വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 35

നമ്മൾ മരിച്ചാലും ദൈവം ഉയിർപ്പിക്കും

നമ്മൾ മരിച്ചാലും ദൈവം ഉയിർപ്പിക്കും

നമ്മൾ മരിച്ചുപോയാൽ പുനരുത്ഥാനപ്പെടുത്താൻ, എന്നുവെച്ചാൽ വീണ്ടും ജീവനിലേക്കു കൊണ്ടുവരാൻ ദൈവത്തിന്‌ ആഗ്രഹമുണ്ടായിരിക്കുമോ?— ദൈവത്തിന്‌ അതിനു മനസ്സുണ്ടെന്ന്‌ ഒരു നല്ല മനുഷ്യനായിരുന്ന ഇയ്യോബ്‌ വിശ്വസിച്ചിരുന്നു. അതുകൊണ്ട്‌, മരിക്കുമെന്നു തോന്നിയ ഒരു സമയത്ത്‌ ഇയ്യോബ്‌ ദൈവത്തോട്‌ ഇങ്ങനെ പറഞ്ഞു: “നീ വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും.” അതെ, താൻ മരിച്ചാൽ തന്നെ ഉയിർപ്പിക്കാൻ യഹോവയ്‌ക്ക്‌ അതിയായ താത്‌പര്യം ഉണ്ടായിരിക്കും എന്നാണ്‌ ഇയ്യോബ്‌ പറഞ്ഞത്‌.—ഇയ്യോബ്‌ 14:14, 15.

പിതാവായ യഹോവയാം ദൈവത്തെപ്പോലെയാണ്‌ യേശുവും. അവനും നമ്മളെ സഹായിക്കാൻ ആഗ്രഹിക്കുന്നു. ഒരിക്കൽ ഒരു കുഷ്‌ഠരോഗി യേശുവിനോട്‌ ഇങ്ങനെ പറഞ്ഞു: “നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും.” യേശുവിന്റെ മറുപടി എന്തായിരുന്നെന്നോ? “എനിക്കു മനസ്സുണ്ട്‌.” അതു പറഞ്ഞിട്ട്‌ യേശു അയാളെ സുഖപ്പെടുത്തി.—മർക്കോസ്‌ 1:40-42.

തനിക്ക്‌ കൊച്ചുകുട്ടികളെ ഇഷ്ടമാണെന്ന്‌ യഹോവ കാണിച്ചത്‌ എങ്ങനെ?

യേശു കുട്ടികളെ സ്‌നേഹിച്ചിരുന്നു. ശരിക്കും പറഞ്ഞാൽ, പിതാവായ യഹോവയിൽനിന്നാണ്‌ അവൻ അതു പഠിച്ചത്‌. വളരെക്കാലംമുമ്പ്‌ യഹോവ തന്റെ ദാസന്മാരെ ഉപയോഗിച്ച്‌ രണ്ട്‌ കുട്ടികളെ പുനരുത്ഥാനപ്പെടുത്തിയിട്ടുണ്ട്‌. തന്നെ സത്‌കരിച്ച സ്‌ത്രീയുടെ മകൻ മരിച്ചപ്പോൾ, ആ കുട്ടിയെ പുനരുത്ഥാനപ്പെടുത്താൻ ഏലീയാവ്‌ യഹോവയോട്‌ യാചിച്ചു. യഹോവ ആ കുട്ടിയെ ഉയിർപ്പിച്ചു. എലീശ എന്ന തന്റെ ഒരു ദാസനെ ഉപയോഗിച്ച്‌ യഹോവ മറ്റൊരു കുട്ടിയെ ഉയിർപ്പിച്ചു.—1 രാജാക്കന്മാർ 17:17-24; 2 രാജാക്കന്മാർ 4:32-37.

യഹോവയ്‌ക്ക്‌ നമ്മളോട്‌ ഒരുപാട്‌ സ്‌നേഹമുണ്ടെന്ന്‌ കേട്ടിട്ട്‌ സന്തോഷം തോന്നുന്നില്ലേ?— നമ്മൾ ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല അവന്‌ നമ്മളെക്കുറിച്ചു ചിന്തയുള്ളത്‌. നമ്മൾ മരിച്ചാലും യഹോവ നമ്മളെ ഓർക്കും. താൻ സ്‌നേഹിക്കുന്നവർ മരിച്ചുപോയാലും ജീവിച്ചിരിക്കുന്നവരെപ്പോലെയാണ്‌ യഹോവ അവരെ കാണുന്നത്‌! യേശു അങ്ങനെ പറഞ്ഞിട്ടുണ്ട്‌. (ലൂക്കോസ്‌ 20:38) ‘മരണത്തിനോ ജീവനോ ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ ദൈവസ്‌നേഹത്തിൽനിന്ന്‌ നമ്മളെ വേർപെടുത്താൻ കഴിയില്ല’ എന്ന്‌ ബൈബിൾ പറയുന്നു.—റോമർ 8:38, 39.

യഹോവയ്‌ക്ക്‌ കൊച്ചുകുട്ടികളുടെ കാര്യത്തിൽ താത്‌പര്യമുണ്ടെന്ന്‌ ഭൂമിയിലായിരുന്നപ്പോൾ യേശു നമുക്ക്‌ കാണിച്ചുതന്നു. ദൈവത്തെക്കുറിച്ച്‌ കുട്ടികളോടു സംസാരിക്കാൻ യേശു സമയം ചെലവഴിച്ചു. അതേപ്പറ്റി പഠിച്ചത്‌ ഓർക്കുന്നില്ലേ? എന്നാൽ, മരിച്ചുപോയ കുട്ടികളെ ഉയിർപ്പിക്കാനുള്ള ശക്തി ദൈവം യേശുവിന്‌ കൊടുത്തിരുന്നു എന്ന കാര്യം നിങ്ങൾക്ക്‌ അറിയാമോ?— യായീറൊസ്‌ എന്നൊരാളുടെ 12 വയസ്സുള്ള മകളെ യേശു ഉയിർപ്പിച്ചതിനെക്കുറിച്ച്‌ ബൈബിൾ പറയുന്നുണ്ട്‌. അതേക്കുറിച്ച്‌ കേൾക്കണോ?

ഗലീലക്കടലിന്‌ അടുത്താണ്‌ യായീറൊസ്‌ താമസിച്ചിരുന്നത്‌, ഭാര്യയോടും മകളോടും ഒപ്പം. അങ്ങനെയിരിക്കെ മകൾക്ക്‌ ഒരു അസുഖം വന്നു. മകൾ മരിച്ചുപോകുമെന്ന്‌ യായീറൊസിന്‌ തോന്നി. അപ്പോഴാണ്‌ അയാൾ യേശുവിനെക്കുറിച്ച്‌ ഓർത്തത്‌. ആളുകളുടെ രോഗങ്ങൾ ഭേദമാക്കാൻ യേശുവിന്‌ ശക്തിയുണ്ടെന്ന്‌ അയാൾ കേട്ടിരുന്നു. അതുകൊണ്ട്‌ യായീറൊസ്‌ യേശുവിനെത്തേടി പുറപ്പെടുന്നു. ഒടുവിൽ, ഗലീലക്കടൽത്തീരത്തുവെച്ച്‌ അയാൾ യേശുവിനെ കണ്ടുമുട്ടി. യേശു അപ്പോൾ ഒരു ജനക്കൂട്ടത്തെ പഠിപ്പിക്കുകയായിരുന്നു.

ജനക്കൂട്ടത്തിന്‌ ഇടയിലൂടെ യേശുവിന്റെ അടുത്തെത്തിയ അയാൾ അവന്റെ കാൽക്കൽ വീഴുന്നു. എന്നിട്ട്‌ യേശുവിനോട്‌ ഇങ്ങനെ പറയുന്നു: ‘എന്റെ കുഞ്ഞിന്‌ അസുഖം വളരെ കൂടുതലാണ്‌. ദയവുചെയ്‌ത്‌ അവിടംവരെയൊന്നു വന്ന്‌ അവളെ രക്ഷിക്കണം. ഞാൻ അപേക്ഷിക്കുകയാണ്‌.’ അപ്പോൾത്തന്നെ യേശു യായീറൊസിനോടൊപ്പം പോകുന്നു. അവിടെയുണ്ടായിരുന്ന ജനക്കൂട്ടവും പിന്നാലെ പോകുന്നു. പക്ഷേ അവർ അധികദൂരം ചെല്ലുന്നതിനുമുമ്പ്‌ യായീറൊസിന്റെ വീട്ടിൽനിന്ന്‌ ചിലർ വന്ന്‌, “നിന്റെ മകൾ മരിച്ചുപോയി! ഇനി ഗുരുവിനെ ബുദ്ധിമുട്ടിക്കുന്നത്‌ എന്തിന്‌?” എന്നു പറയുന്നു.

യേശു അത്‌ കേട്ടു. ഒരേയൊരു മകൾ തന്നെവിട്ടു പോയത്‌ യായീറൊസിനെ എത്രയധികം വിഷമിപ്പിച്ചിട്ടുണ്ടാകണം എന്ന്‌ യേശുവിന്‌ മനസ്സിലായി. ‘ഭയപ്പെടേണ്ട, ദൈവത്തിൽ വിശ്വസിച്ചാൽ മാത്രംമതി; അവൾ രക്ഷപ്പെടും’ എന്ന്‌ യേശു യായീറൊസിനോടു പറഞ്ഞു. അങ്ങനെ അവർ യാത്ര തുടർന്നു. ഒടുവിൽ അവർ യായീറൊസിന്റെ വീട്ടിലെത്തി. അവിടെ എല്ലാവരും കരയുകയായിരുന്നു. തങ്ങളുടെ കൊച്ചുകൂട്ടുകാരിയുടെ മരണം അവർക്കു താങ്ങാനാകുന്നില്ല. പക്ഷേ യേശു അവരോട്‌ എന്താണ്‌ പറഞ്ഞതെന്നോ? “കരയേണ്ട; അവൾ മരിച്ചിട്ടില്ല, ഉറങ്ങുകയാണ്‌.”

യേശു പറഞ്ഞതുകേട്ട്‌ ആളുകൾ ചിരിക്കാൻ തുടങ്ങി. കുട്ടി മരിച്ചുപോയെന്ന്‌ അവർക്ക്‌ അറിയാമായിരുന്നു. അപ്പോൾപ്പിന്നെ, കുട്ടി ഉറങ്ങുകയാണെന്ന്‌ യേശു പറഞ്ഞത്‌ എന്തുകൊണ്ടാണ്‌?— ഒരു പ്രധാനപ്പെട്ട പാഠം ആളുകളെ പഠിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു അത്‌. അത്‌ എന്താണെന്ന്‌ അറിയാമോ?— ചുറ്റും നടക്കുന്നതൊന്നും അറിയാത്ത സുഖകരമായ ഒരു ഉറക്കംപോലെയാണ്‌ മരണം എന്ന്‌ അവരെ പഠിപ്പിക്കാനാണ്‌ യേശു അങ്ങനെ പറഞ്ഞത്‌. യേശു അതു പറഞ്ഞതിന്‌ മറ്റൊരു കാരണംകൂടി ഉണ്ടായിരുന്നു. ഉറങ്ങുന്ന ഒരാളെ ഉണർത്താൻ വളരെ എളുപ്പമാണ്‌, അല്ലേ? അതുപോലെ ദൈവത്തിന്റെ ശക്തികൊണ്ട്‌, മരിച്ചവരെ ജീവനിലേക്കു കൊണ്ടുവരാൻ തനിക്കു കഴിയുമെന്ന്‌ അവർക്കു മനസ്സിലാക്കിക്കൊടുക്കാൻ യേശു ആഗ്രഹിച്ചു.

യേശു യായീറൊസിന്റെ മകളെ ഉയിർപ്പിച്ചതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

പത്രോസും യാക്കോബും യോഹന്നാനും പെൺകുട്ടിയുടെ മാതാപിതാക്കളും ഒഴികെ ബാക്കി എല്ലാവരോടും പുറത്തുപോകാൻ യേശു ആവശ്യപ്പെട്ടു. എന്നിട്ട്‌ അവൻ കുട്ടിയെ കിടത്തിയിരുന്ന സ്ഥലത്തേക്കു പോയി. അവൻ അവളുടെ കൈപിടിച്ച്‌, “ബാലികേ, എഴുന്നേൽക്കുക” എന്നു പറഞ്ഞു. ഉടനെതന്നെ അവൾ എഴുന്നേറ്റ്‌ നടന്നു! യായീറൊസിന്റെയും ഭാര്യയുടെയും സന്തോഷത്തിന്‌ അതിരില്ലായിരുന്നു.—മർക്കോസ്‌ 5:21-24, 35-43; ലൂക്കോസ്‌ 8:40-42, 49-56.

ഒന്നാലോചിച്ചു നോക്കൂ. യേശുവിന്‌ ആ പെൺകുട്ടിയെ ഉയിർപ്പിക്കാൻ സാധിച്ചെങ്കിൽ മറ്റുള്ളവരെയും ഉയിർപ്പിക്കാൻ സാധിക്കില്ലേ?— യേശു ശരിക്കും അങ്ങനെ ചെയ്യുമോ? നിങ്ങൾക്ക്‌ എന്തു തോന്നുന്നു?— തീർച്ചയായും. ഒരിക്കൽ യേശുതന്നെ ഇങ്ങനെ പറഞ്ഞു: “സ്‌മാരകക്കല്ലറകളിലുള്ള എല്ലാവരും (എന്റെ) ശബ്ദം കേട്ടു പുറത്തുവരുന്ന സമയം വരുന്നു.”—യോഹന്നാൻ 5:28, 29.

നിങ്ങൾക്ക്‌ എന്തു തോന്നുന്നു, ആളുകളെ ജീവനിലേക്ക്‌ കൊണ്ടുവരാൻ യേശുവിന്‌ ആഗ്രഹമുണ്ടോ?— അതിന്റെ ഉത്തരം അറിയാൻ, ബൈബിളിൽ പറഞ്ഞിരിക്കുന്ന മറ്റൊരു സംഭവം നമ്മളെ സഹായിക്കും. നയിൻ എന്ന പട്ടണത്തിന്‌ അടുത്തായിരുന്നു സംഭവം. പ്രിയപ്പെട്ടവരുടെ മരണത്തെച്ചൊല്ലി ദുഃഖിക്കുന്നവരുടെ വേദന യേശുവിന്‌ മനസ്സിലാകും എന്ന്‌ അത്‌ നമുക്കു കാണിച്ചുതരുന്നു.

ഒരു വിലാപയാത്ര പട്ടണത്തിനു പുറത്തേക്കു പോകുകയായിരുന്നു. കൂട്ടത്തിലുള്ള ഒരു സ്‌ത്രീയുടെ മകനാണ്‌ മരിച്ചത്‌. കുറച്ചുനാൾ മുമ്പ്‌ അവളുടെ ഭർത്താവ്‌ മരിച്ചുപോയിരുന്നു. ഇപ്പോൾ, ആകെയുണ്ടായിരുന്ന മകനും മരിച്ചു. അവൾക്ക്‌ ദുഃഖം അടക്കാനായില്ല. പട്ടണത്തിലെ മിക്കവരും ആ കൂട്ടത്തിലുണ്ട്‌. ആ സ്‌ത്രീ കരയുകയാണ്‌. പക്ഷേ അവളെ എന്തു പറഞ്ഞ്‌ ആശ്വസിപ്പിക്കണമെന്ന്‌ ആർക്കും അറിഞ്ഞുകൂടാ.

ആ സമയത്താണ്‌ യേശുവും ശിഷ്യന്മാരും നയിൻ പട്ടണത്തിലേക്കു വരുന്നത്‌. പട്ടണവാതിലിന്‌ അടുത്തുവെച്ച്‌ അവർ ആ വിലാപയാത്ര കണ്ടു. സങ്കടം സഹിക്കാനാവാതെ ആ സ്‌ത്രീ കരയുന്നതു കണ്ടപ്പോൾ യേശുവിന്റെ മനസ്സലിഞ്ഞു. അവളെ സഹായിക്കാൻ അവൻ ആഗ്രഹിച്ചു.

അതുകൊണ്ട്‌ സ്‌നേഹത്തോടെ, എന്നാൽ ഉറച്ച ശബ്ദത്തിൽ യേശു അവളോട്‌, “കരയേണ്ട” എന്നു പറഞ്ഞു. എല്ലാവരുടെയും കണ്ണുകൾ യേശുവിൽ പതിഞ്ഞു. യേശു ശവമഞ്ചത്തിന്‌ അടുത്തേക്ക്‌ ചെന്നു. അവൻ എന്തു ചെയ്യാൻ പോകുകയാണെന്ന്‌ എല്ലാവരും അത്ഭുതപ്പെട്ടുകാണും. യേശു ഇങ്ങനെ ആജ്ഞാപിച്ചു: “ചെറുപ്പക്കാരാ, എഴുന്നേൽക്കുക എന്നു ഞാൻ നിന്നോടു പറയുന്നു!” ഉടനെതന്നെ ആ ചെറുപ്പക്കാരൻ എഴുന്നേറ്റിരുന്ന്‌ സംസാരിക്കാൻ തുടങ്ങി!—ലൂക്കോസ്‌ 7:11-17.

ആ അമ്മയ്‌ക്ക്‌ ഇപ്പോൾ എന്തു തോന്നിക്കാണുമെന്ന്‌ ഓർത്തുനോക്കൂ! മരിച്ചുപോയ പ്രിയപ്പെട്ട ഒരാൾ ജീവനിലേക്കു വരുമ്പോൾ നിങ്ങൾക്ക്‌ എന്തായിരിക്കും തോന്നുന്നത്‌?— യേശുവിന്‌ ശരിക്കും ആളുകളോട്‌ സ്‌നേഹമുണ്ടെന്നും അവരെ സഹായിക്കാൻ ആഗ്രഹമുണ്ടെന്നും അല്ലേ ഈ സംഭവം കാണിക്കുന്നത്‌?— ദൈവം കൊണ്ടുവരുന്ന പുതിയ ലോകത്തിൽ ഉയിർത്തെഴുന്നേറ്റുവരുന്നവരെ എതിരേൽക്കുന്നതിനെക്കുറിച്ച്‌ ഒന്നു ചിന്തിച്ചുനോക്കൂ! എത്ര ആഹ്ലാദകരമായ ഒരു സമയമായിരിക്കും അത്‌!—2 പത്രോസ്‌ 3:13; വെളിപാട്‌ 21:3, 4.

ഈ അമ്മയുടെ മകനെ ഉയിർപ്പിച്ചതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

ഉയിർത്തെഴുന്നേറ്റുവരുന്ന ചിലരൊക്കെ നമുക്ക്‌ പരിചയമുള്ളവരായിരിക്കും. ചില കുട്ടികളെയും നമുക്ക്‌ അറിയാമായിരിക്കും. അവരെയൊക്കെ നമുക്ക്‌ കണ്ടാൽ മനസ്സിലാകും, യായീറൊസിന്‌ മകളെ മനസ്സിലായതുപോലെ. ഇനി, നൂറുകണക്കിനോ ആയിരക്കണക്കിനോ വർഷങ്ങൾക്കുമുമ്പ്‌ മരിച്ചുപോയവരായിരിക്കും മറ്റു ചിലർ. വളരെ പണ്ട്‌ ജീവിച്ചിരുന്നവരാണല്ലോ എന്നു പറഞ്ഞ്‌ ദൈവം അവരെ മറന്നുകളയുമോ? ഇല്ല.

യഹോവയാം ദൈവവും അവന്റെ പുത്രനായ യേശുവും നമ്മളെ ഇത്രയധികം സ്‌നേഹിക്കുന്നുണ്ടെന്നു കേട്ടിട്ട്‌ സന്തോഷം തോന്നുന്നില്ലേ?— നമ്മൾ ജീവിച്ചിരിക്കുന്നതാണ്‌ അവർക്ക്‌ ഇഷ്ടം, കുറച്ചു വർഷത്തേക്കല്ല, എന്നേക്കും!

മരിച്ചവരെക്കുറിച്ച്‌ നമുക്ക്‌ എന്ത്‌ പ്രത്യാശിക്കാനാകും എന്നറിയാൻ യെശയ്യാവു 25:8; പ്രവൃത്തികൾ 24:15; 1 കൊരിന്ത്യർ 15:20-22 എന്നീ തിരുവെഴുത്തുകൾ വായിക്കുക.