ജീവന്റെ ദാനത്തോടുളള ആദരവ്
അധ്യായം 14
ജീവന്റെ ദാനത്തോടുളള ആദരവ്
1, 2. ജീവന്റെ ദാനത്തോട് നാം അഗാധമായ ആദരവ് പ്രകടിപ്പിക്കേണ്ടതെന്തുകൊണ്ട്?
ജീവന്റെ ദാനത്തോടുളള അഗാധമായ ആദരവ് യഥാർത്ഥ സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ഒരു അടിസ്ഥാനമാണ്. എന്നാൽ ഇന്ന് ജീവനോടുളള അത്തരം ആദരവിന്റെ പരിതാപകരമായ അഭാവമുണ്ട്. ജീവൻ എടുത്തു കളയുന്നതിൽ മനുഷ്യർ വിദഗ്ദ്ധരായിത്തീർന്നിരിക്കുന്നു. എന്നാൽ ഒരിക്കൽ ജീവൻ പോയിക്കഴിഞ്ഞാൽ അതു പുനഃസ്ഥിതീകരിക്കാൻ യാതൊരു മനുഷ്യനും കഴിയുകയില്ല.
2 ജീവനോടുളള ആദരവ് ജീവന്റെ ദാതാവായ യഹോവയാം ദൈവത്തോടുളള ഒരു പാവനമായ കടപ്പാടാണ്. അവനെ സംബന്ധിച്ച് സങ്കീർത്തനക്കാരൻ പറഞ്ഞു: “നിന്റെ പക്കൽ ജീവന്റെ ഉറവുണ്ട്.” (സങ്കീർത്തനം 36:9) അവൻ മനുഷ്യനെ സൃഷ്ടിച്ചതുകൊണ്ടു മാത്രമല്ല പിന്നെയോ മനുഷ്യവർഗ്ഗം ഈ നാൾവരെ തുടരാൻ അനുവദിച്ചതിനാലും ജീവൻ നിലനിർത്താൻ ആവശ്യമായതെല്ലാം പ്രദാനം ചെയ്തിരിക്കുന്നതിനാലും നാം നമ്മുടെ ജീവന് ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. (പ്രവൃത്തികൾ 14:16, 17) അതിൽപരമായി അവൻ തന്റെ പുത്രൻ സ്വന്തം ജീവരക്തത്താൽ മനുഷ്യവർഗ്ഗത്തെ വിലയ്ക്കു വാങ്ങിക്കൊണ്ട് അതിന്റെ പുന ക്രേതാവ് അഥവാ വീണ്ടെടുപ്പുകാരനായിത്തീരാൻ ക്രമീകരണം ചെയ്തു. (റോമർ 5:6-8; എഫേസ്യർ 1:7) അതിന്റെ ഫലമായി അതിനെ സ്വീകരിക്കുന്ന ഏവർക്കും അവൻ ഇപ്പോൾ തന്റെ നീതിയുളള നൂതനക്രമത്തിൽ നിത്യകാലം ജീവിക്കുന്നതിനുളള അവസരം വച്ചു നീട്ടുന്നു. ഇതിന്റെയെല്ലാം വീക്ഷണത്തിൽ ജീവന്റെ ദൈവിക ദാനത്തോട് നമുക്ക് എങ്ങനെ ആഴമായ ആദരവും വിലമതിപ്പും പ്രകടമാക്കാൻ കഴിയും?
3. ഒരുവൻ വിനോദത്തിനുവേണ്ടി അക്രമത്തെ വീക്ഷിക്കുന്നത് ജീവിനോടുളള അവന്റെ മനോഭാവത്തെ ബാധിക്കുന്നതെങ്ങനെ?
3 ഒരു സംഗതി, ജീവനോട് ആദരവ് പ്രകടിപ്പിക്കുന്ന കാര്യത്തിൽ നാം ഗൗരവമുളളവരാണെങ്കിൽ, വെറും വിനോദത്തിനുവേണ്ടി അക്രമത്തെ മുഖ്യമായി ചിത്രീകരിക്കുന്ന പരിപാടികളെക്കൊണ്ട് മനസ്സുപോഷിപ്പിക്കുന്നവരോട് നാം ചേരുകയില്ല. അക്രമത്തെ “വിനോദമായി” സ്വീകരിക്കുന്നത് അനേകർ മാനുഷ ദുരിതത്തോടും ജീവനാശത്തോടും കഠിനരും അനുകമ്പയില്ലാത്തവരുമായിത്തീരാനിടയാക്കിയിരിക്കുന്നു. എന്നാൽ ദൈവത്തിന്റെ നൻമയ്ക്കും അവൻ നൽകുന്ന പ്രത്യാശയ്ക്കുംവേണ്ടി നാം നന്ദിയുളളവരാണെങ്കിൽ നാം അങ്ങനെയുളള ആത്മാവിനോട് ചെറുത്തു നിൽക്കും. ദൈവത്തിൽ നിന്നുളള ഒരു ദാനമെന്നനിലയിൽ ജീവനോടുളള വിലമതിപ്പ് നാം വളർത്തും. ഇതു നാം നമ്മുടെ സ്വന്തം ജീവിതത്തെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെയും, നാം മററുളള ആളുകളോട് എങ്ങനെ പെരുമാറുന്നു എന്നതിനെയും, ഇതുവരെയും ജനിച്ചിട്ടില്ലാത്തവരെ നാം എങ്ങനെ വീക്ഷിക്കുന്നു എന്നതിനെയും പോലും ബാധിക്കും.
ജനിക്കാത്തവരുടെ ജീവനെ ആദരിക്കൽ
4. (എ) ജീവൻ എപ്പോഴാണ് ഒരുവന്റെ സന്താനത്തിലേക്ക് കൈമാറപ്പെടുന്നത്? (ബി) ദൈവം ജനനത്തിനു മുമ്പുതന്നെയുളള മാനുഷജീവനിൽ തല്പരനാണോയെന്ന് എന്തു പ്രകടമാക്കുന്നു?
4 ജീവൻ കൈമാറിക്കൊടുക്കാനുളള ശക്തി ദിവ്യദത്തമായ ഒരു വലിയ പദവിയാണ്. ആ ജീവൻ കൈമാറപ്പെടുന്നത് ജനന സമയത്തല്ല, പിന്നെയോ ഗർഭധാരണസമയത്താണ്. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പ്രസ്താവിക്കുന്നതുപോലെ അപ്പോഴാണ് “ഒരു വ്യത്യസ്ത ജീവശാസ്ത്ര അസ്തിത്വമെന്നനിലയിൽ വ്യക്തിയുടെ ജീവചരിത്രം തുടങ്ങുന്നത്.” അതിങ്ങനെ കൂട്ടിച്ചേർക്കുന്നു: “സജീവമായ ഒരു പുരുഷബീജത്തിന്റെ ഘടകങ്ങൾ ഒരു സമ്പുഷ്ടമായ സ്ത്രീ ബീജത്തിന്റെ അല്ലെങ്കിൽ അണ്ഡത്തിന്റെ ഘടകങ്ങളുമായി സംയോജിക്കുമ്പോൾ ഒരു പുതിയ വ്യക്തി സൃഷ്ടിക്കപ്പെടുന്നു.”60 അതുപോലെ ഒരു വ്യക്തിയിലുളള ദൈവത്തിന്റെ താല്പര്യം ജനനത്തിന് മുമ്പുതന്നെ ആരംഭിക്കുന്നു. സങ്കീർത്തനക്കാരനായ ദാവീദ് ദൈവത്തോട് ഇങ്ങനെ പറഞ്ഞുകൊണ്ട് എഴുതി: “നീ എന്നെ എന്റെ അമ്മയുടെ ഉദരത്തിൽ മറച്ചു സൂക്ഷിച്ചു. . . . നിന്റെ കണ്ണുകൾ എന്റെ ഭ്രൂണത്തെപ്പോലും കണ്ടു, നിന്റെ പുസ്തകത്തിൽ അതിന്റെ സകല ഭാഗങ്ങളും എഴുതപ്പെട്ടിരുന്നു.”—സങ്കീർത്തനം 139:13-16; സഭാപ്രസംഗി 11:5.
5. ഗർഭച്ഛിദ്രത്തെ ന്യായീകരിക്കാനുളള ശ്രമത്തിൽ ഉന്നയിക്കപ്പെടുന്ന വാദങ്ങൾ ഈടുററവയല്ലാത്തതെന്തുകൊണ്ട്?
5 ഓരോ വർഷവും ദശലക്ഷക്കണക്കിന് അജാത ശിശുക്കളുടെ ജീവൻ ഗർഭച്ഛിദ്രത്താൽ മനഃപൂർവ്വം അവസാനിപ്പിക്കപ്പെടുന്നു. ഇതു ധാർമ്മികമായി ശരിയാണോ? അജാത ശിശുവിന് ജീവനെ സംബന്ധിച്ച് ബോധമില്ലെന്നും ഗർഭാശയത്തിന് പുറത്ത് ആസ്തിക്യത്തിലിരിക്കുക അസാദ്ധ്യമാണെന്നും ചിലർ വാദിക്കുന്നു. എന്നാൽ ഒരു നവജാതശിശുവിനെ സംബന്ധിച്ചും അടിസ്ഥാനപരമായി ഇതു സത്യമാണ്. ജനന സമയത്ത് അതിന് ജീവന്റെ അർത്ഥത്തെക്കുറിച്ച് ഗ്രാഹ്യമില്ല, നിരന്തരപരിചരണം കൂടാതെ ആസ്തിക്യത്തിൽ തുടരാനും സാദ്ധ്യമല്ല. ഗർഭധാരണസമയത്ത് രൂപം കൊളളുന്ന ജീവകോശത്തിന് പ്രതിബന്ധമൊന്നും നേരിടുന്നില്ലെങ്കിൽ അത് അത്തരമൊരു ശിശുവായിത്തീരുന്നു. അതുകൊണ്ട് ഒരു നവജാതശിശുവിന്റെ ജീവൻ നശിപ്പിക്കുന്നത് മിക്കവാറും എല്ലായിടത്തും ഒരു കുററകൃത്യമായി വീക്ഷിക്കപ്പെടുന്നുവെങ്കിൽ, അകാലത്തിൽ ജനിക്കുന്ന ശിശുക്കളെ രക്ഷപ്പെടുത്തുന്നതിന് വലിയ ശ്രമം ചെയ്യപ്പെടുന്നെങ്കിൽ, ഒരു അജാത ശിശുവിന്റെ ജീവൻ നശിപ്പിക്കുന്നത് ഒരു കുററകൃത്യമല്ലേ? ഗർഭാശയം വിട്ടശേഷം മാത്രം ജീവനെ പവിത്രമായി വീക്ഷിക്കുന്നതും ഗർഭാശയത്തിനുളളിലായിരിക്കുമ്പോൾ അങ്ങനെ വീക്ഷിക്കാതിരിക്കുന്നതും എന്തിന്?
6. ജനിച്ചിട്ടില്ലാത്ത ഒരു ശിശുവിന്റെ ജീവനെ മനഃപൂർവ്വം നശിപ്പിക്കുന്നതു സംബന്ധിച്ചുളള ദൈവത്തിന്റെ വീക്ഷണത്തെ ബൈബിൾ പ്രകടമാക്കുന്നതെങ്ങനെ?
6 പ്രധാനപ്പെട്ട സംഗതി മനുഷ്യർ കാര്യങ്ങളെ എങ്ങനെ വീക്ഷിക്കുന്നു എന്നതു മാത്രമല്ല, പിന്നെയോ, ജീവദാതാവായ ദൈവം എന്തു പറയുന്നു എന്നതാണ്. യഹോവയാം ദൈവത്തിന് അജാത ശിശുവിന്റെ ജീവൻ വിലപ്പെട്ടതാണ്, നിസ്സാരമായി കരുതേണ്ടതല്ല. വിശേഷാൽ ആ ജീവനെ സംരക്ഷിക്കുന്നതിന് അവൻ പുരാതന യിസ്രായേല്യർക്ക് ഒരു നിയമം നൽകി. രണ്ടു പുരുഷൻമാർ തമ്മിലുളള ഒരു ശണ്ഠയിൽ ഒരു ഗർഭിണിക്കു പരിക്കേൽക്കുകയോ ഗർഭമലസൽ നടക്കുകയോ ചെയ്താൽ ഈ നിയമം കർശനമായ ശിക്ഷകൾ ഏർപ്പെടുത്തി. (പുറപ്പാട് 21:22, 23) ഒരു അജാത ശിശുവിന്റെ ജീവൻ മനഃപൂർവ്വം നശിപ്പിക്കുന്നത് അതിലും ഗുരുതരമായിരിക്കും. ദൈവനിയമമനുസരിച്ച് മാനുഷ ജീവനെ മനഃപൂർവ്വം നശിപ്പിക്കുന്നവനൊക്കെയും ഒരു കൊലപാതകിയെന്നനിലയിൽ മരണത്തിന് വിധിക്കപ്പെടേണ്ടിയിരുന്നു. (സംഖ്യാപുസ്തകം 35:30, 31) ദൈവം ഇപ്പോൾ ജീവനെ സംബന്ധിച്ച് അതേ ആദരവ് നിലനിർത്തുന്നു.
7. ജനിച്ചിട്ടില്ലാത്ത ശിശുവിന്റെ ജീവൻ സംബന്ധിച്ച ദൈവേഷ്ടത്തെ നാം മാനിക്കുമ്പോൾ നാം എന്തിനെതിരായി സംരക്ഷിക്കപ്പെടുന്നു?
7 അജാത ശിശുവിന്റെ ജീവനെ സംബന്ധിച്ച ദൈവേഷ്ടത്തോടുളള അഗാധമായ ആദരവ് യഥാർത്ഥ പ്രയോജനം കൈവരുത്തുന്നു. ആ ജീവൻ സംബന്ധിച്ച് മാതാപിതാക്കളെ പൂർണ്ണമായും ഉത്തരവാദികളാക്കുക വഴി അവൻ സകല ദുഷ്ഫലങ്ങളും സഹിതമുളള ലൈംഗിക ക്രമരാഹിത്യത്തിന് ഒരു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. അവയിൽ ലൈംഗികമായ ബന്ധങ്ങളിലൂടെ പരക്കുന്ന രോഗങ്ങൾ, വേണ്ടാത്ത ഗർഭധാരണങ്ങൾ, ജാരസന്തതികൾ, തകർന്ന കുടുംബങ്ങൾ, ഒരു അശുദ്ധ മനസ്സാക്ഷിയുടെ മാനസികായാസം എന്നിവ ഉൾപ്പെടുന്നു. അങ്ങനെ ജീവനോടുളള ആദരവിന് ഇപ്പോൾ കുടുംബ സമാധാനത്തിന് സംഭാവന ചെയ്യുന്നതിന് കഴിയും, അത് നാം ഭാവി അനുഗ്രഹങ്ങൾ നേടുന്നതിൽ ഒരു സുപ്രധാന ഘടകവുമാണ്.
നിങ്ങളുടെ സ്വന്തം ജീവനോടുളള ആദരവ്
8. നാം നമ്മുടെ സ്വന്തം ശരീരത്തോട് പെരുമാറുന്ന വിധത്തിൽ നാം ദൈവേഷ്ടത്തോട് ആദരവ് പ്രകടിപ്പിക്കേണ്ടതെന്തുകൊണ്ട്?
8 നമ്മുടെ സ്വന്തം ജീവനോട് നാം പെരുമാറുന്ന വിധം സംബന്ധിച്ചെന്ത്? അനേകം ആളുകൾ പറയുന്നു: “ഞാൻ ജനിക്കാനിഷ്ടപ്പെട്ടില്ല, അതുകൊണ്ട് ഞാൻ എന്റെ ജീവൻ കൊണ്ട് എന്തു ചെയ്യുന്നു എന്നത് എന്റെ കാര്യമാണ്. ഞാൻ എനിക്കിഷ്ടമുളളത് എന്തും ചെയ്യും.” എന്നാൽ ഒരു ദാനത്തെ വിലമതിക്കുന്നതിന് അതു ലഭിക്കുന്നയാൾ അതിനുവേണ്ടി അപേക്ഷിച്ചിരിക്കണമെന്നുണ്ടോ? ജീവൻതന്നെ, അനിഷേധ്യമായി നല്ലതാണ്. മാനുഷ അപൂർണ്ണതയും ദ്രോഹപ്രവൃത്തികളും മാത്രമാണ് ജീവിതത്തിൽനിന്ന് അതിന്റെ സന്തോഷത്തിലധികവും കവർന്നു കളയുന്നത്. അതിന് യഹോവയാം ദൈവത്തെ കുററപ്പെടുത്താവുന്നതല്ല. തന്റെ രാജ്യഗവൺമെൻറിനാൽ അതിന് പരിഹാരം വരുത്തുമെന്ന് അവൻ വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ട് അവൻ തരുന്ന ജീവിതം അവന്റെ ഇഷ്ടത്തോടും ഉദ്ദേശ്യത്തോടും ആദരവു പ്രകടമാക്കുന്ന ഒരു വിധത്തിൽ നാം നയിക്കണം.—റോമർ 12:1.
9. ബൈബിൾ അതിഭക്ഷണത്തെയും മുഴുക്കുടിയെയും സംബന്ധിച്ച് എന്തു പറയുന്നു?
9 നമുക്ക് അത്തരം വിലമതിപ്പ് പ്രകടമാക്കാവുന്ന ഒരു വിധം തീനിലും കുടിയിലുമുളള മിതത്വത്തിലൂടെയാണ്. അതിഭക്ഷണവും മുഴുക്കുടിയും ദൈവത്താൽ കുററംവിധിക്കപ്പെട്ടിരിക്കുകയാണ്. (സദൃശവാക്യങ്ങൾ 23:20, 21) കൂടാതെ മിതമായ ഭക്ഷണം ഉചിതമായിരിക്കുന്നതുപോലെ ലഹരി പാനീയങ്ങളുടെ മിതമായ ഉപയോഗവും ഉചിതമാണ്. ഇതു അനേകം തിരുവെഴുത്തുകളാൽ പ്രകടമാക്കപ്പെട്ടിരിക്കുന്നു.—ആവർത്തനം 14:26; യെശയ്യാവ് 25:6; ലൂക്കോസ് 7:33, 34; 1 തിമൊഥെയോസ് 5:23.
10. (എ) ഒരു മുഴുക്കുടിയൻ ജീവനോട് അനാദരവ് പ്രകടിപ്പിക്കുന്നതെങ്ങനെ? (ബി) 1 കൊരിന്ത്യർ 6:9, 10-ൽ പ്രകടമാക്കപ്പെട്ടിരിക്കുന്ന പ്രകാരം മുഴുക്കുടി ഒഴിവാക്കുന്നത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
10 അതുകൊണ്ട് ബൈബിളിൽ കുററം വിധിച്ചിരിക്കുന്നത് കുടിയല്ല. അതു മദ്യത്തിന്റെ ദുരുപയോഗമാണ്. അതു നല്ല കാരണത്തോടെയാണ്, എന്തുകൊണ്ടെന്നാൽ അതു ശരീരത്തിന് ദൂഷ്യം ചെയ്യുകയും മദ്യപൻമാർ മൗഢ്യമായി പ്രവർത്തിക്കാനിടയാക്കുകയും അവർ മററുളളവർക്ക് ഒരു അപകടമായിത്തീരാൻപോലും ഇടയാക്കുകയും ചെയ്തേക്കാം. (സദൃശവാക്യങ്ങൾ 23:29-35; എഫേസ്യർ 5:18) ഐക്യനാടുകളിൽ മാത്രം കുറഞ്ഞത് ഒരു കോടിയാളുകൾ മദ്യ ദുരുപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്നു. അതിന്റെ ഒരു ഫലമാകട്ടെ കരൾ ദ്രവീകരണംമൂലം ഓരോ വർഷവും 30,000-ത്തിലേറെ മരണങ്ങൾ സംഭവിക്കുന്നു എന്നതാണ്. മദ്യദുരുപയോഗം സംബന്ധിച്ച ദേശീയ കൗൺസിൽ പറയുന്നു: “ജോലിക്കു ഹാജരാകാത്തതിനാലുളള നഷ്ടം, ആരോഗ്യപരിപാലനം, ക്ഷേമപ്രവർത്തനങ്ങൾ എന്നിവയ്ക്കുളള ചെലവ്, വസ്തുനാശത്താലുളള നഷ്ടം ചികിത്സാ ചെലവ് എന്നിവയെല്ലാംകൂടെയുളള മൊത്തം ദേശീയനഷ്ടം ഏതാണ്ട് 4,300 കോടി ഡോളറാണ്. . . . മാരകമായ റോഡപകടങ്ങളിൽ 50 ശതമാനത്തിലും മദ്യം ഉൾപ്പെട്ടിരിക്കുന്നു. തീയാലുളള മരണത്തിൽ 80 ശതമാനവും, മുങ്ങിമരണത്തിൽ 65 ശതമാനവും, വീട്ടപകടങ്ങളിൽ 22 ശതമാനവും, വീഴ്ചകളിൽ 77 ശതമാനവും, കാൽനടക്കാർക്കുണ്ടാകുന്ന അപകടങ്ങളിൽ 36 ശതമാനവും, അറസ്ററുകളിൽ 55 ശതമാനവും മദ്യത്തിന്റെ ദുരുപയോഗത്തോട് ബന്ധപ്പെട്ടിരിക്കുന്നു. അപകടങ്ങളിൽപ്പെട്ട വൈമാനികരിൽ 44 ശതമാനം പേരും മദ്യപിച്ചിരുന്നു. കൊലപാതകങ്ങളിൽ ഏതാണ്ട് 65 ശതമാനവും, ആക്രമണങ്ങളിൽ 40 ശതമാനവും, ബലാൽസംഗങ്ങളിൽ 35 ശതമാനവും, മററു ലൈംഗിക ദുഷ്കൃത്യങ്ങളിൽ 30 ശതമാനവും, ആത്മഹത്യകളിൽ 30 ശതമാനവും, ഭവനത്തിനുളളിലെ ശണ്ഠകളിലും ആക്രമണങ്ങളിലും 55 ശതമാനവും, കുട്ടികളോടുളള ദുഷ്പെരുമാററത്തിൽ 60 ശതമാനവും മദ്യത്തിന്റെ ഉപയോഗത്താലുളള അക്രമ പ്രവർത്തനത്തിന്റെ ഫലമായിട്ടായിരുന്നു.”61 തകർന്ന ഭവനങ്ങളുടെയും നശിച്ച ജീവിതങ്ങളുടെയും മാനുഷ ദുരിതത്തിന്റെയും നഷ്ടം കണക്കുകൂട്ടലിന് അതീതമാണ്. അതുകൊണ്ട് ദൈവവചനം ഇങ്ങനെ പറയുന്നത് ആശ്ചര്യമല്ല: “വഞ്ചിക്കപ്പെടരുത്, പരസംഗക്കാരോ . . . മുഴുക്കുടിയൻമാരോ ചീത്തപറയുന്നവരോ പിടിച്ചു പറിക്കാരോ ദൈവരാജ്യം അവകാശമാക്കുകയില്ല.”—1 കൊരിന്ത്യർ 6:9, 10.
11. അമിതമായ കുടിയാൽ വ്യക്തിപരമായ പ്രശ്നങ്ങളിൽനിന്ന് രക്ഷപെടാൻ ശ്രമിക്കുന്നത് ബുദ്ധിപൂർവ്വകമാണോ?
11 ലോകാവസ്ഥയുടെ ക്ലേശിപ്പിക്കുന്ന ഫലത്തെക്കുറിച്ച് ചിലർ സൂക്ഷ്മബോധമുളളവരാണെന്നുളളതു സത്യംതന്നെ. അതിന്റെ യുദ്ധങ്ങളും കുററകൃത്യങ്ങളും നാണയപ്പെരുപ്പവും ദാരിദ്ര്യവും അതിന്റെ വൈഷമ്യങ്ങളും സമ്മർദ്ദങ്ങളും, വ്യക്തിപരമായ പ്രശ്നങ്ങൾക്ക് സംഭാവന ചെയ്യുന്നു. എന്നാൽ ഹാനികരമായ അമിത മദ്യപാനത്താൽ ഇതിൽനിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതുകൊണ്ട് യാതൊന്നും നേടുകയില്ല. ഇതു തനിക്കു തന്നെയും മററുളളവർക്കും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ആ പ്രക്രിയയിൽ തന്റെ മാന്യതയും ജീവിതോദ്ദേശ്യവും ദൈവമുമ്പാകെയുളള നിലയും നശിപ്പിക്കുകയും മാത്രമേ ചെയ്യുകയുളളു.
മയക്കു മരുന്നുകളുടെ ഉപയോഗം
12. അനേകമാളുകൾ മയക്കുമരുന്നുകളിലേക്ക് തിരിയുന്നതെന്തുകൊണ്ട്?
12 ജീവിതപ്രശ്നങ്ങളിൽ നിന്ന് രക്ഷപെടാനുളള ശ്രമത്തിൽ നിരവധി ആളുകൾ മതിഭ്രമം വരുത്തുന്ന മയക്കു മരുന്നുകളിലേക്കു തിരിഞ്ഞിരിക്കുന്നു. അത്തരം മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവർ ഒരു സ്വപ്നാനുഭൂതിയ്ക്കോ മയക്കാവസ്ഥയ്ക്കോ വേണ്ടി യാഥാർത്ഥ്യം വിട്ടുകളയുന്നു. അനേകർ ഹെറോയിനും കൊക്കെയിനും പോലുളള രൂക്ഷമായ മയക്കു മരുന്നുകൾ ഉപയോഗിക്കുന്നു. ചിലർ ഗുളികകളുടെ രൂപത്തിൽ വിവിധ മയക്കുമരുന്നുകൾ വലിയ അളവിൽ ഉപയോഗിക്കുന്നു. അവരുടെ ജീവിതത്തെ അതെങ്ങനെ ബാധിക്കുന്നു?
13. ഈ മയക്കുമരുന്നുകളിൽ ചിലതിന് ഉപയോക്താവിന്റെ മേൽ എന്തു ഫലങ്ങളുണ്ട്, അവയെ സംബന്ധിച്ച് ബൈബിൾ എങ്ങനെ മുന്നറിയിപ്പ് നൽകുന്നു?
13 ഈ മയക്കുമരുന്നുകളുടെ ഉപയോഗം അവരിൽ, മത്തുപിടിച്ച ഒരാളിൽ കാണുന്നതു പോലെയുളള ഫലങ്ങൾ ഉല്പാദിപ്പിച്ചുകൊണ്ട് ആത്മ നിയന്ത്രണത്തിന്റെ നഷ്ടത്തിലേക്കു നയിക്കുന്നു. (സദൃശവാക്യങ്ങൾ 23:29-34) ഈ മയക്കുമരുന്നുകൾ അപകടകരമായിരിക്കാമെന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, ന്യൂയോർക്ക് നഗരത്തിൽ 18-നും 35-നും ഇടയ്ക്കു പ്രായമുളളവർക്കിടയിലെ മുഖ്യ മരണ കാരണം ഹെറോയിൻ ആസക്തിയാണ്. ജീവന്റെ ദാനത്തോടുളള എത്ര ലജ്ജാവഹമായ അനാദരവ്!
14, 15. മാരിഹ്വാന വലിക്കുന്നവർ ജീവന്റെ ദാനത്തോട് ആദരവ് കാണിക്കുന്നില്ലാത്തതെന്തുകൊണ്ട്?
14 എന്നാൽ കുറച്ചുകൂടെ മൃദുവായ മാരിഹ്വാന എന്ന മയക്കുമരുന്നിനെ സംബന്ധിച്ചെന്ത്? അതും പല വിധങ്ങളിൽ അപകടകരമായിരിക്കാവുന്നതാണ്. മാരിഹ്വാന ഉപയോഗിക്കുന്നവർ മിക്കപ്പോഴും മയക്കുമരുന്നു വില്പനക്കാരോടും മററു ഉപയോക്താക്കളോടുമുളള സമ്പർക്കത്താൽ അതിലും ശക്തമായ മയക്കുമരുന്നുകൾക്ക് വിധേയരാകാം. കൂടാതെ പിരിമുറുക്കവും മ്ലാനതയും അകററുമെന്നുളള വിശ്വാസത്തിൽ മയക്കുമരുന്നുകളെ ആശ്രയിക്കാൻ ഇടയായിട്ടുളള അനേകർ തുടർന്ന് കൂടുതൽ ശക്തിയേറിയ മയക്കുമരുന്നുകൾ ഉപയോഗിക്കാനിടയുണ്ട്.
15 എന്നാൽ ഇതു സംഭവിക്കുന്നില്ലെങ്കിൽ കൂടി മാരിഹ്വാന വലിക്കുന്നത് അപകടകരമാണ്. അതു സിഗറററുകളേക്കാൾ അധികമായി കാൻസറിനിടയാക്കുന്ന ഘടകങ്ങൾ ഉൾക്കൊളളുന്നു, അതു ശ്വാസകോശങ്ങൾക്ക് കൂടുതൽ ഹാനികരവുമാണ്. തുടരെയുളള ഉപയോഗം കരൾക്ഷയം, ജനിതക വൈകല്യങ്ങൾ, മസ്തിഷ്ക്കക്ഷയം എന്നിവയ്ക്കു കാരണമായിത്തീരാം. കാനഡയിലെ ആസക്തി ഗവേഷണ സ്ഥാപനം പറയുന്നത് മാരിഹ്വാന “ആരോഗ്യത്തിന് പല തരത്തിൽ അപകടകരമായ ഒരു മയക്കുമരുന്നാണ്”62 എന്നാണ്. മയക്കുമരുന്നു സംബന്ധിച്ച ഒരു വിദഗ്ദ്ധൻ ഇപ്രകാരം പറഞ്ഞു: “മാരിഹ്വാന വളരെ ഉപദ്രവകരമായ ഒരു മയക്കുമരുന്നാണ്. കഴിഞ്ഞ പത്തു വർഷങ്ങളിലായി അതു മൂലം ആരോഗ്യത്തിനുളള അപകടത്തിലേക്കു വിരൽ ചൂണ്ടുന്ന 10,000 പ്രബന്ധങ്ങൾ ശാസ്ത്രസമൂഹത്തിൽ പ്രകാശനം ചെയ്തിട്ടുണ്ട്.” അതു ഓർമ്മ നിലനിർത്തുന്നതിനും ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുമുളള പ്രാപ്തിക്ഷയിപ്പിക്കുന്നതിനാൽ “മനഃപാഠം പഠിക്കാൻ ശ്രമിക്കുന്ന യുവപ്രായക്കാർക്ക് ഗൗരവതരമായിരുന്നേക്കാവുന്ന ഒരു വലിയ അപകടം” അദ്ദേഹം കുറിക്കൊണ്ടു. മാരിഹ്വാന ഉപയോഗിക്കുന്നയാളെപ്പററി അദ്ദേഹം പറഞ്ഞു: “അയാൾക്ക് ശരിയായി കാർ ഓടിക്കാനോ ഒരു റൈറപ്പ്റൈററർ ഉപയോഗിക്കാനോ കഴിയുകയില്ല. തുടർച്ചയായ ഉപയോഗം രോഗത്തിനെതിരെ ശരീരത്തെ സംരക്ഷിക്കുന്ന പ്രതിരോധ സംവിധാനത്തിന് കൂടുതൽ ഗൗരവതരമായ നാശം സംഭവിക്കാനിടയാക്കുന്നു.”63 ഗർഭകാലത്ത് മാരിഹ്വാന ഉപയോഗിക്കുന്ന സ്ത്രീകൾക്ക് മസ്തിഷ്ക്ക തകരാറുളള കുട്ടികൾ ജനിക്കുന്നതിന്റെ വളരെ കൂടിയ അപകടമുണ്ട്. ഇതിന്റെയെല്ലാം വീക്ഷണത്തിൽ മാരിഹ്വാന ഉപയോഗിക്കുന്നത് ജീവന്റെ ദാനത്തോട് ആദരവ് കാണിക്കലാണ് എന്ന് പറയാൻ കഴിയുമോ?
16. മയക്കുമരുന്നുകളുടെ ഉപയോഗത്തിന് ഗുരുതരമായ വേറെ ഏതു അപകടത്തിന് ഒരു വ്യക്തിയെ വിധേയനാക്കാൻ കഴിയും, ഇത് ഈ സംഗതി സംബന്ധിച്ച് നമ്മുടെ വീക്ഷണത്തെ എങ്ങനെ ബാധിക്കണം?
16 മയക്കുമരുന്നുകളുപയോഗിക്കുന്നതിനെ ഒഴിവാക്കുന്നതിന് മറെറാരു ശക്തമായ കാരണമുണ്ട്. അവയ്ക്ക് ഒരു വ്യക്തി ഭൂതങ്ങളുടെ നിയന്ത്രണത്തിൻ കീഴിൽ വരുന്നതിനുളള വഴി തുറക്കാൻ കഴിയും. മാന്ത്രിക വിദ്യയോടുളള മയക്കുമരുന്നുകളുടെ ഈ ബന്ധം യാതൊരു പ്രകാരത്തിലും പുതിയതല്ല. കഴിഞ്ഞകാലങ്ങളിൽ ക്ഷുദ്രക്കാർ മയക്കുമരുന്നുകൾ ഉപയോഗിച്ചിട്ടുണ്ട്. വൈനിന്റെ പുതിയനിയമപദങ്ങളുടെ വ്യാഖ്യാന നിഘണ്ടു (ഇംഗ്ലീഷ്) ഇങ്ങനെ പറയുന്നു: “ക്ഷുദ്രപ്രയോഗത്തിൽ ലളിതമോ ശക്തമോ ആയിരുന്നാലും, മയക്കുമരുന്നുകളുടെ ഉപയോഗത്തോടുകൂടെ സാധാരണയായി മന്ത്രോച്ചാരണങ്ങളും നിഗൂഢശക്തികളോടുളള അഭ്യർത്ഥനകളും ഉണ്ടായിരുന്നു.” ഈ വിശദീകരണങ്ങൾ നൽകിയിരിക്കുന്നത് ഗലാത്യർ 5:20-ൽ “ആത്മവിദ്യാപ്രയോഗം” എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്ക് പദത്തോടുളള (ഫാർമാക്യാ, അക്ഷരീയമായി “മയക്കുമരുന്നു പ്രയോഗം”) ബന്ധത്തിലാണ്. (വെളിപ്പാട് 9:21, 18:23 ഇവയും കൂടെ കാണുക.) അതുകൊണ്ട് മയക്കുമരുന്നുകൾക്ക് ഒരുവനെ ഭൂതസ്വാധീനത്തിന് വിധേയനാക്കാൻ കഴിയും. തന്റെ ജീവദാതാവിനോട് ആദരവുളള ഒരു വ്യക്തിക്ക് ക്ഷണികമായ ഒരു അനുഭൂതിക്കുവേണ്ടി എങ്ങനെ തന്നെത്തന്നെ അത്തരമൊരു അപകടത്തിന് വിധേയനാക്കാൻ കഴിയും?
17, 18. (എ) വേറെ ഏതു ദുഷ്ഫലങ്ങൾ മയക്കുമരുന്നുകളുടെ ഉപയോഗത്തോട് ബന്ധപ്പെട്ടിട്ടുണ്ട്? (ബി) അതുകൊണ്ട് യഹോവയുടെ ക്രിസ്തീയ സാക്ഷികൾ മയക്കുമരുന്നുകളുടെ ഉപയോഗത്തെ എങ്ങനെ വീക്ഷിക്കുന്നു?
17 മയക്കുമരുന്നുകളുടെ ഉപയോഗം കുററകൃത്യത്തോടും സമൂഹത്തിലെ ധാർമ്മിക അധഃപതനത്തോടും അവിഭക്തമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് പരക്കെ അറിവുളളതാണ്. മയക്കു മരുന്നുകളുടെ നിയമ വിരുദ്ധമായ വിൽപന സംഘടിതമായി കുററകൃത്യങ്ങൾ നടത്തുന്നവരുടെ ഒരു വലിയ ആദായ മാർഗ്ഗമാണ്. മയക്കു മരുന്നുകളിൽ ആസക്തിയുളള അനേകർ തങ്ങളുടെ ശീലം നിലനിർത്താൻ മോഷണം നടത്തുന്നു. മററു ചിലർ വ്യഭിചാരത്തിലേക്കു തിരിയുന്നു. കുടുംബത്തിലെ ഒരംഗം ആസക്തനായിത്തീരുമ്പോൾ കുടുംബങ്ങൾ ശിഥിലമായിത്തീരുന്നു. ഗർഭിണികളായ മാതാക്കൾ തങ്ങളുടെ ശിശുക്കളിലേക്കു ആസക്തി കടത്തിവിടുന്നു, പിൻമാററത്തിന്റെ വേദനകൾക്ക് വിധേയരാകുമ്പോൾ അവർ ചിലപ്പോൾ മരിക്കുന്നു. മിക്ക രാജ്യങ്ങളിലും ചികിത്സാ സംബന്ധമായ കാരണങ്ങളാലല്ലാതെ അത്തരം മയക്കുമരുന്നുകൾ കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്.—മത്തായി 22:17-21.
18 ഇത്രയും ദുഷിച്ച ഫലങ്ങളോടെല്ലാം ബന്ധപ്പെട്ടിരിക്കുന്ന ഒരു ശീലത്തോട് നിങ്ങൾക്ക് എന്തെങ്കിലും ബന്ധമുണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? യഹോവയുടെ സാക്ഷികൾ ആഗ്രഹിക്കുന്നില്ല! ഹർഷോൻമാദങ്ങൾക്കോ, യാഥാർത്ഥ്യത്തിൽ നിന്ന് ഓടിപ്പോകുന്നതിനോ വേണ്ടിയുളള മയക്കുമരുന്നുകളുടെ ഉപയോഗത്തിൽ യാതൊരു പങ്കും അവർ ആഗ്രഹിക്കുന്നില്ല. അവർക്ക് ജീവനോട് സമുന്നതമായ ആദരവുണ്ട്. അവർ ദൈവേഷ്ടത്തിന് ചേർച്ചയായ വിധത്തിൽ തങ്ങളുടെ ജീവിതത്തെ ഉപയോഗിക്കാനുമാഗ്രഹിക്കുന്നു.
പുകയിലയുടെയും അതുപോലുളള ഉല്പന്നങ്ങളുടെയും ഉപയോഗം
19. ജീവന്റെ ദാനത്തോടുളള ആദരവ് പുകയിലയുടെയും അടയ്ക്കായുടെയും കൊക്കാച്ചെടിയുടെ ഇലയുടെയും ഉപയോഗം സംബന്ധിച്ച ഒരുവന്റെ വീക്ഷണത്തെ ബാധിക്കുന്നതെന്തുകൊണ്ട്?
19 പുകയിലയുടെ ഉപയോഗവും, ചില രാജ്യങ്ങളിൽ അടയ്ക്കായുടെയും കൊക്കാ ഇലയുടെയും ഉപയോഗവും ഇന്നു കൂടുതൽ സാധാരണമാണ്. ഇവയിലോരോന്നും ശരീരത്തിനും ചിലപ്പോൾ മനസ്സിനും ഉപദ്രവം ചെയ്യുന്നു. പുകയിലയ്ക്കു ശ്വാസകോശ കാൻസർ, ഹൃദ്രോഗങ്ങൾ, പഴകിയ ശ്വാസനാളരോഗം, ശ്വാസകോശവീക്കം എന്നിങ്ങനെയുളള രോഗങ്ങളോടുളള ബന്ധത്തെക്കുറിച്ച് ഗവൺമെൻറുകൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ആസക്തിയുളവാക്കുന്നതും ഹാനികരവുമായ ഇത്തരം ഉല്പന്നങ്ങൾ ഉപയോഗിക്കുന്നതിനാൽ ജീവന്റെ ദാനത്തോട് ആദരവ് കാണിക്കുന്നുവോ?
20, 21. (എ) ബൈബിൾ അത്തരം ശീലങ്ങളെ പേർപറഞ്ഞു കുററം വിധിക്കുന്നില്ലെന്നുളള വസ്തുത അവയെല്ലാം ശരിയാണെന്ന് അർത്ഥമാക്കുന്നുണ്ടോ? (ബി) ഒരു ദൈവദാസന്റെ ജീവിതത്തിൽ അത്തരം ശീലങ്ങൾക്ക് സ്ഥാനമില്ലെന്ന് ഏതു ബൈബിൾ തത്വങ്ങൾ പ്രകടമാക്കുന്നു?
20 ഇവയെല്ലാം ദൈവത്തിന്റെ സൃഷ്ടിയാണെന്ന് ഒരുവൻ പറഞ്ഞേക്കാം. സത്യമാണ്, കൂണുകളും അങ്ങനെതന്നെയാണ്. എന്നുവരികിലും ചിലയിനങ്ങൾ തിന്നാൽ മരണകരമെന്ന് തെളിയുന്നു. ഇത്തരം ശീലങ്ങളെ ബൈബിൾ പ്രത്യേകാൽ കുററം വിധിച്ചിട്ടില്ലെന്ന് മറെറാരാൾ പറഞ്ഞേക്കാം. എന്നാൽ നാം കണ്ടുകഴിഞ്ഞതുപോലെ സ്പഷ്ടമായി തെററായിരിക്കുന്നതും ബൈബിളിൽ പ്രത്യേകം കുററം വിധിച്ചിട്ടില്ലാത്തതുമായ അനേകം കാര്യങ്ങളുണ്ട്. ഒരുവന്റെ അയൽവാസിയുടെ പിൻമുററം ചപ്പുചവറുകൾ ഇടാനുളള ഒരു സ്ഥലമായി നാം ഉപയോഗിക്കുന്നതിനെ ബൈബിൾ ഒരിടത്തും പ്രത്യേകാൽ വിരോധിച്ചിട്ടില്ല. എന്നാൽ നമ്മിൽ ഏതൊരുവനും അതു എത്ര തെററാണെന്ന് തിരിച്ചറിയാൻ “നിന്റെ അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കണം” എന്ന കൽപ്പന മതിയായിരിക്കണം. അതുപോലെ, പുകവലി സ്നേഹത്തിന്റെ അഭാവം പ്രകടമാക്കുന്നു, കാരണം പുക മററുളളവരെ ശല്യപ്പെടുത്തുകയോ അവരുടെ ആരോഗ്യത്തെ ഹനിക്കുകപോലുമോ ചെയ്തേക്കാം.—മത്തായി 22:39.
21 “ദൈവഭയത്തിൽ വിശുദ്ധിയെ തികച്ചുകൊണ്ട്, ജഡത്തിലെയും ആത്മാവിലെയും സകല മാലിന്യത്തിൽനിന്നും നമ്മെത്തന്നെ ശുദ്ധീകരിക്കാൻ” 2 കൊരിന്ത്യർ 7:1-ൽ ദൈവവചനം നമ്മോടു പറയുന്നു. എന്തെങ്കിലും “വിശുദ്ധ”മായിരിക്കുകയെന്നാൽ അതു “നിർമ്മലവും, നിഷ്ക്കളങ്കവും, ദുഷിപ്പിക്കപ്പെടാത്തതുമായിരിക്കുക” എന്നാണർത്ഥം. യഹോവയാം ദൈവം ഒരിക്കലും ഒരു അവിശുദ്ധ രീതിയിൽ പ്രവർത്തിക്കാൻ സ്വയം താഴ്ത്താതെ തന്നെത്തന്നെ ദുഷിപ്പിൽ നിന്ന് വിമുക്തനായി സൂക്ഷിക്കുന്നു. ഉചിതമായി മനുഷ്യർക്ക് സാദ്ധ്യമാകുന്നിടത്തോളം “വിശുദ്ധിയെ തികയ്ക്കുന്നതിൽ” തുടരാൻ ദൈവം പ്രതീക്ഷിക്കുന്നു. (റോമർ 12:1) കൂടാതെ, നാം അവനെ ‘നമ്മുടെ പൂർണ്ണ ഹൃദയത്തോടും ദേഹിയോടും മനസ്സോടും ശക്തിയോടും കൂടെ സ്നേഹിക്കാൻ’ അവൻ പ്രതീക്ഷിക്കുന്നു. എന്നാൽ ആരെങ്കിലും തന്റെ ശരീരത്തെ മലിനപ്പെടുത്തുകയും ആരോഗ്യത്തിന് ഹാനിവരുത്തുകയും ആയുസ്സിനെ ഹ്രസ്വമാക്കുകയും ചെയ്യുന്ന ശീലങ്ങളിൽ മുഴുകുന്നുവെങ്കിൽ അയാൾക്കിതെങ്ങനെ ചെയ്യാൻ കഴിയും?—മർക്കോസ് 12:29, 30.
22. അത്തരമൊരു ദുശ്ശീലത്തിന് ഒരു വ്യക്തിയുടെമേൽ ഉണ്ടായിരിക്കാവുന്ന സ്വാധീനത്തെ തകർക്കുന്നതിന് അയാളെ പ്രാപ്തനാക്കാൻ എന്തിന് കഴിയും?
22 ഇങ്ങനെയുളള ശീലങ്ങളിൽ ഒന്നിന് അല്ലെങ്കിൽ മറെറാന്നിന് ഒരുവന്റെ മേൽ ഒരു ‘ഇറുകിയ പിടി’ ഉളളതായിതോന്നിയേക്കാമെങ്കിലും അയാൾക്ക് അതിനെ തരണം ചെയ്യാനും സ്വാതന്ത്ര്യം നേടാനും കഴിയും. ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുളള അറിവ് അങ്ങനെ ചെയ്യുന്നതിന് ഒരു ശക്തമായ പ്രേരണ നൽകുന്നു. ഒരു വ്യക്തിക്ക് ‘തന്റെ മനസ്സിനെ പ്രവർത്തിപ്പിക്കുന്ന ശക്തിയിൽ പുതുക്കം പ്രാപിക്കാൻ കഴിയും.’ (എഫേസ്യർ 4:23) ഇതു വ്യക്തിപരമായ ഒരു സംതൃപ്തിയിൽ കലാശിക്കുന്നതും ദൈവത്തെ ബഹുമാനിക്കുന്നതുമായ ഒരു പുതിയ ജീവിതരീതി തുറന്നു തരും.
രക്തത്താൽ പ്രതിനിധാനം ചെയ്യപ്പെടുന്ന ജീവനോടുളള ആദരവ്
23. (എ) ദൈവം യിസ്രായേലിനു കൊടുത്ത നിയമത്തിൽ അവൻ അംഗീകരിച്ച രക്തത്തിന്റെ ഏക ഉപയോഗം എന്താണ്? (ബി) ആ ബലികളുടെ അർത്ഥം ഈ കാര്യത്തിലുളള ദൈവേഷ്ടത്തെ നാം ശ്രദ്ധാപൂർവ്വം പരിചിന്തിക്കാനിടയാക്കേണ്ടതെന്തുകൊണ്ട്?
23 നാം ജീവനെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മുടെ രക്തവും പരിചിന്തനം അർഹിക്കുന്നു. ദൈവം മനുഷ്യന്റെയും മൃഗത്തിന്റെയും രക്തത്തെ ജീവന്റെ പ്രതീകമായി തെരഞ്ഞെടുത്തിരിക്കുന്നു. ഇത് അവൻ നോഹയ്ക്കും, പിൽക്കാലത്ത് യിസ്രായേൽ ജനതയ്ക്കും കൊടുത്ത നിയമത്താൽ പ്രകടമാക്കപ്പെട്ടിരിക്കുന്നു. രക്തത്തിന്റെ അംഗീകാരമുളള ഏക ഉപയോഗം യാഗപരമായിരുന്നു. (ഉല്പത്തി 9:3, 4; ലേവ്യാപുസ്തകം 17:10-14) ആ യാഗങ്ങളെല്ലാം യേശു ഏതിലൂടെ മനുഷ്യവർഗ്ഗത്തിനുവേണ്ടി തന്റെ ജീവരക്തം ഒഴുക്കിയോ ആ ഒരു യാഗത്തെ ചിത്രീകരിച്ചു. (എബ്രായർ 9:11-14) ഇതു തന്നെ ഈ കാര്യത്തിലുളള ദൈവത്തിന്റെ ഇഷ്ടത്തിന് നാം അവധാനപൂർവ്വകമായ ശ്രദ്ധ കൊടുക്കാനിടയാക്കണം.
24. രക്തത്തിന്റെ ഉപയോഗം സംബന്ധിച്ച് ക്രിസ്ത്യാനികൾക്ക് ഉണ്ടായിരിക്കേണ്ട വീക്ഷണത്തെക്കുറിച്ച് പ്രവൃത്തികൾ 15:28, 29 എന്തു പറയുന്നു?
24 രക്തത്തിന്റെ ഉപയോഗം സംബന്ധിച്ച ദൈവത്തിന്റെ നിയന്ത്രണം സത്യക്രിസ്ത്യാനികൾക്ക് ഇപ്പോഴും പ്രാബല്യത്തിലിരിക്കുന്നുവോ? അപ്പോസ്തലൻമാരും ഒന്നാം നൂററാണ്ടിലെ ക്രിസ്തീയ സഭയിലെ മററു മൂപ്പൻമാരും ചെയ്ത ഔദ്യോഗിക പ്രസ്താവനയാൽ പ്രകടമാക്കപ്പെടുന്ന പ്രകാരം, ഉവ്വ്. ദൈവാത്മാവിന്റെ നടത്തിപ്പിൽ അവർ ഇങ്ങനെ എഴുതി: “വിഗ്രഹങ്ങൾക്ക് ബലിയർപ്പിച്ച വസ്തുക്കളും രക്തവും ശ്വാസം മുട്ടിച്ചത്തതും [തന്നിമിത്തം രക്തം കളയാത്തവ] പരസംഗവും വർജ്ജിക്കുന്നതിൽ തുടരുകയെന്ന ഈ അവശ്യസംഗതികളൊഴിച്ച് കൂടുതലായ മററു യാതൊരു ഭാരവും നിങ്ങൾക്ക് കൂട്ടാതിരിക്കുന്നതിനോട് പരിശുദ്ധാത്മാവും ഞങ്ങൾ തന്നെയും അനുകൂലിച്ചിരിക്കുന്നു. നിങ്ങൾ ശ്രദ്ധാപൂർവ്വം ഇവയിൽനിന്ന് ഒഴിഞ്ഞിരിക്കുന്നെങ്കിൽ നിങ്ങൾ അഭിവൃദ്ധിപ്പെടും.”—പ്രവൃത്തികൾ 15:28, 29.
25. രക്തത്തിന്റെ ഉപയോഗം സംബന്ധിച്ചുളള ദൈവേഷ്ടത്തോട് ലോകം ഏതു നടപടികളാൽ അനാദരവ് പ്രകടിപ്പിക്കുന്നു?
25 രക്തത്തെ സംബന്ധിച്ചുളള ദൈവേഷ്ടത്തോട് അനേകമാളുകൾ അനാദരവു പ്രകടമാക്കുന്നു. അവർ അതു ഭക്ഷണത്തിലും ചികിത്സാപരമായ ഉപയോഗങ്ങളിലും വാണിജ്യോൽപ്പന്നങ്ങളിൽപോലും ഉപയോഗിക്കുന്നു. എന്നാൽ ലോകം ജീവന്റെ ദാനത്തോട് തന്നെ ഇത്ര കുറഞ്ഞ ആദരവ് കാണിക്കുന്ന സ്ഥിതിക്ക് ഇതു നിങ്ങളെ ആശ്ചര്യപ്പെടുത്തേണ്ടതില്ല. എന്നിരുന്നാലും ജീവനെയും ദൈവത്തോടുളള നമ്മുടെ ബാദ്ധ്യതയേയും നാം വിലമതിക്കുന്നുവെങ്കിൽ നാം അവന്റെ ഇഷ്ടത്തെ അവഗണിക്കുകയോ അവന്റെ കല്പനകളുടെ ലംഘനത്താൽ അവനെ നിന്ദിക്കുകയോ ചെയ്യുകയില്ല.
26, 27. ഒരുവന്റെ ഇപ്പോഴത്തെ ജീവനെ ദൈവത്തോട് അനുസരണക്കേട് കാണിക്കുന്നതിനാൽ കാത്തു സൂക്ഷിക്കാനുളള ശ്രമങ്ങൾ അവനോട് ആദരവ് പ്രകടിപ്പിക്കയില്ലാത്തത് എന്തുകൊണ്ട്?
26 നാം നമ്മുടെ ആരോഗ്യത്തിൽ തൽപരരായിരിക്കുകയും നമ്മുടെ ജീവനെ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യണമെങ്കിലും അതിലും ചില പരിമിതികളുണ്ട്. ഇപ്രകാരം പറഞ്ഞപ്പോൾ യേശു അതു വ്യക്തമാക്കി: “തന്റെ ദേഹിയെ [അഥവാ ജീവനെ] പ്രിയപ്പെടുന്നവൻ അതിനെ നശിപ്പിക്കുന്നു, എന്നാൽ ഈ ലോകത്തിൽ തന്റെ ദേഹിയെ വെറുക്കുന്നവൻ നിത്യജീവനുവേണ്ടി അതിനെ കാത്തു സൂക്ഷിക്കുന്നു.”—യോഹന്നാൻ 12:25.
27 ദൈവത്തെ അനുസരിക്കുന്നതിനാൽ മരണത്തെ അഭിമുഖീകരിക്കുന്നതിന്റെയോ അല്ലെങ്കിൽ മരണം ഒഴിവാക്കാൻ വേണ്ടി അവനോട് അനുസരണക്കേട് കാണിക്കുന്നതിന്റെയോ ഒരു പ്രശ്നമാണെങ്കിൽ ദൈവത്തിന്റെ ദാസൻ അനുസരണക്കേടിനേക്കാൾ മരണത്തെ ഇഷ്ടപ്പെടും. ദൈവത്തോട് അനുസരണക്കേട് കാണിക്കുന്നതിനാൽ യേശുവിന് മരണത്തെ ഒഴിവാക്കാമായിരുന്നു. എന്നാൽ അവൻ അതു ചെയ്തില്ല. അവന് മുമ്പുളള മനുഷ്യരും ദൈവത്തോട് അതേ അഭഞ്ജമായ ഭക്തിപ്രകടിപ്പിച്ചിരുന്നു. (മത്തായി 26:38, 39, 51-54; എബ്രായർ 11:32-38) നിത്യജീവനുവേണ്ടി യോഗ്യരാകുന്നതിന് ഇപ്പോഴത്തെ അവരുടെ ജീവൻ മാർഗ്ഗതടസ്സമായി നിൽക്കാൻ അവർ അനുവദിച്ചില്ല.
28. ജീവനെ സംബന്ധിച്ച ബൈബിളിന്റെ വീക്ഷണത്തോട് വിലമതിപ്പ് വളർത്തുന്നതിനാൽ നാം എന്തിനുവേണ്ടി ഒരുങ്ങുകയാണ്?
28 ഈ വിധത്തിലാണോ നിങ്ങളും ജീവനെ വീക്ഷിക്കുന്നത്? ജീവിതത്തിന് യഥാർത്ഥ അർത്ഥമുണ്ടായിരിക്കണമെങ്കിൽ നിങ്ങൾ ദൈവേഷ്ടത്തിനനുയോജ്യമായി ജീവിക്കണമെന്ന് നിങ്ങൾ വിലമതിക്കുന്നുവോ? ഇപ്പോൾ ആ വീക്ഷണഗതി വളർത്തുന്നത് ദൈവത്തിന്റെ നൂതനക്രമത്തിലെ ജീവനുവേണ്ടിയുളള ഒരുക്കത്തിന്റെ ഭാഗമാണ്. ഭൂമിയിൽ ജീവിക്കുന്ന എല്ലാവർക്കും ജീവന്റെ ദൈവിക ദാനത്തോട് ആദരവുണ്ടെന്നറിഞ്ഞുകൊണ്ട് എവിടെയും ഏതു സമയത്തും നാം അന്ന് എത്ര സുരക്ഷിതത്വവും ഭദ്രതയും അനുഭവിക്കും!
[അധ്യയന ചോദ്യങ്ങൾ]