വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 40

ദൈവത്തെ സന്തോഷിപ്പിക്കാൻ എന്തു ചെയ്യണം?

ദൈവത്തെ സന്തോഷിപ്പിക്കാൻ എന്തു ചെയ്യണം?

ദൈവത്തെ സന്തോഷിപ്പിക്കാൻ നമുക്ക്‌ എന്തു ചെയ്യാനാകും? അവന്‌ കൊടുക്കാൻ പറ്റിയ എന്തെങ്കിലും നമുക്കുണ്ടോ?— ‘കാട്ടിലെ സകലമൃഗവും എന്റേതാകുന്നു’ എന്ന്‌ യഹോവ പറയുന്നു. ‘വെള്ളി എന്റേതാകുന്നു, പൊന്നും എന്റേതാകുന്നു’ എന്നും അവൻ പറയുന്നു. (സങ്കീർത്തനം 24:1; 50:10; ഹഗ്ഗായി 2:8) എങ്കിലും നമുക്ക്‌ ദൈവത്തിനു കൊടുക്കാൻ കഴിയുന്ന ഒന്നുണ്ട്‌. അത്‌ എന്താണ്‌?—

നമ്മൾ യഹോവയെ ആരാധിക്കുമോ ഇല്ലയോ എന്ന്‌ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവൻ നമുക്ക്‌ തന്നിട്ടുണ്ട്‌. അവന്‌ ഇഷ്ടമുള്ളത്‌ ചെയ്യാൻ അവൻ നമ്മളെ നിർബന്ധിക്കുന്നില്ല. അതെ, ദൈവത്തെ ആരാധിക്കാനോ ആരാധിക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം നമുക്കുണ്ട്‌. എന്തുകൊണ്ടാണ്‌ ദൈവം നമ്മളെ അങ്ങനെ സൃഷ്ടിച്ചത്‌? നമുക്കു നോക്കാം.

നിങ്ങൾ റോബോട്ടുകളെക്കുറിച്ചു കേട്ടിട്ടില്ലേ? അവയെ ഉണ്ടാക്കുന്നവർ എന്ത്‌ ഉദ്ദേശിക്കുന്നോ അതു മാത്രമേ അവയ്‌ക്ക്‌ ചെയ്യാൻ കഴിയൂ. ഇഷ്ടമുള്ളതെന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം അവയ്‌ക്കില്ല. യഹോവയ്‌ക്ക്‌ വേണമെങ്കിൽ നമ്മളെ റോബോട്ടുകളെപ്പോലെ സൃഷ്ടിക്കാമായിരുന്നു. എന്നുവെച്ചാൽ, അവന്‌ ഇഷ്ടമുള്ളതുമാത്രം ചെയ്യാൻ പറ്റുന്ന വിധത്തിൽ. പക്ഷേ, ദൈവം അങ്ങനെ ചെയ്‌തില്ല. എന്തുകൊണ്ടാണെന്ന്‌ അറിയാമോ?— റോബോട്ടുകളെപ്പോലുള്ള ചില കളിപ്പാട്ടങ്ങളുണ്ട്‌. ഒരു ബട്ടൺ അമർത്തുമ്പോൾ, എങ്ങനെയാണോ അതിനെ ഡിസൈൻ ചെയ്‌തിരിക്കുന്നത്‌ അതുപോലെ അത്‌ പ്രവർത്തിക്കും. നിങ്ങൾ അങ്ങനെയുള്ള കളിപ്പാട്ടങ്ങൾ കണ്ടിട്ടുണ്ടോ?— പിന്നെയും പിന്നെയും ഒരു കാര്യംതന്നെ ചെയ്‌തുകൊണ്ടിരിക്കുന്ന അത്തരം കളിപ്പാട്ടങ്ങൾകൊണ്ടു കളിച്ചാൽ കുറെക്കഴിയുമ്പോൾ ബോറടിക്കും. നമ്മൾ റോബോട്ടുകളെപ്പോലെ അനുസരിക്കുന്നതു കാണാനല്ല ദൈവം ആഗ്രഹിക്കുന്നത്‌. നമുക്ക്‌ ദൈവത്തോട്‌ സ്‌നേഹമുണ്ടായിരിക്കണം, അവനെ അനുസരിക്കണമെന്ന്‌ ആഗ്രഹമുണ്ടായിരിക്കണം. അങ്ങനെ ദൈവത്തെ ആരാധിക്കുന്നതാണ്‌ അവനിഷ്ടം.

എന്തുകൊണ്ടാണ്‌ ദൈവം നമ്മളെ ഈ റോബോട്ടിനെപ്പോലെ സൃഷ്ടിക്കാതിരുന്നത്‌?

ആരും പറയാതെ, തന്നെത്താൻ തോന്നി നമ്മൾ അനുസരിക്കുമ്പോൾ നമ്മുടെ സ്വർഗീയ പിതാവിന്‌ എന്തു തോന്നും?— ഒന്നാലോചിച്ചുനോക്കൂ, നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ഒന്നുകിൽ നിങ്ങളുടെ അച്ഛനെയും അമ്മയെയും വിഷമിപ്പിക്കും അല്ലെങ്കിൽ സന്തോഷിപ്പിക്കും, അല്ലേ?— ജ്ഞാനിയായ മകൻ ‘അപ്പനെ സന്തോഷിപ്പിക്കും’ എന്നും വിഡ്‌ഢിയായ മകൻ ‘അമ്മയ്‌ക്ക്‌ ദുഃഖംവരുത്തും’ എന്നും ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 10:1) അച്ഛനും അമ്മയും പറയുന്നത്‌ നിങ്ങൾ അനുസരിക്കുമ്പോൾ അവർക്ക്‌ സന്തോഷംതോന്നും, ശരിയല്ലേ?— പക്ഷേ അനുസരിച്ചില്ലെങ്കിലോ?—

യഹോവയെയും അച്ഛനമ്മമാരെയും സന്തോഷിപ്പിക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?

ഇനി, നമുക്ക്‌ നമ്മുടെ സ്വർഗീയ പിതാവായ യഹോവയെക്കുറിച്ചു ചിന്തിക്കാം. നമുക്ക്‌ എങ്ങനെ അവനെ സന്തോഷിപ്പിക്കാം എന്ന്‌ അവൻ നമ്മളോട്‌ പറയുന്നുണ്ട്‌. നിങ്ങളുടെ ബൈബിൾ സദൃശവാക്യങ്ങൾ 27-ാം അധ്യായത്തിലേക്ക്‌ ഒന്നു തുറക്കാമോ? അവിടെ 11-ാം വാക്യത്തിൽ ദൈവം നമ്മളോട്‌ ഇങ്ങനെ പറയുന്നു: ‘മകനേ, (അല്ലെങ്കിൽ, മകളേ) എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്‌ നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.’ ഒരാളെ നിന്ദിക്കുക എന്നു പറഞ്ഞാൽ എന്താണെന്ന്‌ അറിയാമോ?— പറഞ്ഞതുപോലെ ചെയ്യാൻ അയാൾക്കു കഴിവില്ലെന്നോ മറ്റോ പറഞ്ഞുകൊണ്ട്‌ അയാളെ കളിയാക്കുന്നതിനെയാണ്‌ നിന്ദിക്കുക എന്നു പറയുന്നത്‌. സാത്താൻ യഹോവയെ നിന്ദിക്കുന്നത്‌ എങ്ങനെയാണ്‌?— ഇനി അതിനെക്കുറിച്ചു പഠിക്കാം.

ഒന്നാമനാകാൻ സാത്താൻ ആഗ്രഹിക്കുന്നതിനെക്കുറിച്ച്‌ നമ്മൾ എട്ടാമത്തെ അധ്യായത്തിൽ പഠിച്ചത്‌ ഓർക്കുന്നില്ലേ? എല്ലാവരും തന്നെ അനുസരിക്കണമെന്നാണ്‌ അവന്റെ ആഗ്രഹം. ആളുകൾ യഹോവയെ ആരാധിക്കുന്നത്‌ നിത്യജീവൻ കിട്ടാൻ വേണ്ടിയാണെന്നാണ്‌ സാത്താൻ പറയുന്നത്‌. ആദാമിനെയും ഹവ്വായെയും വഴിതെറ്റിച്ചു കഴിഞ്ഞപ്പോൾ സാത്താൻ യഹോവയെ വെല്ലുവിളിച്ചു. അവൻ ദൈവത്തോട്‌ പറഞ്ഞു: ‘ആളുകൾ നിന്നെ ആരാധിക്കുന്നത്‌ നീ അവരെ അനുഗ്രഹിക്കുന്നതുകൊണ്ടാണ്‌. എനിക്ക്‌ ഒരവസരം തന്നാൽ, ആരെ വേണമെങ്കിലും ഞാൻ നിന്നിൽനിന്ന്‌ അകറ്റും.’

ആദാമും ഹവ്വായും പാപം ചെയ്‌തതിനുശേഷം സാത്താൻ യഹോവയെ വെല്ലുവിളിച്ചത്‌ എങ്ങനെ?

ഇതേ വാക്കുകൾ ബൈബിളിൽ കാണുന്നില്ല എന്നത്‌ ശരിയാണ്‌. പക്ഷേ ഇയ്യോബിന്റെ കഥ വായിച്ചാൽ, ഏതാണ്ട്‌ ഇതുപോലെ എന്തോ ആണ്‌ സാത്താൻ ദൈവത്തോട്‌ പറഞ്ഞതെന്ന്‌ നമുക്കു മനസ്സിലാകും. ഇയ്യോബ്‌ ദൈവത്തോട്‌ വിശ്വസ്‌തനായിരിക്കുമോ അല്ലയോ എന്നതിന്‌ വലിയ പ്രാധാന്യം ഉണ്ടായിരുന്നു. യഹോവയ്‌ക്കും സാത്താനും താത്‌പര്യമുള്ള കാര്യമായിരുന്നു അത്‌. സംഭവിച്ചത്‌ എന്താണെന്ന്‌ ഇയ്യോബ്‌ 1-ഉം 2-ഉം അധ്യായങ്ങളിൽ പറയുന്നുണ്ട്‌. നമുക്ക്‌ അതു നോക്കാം.

സ്വർഗത്തിൽ ദൂതന്മാർ യഹോവയെ കാണാൻ വന്നപ്പോൾ സാത്താനും അവിടെ എത്തി എന്ന്‌ ഇയ്യോബ്‌ 1-ാം അധ്യായത്തിൽ പറയുന്നു. “നീ എവിടെനിന്നു വരുന്നു” എന്ന്‌ യഹോവ സാത്താനോട്‌ ചോദിച്ചു. ഭൂമിയിലൊക്കെ ചുറ്റി സഞ്ചരിച്ചിട്ടു വരുന്നു എന്നായിരുന്നു സാത്താന്റെ മറുപടി. അപ്പോൾ യഹോവ സാത്താനോട്‌: ‘എന്റെ ദാസനായ ഇയ്യോബിനെ നീ കണ്ടോ? അവൻ മോശമായതൊന്നും ചെയ്യുന്നില്ലെന്ന കാര്യം നീ ശ്രദ്ധിച്ചോ?’—ഇയ്യോബ്‌ 1:6-8.

ഉടനെതന്നെ സാത്താൻ ഓരോരോ ന്യായങ്ങൾ പറയാൻ തുടങ്ങി. ‘ഇയ്യോബിന്‌ ബുദ്ധിമുട്ടുകളൊന്നും ഇല്ലാത്തതുകൊണ്ടു മാത്രമാണ്‌ അവൻ നിന്നെ ആരാധിക്കുന്നത്‌. നീ നിന്റെ അനുഗ്രഹം പിൻവലിച്ചാൽ അവൻ മുഖത്തുനോക്കി നിന്നെ തള്ളിപ്പറയും.’ അപ്പോൾ യഹോവ പറഞ്ഞു: ‘ശരി, നിനക്ക്‌ ഇഷ്ടമുള്ളതുപോലെ ചെയ്‌തോളൂ. പക്ഷേ അവനെ മാത്രം തൊടരുത്‌.’—ഇയ്യോബ്‌ 1:9-12.

സാത്താൻ എന്തു ചെയ്‌തെന്ന്‌ അറിയാമോ?— ഒരു സംഘം ആളുകൾ വന്ന്‌ ഇയ്യോബിന്റെ കന്നുകാലികളെയും കഴുതകളെയും പിടിച്ചുകൊണ്ടുപോകുകയും അവയെ മേയിക്കുന്നവരെ കൊന്നുകളയുകയും ചെയ്‌തു; സാത്താന്റെ പണിയായിരുന്നു അത്‌. പിന്നീട്‌ എന്തു സംഭവിച്ചെന്നോ? മിന്നലേറ്റ്‌ ആടുകളും ആട്ടിടയന്മാരും കൊല്ലപ്പെടുന്നു. അടുത്തതായി കുറെ ആളുകൾ വന്ന്‌ ഒട്ടകങ്ങളെ പിടിച്ചുകൊണ്ടുപോയി. അവയെ നോക്കിയിരുന്നവരെ അവർ കൊന്നുകളഞ്ഞു. അവസാനം, ഇയ്യോബിന്റെ മക്കൾ കൂടിയിരുന്ന വീടിന്മേൽ ഒരു കൊടുങ്കാറ്റടിച്ചു. വീട്‌ തകർന്ന്‌ അവന്റെ പത്തു മക്കളും മരിച്ചു. ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും ഇയ്യോബ്‌ യഹോവയെ ആരാധിക്കുന്നത്‌ നിറുത്തിയില്ല.—ഇയ്യോബ്‌ 1:13-22.

വീണ്ടും സാത്താനെ കണ്ടപ്പോൾ, ഇയ്യോബ്‌ ഇപ്പോഴും വിശ്വസ്‌തനാണെന്ന കാര്യം യഹോവ സാത്താനോടു പറയുന്നു. പക്ഷേ സാത്താൻ അത്‌ സമ്മതിച്ചുകൊടുത്തില്ല. ‘അവന്റെ ദേഹത്തു തൊടാൻ എന്നെ അനുവദിച്ചാൽ, അവൻ തീർച്ചയായും നിന്നെ തള്ളിപ്പറയും’ സാത്താൻ യഹോവയോടു പറഞ്ഞു. അതുകൊണ്ട്‌, ഇയ്യോബിന്‌ ദേഹോപദ്രവം വരുത്താൻ യഹോവ സാത്താനെ അനുവദിച്ചു. എന്നാൽ അവനെ കൊല്ലരുതെന്ന്‌ യഹോവ സാത്താനോടു പറഞ്ഞു.

ഇയ്യോബ്‌ എന്തെല്ലാം കഷ്ടങ്ങൾ സഹിച്ചു? അത്‌ യഹോവയെ സന്തോഷിപ്പിച്ചത്‌ എന്തുകൊണ്ട്‌?

സാത്താൻ ഇയ്യോബിന്‌ വലിയൊരു രോഗം വരുത്തി. അവന്റെ ശരീരമാസകലം വ്രണങ്ങൾ നിറഞ്ഞു. അതിന്റെ നാറ്റംകൊണ്ട്‌ ആർക്കും അവന്റെ അടുത്തു വരാൻ പറ്റില്ലെന്ന അവസ്ഥയായി. ‘ദൈവത്തെ തള്ളിപ്പറഞ്ഞിട്ട്‌ മരിച്ചുകളയാൻ’ സ്വന്തം ഭാര്യപോലും ഇയ്യോബിനോട്‌ പറഞ്ഞു. ഇയ്യോബിന്റെ കൂട്ടുകാരാണെന്ന ഭാവത്തിൽ ചിലർ അവനെ കാണാൻ വന്നു. അവരാകട്ടെ, ഇയ്യോബ്‌ എന്തോ വലിയ തെറ്റ്‌ ചെയ്‌തിട്ടുണ്ടെന്നും അതാണ്‌ ഈ കുഴപ്പങ്ങൾക്കൊക്കെ കാരണമെന്നും പറഞ്ഞ്‌ അവനെ കൂടുതൽ വിഷമിപ്പിച്ചു. സാത്താൻ ഈ കഷ്ടപ്പാടുകളെല്ലാം വരുത്തിയിട്ടും ഇയ്യോബ്‌ അപ്പോഴും വിശ്വസ്‌തമായി യഹോവയെ ആരാധിച്ചു.—ഇയ്യോബ്‌ 2:1-13; 7:5; 19:13-20.

ഇയ്യോബിന്റെ വിശ്വസ്‌തത കണ്ടപ്പോൾ യഹോവയ്‌ക്ക്‌ എന്തു തോന്നിക്കാണും?— യഹോവയ്‌ക്ക്‌ സന്തോഷമായി. അവന്‌ സാത്താനോട്‌ ഇങ്ങനെ പറയാൻ സാധിച്ചു: ‘ഇയ്യോബിനെ നോക്കൂ! അവൻ എന്നെ ആരാധിക്കുന്നത്‌ അവന്‌ ആഗ്രഹമുള്ളതുകൊണ്ടാണ്‌.’ നിങ്ങൾ ഇയ്യോബിനെപ്പോലെ ആയിരിക്കുമോ? നിങ്ങളെ ചൂണ്ടിക്കാണിച്ചിട്ട്‌, സാത്താൻ ഒരു നുണയനാണെന്ന്‌ യഹോവയ്‌ക്ക്‌ തെളിയിക്കാൻ പറ്റുമോ?— ആരെയും യഹോവയിൽനിന്ന്‌ അകറ്റാൻ പറ്റും എന്ന സാത്താന്റെ വാദത്തിന്‌ ഉത്തരംകൊടുക്കാൻ സാധിക്കുന്നത്‌ എത്ര വലിയ കാര്യമാണെന്നോ? യേശു അതിനെ അങ്ങനെയാണ്‌ കണ്ടത്‌.

തന്നെക്കൊണ്ട്‌ തെറ്റു ചെയ്യിക്കാൻ യേശു സാത്താനെ അനുവദിച്ചില്ല. അതു കണ്ടപ്പോൾ യഹോവയ്‌ക്ക്‌ എത്ര സന്തോഷം തോന്നിക്കാണുമെന്ന്‌ ആലോചിച്ചുനോക്കൂ! യേശുവിനെ ചൂണ്ടി യഹോവയ്‌ക്ക്‌ ഇങ്ങനെ പറയാൻ കഴിഞ്ഞു: ‘എന്റെ മകനെ നോക്കൂ! എന്നോടുള്ള സ്‌നേഹംകൊണ്ടാണ്‌ അവൻ സകലത്തിലും വിശ്വസ്‌തത കാണിച്ചത്‌!’ തന്റെ പിതാവിനെ സന്തോഷിപ്പിക്കാനാകുമ്പോൾ യേശുവിന്‌ തോന്നുന്ന സന്തോഷത്തെക്കുറിച്ച്‌ ഒന്നോർത്തുനോക്കൂ. ആ സന്തോഷം ഓർത്തിട്ടാണ്‌ സ്‌തംഭത്തിലെ മരണംപോലും സഹിക്കാൻ യേശു തയ്യാറായത്‌.—എബ്രായർ 12:2.

യേശുവിനെപ്പോലെ യഹോവയെ സന്തോഷിപ്പിക്കാൻ നിങ്ങൾക്ക്‌ ആഗ്രഹമുണ്ടോ?— അങ്ങനെയെങ്കിൽ, യഹോവ നിങ്ങളോട്‌ എന്താണ്‌ പറയുന്നത്‌ എന്നതിനെക്കുറിച്ച്‌ പഠിച്ചുകൊണ്ടേയിരിക്കുക, എന്നിട്ട്‌ അതുപോലെ ചെയ്യുക. അപ്പോൾ യഹോവയ്‌ക്ക്‌ സന്തോഷമാകും!

ദൈവത്തെ സന്തോഷിപ്പിക്കാൻ യേശു എന്താണ്‌ ചെയ്‌തതെന്നും നമ്മൾ എന്താണ്‌ ചെയ്യേണ്ടതെന്നും അറിയാൻ സദൃശവാക്യങ്ങൾ 23:22-25; യോഹന്നാൻ 5:30; 6:38; 8:28; 2 യോഹന്നാൻ 4 എന്നീ തിരുവെഴുത്തുകൾ വായിക്കുക.