അതിജീവിക്കുന്നവർ ആരായിരിക്കും?
അധ്യായം 8
അതിജീവിക്കുന്നവർ ആരായിരിക്കും?
1. (എ) ദൈവത്തിന്റെ സമാധാനപൂർണ്ണമായ നൂതന ക്രമത്തിലേക്കുളള ഒരുവന്റെ അതിജീവനം എന്തിൽ ആശ്രയിച്ചിരിക്കും? (ബി) ഭൂമിയിലെ പറുദീസയിൽ ജീവിക്കാൻ അതിജീവിക്കുന്നവരെ വെളിപ്പാട് 7-ാം അദ്ധ്യായം വർണ്ണിക്കുന്നതെങ്ങനെ?
വരുവാനുളള ലോകനാശത്തിലെ അതിജീവനം, മാനുഷയുദ്ധങ്ങളിൽ മിക്കപ്പോഴും സംഭവിക്കുന്നതുപോലെ ഒരു യാദൃച്ഛിക സംഗതിയായിരിക്കുകയില്ല. അത് ഒരുവൻ വസിക്കുന്ന ഭൂവിഭാഗത്താൽ നിർണ്ണയിക്കപ്പെടുകയില്ല. അത് ഒരുവൻ എവിടെ ജീവിക്കുന്നു എന്നതിനെയോ, മുന്നറിയിപ്പു നൽകുന്ന സൈറന്റെ ശബ്ദത്തിങ്കൽ ബോംബിൽനിന്നു രക്ഷപ്പെടാനുളള ഒരു അഭയസ്ഥാനത്തേക്കോ, മറേറതെങ്കിലും സങ്കേതത്തിലേക്കോ ശീഘ്രഗമനം ചെയ്യുന്നതിനെയോ ആശ്രയിച്ച് തീരുമാനിക്കപ്പെടുകയില്ല. അതിജീവനം ദൈവത്തിന്റെ കരുണയെയും, “മഹോപദ്രവം” തുടങ്ങുന്നതിനു മുൻപ് ഓരോരുത്തരും ചെയ്യുന്ന തീരുമാനത്തെയും ആശ്രയിച്ചായിരിക്കും. ഭൂമിയിൽ ദൈവത്തിന്റെ സമാധാനപൂർണ്ണവും പറുദീസാ തുല്യവുമായ പുതിയ വ്യവസ്ഥിതിയിൽ ജീവിക്കാനായി അതിജീവിക്കുന്നവരുടെ കൂട്ടത്തിൽ നിങ്ങളെത്തന്നെ ആക്കിവെക്കുന്ന തീരുമാനം നിങ്ങൾക്കെങ്ങനെ ചെയ്യാൻ കഴിയും?—വെളിപ്പാട് 7:9,10,14, 15.
2. അതിജീവനത്തിനുളള വ്യവസ്ഥകൾ വെക്കുന്നതാരാണ്, ഇവ എവിടെ കാണപ്പെടുന്നു?
2 വരാനിരിക്കുന്ന ലോകനാശത്തിൽ അതിജീവകർ ഉണ്ടായിരിക്കും എന്നുമാത്രമല്ല ബൈബിൾ മുൻകൂട്ടിപ്പറയുന്നത്. അവർ ഏതുതരം ആളുകളായിരിക്കുമെന്ന് അറിയാൻ നമ്മെ സഹായിക്കുന്ന മാതൃകയും അതു നൽകുന്നു. അതിജീവനം സാദ്ധ്യമാക്കുന്നത് ദൈവമായിരിക്കുകയാൽ അതിനുളള വ്യവസ്ഥ വയ്ക്കുന്നതും ഉചിതമായി അവൻതന്നെ ആയിരിക്കും.
3. സമാധാനവും സുരക്ഷിതത്വവുമുണ്ടായിരിക്കുന്നതിന്, ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടേണ്ടതാവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
3 അതിജീവകർ ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിക്കു ഹാനിവരുത്തുന്നവരായിരിക്കാതെ അതിന് ഒരു മുതൽക്കൂട്ടായിരിക്കുന്നവരായിരിക്കാൻ അവൻ ജ്ഞാനപൂർവ്വവും നീതിപൂർവ്വവും ശ്രദ്ധിക്കും. നീതികെട്ടയാളുകൾ അതിജീവിക്കാൻ അവൻ അനുവദിച്ചാൽ നീതിമാൻമാർക്ക് സമാധാനവും സുരക്ഷിതത്വവും ഉണ്ടായിരിക്കുകയില്ല. അവരുടെ ഭവനങ്ങളും വ്യക്തിപരമായ സുരക്ഷിതത്വവും അപ്പോഴും അപകടത്തിലായിരിക്കും. എന്നാൽ ബൈബിൾ ഇപ്രകാരം വാഗ്ദാനം ചെയ്യുന്നു: “ദുഷ്പ്രവൃത്തിക്കാർ തന്നെ ഛേദിക്കപ്പെടും. യഹോവയിൽ പ്രത്യാശ വെയ്ക്കുന്നവരായിരിക്കും ഭൂമിയെ കൈവശമാക്കുന്നത്.” സങ്കീർത്തനം 37:9-11-ൽ വിവരിച്ചിരിക്കുന്ന നിലവാരം ദൈവം പൂർണ്ണമായി ബാധകമാക്കുന്നതിനാൽ മാത്രമേ അതിജീവകർക്ക് “സമാധാന സമൃദ്ധിയിൽ പരമാനന്ദം കണ്ടെത്താൻ” കഴിയുകയുളളു. ദൈവം ഇത് എങ്ങനെ ചെയ്യുമെന്നുളളത്, മമനുഷ്യന്റെ ദുഷ്ടത നാശം വരുത്താൻ ദൈവത്തിനു കടപ്പാട് വരുത്തിവച്ച കഴിഞ്ഞകാല സന്ദർഭങ്ങളിൽ കാണപ്പെടുന്നു.
അതിജീവനത്തിന്റെ കഴിഞ്ഞകാല ദൃഷ്ടാന്തങ്ങൾ
4-6. (എ) പൊ. യു. 70-ലെ യെരൂശലേമിന്റെ നാശം ഒരു ചരിത്ര വസ്തുതയാണെന്ന് സാക്ഷ്യപ്പെടുത്തുന്നത് എന്ത്? (ബി) നാശം വന്നതെന്തുകൊണ്ട്? (സി) യേശുവിന്റെ ശിഷ്യൻമാർക്ക് രക്ഷപ്പെടാൻ സാദ്ധ്യമാക്കിയതെന്ത്?
4 ഇന്നത്തെ റോമാ നഗരത്തിൽ, പൊതുയുഗം ഒന്നാം നൂററാണ്ടിൽ നിന്നുളള ഒരു സ്മാരകം, തീത്തോസിന്റെ കവാടം ഇപ്പോഴും നിലകൊളളുന്നു. യെരൂശലേമിലെ ആലയത്തിന്റെ പൊ. യു. 70-ലെ നാശത്തെ തുടർന്ന് അതിൽനിന്നു വഹിച്ചുകൊണ്ടു പോയ സാധനങ്ങൾ അതിൻമേൽ ചിത്രീകരിച്ചിരിക്കുന്നു. അതുകൊണ്ട് ആ നാശം ഒരു ചരിത്ര സംഭവമാണ്. ആ നാശത്തിന് ദശാബ്ദങ്ങൾക്കു മുമ്പ് യേശുക്രിസ്തു അതിന്റെ വരവും, ആളുകൾക്ക് എങ്ങനെ അതിജീവിക്കാമെന്നതും മുൻകൂട്ടിപ്പറഞ്ഞു എന്ന വസ്തുതയും അതുപോലെ തന്നെയുളള ചരിത്രമാണ്.
5 യഹൂദ ജനം മനുഷ്യരെയും മനുഷ്യ നിർമ്മിത മത പാരമ്പര്യങ്ങളെയും പിൻപററിക്കൊണ്ട് ദൈവത്തിൽനിന്ന് അകന്നു പോയിരുന്നു. (മത്തായി 15:3-9) ദൈവത്തിന്റെ വാഗ്ദത്ത രാജ്യത്തിലെന്നതിനേക്കാൾ ഉപരി അവർ മാനുഷ രാഷ്ട്രീയ ഭരണാധികാരികളിൽ വിശ്വാസം അർപ്പിച്ചു. (യോഹന്നാൻ 19:15) ദൈവത്തിന്റെ പുത്രനാലും അവന്റെ അപ്പോസ്തലൻമാരാലും പ്രഖ്യാപിക്കപ്പെട്ട സത്യത്തെ തളളിക്കളയുകയും അതിനെതിരെ പോരാടുകയും ചെയ്യുന്ന ഘട്ടം വരെ അവർ പോയി. അത്തരം ഒരു ഗതി കൈവരുത്തുന്ന അനന്തരഫലങ്ങളെ സംബന്ധിച്ച് യേശു മുന്നറിയിപ്പു നൽകി.—മത്തായി 23:37, 38; 24:1, 2.
6 അതിന്റെ ഫലങ്ങൾ കൃത്യമായും മുൻകൂട്ടിപറയപ്പെട്ടതുപോലെതന്നെ ആയിരുന്നു. പൊ. യു. 66-ൽ യഹൂദൻമാർ റോമിനെതിരെ വിപ്ലവമുണ്ടാക്കി. യെരൂശലേമിന്റെ മേൽ റോമാക്കാരാലുളള പ്രാരംഭ ആക്രമണത്തെ തുടർന്ന് അവരുടെ അപ്രതീക്ഷിതമായ പിൻമാററം നടന്നു. യേശുവിൽ വിശ്വസിച്ചവർക്ക് അവൻ പറഞ്ഞത് ചെയ്യാൻ ഇതൊരു അടയാളവും അവസരവും ആയിരുന്നു. ഓടിപ്പോവുക—ഒരുവന് എന്തുതന്നെ പിമ്പിൽ വിട്ടുകളയേണ്ടി വന്നാലും, നാശത്തിനു വിധിക്കപ്പെട്ട നഗരത്തിൽനിന്നും മുഴു യഹൂദ്യ പ്രവിശ്യയിൽ നിന്നും പുറത്തുപോരുക. യേശുവിന്റെ യഥാർത്ഥ ശിഷ്യൻമാർ അതുതന്നെ ചെയ്തു. അനന്തരം പൊ. യു. 70-ൽ റോമാക്കാർ മടങ്ങിവരികയും ഒരു ഉപരോധത്തിനുശേഷം യെരൂശലേമിനെയും ശ്രദ്ധിക്കുന്നതിൽ പരാജയപ്പെട്ടവരെയും നശിപ്പിക്കുകയും ചെയ്തു. ഒരു ദൃക്സാക്ഷി, യഹൂദ ചരിത്രകാരനായിരുന്ന ജോസീഫസ് പറയുന്നത് ക്ഷാമത്താലോ, രോഗത്താലോ, ആഭ്യന്തര കലാപത്താലോ, അല്ലെങ്കിൽ റോമൻ വാളിനാലോ യെരൂശലേമിൽ 11,00,000 ആളുകൾ മരിച്ചു എന്നാണ്. എന്നാൽ ഒരു ക്രിയാത്മകമായ നടപടി സ്വീകരിച്ച ക്രിസ്ത്യാനികൾ രക്ഷപ്പെട്ടു.—ലൂക്കോസ് 19:28, 41-44; 21:20-24; മത്തായി 24:15-18.
7. ബാബിലോൻ യിസ്രായേല്യ ജനതയെ നശിപ്പിച്ചപ്പോൾ അതിജീവിക്കുന്നതിന് ആളുകൾ എന്തു ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നു?
7 അതിന് ഏതാണ്ട് 7 നൂററാണ്ടുകൾക്കു മുമ്പ് നെബുഖദ്നേസ്സർ രണ്ടാമൻ രാജാവിന്റെ കീഴിലെ ബാബിലോനിയൻ സൈന്യം യിസ്രായേൽ ജനതയെ തകർക്കാൻ ദൈവം അനുവദിച്ചപ്പോൾ സമാനമായ സാഹചര്യം നിലവിലിരുന്നു. ആ നാശവും എഴുതപ്പെട്ട ചരിത്രമാണ്. അതിനു മുമ്പ്, വർഷങ്ങളോളം, അവരുടെ ഗതി നാശത്തിലേയ്ക്കാണ് നയിക്കുന്നതെന്ന് ദൈവം തന്റെ പ്രവാചകൻമാരിലൂടെ ആ വിശ്വാസത്യാഗികളായ ജനത്തിന് മുന്നറിയിപ്പു കൊടുത്തിട്ടുണ്ടായിരുന്നു. “നിങ്ങളുടെ വഷളായ വഴികളിൽ നിന്നു പിന്തിരിയുക, പിന്തിരിയുക, എന്തെന്നാൽ നിങ്ങൾ മരിക്കുന്നതെന്തിന്?” എന്നായിരുന്നു അവരോടുളള ദൈവത്തിന്റെ ആഹ്വാനം. (യെഹെസ്ക്കേൽ 33:11) ഭൂരിപക്ഷവും ആ മുന്നറിയിപ്പിൽ വിശ്വസിച്ചില്ല. ബാബിലോന്യ സൈന്യം യെരൂശലേമിനെ ഉപരോധിച്ചപ്പോൾപോലും നാശം വരികയില്ല എന്ന് ആ യിസ്രായേല്യർ പ്രത്യാശിച്ചുകൊണ്ടിരുന്നു. എന്നാൽ മുൻകൂട്ടിപ്പറയപ്പെട്ടതുപോലെതന്നെ അതു സംഭവിച്ചു. എന്നാൽ അനുസരണത്താൽ തങ്ങളുടെ വിശ്വാസം പ്രകടമാക്കിയവർ സംരക്ഷിക്കപ്പെടുവാൻ ദൈവം ശ്രദ്ധിച്ചു.—യിരെമ്യാവ് 39:15-18; സെഫന്യാവ് 2:2, 3.
8-10. (എ) നോഹയുടെ നാളുകളിൽ യഹോവ ഒരു ലോകനാശം വരുത്തിയതെന്തുകൊണ്ട്? (ബി) നോഹയും അവന്റെ കുടുംബവും രക്ഷിക്കപ്പെട്ടതെന്തുകൊണ്ട്?
8 മാനുഷ ചരിത്രത്തിൽ കുറേക്കൂടെ മുമ്പ്, അതിജീവനത്തിന്റെ ദിവ്യമാതൃകയുടെ ഏററം നേരത്തെയുളളപ്രകടനം നാം കാണുന്നു. അതിൽ ഒരു ദേശീയ നാശമല്ല. പിന്നെയോ ഒരു ലോകനാശമാണ് ഉൾപ്പെട്ടിരുന്നത്. പൊ. യു. മു. 2370⁄2369 വർഷങ്ങളിലെ, നോഹയുടെ നാളിലെ ആഗോള പ്രളയം ഉൾപ്പെട്ട ആ സംഭവവും ഒരു ചരിത്ര വസ്തുതയാണ്. ആ നാശത്തിനു മുമ്പുണ്ടായിരുന്ന അവസ്ഥകളെക്കുറിച്ച് ബൈബിൾ പറയുന്നു: “തൽഫലമായി ഭൂമിയിൽ മമനുഷ്യന്റെ വഷളത്തം ബഹുലമാണെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ ഓരോ ചായ്വും എല്ലായ്പ്പോഴും വഷളാണെന്നും യഹോവ കണ്ടു. ഭൂമി സത്യദൈവത്തിന്റെ കാഴ്ചയിൽ പാഴാകാനിടയായി, ഭൂമി അക്രമം കൊണ്ടു നിറഞ്ഞു.”—ഉല്പത്തി 6:5, 11.
9 ദുഷ്ടതയും അക്രമവും ദൈവത്തിന് പ്രവർത്തിക്കാൻ കടപ്പാടു വരുത്തി. നോഹയും അവന്റെ കുടുംബവും മാത്രമേ വിശ്വാസവും അനുസരണവും പ്രകടമാക്കിയുളളു. അവരോടുളള കരുണയാലും, ഭൂമിയിൽ ന്യായവും നീതിയും കാത്തുസൂക്ഷിക്കാനും, യഹോവയാം ദൈവം, “ഭക്തികെട്ട ജനങ്ങളുടെ . . . ഒരു പുരാതന ലോകത്തെ ശിക്ഷിക്കുന്നതിൽ നിന്ന് പിൻമാറി നിന്നില്ല.” “ആ കാലത്തെ ലോകം അതു വെളളത്തിൽ ആഴ്ത്തപ്പെട്ടപ്പോൾ നാശമനുഭവിച്ചു” എന്നതായിരുന്നു ഫലം.—2 പത്രോസ് 2:5; 3:5-7.
10 എന്നിരുന്നാലും നോഹയും അവന്റെ കുടുംബവും അതിജീവിച്ചു. എന്തുകൊണ്ട്? ഒന്നാമത് അവർ ആ “ഭക്തികെട്ട ജനങ്ങളുടെ ലോക”ത്തിന്റെ അനീതിയിൽ അവരോടു ചേർന്നുപോയില്ല. അവർ ദൈവേഷ്ടം സംബന്ധിച്ച് വേദകത്വമില്ലാത്തവരോ അവന്റെ മുന്നറിയിപ്പ് സംബന്ധിച്ച് അശ്രദ്ധരോ ആയി തീരാൻ തക്കവണ്ണം തീററി, കുടി, വിവാഹം എന്നിങ്ങനെയുളള സാധാരണ ജീവിതകാര്യങ്ങളിൽ മുഴുകിപ്പോകാൻ ഇടയായില്ല. നോഹ നീതിയിൽ ‘ദൈവത്തോടുകൂടെ നടന്നു.’ ഇത് അവനും കുടുംബവും തിൻമചെയ്യുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക മാത്രം ചെയ്തു എന്നർത്ഥമാക്കിയില്ല. മറിച്ച് നൻമ ചെയ്യുന്നതിൽ അവർ ക്രിയാത്മകമായ നടപടി സ്വീകരിച്ചു. ദൈവം പറഞ്ഞത് അവർ വാസ്തവത്തിൽ വിശ്വസിക്കുകയും, നാനൂറ് അടിയിലേറെ നീളവും മൂന്നു നിലകളുളളതുമായ ഒരു പെട്ടകം പണിയുക വഴി അതു പ്രകടമാക്കുകയും ചെയ്തു. മററുളളവരോട് ദൈവോദ്ദേശ്യങ്ങളെപ്പററിപ്പറയുകയും നീതിമാർഗ്ഗത്തിനുവേണ്ടി വാദിക്കുകയും ചെയ്യുന്ന ഒരു “നീതിപ്രസംഗി”യായിരിക്കുകയും ചെയ്തുകൊണ്ട് നോഹ ക്രിയാത്മകമായി പ്രവർത്തിച്ചു.—ഉല്പത്തി 6:9, 13-16; മത്തായി 24:37-39; എബ്രായർ 11:7.
11. മുന്നറിയിപ്പിന്റേതായ ഈ ദൃഷ്ടാന്തങ്ങളാൽ സൂചിപ്പിക്കപ്പെടുന്നതുപോലെ വരുവാനുളള ലോകനാശത്തെ അതിജീവിക്കണമെങ്കിൽ നാം എന്തു ചെയ്യണം?
11 ഈ എട്ടുപേർ അവരുടെ വിശ്വാസവും വിശ്വാസത്തിൽ നിന്നുളവാകുന്ന പ്രവൃത്തികളും നിമിത്തം അതിജീവിച്ചു. യേശുവും അവന്റെ അപ്പോസ്തലൻമാരും ആ ലോകനാശത്തെ ഈ “അന്ത്യകാലത്ത്” ആളുകളെ അഭിമുഖീകരിക്കുന്ന ഒന്നിന്റെ പ്രാവചനിക മാതൃക എന്ന നിലയിൽ പരാമർശിച്ചിരിക്കുന്നു. അതുകൊണ്ട് നോഹയും അവന്റെ കുടുംബവും ചെയ്തതുപോലെ നാശത്തിനു വിധിക്കപ്പെട്ടിരിക്കുന്ന ലോകത്തിൽ നിന്ന് നാമും നമ്മെത്തന്നെ വേർപെടുത്തേണ്ടതാണ് എന്നത് വ്യക്തമാണ്. നാമും ദൈവേഷ്ടത്തോടു യോജിപ്പിൽ ജീവിക്കണം. നമുക്ക് നമ്മുടെ സ്വന്തം നിലവാരങ്ങളാൽ തന്നെ നയിക്കപ്പെടുന്നതിനും അതിജീവിക്കാൻ പ്രതീക്ഷിക്കുന്നതിനും സാദ്ധ്യമല്ല. ദൈവവചനം പറയുന്നു: “ഒരു മമനുഷ്യന്റെ മുമ്പാകെ നേരായ ഒരു വഴി സ്ഥിതി ചെയ്യുന്നു, എന്നാൽ മരണവഴികളാണ് പിന്നീട് അതിന്റെ അന്ത്യം.” (സദൃശവാക്യങ്ങൾ 16:25) നീതിയുടെ ബാഹ്യമായ എന്തെങ്കിലും ഭാവവും അതിജീവനം കൈവരുത്തുകയില്ല. എന്തുകൊണ്ടെന്നാൽ ഹൃദയത്തിലുളളത് എന്താണെന്ന് യഹോവയാം ദൈവം കാണുന്നു.—സദൃശവാക്യങ്ങൾ 24:12; ലൂക്കോസ് 16:15.
യഹോവ മനുഷ്യഹൃദയങ്ങളിൽ നോക്കുന്നത്
12, 13. (എ) എന്തു സാഹചര്യങ്ങൾ അനേകം ആളുകൾ ഒരു മാററം ആഗ്രഹിക്കാനിടയാക്കുന്നു? (ബി) ദൈവത്തിന്റെ നൂതനക്രമത്തിലേക്കുളള അവരുടെ അതിജീവനത്തിന് ഉറപ്പു നൽകാൻ ഇതു മതിയാകാത്തതെന്തുകൊണ്ട്? (സി) അതിജീവകരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതിന് ഇന്നത്തെ ദുരവസ്ഥകളിലുളള ദുഃഖത്തിന് നമ്മെ പ്രേരിപ്പിക്കേണ്ടതെന്ത്?
12 ഇന്നത്തെ അവസ്ഥകളിൽ അനേകരും അസന്തുഷ്ടരാണ്. പരാതികളാലും പ്രകടനങ്ങളാലും ചില രാജ്യങ്ങളിൽ അക്രമാസക്തമായ വിപ്ലവങ്ങളാലും അവർ അതു കാണിക്കുകയും ചെയ്യുന്നു. അനേകർ, ഉയർന്ന നികുതിയിലും കുതിച്ചുയരുന്ന ജീവിതച്ചെലവിലും നീരസപ്പെടുന്നു. അവർ കുററകൃത്യത്തിന്റെ അപകടം സംബന്ധിച്ച് വിലപിക്കുന്നു. ഭയം അവർ ഒരു മാററം ആഗ്രഹിക്കാൻ ഇടയാക്കുന്നു. എന്നാൽ ഇത് ദൈവത്തിന്റെ നൂതന ക്രമത്തിലേയ്ക്കുളള അവരുടെ അതിജീവനത്തിന് ഉറപ്പുനൽകാൻ മതിയാകുമോ? ഇല്ല. ഇതു മതിയാകയില്ല. എന്തുകൊണ്ടില്ല?
13 എന്തുകൊണ്ടെന്നാൽ ഒരുവൻ ഈ അവസ്ഥകളിൽ അസന്തുഷ്ടനായിരിക്കുമ്പോൾ തന്നെ സ്വാർത്ഥമതിയായിരിക്കാം. അയാൾക്കുതന്നെ നഷ്ടം സംഭവിക്കാത്തിടത്തോളം കാലം അയാൾ ചില രൂപത്തിലുളള വഞ്ചനയെയും ദുർമ്മാർഗ്ഗത്തെയും അംഗീകരിക്കുകപോലും ചെയ്തേക്കാം. എന്നാൽ നീതിഹൃദയമുളള ആളുകൾ കാര്യങ്ങൾ വ്യത്യസ്തമായി കാണുന്നു. ബൈബിൾ പഠിക്കുമ്പോൾ, ഈ ദുഷിച്ച അവസ്ഥകൾ, ലോകത്തെ ബാധിച്ചിരിക്കുന്ന യഥാർത്ഥരോഗത്തിന്റെ ബാഹ്യലക്ഷണങ്ങൾ മാത്രമാണെന്ന് അവർക്ക് മനസ്സിലാകുന്നു. ഈ ബാഹ്യ ലക്ഷണങ്ങൾക്കു പിന്നിലുളളത് യഹോവയുടെ ഇഷ്ടം അറിയുകയും അവന്റെ നീതിയുളള നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കുകയും ചെയ്യാനുളള താല്പര്യത്തിന്റെ അഭാവമാണെന്ന് അവർ തിരിച്ചറിയുന്നു. അതുകൊണ്ട് സാമൂഹ്യ അനീതി, കുററകൃത്യം, മലിനീകരണം അല്ലെങ്കിൽ യുദ്ധഭീഷണി എന്നിവയാലല്ല അവർ മുഖ്യമായി ദുഃഖിതരായിരിക്കുന്നത്. മറിച്ച് മനുഷ്യവർഗ്ഗത്തിന്റെ ദുഷിച്ച ഗതിയാൽ ദൈവനാമം അപകീർത്തിപ്പെടുന്നതിൽ അത്തരം നീതിഹൃദയമുളളവർ വിശേഷാൽ ദുഃഖിതരാണ്. തൽഫലമായി തങ്ങൾ മാത്രമല്ല മററുളളവരും വളരെയധികം കഷ്ടപ്പെടുന്നതിൽ അവർ ദുഃഖിക്കുന്നു.
14. ബാബിലോനാലുളള യെരൂശലേമിന്റെ നാശത്തിന്റെ സമയത്ത് അതിജീവനത്തിനുവേണ്ടി ‘അടയാളമിടപ്പെട്ടവർ’ ആരായിരുന്നു?
14 വരാനിരിക്കുന്ന ലോകനാശത്തെ അതിജീവിക്കുന്നതിന് നാം പൊ. യു. മു. 607-ൽ ബാബിലോൻ യെരൂശലേമിനെ നശിപ്പിച്ചപ്പോൾ സംരക്ഷിക്കപ്പെട്ടവരെപ്പോലെ, ആ നഗരത്തിൽ ചെയ്യപ്പെട്ടുകൊണ്ടിരുന്ന “സകല മ്ലേച്ഛതകളും നിമിത്തം നെടുവീർപ്പിട്ടു കരയുന്നവരായി” വർണ്ണിക്കപ്പെട്ടവരേപ്പോലെ, ആയിരിക്കേണ്ടതാണ്. (യെഹെസ്ക്കേൽ 9:4) അവസ്ഥകൾ പലവിധത്തിലും “വെറുക്കത്തക്കതാ”യിരുന്നു. ഉദാഹരണത്തിന്, ദരിദ്രർ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു, ചിലർ തങ്ങളുടെ സ്വന്ത ദേശക്കാരാൽ നിയമവിരുദ്ധമായി അടിമത്തത്തിൽ വെക്കപ്പെടുകപോലും ചെയ്തിരുന്നു. (യിരെമ്യാവ് 34:13-16) യഹൂദ രാജ്യത്തിന്റെ ധാർമ്മികാവസ്ഥ വടക്കേ രാജ്യമായ യിസ്രായേലിന്റേതിനേക്കാൾ മോശമായിത്തീർന്നിരുന്നു. അതിനെ ഹോശേയാ പ്രവാചകൻ മുമ്പേ തന്നെ ഇങ്ങനെ വർണ്ണിച്ചിരുന്നു: “ശാപോച്ചാരണവും വഞ്ചന പ്രയോഗിക്കലും കൊലപാതകവും മോഷണവുമുണ്ട്. . . . രക്തച്ചൊരിച്ചിലിന്റെ പ്രവൃത്തികൾ മററ് രക്തച്ചൊരിച്ചിലിന്റെ പ്രവൃത്തികളെ സ്പർശിച്ചിരിക്കുന്നു.” (ഹോശേയാ 4:2; യെഹെസ്ക്കേൽ 16:2, 51) അങ്ങനെയുളള അനീതിയും അതു ദൈവത്തോടു പ്രകടമാക്കിയ അനാദരവും നിമിത്തം ഹൃദയത്തിൽ ദുഃഖം തോന്നിയവർ മാത്രമേ അതിജീവനത്തിനുവേണ്ടി ‘അടയാളമിടപ്പെട്ടുളളു.’—യെഹെസ്ക്കേൽ 9:3-6.
15. വരുവാനുളള ലോകനാശത്തിലെ അതിജീവകരായിരിക്കുന്നതിന് ആവശ്യമായിരിക്കുന്ന മാററങ്ങൾ വരുത്തുന്നതിൽ നിന്ന് ചിലയാളുകളെ പിൻമാററി നിർത്തുന്നതെന്ത്?
15 ഇന്ന് ധാരാളം ആളുകൾ സമാധാനത്തിലും സമൃദ്ധിയിലും സുഖകരമായ അവസ്ഥകളിലും ഭൂമിയിൽ എന്നേയ്ക്കും ജീവിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ശരിയായ ജീവിതത്തിനുളള ബൈബിൾ മാതൃക പഠിക്കുന്നതിനാലും, അതനുസരിക്കുന്നതിനാലും തങ്ങളുടെ ജീവിതരീതിയിൽ മാററം വരുത്താൻ അവർ ആഗ്രഹിക്കുന്നില്ല. ഉളളിന്റെ ഉളളിൽ അവർക്ക് വാസ്തവത്തിൽ നീതിസ്നേഹമോ സഹമനുഷ്യരോട് ആത്മാർത്ഥമായ പരിഗണനയോ ഇല്ല. ദൈവത്തിന്റെ പുതിയ വ്യവസ്ഥിതി “നീതിവസിക്കാനിരിക്കുന്ന” ഒരു പുതിയ ജനസമൂഹത്തെ ഉളവാക്കും എന്നതിനാൽ അതിനെ സംബന്ധിച്ചുളള സുവാർത്ത നീതിസ്നേഹികൾക്കു മാത്രമേ ആകർഷകമായിരിക്കുന്നുളളു. മററുളളവർ അതിനാൽ കുററം വിധിക്കപ്പെട്ടവരായി വിചാരിക്കുന്നു.—2 പത്രോസ് 3:13; 2 കൊരിന്ത്യർ 2:14-17.
നിങ്ങൾക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്നത്
16-18. (എ) ഒരു വ്യക്തി അതിജീവനത്തിനുവേണ്ടി ‘അടയാളമിടപ്പെട്ട’വനായിത്തീരുന്നതെങ്ങനെ? (ബി) അതുകൊണ്ട് ആദ്യം വ്യാജാരാധന സംബന്ധിച്ചും പിന്നീട് സത്യാരാധന സംബന്ധിച്ചും അയാൾ എന്തു നടപടി സ്വീകരിക്കണം? (സി) യു. എൻ. പോലുളള രാഷ്ട്രീയ സ്ഥാപനങ്ങളെ അയാൾ എങ്ങനെ വീക്ഷിക്കണം?
16 തന്റെ നീതിയുളള ഭരണത്തിൻ കീഴിൽ ജീവിക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരെ മാത്രമേ യഹോവ സംരക്ഷിക്കുകയുളളു. അപ്പോൾ തങ്ങൾ ആഗ്രഹിക്കാത്ത സാഹചര്യങ്ങളിൽ ജീവിക്കാൻ അവൻ ആരെയും നിർബ്ബന്ധിക്കുകയില്ല. അതുകൊണ്ട് സംരക്ഷിക്കപ്പെടുന്നവർ ഇപ്പോൾതന്നെ അവന്റെ ദിവ്യഭരണത്തെ ആത്മാർത്ഥമായി അംഗീകരിക്കുന്നു എന്നു തെളിയിക്കേണ്ടതുണ്ട്. ക്രിസ്തീയമായ ഒരു “പുതിയ വ്യക്തിത്വം” ധരിക്കുന്നതിനാലും തങ്ങളുടെ ജീവിതത്തെ ദൈവത്തിന്റെ വഴികളോട് ചേർച്ചയിൽ കൊണ്ടുവരുന്നതിനാലും തങ്ങൾ ദൈവപുത്രന്റെ ശിഷ്യൻമാരാണെന്ന് തെളിവു നൽകുന്നതിനാലും അവർ അതിജീവനത്തിനുവേണ്ടി ‘അടയാളമിടപ്പെടുന്നു.’ അതുവഴി അവർ “ജീവൻ തെരഞ്ഞെടുക്കുന്നു,” അനുഗ്രഹങ്ങളും, മരണമല്ല. (കൊലോസ്യർ 3:5-10; ആവർത്തനം 30:15, 16, 19) നിങ്ങൾ എന്തു തെരഞ്ഞെടുക്കും?
17 നിങ്ങളുടെ തെരഞ്ഞെടുപ്പിൽ ആരാധനയുടെ സംഗതിയിൽ ദൈവത്തോടുളള കീഴ്പ്പെടൽ ഉൾപ്പെട്ടിരിക്കുന്നു. യേശു പറഞ്ഞു: “സത്യാരാധകർ പിതാവിനെ ആത്മാവോടും സത്യത്തോടും കൂടെ ആരാധിക്കുന്ന നാഴികവരുന്നു, ഇപ്പോൾ വന്നുമിരിക്കുന്നു. എന്തുകൊണ്ടെന്നാൽ, തീർച്ചയായും, പിതാവ് തന്നെ ആരാധിക്കാൻ അങ്ങനെയുളളവരെ തെരഞ്ഞുകൊണ്ടിരിക്കുകയാണ്.” (യോഹന്നാൻ 4:23) അതുകൊണ്ട് വരാനിരിക്കുന്ന ലോകനാശത്തിലെ അതിജീവനം നാം സകല വ്യാജാരാധനയും ഉപേക്ഷിക്കുന്നതും സത്യാരാധനയിൽ പങ്കെടുക്കുന്നതും ആവശ്യമാക്കിത്തീർക്കുന്നു. കൂടാതെ ഐക്യരാഷ്ട്രങ്ങളിലോ മററു രാഷ്ട്രീയ സ്ഥാപനങ്ങളിലോ പ്രത്യാശ വയ്ക്കുന്നവർക്കിടയിൽ അതിജീവകർ ഉണ്ടായിരിക്കുകയില്ല, കാരണം അവയും നശിപ്പിക്കപ്പെടാനുളള ലോകത്തിന്റെ ഭാഗമാണ്.—വെളിപ്പാട് 17:11; 18:17-21.
18 അതിജീവനത്തിലേയ്ക്കു നയിക്കുന്ന ഗതി സ്വീകരിച്ചിരിക്കുന്നവരെ അന്തമില്ലാത്ത അനുഗ്രഹങ്ങൾ കാത്തിരിക്കുന്നു. തന്റെ വചനത്തിൽ വിശ്വാസമർപ്പിക്കുകയും ആ വിശ്വാസത്തെ ക്രിയാത്മകമായ നടപടിയാൽ തെളിയിക്കുകയും ചെയ്യുന്നവർക്കുവേണ്ടി ദൈവം വാഗ്ദത്തം ചെയ്യുന്ന മഹത്തായ കാര്യങ്ങളിൽ ചിലത് ഇപ്പോൾ പരിചിന്തിക്കുക.
[അധ്യയന ചോദ്യങ്ങൾ]
[87-ാം പേജിലെ ചിത്രം]
ഭൂമിയിൽ, ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിൽ ജീവിക്കാൻ തക്കവണ്ണം “ഒരു മഹാപുരുഷാരം” ലോകനാശത്തെ അതിജീവിക്കും