വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 3

സകലവും ഉണ്ടാക്കിയവൻ

സകലവും ഉണ്ടാക്കിയവൻ

ജീവനുള്ള എല്ലാം ആരാണ്‌ ഉണ്ടാക്കിയത്‌?

കേട്ടാൽ അത്ഭുതം തോന്നുന്ന ഒരു കാര്യം എനിക്കറിയാം. എന്താ കേൾക്കണമെന്നുണ്ടോ?— നിങ്ങളുടെ കൈയിലേക്ക്‌ ഒന്നു നോക്കൂ. ഇനി വിരലുകൾകൊണ്ട്‌ എന്തെങ്കിലുമൊന്ന്‌ എടുക്കൂ. അതെ, കൈകൾകൊണ്ട്‌ നമുക്ക്‌ പലതും ചെയ്യാനാകും. ആരാണീ കൈകൾ ഉണ്ടാക്കിയതെന്ന്‌ അറിയാമോ?—

ദൈവം, അതായത്‌ യേശുവിന്റെ പിതാവ്‌. ദൈവംതന്നെയാണ്‌ നമുക്ക്‌ കണ്ണും മൂക്കും വായുമൊക്കെ തന്നത്‌. നമുക്ക്‌ കണ്ണുകളുള്ളത്‌ എത്ര നല്ല കാര്യമാണ്‌, അല്ലേ?— കണ്ണുകൾകൊണ്ട്‌ എത്രയെത്ര കാര്യങ്ങളാണ്‌ നമ്മൾ കാണുന്നത്‌! പൂക്കൾ കാണാം, പച്ചപ്പുല്ലുകളും നീലാകാശവും കാണാം. പിന്നെ, ഈ ചിത്രത്തിൽ കാണുന്നതുപോലെ, തീറ്റയ്‌ക്കായി വിശന്നുകരയുന്ന പക്ഷിക്കുഞ്ഞുങ്ങളെയും കാണാം. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ നമുക്ക്‌ കാണാനാകുന്നത്‌ എന്തൊരു അത്ഭുതമാണ്‌, അല്ലേ?—

ഇവയൊക്കെ ഉണ്ടാക്കിയത്‌ ആരാണ്‌? ഏതെങ്കിലും മനുഷ്യനാണോ? അല്ല. മനുഷ്യർക്ക്‌ വീടുകൾ ഉണ്ടാക്കാൻ പറ്റും. പക്ഷേ നമ്മൾ കാണുന്ന പുല്ലുകൾ ഉണ്ടാക്കാൻ മനുഷ്യർക്കു പറ്റില്ല. കിളിക്കുഞ്ഞിനെയോ പൂക്കളെയോ പോലെ ജീവനുള്ള ഒന്നിനെയും ഉണ്ടാക്കാൻ മനുഷ്യർക്കാവില്ല. അത്‌ നിങ്ങൾക്ക്‌ അറിയാമായിരുന്നോ?—

ദൈവമാണ്‌ ഇവയെല്ലാം ഉണ്ടാക്കിയത്‌. അവനാണ്‌ ആകാശവും ഭൂമിയും സൃഷ്ടിച്ചത്‌. മനുഷ്യരെയും അവൻ ഉണ്ടാക്കി. ആദ്യത്തെ പുരുഷനെയും സ്‌ത്രീയെയും സൃഷ്ടിച്ചത്‌ ദൈവമാണെന്ന്‌ ബൈബിൾ പറയുന്നു. യേശുവും അങ്ങനെ പഠിപ്പിച്ചു.—മത്തായി 19:4-6.

പുരുഷനെയും സ്‌ത്രീയെയും സൃഷ്ടിച്ചത്‌ ദൈവമാണെന്ന്‌ യേശു എങ്ങനെയാണ്‌ അറിഞ്ഞത്‌? ദൈവം അതു ചെയ്യുന്നത്‌ യേശു കണ്ടോ?— കണ്ടു. ദൈവം അവരെ ഉണ്ടാക്കിയപ്പോൾ ദൈവത്തിന്റെകൂടെ യേശുവും ഉണ്ടായിരുന്നു. ദൈവം ആദ്യമായി സൃഷ്ടിച്ചത്‌ യേശുവിനെയാണ്‌. യേശു ഒരു ദൂതൻ ആയിരുന്നു; പിതാവിനോടൊപ്പം സ്വർഗത്തിലാണ്‌ അവൻ താമസിച്ചിരുന്നത്‌.

‘നമുക്ക്‌ നമ്മുടെ സ്വരൂപത്തിൽ മനുഷ്യനെ ഉണ്ടാക്കാം’ എന്ന്‌ ദൈവം പറഞ്ഞതായി ബൈബിളിൽ നമ്മൾ വായിക്കുന്നു. (ഉല്‌പത്തി 1:26) ദൈവം ആരോടായിരിക്കും ഇതു പറഞ്ഞത്‌?— തന്റെ പുത്രനോട്‌. ആ പുത്രനാണ്‌ പിന്നീട്‌ യേശുവായി ഭൂമിയിൽ വന്നത്‌.

എന്തൊരു അതിശയം അല്ലേ? ഒന്ന്‌ ആലോചിച്ചു നോക്കൂ. ഭൂമിയും മറ്റുള്ളതൊക്കെയും ഉണ്ടാക്കിയ സമയത്ത്‌ യേശു ദൈവത്തിന്റെകൂടെ ഉണ്ടായിരുന്നു; ആ യേശുവിൽനിന്നു പഠിക്കുന്നതിനുള്ള അവസരം നമുക്കുണ്ട്‌. സ്വർഗത്തിൽ പിതാവിനോടൊപ്പം ജോലിചെയ്‌തപ്പോൾ യേശു ഒരുപാട്‌ കാര്യങ്ങൾ പഠിച്ചു. യേശു മഹാനായ അധ്യാപകനായിത്തീർന്നതിൽ അതിശയമില്ല!

ഈ പുത്രനെ സൃഷ്ടിക്കുന്നതിനുമുമ്പ്‌ ദൈവം ഒറ്റയ്‌ക്കായിരുന്നു. അതിൽ അവന്‌ വിഷമമുണ്ടായിരുന്നോ?— ഇല്ല. എങ്കിൽപ്പിന്നെ എന്തിനാണ്‌ ദൈവം എല്ലാവരെയും സൃഷ്ടിച്ചത്‌?— സ്‌നേഹമുള്ള ദൈവമാണ്‌ അവൻ; അതുകൊണ്ടാണ്‌ അവൻ അങ്ങനെ ചെയ്‌തത്‌. അവർക്കും ജീവൻ ലഭിക്കണമെന്നും അവർ സന്തോഷിക്കണമെന്നും ദൈവം ആഗ്രഹിച്ചു. നമുക്കു ജീവൻ തന്നതിന്‌ നമ്മൾ ദൈവത്തോട്‌ നന്ദി പറയേണ്ടതല്ലേ?

ദൈവം ചെയ്‌ത ഏതു കാര്യം നോക്കിയാലും അവന്‌ നമ്മളോട്‌ സ്‌നേഹമുണ്ടെന്ന്‌ നമുക്ക്‌ മനസ്സിലാകും. സൂര്യനെക്കുറിച്ച്‌ ഒന്നോർത്തുനോക്കൂ. ദൈവമാണ്‌ സൂര്യനെ ഉണ്ടാക്കിയത്‌. സൂര്യൻ നമുക്ക്‌ ചൂടും വെളിച്ചവും തരുന്നു. സൂര്യൻ ഇല്ലായിരുന്നെങ്കിലോ? എല്ലാം തണുത്തുറഞ്ഞ്‌ പോകുമായിരുന്നു; ഭൂമിയിൽ ജീവനും കാണില്ലായിരുന്നു. ദൈവം സൂര്യനെ ഉണ്ടാക്കിയത്‌ എത്ര നന്നായി, അല്ലേ?—

മഴ പെയ്യിക്കുന്നതും ദൈവമാണ്‌. മഴയത്ത്‌ പുറത്തുപോയി കളിക്കാൻ പറ്റാത്തതുകൊണ്ട്‌ മഴ പെയ്യുന്നത്‌ കുട്ടികൾക്ക്‌ ഇഷ്ടപ്പെട്ടെന്നു വരില്ല. പക്ഷേ, പൂക്കൾ ഉണ്ടാകാൻ മഴ വേണം. നല്ലനല്ല പൂക്കൾ കാണുമ്പോൾ നമ്മൾ ആരോടാണു നന്ദി പറയേണ്ടത്‌?— ദൈവത്തോട്‌. നല്ല രുചിയുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുമ്പോൾ ആരോടു നന്ദി പറയണം?— ദൈവത്തോട്‌. ദൈവം ഉണ്ടാക്കിയ സൂര്യനും അവൻ പെയ്യിക്കുന്ന മഴയും കാരണമാണ്‌ അവ വളരുന്നത്‌.

‘മനുഷ്യരെയും മൃഗങ്ങളെയും ദൈവമാണോ ഉണ്ടാക്കിയത്‌’ എന്ന്‌ ആരെങ്കിലും ചോദിച്ചാൽ എന്തു പറയും?— “അതെ, ദൈവമാണ്‌ മനുഷ്യനെയും മൃഗങ്ങളെയും ഉണ്ടാക്കിയത്‌” എന്ന്‌ നിങ്ങൾക്ക്‌ പറയാം. എന്നാൽ മനുഷ്യനെ ദൈവം സൃഷ്ടിച്ചതല്ലെന്നും മൃഗങ്ങളിൽനിന്നാണ്‌ മനുഷ്യൻ ഉണ്ടായതെന്നും ആരെങ്കിലും പറയുന്നെങ്കിലോ? ബൈബിൾ അങ്ങനെയല്ല പഠിപ്പിക്കുന്നത്‌. ജീവനുള്ള എല്ലാറ്റിനെയും ദൈവം സൃഷ്ടിച്ചു എന്നാണ്‌ ബൈബിൾ പറയുന്നത്‌.—ഉല്‌പത്തി 1:26-31.

ഒരു വീട്‌ പണിയാൻ ആരെങ്കിലും വേണമല്ലോ; അപ്പോൾ ആരായിരിക്കും പൂക്കളെയും മരങ്ങളെയും പക്ഷികളെയും ഒക്കെ ഉണ്ടാക്കിയത്‌?

ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്ന്‌ ചിലർ പറഞ്ഞേക്കാം. അപ്പോൾ നിങ്ങൾ എന്തു പറയും?— ഒരു വീടു ചൂണ്ടിക്കാണിച്ചിട്ട്‌ നിങ്ങൾക്ക്‌ ഇങ്ങനെ ചോദിക്കാം: “ആരാണ്‌ ആ വീട്‌ പണിതത്‌?” അത്‌ ആരെങ്കിലും പണിതതാണെന്ന്‌ എല്ലാവർക്കും അറിയാം. ഒരിക്കലും ഒരു വീട്‌ തന്നെ ഉണ്ടാകില്ല, ശരിയല്ലേ?—എബ്രായർ 3:4.

അതിനുശേഷം, അവരെ പൂന്തോട്ടത്തിൽ കൊണ്ടുപോയി ഒരു പൂവ്‌ കാണിച്ചുകൊടുക്കുക. എന്നിട്ട്‌ ഇങ്ങനെ ചോദിക്കുക: “ഇത്‌ ആരാ ഉണ്ടാക്കിയത്‌?” മനുഷ്യരാരും അല്ല. ഒരു വീട്‌ തനിയെ ഉണ്ടാകാത്തതുപോലെ ഈ പൂവും ചെടിയും തന്നെ ഉണ്ടായതല്ല. ആരെങ്കിലും ഉണ്ടാക്കിയതാണ്‌. അതെ, ദൈവം ഉണ്ടാക്കിയത്‌.

പിന്നെ, ഒരു നിമിഷം നിന്ന്‌ പക്ഷികളുടെ പാട്ടൊന്ന്‌ കേട്ടുനോക്കാൻ പറയുക. എന്നിട്ട്‌ ഇങ്ങനെ ചോദിക്കുക: “ആരാണ്‌ ഈ പക്ഷികളെ ഉണ്ടാക്കിയത്‌? അവയെ പാട്ടു പഠിപ്പിച്ചത്‌ ആരാണ്‌?” ദൈവം. ആകാശത്തെയും ഭൂമിയെയും ജീവജാലങ്ങളെയും എല്ലാം ഉണ്ടാക്കിയത്‌ ദൈവമാണ്‌! ജീവൻ നൽകുന്നത്‌ അവനാണ്‌.

കാണാൻ പറ്റുന്ന കാര്യങ്ങൾ മാത്രമേ വിശ്വസിക്കൂ എന്ന്‌ ആരെങ്കിലും പറഞ്ഞാലോ? ‘എനിക്കു കാണാൻ പറ്റാത്തതൊന്നും ഞാൻ വിശ്വസിക്കില്ല’ എന്ന്‌ അവർ പറഞ്ഞേക്കാം. ദൈവത്തെ കാണാൻ പറ്റാത്തതുകൊണ്ട്‌ ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്ന്‌ അവർ പറയുന്നു.

ശരിയാണ്‌, നമുക്കു ദൈവത്തെ കാണാൻ പറ്റില്ല. ‘മനുഷ്യനു ദൈവത്തെ കാണാൻ കഴിയില്ല’ എന്നു ബൈബിൾ പറയുന്നു. ഭൂമിയിലുള്ള ആർക്കും—അത്‌ പുരുഷനായാലും സ്‌ത്രീയായാലും കുട്ടിയായാലും ശരി—ദൈവത്തെ കാണാനാവില്ല. അതുകൊണ്ട്‌ ആരും ദൈവത്തിന്റെ ചിത്രമോ രൂപമോ ഉണ്ടാക്കരുത്‌. തന്റെ രൂപം ഉണ്ടാക്കരുതെന്ന്‌ ദൈവംതന്നെ നമ്മളോടു പറയുന്നുണ്ട്‌. അങ്ങനെയുള്ള എന്തെങ്കിലും നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ ദൈവത്തിന്‌ അത്‌ ഇഷ്ടപ്പെടില്ല.—പുറപ്പാടു 20:4, 5; 33:20; യോഹന്നാൻ 1:18.

ദൈവത്തെ കാണാൻ പറ്റില്ലെങ്കിൽ, ദൈവം ഉണ്ടെന്ന്‌ എങ്ങനെ വിശ്വസിക്കും? ഒന്നു ചിന്തിച്ചു നോക്കൂ. കാറ്റിനെ കാണാൻ പറ്റുമോ?— ഇല്ല. ആർക്കും കാണാൻ പറ്റില്ല. പക്ഷേ കാറ്റു വീശുന്നത്‌ നമുക്കു മനസ്സിലാകും. മരച്ചില്ലകളിൽ കാറ്റടിക്കുമ്പോൾ ഇലകൾ ഇളകിയാടുന്നത്‌ നമുക്കു കാണാം. കാറ്റുണ്ടെന്ന്‌ അപ്പോൾ നമുക്ക്‌ മനസ്സിലാകും.

കാറ്റുണ്ടെന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ അറിയാൻ പറ്റും?

അതുപോലെ, ദൈവം ഉണ്ടാക്കിയിരിക്കുന്ന വസ്‌തുക്കളെയും നമുക്ക്‌ കാണാൻ പറ്റും. ദൈവം ഉണ്ടാക്കിയ പക്ഷികളെയും പൂക്കളെയും ഒക്കെ കാണുമ്പോൾ, ദൈവം ഉണ്ടെന്ന്‌ നമുക്കു വിശ്വസിക്കാനാകും.

‘ആരാണ്‌ സൂര്യനെയും ഭൂമിയെയും ഉണ്ടാക്കിയത്‌’ എന്ന്‌ ആരെങ്കിലും ചോദിച്ചാലോ? “ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” എന്നു ബൈബിൾ പറയുന്നു. (ഉല്‌പത്തി 1:1) അതെ, ദൈവമാണ്‌ ഇതെല്ലാം ഉണ്ടാക്കിയത്‌! ഇതൊക്കെ കേട്ടിട്ട്‌ നിങ്ങൾക്ക്‌ എന്തു തോന്നുന്നു?—

ജീവിച്ചിരിക്കുന്നത്‌ എത്ര സന്തോഷമുള്ള കാര്യമാണ്‌, അല്ലേ? പക്ഷികളുടെ പാട്ട്‌ കേൾക്കാം, പൂക്കൾ കാണാം, ദൈവം ഉണ്ടാക്കിയ മറ്റെല്ലാം കാണാം. പിന്നെ, ദൈവം തന്നിട്ടുള്ള രുചിയുള്ള ആഹാരം കഴിക്കാം, അങ്ങനെ എത്രയെത്ര കാര്യങ്ങൾ!

ഇവയെല്ലാം തന്നതിന്‌ നമ്മൾ ദൈവത്തോടു നന്ദി പറയണം. എന്നാൽ നമുക്കു ജീവൻ തന്നതിനാണ്‌ നമ്മൾ ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത്‌. ദൈവത്തോടു ശരിക്കും നന്ദിയുണ്ടെങ്കിൽ നമ്മൾ എന്തു ചെയ്യും?— ദൈവം പറയുന്നതു കേൾക്കും; ബൈബിളിൽ അവൻ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അനുസരിക്കും. അങ്ങനെ, സകലവും ഉണ്ടാക്കിയ നമ്മുടെ ദൈവത്തോട്‌ സ്‌നേഹമുണ്ടെന്ന്‌ നമുക്ക്‌ കാണിക്കാം.

ദൈവം ചെയ്‌തിരിക്കുന്ന സകലതിനും നമ്മൾ അവനോട്‌ നന്ദി കാണിക്കണം. എങ്ങനെ? അതറിയാൻ സങ്കീർത്തനം 139:14; യോഹന്നാൻ 4:23, 24; 1 യോഹന്നാൻ 5:21; വെളിപാട്‌ 4:11 എന്നീ ഭാഗങ്ങൾ വായിച്ചുനോക്കുക.