വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 48

ദൈവം കൊണ്ടുവരുന്ന പുതിയ ലോകത്തിൽ നിങ്ങൾക്കും ജീവിക്കാം!

ദൈവം കൊണ്ടുവരുന്ന പുതിയ ലോകത്തിൽ നിങ്ങൾക്കും ജീവിക്കാം!

ദൈവം ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ച്‌ ഏദെൻ തോട്ടത്തിലാക്കി. ദൈവം പറഞ്ഞത്‌ അനുസരിക്കാതിരുന്നതുകൊണ്ട്‌ അവർക്കു മരിക്കേണ്ടിവന്നു. പക്ഷേ നമ്മൾ ഉൾപ്പെടെയുള്ള അവരുടെ മക്കൾക്ക്‌ പറുദീസയിൽ എന്നും ജീവിക്കാൻവേണ്ട ക്രമീകരണം ദൈവം ചെയ്‌തു. “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും” എന്ന്‌ ബൈബിൾ ഉറപ്പുതരുന്നു.—സങ്കീർത്തനം 37:29.

ഒരു ‘പുതിയ ആകാശത്തെയും’ ‘പുതിയ ഭൂമിയെയും’ കുറിച്ച്‌ ബൈബിൾ പറയുന്നുണ്ട്‌. (യെശയ്യാവു 65:17; 2 പത്രോസ്‌ 3:13) ഇന്നത്തെ ‘ആകാശം,’ ഇന്നുള്ള മനുഷ്യ ഗവണ്മെന്റുകളാണ്‌. പക്ഷേ, യേശുക്രിസ്‌തുവും അവനോടുകൂടെ ഭരിക്കാൻപോകുന്നവരും ചേർന്നതാണ്‌ ‘പുതിയ ആകാശം.’ നീതിയും സമാധാനവും നിറഞ്ഞു നിൽക്കുന്ന ദൈവത്തിന്റെ ആ ഗവണ്മെന്റ്‌ മുഴുഭൂമിയെയും ഭരിക്കുന്നതിനെക്കുറിച്ച്‌ ഒന്നാലോചിച്ചുനോക്കൂ. എത്ര സന്തോഷമായിരിക്കും അവിടെ! അല്ലേ?

അപ്പോൾ ‘പുതിയ ഭൂമി’ എന്താണ്‌?— യഹോവയെ സ്‌നേഹിക്കുന്ന നല്ല ആളുകളെയാണ്‌ പുതിയ ഭൂമി എന്നു പറയുന്നത്‌. ഒരു കാര്യം മനസ്സിലാക്കണം: ഭൂമി എന്നു പറയുമ്പോൾ, അതിൽ താമസിക്കുന്ന ആളുകളെയാണ്‌ ചിലപ്പോൾ ബൈബിൾ ഉദ്ദേശിക്കുന്നത്‌. (സങ്കീർത്തനം 66:4) അതുകൊണ്ട്‌ പുതിയ ഭൂമിയുടെ ഭാഗമായ ആളുകൾ ഈ ഭൂമിയിൽ തന്നെയായിരിക്കും ജീവിക്കുക.

അപ്പോൾ ഇന്നത്തെ ദുഷ്ടമനുഷ്യരുടെ ലോകം പൊയ്‌പ്പോയിരിക്കും. നോഹയുടെ കാലത്തെ ജലപ്രളയം ദുഷ്ടമനുഷ്യരുടെ ലോകത്തെ നശിപ്പിച്ച കാര്യം ഓർക്കുന്നില്ലേ? നമ്മൾ പഠിച്ചതുപോലെ, ഇന്നത്തെ ദുഷ്ടലോകവും അർമഗെദോനിൽ നശിച്ചുപോകും. ഇനി, അർമഗെദോനുശേഷം ദൈവം കൊണ്ടുവരുന്ന പുതിയ ലോകത്തിലെ ജീവിതം എങ്ങനെയായിരിക്കും എന്ന്‌ നോക്കാം.

ദൈവം കൊണ്ടുവരാൻ പോകുന്ന ശാന്തസുന്ദരമായ ആ പുതിയ ലോകത്തിൽ എന്നും ജീവിക്കാൻ നിങ്ങൾക്ക്‌ ഇഷ്ടമാണോ?— എന്നേക്കുമുള്ള ജീവിതം ഉറപ്പുതരാൻ ഒരു ഡോക്‌ടർക്കും സാധിക്കില്ല. മരണത്തെ പിടിച്ചുനിറുത്താൻ കഴിവുള്ള ഒരു ഗുളികയും ലോകത്തിലില്ല. മരിക്കാതെ ജീവിക്കാൻ ഒരു മാർഗമേയുള്ളൂ: ദൈവത്തോട്‌ അടുക്കുക. അതെങ്ങനെ സാധിക്കുമെന്ന്‌ മഹാനായ അധ്യാപകൻ നമ്മളോട്‌ പറയുന്നുണ്ട്‌.

നമുക്ക്‌ ബൈബിൾ തുറന്ന്‌ യോഹന്നാൻ 17-ാം അധ്യായത്തിന്റെ 3-ാം വാക്യം വായിക്കാം. അവിടെ യേശു ഇങ്ങനെ പറയുന്നു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്‌തുവിനെയും അവർ അറിയുന്നതല്ലോ നിത്യജീവൻ.”

എന്നേക്കും ജീവിക്കാൻ എന്തു ചെയ്യണമെന്നാണ്‌ യേശു പറയുന്നത്‌?— ആദ്യംതന്നെ, നമ്മൾ നമ്മുടെ സ്വർഗീയ പിതാവായ യഹോവയെയും നമുക്കു വേണ്ടി സ്വന്തം ജീവൻ നൽകിയ യേശുക്രിസ്‌തുവിനെയും കുറിച്ച്‌ അറിയണം. അതിന്‌ നമ്മൾ എന്തു ചെയ്യണം? ബൈബിൾ പഠിക്കണം. മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം! എന്ന ഈ പുസ്‌തകം അതു ചെയ്യാൻ നമ്മളെ സഹായിക്കും.

പക്ഷേ യഹോവയെക്കുറിച്ച്‌ പഠിക്കുന്നത്‌ എന്നും ജീവിക്കാൻ നമ്മളെ സഹായിക്കുന്നത്‌ എങ്ങനെയാണ്‌?— ജീവൻ നിലനിറുത്താൻ എല്ലാ ദിവസവും നമ്മൾ ആഹാരം കഴിക്കണം, ശരിയല്ലേ? അതുപോലെ എല്ലാ ദിവസവും നമ്മൾ യഹോവയെക്കുറിച്ച്‌ പഠിക്കേണ്ടതുണ്ട്‌. “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, യഹോവയുടെ വായിൽനിന്നു വരുന്ന സകല വചനംകൊണ്ടും ജീവിക്കേണ്ടതാകുന്നു” എന്ന്‌ ബൈബിൾ പറയുന്നു.—മത്തായി 4:4.

യേശുക്രിസ്‌തുവിനെക്കുറിച്ചും നമ്മൾ പഠിക്കേണ്ടതുണ്ട്‌. നമ്മുടെ പാപങ്ങൾ നീക്കാൻ ദൈവം അയച്ചതാണ്‌ അവനെ. “മറ്റൊരുവനിലും രക്ഷയില്ല” എന്ന്‌ ബൈബിൾ പറയുന്നു. “പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്‌” എന്നും അത്‌ പറയുന്നുണ്ട്‌. (പ്രവൃത്തികൾ 4:12; യോഹന്നാൻ 3:36) ആകട്ടെ, നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നുണ്ടോ? അവനെക്കൂടാതെ എന്നേക്കും ജീവിക്കാൻ കഴിയില്ലെന്ന്‌ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?— ഉണ്ടെങ്കിൽ മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കുന്നത്‌ നമ്മൾ നിറുത്തില്ല. അവൻ പറയുന്നതെല്ലാം നമ്മൾ അനുസരിക്കുകയും ചെയ്യും.

മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാനുള്ള ഒരു മാർഗം എന്താണെന്ന്‌ അറിയാമോ? ഈ പുസ്‌തകം വീണ്ടും വീണ്ടും വായിക്കുക. ഇതിലെ ഓരോ ചിത്രവും ശ്രദ്ധാപൂർവം നോക്കി മനസ്സിലാക്കുക. എന്നിട്ട്‌, ചിത്രത്തോടൊപ്പം കൊടുത്തിരിക്കുന്ന ചോദ്യത്തിന്‌ ഉത്തരം കണ്ടുപിടിക്കാൻ പറ്റുന്നുണ്ടോയെന്ന്‌ നോക്കുക. മാത്രമല്ല, അച്ഛന്റെയോ അമ്മയുടെയോ കൂടെയിരുന്ന്‌ ഈ പുസ്‌തകം വായിക്കുക. ഇനി, അവർ നിങ്ങളുടെകൂടെ ഇല്ലെങ്കിലോ? വലിയവരുടെയോ മറ്റു കുട്ടികളുടെയോ കൂടെയിരുന്ന്‌ അത്‌ വായിക്കുക. ദൈവത്തിന്റെ പുതിയ ലോകത്തിൽ എന്നേക്കും ജീവിക്കാൻ എന്തു ചെയ്യണമെന്ന്‌ പഠിക്കാൻ നിങ്ങൾക്കു മറ്റുള്ളവരെ സഹായിക്കാൻ പറ്റിയാൽ, അത്‌ എത്ര വലിയ കാര്യമാണ്‌, അല്ലേ?—

‘ലോകം നീങ്ങിപ്പോകുന്നു’ എന്ന്‌ ബൈബിൾ പറയുന്നു. പക്ഷേ ദൈവം കൊണ്ടുവരാൻപോകുന്ന പുതിയ ലോകത്തിൽ എന്നേക്കും ജീവിക്കാൻ നമുക്ക്‌ എങ്ങനെ സാധിക്കും എന്ന്‌ ബൈബിൾ പറയുന്നുണ്ട്‌. ‘ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്നേക്കും നിലനിൽക്കും.’ (1 യോഹന്നാൻ 2:17) അതുകൊണ്ട്‌ പുതിയ ലോകത്തിൽ എന്നും ജീവിക്കാൻ നമ്മൾ എന്തു ചെയ്യണം?— യഹോവയെയും അവന്റെ പുത്രനായ യേശുവിനെയും കുറിച്ച്‌ പഠിക്കണം. പക്ഷേ പഠിച്ചാൽ മാത്രം പോരാ, പഠിക്കുന്നതുപോലെ പ്രവർത്തിക്കുകയും വേണം. ഈ പുസ്‌തകം നിങ്ങളെ അതിന്‌ സഹായിക്കുമെന്നാണ്‌ ഞങ്ങളുടെ പ്രതീക്ഷ!