അധ്യായം 8
ദൈവമാണ് ഏറ്റവും വലിയവൻ
ഏറ്റവും കൂടുതൽ ശക്തിയും അധികാരവുമുള്ളത് ആർക്കാണെന്ന് പറയാമോ?— യഹോവയാം ദൈവത്തിന്. ഇനി, യഹോവയുടെ പുത്രനായ യേശുവിന്റെ കാര്യമോ? അവൻ നമ്മളെക്കാൾ വലിയവനാണോ?— തീർച്ചയായും!
യേശു ഭൂമിയിൽ വരുന്നതിനുമുമ്പ് ദൈവത്തോടൊപ്പം സ്വർഗത്തിലുണ്ടായിരുന്നു. അവനൊരു ആത്മപുത്രനായിരുന്നു, എന്നുവെച്ചാൽ ഒരു ദൂതൻ. ദൈവം വേറെയും ദൂതന്മാരെ സൃഷ്ടിച്ചിട്ടുണ്ടോ?— ഉണ്ട്. കുറച്ചൊന്നുമല്ല, കോടിക്കണക്കിന് ദൂതന്മാരെ. ഈ ദൂതന്മാർക്കും നമ്മളെക്കാൾ ശക്തിയുണ്ട്.—എബ്രായർ 1:7; ദാനീയേൽ 7:10.
മറിയയോടു സംസാരിച്ച ദൂതന്റെ പേര് ഓർമയുണ്ടോ?— ഗബ്രിയേൽ ആയിരുന്നു അത്. മറിയയ്ക്ക് ജനിക്കുന്ന കുഞ്ഞ് ദൈവത്തിന്റെ പുത്രൻ ആയിരിക്കുമെന്ന് ദൂതൻ അവളോടു പറഞ്ഞു. ദൈവം തന്റെ പുത്രന്റെ ജീവൻ മറിയയുടെ വയറ്റിലേക്കു മാറ്റി. യേശു ഒരു ശിശുവായി ഭൂമിയിൽ ജനിക്കുന്നതിനായിരുന്നു അത്.—ലൂക്കോസ് 1:26, 27.
കേട്ടിട്ട് അത്ഭുതം തോന്നുന്നു, അല്ലേ? പക്ഷേ, അതു സത്യമാണെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? യേശു ദൈവത്തിന്റെകൂടെ സ്വർഗത്തിലുണ്ടായിരുന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?— താൻ സ്വർഗത്തിൽ ജീവിച്ചിട്ടുണ്ട് എന്ന് യേശുതന്നെ പറഞ്ഞു. അക്കാര്യം യേശു എങ്ങനെയാണ് അറിഞ്ഞത്? ഗബ്രിയേൽ ദൂതൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് യേശു കുട്ടിയായിരുന്നപ്പോൾ മറിയ അവനോടു പറഞ്ഞിട്ടുണ്ടാകും. മാത്രമല്ല, യേശു ശരിക്കും ദൈവത്തിന്റെ പുത്രനാണെന്ന് യോസേഫും യേശുവിനോടു പറഞ്ഞുകാണും.
യേശു സ്നാനമേറ്റ സമയത്ത്, ‘ഇവൻ എന്റെ പ്രിയപുത്രനാണ്’ എന്ന് സ്വർഗത്തിൽനിന്ന് ദൈവംതന്നെ മത്തായി 3:17) മരിക്കുന്നതിന്റെ തലേരാത്രി യേശു ഇങ്ങനെ പ്രാർഥിച്ചു: “പിതാവേ, ലോകം ഉണ്ടാകുന്നതിനു മുമ്പേ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്ത്വത്താൽ ഇപ്പോൾ നിന്റെ അടുക്കൽ എന്നെ മഹത്ത്വപ്പെടുത്തേണമേ.” (യോഹന്നാൻ 17:5) ദൈവത്തോടൊപ്പം ജീവിക്കാൻ വീണ്ടും സ്വർഗത്തിലേക്ക് തന്നെ എടുക്കേണമേ എന്നാണ് യേശു പ്രാർഥിച്ചത്. അതെങ്ങനെ സാധിക്കുമായിരുന്നു?— യഹോവയാം ദൈവം വീണ്ടും അവനെ അദൃശ്യനായ ഒരു ദൂതനാക്കി മാറ്റിയാൽ മാത്രമേ അതു സാധിക്കുമായിരുന്നുള്ളൂ.
പറയുകയുണ്ടായി. (ഞാനൊന്നു ചോദിച്ചോട്ടെ, എല്ലാ ദൂതന്മാരും നല്ലവരാണോ? എന്തു തോന്നുന്നു?— ഒരുകാലത്ത് എല്ലാ ദൂതന്മാരും നല്ലവരായിരുന്നു. കാരണം യഹോവയാണ് അവരെയെല്ലാം സൃഷ്ടിച്ചത്; അവൻ ഉണ്ടാക്കുന്നതെല്ലാം നല്ലതായിരിക്കും. പക്ഷേ, ഒരു ദൂതൻ ദുഷ്ടനായിത്തീർന്നു. എങ്ങനെയാണ് അത് സംഭവിച്ചത്?
അതറിയണമെങ്കിൽ ദൈവം ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചതിനുശേഷം നടന്ന ഒരു സംഭവം നമ്മൾ അറിയണം. അതൊക്കെ വെറും നുണക്കഥകളാണെന്ന് ചില ആളുകൾ പറയാറുണ്ട്. എന്നാൽ അത് നുണയല്ല സത്യമാണെന്ന് യേശുവിന് അറിയാമായിരുന്നു.
ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചിട്ട് ദൈവം അവരെ ഭംഗിയുള്ള ഒരു പൂന്തോട്ടത്തിലാക്കി. ഏദെൻതോട്ടം, അതായിരുന്നു അതിന്റെ പേര്. ഒരു പറുദീസയായിരുന്നു അത്, പാർക്കുപോലെ. ഒരുപാട് കുട്ടികളെ ജനിപ്പിച്ച് വലിയ ഒരു കുടുംബമായി അവർക്ക് ആ പറുദീസയിൽ എന്നുമെന്നും ജീവിക്കാമായിരുന്നു. പക്ഷേ, അവർ ഒരു പ്രധാനപ്പെട്ട പാഠം പഠിക്കണമായിരുന്നു. കഴിഞ്ഞ അധ്യായത്തിൽ അതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. അത് ഓർമയുണ്ടോ എന്ന് നമുക്ക് നോക്കാം.
ഉല്പത്തി 2:17; 3:3) ഇനി പറയാമോ, ആദാമും ഹവ്വായും പഠിക്കേണ്ട ആ പാഠം എന്തായിരുന്നു?—
തോട്ടത്തിലെ മരങ്ങളിൽനിന്ന് ഇഷ്ടംപോലെ പഴങ്ങൾ പറിച്ചുതിന്നാമെന്ന് ദൈവം അവരോടു പറഞ്ഞിരുന്നു. എന്നാൽ ഒരു മരത്തിന്റെ പഴം അവർ തിന്നാൻ പാടില്ലായിരുന്നു. അത് തിന്നാൽ എന്തു സംഭവിക്കുമെന്നും ദൈവം പറഞ്ഞിരുന്നു. ‘തിന്നുന്ന നാളിൽ നിങ്ങൾ മരിക്കും’ എന്ന് ദൈവം പറഞ്ഞു. (അനുസരണം. അതായിരുന്നു ആ പാഠം. ജീവിച്ചിരിക്കണമെങ്കിൽ നമ്മളെല്ലാവരും യഹോവയാം ദൈവത്തെ അനുസരിക്കണം. ദൈവത്തെ അനുസരിക്കുമെന്ന് ആദാമും ഹവ്വായും വെറുതെ പറഞ്ഞാൽ പോരായിരുന്നു. അങ്ങനെ ചെയ്യണമായിരുന്നു. ദൈവത്തെ അനുസരിച്ചിരുന്നെങ്കിൽ അവർക്ക് ദൈവത്തോടു സ്നേഹമുണ്ടെന്നായിരുന്നു അതിനർഥം. മാത്രമല്ല ദൈവം ഭരിക്കുന്നതാണ് അവർക്കിഷ്ടം എന്നു കാണിക്കാനുള്ള ഒരു മാർഗം കൂടിയായിരുന്നു അത്. അങ്ങനെ ചെയ്താൽ അവർക്ക് പറുദീസയിൽ എന്നും ജീവിക്കാമായിരുന്നു. എന്നാൽ ആ പഴം കഴിച്ചാലോ, എന്തായിരിക്കും അതിന്റെ അർഥം?—
അവർക്കുവേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്ത ദൈവത്തോട് അവർക്ക് നന്ദിയില്ലെന്ന് അതു കാണിക്കുമായിരുന്നു. നിങ്ങൾ അവിടെ ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ യഹോവയെ അനുസരിക്കുമായിരുന്നോ?— ആദ്യമൊക്കെ, ആദാമും ഹവ്വായും ദൈവത്തെ അനുസരിച്ചിരുന്നു. എന്നാൽ പിന്നീട്, അവരെക്കാൾ ശക്തനായ ഒരാൾ ഹവ്വായെ കബളിപ്പിച്ചു. അവൻ കാരണം, ഹവ്വാ യഹോവയോട് അനുസരണക്കേട് കാണിച്ചു. അവൻ ആരായിരുന്നു?—
ഒരു സർപ്പം ഹവ്വായോട് സംസാരിച്ചെന്ന് ബൈബിൾ പറയുന്നു. പക്ഷേ ഒരു സർപ്പത്തിന് സംസാരിക്കാൻ പറ്റില്ലെന്ന് നമുക്കെല്ലാം അറിയാം. അപ്പോൾപ്പിന്നെ, അതെങ്ങനെ സംഭവിച്ചു?— സർപ്പം സംസാരിച്ചതുപോലെ ഹവ്വായ്ക്ക് തോന്നിയെങ്കിലും, ശരിക്കും ഒരു ദൂതനാണ് സംസാരിച്ചത്. ദുഷ്ടകാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്ന ഒരു ദൂതനായിരുന്നു അത്. ആദാമും ഹവ്വായും തന്നെ ആരാധിക്കണമെന്നായിരുന്നു അവന്റെ ആഗ്രഹം. താൻ പറയുന്നതുപോലെ അവർ ചെയ്യണമെന്ന് ആ ദൂതൻ ആഗ്രഹിച്ചു. ദൈവത്തിന്റെ സ്ഥാനം തട്ടിയെടുക്കുകയായിരുന്നു അവന്റെ ലക്ഷ്യം.
അതുകൊണ്ട് ആ ദുഷ്ടദൂതൻ തെറ്റായ കാര്യങ്ങൾ ഹവ്വായെ പറഞ്ഞുവിശ്വസിപ്പിച്ചു. സർപ്പത്തെ ഉപയോഗിച്ചുകൊണ്ട് അവൻ അവളോട് ഇങ്ങനെ പറഞ്ഞു: ‘ദൈവം നിങ്ങളോടു പറഞ്ഞത് സത്യമല്ല. ആ മരത്തിന്റെ പഴം തിന്നാൽ നിങ്ങൾ മരിക്കില്ല, ദൈവത്തെപ്പോലെ ബുദ്ധിയുള്ളവരാകും.’ ഹവ്വായുടെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കിൽ നിങ്ങളത് വിശ്വസിക്കുമായിരുന്നോ?—
ദൈവം വിലക്കിയിരുന്നത് എന്താണോ അത് കിട്ടണമെന്ന് ഹവ്വാ ആഗ്രഹിച്ചു. അങ്ങനെ അവൾ ആ പഴം പറിച്ചുതിന്നു. കുറച്ച് ആദാമിനും കൊടുത്തു. സർപ്പം പറഞ്ഞതൊന്നും ആദാം വിശ്വസിച്ചില്ല. പക്ഷേ അവന് ദൈവത്തെക്കാൾ കൂടുതൽ സ്നേഹം ഹവ്വായോടായിരുന്നു. അതുകൊണ്ട് ആ പഴം അവനും തിന്നു.—ഉല്പത്തി 3:1-6; 1 തിമൊഥെയൊസ് 2:14.
അതുകൊണ്ട് എന്തു സംഭവിച്ചു?— ആദാമും ഹവ്വായും അപൂർണരായിത്തീർന്നു. എന്നുവെച്ചാൽ കുറവുകളുള്ളവരായിത്തീർന്നു. റോമർ 5:12) ഹവ്വായെ പറ്റിച്ച ദൂതനെ പിശാചായ സാത്താൻ എന്നും ദുഷ്ടന്മാരായിത്തീർന്ന മറ്റു ദൂതന്മാരെ ഭൂതങ്ങൾ എന്നും ബൈബിൾ വിളിക്കുന്നു.—യാക്കോബ് 2:19; വെളിപാട് 12:9.
വയസ്സുചെന്ന് ഒടുവിൽ അവർ മരിച്ചു. അവർ അപൂർണരായതുകൊണ്ട് അവർക്കു ജനിച്ച കുട്ടികളും അപൂർണരായിത്തീർന്നു. അവരും പിന്നീട് പ്രായംചെന്ന് മരിച്ചു. ദൈവം പറഞ്ഞത് നുണയല്ലായിരുന്നു! ജീവനോടിരിക്കണമെങ്കിൽ ദൈവത്തെ അനുസരിച്ചേ മതിയാകൂ. (ദൈവം സൃഷ്ടിച്ച നല്ല ദൂതൻ എങ്ങനെ ദുഷ്ടനായെന്ന് ഇപ്പോൾ മനസ്സിലായോ?— കാരണം, അവൻ ദുഷ്ടകാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു. ഒന്നാമനാകണം എന്നായിരുന്നു അവന്റെ ആഗ്രഹം. മക്കളെ ജനിപ്പിക്കാൻ ദൈവം ആദാമിനോടും ഹവ്വായോടും പറഞ്ഞിട്ടുണ്ടെന്ന് സാത്താന് അറിയാമായിരുന്നു. അവരെല്ലാവരും തന്നെ ആരാധിക്കണമെന്ന് അവൻ ആഗ്രഹിച്ചു. എല്ലാവരും ദൈവത്തോട് അനുസരണക്കേടു കാണിക്കണം; അതാണ് അവന്റെ മനസ്സിൽ. അതുകൊണ്ട് നമ്മളെക്കൊണ്ട് തെറ്റായ കാര്യങ്ങൾ ചിന്തിപ്പിക്കാനാണ് അവൻ നോക്കുന്നത്.—യാക്കോബ് 1:13-15.
ആർക്കും യഹോവയോട് സ്നേഹമില്ലെന്നാണ് പിശാച് പറയുന്നത്. നമുക്കൊന്നും ദൈവത്തെ ഇഷ്ടമല്ലെന്നും ദൈവം പറയുന്നത് അനുസരിക്കാൻ നമുക്ക് ആഗ്രഹമില്ലെന്നും പിശാച് പറയുന്നു. നമ്മൾ ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങൾ നടക്കുകയാണെങ്കിൽ മാത്രമേ നമ്മൾ യഹോവയെ അനുസരിക്കുകയുള്ളൂ എന്നാണ് അവന്റെ വാദം. പിശാച് പറയുന്നത് ശരിയാണോ?
പിശാച് നുണയനാണെന്ന് മഹാനായ അധ്യാപകൻതന്നെ പറഞ്ഞു! യഹോവയെ അനുസരിച്ചുകൊണ്ട്, അവനോട് തനിക്ക് ശരിക്കും സ്നേഹമുണ്ടെന്ന് യേശു കാണിച്ചു. എളുപ്പമായിരുന്നപ്പോൾ മാത്രമല്ല യേശു ദൈവത്തെ അനുസരിച്ചത്. യേശു ദൈവത്തെ അനുസരിക്കുന്നതിന് മറ്റുള്ളവർ ചിലപ്പോൾ തടസ്സംനിന്നിട്ടുണ്ട്. അപ്പോൾപ്പോലും, യേശു ദൈവത്തെ അനുസരിച്ചു. മരിക്കുന്നതുവരെ അവൻ യഹോവയോട് വിശ്വസ്തനായിരുന്നു. അതുകൊണ്ടാണ് മരിച്ചിട്ടും, ദൈവം അവനെ ഉയിർപ്പിച്ചത്; ഇനിയൊരിക്കലും യേശുവിന് മരിക്കേണ്ടിവരില്ല.
ഇനി പറയാമോ, നമ്മുടെ ഏറ്റവും വലിയ ശത്രു ആരാണ്?— പിശാചായ സാത്താൻ. അവനെ കാണാൻ പറ്റുമോ?— ഇല്ല! പക്ഷേ അവനുണ്ടെന്നും അവൻ നമ്മളെക്കാൾ ശക്തനാണെന്നും നമുക്കറിയാം. എന്നാൽ പിശാചിനെക്കാളും ശക്തിയുള്ളത് ആർക്കാണ്?—യഹോവയാം ദൈവത്തിന്. അതുകൊണ്ട് ദൈവത്തിന് നമ്മളെ രക്ഷിക്കാൻ സാധിക്കും.
നമ്മൾ ആരെയാണ് ആരാധിക്കേണ്ടത് എന്നറിയാൻ ബൈബിൾ തുറന്ന് ഈ വാക്യങ്ങൾ വായിക്കുക: ആവർത്തനപുസ്തകം 30:19, 20; യോശുവ 24:14, 15; സദൃശവാക്യങ്ങൾ 27:11; മത്തായി 4:10.