അധ്യായം 6
മഹാനായ അധ്യാപകൻ മറ്റുള്ളവരെ സേവിച്ചു
ആരെങ്കിലും നിങ്ങൾക്കുവേണ്ടി ഒരു നല്ല കാര്യം ചെയ്യുന്നത് നിങ്ങൾക്ക് ഇഷ്ടമല്ലേ?— എല്ലാവർക്കും അത് ഇഷ്ടമാണ്. മഹാനായ അധ്യാപകന് അക്കാര്യം അറിയാമായിരുന്നു. അവൻ എപ്പോഴും മറ്റുള്ളവർക്കുവേണ്ടി നല്ല കാര്യങ്ങൾ ചെയ്‌തു. ‘ഞാൻ വന്നത് മറ്റുള്ളവർക്കു സേവനം ചെയ്യാനാണ്, സേവനം സ്വീകരിക്കാനല്ല’ എന്ന് ഒരിക്കൽ അവൻ പറയുകയുണ്ടായി.—മത്തായി 20:28.
മഹാനായ അധ്യാപകനെപ്പോലെ ആകണമെങ്കിൽ നമ്മൾ എന്തു ചെയ്യണം?— നമ്മളും മറ്റുള്ളവർക്കുവേണ്ടി സേവനങ്ങൾ ചെയ്യണം. എന്നുവെച്ചാൽ, നല്ല കാര്യങ്ങൾ ചെയ്യണം. ഇന്നു മിക്ക ആളുകളും അങ്ങനെ ചെയ്യാറില്ല. ശരിക്കും പറഞ്ഞാൽ, മറ്റുള്ളവർ തങ്ങളെ സഹായിക്കണം എന്നാണ് അവരുടെ ആഗ്രഹം. യേശുവിന്റെ ശിഷ്യന്മാർപോലും അങ്ങനെ വിചാരിച്ചു. കൂട്ടത്തിൽ ഏറ്റവും വലിയവനാകാൻ ആയിരുന്നു എല്ലാവർക്കും ഇഷ്ടം.
ഒരിക്കൽ യേശു ശിഷ്യന്മാരോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. ഗലീലക്കടലിന് അടുത്തുള്ള കഫർന്നഹൂം എന്ന പട്ടണത്തിൽ എത്തിയപ്പോൾ അവർ ഒരു വീട്ടിലേക്കു പോയി. അവിടെവെച്ച് യേശു അവരോടു ചോദിച്ചു: “വഴിയിൽവെച്ചു നിങ്ങൾ എന്തിനെക്കുറിച്ചാണു തർക്കിച്ചുകൊണ്ടിരുന്നത്?” ആരും ഒന്നും മിണ്ടിയില്ല. കാരണം, വലിയവനാരാണ് എന്നതിനെക്കുറിച്ച് അവർ വഴിയിൽവെച്ച് തർക്കിച്ചിരുന്നു.—മർക്കോസ് 9:33, 34.
ആദ്യത്തെ അധ്യായത്തിൽ നമ്മൾ പഠിച്ചതുപോലെ യേശു ഒരു കൊച്ചുകുട്ടിയെ വിളിച്ച് അവരുടെ നടുവിൽ നിറുത്തി. എന്നിട്ട് അവനെപ്പോലെ ആകണമെന്ന് ശിഷ്യന്മാരോട് പറഞ്ഞു. പക്ഷേ, അതുകൊണ്ടൊന്നും ഗുണമുണ്ടായില്ല. അതുകൊണ്ട്, മരണത്തിനു തൊട്ടുമുമ്പ് യേശു അവരെ പ്രധാനപ്പെട്ട ഒരു പാഠം പഠിപ്പിച്ചു. ഒരിക്കലും മറക്കാനാവാത്ത ഒരു പാഠം. യേശു എന്തായിരിക്കും ചെയ്‌തത്?—
തങ്ങൾ വലിയവരാണെന്ന് ശിഷ്യന്മാർ ചിന്തിച്ചത് ശരിയല്ലെന്ന് യേശുവിന് അറിയാമായിരുന്നു. അതുകൊണ്ട്,എല്ലാവരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് യേശു മേശയ്‌ക്കരികിൽനിന്ന് എഴുന്നേറ്റ് തന്റെ പുറങ്കുപ്പായം ഊരി. പിന്നെ ഒരു തോർത്തെടുത്ത് അരയിൽ ചുറ്റി. എന്നിട്ട് ഒരു പാത്രത്തിൽ വെള്ളമെടുത്തു. യേശു എന്താണ് ചെയ്യാൻപോകുന്നതെന്ന് ശിഷ്യന്മാർ അത്ഭുതപ്പെട്ടുകാണും. അവർ നോക്കിക്കൊണ്ടിരിക്കെ, യേശു ഓരോരുത്തരുടെയും അടുത്തുചെന്ന് കുനിഞ്ഞ് അവരുടെ കാലുകൾ കഴുകി. എന്നിട്ട് തോർത്തുകൊണ്ട് തുടച്ചു. നിങ്ങൾ അവിടെ ഉണ്ടായിരുന്നെങ്കിൽ എന്തു തോന്നുമായിരുന്നു?—
മഹാനായ അധ്യാപകനെക്കൊണ്ട് കാലുകൾ കഴുകിക്കുന്നതു ശരിയല്ലെന്ന് ശിഷ്യന്മാർക്കു തോന്നി. അവർക്കു വലിയ വിഷമമായി. പത്രോസാണെങ്കിൽ, യേശു അടുത്തുചെന്നപ്പോൾ അവനെ തടയുകപോലും ചെയ്‌തു. എന്നാൽ താൻ അങ്ങനെ ചെയ്യേണ്ടതുണ്ടെന്ന് യേശു പത്രോസിനോടു പറഞ്ഞു.
ഇന്നു പക്ഷേ നമ്മൾ ആരുടെയും കാൽ കഴുകാറില്ല. എന്നാൽ യേശു ഭൂമിയിലായിരുന്ന കാലത്ത് ആളുകൾ അങ്ങനെ ചെയ്യുക പതിവായിരുന്നു. കാരണം അറിയാമോ?— യേശുവും ശിഷ്യന്മാരും ജീവിച്ചിരുന്ന സ്ഥലത്ത് ആളുകൾ ഇന്നത്തെപ്പോലെ ഷൂസ് ധരിച്ചിരുന്നില്ല. കാലുകൾ മുഴുവനായി മറയ്‌ക്കാത്ത ചെരിപ്പുകളാണ് അവർ ഉപയോഗിച്ചിരുന്നത്. പൊടി നിറഞ്ഞ റോഡുകളിലൂടെ നടക്കുമ്പോൾ അവരുടെ കാലിലൊക്കെ അഴുക്കു പറ്റുമായിരുന്നു. അതുകൊണ്ട്, വീട്ടിൽവരുന്നവരുടെ കാൽ കഴുകുന്നത് ഒരു നല്ല കാര്യമായി കണക്കാക്കിയിരുന്നു.
എന്നാൽ ഇവിടെയിപ്പോൾ, മറ്റുള്ളവരുടെ കാൽ കഴുകാനായി ശിഷ്യന്മാരിൽ ഒരാളും മുന്നോട്ടുവന്നില്ല. അതുകൊണ്ട് യേശുതന്നെ അതു ചെയ്‌തു. അതിലൂടെ, യേശു ശിഷ്യന്മാരെ പ്രധാനപ്പെട്ട ഒരു പാഠം പഠിപ്പിച്ചു. അവർക്കത് ആവശ്യമായിരുന്നു. നമ്മളും പഠിക്കേണ്ട ഒരു പാഠമാണത്.
ആ പാഠം എന്താണെന്ന് അറിയാമോ?— പുറങ്കുപ്പായം ഇട്ടുകൊണ്ട് മേശയുടെ അടുത്തുവന്ന് ഇരുന്നശേഷം യേശു പറഞ്ഞു: ‘ഞാൻ എന്താണ് യോഹന്നാൻ 13:2-14.
ചെയ്‌തതെന്നു നിങ്ങൾക്കു മനസ്സിലായോ? നിങ്ങൾ എന്നെ ‘ഗുരു’ എന്നും ‘കർത്താവ്’ എന്നും വിളിക്കുന്നു. അതു ശരിതന്നെ; കാരണം, ഞാൻ അങ്ങനെയാണ്. കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകിയെങ്കിൽ നിങ്ങളും തമ്മിൽത്തമ്മിൽ കാൽ കഴുകേണ്ടതാകുന്നു.’—ശിഷ്യന്മാർ സ്വന്തംകാര്യംമാത്രം നോക്കുന്നതിനു പകരം തമ്മിൽത്തമ്മിൽ സേവനങ്ങൾ ചെയ്യണം എന്നാണ് യേശു ഉദ്ദേശിച്ചത്. തങ്ങൾ വലിയവരാണെന്നും അതുകൊണ്ട് മറ്റുള്ളവർ തങ്ങളെ സേവിക്കണമെന്നും അവർ വിചാരിക്കാൻ പാടില്ലായിരുന്നു. മറിച്ച്, അവർ മറ്റുള്ളവർക്ക് മനസ്സോടെ സേവനം ചെയ്യണമായിരുന്നു.
എത്ര നല്ല പാഠമാണ് യേശു പഠിപ്പിച്ചത്, അല്ലേ?— മഹാനായ അധ്യാപകനെപ്പോലെ നിങ്ങളും മറ്റുള്ളവർക്കു സേവനം ചെയ്‌തുകൊടുക്കുമോ?— നമുക്കെല്ലാം മറ്റുള്ളവർക്കുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യാനാകും. അപ്പോൾ അവർക്കു വലിയ സന്തോഷമാകും. അവർക്കു മാത്രമല്ല, യേശുവിനും അവന്റെ പിതാവിനും സന്തോഷമാകും.
മറ്റുള്ളവരെ സഹായിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. നിങ്ങൾക്കു ചെയ്യാനാകുന്ന പല കാര്യങ്ങളുണ്ട്. അമ്മയെ സഹായിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും എന്ന് ആലോചിച്ചു നോക്കൂ. നിങ്ങൾക്കും വീട്ടിലെ മറ്റുള്ളവർക്കും വേണ്ടി എന്തെല്ലാം കാര്യങ്ങളാണ് അമ്മ ചെയ്യുന്നത്! അമ്മയെ
സഹായിക്കാൻ നിങ്ങൾക്കാകുമോ?— എന്തു സഹായം വേണമെന്ന് അമ്മയോടുതന്നെ ചോദിക്കാവുന്നതാണ്.ഭക്ഷണം കഴിക്കുന്നതിനുമുമ്പ് നിങ്ങൾക്ക് ഒരുപക്ഷേ മേശ ഒരുക്കാൻ കഴിഞ്ഞേക്കും. അല്ലെങ്കിൽ എല്ലാവരും ഭക്ഷണം കഴിച്ചതിനുശേഷം മേശ വൃത്തിയാക്കാം. ചില കുട്ടികൾ ദിവസവും വീട് അടിച്ചുവാരാറുണ്ട്. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ യേശുവിനെപ്പോലെ മറ്റുള്ളവരെ സേവിക്കുകയായിരിക്കും നിങ്ങൾ.
അനിയനെയോ അനിയത്തിയെയോ സഹായിക്കാൻ നിങ്ങൾക്കാകുമോ? മഹാനായ അധ്യാപകൻ അവന്റെ ശിഷ്യന്മാരെപ്പോലും സഹായിച്ചെന്ന് ഓർക്കണം. അനിയനും അനിയത്തിക്കും വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ യേശുവിനെപ്പോലെ പ്രവർത്തിക്കുകയായിരിക്കും നിങ്ങൾ. അവർക്കുവേണ്ടി നിങ്ങൾക്ക് എന്തു ചെയ്യാനാകും?— കളി കഴിഞ്ഞ് കളിപ്പാട്ടങ്ങൾ അതാതിന്റെ സ്ഥാനത്തു തിരിച്ചുവെക്കാൻ നിങ്ങൾക്ക് അവരെ പഠിപ്പിക്കാനാകും. അല്ലെങ്കിൽ ഉടുപ്പിടാൻ നിങ്ങൾക്ക് അവരെ സഹായിക്കാം. ഒരുപക്ഷേ,
കിടക്ക വിരിക്കാനും മറ്റും അവരെ സഹായിക്കാനാകും. അവർക്കുവേണ്ടി നിങ്ങൾക്ക് മറ്റെന്തു ചെയ്യാനാകും?— ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ അവർക്ക് നിങ്ങളോട് വലിയ ഇഷ്ടമായിരിക്കും. ശിഷ്യന്മാർക്ക് യേശുവിനോടു തോന്നിയില്ലേ, അതുപോലെ.സ്‌കൂളിൽ നിങ്ങൾക്കു കൂട്ടുകാരെയും ടീച്ചർമാരെയും ഒക്കെ സഹായിക്കാവുന്നതാണ്. ആരുടെയെങ്കിലും പുസ്‌തകം നിലത്തുവീണാൽ അത് എടുത്തുകൊടുക്കാനാകും. ബോർഡ് തുടച്ചുകൊണ്ടോ മറ്റോ ടീച്ചറെ സഹായിക്കാവുന്നതാണ്. ആർക്കെങ്കിലും പേനയോ പെൻസിലോ എഴുതാൻ കൊടുക്കുന്നതുപോലും ഒരു സഹായമാണ്.
നമ്മൾ ചെയ്യുന്ന സഹായത്തിന് ചിലപ്പോഴൊക്കെ ആളുകൾ നന്ദി പറഞ്ഞെന്നുവരില്ല. പക്ഷേ അതിന്റെപേരിൽ ആളുകളെ സഹായിക്കുന്നത് നമ്മൾ നിറുത്തിക്കളയണോ?— വേണ്ട. യേശു ഒരുപാട് നല്ല കാര്യങ്ങൾ ചെയ്‌തെങ്കിലും പലരും അവനോട് നന്ദി കാണിച്ചില്ല. പക്ഷേ അവൻ നല്ല കാര്യങ്ങൾ ചെയ്‌തുകൊണ്ടേയിരുന്നു.
അതുകൊണ്ട് മറ്റുള്ളവരെ സഹായിക്കാൻ നമ്മൾ ഒരിക്കലും മടികാണിക്കരുത്! മഹാനായ അധ്യാപകനെപ്പോലെ, മറ്റുള്ളവർക്കു സേവനങ്ങൾ ചെയ്‌തുകൊടുക്കാൻ നമുക്ക് എപ്പോഴും ശ്രമിക്കാം!
മറ്റുള്ളവരെ സഹായിക്കുന്നതിനെക്കുറിച്ച് അറിയാൻ ഈ തിരുവെഴുത്തുകൾ വായിക്കുക: സദൃശവാക്യങ്ങൾ 3:27, 28; റോമർ 15:1, 2; ഗലാത്യർ 6:2.