മറ്റു തിരുവെഴുത്തുകളാണ് മത്തായി 7:21-23; യോഹന്നാൻ 4:25, 26; 1 തിമൊഥെയൊസ് 2:5, 6 എന്നിവ.