വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 16

ഏറ്റവും പ്രധാനപ്പെട്ടത്‌ എന്താണ്‌?

ഏറ്റവും പ്രധാനപ്പെട്ടത്‌ എന്താണ്‌?

എന്തായിരുന്നു ഈ മനുഷ്യന്റെ പ്രശ്‌നം?

ഒരിക്കൽ ഒരു മനുഷ്യൻ യേശുവിനെ കാണാൻ വന്നു. യേശുവിന്റെ ബുദ്ധിസാമർഥ്യത്തെക്കുറിച്ച്‌ അറിയാമായിരുന്ന അയാൾ യേശുവിനോട്‌ ഇങ്ങനെ പറഞ്ഞു: ‘ഗുരോ, എന്റെ സഹോദരന്റെ സ്വത്തിൽ കുറച്ച്‌ എനിക്ക്‌ തരാൻ അവനോടു പറഞ്ഞാലും!’ ആ സ്വത്തിൽ കുറച്ച്‌ തനിക്കു കിട്ടണമെന്ന്‌ അയാൾ ആഗ്രഹിച്ചു.

യേശുവിന്റെ സ്ഥാനത്ത്‌ നിങ്ങളായിരുന്നെങ്കിൽ എന്തു പറയുമായിരുന്നു?— ആ മനുഷ്യന്റെ പ്രശ്‌നം എന്താണെന്ന്‌ യേശുവിന്‌ മനസ്സിലായി. സഹോദരന്റെ സ്വത്ത്‌ കിട്ടിയേ തീരൂ എന്ന അവസ്ഥയിലല്ലായിരുന്നു അയാൾ. പക്ഷേ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്‌ എന്താണെന്ന്‌ അയാൾ മനസ്സിലാക്കിയിരുന്നില്ല, അതായിരുന്നു അയാളുടെ പ്രശ്‌നം.

ആകട്ടെ, നമ്മുടെ ജീവിതത്തിൽ എന്തിനായിരിക്കണം പ്രാധാന്യം? നല്ലനല്ല കളിപ്പാട്ടങ്ങളും പുത്തനുടുപ്പുകളും ഒക്കെയാണോ?— അല്ല, അതിനെക്കാളൊക്കെ പ്രധാനപ്പെട്ട ഒന്നുണ്ട്‌. അതു പഠിപ്പിക്കാനായി യേശു ഒരു കഥ പറഞ്ഞു. ദൈവത്തെ മറന്നുകളഞ്ഞ ഒരു മനുഷ്യന്റെ കഥ. ആ കഥ കേൾക്കാൻ ഇഷ്ടമാണോ?—

വലിയ പണക്കാരനായിരുന്നു അയാൾ. അയാൾക്ക്‌ സ്വന്തം വയലും പത്തായപ്പുരകളും ഉണ്ടായിരുന്നു. കൃഷിയിൽനിന്ന്‌ നല്ല വിളവുകിട്ടിയപ്പോൾ അതൊക്കെ സൂക്ഷിച്ചുവെക്കാൻ പത്തായപ്പുരകൾക്ക്‌ വലുപ്പം പോരാതെവന്നു. അതുകൊണ്ട്‌ അയാൾ എന്തു ചെയ്‌തു? ‘ഞാനെന്റെ പത്തായപ്പുരകൾ പൊളിച്ച്‌ കൂടുതൽ വലിയവ പണിയും. എന്നിട്ട്‌ എന്റെ ധാന്യവും എനിക്കുള്ളതൊക്കെയും അവിടെ സൂക്ഷിച്ചുവെക്കും,’ അയാൾ ചിന്തിച്ചു.

അതാണ്‌ ബുദ്ധി എന്ന്‌ അയാൾ കരുതി. ഭാവിയിലേക്കു വേണ്ടതെല്ലാം സൂക്ഷിച്ചുവെക്കുന്നത്‌ വലിയ മിടുക്കാണെന്ന്‌ അയാൾ വിചാരിച്ചു. അയാൾ തന്നോടായി ഇങ്ങനെ പറഞ്ഞു: ‘വർഷങ്ങളോളം എനിക്ക്‌ വേണ്ടതെല്ലാം ഞാൻ സംഭരിച്ചുവെച്ചിട്ടുണ്ട്‌. ഇനി എനിക്ക്‌ വിശ്രമിക്കാം; തിന്ന്‌ കുടിച്ച്‌ ആനന്ദിക്കാം!’ പക്ഷേ അയാൾ അങ്ങനെ ചിന്തിച്ചത്‌ ശരിയായില്ല. എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌?— അയാൾ സ്വന്തം സുഖത്തെക്കുറിച്ച്‌ മാത്രമേ ചിന്തിച്ചുള്ളൂ. ദൈവത്തെ അയാൾ ഓർത്തതേയില്ല.

ഈ ധനികൻ എന്താണ്‌ ചിന്തിക്കുന്നത്‌?

എന്നാൽ അന്ന്‌ ദൈവം അയാളോട്‌, ‘മൂഢാ, ഇന്നു രാത്രി നീ മരിക്കും. പിന്നെ, നീ സമ്പാദിച്ചുവെച്ചതെല്ലാം ആർക്കാകും?’ എന്ന്‌ ചോദിച്ചു. മരിച്ചാൽപ്പിന്നെ അതൊക്കെ അയാൾക്ക്‌ ഉപയോഗിക്കാൻ പറ്റുമോ?— ഇല്ല, അത്‌ മറ്റാരെങ്കിലും എടുക്കും. കഥയുടെ അവസാനം യേശു ഇങ്ങനെ പറഞ്ഞു: “തനിക്കുവേണ്ടി സ്വത്തുക്കൾ കൂട്ടിവെക്കുകയും എന്നാൽ ദൈവികകാര്യങ്ങളിൽ സമ്പന്നനാകാതിരിക്കുകയും ചെയ്യുന്ന മനുഷ്യന്റെ കാര്യവും ഇങ്ങനെതന്നെ.”—ലൂക്കോസ്‌ 12:13-21.

പണക്കാരനായ ആ മനുഷ്യനെപ്പോലെയാകാൻ നിങ്ങൾക്ക്‌ ആഗ്രഹമില്ല, അല്ലേ?— സമ്പത്ത്‌ വാരിക്കൂട്ടുന്നതായിരുന്നു അയാൾക്ക്‌ ഏറ്റവും പ്രധാനം. എന്നാൽ അത്‌ ശരിയല്ലായിരുന്നു. എത്ര സമ്പാദിച്ചിട്ടും അയാൾക്ക്‌ തൃപ്‌തിയായില്ല. എന്നാൽ ‘ദൈവികകാര്യങ്ങളിൽ അയാൾ സമ്പന്നനല്ലായിരുന്നു.’

ഇന്ന്‌ മിക്കവരും ആ മനുഷ്യനെപ്പോലെയാണ്‌. എത്ര കിട്ടിയാലും അവർക്ക്‌ മതിവരില്ല. പക്ഷേ ഇത്‌ വലിയ കുഴപ്പങ്ങൾ ഉണ്ടാക്കും. ഒരു ഉദാഹരണം പറയാം. നിങ്ങൾക്ക്‌ കളിപ്പാട്ടങ്ങളുണ്ട്‌, അല്ലേ?— എന്തൊക്കെ കളിപ്പാട്ടങ്ങളുണ്ട്‌ നിങ്ങൾക്ക്‌?— നിങ്ങൾക്കില്ലാത്ത ഒരു പന്തോ പാവയോ ഒരു കൂട്ടുകാരന്‌ ഉണ്ടെന്ന്‌ വിചാരിക്കുക. അതുപോലൊന്ന്‌ വാങ്ങിത്തരണമെന്ന്‌ ആവശ്യപ്പെട്ട്‌ അച്ഛന്റെയും അമ്മയുടെയും അടുക്കൽ വാശിപിടിക്കുന്നത്‌ ശരിയാണോ?—

ചിലപ്പോൾ, ഒരു കളിപ്പാട്ടം കാണുമ്പോൾ അത്‌ കിട്ടിയേ തീരൂ എന്ന്‌ നിങ്ങൾക്ക്‌ തോന്നിയേക്കാം. പക്ഷേ അത്‌ കിട്ടി കുറച്ചുനാൾ കഴിയുമ്പോൾ എന്തു സംഭവിക്കും?— അത്‌ പഴയതായിപ്പോകും. ചിലപ്പോൾ അത്‌ പൊട്ടിപ്പോയെന്നുംവരാം. പിന്നെ നിങ്ങൾക്ക്‌ അതിനോടുള്ള ഇഷ്ടം പോകും, ശരിയല്ലേ? എന്നാൽ കളിപ്പാട്ടത്തെക്കാളൊക്കെ വിലപിടിച്ച ഒന്നുണ്ട്‌. അത്‌ എന്താണെന്ന്‌ അറിയാമോ?—

കളിപ്പാട്ടത്തെക്കാളൊക്കെ വിലപ്പെട്ട എന്താണ്‌ നമുക്കുള്ളത്‌?

നിങ്ങളുടെ ജീവനാണ്‌ അത്‌. ജീവൻ വളരെ പ്രധാനപ്പെട്ടതാണ്‌. കാരണം ജീവനില്ലെങ്കിൽ നിങ്ങൾക്ക്‌ ഒന്നും ചെയ്യാൻ പറ്റില്ല. പക്ഷേ ജീവിച്ചിരിക്കണമെങ്കിൽ നമ്മൾ ദൈവത്തിന്‌ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യണം, അല്ലേ?— അതുകൊണ്ട്‌ ദൈവത്തെ മറന്നുകളഞ്ഞ മൂഢനായ ആ ധനികനെപ്പോലെ ആകാതിരിക്കാം നമുക്ക്‌.

കുട്ടികൾ മാത്രമല്ല വലിയവരും ധനികനായ ആ മനുഷ്യനെപ്പോലെ മണ്ടത്തരം കാണിക്കാറുണ്ട്‌. കൂടുതൽക്കൂടുതൽ സമ്പാദിക്കണമെന്നാണ്‌ ചിലരുടെ ആഗ്രഹം. കഴിക്കാൻ ആഹാരവും ഉടുക്കാൻ വസ്‌ത്രവും താമസിക്കാൻ വീടും ഉണ്ടെങ്കിലും അവർക്ക്‌ അതൊന്നും പോരാ. അവർക്ക്‌ പുതിയപുതിയ വസ്‌ത്രങ്ങൾ വേണം, വലിയ വീടു വേണം. ഇതിനൊക്കെ ഒത്തിരി പണം വേണം. അതിനുവേണ്ടി ഒരുപാട്‌ ജോലി ചെയ്യണം. പക്ഷേ എത്രയൊക്കെ പണം കിട്ടിയാലും അവർക്ക്‌ മതിയാവില്ല.

പണം സമ്പാദിക്കാനുള്ള തിരക്കുകാരണം ചിലർക്ക്‌ വീട്ടുകാരോടൊപ്പം ചെലവഴിക്കാൻ സമയമില്ല. ദൈവികകാര്യങ്ങൾക്കും അവർക്ക്‌ സമയമില്ല. എന്നാൽ പണത്തിന്‌ അവരുടെ ജീവൻ നിലനിറുത്താൻ കഴിയുമോ?— ഇല്ല. ഇനി, മരിച്ചുകഴിഞ്ഞാൽ അവർക്ക്‌ ആ പണം ഉപയോഗിക്കാൻ പറ്റുമോ?— ഇല്ല. കാരണം, മരിച്ചവർക്ക്‌ ഒന്നും ചെയ്യാൻ കഴിവില്ല.—സഭാപ്രസംഗി 9:5, 10.

പണമുള്ളത്‌ തെറ്റാണെന്നാണോ അതിനർഥം?— അല്ല. ആഹാരവും വസ്‌ത്രവുമെല്ലാം വാങ്ങാൻ പണം വേണം. അതുകൊണ്ടാണ്‌ പണം ഒരു സംരക്ഷണമാണെന്ന്‌ ബൈബിൾ പറയുന്നത്‌. (സഭാപ്രസംഗി 7:12) പക്ഷേ പണത്തെ സ്‌നേഹിച്ചാൽ നമ്മൾ കുഴപ്പത്തിലാകും. ദൈവികകാര്യങ്ങളിൽ സമ്പന്നനാകുന്നതിനുപകരം തനിക്കുവേണ്ടി പണം വാരിക്കൂട്ടിയ മൂഢനായ ആ ധനികനെ ഓർക്കുന്നില്ലേ? അയാളെപ്പോലെയാകും നമ്മൾ.

ദൈവികകാര്യങ്ങളിൽ സമ്പന്നനായിരിക്കുക എന്നുവെച്ചാൽ എന്താണ്‌?— ദൈവത്തിന്റെ കാര്യങ്ങൾക്ക്‌ നമ്മൾ പ്രാധാന്യം കൊടുക്കണം എന്നാണ്‌ അതിന്റെ അർഥം. ദൈവത്തിൽ വിശ്വാസമുണ്ടെന്ന്‌ ചില ആളുകൾ പറയാറുണ്ട്‌. വിശ്വസിച്ചാൽ മാത്രം മതി എന്നാണ്‌ അവർ വിചാരിക്കുന്നത്‌. പക്ഷേ ദൈവികകാര്യങ്ങളിൽ സമ്പന്നരാണോ അവർ?— അല്ല, ദൈവത്തെ മറന്നുകളഞ്ഞ ധനികനെപ്പോലെയാണ്‌ അവർ.

യേശു ഒരിക്കലും സ്വർഗത്തിലുള്ള തന്റെ പിതാവിനെ മറന്നുകളഞ്ഞില്ല. പണക്കാരനാകാൻ അവൻ ശ്രമിച്ചതുമില്ല. സ്വന്തമെന്ന്‌ പറയാൻ അവന്‌ അധികമൊന്നും ഉണ്ടായിരുന്നില്ല. ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്‌ എന്താണെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. അതെന്താണെന്ന്‌ നിങ്ങൾക്ക്‌ അറിയാമോ?— ദൈവികകാര്യങ്ങളിൽ സമ്പന്നനായിരിക്കുക എന്നതാണ്‌ അത്‌.

പ്രധാനപ്പെട്ട എന്തെല്ലാം കാര്യങ്ങളാണ്‌ ഈ കുട്ടി ചെയ്യുന്നത്‌?

ദൈവികകാര്യങ്ങളിൽ സമ്പന്നരാകാൻ നമുക്ക്‌ എന്തു ചെയ്യാനാകും എന്ന്‌ പറയാമോ?— ദൈവത്തിന്‌ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക. ‘ഞാൻ എപ്പോഴും അവന്‌ ഇഷ്ടമുള്ളത്‌ ചെയ്യുന്നു’ എന്ന്‌ യേശു പറഞ്ഞു. (യോഹന്നാൻ 8:29) ദൈവം പറയുന്ന കാര്യങ്ങൾ നമ്മൾ ചെയ്യുമ്പോൾ ദൈവത്തിന്‌ സന്തോഷമാകും. ആകട്ടെ, ദൈവത്തെ സന്തോഷിപ്പിക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?— ബൈബിൾ വായിക്കാം, മീറ്റിങ്ങുകൾക്ക്‌ പോകാം, ദൈവത്തോട്‌ പ്രാർഥിക്കാം, ദൈവത്തെപ്പറ്റി പഠിക്കാൻ മറ്റുള്ളവരെ സഹായിക്കാം; അങ്ങനെ പലതും ചെയ്യാനാകും. ശരിക്കും പറഞ്ഞാൽ, ഇതൊക്കെയാണ്‌ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾ.

യേശു ദൈവിക കാര്യങ്ങൾക്ക്‌ വലിയ പ്രാധാന്യം കൊടുത്തു. അതുകൊണ്ട്‌ യഹോവ അവനെ കാത്തുപരിപാലിച്ചു. നിത്യജീവൻ എന്ന സമ്മാനവും നൽകി. നമ്മൾ യേശുവിനെപ്പോലെയാണെങ്കിൽ യഹോവ നമ്മളെയും സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യും. അതുകൊണ്ട്‌ നമുക്ക്‌ യേശുവിനെപ്പോലെയാകാം. ദൈവത്തെ മറന്നുകളഞ്ഞ ആ ധനികനെപ്പോലെയാകാതിരിക്കാം.

പണത്തെ നമ്മൾ എങ്ങനെയാണ്‌ കരുതേണ്ടത്‌ എന്നു കാണിക്കുന്ന ചില തിരുവെഴുത്തുകളാണ്‌ സദൃശവാക്യങ്ങൾ 23:4; 28:20; 1 തിമൊഥെയൊസ്‌ 6:6-10; എബ്രായർ 13:5 എന്നിവ.