വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 12

യേശു പ്രാർഥിക്കാൻ പഠിപ്പിക്കുന്നു

യേശു പ്രാർഥിക്കാൻ പഠിപ്പിക്കുന്നു

നിങ്ങൾ യഹോവയാം ദൈവത്തോട്‌ സംസാരിക്കാറുണ്ടോ?— നിങ്ങൾ സംസാരിക്കുന്നത്‌ അവന്‌ ഇഷ്ടമാണ്‌. ദൈവത്തോട്‌ സംസാരിക്കുന്നതിനെയാണ്‌ പ്രാർഥന എന്നു പറയുന്നത്‌. യേശു മിക്കപ്പോഴും സ്വർഗത്തിലെ തന്റെ പിതാവിനോട്‌ സംസാരിക്കുമായിരുന്നു. ഒറ്റയ്‌ക്ക്‌ ദൈവത്തോട്‌ സംസാരിക്കാനായിരുന്നു ചിലപ്പോൾ അവനിഷ്ടം. ‘ഒരിക്കൽ പ്രാർഥിക്കാനായി അവൻ തനിയെ ഒരു മലയിലേക്കു പോയി. നേരം വളരെ വൈകിയിട്ടും അവൻ അവിടെ തനിച്ചിരുന്നു’ എന്ന്‌ ബൈബിൾ പറയുന്നു.—മത്തായി 14:23.

ഒറ്റയ്‌ക്കിരുന്ന്‌ യഹോവയോട്‌ പ്രാർഥിക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?— ഉറങ്ങുന്നതിനുമുമ്പ്‌ നിങ്ങൾക്ക്‌ യഹോവയോട്‌ സംസാരിക്കാനാകും. യേശു ഇങ്ങനെ പറഞ്ഞു: ‘നീയോ, പ്രാർഥിക്കുമ്പോൾ നിന്റെ മുറിയിൽ കടന്നു വാതിലടച്ച്‌ സ്വർഗത്തിലുള്ള നിന്റെ പിതാവിനോടു പ്രാർഥിക്കുക.’ (മത്തായി 6:6) എല്ലാ ദിവസവും ഉറങ്ങുന്നതിനുമുമ്പ്‌ നിങ്ങൾ യഹോവയോടു പ്രാർഥിക്കാറുണ്ടോ?— അങ്ങനെ ചെയ്യേണ്ടതാണ്‌.

തനിച്ചായിരുന്നപ്പോഴും മറ്റുള്ളവർ കൂടെയുണ്ടായിരുന്നപ്പോഴും യേശു പ്രാർഥിച്ചു

മറ്റുള്ളവർ കൂടെയുള്ളപ്പോഴും യേശു പ്രാർഥിച്ചിട്ടുണ്ട്‌. യേശുവിന്റെ കൂട്ടുകാരനായ ലാസർ മരിച്ചപ്പോൾ, അവന്റെ ശരീരം അടക്കംചെയ്‌ത സ്ഥലത്തുവെച്ച്‌ യേശു പ്രാർഥിച്ചു. അപ്പോൾ മറ്റ്‌ ആളുകളും അവിടെ ഉണ്ടായിരുന്നു. (യോഹന്നാൻ 11:41, 42) ശിഷ്യന്മാരോടൊപ്പം കൂടിവന്നപ്പോഴും യേശു പ്രാർഥിച്ചിരുന്നു. ഇന്നത്തെ ക്രിസ്‌തീയ യോഗങ്ങളിലും പ്രാർഥിക്കാറുണ്ട്‌. നിങ്ങൾ ആ യോഗങ്ങൾക്ക്‌ പോകാറുണ്ടോ?— വലിയവർ ആരെങ്കിലുമായിരിക്കും അവിടെ പ്രാർഥിക്കുന്നത്‌. അദ്ദേഹം പ്രാർഥിക്കുമ്പോൾ ശ്രദ്ധിച്ചുകേൾക്കണം. ശ്രദ്ധിച്ചുകേട്ടാലേ പ്രാർഥനയുടെ അവസാനം നമുക്ക്‌ “ആമേൻ” പറയാനാകൂ. “ആമേൻ” എന്നതിന്റെ അർഥം എന്താണെന്ന്‌ അറിയാമോ?— നിങ്ങൾക്ക്‌ പ്രാർഥന ഇഷ്ടപ്പെട്ടു എന്നും അതിൽ പറഞ്ഞ കാര്യങ്ങളോട്‌ നിങ്ങൾ യോജിക്കുന്നു എന്നുമാണ്‌ അതിന്റെ അർഥം. “ആമേൻ” പറഞ്ഞാൽ, അത്‌ നിങ്ങൾ പ്രാർഥിച്ചതുപോലെയാകും.

മീറ്റിങ്ങിന്റെ സമയത്ത്‌ പ്രാർഥിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്‌ എന്തുകൊണ്ട്‌?

ആഹാരം കഴിക്കുന്നതിനുമുമ്പും യേശു പ്രാർഥിച്ചിരുന്നു. ആഹാരം തന്നതിന്‌ അവൻ യഹോവയ്‌ക്ക്‌ നന്ദി പറയുമായിരുന്നു. നിങ്ങളും ആഹാരം കഴിക്കുന്നതിനുമുമ്പ്‌ പ്രാർഥിക്കാറുണ്ടോ?— ആഹാരം തന്നതിന്‌ നമ്മൾ യഹോവയോട്‌ നന്ദി പറയണം. ഒരുമിച്ചിരുന്ന്‌ ആഹാരം കഴിക്കുമ്പോൾ മറ്റ്‌ ആരെങ്കിലും ആയിരിക്കും പ്രാർഥിക്കുന്നത്‌. എന്നാൽ നിങ്ങൾ ഒറ്റയ്‌ക്കിരുന്ന്‌ കഴിക്കുമ്പോഴോ? അല്ലെങ്കിൽ, പ്രാർഥിക്കാതെ ഭക്ഷണം കഴിക്കുന്നവർ കൂടെയുണ്ടെങ്കിലോ? അപ്പോൾ എന്തു ചെയ്യും?— അപ്പോൾ നിങ്ങൾ തനിയെ പ്രാർഥിക്കണം.

എപ്പോഴും ഉറക്കെ പ്രാർഥിക്കണം എന്നുണ്ടോ? നമ്മൾ മനസ്സിൽ പ്രാർഥിച്ചാൽ യഹോവയ്‌ക്ക്‌ കേൾക്കാൻ പറ്റുമോ?— ഉത്തരം അറിയാൻ നമുക്ക്‌ നെഹെമ്യാവിന്റെ പ്രാർഥനയെക്കുറിച്ചു പഠിക്കാം. യഹോവയെ ആരാധിച്ചിരുന്ന ആളായിരുന്നു നെഹെമ്യാവ്‌. പേർഷ്യൻ രാജാവായ അർത്ഥഹ്‌ശഷ്ടാവിന്റെ കൊട്ടാരത്തിലായിരുന്നു അവനു ജോലി. അങ്ങനെയിരിക്കെ, നെഹെമ്യാവ്‌ ഒരു വാർത്ത കേട്ടു. എന്താണെന്നോ? അവന്റെ ആളുകൾ താമസിച്ചിരുന്ന യെരുശലേം നഗരത്തിന്റെ മതിലുകൾ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്നു! അതു കേട്ടപ്പോൾ നെഹെമ്യാവിന്‌ വലിയ വിഷമമായി.

നെഹെമ്യാവിനെപ്പോലെ എപ്പോഴെല്ലാം നിങ്ങൾക്ക്‌ മനസ്സിൽ പ്രാർഥിക്കാം?

വിഷമത്തിനു കാരണം എന്താണെന്ന്‌ രാജാവ്‌ ചോദിച്ചപ്പോൾ നെഹെമ്യാവ്‌ എന്തു ചെയ്‌തു? ഉത്തരം പറയുന്നതിനുമുമ്പ്‌ അവൻ മനസ്സിൽ യഹോവയോടു പ്രാർഥിച്ചു. എന്നിട്ട്‌, വിഷമത്തിനു കാരണം രാജാവിനെ ബോധിപ്പിച്ചു. യെരുശലേമിന്റെ മതിലുകൾ പുതുക്കിപ്പണിയാൻ അവിടേക്ക്‌ പോകാൻ അനുവാദം ചോദിക്കുകയും ചെയ്‌തു. രാജാവ്‌ സമ്മതിച്ചോ?—

ഉവ്വ്‌, ദൈവം നെഹെമ്യാവിന്റെ പ്രാർഥന കേട്ടു. രാജാവ്‌ അവനെ പോകാൻ അനുവദിച്ചു! മതിലിന്റെയും മറ്റും പണിക്കായി കുറെ തടികളും കൊടുത്തയച്ചു. മനസ്സിൽ പ്രാർഥിച്ചാൽപ്പോലും ദൈവം ഉത്തരം തരും എന്ന്‌ ഇപ്പോൾ മനസ്സിലായില്ലേ?—നെഹെമ്യാവു 1:2, 3; 2:4-8.

ഇനി പ്രാർഥനയെക്കുറിച്ച്‌ വേറൊരു കാര്യം. പ്രാർഥിക്കുമ്പോൾ നമ്മൾ തലകുനിക്കേണ്ടതുണ്ടോ? അതോ മുട്ടുകുത്തിനിന്ന്‌ പ്രാർഥിക്കണമെന്നുണ്ടോ? നിങ്ങൾക്ക്‌ എന്തു തോന്നുന്നു?— യേശു ചിലപ്പോഴൊക്കെ മുട്ടുകുത്തിനിന്ന്‌ പ്രാർഥിച്ചിട്ടുണ്ട്‌. ചിലപ്പോൾ നിന്നുകൊണ്ടും. അവൻ സ്വർഗത്തിലേക്ക്‌ കണ്ണുകളുയർത്തി പ്രാർഥിച്ചതിനെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്‌. മരിച്ചുപോയ ലാസറിനുവേണ്ടി പ്രാർഥിച്ചപ്പോൾ യേശു അതാണ്‌ ചെയ്‌തത്‌.

ഇതിൽനിന്ന്‌ എന്തു മനസ്സിലാക്കാം?— ഇരുന്നുകൊണ്ടാണോ നിന്നുകൊണ്ടാണോ പ്രാർഥിക്കുന്നത്‌ എന്നതല്ല പ്രധാന സംഗതി. ചിലപ്പോൾ തലകുനിച്ച്‌, കണ്ണടച്ച്‌ പ്രാർഥിക്കുന്നത്‌ നല്ലതാണ്‌. യേശു ചെയ്‌തതുപോലെ, മുട്ടുകുത്തിനിന്ന്‌ പ്രാർഥിക്കണമെന്ന്‌ ചിലപ്പോൾ നിങ്ങൾക്കു തോന്നിയേക്കാം. എന്തായാലും ഒരു കാര്യം സത്യമാണ്‌, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എപ്പോൾ വേണമെങ്കിലും നമുക്കു ദൈവത്തോടു പ്രാർഥിക്കാം; അവൻ അതു കേൾക്കും. യഹോവ നമ്മുടെ പ്രാർഥന കേൾക്കുമെന്ന വിശ്വാസം വേണം, അതാണ്‌ പ്രധാനം. ആകട്ടെ, യഹോവ നിങ്ങളുടെ പ്രാർഥന കേൾക്കുമെന്ന്‌ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?—

പ്രാർഥിക്കുമ്പോൾ നിങ്ങൾക്ക്‌ ദൈവത്തോട്‌ എന്തെല്ലാം പറയാനാകും?

യഹോവയോട്‌ നമ്മൾ എന്താണ്‌ പ്രാർഥിക്കേണ്ടത്‌?— നിങ്ങൾ സാധാരണ എന്താണ്‌ പ്രാർഥിക്കാറുള്ളത്‌?— യഹോവ നമുക്കുവേണ്ടി ഒരുപാട്‌ നല്ല കാര്യങ്ങൾ ചെയ്യാറുണ്ട്‌. അതിനൊക്കെ നമ്മൾ അവനു നന്ദിപറയണം, അല്ലേ?— ആഹാരം തരുന്നതിന്‌ നമുക്ക്‌ അവനോടു നന്ദിപറയാനാകും. പക്ഷേ, ഭംഗിയുള്ള നീലാകാശവും പൂക്കളും മരങ്ങളും ഒക്കെ തന്നതിന്‌ നിങ്ങൾ എന്നെങ്കിലും ദൈവത്തിന്‌ നന്ദിപറഞ്ഞിട്ടുണ്ടോ?— അതും ദൈവം ഉണ്ടാക്കിയതാണ്‌.

പ്രാർഥിക്കാൻ പഠിപ്പിക്കണമെന്ന്‌ ഒരിക്കൽ യേശുവിന്റെ ശിഷ്യന്മാർ അവനോട്‌ ആവശ്യപ്പെട്ടു. യേശു അവരെ പ്രാർഥിക്കാൻ പഠിപ്പിച്ചു. എന്തിനൊക്കെവേണ്ടി പ്രാർഥിക്കണമെന്ന്‌ അവൻ അവർക്കു പറഞ്ഞുകൊടുത്തു. അതിനെക്കുറിച്ച്‌ അറിയാമോ?— ബൈബിൾ തുറന്ന്‌ മത്തായി 6-ാം അധ്യായത്തിലെ ഒരു ഭാഗം നമുക്കു വായിക്കാം. അതിന്റെ 9 മുതൽ 13 വരെയുള്ള വാക്യങ്ങളിൽ നമുക്ക്‌ ആ പ്രാർഥന കാണാം. ‘സ്വർഗസ്ഥനായ പിതാവേ’ എന്നാണ്‌ ആളുകൾ സാധാരണ ഈ പ്രാർഥനയെ വിളിക്കുന്നത്‌. നമുക്ക്‌ അത്‌ വായിച്ചുനോക്കാം.

ദൈവനാമത്തിനുവേണ്ടി പ്രാർഥിക്കാൻ യേശു ഇവിടെ ശിഷ്യന്മാരോടു പറയുന്നു. ദൈവത്തിന്റെ പേര്‌ വിശുദ്ധീകരിക്കപ്പെടാൻവേണ്ടി പ്രാർഥിക്കാൻ യേശു പറഞ്ഞു. എന്താണ്‌ ദൈവത്തിന്റെ പേര്‌?— അതെ, യഹോവ എന്നാണ്‌ ദൈവത്തിന്റെ പേര്‌. ആ പേരിനോട്‌ നമുക്ക്‌ സ്‌നേഹമുണ്ടായിരിക്കണം.

ദൈവരാജ്യം വരാൻ പ്രാർഥിക്കാനാണ്‌ യേശു രണ്ടാമതായി പഠിപ്പിച്ചത്‌. ദൈവരാജ്യത്തിനു വലിയ പ്രാധാന്യമുണ്ട്‌. കാരണം, ഭൂമിയിൽ സമാധാനം കൊണ്ടുവരുന്നതും ഭൂമിയെ പറുദീസയാക്കുന്നതും ആ രാജ്യമാണ്‌.

മൂന്നാമതായി എന്തിനെക്കുറിച്ചു പ്രാർഥിക്കാനാണ്‌ യേശു പറഞ്ഞത്‌? ദൈവത്തിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും നടക്കുന്നതിനുവേണ്ടി പ്രാർഥിക്കാൻ. അങ്ങനെ പ്രാർഥിക്കുന്നെങ്കിൽ ആദ്യം നമ്മൾതന്നെ ദൈവത്തിന്റെ ഇഷ്ടം ചെയ്യണം.

ഓരോ ദിവസവും വേണ്ട ആഹാരത്തിനായി പ്രാർഥിക്കാനാണ്‌ യേശു അടുത്തതായി പഠിപ്പിച്ചത്‌. തെറ്റു ചെയ്‌താൽ ദൈവത്തോടു മാപ്പുപറയണമെന്ന്‌ യേശു പിന്നീട്‌ പറഞ്ഞു. തെറ്റു ക്ഷമിച്ചുകിട്ടാൻ ദൈവത്തോട്‌ അപേക്ഷിക്കുകയും വേണം. പക്ഷേ ദൈവം നമ്മളോട്‌ ക്ഷമിക്കണമെങ്കിൽ ആദ്യം നമ്മൾ എന്തു ചെയ്യണമെന്ന്‌ അറിയാമോ? നമ്മളോട്‌ തെറ്റു ചെയ്‌തവരോട്‌ നമ്മൾ ക്ഷമിക്കണം. നിങ്ങളോട്‌ ആരെങ്കിലും എന്തെങ്കിലും തെറ്റുചെയ്‌താൽ നിങ്ങൾ അവരോട്‌ ക്ഷമിക്കുമോ?—

ദുഷ്ടനിൽനിന്ന്‌, എന്നുവെച്ചാൽ, പിശാചായ സാത്താനിൽനിന്ന്‌ നമ്മളെ കാത്തുകൊള്ളണേ എന്നു പ്രാർഥിക്കാനാണ്‌ യേശു അവസാനമായി പഠിപ്പിച്ചത്‌. ഈ കാര്യങ്ങൾക്കുവേണ്ടിയെല്ലാം നമുക്ക്‌ ദൈവത്തോട്‌ പ്രാർഥിക്കാനാകും.

യഹോവ നമ്മുടെ പ്രാർഥന കേൾക്കുമെന്ന്‌ നമ്മൾ വിശ്വസിക്കണം. ദൈവത്തിന്റെ സഹായം കിട്ടാൻവേണ്ടി മാത്രം പ്രാർഥിച്ചാൽ പോരാ; അവന്‌ നന്ദി കൊടുക്കാനും ഓർക്കണം. നമ്മൾ സത്യസന്ധമായി പ്രാർഥിക്കുന്നത്‌ കേൾക്കാനാണ്‌ അവനിഷ്ടം. മാത്രമല്ല, നമ്മൾ നല്ല കാര്യങ്ങൾക്കുവേണ്ടി പ്രാർഥിക്കുമ്പോൾ യഹോവയ്‌ക്ക്‌ വലിയ സന്തോഷം തോന്നും. അവൻ ആ പ്രാർഥന കേൾക്കുകയും ചെയ്യും. നിങ്ങൾ അത്‌ വിശ്വസിക്കുന്നുണ്ടോ?—

പ്രാർഥനയെക്കുറിച്ച്‌ കൂടുതൽ മനസ്സിലാക്കാൻ റോമർ 12:12; 1 പത്രോസ്‌ 3:12; 1 യോഹന്നാൻ 5:14 എന്നീ തിരുവെഴുത്തുകൾ വായിക്കുക.