വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 37

യഹോവയെയും അവന്റെ പുത്രനെയും ഓർമിക്കുക!

യഹോവയെയും അവന്റെ പുത്രനെയും ഓർമിക്കുക!

ആരെങ്കിലും നിങ്ങൾക്ക്‌ നല്ല ഭംഗിയുള്ള ഒരു സമ്മാനം തന്നെന്നു വിചാരിക്കുക. നിങ്ങൾക്ക്‌ എന്തു തോന്നും?— വെറുതെ ഒന്ന്‌ ‘താങ്ക്‌യൂ’ പറഞ്ഞിട്ട്‌ അതു തന്നയാളെ നിങ്ങൾ മറന്നുകളയുമോ? അതോ അയാൾ ചെയ്‌തത്‌ നിങ്ങൾ എന്നും ഓർക്കുമോ?—

യഹോവയാം ദൈവം നമുക്ക്‌ ഒരു സമ്മാനം തന്നിട്ടുണ്ട്‌. നമുക്കുവേണ്ടി മരിക്കുന്നതിന്‌ അവൻ തന്റെ പുത്രനെ ഭൂമിയിലേക്ക്‌ അയച്ചു. പക്ഷേ യേശു മരിക്കേണ്ടിവന്നത്‌ എന്തുകൊണ്ടാണെന്ന്‌ അറിയാമോ?— നമ്മൾ അത്‌ അറിഞ്ഞിരിക്കണം. അത്ര പ്രധാനപ്പെട്ട കാര്യമാണത്‌.

ആദാം പാപംചെയ്‌തു, ദൈവം പറഞ്ഞത്‌ അവൻ അനുസരിച്ചില്ല. അതിനെക്കുറിച്ച്‌ നമ്മൾ 23-ാം അധ്യായത്തിൽ പഠിച്ചു. നമ്മുടെയെല്ലാം പിതാവായ ആദാമിൽനിന്ന്‌ നമുക്ക്‌ പാപം കൈമാറിക്കിട്ടി. അതുകൊണ്ട്‌ നമുക്ക്‌ ഇപ്പോൾ എന്താണ്‌ ആവശ്യമായിരിക്കുന്നത്‌?— നമുക്ക്‌ മറ്റൊരു പിതാവിനെ വേണം; ഭൂമിയിൽ ജീവിച്ചിട്ടുള്ള, ഒരു കുറവുകളുമില്ലാത്ത പൂർണനായ ഒരു പിതാവിനെ. അങ്ങനെയൊരു പിതാവാകാൻ ആർക്കു സാധിക്കും?— യേശുവിന്‌.

യഹോവ യേശുവിനെ ഭൂമിയിലേക്ക്‌ അയച്ചത്‌ നമ്മുടെ പിതാവാകാനാണ്‌, ആദാമിനു പകരം. ‘ആദ്യമനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു. അവസാനത്തെ ആദാം ജീവൻ നൽകുന്ന ആത്മാവായി’ എന്ന്‌ ബൈബിൾ പറയുന്നു. ആദ്യത്തെ ആദാം ആരായിരുന്നു?— അതെ, നിലത്തെ പൊടിയിൽനിന്ന്‌ ദൈവം സൃഷ്ടിച്ച ആ മനുഷ്യൻ. അങ്ങനെയെങ്കിൽ അവസാനത്തെ ആദാം ആരാണ്‌?— യേശു. ബൈബിൾ അതു പറയുന്നുണ്ട്‌: “ആദ്യമനുഷ്യൻ (ആദാം) ഭൂമിയിൽനിന്നുള്ളവൻ, പൊടികൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ (യേശു) സ്വർഗത്തിൽനിന്നുള്ളവൻ.”1 കൊരിന്ത്യർ 15:45, 47; ഉല്‌പത്തി 2:7.

ദൈവം യേശുവിന്റെ ജീവൻ സ്വർഗത്തിൽനിന്ന്‌ മറിയയുടെ ഉള്ളിലേക്കു മാറ്റി. അതുകൊണ്ട്‌ ആദാമിൽനിന്നുള്ള പാപങ്ങളൊന്നും ഇല്ലാതെയാണ്‌ യേശു ജനിച്ചത്‌, ഒരു പൂർണമനുഷ്യനായി. (ലൂക്കോസ്‌ 1:30-35) ‘ഇന്നു നിങ്ങൾക്കായി ഒരു രക്ഷകൻ പിറന്നിരിക്കുന്നു’ എന്ന്‌ ദൂതൻ ഇടയന്മാരോട്‌ പറഞ്ഞതിന്റെ ഒരു കാരണം അതായിരുന്നു. (ലൂക്കോസ്‌ 2:11) പക്ഷേ ജനിച്ച ഉടനെ യേശുവിന്‌ നമ്മുടെ രക്ഷകനാകാൻ പറ്റുമായിരുന്നോ? അതിന്‌ അവൻ എന്തു ചെയ്യണമായിരുന്നു?— യേശു വളർന്ന്‌ ആദാമിനെപ്പോലെ വലുതാകണമായിരുന്നു. അപ്പോൾ യേശുവിന്‌ ‘രണ്ടാമത്തെ ആദാം’ ആകാൻ പറ്റുമായിരുന്നു.

രക്ഷകനായ യേശു നമ്മുടെ “നിത്യപിതാവ്‌” ആയിത്തീരും. ബൈബിളിൽ അങ്ങനെ പറയുന്നുണ്ട്‌. (യെശയ്യാവു 9:6, 7) പാപംചെയ്‌ത്‌ അപൂർണനായിത്തീർന്ന ആദാമിനു പകരം, പൂർണനായ യേശു നമ്മുടെ പിതാവായിത്തീരും. അങ്ങനെ, ‘രണ്ടാമത്തെ ആദാമായ’ യേശുവിനെ നമുക്കു നമ്മുടെ പിതാവാക്കാം. പക്ഷേ യേശുവിനും ഒരു പിതാവുണ്ട്‌, യഹോവയാം ദൈവം.

ആദാമും യേശുവും എന്തു കാര്യത്തിൽ തുല്യരായിരുന്നു? അവർ തുല്യരായിരുന്നു എന്നത്‌ ഇത്ര പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

യേശുവിനെക്കുറിച്ച്‌ പഠിച്ചുകൊണ്ട്‌ നമുക്ക്‌ അവനെ നമ്മുടെ രക്ഷകനാക്കാം. പക്ഷേ നമ്മൾക്ക്‌ എന്തിൽനിന്നാണ്‌ രക്ഷ വേണ്ടത്‌?— ആദാമിൽനിന്ന്‌ കൈമാറിക്കിട്ടിയ പാപത്തിൽനിന്നും മരണത്തിൽനിന്നും. വളർന്നു വലുതായ യേശു നമുക്കുവേണ്ടി ബലികഴിച്ച പൂർണതയുള്ള ജീവനെയാണ്‌ മറുവില എന്നു പറയുന്നത്‌. നമ്മുടെ പാപങ്ങൾക്ക്‌ ക്ഷമ കിട്ടാനാണ്‌ യഹോവ മറുവില ഏർപ്പെടുത്തിയത്‌.—മത്തായി 20:28; റോമർ 5:8; 6:23.

യഹോവയും യേശുവും നമുക്കുവേണ്ടി ചെയ്‌തത്‌ മറന്നുകളയാൻ എന്തായാലും നമ്മൾ ആഗ്രഹിക്കുന്നില്ല, അല്ലേ?— താൻ ചെയ്‌തത്‌ ഓർക്കാനുള്ള ഒരു മാർഗം യേശു ശിഷ്യന്മാർക്ക്‌ കാണിച്ചുകൊടുത്തു. അത്‌ എന്താണെന്ന്‌ നമുക്കു നോക്കാം.

യെരുശലേമിൽ ഒരു വീടിന്റെ മുകളിലത്തെ നിലയിലാണ്‌ നിങ്ങളെന്നു വിചാരിക്കുക. സമയം രാത്രിയായിരിക്കുന്നു. യേശുവും അപ്പൊസ്‌തലന്മാരും ഒരു മേശയ്‌ക്കരികിൽ ഇരിക്കുകയാണ്‌. തീയിൽ ചുട്ടെടുത്ത ആടിന്റെ മാംസവും അപ്പവും ചുവന്ന വീഞ്ഞും മേശപ്പുറത്ത്‌ വെച്ചിട്ടുണ്ട്‌. പ്രധാനപ്പെട്ട ഒരു ആഘോഷംനടക്കുകയാണ്‌ അവിടെ. അത്‌ എന്താണെന്ന്‌ അറിയാമോ?—

തന്റെ ജനമായ ഇസ്രായേല്യർക്കുവേണ്ടി നൂറുകണക്കിന്‌ വർഷങ്ങൾക്കുമുമ്പ്‌ യഹോവ ചെയ്‌ത ഒരു കാര്യത്തെക്കുറിച്ച്‌ ആ പ്രത്യേക ഭക്ഷണം അവരെ ഓർമിപ്പിച്ചു. അന്ന്‌ ഇസ്രായേല്യർ ഈജിപ്‌റ്റിൽ അടിമകളായിരുന്നു. യഹോവ അവരോട്‌ ഇങ്ങനെ പറഞ്ഞു: ‘ഓരോ കുടുംബവും ഓരോ ആട്ടിൻകുട്ടിയെ അറുക്കേണം. എന്നിട്ട്‌ അതിന്റെ രക്തം എടുത്ത്‌ വീടിന്റെ വാതിലിന്റെ കട്ടളക്കാലിൽ പുരട്ടേണം.’ അതിനുശേഷം ‘വീടിന്‌ അകത്തുപോയി, തീയിൽ ചുട്ടെടുത്ത ആടിന്റെ മാംസം കഴിക്കേണം’ എന്നും യഹോവ അവരോടു പറഞ്ഞു.

ആട്ടിൻകുട്ടിയുടെ രക്തം ഇസ്രായേല്യരെ രക്ഷിച്ചത്‌ എങ്ങനെ?

യഹോവ പറഞ്ഞതുപോലെതന്നെ ഇസ്രായേല്യർ ചെയ്‌തു. അന്നു രാത്രിതന്നെ ദൈവത്തിന്റെ ദൂതൻ ദേശത്തുകൂടെ കടന്നുപോയി. മിക്കവാറും എല്ലാ വീടുകളിലെയും മൂത്തകുട്ടിയെ ദൂതൻ കൊന്നുകളഞ്ഞു. പക്ഷേ കട്ടളക്കാലിൽ ആട്ടിൻകുട്ടിയുടെ രക്തം പുരട്ടിയിരുന്ന വീടുകളോ? ആ വീടുകളിലെ കുട്ടികളെ ദൂതൻ ഒന്നും ചെയ്‌തില്ല. യഹോവയുടെ ദൂതൻ ചെയ്‌തത്‌ കണ്ട്‌ ഈജിപ്‌റ്റിലെ രാജാവായ ഫറവോൻ പേടിച്ചുപോയി. അതുകൊണ്ട്‌ ഫറവോൻ ഇസ്രായേല്യരോട്‌: ‘നിങ്ങൾ ഇനി എന്റെ അടിമകളല്ല. എത്രയും വേഗം ഈജിപ്‌റ്റു വിട്ട്‌ പോകുവിൻ!’ അതു കേൾക്കേണ്ട താമസം, സാധനങ്ങളെല്ലാം ഒട്ടകങ്ങളുടെയും കഴുതകളുടെയും പുറത്തുകയറ്റി അവർ യാത്രയായി.

താൻ ഇസ്രായേല്യരെ മോചിപ്പിച്ചത്‌ അവർ മറന്നുപോകരുതെന്ന്‌ യഹോവയ്‌ക്ക്‌ ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട്‌, ‘ഇന്ന്‌ കഴിച്ചതുപോലുള്ള ഭക്ഷണം വർഷന്തോറും നിങ്ങൾ കഴിക്കേണം’ എന്ന്‌ യഹോവ അവരോടു പറഞ്ഞു. വിശേഷപ്പെട്ട ഈ ഭക്ഷണത്തെ അവർ പെസഹാ എന്നു വിളിച്ചു. ‘കടന്നുപോകുക’ എന്നർഥമുള്ള ഒരു വാക്കിൽനിന്നാണ്‌ പെസഹാ എന്ന പേര്‌ വന്നത്‌. ദൂതൻ അന്നുരാത്രി, രക്തം പുരട്ടിയിരുന്ന വീടുകളെ കടന്നുപോയതുകൊണ്ടാണ്‌ ആ പേര്‌ വന്നത്‌.—പുറപ്പാടു 12:1-13, 24-27, 31.

പെസഹാഭക്ഷണം കഴിക്കുന്ന സമയത്ത്‌ യേശുവും അപ്പൊസ്‌തലന്മാരും ഇക്കാര്യം ഓർമിക്കുന്നു. അതിനുശേഷം, യേശു വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം ചെയ്യുന്നു. പക്ഷേ അതിനുമുമ്പ്‌ അവൻ അവിശ്വസ്‌തനായ യൂദായെ പറഞ്ഞുവിട്ടിരുന്നു. എന്നിട്ട്‌ യേശു, ഒരു അപ്പമെടുത്ത്‌ പ്രാർഥിച്ച്‌, നുറുക്കി ശിഷ്യന്മാർക്കു കൊടുക്കുന്നു. “വാങ്ങി ഭക്ഷിക്കുവിൻ; ഇത്‌ എന്റെ ശരീരത്തെ അർഥമാക്കുന്നു,” യേശു അവരോട്‌ പറയുന്നു.

തുടർന്ന്‌ യേശു ഒരു ഗ്ലാസ്സ്‌ ചുവന്ന വീഞ്ഞ്‌ എടുക്കുന്നു. പ്രാർഥിച്ചിട്ട്‌ അത്‌ ശിഷ്യന്മാർക്കു കൊടുക്കുന്നു. “നിങ്ങളെല്ലാവരും ഇതിൽനിന്നു കുടിക്കുവിൻ.” അതിനുശേഷം അവൻ ഇങ്ങനെ പറയുന്നു: ‘ഈ പാനപാത്രം എന്റെ രക്തത്തെയാണ്‌ അർഥമാക്കുന്നത്‌. നിങ്ങളെ പാപത്തിൽനിന്ന്‌ മോചിപ്പിക്കാൻ ഞാൻ എന്റെ രക്തം ചൊരിയാൻ പോകുകയാണ്‌. എന്റെ ഓർമയ്‌ക്കായി ഇതു ചെയ്യുവിൻ.’—മത്തായി 26:26-28; 1 കൊരിന്ത്യർ 11:23-26.

യേശു വീഞ്ഞിനോട്‌ ഉപമിച്ച അവന്റെ രക്തം നമുക്കുവേണ്ടി എന്തു ചെയ്യും?

തന്റെ ഓർമയ്‌ക്കായി ഇതു ചെയ്യാൻ യേശു ശിഷ്യന്മാരോടു പറഞ്ഞത്‌ ശ്രദ്ധിച്ചോ?— പിന്നീട്‌ അവർ പെസഹാ ആഘോഷിക്കേണ്ട കാര്യമില്ലായിരുന്നു. പകരം യേശുവിന്റെയും അവന്റെ മരണത്തിന്റെയും ഓർമയ്‌ക്കായി അവർ എല്ലാ വർഷവും ഈ വിശേഷപ്പെട്ട ഭക്ഷണം കഴിക്കണമായിരുന്നു. ‘കർത്താവിന്റെ സന്ധ്യാഭക്ഷണം’ എന്നാണ്‌ അത്‌ അറിയപ്പെടുന്നത്‌. ഇന്ന്‌ നമ്മൾ അതിനെ ‘സ്‌മാരകം’ എന്ന്‌ വിളിക്കുന്നു. അത്‌ എന്തുകൊണ്ടാണ്‌?— കാരണം, യേശുവും യഹോവയാം ദൈവവും നമുക്കുവേണ്ടി ചെയ്‌ത കാര്യം അത്‌ നമ്മുടെ സ്‌മരണയിലേക്ക്‌, എന്നുവെച്ചാൽ ഓർമയിലേക്ക്‌ കൊണ്ടുവരുന്നു.

ആ അപ്പം കാണുമ്പോൾ നമ്മൾ യേശുവിന്റെ ശരീരത്തെക്കുറിച്ച്‌ ചിന്തിക്കണം. നമുക്ക്‌ നിത്യജീവൻ കിട്ടുന്നതിനുവേണ്ടി തന്റെ ശരീരം ബലികഴിക്കാൻ യേശു തയ്യാറായി. ഇനി, ചുവന്ന വീഞ്ഞിന്റെ കാര്യമോ?— അത്‌ കാണുമ്പോൾ, യേശുവിന്റെ രക്തം എത്ര വിലയുള്ളതാണെന്ന്‌ നമ്മൾ ഓർക്കണം. ഈജിപ്‌റ്റിൽ പെസഹായുടെ സമയത്ത്‌ അറുത്ത ആട്ടിൻകുട്ടിയുടെ രക്തത്തെക്കാളൊക്കെ വിലയുണ്ടായിരുന്നു യേശുവിന്റെ രക്തത്തിന്‌! എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌?— യേശുവിന്റെ രക്തത്തിന്‌ നമ്മുടെ പാപങ്ങൾ മോചിക്കാൻ കഴിവുണ്ടെന്ന്‌ ബൈബിൾ പറയുന്നു. നമ്മുടെ പാപങ്ങളെല്ലാം മോചിച്ചുകിട്ടിയാൽ പിന്നെ ഒരിക്കലും നമുക്ക്‌ രോഗംവരില്ല, വയസ്സാകില്ല, നമ്മൾ മരിക്കുകയുമില്ല. സ്‌മാരകത്തിനു പോകുമ്പോൾ നമ്മൾ ഇതെല്ലാം ഓർക്കണം.

സ്‌മാരകത്തിനു വരുന്ന എല്ലാവരും അപ്പം തിന്നുകയും വീഞ്ഞും കുടിക്കുകയും ചെയ്യണോ?— അപ്പം തിന്നുകയും വീഞ്ഞും കുടിക്കുകയും ചെയ്യുന്നവരോട്‌ യേശു പറഞ്ഞത്‌ എന്താണെന്നോ? ‘നിങ്ങൾക്ക്‌ എന്റെ രാജ്യത്തിൽ പങ്കുണ്ടായിരിക്കും; നിങ്ങൾ സ്വർഗത്തിൽ എന്നോടൊപ്പം സിംഹാസനങ്ങളിൽ ഇരിക്കും.’ (ലൂക്കോസ്‌ 22:19, 20, 30) യേശുവിനോടുകൂടെ രാജാക്കന്മാരായി ഭരിക്കാൻ അവർ സ്വർഗത്തിലേക്കു പോകും എന്നാണ്‌ അതിന്റെ അർഥം. അതുകൊണ്ട്‌ സ്വർഗത്തിൽ യേശുവിനോടുകൂടെ ഭരിക്കാനുള്ളവർ മാത്രമേ ആ അപ്പവും വീഞ്ഞും കഴിക്കാൻപാടുള്ളൂ.

പക്ഷേ, അപ്പവും വീഞ്ഞും കഴിക്കാത്തവരും സ്‌മാരകത്തിനു പോകണം. അത്‌ എന്തുകൊണ്ടാണെന്ന്‌ അറിയാമോ?— നമുക്കുംകൂടി വേണ്ടിയാണ്‌ യേശു തന്റെ ജീവൻ നൽകിയത്‌. അതുകൊണ്ട്‌ നമ്മൾ തീർച്ചയായും സ്‌മാരകത്തിന്‌ പോകണം. യേശു ചെയ്‌തത്‌ നമ്മൾ മറന്നുകളഞ്ഞിട്ടില്ല എന്നു കാണിക്കാനുള്ള ഒരു മാർഗമാണത്‌—ദൈവം തന്ന ആ വിശേഷപ്പെട്ട സമ്മാനം നമ്മൾ ഓർക്കുന്നുണ്ടെന്നു കാണിക്കാനുള്ള മാർഗം.

യേശുവിന്റെ മറുവിലയുടെ പ്രാധാന്യം കാണിക്കുന്ന മറ്റുചില തിരുവെഴുത്തുകളാണ്‌ 1 കൊരിന്ത്യർ 5:7; എഫെസ്യർ 1:7; 1 തിമൊഥെയൊസ്‌ 2:5, 6; 1 പത്രോസ്‌ 1:18, 19 എന്നിവ.