വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 26

ശരിചെയ്യാൻ ബുദ്ധിമുട്ടായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

ശരിചെയ്യാൻ ബുദ്ധിമുട്ടായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

ശൗൽ മോശമായ കാര്യങ്ങൾ ചെയ്‌തുകൊണ്ടിരുന്നപ്പോൾ ആരാണ്‌ സന്തോഷിച്ചത്‌?— പിശാചായ സാത്താൻ. യഹൂദ മതനേതാക്കന്മാർക്കും വലിയ സന്തോഷം തോന്നി. പക്ഷേ ശൗൽ, പൗലോസ്‌ എന്ന പേരിൽ യേശുവിന്റെ ശിഷ്യനായിത്തീർന്നപ്പോൾ അവർ അവനെ വെറുക്കാൻ തുടങ്ങി. ശരിചെയ്യാൻ യേശുവിന്റെ അനുയായികൾക്ക്‌ ബുദ്ധിമുട്ടായിരിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ നിങ്ങൾക്ക്‌ മനസ്സിലാകുന്നുണ്ടോ?—

നന്മ ചെയ്‌തപ്പോൾ പൗലോസിന്‌ എന്തു കഷ്ടം സഹിക്കേണ്ടിവന്നു?

ഒരിക്കൽ, മഹാപുരോഹിതനായ അനന്യാസ്‌ പൗലോസിന്റെ മുഖത്തടിക്കാൻ ചിലരോട്‌ കൽപ്പിച്ചു. പൗലോസിനെ ജയിലിലാക്കാൻപോലും അയാൾ ശ്രമിച്ചു. യേശുവിന്റെ ശിഷ്യനായതിന്റെ പേരിൽ പൗലോസിന്‌ ഒരുപാട്‌ കഷ്ടങ്ങൾ സഹിക്കേണ്ടിവന്നു. ദുഷ്ടന്മാരായ ആളുകൾ അവനെ അടിക്കുകയും കല്ലെറിഞ്ഞു കൊല്ലാൻ ശ്രമിക്കുകയും ഒക്കെ ചെയ്‌തു.—പ്രവൃത്തികൾ 23:1, 2; 2 കൊരിന്ത്യർ 11:24, 25.

ദൈവത്തിന്‌ ഇഷ്ടമില്ലാത്ത കാര്യങ്ങൾ നമ്മളെക്കൊണ്ട്‌ ചെയ്യിക്കാൻ പലരും ശ്രമിക്കും. ആകട്ടെ, ശരിയായ കാര്യങ്ങളോട്‌ നിങ്ങൾക്ക്‌ എത്രത്തോളം ഇഷ്ടമുണ്ട്‌? നല്ലകാര്യങ്ങൾ ചെയ്യുന്നതിന്റെ പേരിൽ മറ്റുള്ളവർ നിങ്ങളെ വെറുത്താലും നിങ്ങളത്‌ ചെയ്യുമോ? നല്ലകാര്യങ്ങളോട്‌ നിങ്ങൾക്ക്‌ അത്രയ്‌ക്ക്‌ ഇഷ്ടമുണ്ടോ? മറ്റുള്ളവർ വെറുക്കുമ്പോഴും നല്ലത്‌ ചെയ്യാൻ വലിയ ധൈര്യം വേണം, ശരിയല്ലേ?—

‘നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ആളുകൾ നമ്മളെ വെറുക്കുന്നത്‌ എന്തിനാണ്‌? ശരിക്കും അവർ സന്തോഷിക്കുകയല്ലേ വേണ്ടത്‌?’ എന്ന്‌ നിങ്ങൾ വിചാരിച്ചേക്കാം. നിങ്ങൾ വിചാരിച്ചതിൽ തെറ്റൊന്നുമില്ല; ശരിക്കും അവർ സന്തോഷിക്കേണ്ടതാണ്‌. യേശു നല്ലകാര്യങ്ങൾ ചെയ്‌തതുകൊണ്ട്‌ പലപ്പോഴും ആളുകൾക്ക്‌ അവനെ ഇഷ്ടമായിരുന്നു. ഒരിക്കൽ, അവനെ കാണാൻ അവൻ താമസിച്ചിരുന്ന വീടിനു മുമ്പിൽ ഒരു പട്ടണത്തിലെ മുഴുവൻ ജനങ്ങളും വന്നുകൂടി. യേശു രോഗികളെ സുഖപ്പെടുത്തുന്നു എന്നു കേട്ടിട്ടാണ്‌ അവർ വന്നത്‌.—മർക്കോസ്‌ 1:33.

പക്ഷേ മറ്റുചിലപ്പോൾ യേശു പഠിപ്പിച്ച കാര്യങ്ങൾ ആളുകൾക്ക്‌ ഇഷ്ടമായില്ല. അവൻ ശരിയായ കാര്യങ്ങൾ മാത്രം പഠിപ്പിച്ചിട്ടും അവർക്കത്‌ ഇഷ്ടപ്പെട്ടില്ല. ശരിക്കും പറഞ്ഞാൽ, സത്യം പറഞ്ഞതുകൊണ്ട്‌ ചിലർ അവനെ വെറുത്തു. നസറെത്തിൽവെച്ച്‌ അങ്ങനെ ഒരു സംഭവമുണ്ടായി. ആ പട്ടണത്തിലാണ്‌ യേശു വളർന്നത്‌. ഒരു ദിവസം യേശു സിനഗോഗിലേക്കു പോയി. യഹൂദന്മാർ ദൈവത്തെ ആരാധിക്കാൻ കൂടിവന്നിരുന്നത്‌ സിനഗോഗിലാണ്‌.

അവിടെവെച്ച്‌ യേശു ദൈവവചനത്തിൽനിന്ന്‌ ഒരു നല്ല പ്രസംഗം നടത്തി. തുടക്കത്തിൽ എല്ലാവർക്കും അത്‌ വളരെ ഇഷ്ടപ്പെട്ടു. അവൻ പറഞ്ഞ വാക്കുകൾ കേട്ട്‌ എല്ലാവരും വിസ്‌മയിച്ചുപോയി. തങ്ങളുടെ നാട്ടുകാരനായ ഒരാൾ ഇത്ര നന്നായി പ്രസംഗിക്കുന്നു എന്നത്‌ അവർക്ക്‌ വിശ്വസിക്കാൻ കഴിഞ്ഞില്ല.

പ്രസംഗത്തിനിടയിൽ യേശു മറ്റൊരു കാര്യം പറഞ്ഞു. യഹൂദന്മാരല്ലാതിരുന്ന ചിലരോട്‌ ദൈവം പ്രീതി കാണിച്ചതിനെക്കുറിച്ച്‌. അതു കേട്ടപ്പോൾ സിനഗോഗിൽ കൂടിയിരുന്നവർക്ക്‌ അവനോട്‌ ദേഷ്യമായി. കാരണം എന്താണെന്ന്‌ അറിയാമോ?— ദൈവത്തിന്റെ പ്രീതിയുള്ളത്‌ തങ്ങൾക്ക്‌ മാത്രമാണെന്നാണ്‌ അവർ കരുതിയിരുന്നത്‌. തങ്ങൾ മറ്റുള്ളവരെക്കാൾ നല്ലവരാണ്‌ എന്നായിരുന്നു അവരുടെ വിചാരം. അതുകൊണ്ട്‌ യേശു പറഞ്ഞ കാര്യങ്ങൾ അവരെ ദേഷ്യം പിടിപ്പിച്ചു. അവർ എന്തു ചെയ്‌തെന്നോ?—

‘അവർ അവനെ പിടിച്ച്‌ പട്ടണത്തിൽനിന്നു പുറത്താക്കി; എന്നിട്ട്‌ ഒരു മലയുടെ മുകളിൽനിന്നു തള്ളിയിട്ട്‌ കൊല്ലാൻ നോക്കി! പക്ഷേ അവൻ അവിടം വിട്ട്‌ പോയി.’—ലൂക്കോസ്‌ 4:16-30.

ഈ ആളുകൾ എന്തിനാണ്‌ യേശുവിനെ കൊല്ലാൻനോക്കുന്നത്‌?

നിങ്ങളെയാണ്‌ അങ്ങനെ ചെയ്‌തിരുന്നതെങ്കിൽ, ദൈവത്തെക്കുറിച്ച്‌ പറയാൻ നിങ്ങൾ അവരുടെ അടുത്ത്‌ മടങ്ങിപ്പോകുമായിരുന്നോ?— അതിന്‌ നല്ല ധൈര്യം വേണം, അല്ലേ?— പക്ഷേ, ഏതാണ്ട്‌ ഒരു വർഷം കഴിഞ്ഞപ്പോൾ, യേശു പിന്നെയും നസറെത്തിലേക്കു പോയി. “അവൻ സിനഗോഗിൽ ചെന്ന്‌ അവരെ പഠിപ്പിക്കാൻതുടങ്ങി” എന്ന്‌ ബൈബിൾ പറയുന്നു. ദൈവത്തോട്‌ ഒട്ടും സ്‌നേഹമില്ലാതിരുന്ന ആ മനുഷ്യരെ പേടിച്ച്‌ യേശു പ്രസംഗിക്കുന്നതു നിറുത്തിയില്ല.—മത്തായി 13:54.

ഒരു ശബത്തുദിവസം യേശു സിനഗോഗിൽവെച്ച്‌, കൈക്ക്‌ സ്വാധീനമില്ലാത്ത ഒരാളെ കണ്ടു. ദൈവം കൊടുത്ത ശക്തികൊണ്ട്‌ യേശുവിന്‌ അയാളെ സുഖപ്പെടുത്താൻ കഴിയുമായിരുന്നു. പക്ഷേ, ശബത്തുദിവസത്തിൽ അങ്ങനെ ചെയ്യുന്നത്‌ ശരിയല്ലെന്ന്‌ വിചാരിച്ചിരുന്ന ചിലർ അവിടെയുണ്ടായിരുന്നു. അവർ കുഴപ്പമുണ്ടാക്കാൻ നോക്കി. മഹാനായ അധ്യാപകൻ അപ്പോൾ എന്തു ചെയ്‌തു?— അവൻ അവരോട്‌ ഒരു ചോദ്യം ചോദിച്ചു: ‘നിങ്ങളുടെ ആട്‌ ശബത്തുദിവസം ഒരു കുഴിയിൽ വീണാൽ നിങ്ങൾ അതിനെ പിടിച്ചുകയറ്റുമോ?’

ജോലിയൊന്നും ചെയ്യാൻ പാടില്ലാത്ത ശബത്തുദിവസത്തിൽപ്പോലും അവർ അതു ചെയ്യുമായിരുന്നു. ‘അതിനെക്കാൾ എത്രയോ നല്ലതാണ്‌ ശബത്തിൽ ഒരാളെ സഹായിക്കുന്നത്‌. കാരണം, മനുഷ്യൻ ആടിനെക്കാൾ വിലപ്പെട്ടവനാണ്‌!’ യേശു അവരോട്‌ പറഞ്ഞു. ആ മനുഷ്യനെ സുഖപ്പെടുത്തുന്നതിൽ ഒരു തെറ്റുമില്ല എന്നല്ലേ ഇതു കാണിക്കുന്നത്‌?

കൈ നീട്ടാൻ യേശു ആ മനുഷ്യനോടു പറഞ്ഞു. ആ നിമിഷംതന്നെ അയാളുടെ കൈ സുഖപ്പെട്ടു. ആ മനുഷ്യന്‌ എത്ര സന്തോഷം തോന്നിയെന്നോ! പക്ഷേ അവിടെയുണ്ടായിരുന്ന മറ്റുള്ളവർക്കോ? അവർക്ക്‌ സന്തോഷമായോ?— ഇല്ല. അവർക്ക്‌ യേശുവിനോടുള്ള അരിശം കൂടിയതേയുള്ളൂ. അവർ പുറത്തുപോയി യേശുവിനെ കൊല്ലാനുള്ള വഴി ആലോചിച്ചു!—മത്തായി 12:9-14.

ഇന്നും അതുതന്നെയാണ്‌ അവസ്ഥ. എന്തൊക്കെ പറഞ്ഞാലും, നമുക്ക്‌ എല്ലാവരെയും സന്തോഷിപ്പിക്കാനാവില്ല. അതുകൊണ്ട്‌ ആരെ സന്തോഷിപ്പിക്കണമെന്ന്‌ നമ്മൾ തീരുമാനിക്കണം. യഹോവയാം ദൈവത്തെയും യേശുക്രിസ്‌തുവിനെയും സന്തോഷിപ്പിക്കാനാണെങ്കിൽ നമ്മൾ എപ്പോഴും അവർ പറയുന്നത്‌ അനുസരിക്കണം. പക്ഷേ അങ്ങനെ ചെയ്‌താൽ ആർക്ക്‌ നമ്മളോട്‌ ദേഷ്യം തോന്നും? നല്ലകാര്യങ്ങൾ ചെയ്യുന്നതിൽനിന്ന്‌ ആർ നമ്മളെ തടയാൻനോക്കും?—

പിശാചായ സാത്താൻ. നല്ലകാര്യങ്ങൾ ചെയ്യുന്നത്‌ ബുദ്ധിമുട്ടാക്കുന്ന മറ്റാരാണുള്ളത്‌?— പിശാചിന്റെ നുണകൾ വിശ്വസിച്ചിരിക്കുന്ന മനുഷ്യരും അതിനുവേണ്ടി ശ്രമിക്കും. തന്റെ നാളിലെ മതനേതാക്കന്മാരോട്‌ യേശു ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിൽനിന്നുള്ളവരാണ്‌; നിങ്ങളുടെ പിതാവിന്റെ ഇഷ്ടങ്ങൾ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നു.’—യോഹന്നാൻ 8:44.

പിശാചിന്‌ ഇഷ്ടമുള്ള കുറെ ആളുകളുണ്ട്‌. യേശു അവരെ വിളിച്ചത്‌ “ലോകം” എന്നാണ്‌. യേശു പറഞ്ഞ ആ ലോകത്തെക്കുറിച്ച്‌ നിങ്ങൾ എന്താണ്‌ വിചാരിക്കുന്നത്‌?— നമുക്ക്‌ യോഹന്നാൻ 15-ാം അധ്യായത്തിന്റെ 19-ാം വാക്യം വായിച്ചുനോക്കാം. അവിടെ യേശു ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ സ്വന്തം ആളുകളെ സ്‌നേഹിക്കുന്നതുപോലെ ലോകം നിങ്ങളെയും സ്‌നേഹിക്കുമായിരുന്നു; എന്നാൽ ഇപ്പോഴോ നിങ്ങൾ ലോകത്തിന്റെ ഭാഗമല്ലാത്തതുകൊണ്ടും ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തിരിക്കുന്നതുകൊണ്ടും ലോകം നിങ്ങളെ വെറുക്കുന്നു.’

ഇതിൽനിന്ന്‌ എന്തു മനസ്സിലാക്കാം? യേശുവിന്റെ അനുയായികളല്ലാത്ത എല്ലാവരും ആ ലോകത്തിൽപ്പെടും. ആകട്ടെ, ലോകം എന്തിനാണ്‌ യേശുവിന്റെ അനുയായികളെ വെറുക്കുന്നത്‌?— ഒന്നാലോചിച്ചു നോക്കൂ, ആരാണ്‌ ഈ ലോകത്തെ ഭരിക്കുന്നത്‌?— ബൈബിൾ പറയുന്നു: ‘സർവലോകവും ദുഷ്ടന്റെ കീഴിൽ കിടക്കുന്നു.’ ആ ദുഷ്ടൻ ആരാണ്‌? സാത്താൻ.—1 യോഹന്നാൻ 5:19.

നന്മചെയ്യുന്നത്‌ ഇത്ര ബുദ്ധിമുട്ടായിരിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ ഇപ്പോൾ മനസ്സിലായോ?— സാത്താനും അവന്റെ ലോകവുമാണ്‌ അതിനു കാരണം. പക്ഷേ വേറൊരു കാരണംകൂടിയുണ്ട്‌. അത്‌ എന്താണെന്ന്‌ ഓർക്കുന്നുണ്ടോ?— എല്ലാവരും പാപികളായിട്ടാണ്‌ ജനിക്കുന്നതെന്ന്‌ 23-ാം അധ്യായത്തിൽ നമ്മൾ പഠിച്ചു. പിശാചും അവന്റെ ലോകവും പാപവും എല്ലാം ഇല്ലാതാകുന്നതിനെക്കുറിച്ച്‌ ഒന്നാലോചിച്ചുനോക്കൂ. എത്ര സന്തോഷമായിരിക്കും അപ്പോൾ, അല്ലേ?—

ഈ ലോകം നീങ്ങിപ്പോകുമ്പോൾ, നന്മ ചെയ്യുന്നവർക്ക്‌ എന്ത്‌ അനുഗ്രഹം കിട്ടും?

‘ലോകം നീങ്ങിപ്പോകും’ എന്ന്‌ ബൈബിൾ ഉറപ്പുതരുന്നു. യേശുവിന്റെ അനുയായികളല്ലാത്ത എല്ലാവരും പെട്ടെന്നുതന്നെ ഇല്ലാതാകും എന്നാണ്‌ അതിന്റെ അർഥം. അവർ എന്നേക്കും ജീവിക്കാൻ ദൈവം സമ്മതിക്കില്ല. പക്ഷേ എന്നേക്കും ജീവിക്കാൻ പറ്റുന്നത്‌ ആർക്കാണെന്ന്‌ അറിയാമോ?— ‘ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്നേക്കും ജീവിക്കും’ എന്ന്‌ ബൈബിൾ പറയുന്നു. (1 യോഹന്നാൻ 2:17) അതെ, നന്മ ചെയ്യുന്നവർ, എന്നുവെച്ചാൽ ‘ദൈവത്തിന്റെ ഇഷ്ടം’ ചെയ്യുന്നവർ മാത്രമേ ദൈവം കൊണ്ടുവരുന്ന പുതിയ ലോകത്തിൽ എന്നേക്കും ജീവിക്കുകയുള്ളൂ. അതുകൊണ്ട്‌ നല്ല കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിലും നമ്മൾ അതു ചെയ്യും, അല്ലേ?—

ശരി ചെയ്യുന്നത്‌ എളുപ്പമല്ലാത്തതിന്റെ കാരണം എന്താണെന്നു പറയുന്ന ഈ തിരുവെഴുത്തുകൾ നമുക്ക്‌ ഒരുമിച്ച്‌ വായിക്കാം: മത്തായി 7:13, 14; ലൂക്കോസ്‌ 13:23, 24; പ്രവൃത്തികൾ 14:21, 22.