അതിജീവകർ “ലോകത്തിന്റെ ഭാഗമല്ലാ”തിരിക്കണം
അധ്യായം 11
അതിജീവകർ “ലോകത്തിന്റെ ഭാഗമല്ലാ”തിരിക്കണം
1, 2. (എ) തന്റെ ശിഷ്യൻമാർക്ക് ലോകത്തോടുളള ബന്ധത്തെക്കുറിച്ച് യേശു എന്തു പറഞ്ഞു? (ബി) അത് എന്തർത്ഥമാക്കുന്നില്ല, എന്തുകൊണ്ട്?
തന്റെ അനുഗാമികൾ “ലോകത്തിലാണ്” എന്നാൽ “ലോകത്തിന്റെ ഭാഗമല്ലാ”തിരിക്കണം എന്നു പറഞ്ഞപ്പോൾ യേശു എന്താണർത്ഥമാക്കിയത്? (യോഹന്നാൻ 17:11, 14) ദൈവത്തിന്റെ നൂതന ക്രമത്തിൽ ജീവിക്കുന്നതിന് സംരക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുന്നതിന് നാം ഇതു മനസ്സിലാക്കേണ്ടതുണ്ട്.
2 ആദ്യമായി, “ലോകത്തിന്റെ ഭാഗമല്ലാ”തിരിക്കുക എന്നതിന് എന്തർത്ഥമില്ല എന്നു പരിചിന്തിക്കുക. ഗുഹയിൽ കഴിയുന്ന സന്യാസിമാരെപ്പേലെ നാം നമ്മെത്തന്നെ ഒററപ്പെടുത്തുകയെന്നോ അല്ലെങ്കിൽ നാം ഒരു ആശ്രമത്തിലേയ്ക്കൊ ഒരു ഒററപ്പെട്ട സ്ഥലത്തേയ്ക്കൊ പിൻവാങ്ങുകയെന്നോ അതിനർത്ഥമില്ല. നേരെമറിച്ച്, തന്റെ മരണത്തിന്റെ തലേ രാത്രിയിൽ യേശു തന്റെ ശിഷ്യൻമാർക്കുവേണ്ടി തന്റെ പിതാവിനോട് പ്രാർത്ഥിച്ചുകൊണ്ടിങ്ങനെ പറഞ്ഞു: “അവരെ ലോകത്തിൽനിന്ന് എടുക്കണമെന്നല്ല, ദുഷ്ടനായവൻ നിമിത്തം അവരെ കാവൽ ചെയ്യണമെന്നാണ് ഞാൻ നിന്നോട് അപേക്ഷിക്കുന്നത്. ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെ അവരും ലോകത്തിന്റെ ഭാഗമല്ല.”—യോഹന്നാൻ 17:15, 16.
3, 4. (എ) ഏതു പ്രവർത്തനങ്ങളിൽ ക്രിസ്ത്യാനികൾക്ക് ലോകത്തിലെ ജനങ്ങളോട് സമ്പർക്കം പുലർത്തേണ്ട ആവശ്യമുണ്ട്? (ബി) എന്നാൽ അവർ എന്ത് ഒഴിവാക്കണം?
3 ജനങ്ങളിൽനിന്ന് ഒളിഞ്ഞിരിക്കുന്നതിനു പകരം യേശുവിന്റെ ശിഷ്യൻമാർ സത്യം അറിയിക്കാൻ ‘ലോകത്തിലേക്ക് അയയ്ക്കപ്പെട്ടു.’ (യോഹന്നാൻ 17:18) അതു ചെയ്യുക വഴി, ദൈവത്തിന്റെ സത്യം ആളുകളുടെ ജീവിതത്തെ നൻമയ്ക്കായി എങ്ങനെ ബാധിക്കുന്നുവെന്ന് മനുഷ്യർ കാണേണ്ടതിന് സത്യത്തിന്റെ വെളിച്ചം പ്രകാശിപ്പിച്ചുകൊണ്ട് അവർ “ലോകത്തിന്റെ വെളിച്ചമായി” സേവിച്ചു.—മത്തായി 5:14-16.
4 ക്രിസ്ത്യാനികൾ തങ്ങളെത്തന്നെയും തങ്ങളുടെ കുടുംബങ്ങളെയും പോററാൻ ജോലി ചെയ്യുമ്പോഴും അവർ ദൈവരാജ്യത്തിന്റെ സുവാർത്ത മനുഷ്യവർഗ്ഗത്തിന് എത്തിച്ചുകൊടുക്കുമ്പോഴും അനേകം ആളുകളുമായി സമ്പർക്കത്തിൽ വരുന്നു. അതുകൊണ്ട് അപ്പോസ്തലനായ പൗലോസ് പ്രകടമാക്കുന്നതുപോലെ അവർ ഒരു ശാരീരിക വിധത്തിൽ “ലോകത്തിനു പുറത്തുപോകാൻ” പ്രതീക്ഷിക്കപ്പെടുന്നില്ല. അവർക്ക് ലോകത്തിലെ ആളുകളുമായി പൂർണ്ണമായി “സംസർഗ്ഗം നിർത്താൻ” കഴിയുകയില്ല. എന്നാൽ മനുഷ്യവർഗ്ഗത്തിലെ ബഹുഭൂരിപക്ഷം ആളുകളും ഉൾപ്പെടുന്ന തെററായ ആചാരങ്ങളിൽനിന്ന് അകന്നു നിൽക്കാൻ അവർക്കു കഴിയും. അങ്ങനെ ചെയ്യുകയും വേണം.—1 കൊരിന്ത്യർ 5:9-11.
5. ലോകത്തിൽനിന്നുളള ആവശ്യമായ വേർപാട് നോഹയുടെയും അവന്റെ കുടുംബത്തിന്റെയും സംഗതിയിൽ ദൃഷ്ടാന്തീകരിക്കപ്പെട്ടതെങ്ങനെ?
5 ഇന്നു സാഹചര്യം “സകല മനുഷ്യരും ഭൂമിയിൽ ദുഷിച്ച ജീവിതം നയിച്ചിരുന്നു” എന്നു യഹോവ കുറിക്കൊണ്ട നോഹയുടെ നാളിലേതിനോട് സമാനമാണ്. (ഉല്പത്തി 6:12; ന്യൂ ഇംഗ്ലീഷ് ബൈബിൾ) എന്നാൻ നോഹയും അവന്റെ കുടുംബവും ഒരു വ്യത്യസ്തമായ ജീവിതം നയിച്ചു. തങ്ങൾക്കു ചുററുമുണ്ടായിരുന്ന ദുഷിച്ച രീതികളിൽ പങ്കുചേരാൻ വിസമ്മതിച്ചതിനാലും നീതി പ്രസംഗിച്ചതിനാലും നോഹ “ലോകത്തെ കുററംവിധിച്ചു.” അതു അക്ഷന്തവ്യമായി ദൈവേഷ്ടത്തിന് വിരുദ്ധമാണെന്ന് അവൻ പ്രകടമാക്കി. (എബ്രായർ 11:7; 2 പത്രോസ് 2:5) ഒരു ആഗോള പ്രളയം ഭക്തികെട്ട മനുഷ്യവർഗ്ഗത്തിന് അന്ത്യം വരുത്തിയപ്പോൾ അവനും അവന്റെ കുടുംബവും അതിജീവിച്ചത് അതുകൊണ്ടാണ്. അവർ “ലോകത്തിലായിരുന്നു” എന്നാൽ അതേ സമയം “ലോകത്തിന്റെ ഭാഗമല്ലാ”യിരുന്നു.—ഉല്പത്തി 6:9-13; 7:1; മത്തായി 24:38, 39.
ലോകത്തിലെ ജനങ്ങളോടുളള ഉചിതമായ സ്നേഹമെന്ത്?
6. ലോകത്തിലെ ജനങ്ങളോട് ഏതെങ്കിലും സ്നേഹം പ്രകടിപ്പിക്കുന്നത് ഉചിതമാണോ?
6 “ലോകത്തിന്റെ ഭാഗമല്ലാ”തായിത്തീരുക എന്നതിന് മനുഷ്യവർഗ്ഗ വിദ്വേഷിയായിരിക്കുക എന്നുംകൂടി അർത്ഥമുണ്ടോ? അങ്ങനെ ചെയ്താൽ ഒരുവൻ യഹോവയാം ദൈവവുമായി പൊരുത്തമില്ലാത്തവനായിത്തീരും. അവന്റെ പുത്രനായ യേശു പറഞ്ഞു: “ദൈവം തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിപ്പിക്കപ്പെടാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് [മനുഷ്യവർഗ്ഗ] ലോകത്തെ അത്രയധികം സ്നേഹിച്ചു.” അതുകൊണ്ട് സകല തരം ആളുകളോടുമുളള ദൈവത്തിന്റെ ദയയും സഹതാപവും നമുക്ക് അനുകരിക്കുന്നതിനുളള മാതൃക വയ്ക്കുന്നു.—യോഹന്നാൻ 3:16; മത്തായി 5:44-48.
7, 8. (എ) ലോകത്തെ സ്നേഹിക്കുന്നതിനെ സംബന്ധിച്ച് ബൈബിൾ എന്തു പറയുന്നു? (ബി) നാം വേർപെട്ടു നിൽക്കേണ്ട ആ ലോകം ഏതാണ്? (സി) ലോകത്തെയും അതിന്റെ മോഹങ്ങളെയും നാം ഒഴിവാക്കേണ്ടതെന്തുകൊണ്ട്?
7 എന്നാൽ, “ലോകത്തെയോ ലോകത്തിലുളളവയെയോ സ്നേഹിക്കരുത്, ആരെങ്കിലും ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ പിതാവിന്റെ സ്നേഹം അവനിലില്ല,” എന്ന് അപ്പോസ്തലനായ യോഹന്നാൻ നമ്മോട് പറയുന്നില്ലേ? ദൈവം തന്നെ ലോകത്തെ സ്നേഹിച്ചുവെങ്കിൽ അപ്പോസ്തലൻ ഇങ്ങനെ പറഞ്ഞത് എന്തുകൊണ്ടാണ്?—1 യോഹന്നാൻ 2:15.
8 ദൈവം, അപൂർണ്ണാവസ്ഥയിലും മരണാവസ്ഥയിലുമിരിക്കുന്ന, സഹായം അത്യാവശ്യമുളള മനുഷ്യരെന്ന നിലയിലാണ് മനുഷ്യവർഗ്ഗലോകത്തെ സ്നേഹിച്ചതെന്ന് ബൈബിൾ പ്രകടമാക്കുന്നു. നേരെ മറിച്ച് മനുഷ്യവർഗ്ഗത്തിൽ ബഹുഭൂരിപക്ഷത്തെയും സാത്താൻ ദൈവത്തിനെതിരെ സംഘടിപ്പിച്ചിരിക്കുന്നു. ആ “ലോക”ത്തിൽനിന്നാണ്—ദൈവത്തിൽനിന്ന് അന്യപ്പെട്ടതും സാത്താന്റെ നിയന്ത്രണത്തിലുളളതുമായ മാനുഷ സമുദായത്തിൽനിന്ന്—യഥാർത്ഥക്രിസ്ത്യാനികൾ അന്യപ്പെട്ടു നിൽക്കേണ്ടത്. (യാക്കോബ് 1:27) ലോകത്തിന്റെ തെററായ മോഹങ്ങളെയും പ്രവൃത്തികളെയും സ്നേഹിക്കുന്നതിനെതിരെ ദൈവവചനം മുന്നറിയിപ്പ് നൽകുന്നു: “ലോകത്തിലുളള സകലവും—ജഡമോഹവും കൺമോഹവും ഒരുവന്റെ ജീവനത്തിന്റെ പ്രതാപപ്രകടനവും—പിതാവിൽനിന്ന് ഉത്ഭവിക്കുന്നില്ല, പിന്നെയോ ലോകത്തിൽ നിന്ന് ഉത്ഭവിക്കുന്നു. കൂടാതെ ലോകം നീങ്ങിപ്പോവുകയാകുന്നു, അതിന്റെ മോഹവും അങ്ങനെ തന്നെ, എന്നാൽ ദൈവേഷ്ടം ചെയ്യുന്നവൻ എന്നേക്കും സ്ഥിതിചെയ്യുന്നു.”—1 യോഹന്നാൻ 2:15, 17.
9, 10. (എ) ഈ മോഹങ്ങൾ ‘ലോകത്തിൽ നിന്ന് ഉത്ഭവിക്കുന്നു’ എന്ന് പറയാൻ കഴിയുന്നതെന്തുകൊണ്ട്? (ബി) ഈ മോഹങ്ങൾക്ക് മനുഷ്യവർഗ്ഗത്തിൻമേൽ എന്തുഫലം ഉണ്ടായിരുന്നിട്ടുണ്ട്?
9 അതെ, ജഡത്തിന്റെയും കണ്ണുകളുടെയും മോഹങ്ങളും വ്യക്തിപരമായ ഔന്നത്യത്തിനുവേണ്ടിയുളള മോഹവും ‘ലോകത്തിൽനിന്ന് ഉത്ഭവിക്കുക’ തന്നെ ചെയ്യുന്നു. അവയായിരുന്നു മനുഷ്യവർഗ്ഗത്തിന്റെ ആദ്യമാതാപിതാക്കളിൽ വികാസം പ്രാപിക്കുകയും സ്വാർത്ഥപരമായ താല്പര്യങ്ങൾ പിന്തുടരാൻ കഴിയത്തക്കവണ്ണം ദൈവത്തിൽനിന്നുളള സ്വാതന്ത്ര്യം അന്വേഷിക്കുന്നതിലേക്ക് അവരെ നയിക്കുകയും ചെയ്തത്. ഈ സ്വാർത്ഥപരമായ ലൗകികാഗ്രഹങ്ങൾ ദൈവത്തിന്റെ നിയമം ലംഘിക്കുന്നതിലേക്കു നയിച്ചു.—ഉല്പത്തി 3:1-6, 17.
10 നിങ്ങൾ നിങ്ങൾക്കു ചുററും കാണുന്നത് പരിഗണിക്കുക. മിക്കയാളുകളും ജഡത്തിന്റെയും കണ്ണുകളുടെയും മോഹങ്ങളെയും “ഒരുവന്റെ ജീവനത്തിന്റെ പ്രതാപപ്രകടനത്തെയും” ചുററിപ്പററി തങ്ങളുടെ ജീവിതത്തെ കെട്ടുപണി ചെയ്യുന്നില്ലേ? അവർ അന്യോന്യം ഇടപെടുന്ന രീതികളെ ഭരിച്ചുകൊണ്ട് അവരുടെ പ്രത്യാശകളെയും താല്പര്യങ്ങളെയും രൂപപ്പെടുത്തുന്നത് ഈ വക കാര്യങ്ങളല്ലേ? ഇവമൂലം മനുഷ്യവർഗ്ഗത്തിന്റെ ചരിത്രം അനൈക്യത്തിന്റെയും യുദ്ധത്തിന്റെയും അധാർമ്മികതയുടെയും കുററകൃത്യത്തിന്റെയും വ്യാപാരപരമായ അത്യാഗ്രഹത്തിന്റെയും മർദ്ദനത്തിന്റെയും അഹങ്കാരപൂർവ്വമായ ദുരാഗ്രഹത്തിന്റെയും കീർത്തിക്കും ശക്തിക്കും വേണ്ടിയുളള കഠിന ശ്രമത്തിന്റെയും ഒരു സുദീർഘരേഖയാണ്.
11. അതുകൊണ്ട് ലോകത്തോടുളള ദൈവത്തിന്റെ സ്നേഹം അവന്റെ വചനം കുററം വിധിക്കുന്നതിനോട് പരസ്പരവിരുദ്ധമല്ലാത്തതെന്തുകൊണ്ട്?
11 അപ്പോൾ ദൈവം ചെയ്യുന്നതുപോലെ ലോകത്തെ സ്നേഹിക്കുന്നത് ദൈവം കുററംവിധിക്കുന്ന അതിന്റെ തെററായ മോഹങ്ങളെയും ആചാരങ്ങളെയും സ്നേഹിക്കുന്നതിൽനിന്ന് വളരെ വ്യത്യസ്തമാണെന്ന് നമുക്ക് കാണാൻ കഴിയും. മനുഷ്യവർഗ്ഗത്തോടുളള ദൈവത്തിന്റെ സ്നേഹം ആ പാപകരമായ മോഹങ്ങളിൽ നിന്നും മരണം ഉൾപ്പെടെയുളള അവയുടെ ചീത്തഫലങ്ങളിൽ നിന്നുമുളള സ്വാതന്ത്ര്യത്തിന് വഴി തുറന്നിരിക്കുന്നു. മനുഷ്യവർഗ്ഗത്തെ വീണ്ടെടുക്കുന്നതിന് തന്റെ സ്വന്തം പുത്രനെ നൽകുക വഴി അവൻ ആ സ്നേഹം പ്രകടമാക്കിയിരിക്കുന്നു. എന്നാൽ ആരെങ്കിലും ആ ബലി നിരാകരിക്കുകയും അനുസരണക്കേടിൽ തുടരുകയും ചെയ്യുന്നെങ്കിൽ, “ദൈവകോപം അവന്റെമേൽ ഇരിക്കുന്നു” എന്ന് ബൈബിൾ പറയുന്നു.—യോഹന്നാൻ 3:16, 36; റോമർ 5:6-8.
“ഈ ലോകത്തിന്റെ ഭരണാധിപനാലുളള” നിയന്ത്രണത്തിൽനിന്ന് സ്വതന്ത്രരായിരിക്കുക
12. ലോകത്തിലെ ആളുകളോട് നമുക്കുണ്ടായിരുന്നേക്കാവുന്ന സ്നേഹം ദൈവത്തിന് ഇഷ്ടമാണോ അല്ലയോ എന്ന് നമുക്ക് എങ്ങനെ വിശകലനം ചെയ്യാൻ കഴിയും?
12 അപ്പോൾ നമ്മെ സംബന്ധിച്ചെന്ത്? നമ്മൾ ലോകത്തിലുളള ആളുകളെ “സ്നേഹിക്കുന്നത്” ദൈവപ്രീതിയിലെ ജീവിതത്തിലേക്കുളള വഴി കണ്ടുപിടിക്കുന്നതിൽ അവരെ സഹായിക്കാൻ നാം ആത്മാർത്ഥമായി ആഗ്രഹിക്കുന്നു എന്ന അർത്ഥത്തിലാണോ? അതോ ദൈവത്തിന്റെ ദാസൻമാരായിത്തീരുന്നതിൽനിന്ന് അവരെ പിന്നോക്കം പിടിച്ചു നിർത്തുന്ന അതേ കാര്യങ്ങളെ—അവരുടെ സ്വാതന്ത്ര്യത്തിന്റെ ആത്മാവിനെയും അവരുടെ ജീവിതത്തിന്റെ പ്രതാപപ്രകടനത്തെയും സ്വന്തം പ്രാധാന്യത്തിലും മഹത്വത്തിലും അവർക്ക് തോന്നുന്ന ആത്മവിശ്വാസത്തെയുമാണോ നാം സ്നേഹിക്കുന്നത്? അത്തരം ഗുണങ്ങൾ നിമിത്തം നാം ആ ആളുകളോടുകൂടെയായിരിക്കാൻ ഇഷ്ടപ്പെടുന്നെങ്കിൽ, അപ്പോൾ അപ്പോസ്തലൻ കുററം വിധിച്ച രീതിയിൽ നാം ‘ലോകത്തെ സ്നേഹിക്കുകയാണ്.’
13. ലോകസ്നേഹം ദൈവത്തെ സേവിക്കുന്നതിൽ നിന്ന് ഒരു വ്യക്തിയെ പിൻമാററിയേക്കാവുന്നതെങ്ങനെ?
13 യേശുവിന്റെ നാളിൽ അനേകർ ലോകത്തിന്റെ വഴികളെ സ്നേഹിച്ചു. അതുകൊണ്ട് യേശുവിന്റെ ശിഷ്യൻമാരെന്ന നിലയിൽ ഒരു ധീരമായ നിലപാട് സ്വീകരിക്കുന്നതിനെ അവർ ഒഴിവാക്കി. സാമൂഹികവും മതപരവുമായ വൃത്തങ്ങളിലെ ജനങ്ങൾക്കിടയിൽ തങ്ങൾക്ക് ഉണ്ടായിരുന്ന ജനസമ്മതിയും സ്ഥാനവും നഷ്ടപ്പെടുത്താൻ അവർ ആഗ്രഹിച്ചില്ല. ദൈവത്തിന്റെ അംഗീകാരത്തേക്കാളധികമായി മനുഷ്യരിൽനിന്നുളള പുകഴ്ചയെ അവർ സ്നേഹിച്ചു. (യോഹന്നാൻ 12:42, 43) ചിലർ ധർമ്മ പ്രവൃത്തികളും മററു മതപരമായ ക്രിയകളും ചെയ്തു എന്നതു സത്യം തന്നെ. എന്നാൽ അവർ അങ്ങനെ ചെയ്തത് മുഖ്യമായും മററുളളവരുടെ ആദരവ് പിടിച്ചുപററാൻ വേണ്ടിയായിരുന്നു. (മത്തായി 6:1-6; 23:5-7; മർക്കോസ് 12:38-40) ആളുകൾ ലോകത്തിന്റെ തെററായ ഗതിയോട് ഇന്ന് അതേ സ്നേഹം പ്രകടമാക്കുന്നത് നിങ്ങൾ കാണുന്നില്ലേ? എന്നിരുന്നാലും ഇത്തരം “സ്നേഹത്തിന്” നാശത്തിലേയ്ക്കു നയിക്കാൻ മാത്രമേ കഴിയുകയുളളു എന്നു ബൈബിൾ പ്രകടമാക്കുന്നു.
14. യേശു ഭൂമിയിലായിരുന്നപ്പോൾ ആർ അവനെ പരീക്ഷയ്ക്കു വിധേയനാക്കി, എന്തു പരിണതഫലത്തോടെ?
14 ദൈവത്തിന്റെ സ്വന്തം പുത്രൻ ഇതേ ദിശയിലുളള പരീക്ഷയ്ക്കു വിധേയനാക്കപ്പെട്ടു. അവനിൽ സ്വാർത്ഥമോഹം ഇളക്കിവിടാനും ലോകത്തെപ്പോലെയാകാൻ ജനങ്ങളിൽ മതിപ്പ് ഉളവാക്കുന്നതിന് അവനെക്കൊണ്ട് ഒരു പ്രതാപ പ്രകടനം നടത്തിക്കാനും ശ്രമം ചെയ്യപ്പെട്ടു. ലോകത്തിലെ സകല രാജ്യങ്ങളിൻമേലുമുളള ഭരണവും അവയുടെ മഹത്വവും അവനു വാഗ്ദത്തം ചെയ്യപ്പെട്ടു. എന്നാൽ സ്വാർത്ഥമോഹങ്ങളോടുളള ആ ആകർഷണങ്ങളെ അവൻ പാടെ നിരാകരിച്ചു. അവ യഹോവയാം ദൈവത്തിന്റെ പരമാധികാരത്തെ ആദ്യമായി വെല്ലുവിളിച്ച പിശാചായ സാത്താനിൽനിന്നാണ് വന്നത്.—ലൂക്കോസ് 4:5-12.
15. “ഈ ലോകത്തിന്റെ ഭരണാധിപൻ” ആരാണെന്ന് നിങ്ങളുടെ ബൈബിളിൽനിന്ന് തെളിയിക്കുക.
15 നാം “ഈ ലോകത്തിന്റെ ഭാഗമായിരിക്കരുതാത്തത്” എന്തുകൊണ്ടാണെന്ന് മനസ്സിലാക്കുന്നതിന് സാത്താൻ യേശുവിന് ഭരണം വാഗ്ദാനം ചെയ്തതിനെപ്പററി അറിയുന്നത് മർമ്മപ്രധാനമാണ്. അതിലെ ഗവൺമെൻറുകൾ ഉൾപ്പെടെ, പൊതുമനുഷ്യവർഗ്ഗലോകത്തിന് അദൃശ്യഭരണാധികാരിയായി ഉളളത് ദൈവത്തിന്റെ എതിരാളിയാണെന്ന് അതു കാണിക്കുന്നു. യേശു തന്നെ സാത്താനെ സംബന്ധിച്ച് “ഈ ലോകത്തിന്റെ ഭരണാധിപൻ” എന്നു പറഞ്ഞു. (യോഹന്നാൻ 12:31; 14:30; 2 കൊരിന്ത്യർ 4:4) അപ്പോസ്തലനായ പൗലോസും സാത്താന്റെ നിയന്ത്രണത്തിലുളള ഭൂതങ്ങൾ, “ദുഷ്ടാത്മസേനകൾ” “അന്ധകാരത്തിന്റെ ലോകാധിപതികളാ”യിരിക്കുന്നതായി പരാമർശിച്ചു. ഈ “ഭരണാധിപൻമാർ”ക്കെതിരെ സ്വയം സംരക്ഷിക്കുന്നതിന് ആത്മീയ പടച്ചട്ട ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെപ്പററി പൗലോസ് ക്രിസ്ത്യാനികൾക്ക് മുന്നറിയിപ്പ് നൽകി.—എഫേസ്യർ 6:10-13.
16. സാത്താൻ ലോകത്തിൽ എത്രമാത്രത്തെ വഴിതെററിക്കുകയും അവന്റെ അധീനതയിലാക്കി വയ്ക്കുകയും ചെയ്തിരിക്കുന്നു?
16 ഒരു ന്യൂനപക്ഷം മാത്രമേ എന്നെങ്കിലും ഈ അദൃശ്യ ഭരണാധിപന്റെയും അവന്റെ സൈന്യങ്ങളുടെയും നിയന്ത്രണത്തിൽനിന്ന് സ്വതന്ത്രരായി നിന്നിട്ടുളളു. അപ്രകാരം “ലോകം” അതായത് ദൈവത്തിൽനിന്ന് അന്യപ്പെട്ട മനുഷ്യവർഗ്ഗസമൂഹം “ദുഷ്ടനായവന്റെ അധീനതയിൽ കിടക്കുകയാണ്.” ഭൂതസ്വാധീനത്തിലൂടെ അവൻ ദൈവത്തിനും ദൈവരാജ്യത്തിനുമെതിരായി തിരിച്ചു വിട്ടുകൊണ്ട് ഭൂരാജാക്കൻമാരുൾപ്പെടെ ‘മുഴു നിവസിതഭൂമിയെയും’ വഴിതെററിക്കുകയാണ്.—1 യോഹന്നാൻ 5:19; വെളിപ്പാട് 12:9; 16:13, 14; 19:11-18.
17. (എ) ലോകം പ്രത്യക്ഷമാക്കുന്ന മനോഭാവം മനുഷ്യവർഗ്ഗത്തെ നയിക്കുന്നവനെ സംബന്ധിച്ച് എന്തു സാക്ഷ്യപ്പെടുത്തുന്നു? (ബി) നാം അത്തരം ഒരു ആത്മാവ് പ്രകടമാക്കുന്നത് സ്രഷ്ടാവിന് ഇഷ്ടമായിരിക്കുമോ?
17 ഇതു വിശ്വസിക്കാൻ പ്രയാസമായി തോന്നിയേക്കാം. എന്നാൽ ലോകത്തിലെ മിക്കയാളുകളും ദൈവത്തിന്റെ എതിരാളിയുടെ മനോഭാവവും പ്രവർത്തനങ്ങളും വ്യക്തമായി പ്രത്യക്ഷമാക്കുന്നില്ലേ? ‘പിശാചിൽ നിന്നുത്ഭവിക്കുന്നവരെ,’ അവൻ അവർക്ക് ആത്മീയ “പിതാവായി” ഉണ്ടായിരിക്കുന്നവരെ, തിരിച്ചറിയിക്കുന്ന ഭോഷ്ക്കു പറച്ചിലും വിദ്വേഷവും അക്രമവും കൊലപാതകവും ലോകവ്യാപകമായി നാം കാണുന്നു. (1 യോഹന്നാൻ 3:8-12; യോഹന്നാൻ 8:44; എഫേസ്യർ 2:2, 3) തീച്ചയായും ഈ ആത്മാവ് സ്നേഹവാനായ ഒരു സ്രഷ്ടാവിൽനിന്ന് വരുന്നില്ല.
18. ഭരണം സംബന്ധിച്ച നമ്മുടെ മനോഭാവം നാം “ഈ ലോകത്തിന്റെ ഭരണാധിപ”ന്റെ നിയന്ത്രണത്തിൽനിന്ന് സ്വതന്ത്രരാണോ അല്ലയോ എന്ന് പ്രകടമാക്കുന്നതെങ്ങനെ?
18 കൂടാതെ, ബഹുഭൂരിപക്ഷം ആളുകളും സമാധാനവും സുരക്ഷിതത്വവും കൈവരുത്താൻ മാനുഷ പദ്ധതികളിൽ ആശ്രയിക്കുന്നില്ലേ? മനുഷ്യവർഗ്ഗത്തിന്റെ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് ദൈവത്തിലേക്കും അവന്റെ രാജ്യത്തിലേക്കും യഥാർത്ഥത്തിൽ നോക്കുന്ന എത്രപേരെ നിങ്ങൾക്കറിയാം? “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല,” എന്നു യേശു പറഞ്ഞതിനാൽ മാനുഷ രാഷ്ട്രീയ വ്യവസ്ഥിതികളിലുളള അവരുടെ ആശ്രയം അസ്ഥാനത്താണ്. അവന്റെ രാജ്യത്തിന്റെ “ഉറവ്” ഈ ലോകത്തിലല്ല, കാരണം മനുഷ്യർ അതു സ്ഥാപിക്കുകയോ അധികാരത്തിൽ നിലനിർത്തുകയോ ചെയ്യുന്നില്ല. അതു ദൈവത്തിന്റെ സ്വന്തം ഏർപ്പാടാണ്. (യോഹന്നാൻ 18:36; യെശയ്യാവ് 9:6, 7) അതുകൊണ്ട്, രാജ്യം അതിന്റെ ശത്രുക്കൾക്കെല്ലാം എതിരെ വരുമ്പോൾ അതിജീവിക്കാൻ പ്രത്യാശിക്കുന്നവരുടെ കൂട്ടത്തിലായിരിക്കുന്നതിന് സാത്താൻ ഈ ലോകത്തെയും അതിന്റെ വ്യവസ്ഥിതികളെയും അടക്കി ഭരിക്കുന്നു എന്ന കഠിന യാഥാർത്ഥ്യത്തെ നാം തിരിച്ചറിയേണ്ടതുണ്ട്. അതിൽ ഐക്യരാഷ്ട്രങ്ങൾപോലെയുളള അതിന്റെ രാഷ്ട്രീയ ക്രമീകരണങ്ങളും ഉൾപ്പെടും. യേശുക്രിസ്തു മുഖേനയുളള യഹോവയുടെ നീതിയുളള ഗവൺമെൻറിനുവേണ്ടി ഉറച്ച നിലപാട് സ്വീകരിച്ചുകൊണ്ട് നാം ഇവയിൽനിന്നെല്ലാം സ്വതന്ത്രരായി നിൽക്കണം.—മത്തായി 6:10, 24, 31-33.
19. ചരിത്രം സാക്ഷ്യപ്പെടുത്തുന്നതുപോലെ, ആദിമ ക്രിസ്ത്യാനികൾ “ലോകത്തിന്റെ ഭാഗമല്ലെന്ന്” ഏതു വിധങ്ങളിൽ അവർ തെളിയിച്ചു?
19 ആദിമ ക്രിസ്ത്യാനികൾ ആദരവുളളവരും നിയമം അനുസരിക്കുന്നവരുമായ പൗരൻമാരായിരുന്നുവെന്ന് ചരിത്രം പ്രകടമാക്കുന്നു. എന്നാൽ അതു അവരുടെമേൽ പീഡനം വരുത്തിയെങ്കിലും അവർ “ലോകത്തിന്റെ ഭാഗമല്ലാ”തിരിക്കാൻ ദൃഢനിശ്ചയം ചെയ്തിരുന്നവരായിരുന്നു. നാം ഇതുപോലുളള പ്രസ്താവനകൾ വായിക്കുന്നു:
“ആദിമക്രിസ്ത്യാനിത്വം പുറംലോകത്തെ ഭരിച്ചവരാൽ മനസ്സിലാക്കപ്പെടുകയോ പ്രീതിയോടെ വീക്ഷിക്കപ്പെടുകയോ ചെയ്തില്ല. . . . ക്രിസ്ത്യാനികൾ റോമൻ പൗരൻമാരുടെ ചില കർത്തവ്യങ്ങളിൽ പങ്കുപററാൻ വിസമ്മതിച്ചു. . . . അവർ രാഷ്ട്രീയ ഉദ്യോഗം വഹിക്കുമായിരുന്നില്ല.”—ഓൺ ദി റോഡ് ററു സിവിലൈസേഷൻ, എ വേൾഡ് ഹിസ്റററി.57
“അവർ ആഭ്യന്തര ഭരണത്തിലോ സാമ്രാജ്യത്തിന്റെ സൈനീക പ്രതിരോധത്തിലോ, സജീവമായ ഏതു പങ്കും വഹിക്കാൻ വിസമ്മതിച്ചു. . . . കൂടുതൽ പവിത്രമായ ഒരു കർത്തവ്യത്തെ തളളിപ്പറയാതെ ക്രിസ്ത്യാനികൾക്ക് പടയാളികളുടെയോ മജിസ്ട്രേട്ടുമാരുടെയോ പ്രഭുക്കൻമാരുടെയോ സ്വഭാവം കൈക്കൊളളുക അസാദ്ധ്യമായിരുന്നു.”—ക്രിസ്ത്യാനിത്വത്തിന്റെ ചരിത്രം.58
“[പൊതുയുഗം രണ്ടും മൂന്നും നൂററാണ്ടുകളിൽ ജീവിച്ചിരുന്ന] ഓറിജൻ . . . ‘ക്രിസ്തീയ സഭയ്ക്കു യാതൊരു രാഷ്ട്രവുമായും യുദ്ധത്തിലേർപ്പെടാൻ കഴിയുകയില്ല. തങ്ങൾ സമാധാനത്തിന്റെ മക്കളാണെന്ന് അവർ തങ്ങളുടെ നായകനിൽനിന്ന് പഠിച്ചിട്ടുണ്ട്’ എന്ന് പ്രസ്താവിക്കുന്നു. ആ കാലഘട്ടത്തിൽ അനേകം ക്രിസ്ത്യാനികൾ സൈനീക സേവനത്തിന് വിസമ്മതിച്ചതുകൊണ്ട് രക്തസാക്ഷിത്വം വരിച്ചു.”—ട്രെഷറി ഓഫ് ദി ക്രിസ്ത്യൻ വേൾഡ്.59
20. “ഈ ലോകത്തിന്റെ ഭരണാധിപനാ”ലുളള നിയന്ത്രണത്തിൽ നിന്ന് സ്വതന്ത്രരായി നിലകൊളളുന്നതിന്, യഹോവയുടെ ദാസൻമാർ ലോകത്തിന്റെ ഏതു വിഭാഗീയ പ്രവർത്തനങ്ങളെ വർജ്ജിക്കുന്നു?
20 ലോക കാര്യാദികളിൽ ഉൾപ്പെടാതെ മാറി നിൽക്കുന്നതിനാൽ യഹോവയുടെ ദാസൻമാർ അതിന്റെ വിഭാഗീയ ദേശീയത്വത്തിനും വർഗ്ഗീയവാദത്തിനും അല്ലെങ്കിൽ അതിന്റെ സാമൂഹിക ശണ്ഠകൾക്കും സംഭാവന ചെയ്യുന്നില്ല. അവരുടെ ദൈവ നിയന്ത്രിത മനോഭാവം സകല തരം മനുഷ്യരുടെയും ഇടയിലെ സമാധാനത്തിനും സുരക്ഷിതത്വത്തിനും സംഭാവന ചെയ്യുന്നു. (പ്രവൃത്തികൾ 10:34, 35) യഥാർത്ഥത്തിൽ, വരുവാനുളള “മഹോപദ്രവത്തെ” അതിജീവിക്കുന്നവർ “സകല ജനതകളിൽനിന്നും ഗോത്രങ്ങളിൽനിന്നും ജനങ്ങളിൽനിന്നും ഭാഷകളിൽനിന്നു”മാണ് വരുന്നത്.—വെളിപ്പാട് 7:9, 14.
ലോകത്തിന്റെ സ്നേഹിതരോ ദൈവത്തിന്റെ സ്നേഹിതരോ?
21. ബൈബിൾ അനുസരിക്കുന്ന ഒരാൾക്ക് ലോകത്താൽ സ്നേഹിക്കപ്പെടുന്നതിനുംകൂടെ പ്രതീക്ഷിക്കാൻ കഴിയാത്തതെന്തുകൊണ്ട്?
21 യേശു തന്റെ ശിഷ്യൻമാരോടിങ്ങനെ പറഞ്ഞു: “നിങ്ങൾ ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ ലോകത്തിന് അതിന്റെ സ്വന്തമായതിനെ ഇഷ്ടമായിരിക്കുമായിരുന്നു. ഇപ്പോൾ നിങ്ങൾ ലോകത്തിന്റെ ഭാഗമായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽനിന്ന് തെരഞ്ഞെടുത്തിരിക്കുന്നതുകൊണ്ട്, ഈ കാരണത്താൽ ലോകം നിങ്ങളെ ദ്വേഷിക്കുന്നു. . . . അവർ എന്നെ പീഡിപ്പിച്ചിരിക്കുന്നുവെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും.” (യോഹന്നാൻ 15:19, 20) ലോകത്തിന്റെ സഖിത്വം ലഭിക്കാനുളള ഏകമാർഗ്ഗം അതിനെപ്പോലെ ആകുകയാണ്—അതിന്റെ മോഹങ്ങളിലും അഭീഷ്ടങ്ങളിലും മുൻവിധികളിലും പങ്കുപററുകയാണ്, അതിന്റെ ചിന്തയെയും തത്വശാസ്ത്രങ്ങളെയും ആദരിക്കുകയാണ്, അതിന്റെ ആചാരങ്ങളും രീതികളും കൈക്കൊളളുകയാണ് എന്നതാണ് ലളിതമായ സത്യം. എന്നാൽ ഈ ലോകത്തിന്റെ പിന്തുണക്കാർ തങ്ങളുടെ തെററുകൾ വെളിച്ചത്താക്കപ്പെടുന്നതിൽ, അല്ലെങ്കിൽ അവരുടെ ഗതി എന്തിലേക്കു നയിക്കുന്നുവോ ആ അപകടത്തെപ്പററി മുന്നറിയിപ്പ് നൽകപ്പെടുന്നതിൽ നീരസപ്പെടുകയാണ്. അതുകൊണ്ടാണ് ഒരു വ്യക്തി തന്റെ നടത്തയിലും ജീവിത രീതിയിലും ബൈബിളിന്റെ ഉപദേശങ്ങളെ അനുസരിക്കുകയും അതിന് അനുകൂലമായി സംസാരിക്കുകയും ചെയ്യുന്നെങ്കിൽ അയാൾക്ക് കേവലം ലോകത്തിന്റെ വിദ്വേഷത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയാത്തത്.—യോഹന്നാൻ 17:14; 2 തിമൊഥെയോസ് 3:12.
22. സഖിത്വം സംബന്ധിച്ച് ഏതു തെരഞ്ഞെടുപ്പ് നമ്മിൽ ഓരോരുത്തരേയും അഭിമുഖീകരിക്കുന്നു?
22 അതുകൊണ്ട് നമുക്ക് വ്യക്തമായ ഒരു തെരഞ്ഞെടുപ്പ് ഉണ്ടെന്ന് ബൈബിൾ പ്രകടമാക്കുന്നു. യാക്കോബ് 4:4-ൽ നാം ഇങ്ങനെ വായിക്കുന്നു: “ലോകത്തോടുളള സഖിത്വം ദൈവത്തോടുളള ശത്രുത്വമാകുന്നുവെന്ന് നിങ്ങൾ അറിയുന്നില്ലേ? അതുകൊണ്ട് ലോകത്തിന്റെ സ്നേഹിതനായിരിക്കാനാഗ്രഹിക്കുന്ന ഏവനും തന്നെതന്നെ ദൈവത്തിന്റെ ഒരു ശത്രു ആക്കിത്തീർക്കുന്നു.” ദൈവത്തിനും സഖിത്വം സംബന്ധിച്ച് തന്റെ മാനദണ്ഡങ്ങളുണ്ട്. അവ പാപം നിറഞ്ഞ മനുഷ്യവർഗ്ഗത്തിന്റേതിനോട് ചേർച്ചയിലായിരിക്കുന്നുമില്ല.—സങ്കീർത്തനം 15:1-5.
23. (എ) ഒരു വ്യക്തി ലോകത്തിന്റെ സ്നേഹിതനാണെന്ന് എന്ത് പ്രകടമാക്കും? (ബി) നാം ദൈവത്തിന്റെ സ്നേഹിതൻമാരാണെന്ന് നമുക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും?
23 നമുക്ക് ദൈവത്തിന്റെ സഖിത്വം ലഭിക്കുന്നത് നാം ഈ ലോകത്തിലെ ഏതെങ്കിലും സംഘടനകളിൽ ഉൾപ്പെടുന്നോ ഇല്ലയോ എന്നതിനേക്കാൾ വളരെയധികം കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. നാം ലോകത്തിന്റെ ആത്മാവ് പ്രകടമാക്കുകയും അതിന്റെ ജീവിത വീക്ഷണത്തിൽ പങ്കുപററുകയും ചെയ്യുന്നുവെങ്കിൽ അപ്പോൾ നാം ദൈവത്തിന്റെയല്ല ലോകത്തിന്റെ സുഹൃത്തുക്കളായി നമ്മെത്തന്നെ തിരിച്ചറിയിക്കുകയാണ്. ലോകത്തിന്റെ ആത്മാവ് “പരസംഗം, അശുദ്ധി, ദുർന്നടത്ത, വിഗ്രഹാരാധാന, ആത്മവിദ്യാചാരം, ശത്രുതകൾ, കലഹം, അസൂയ, കോപാവേശങ്ങൾ, ശണ്ഠകൾ, ഭിന്നതകൾ, കക്ഷിപിരിവുകൾ, സ്പർദ്ധകൾ, മദ്യപാനതകർപ്പുകൾ, കോലാഹലങ്ങൾ” എന്നിവപോലുളള “ജഡത്തിന്റെ പ്രവൃത്തി”കളെ ഉളവാക്കുന്നു. “അങ്ങനെയുളള കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ലെന്ന്” ബൈബിൾ വ്യക്തമായി പറയുന്നു. നേരെ മറിച്ച് നാം ദൈവത്തിന്റെ സുഹൃത്തുക്കളാണെങ്കിൽ നമുക്ക് അവന്റെ ആത്മാവ്, അതിന്റെ ഫലങ്ങളായ “സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്തമ, ദയ, നൻമ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം” എന്നിവ സഹിതം ഉണ്ടായിരിക്കും.—ഗലാത്യർ 5:19-23.
24. (എ) ലോകം ബഹുമതികൾ നൽകുന്ന ആളുകളുടെ അനുകാരികളായിത്തീരുന്നത് മൗഢ്യമായിരിക്കുന്നതെന്തുകൊണ്ട്? (ബി) ഭൗതിക സ്വത്തുക്കളോടുളള നമ്മുടെ മനോഭാവത്തിന് യഥാർത്ഥത്തിൽ നാം ആരുടെ സഖിത്വമാണ് തേടുന്നതെന്ന് പ്രകടമാക്കാൻ കഴിയുന്നതെങ്ങനെ?
24 അപ്പോൾ നാം ആരുടെ ആത്മാവിനെയാണ് പ്രതിഫലിപ്പിക്കുന്നത്? നാം യഥാർത്ഥത്തിൽ ആരുടെ സ്നേഹിതരാണെന്ന് നിർണ്ണയിക്കാൻ അതു നമ്മെ സഹായിക്കും. നമ്മൾ ഇപ്പോഴത്തെ ഈ ദുഷ്ടലോകത്തിൽ അതിന്റെ സ്വാധീനത്തിന് വിധേയരായി ജീവിക്കുമ്പോൾ ദൈവത്തെ പ്രസാദിപ്പിക്കുന്നതിന് നമ്മുടെ ജീവിതത്തിൽ മാററങ്ങൾ വരുത്തേണ്ടതാവശ്യമാണെന്ന് കണ്ടെത്തുന്നുവെങ്കിൽ അതിൽ നാം ആശ്ചര്യപ്പെടേണ്ടതില്ല. ദൃഷ്ടാന്തമായി വലിയ ധനത്തിലേയ്ക്കോ അധികാരത്തിലേയ്ക്കോ പ്രശസ്തിയിലേയ്ക്കോ നയിക്കുന്ന അതിമോഹപരമായ സംഘടിത പ്രവർത്തനം നടത്തുന്ന ആളുകളുടെമേൽ ലോക ജനതകൾ ബഹുമതിയും മഹത്വവും കുന്നിക്കുന്നു. ആളുകൾ സംസാരത്തിലും നടത്തയിലും പ്രത്യക്ഷതയിലും വസ്ത്രധാരണത്തിലും അങ്ങനെയുളള ലോക വീരൻമാരെയും വിഗ്രഹങ്ങളെയും അനുകരിച്ചുകൊണ്ട് അവരുടെ മാതൃക പിൻപററുന്നു. അത്തരം ആളുകളുടെ ഒരു ആരാധകനായി തിരിച്ചറിയപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അവരുടെ നേട്ടങ്ങൾ നമ്മുടെ ജീവിതത്തിൽ ലക്ഷ്യമാക്കാൻ ദൈവവചനം പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങളുടെ നേരെ വിപരീതമാണ്. ബൈബിൾ നമ്മെ ആത്മീയ ധനത്തിലേയ്ക്കും ബലത്തിലേയ്ക്കും ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധികളായും വക്താക്കളായും സേവിക്കുന്നതിലുളള ബഹുമതിയിലേക്കും നയിക്കുന്നു. (1 തിമൊഥെയോസ് 6:17-19; 2 തിമൊഥെയോസ് 1:7, 8; യിരെമ്യാവ് 9:23, 24) ലോകത്തിന്റെ വ്യാപാര പ്രചാരണം ആളുകളെ ഭൗതികത്വത്തിലേക്ക്, തങ്ങളുടെ സന്തുഷ്ടി ഭൗതിക സമ്പത്തുകളിൽ ആശ്രയിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്നതിലേക്കു നയിക്കുന്നു. അതുകൊണ്ട് അവർ ആത്മീയ മൂല്യമുളള കാര്യങ്ങൾക്കെന്നതിനേക്കാൾ കൂടുതൽ പ്രാധാന്യം ഇവയ്ക്കു കൊടുക്കുന്നു. അതെ, ലോകത്തിന്റെ ഗതി പിന്തുടരുന്നത് നിങ്ങൾക്ക് ലോകത്തിന്റെ സഖിത്വം നേടിത്തരും. എന്നാൽ അതു ദൈവത്തിന്റെ സഖിത്വത്തിൽനിന്ന് നിങ്ങളെ ഛേദിച്ചു കളയും. നിങ്ങൾക്ക് കൂടുതൽ അർത്ഥവത്തായത് ഏതാണ്? ഏതാണ് മഹത്തരവും കൂടുതൽ നിലനിൽക്കുന്നതുമായ സന്തുഷ്ടിയിലേയ്ക്കു നയിക്കുന്നത്?
25. (എ) നാം ലോകത്തിന്റെ വഴികളെ പിമ്പിൽ വിട്ടുകളയുമ്പോൾ ലോകത്തിൽനിന്ന് നാം എന്തു പ്രതീക്ഷിക്കണം? (ബി) ദൈവം കാര്യങ്ങളെ വീക്ഷിക്കുന്നതുപോലെ വീക്ഷിക്കാൻ ‘നമ്മുടെ മനസ്സുകളെ പുതുക്കുന്നതിന്’ യഥാർത്ഥത്തിൽ എന്ത് നമ്മെ പ്രാപ്തരാക്കും?
25 ലോകത്തിന്റെ മാതൃകയ്ക്കു വഴങ്ങുക എളുപ്പമാണ്. അതിന്റെ മോശമായ ആത്മാവ് നിമിത്തം, നിങ്ങൾ ഒരു വ്യത്യസ്ത ഗതി സ്വീകരിച്ചാൽ ഈ ലോകത്തിന്റെ പിന്തുണക്കാർ നീരസപ്പെടും. (1 പത്രോസ് 4:3, 4) അനുരൂപപ്പെടുന്നതിന്, ലോക മാനുഷസമുദായം അതിന്റെ സാദൃശ്യത്തിൽ നിങ്ങളെ രൂപപ്പെടുത്താൻ അനുവദിക്കുന്നതിന് നിങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തും. നിങ്ങളുടെ ചിന്തയെ നിയന്ത്രിക്കാനുളള ശ്രമത്തിൽ ലോകജ്ഞാനം—ജീവിത വിജയം കൈവരുത്തുന്നതെന്തെന്നുളളതു സംബന്ധിച്ച അതിന്റെ തത്വശാസ്ത്രം—ഉപയോഗിക്കപ്പെടും. അതുകൊണ്ട് ദൈവത്തിന്റെ കാഴ്ചപ്പാടിൽ കാര്യങ്ങൾ കാണാനും ‘ഈ ലോകത്തിന്റെ ജ്ഞാനം അവന്റെ കാഴ്ചയിൽ ഭോഷത്വമായിരിക്കുന്ന’തെന്തുകൊണ്ടെന്ന് മനസ്സിലാക്കാനും ‘നിങ്ങളുടെ മനസ്സിനെ പുതുക്കാൻ’ യഥാർത്ഥ ശ്രമവും വിശ്വാസവും ആവശ്യമാണ്. (റോമർ 12:2; 1 കൊരിന്ത്യർ 1:18-20; 2:14-16; 3:18-20) ദൈവവചനത്തിന്റെ ഉത്സാഹപൂർവ്വകമായ പഠനത്താൽ വ്യാജമായ ലോകജ്ഞാനത്തിന്റെ പൊളളത്തരം നമുക്ക് മനസ്സിലാക്കാൻ കഴിയും. അത്തരം “ജ്ഞാനം” ഇപ്പോൾ തന്നെ വരുത്തിക്കൂട്ടുന്ന ദുഷ്ഫലങ്ങളും അതു എന്തിലേക്കു നയിക്കുന്നുവോ ആ വിപൽക്കരമായ അന്ത്യവും നമുക്കു കാണാൻ കഴിയും. അപ്പോൾ നമുക്ക് ദൈവത്തിന്റെ വഴികളുടെ ജ്ഞാനത്തെയും അതു ഉറപ്പു നൽകുന്ന സുനിശ്ചിതമായ അനുഗ്രഹങ്ങളെയും പൂർണ്ണമായി വിലമതിക്കാനും കഴിയും.
നീങ്ങിപ്പോകുന്ന ഒരു ലോകത്തിന് ജീവനും ഊർജ്ജവും കൊടുക്കുന്നത് വ്യർത്ഥം
26. അവസ്ഥകളെ മെച്ചപ്പെടുത്തുന്നതിനുളള കാഴ്ചപ്പാടോടെ ലോകത്തിലെ മനുഷ്യസേവനപരമായ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നത് ജ്ഞാനമായിരിക്കുമോ?
26 ‘എന്നാൽ ലോകത്തിലെ സ്ഥാപനങ്ങളിലനേകവും ജനങ്ങളുടെ സംരക്ഷണത്തിനും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി പ്രവർത്തിച്ചുകൊണ്ട് നൻമ ചെയ്യുന്നില്ലേ?’ എന്ന് ചിലർ തടസ്സവാദം ഉന്നയിച്ചേക്കാം. ചില സ്ഥാപനങ്ങൾ ആളുകളുടെ കഷ്ടപ്പാടുകളിൽ ചുരുക്കം ചിലതിൽനിന്നുളള താല്കാലികമായ കുറെ ആശ്വാസം നൽകുക തന്നെ ചെയ്യുന്നുവെന്നത് സത്യംതന്നെ. എന്നാൽ അവയെല്ലാം ദൈവത്തിൽനിന്ന് അന്യപ്പെട്ട ലോകത്തിന്റെ ഭാഗമാണ്. അവ ഇപ്പോഴത്തെ ഈ വ്യവസ്ഥിതിയെ നിലനിർത്തുന്നതിലേക്ക് ആളുകളുടെ ശ്രദ്ധയെ തിരിക്കുകയും ചെയ്യുന്നു. അവയൊന്നും ഭൂമിക്കുവേണ്ടിയുളള ദൈവത്തിന്റെ ഗവൺമെൻറിന്റെ, തന്റെ പുത്രൻ മുഖാന്തരമുളള അവന്റെ രാജ്യത്തിന്റെ, പ്രവക്താക്കളല്ല. എന്തൊക്കെയായാലും ചില കുററപ്പുളളികൾപോലും കുടുംബങ്ങളെ ഉളവാക്കുകയും അവയ്ക്കുവേണ്ടി കരുതുകയും സമൂഹത്തിനുവേണ്ടി ധർമ്മപ്രവൃത്തികൾ ചെയ്യുകയും ചെയ്തേക്കാം. എന്നാൽ ഈ പ്രവൃത്തികൾ നിയമ വിരുദ്ധസ്ഥാപനങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ നമ്മുടെ പിന്തുണ കൊടുക്കുന്നതിനെ ന്യായീകരിക്കുമോ?—2 കൊരിന്ത്യർ 6:14-16 താരതമ്യപ്പെടുത്തുക.
27. ദൈവത്തിന്റെ നൂതനക്രമത്തിലേക്ക് അതിജീവിക്കുന്നവരിൽ ഉൾപ്പെടുന്നതിന് ഈ ലോകത്തിലെ ആളുകളെ നമുക്ക് സഹായിക്കാൻ കഴിയുന്ന ഏക മാർഗ്ഗമെന്ത്?
27 ലോക പദ്ധതികളിൽ എന്തിനെങ്കിലുംവേണ്ടി സമയവും ഊർജ്ജവും ചെലവഴിച്ചുകൊണ്ട് അവയോട് സഹകരിക്കുന്നതിനാൽ നമുക്കു വാസ്തവത്തിൽ മനുഷ്യവർഗ്ഗത്തോട് യഥാർത്ഥ സ്നേഹം പ്രകടമാക്കാൻ കഴിയുമോ? രോഗഗ്രസ്തരും സുഖക്കേടുളളവരുമായ ആരെയെങ്കിലും സഹായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതേ രോഗമോ സുഖക്കേടോ ബാധിക്കാൻ തക്കവണ്ണം അവരോട് അത്ര അടുത്തു ചെന്നുകൊണ്ട് നിങ്ങൾ അതു ചെയ്യുമോ? അല്ലെങ്കിൽ നിങ്ങൾ തന്നെ ആരോഗ്യമുളളവനായിനിന്നുകൊണ്ട് ആരോഗ്യത്തിനുളള വഴികണ്ടുപിടിക്കാൻ അയാളെ സഹായിക്കാൻ ശ്രമിക്കുന്നതല്ലേ കൂടുതൽ സഹായകരം? ഇന്നത്തെ മാനുഷസമുദായം ആത്മീയമായി രോഗഗ്രസ്തവും അസുഖമുളളതുമാണ്. നമുക്കാർക്കും അതിനെ രക്ഷിക്കാൻ കഴിയുകയില്ല, കാരണം അതിന്റെ രോഗം അതിനെ മരണത്തിലേക്കു നയിക്കുന്നു എന്ന് ദൈവവചനം പ്രകടമാക്കുന്നു. (യെശയ്യാവ് 1:4-9 താരതമ്യം ചെയ്യുക.) എന്നാൽ നമുക്കു ലോകത്തിലുളള വ്യക്തികളെ ആത്മീയാരോഗ്യത്തിന്റെ വഴി കണ്ടുപിടിക്കുന്നതിനും ദൈവത്തിന്റെ നൂതന ക്രമത്തിലേക്കു അതിജീവിക്കുന്നതിനും സഹായിക്കാൻ കഴിയും. എന്നാൽ അതിന് നാം തന്നെ ലോകത്തിൽനിന്ന് വേർപെട്ടിരിക്കേണ്ടതുണ്ട്. (2 കൊരിന്ത്യർ 6:17) അപ്പോൾ ജ്ഞാനപൂർവ്വം ലോകപദ്ധതികളിൽ ഉൾപ്പെടുന്നത് ഒഴിവാക്കുക. ലോകത്തിന്റെ ആത്മാവിനാൽ ബാധിക്കപ്പെടുന്നതും അതിന്റെ നീതികെട്ട വഴികളെ അനുകരിക്കുന്നതും ഒഴിവാക്കാൻ കഠിനശ്രമം ചെയ്യുക. “ലോകം നീങ്ങിപ്പോകുകയാകുന്നു, അതിന്റെ മോഹവും അങ്ങനെതന്നെ, എന്നാൽ ദൈവേഷ്ടം ചെയ്യുന്നവൻ എന്നേക്കും സ്ഥിതിചെയ്യുന്നു”വെന്ന് ഒരിക്കലും മറക്കരുത്.—1 യോഹന്നാൻ 2:17.
[അധ്യയന ചോദ്യങ്ങൾ]