ദൈവം എന്തുചെയ്തുകൊണ്ടാണിരുന്നിട്ടുളളത്?
അധ്യായം 6
ദൈവം എന്തുചെയ്തുകൊണ്ടാണിരുന്നിട്ടുളളത്?
1. ഇന്ന് അനേകമാളുകൾ ദൈവത്തെ സംബന്ധിച്ച് എന്തു വിശ്വസിക്കുന്നു, എന്നാൽ ഇതു സത്യമാണോ?
ദൈവത്തിന് ഭൂമിയിലെ കാര്യങ്ങളിൽ സജീവ താല്പര്യമില്ലെന്നോ അല്ലെങ്കിൽ മനുഷ്യവർഗ്ഗത്തെ അലട്ടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് അവൻ ഒന്നും ചെയ്യുന്നില്ലെന്നോ ഇന്ന് അനേകമാളുകൾ വിശ്വസിക്കുന്നു. എന്നാൽ ദൈവം വളരെയധികം കരുതുന്നുണ്ട് എന്നതാണ് വാസ്തവം. മനുഷ്യൻ പ്രതീക്ഷിച്ചത് അവൻ ചെയ്തിട്ടില്ലായിരിക്കാം എന്നതു വാസ്തവമാണ്. എന്നാൽ ഇത് അവൻ ഒന്നും ചെയ്തിട്ടില്ല എന്നു അർത്ഥമാക്കുന്നില്ല. യഥാർത്ഥത്തിൽ മാനുഷ ചരിത്രത്തിന്റെ ആരംഭം മുതൽ ഇന്നോളം ദൈവം ചില കാര്യങ്ങൾ ചെയ്തുകൊണ്ടാണിരുന്നിട്ടുളളത്.
2. അവരുടെ തന്നെ ഹ്രസ്വമായ ആയുസ്സ് ഈ സംഗതിയിലുളള ആളുകളുടെ ചിന്തയെ ബാധിക്കുന്നതെങ്ങനെ?
2 ദൈവം ഒന്നും ചെയ്യുന്നില്ല എന്നു ചിലർ നിഗമനം ചെയ്യാനുളള ഒരു കാരണം അവരുടെ തന്നെ ഹ്രസ്വമായ ആയുസ്സാണ്. ഇത് അവരുടെ ജീവിതം അനുവദിക്കുന്ന ചുരുങ്ങിയ സമയത്തിനുളളിൽ കാര്യങ്ങൾ ചെയ്തുകിട്ടാൻ അവരെ അക്ഷമരാക്കുന്നു. അതുകൊണ്ട് അവരുടെ തന്നെ ആയുഷ്കാലത്ത് മാററങ്ങൾ വന്നുകാണാനുളള ആഗ്രഹം അവരുടെ ചിന്തയെ ഭരിക്കുന്നു. അപ്പോൾ അവയുടെ എല്ലാ പരിമിതികളും സഹിതം മാനുഷാനുഭവത്തിന്റെ അടിസ്ഥാനത്തിൽ ദൈവത്തെ വിധിക്കാനാണ് അവരുടെ പ്രവണത.
3. യഹോവയുടെ ആയുർദൈർഘ്യം സാഹചര്യങ്ങളെ സാദ്ധ്യമാകുന്നതിലേക്കും അത്യുത്തമ സമയത്ത് കൈകാര്യം ചെയ്യാനുളള അവന്റെ പ്രാപ്തിയെ ബാധിക്കുന്നതെങ്ങനെ?
3 നേരെമറിച്ച്, യഹോവ എന്നേയ്ക്കും ജീവിക്കുന്നു. (സങ്കീർത്തനം 90:2, 4; യെശയ്യാവ് 44:6) അവന്റെ വീക്ഷണ കോണത്തിൽ നിന്ന് കാലത്തിന്റെ നീരൊഴുക്കിൽ തന്റെ പ്രവൃത്തികൾ ബന്ധപ്പെട്ട എല്ലാവർക്കും പരമാവധി പ്രയോജനം ചെയ്യുന്നതും അതോടൊപ്പം തന്റെ ഉദ്ദേശ്യങ്ങൾ ഏററം ഫലകരമായി വികസിപ്പിക്കുന്നതും എവിടെയെന്നും സൂക്ഷ്മമായി നിരീക്ഷിക്കാൻ അവന് കഴിയുന്നു. (യെശയ്യാവ് 40:22; 2 പത്രോസ് 3:8, 9) അതുതന്നെയാണ് കൃത്യമായും ദൈവം ചെയ്തുകൊണ്ടിരിക്കുന്നത്.
ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നവിധം
4. യഹോവ തന്റെ ഉദ്ദേശ്യം എന്താണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു, അതുകൊണ്ട് അവൻ മനുഷ്യവർഗ്ഗത്തിന് എന്ത് അറിവ് പ്രദാനം ചെയ്തിരിക്കുന്നു?
4 പൂർണ്ണ സുരക്ഷിതത്വം ആസ്വദിക്കാവുന്ന അവസ്ഥയിൽ സമാധാനത്തിലും ഐക്യത്തിലും മനുഷ്യവർഗ്ഗത്തെ ഏകീഭവിപ്പിക്കുന്ന നീതിയുളള ഒരു ഭരണം സകല സൃഷ്ടികൾക്കും വേണ്ടി പ്രദാനം ചെയ്യുക എന്നത് യഹോവയുടെ ഉദ്ദേശ്യമാണ്. (എഫേസ്യർ 1:9, 10; സദൃശവാക്യങ്ങൾ 1:33) എന്നാൽ തന്റെ ഭരണത്തിൻ കീഴിൽ വരാൻ ദൈവം ആരെയും നിർബ്ബന്ധിക്കുന്നില്ല. തന്നെ സേവിക്കുന്നവർക്കും തന്റെ ഭരണരീതികളെ ഇഷ്ടപ്പെടുന്നവർക്കും മാത്രം സ്വാഗതമുണ്ട്. തന്റെ ഭരണത്തിന്റെ നീതിയുളള നിലവാരങ്ങൾ അനുസരിച്ച് ജീവിക്കുന്ന ഒരു മുഴുലോകം സ്ഥാപിക്കാനുളള ലക്ഷ്യത്തിൽ ദൈവം മനുഷ്യവർഗ്ഗത്തിന് ആ നിലവാരങ്ങൾ സംബന്ധിച്ചും തന്റെ ഭരണം നടപ്പാക്കുന്നതെങ്ങനെയെന്നതു സംബന്ധിച്ചും ഉളള അറിവ് ലഭ്യമാക്കിയിരിക്കുന്നു. അതേ സമയം തന്നെയും തന്റെ വ്യക്തിപരമായ ഗുണങ്ങളെയും സംബന്ധിച്ച ജീവൽ പ്രധാനമായ അറിവ് സമ്പാദിക്കുന്നത് ദൈവം മനുഷ്യവർഗ്ഗത്തിന് സാദ്ധ്യമാക്കിക്കൊണ്ടിരിക്കുന്നു.—യോഹന്നാൻ 17:3.
5. സൃഷ്ടിക്രിയകളിൽനിന്ന് ദൈവത്തെക്കുറിച്ച് നമുക്ക് എന്തു പഠിക്കാൻ കഴിയും?
5 ഒരു ആത്മാവായതിനാൽ യഹോവ തീർച്ചയായും മനുഷ്യർക്ക് അദൃശ്യനാണ്. അതുകൊണ്ട് അവൻ മാംസരക്തങ്ങളായ മനുഷ്യരെ എങ്ങനെ ഈ കാര്യങ്ങൾ മനസ്സിലാക്കിക്കും? ഒരു സംഗതി, തന്റെ കരവേലയിൽ നിന്ന് സ്രഷ്ടാവിനെ സംബന്ധിച്ച് വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാം എന്നതാണ്. (റോമർ 1:20) ജീവജാലങ്ങൾക്കിടയിലെ അത്ഭുതകരമായ പരസ്പര ബന്ധങ്ങളും സകല വസ്തുക്കളെയും ഭരിക്കുന്ന ഭൗതിക നിയമങ്ങളും അവന്റെ ജ്ഞാനത്തിന് സാക്ഷ്യം വഹിക്കുന്നു. സമുദ്രങ്ങളിലും, കാലാവസ്ഥയിലും നക്ഷത്രങ്ങളിലെ ഊർജ്ജത്തിലും കാണപ്പെടുന്ന ഭയാനകമായ ശക്തി അവന്റെ സർവ്വശക്തിക്ക് തെളിവു നൽകുന്നു. (ഇയ്യോബ് 38:8-11, 22-33; 40:2) അണ്ണാക്കിന് ആനന്ദം പകരുന്ന വിവിധങ്ങളായ ഭക്ഷ്യസാധനങ്ങളും പുഷ്പങ്ങളുടെ സൗന്ദര്യവും പക്ഷികളും സൂര്യോദയങ്ങളും സൂര്യാസ്തമനങ്ങളും മൃഗങ്ങളുടെ കളിയായ കോമാളിത്തരങ്ങളും എല്ലാം മനുഷ്യവർഗ്ഗത്തോടുളള സ്രഷ്ടാവിന്റെ സ്നേഹത്തെയും നാം ജീവിതത്തിൽ സന്തോഷം കണ്ടെത്തണമെന്നുളള അവന്റെ ആഗ്രഹത്തെയും കുറിച്ച് സംസാരിക്കുന്നു. എന്നാൽ തന്നെപ്പററിയുളള ദൈവത്തിന്റെ വെളിപ്പാട് ഇവകൊണ്ട് അവസാനിക്കുന്നില്ല.
6. (എ) ദൈവം ഏതു മുഖാന്തരത്താൽ തന്റെ ഇഷ്ടത്തെക്കുറിച്ചുളള കൃത്യമായ വെളിപ്പാടുകൾ നൽകിയിരിക്കുന്നു? (ബി) വേറെ ഏതു മുഖാന്തരത്താൽ ദൈവം തന്റെ തത്വങ്ങളും ഗുണങ്ങളും മനുഷ്യനു വെളിപ്പെടുത്തിയിരിക്കുന്നു?
6 വിവിധ സന്ദർഭങ്ങളിൽ അവൻ സ്വർഗ്ഗത്തിൽനിന്ന് സംസാരിച്ചിട്ടുമുണ്ട്. ചില സന്ദർഭങ്ങളിൽ അവൻ വ്യക്തിപരമായി ഇതു ചെയ്തു. അറേബ്യൻ മുനമ്പിലെ സീനായ് പർവ്വതത്തിൽ വച്ച് ദശലക്ഷക്കണക്കിന് യിസ്രായേല്യർക്ക് അവൻ തന്റെ നിയമം കൊടുത്തപ്പോഴത്തെതുപോലുളള മററ് സന്ദർഭങ്ങളിൽ അവൻ ദൂതൻമാർ മുഖാന്തരം സംസാരിച്ചു. (പുറപ്പാട് 20:22; എബ്രായർ 2:2) പിന്നീട് തന്റെ പ്രവാചകൻമാർ മുഖാന്തരം പല നൂററാണ്ടുകളിലൂടെ അവൻ മനുഷ്യരുമായി ആശയവിനിയമം നടത്തി തന്റെ ഇഷ്ടം വെളിപ്പെടുത്തിയത് എഴുതി വയ്ക്കാനിടയാക്കി. (2 പത്രോസ് 1:21) അങ്ങനെ യഹോവ ക്രമേണ തന്റെ നീതിയുളള നിലവാരങ്ങളും തന്റെ ഇഷ്ടവും മനുഷ്യരെ പരിചയപ്പെടുത്തി. മനുഷ്യരോടുളള തന്റെ ഇടപെടൽ മുഖാന്തരം തന്റെ തത്വങ്ങളും ഗുണങ്ങളും വെളിപ്പെടുത്തിയിരിക്കുന്നതാണ് അതിലെ ഒരു മുഖ്യവശം. ഇത് എഴുതപ്പെട്ട അവന്റെ വചനത്തോട് മാനുഷാനുഭവത്തിന്റെ ഊഷ്മള പ്രേരണ കൂട്ടിച്ചേർത്തിരിക്കുന്നു. ദൈവോദ്ദേശ്യ പ്രഖ്യാപനങ്ങൾ കേൾക്കുകയും വായിക്കുകയും മാത്രമല്ല അവന്റെ ഇഷ്ടം കൂടുതൽ മെച്ചമായി മനസ്സിലാക്കാൻ സഹായിക്കുന്ന ജീവനുളള ദൃഷ്ടാന്തങ്ങൾ ബൈബിളിൽ ഉണ്ടായിരിക്കുന്നത് എത്രയധികം പ്രബോധനാത്മകവും ബോദ്ധ്യപ്പെടുത്തുന്നതുമാണ്! (1 കൊരിന്ത്യർ 10:11) ആ രേഖ എന്തു വെളിപ്പെടുത്തുന്നു?
7. (എ) താൻ എന്നേക്കും അനീതി അനുവദിക്കുന്നില്ലെന്ന് ദൈവം എങ്ങനെ പ്രകടിപ്പിച്ചിരിക്കുന്നു? (ബി) ദൈവം ഇത്തരം നടത്തയെ എങ്ങനെ വീക്ഷിക്കുന്നുവെന്നു മനസ്സിലാക്കുമ്പോൾ നാം എന്തു ചെയ്യണം?
7 അതു ദൈവം എന്നേയ്ക്കും അനീതി വച്ചു പൊറുപ്പിക്കുന്നില്ല എന്നതിന് തെളിവ് നൽകുന്നു. വിജയകരമായി തന്നെത്തന്നെ ഭരിക്കാനുളള അപ്രാപ്തിയുടെ അനിവാര്യമായ രേഖ കെട്ടിപ്പടുത്തുകൊണ്ട് സ്വന്തം വഴിക്കു നീങ്ങാൻ അവൻ ആദാമിന്റെയും ഹവ്വായുടെയും സന്തതികളെ അനുവദിച്ചുവെന്നതും സത്യംതന്നെ. എന്നാൽ ഈ നീതികെട്ട വഴികൾക്കെതിരെയുളള തന്റെ ന്യായവിധിയുടെ തെളിവു നൽകാതെ ദൈവം മനുഷ്യവർഗ്ഗത്തെ വിട്ടില്ല. അപ്രകാരം ‘ഭൂമി അക്രമം കൊണ്ട് നിറഞ്ഞിരുന്നതിനാൽ’ അവൻ നോഹയുടെ നാളിൽ ഒരു പ്രളയം വരുത്തി. (ഉല്പത്തി 6:11-13) അവൻ ധാർമ്മികമായി അധഃപതിച്ചിരുന്ന സോദോം ഗൊമോറ നഗരങ്ങളെ നശിപ്പിച്ചു. (ഉല്പത്തി 19:24, 25; യൂദാ 7) തന്നെ സേവിക്കുന്നതായി അവകാശവാദം ചെയ്തിരുന്ന യിസ്രായേൽ ജനത വ്യാജമതം ആചരിച്ചിരുന്നതിനാൽ പ്രവാസത്തിലേയ്ക്കു പോകുന്നതിന് അവൻ അനുവദിച്ചു. (യിരെമ്യാവ് 13:19, 25) അത്തരം പെരുമാററത്തെ ദൈവം എങ്ങനെ വീക്ഷിക്കുന്നു എന്ന് പഠിക്കുമ്പോൾ ശരിയായതിനോടുളള നമ്മുടെ സ്നേഹം പ്രകടമാക്കാൻ നമ്മുടെ ജീവിതത്തിൽ മാററങ്ങൾ വരുത്തുന്നതിനുളള അവസരം നമുക്കുണ്ട്. നാം വരുത്തുമോ?
8. ദൈവം നാശം കൈവരുത്തുമ്പോൾ അതിജീവിക്കുന്ന ആരെങ്കിലും ഉണ്ടോ? ദൃഷ്ടാന്തീകരിക്കുക.
8 നീതിമാൻമാരെയും ദുഷ്ടൻമാരെയും ദൈവം വേർതിരിച്ചു കാണുന്നു എന്നു ബൈബിൾ രേഖ വെളിപ്പെടുത്തുന്നു. ആഗോള പ്രളയത്തിൽ “നീതി പ്രസംഗിയായ” നോഹയെ നശിപ്പിക്കാതെ വേറെ ഏഴുപേരോടുകൂടെ സംരക്ഷിച്ചു. (2 പത്രോസ് 2:5) അതുപോലെ സോദോമിന്റെ മേൽ തീയും ഗന്ധകവും വർഷിക്കുന്നതിനു മുമ്പ് നീതിമാനായ ലോത്തിനും അവന്റെ കുടുംബത്തിനും രക്ഷപ്പെടുക സാദ്ധ്യമാക്കിത്തീർത്തു.—ഉല്പത്തി 19:15-17; 2 പത്രോസ് 2:7.
9. പുരാതന യിസ്രായേലുമായി യഹോവ ഇടപെട്ട വിധത്തിൽനിന്ന് നാം എന്തു പഠിക്കുന്നു?
9 ദൈവത്തെ സേവിച്ചുകൊളളാമെന്ന് പ്രതിജ്ഞയെടുത്തിരുന്ന യിസ്രായേല്യർ അവിശ്വസ്തരെന്ന് തെളിഞ്ഞപ്പോൾ ഉടനടി അവൻ അവരെ ഉപേക്ഷിച്ചു കളഞ്ഞില്ല. അവൻ അവരോടു പറഞ്ഞതുപോലെ: “ഞാൻ എന്റെ പ്രവാചകൻമാരായ സകല ദാസൻമാരെയും നിങ്ങളുടെ അടുക്കലേയ്ക്കു അയച്ചുകൊണ്ടിരുന്നു, ദിവസവും നേരത്തെ എഴുന്നേററ് അവരെ അയച്ചു കൊണ്ടിരുന്നു.” എന്നാൽ അവർ ശ്രദ്ധിച്ചില്ല. (യിരെമ്യാവ് 7:25, 26) യെരുശലേമിന്റെ നാശത്തിന്റെ സമയമടുത്തപ്പോൾ പോലും യഹോവ പറഞ്ഞു: “ദുഷ്ടനായ ആരെങ്കിലും തന്റെ വഴികളിൽ നിന്ന് പിന്തിരിഞ്ഞ് തുടർന്നു ജീവിക്കണമെന്നല്ലാതെ . . . അവന്റെ മരണത്തിൽ ഞാൻ അല്പമെങ്കിലും സന്തോഷിക്കുന്നുണ്ടോ? . . . അതുകൊണ്ട് ജനങ്ങളെ ഒരു മനസ്സുതിരിവിന് ഇടയാക്കിക്കൊണ്ട് തുടർന്നു ജീവിച്ചിരിക്കുക.”—യെഹെസ്ക്കേൽ 18:23, 32.
10. ക്ഷമയുളളവനാണെന്നുളളതിന് പുറമേ ഈ ബൈബിൾ വിവരണങ്ങൾ ദൈവത്തെ സംബന്ധിച്ച് നമ്മെ എന്തു പഠിപ്പിക്കുന്നു?
10 അപ്പോൾ നാം എന്താണ് കാണുന്നത്? നീതിസ്വഭാവമുളള ആളുകളുടെ ഹൃദയത്തെ ആഴമായി സ്പർശിക്കുന്ന ഒരു വിധത്തിൽ യഹോവ മനുഷ്യവർഗ്ഗത്തോടുളള തന്റെ മഹാക്ഷമയെ വ്യക്തമാക്കിയിരിക്കുന്നു എന്നതു തന്നെ. അതേ സമയം അവന്റെ ഇടപെടലുകൾ അവന്റെ നീതിസ്നേഹവും അവന്റെ നിബന്ധനകളോടുളള ചേർച്ചയിൽ നാം ജീവിക്കുന്നതിന്റെ പ്രാധാന്യവും നമ്മെ ശക്തമായ രീതിയിൽ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്നു.
11. (എ) യഹോവ ഏദനിൽ വച്ച് എന്ത് ഉദ്ദേശ്യപ്രസ്താവന ചെയ്തു? (ബി) ദൈവം അന്നുമുതൽ എന്തു ചെയ്തുകൊണ്ടാണിരുന്നിട്ടുളളത്?
11 വളരെ അടിസ്ഥാനപരമായ മറെറാരു സംഗതിയും കൂടെ മുന്തി നിൽക്കുന്നു. ദൈവത്തിന് താൻ ചെയ്തിട്ടുളള സകല കാര്യങ്ങൾക്കും ഒരു ഉദ്ദേശ്യം ഉണ്ടായിരുന്നിട്ടുണ്ട് എന്ന് ആദിമുതൽ തന്നെ വ്യക്തമാക്കുന്നു. തന്റെ ഉദ്ദേശ്യ നിവർത്തി പ്രവർത്തനം ആവശ്യമാക്കിത്തീർത്തപ്പോൾ അവൻ പ്രവർത്തിക്കുന്നതിൽ ഒട്ടും പരാജയപ്പെട്ടിട്ടുമില്ല. ഈ അടിസ്ഥാനപരമായ ഉദ്ദേശ്യം ഏദെനിൽ വച്ചുതന്നെ പ്രഖ്യാപിക്കപ്പെട്ടു. സാത്താന്റെ മേലുളള ന്യായവിധി ഉച്ചരിച്ചപ്പോൾ അവന് തന്റെ സ്വഭാവ വിശേഷങ്ങൾ പ്രകടമാക്കുന്നവരും തന്നെ പിൻതാങ്ങുന്നവരുമായവരുടേതായ ഒരു “സന്തതി”യെ ഉല്പാദിപ്പിക്കാൻ അവസരം ഉണ്ടായിരിക്കുമെന്ന് യഹോവ മുൻകൂട്ടിപ്പറഞ്ഞു. നീതിയുളള രക്ഷകനായ മറെറാരു “സന്തതി”യെ ഉല്പാദിപ്പിക്കുന്നതിനെക്കുറിച്ചും അവൻ മുൻകൂട്ടിപ്പറഞ്ഞു. ഇവൻ “പിശാചും സാത്താനും എന്നു വിളിക്കപ്പെടുന്ന ആദ്യപാമ്പി”നെ മാരകമായി മുറിവേൽപ്പിക്കുകയും അവന്റെ നാശകരമായ ഭരണത്തിൻ കീഴിൽ നിന്ന് മനുഷ്യവർഗ്ഗത്തെ മോചിപ്പിക്കുകയും ചെയ്തു. (ഉല്പത്തി 3:15, വെളിപ്പാട് 12:9) ഈ ഉദ്ദേശ്യപ്രഖ്യാപനം നടത്തിയശേഷം വാഗ്ദത്ത “സന്തതി”യിൻ കീഴിലെ ഭൂമിയിലെ കാര്യാദികളുടെ പിൽക്കാലഭരണത്തിനുളള സുനിശ്ചിതമായ ഒരുക്കങ്ങൾ ചെയ്യാൻ തുടങ്ങി. നാം കാണാൻ പോകുന്നതുപോലെ ഈ ഒരുക്കവേലയ്ക്കു സമയമെടുക്കും.
അവൻ പുരാതന യിസ്രായേലുമായി പ്രത്യേകം ഇടപെട്ടതിന്റെ കാരണം
12, 13. (എ) ദൈവം യിസ്രായേലിനെ തെരഞ്ഞെടുക്കുകയും ആ ഒരു ജനതയ്ക്കു മാത്രം തന്റെ നിയമങ്ങൾ കൊടുക്കുകയും ചെയ്തതെന്തുകൊണ്ട്? (ബി) അതുകൊണ്ട് യിസ്രായേലിന്റെ ചരിത്രത്തിൽനിന്നും മററു ജനതകളുടെ ചരിത്രത്തിൽനിന്നും നമുക്ക് എന്തു പഠിക്കാൻ കഴിയും?
12 ഇന്നത്തെ ജനതകൾ ആസ്തിക്യത്തിൽ വരുന്നതിന് ദീർഘനാൾ മുമ്പേ ദൈവം ശതക്കണക്കിന് വർഷങ്ങളിൽ തന്റെ സ്വന്തജനം എന്നനിലയിൽ അവൻ ഉപയോഗിച്ച ഒരു ജനതയെ തെരഞ്ഞെടുത്തു. എന്തിന്? തന്റെ നീതിയുളള തത്വങ്ങൾ പ്രാവർത്തികമാക്കുന്നതിന്റെ ഒരു സജീവ ദൃഷ്ടാന്തം നൽകാൻ. ആ ജനത, പുരാതന യിസ്രായേൽ സ്രഷ്ടാവിൽ വലിയ വിശ്വാസം പ്രകടമാക്കിയ അബ്രഹാമിന്റെ സന്തതികൾ ചേർന്നുണ്ടായതായിരുന്നു. അവരോടു യഹോവ പറഞ്ഞു: “യഹോവ നിങ്ങളെ തെരഞ്ഞെടുക്കത്തക്കവണ്ണം നിങ്ങളോടു പ്രിയം കാണിച്ചത് നിങ്ങൾ സകല ജനങ്ങളിലും വച്ച് ജനപ്പെരുപ്പമുളളവരായിരുന്നതുകൊണ്ടല്ലായിരുന്നു. എന്തുകൊണ്ടെന്നാൽ നിങ്ങൾ സകല ജനങ്ങളിലും വച്ച് ഏററവും ചെറിയവരായിരുന്നു. എന്നാൽ യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും, അവൻ നിങ്ങളുടെ പൂർവ്വപിതാക്കൻമാരോട് ആണയിട്ടിരുന്ന ആണയിട്ട പ്രസ്താവന പാലിക്കുന്നതുകൊണ്ടുമായിരുന്നു അത്.”—ആവർത്തനം 7:7, 8; 2 രാജാക്കൻമാർ 13:23.
13 ഈജിപ്ററിലെ അടിമത്തത്തിൽ നിന്ന് അവരെ വിടുവിച്ചശേഷം തന്നോടുളള ഒരു പ്രത്യേക ബന്ധത്തിലേയ്ക്കു അവരെ വരുത്തുന്നതിന് യഹോവ തയ്യാറായി. അവർ മറുപടി പറഞ്ഞു: “യഹോവ പറഞ്ഞിരിക്കുന്നതെല്ലാം ചെയ്യാൻ ഞങ്ങൾ മനസ്സൊരുക്കമുളളവരാണ്.” (പുറപ്പാട് 19:8) അനന്തരം തന്റെ നീതിയുളള നിലവാരങ്ങൾ സംബന്ധിച്ച് വിശദമായ വിവരങ്ങൾ നൽകുകയും അവരെ മററു ജനതകളിൽ നിന്ന് വേർതിരിക്കുകയും ചെയ്തുകൊണ്ട് യഹോവ അവർക്ക് തന്റെ നിയമങ്ങൾ കൊടുത്തു. (ആവർത്തനം 4:5-8) അതുകൊണ്ട് പുരാതന യിസ്രായേലിന്റെ ചരിത്രം ദൈവത്തിന്റെ നീതിയുളള നിയമങ്ങൾ അനുസരിക്കുകയോ അനുസരിക്കാതിരിക്കുകയോ ചെയ്യുമ്പോൾ എന്തു സംഭവിക്കുന്നു എന്നതിന്റെ ഒരു രേഖ നൽകുന്നു. അതേ സമയം മററു ജനതകളുടെ ചരിത്രം ദൈവത്തിന്റെ നിയമം ഇല്ലാതെ ജീവിക്കുന്നവരുടെ അനുഭവം വെളിപ്പെടുത്തുന്നു.
14. (എ) യിസ്രായേല്യേതര ജനതകളുടെ കാര്യങ്ങളിൽ ഇടപെടാഞ്ഞതിനാൽ ദൈവം അവരോട് തെററു ചെയ്തുവോ? (ബി) എന്നിട്ടും, അവർ ദൈവത്തിന്റെ അനർഹദയയിൽ നിന്ന് പ്രയോജനമനുഭവിച്ചതെങ്ങനെ?
14 ആ മററു ജനതകളെ സംബന്ധിച്ചെന്ത്? അവർ തങ്ങളുടെ സ്വന്തം ഭരണരീതികൾ തെരഞ്ഞെടുത്തുകൊണ്ട് സ്വന്ത വഴിയെ പോയി. അവയിലെ ജനങ്ങൾ തങ്ങളുടെ ജീവിതത്തിൽ ഒട്ടും നൻമയില്ലാത്തവരായിരുന്നില്ല. അവർക്ക് അപ്പോഴും മനസ്സാക്ഷിയുടെ പ്രാപ്തിയുണ്ടായിരുന്നു. ഇതു തങ്ങളുടെ സഹമനുഷ്യരോടു ചിലപ്പോൾ മനുഷ്യത്വപരമായ താല്പര്യത്തോടെ പ്രവർത്തിക്കാൻ അവരെ പ്രേരിപ്പിച്ചു. (റോമർ 2:14; പ്രവൃത്തികൾ 28:1, 2) എന്നാൽ അവരുടെ പാപത്തിന്റെ പൈതൃകാവകാശവും ദിവ്യമാർഗ്ഗനിർദ്ദേശത്തിന്റെ നിരസനവും ക്രൂരമായ യുദ്ധങ്ങളിലേയ്ക്കും ദുഷിച്ച നടപടികളിലേയ്ക്കും നയിച്ച ഒരു സ്വാർത്ഥാന്വേഷണ ഗതി അവർ പിന്തുടരാൻ ഇടയാക്കി. (എഫേസ്യർ 4:17-19) അവർതന്നെ തെരഞ്ഞെടുത്ത ഒരു ജീവിതഗതി വരുത്തിയ കഷ്ടപ്പാടുകൾക്ക് തീർച്ചയായും ദൈവത്തെ ഉത്തരവാദിയാക്കാൻ കഴിയുമായിരുന്നില്ല. മാനുഷപ്രവർത്തനങ്ങൾ തന്റെ ഉദ്ദേശ്യങ്ങളുടെ സാക്ഷാത്ക്കാരത്തിന് എതിരായിവന്ന സന്ദർഭങ്ങളിൽ മാത്രമായിരുന്നു ദൈവം ഇടപ്പെട്ടത്. അതേസമയം ജീവിതാസ്വാദനത്തിലും സൃഷ്ടിയിലെ സൗന്ദര്യത്തിലും ഭൂമിയിലെ ഫലങ്ങളിലും ഒരു പങ്കുണ്ടായിരിക്കുന്നതിന് ദൈവം ദയാപൂർവ്വം അവരെ അനുവദിച്ചു.—പ്രവൃത്തികൾ 14:16, 17.
15. ഈ ജനതകളിലെ ആളുകളുടെ അന്തിമ അനുഗ്രഹത്തിനുവേണ്ടി ദൈവം എന്തു ക്രമീകരണങ്ങൾ പ്രാവർത്തികമാക്കിക്കൊണ്ടിരുന്നു?
15 ഒടുവിൽ, അബ്രഹാമിന്റെ “സന്തതി” മുഖാന്തരം വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്ന അനുഗ്രഹങ്ങൾ പ്രാപിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതിൽ നിന്നും ദൈവം ഈ ജനതകളിലെ ആളുകളെ മാററി നിറുത്തിയില്ല. അബ്രഹാമിന്റെ വംശത്തിലൂടെ വരാനിരിക്കുന്ന “സന്തതി”യെ സംബന്ധിച്ച് യഹോവ പറഞ്ഞു: “നീ എന്റെ ശബ്ദം കേട്ടനുസരിച്ചിരിക്കുന്നു എന്ന വസ്തുത നിമിത്തം ഭൂമിയിലെ സകല ജനതകളും തീർച്ചയായും തങ്ങളെത്തന്നെ അനുഗ്രഹിക്കും.” (ഉല്പത്തി 22:18) അതുകൊണ്ട് യഹോവ യിസ്രായേൽ ജനത്തോട് മാത്രമായി ഇടപെടുകയായിരുന്നെങ്കിലും പിന്നീട് സകല ജനതകളെയും, അവർ അതു തിരിച്ചറിഞ്ഞിരുന്നില്ലെങ്കിലും ഒരുപോലെ അനുഗ്രഹിക്കാനുളള തന്റെ ഉദ്ദേശ്യം പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുകയായിരുന്നു.—പ്രവൃത്തികൾ 10:34, 35.
16. (എ) ഈ കാലമെല്ലാം സന്തതിയെക്കുറിച്ചുളള വാഗ്ദത്തത്തോടുളള ബന്ധത്തിൽ ദൈവം എന്തുചെയ്തുകൊണ്ടിരിക്കുകയായിരുന്നു? (ബി) ആ വാഗ്ദത്ത സന്തതി ആരാണെന്ന് തെളിഞ്ഞു?
16 യഹോവ പുരാതന യിസ്രായേലുമായി ഇടപെട്ടിരുന്ന കാലത്ത് പിൽക്കാലത്ത് അബ്രഹാമിന്റെ വാഗ്ദത്തസന്തതി വന്നെത്തുമ്പോൾ അവനെ എങ്ങനെ തിരിച്ചറിയാം എന്നതിനെ സംബന്ധിച്ച് നിരവധി പ്രവചനങ്ങൾ നൽകി. ഇവ വിശ്വാസികളായ മനുഷ്യരുടെ ഒരു ജീവൽ പ്രധാനമായ ആവശ്യം നിറവേററി. യഹൂദയുടെ ഗോത്രത്തിലൂടെയും ദാവീദിന്റെ ഭവനത്തിലൂടെയുമുളള അവന്റെ കുടുംബാവലി പോലും പ്രത്യേകം എടുത്തു പറയപ്പെട്ടു. (ഉല്പത്തി 49:10; സങ്കീർത്തനം 89:35, 36) അവന്റെ ജനനസ്ഥലം ബേത്ലഹേം, പേരെടുത്തു പറയപ്പെട്ടിരുന്നു. (മീഖാ 5:2) നൂററാണ്ടുകൾക്കുമുമ്പേ തന്നെ അവൻ മശിഹയായി അഭിഷേകം ചെയ്യപ്പെടുന്ന വർഷം സൂചിപ്പിക്കപ്പെട്ടു. (ദാനിയേൽ 9:24-27) മനുഷ്യവർഗ്ഗത്തിനുവേണ്ടിയുളള അവന്റെ പൗരോഹിത്യസേവനം മുൻനിഴലാക്കപ്പെട്ടു. അതുപോലെ സകല ജനതകളിലെയും ആളുകൾക്ക് നിത്യജീവന്റെ അവസരം തുറന്നു കൊടുത്ത അവന്റെ തന്നെ ബലിയും. (എബ്രായർ 9:23-28) അപ്രകാരം നിയമിതസമയം വന്നെത്തിയപ്പോൾ, ആരിലൂടെ മനുഷ്യവർഗ്ഗത്തിന് ഒടുവിൽ അനുഗ്രഹം കൈവരുമോ ആ വാഗ്ദത്ത സന്തതിയായി സകലതും, തെററു പററാത്തവണ്ണം യേശുക്രിസ്തുവിനെ തിരിച്ചറിയിച്ചു.—ഗലാത്യർ 3:16, 24; 2 കൊരിന്ത്യർ 1:19,20.
മനുഷ്യവർഗ്ഗത്തിനുവേണ്ടി ഭരണാധികാരികളെ ഒരുക്കൽ
17. യേശു മുഖാന്തരം ദൈവം എന്തു കൈവരുത്താൻ പോകുകയായിരുന്നു, ഇത് അവന്റെ ജനന സമയത്ത് എങ്ങനെ ഊന്നിപ്പറയപ്പെട്ടു?
17 യേശുവിന്റെ ജനനത്തിനു മുമ്പ് അവന് എന്നേയ്ക്കും നിലനിൽക്കുന്ന ഒരു രാജ്യം നൽകപ്പെടുമെന്ന് അവന്റെ അമ്മയായ മറിയയോട് ഒരു ദൂതൻ പറഞ്ഞു. ബേത്ലഹേമിനടുത്തുണ്ടായിരുന്ന ഇടയൻമാർക്ക് അവന്റെ ജനനത്തെക്കുറിച്ച് അറിവു കൊടുക്കപ്പെട്ടു. അപ്പോൾ സ്വർഗ്ഗത്തിലെ സൈന്യങ്ങളുടെ ഒരു സമൂഹം ദൈവത്തെ സ്തുതിക്കുന്നതും “മീതെ ഉന്നതങ്ങളിൽ ദൈവത്തിനു മഹത്വവും ഭൂമിയിൽ സൻമനസ്സുളളവർക്കിടയിൽ സമാധാനവും” എന്നു പറയുന്നതും അവർ കേട്ടു.—ലൂക്കോസ് 1:31-33; 2:10-14.
18. (എ) ഭൂമിയിലെ അവന്റെ അനുഭവം രാജാവും പുരോഹിതനുമെന്നുളള അവന്റെ ഉദ്യോഗങ്ങൾക്ക് അവനെ ഏതുവിധത്തിൽ ഒരുക്കി? (ബി) അവന്റെ മരണത്തിന് സമാധാനം നേടുന്നതിൽ എന്തു ഫലമുണ്ടായിരുന്നു?
18 ഈ ഭാവി സ്വർഗ്ഗീയരാജാവ് ഭൂമിയിൽ ജീവിച്ചതിന്റെ പ്രയോജനങ്ങൾ പരിചിന്തിക്കുക. ഒരു മനുഷ്യനെന്നനിലയിൽ മനുഷ്യവർഗ്ഗത്തിന്റെ പ്രശ്നങ്ങൾ ഗ്രഹിക്കാനും അറിയാനുമിടയായി. അവരുടെ സങ്കടങ്ങളിൽ പങ്കുചേർന്നുകൊണ്ടും വ്യക്തിപരമായി കഷ്ടപ്പാട് അനുഭവിച്ചുകൊണ്ടും അവൻ അവരോടുകൂടി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. അതികഠിനമായ പരിശോധനകളിൻ കീഴിൽ അവൻ യഹോവയോടുളള തന്റെ വിശ്വസ്തതയും നീതിസ്നേഹവും തെളിയിച്ചു. ഇത്തരത്തിൽ ഒരു ഗ്രാഹ്യമുളള രാജാവും മനുഷ്യവർഗ്ഗത്തിന് ജീവദായകമായ പ്രയോജനം പ്രദാനം ചെയ്യാനുളള മഹാപുരോഹിതനുമെന്ന നിലയിൽ ദൈവം യേശുവിനെ ഒരുക്കുകയായിരുന്നു. (എബ്രയാർ 1:9; 4:15; 5:8-10) കൂടാതെ തന്റെ സ്വന്തം ജീവൻ ബലിയർപ്പിക്കുക വഴി യേശുക്രിസ്തു മനുഷ്യവർഗ്ഗത്തിന് ദൈവവുമായി സമാധാനപൂർവ്വകമായ ഒരു ബന്ധം വീണ്ടെടുക്കുന്നതിന് വഴിതുറന്നു—1 പത്രോസ് 3:18.
19. (എ) യേശു പുനരുത്ഥാനം ചെയ്തുവെന്നും സ്വർഗ്ഗാരോഹണം ചെയ്തുവെന്നും നാം എങ്ങനെ അറിയുന്നു? (ബി) സ്വർഗ്ഗത്തിലേക്കു തിരികെ പോയശേഷം അവൻ തന്റെ രാജത്വം സംബന്ധിച്ച് എന്തു ചെയ്തു?
19 യേശുവിന്റെ മരണശേഷം ദൈവം അവനെ വീണ്ടും ജീവനിലേയ്ക്കുയിർപ്പിക്കുകയും യഥാർത്ഥത്തിൽ പുനരുത്ഥാനം നടന്നു എന്ന് സാക്ഷ്യപ്പെടുത്താൻ കഴിയുന്ന 500-ൽ അധികം മാനുഷസാക്ഷികൾ അവനെ കാണുകയും ചെയ്തു. (1 കൊരിന്ത്യർ 15:3-8) യേശു പുനരുത്ഥാനപ്പെട്ട് 40 ദിവസം കഴിഞ്ഞശേഷം അവൻ സ്വർഗ്ഗത്തിലേയ്ക്കു ആരോഹണം ചെയ്യുകയും അവനെ നോക്കിക്കൊണ്ടു നിന്ന ശിഷ്യൻമാരുടെ കാഴ്ചയിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. (പ്രവൃത്തികൾ 1:9) സ്വർഗ്ഗത്തിൽനിന്ന് അവൻ തന്റെ വിശ്വസ്തരായ അനുഗാമികളുടെമേൽ തന്റെ രാജത്വം പ്രയോഗിച്ചുതുടങ്ങി, അവന്റെ ഭരണത്തിന്റെ പ്രയോജനങ്ങൾ മനുഷ്യവർഗ്ഗത്തിൽ ശേഷം ഉളളവരിൽ നിന്ന് വ്യത്യസ്തരായി അവർ മുന്തിനിൽക്കാനിടയാക്കി. എന്നാൽ ഇപ്പോൾ അവൻ ജനതകളെ ഭരിച്ചുതുടങ്ങാനുളള സമയമായിരുന്നോ? ഇല്ല, കാരണം ദൈവത്തിന്റെ മഹത്തായ പരിപാടിയിലെ മററുകാര്യങ്ങൾക്ക് ശ്രദ്ധകൊടുക്കേണ്ടതാവശ്യമായിരുന്നു.—എബ്രായർ 10:12, 13.
20. ഭൂമിയിലെ തന്റെ ശിഷ്യൻമാർക്കുവേണ്ടി യേശു ഏതു പുതിയ വേല ആരംഭിച്ചു?
20 ഭൂവ്യാപകമായി ഒരു വലിയ വേല ചെയ്യപ്പെടേണ്ടതുണ്ടായിരുന്നു. യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും മുമ്പ് യിസ്രായേല്യർ ആരും മററു ജനതകളിലെ ആളുകളെ മതപരിവർത്തനം ചെയ്യിക്കാൻ പ്രസംഗകരെന്നനിലയിൽ പുറപ്പെട്ടിരുന്നില്ല. എന്നാൽ യഹോവയുടെ ആരാധകരായിരിക്കാൻ ആഗ്രഹിച്ച ഏതൊരാൾക്കും യിസ്രായേല്യരോടൊപ്പം എല്ലായ്പ്പോഴും അനുഗ്രഹങ്ങളിൽ പങ്കുപററാൻ കഴിയുമായിരുന്നു. (1 രാജാക്കൻമാർ 8:41-43) എന്നാൽ ക്രിസ്ത്യാനിത്വത്തിന്റെ ആഗമനം പുതിയ ഒരു പ്രസ്ഥാനത്തിന് തുടക്കമിട്ടു. യേശുക്രിസ്തുതന്നെ ഒരു ദൃഷ്ടാന്തം വയ്ക്കുകയും തന്റെ സ്വർഗ്ഗാരോഹണത്തിനു മുൻപ് ശിഷ്യൻമാരോടിങ്ങനെ പറഞ്ഞുകൊണ്ട് അവർക്ക് ഒരു പൈതൃകം വെച്ചേച്ചു പോവുകയും ചെയ്തു. “യെരൂശലേമിലും യഹൂദ്യമുഴുവനിലും ശമര്യയിലും ഭൂമിയുടെ അതിവിദൂര ഭാഗത്തോളവും നിങ്ങൾ എന്റെ സാക്ഷികൾ ആയിരിക്കും.”—പ്രവൃത്തികൾ 1:8.
21. ലോക പരിവർത്തനത്തിന് പകരം, ആ സാക്ഷ്യത്താൽ ദൈവം എന്തു സാധിക്കുകയായിരുന്നു?
21 ലോകത്തെ മുഴുവൻ മതപരിവർത്തനം ചെയ്യിക്കുകയായിരുന്നോ ലക്ഷ്യം? അല്ലായിരുന്നു, മറിച്ച്, “വ്യവസ്ഥിതിയുടെ സമാപനം” വരെയുളള കാലത്ത് പ്രമുഖമായും “രാജ്യത്തിന്റെ പുത്രൻമാരുടെ” ഒരു കൂട്ടിച്ചേർപ്പ് ഉണ്ടായിരിക്കും എന്ന് യേശു പ്രകടമാക്കി. അതെ, വരാൻ പോകുന്ന രാജ്യഭരണത്തിലെ ശേഷം അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതുണ്ടായിരുന്നു. (മത്തായി 13:24-30, 36-43) പൊ. യു. 33-ലെ പെന്തെക്കോസ്തു മുതൽ യേശുക്രിസ്തുവിനോടുകൂടെ സ്വർഗ്ഗീയ രാജ്യഭരണത്തിൽ പങ്കുകാരായിത്തീരാനുളള മററുളളവർ ക്ഷണിക്കപ്പെട്ടുകൊണ്ടിരുന്നു എന്ന് ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ വായിക്കുന്ന ഏതൊരാൾക്കും നിഷ്പ്രയാസം കാണാൻ കഴിയും.—2 തിമൊഥെയോസ് 2:12; എബ്രായർ 3:1; 1 പത്രോസ് 1:3, 4.
22. (എ) സ്വർഗ്ഗീയ രാജ്യത്തിന്റെ ഈ ഭാവി അവകാശികളിൽ ഏതു ഗുണങ്ങൾ ദൈവം ആവശ്യപ്പെട്ടു? (ബി) അതുകൊണ്ട് തെരഞ്ഞെടുപ്പ് ധൃതഗതിയിൽ നടത്തപ്പെട്ടോ?
22 മനുഷ്യവർഗ്ഗത്തിന്റെ ഈ ഭാവി സഹഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതിന് സമയമെടുക്കും. എന്തുകൊണ്ട്? അതിനുളള അവസരം സകല ജനതകളിലെയും ആളുകൾക്ക് നീട്ടിക്കൊടുക്കേണ്ടതായിരുന്നു എന്നതാണ് ഒരു സംഗതി. അനേകർ അതിനെ പിടിച്ചുകൊളളുന്നതായി അവകാശപ്പെട്ടുവെന്നിരിക്കെ ദൈവപുത്രന്റെ വിശ്വസ്താനുഗാമികളെന്ന് വളരെ ചുരുക്കം പേരെ തെളിയിച്ചുളളു. (മത്തായി 22:14) അവർ ഉന്നതമായ നിലവാരങ്ങളിൽ എത്തേണ്ടിയിരുന്നു. പുരാതന യിസ്രായേല്യരെപ്പോലെ ക്രിസ്ത്യാനികൾ ഒരു പ്രത്യേക ദേശീയ സംഘമായിരുന്നിട്ടില്ലെങ്കിലും മറെറാരു ജീവിതരീതിയ്ക്കുവേണ്ടി വാദിക്കുന്ന പരദേശികളെപ്പോലെ അവർ വീക്ഷിക്കപ്പെട്ടിട്ടുണ്ട്. (1 പത്രോസ് 2:11, 12) തങ്ങൾക്കു ചുററുമുളള ലോകത്തിന്റെ ധർമ്മവിരുദ്ധവും ദുഷിച്ചതുമായ നടപടികളിൽനിന്ന് ശുദ്ധിയുളളവരായി തങ്ങളെത്തന്നെ സൂക്ഷിക്കേണ്ടതാണ്. (1 കൊരിന്ത്യർ 6:9, 10) “ദൈവത്തിന്റെ യഥാർത്ഥ പുത്രൻമാരാ”യിരിക്കുന്നതിന് ജനതകളുടെ യുദ്ധങ്ങളിൽ പങ്കുചേരാതെയും തങ്ങളുടെ വിശ്വാസത്തെ പ്രതി പീഡിപ്പിക്കപ്പെടുമ്പോൾ പ്രതികാരം ചെയ്യാതെയും തങ്ങൾ “സമാധാനപ്രിയർ” ആണെന്ന് തെളിയിക്കേണ്ടതാണ്. (മത്തായി 5:9; 26:52; റോമർ 12:18, 19) ബൈബിളിൽ ‘മൃഗങ്ങളാ’യി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന രാഷ്ട്രീയ ഗവൺമെൻറുകൾക്കുവേണ്ടി വാദിക്കാൻ വിസമ്മതിച്ചുകൊണ്ട് ദൈവത്തിന്റെ ഭരണത്തോടുളള വിശ്വസ്തത അവർ പ്രകടമാക്കണം. (വെളിപ്പാട് 20:4, 6) ഇതെല്ലാം നിമിത്തവും ദൈവത്തിന്റെ അഭിഷിക്ത രാജാവെന്നനിലയിൽ അവർ യേശുക്രിസ്തുവിന്റെ നാമത്തെ ഉയർത്തിപ്പിടിച്ചിരിക്കുന്നതിനാലും അവർ “സകല ജനതകളാലുമുളള വിദ്വേഷ”ത്തിന്റെ ലക്ഷ്യങ്ങളായിരിക്കുന്നു. (മത്തായി 24:9) അതുകൊണ്ട് ക്രിസ്തുവിനോടുകൂടി മനുഷ്യവർഗ്ഗത്തിന്റെ സഹഭരണാധികാരികളായിരിക്കാനുളളവർ തിടുക്കത്തിൽ തെരഞ്ഞെടുക്കപ്പെട്ടില്ല.
23. (എ) ക്രിസ്തുവിനോടുകൂടെയുളള ആ സ്വർഗ്ഗീയ ഭരണസംഘത്തിൽ എത്ര പേരുണ്ടായിരിക്കേണ്ടതാണ്? (ബി) അവർ ആരുടെയിടയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു, എന്തുകൊണ്ട്?
23 തെരഞ്ഞെടുക്കപ്പെടേണ്ടവരുടെ എണ്ണം വലുതായിരുന്നതു കൊണ്ടല്ല ഇത്ര ദീർഘമായ സമയമെടുത്തത്. തിരുവെഴുത്തുകളനുസരിച്ച് ദൈവം യേശുക്രിസ്തുവിൻ കീഴിലെ ഈ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളുടെ എണ്ണം 1,44,000 മാത്രമായി പരിമിതപ്പെടുത്തി. (വെളിപ്പാട് 14:1-3) എന്നാൽ ദൈവം അവരെ വളരെ ശ്രദ്ധാപൂർവ്വം തെരഞ്ഞെടുത്തിരിക്കുന്നു. അവർ “സകല ഗോത്രങ്ങളിൽ നിന്നും ഭാഷകളിൽ നിന്നും ജനങ്ങളിൽനിന്നും രാഷ്ട്രങ്ങളിൽ നിന്നുമായി” എടുക്കപ്പെട്ടിരിക്കുന്നു. (വെളിപ്പാട് 5:9, 10) അവർക്കിടയിൽ എല്ലാ ജീവിതതുറകളിൽ നിന്നുമുളളവർ, സ്ത്രീകളും, പുരുഷൻമാരും, മനുഷ്യവർഗ്ഗത്തിന്റെ എല്ലാത്തരം പ്രശ്നങ്ങളും അഭിമുഖീകരിച്ചിട്ടുളളവർ, ഉണ്ട്. പുതിയ ക്രിസ്തീയ വ്യക്തിത്വം ധരിക്കാനുളള ശ്രമത്തിൽ അവരിൽ ചിലർ അഭിമുഖീകരിക്കുകയും തരണം ചെയ്യുകയും ചെയ്തിട്ടില്ലാത്ത ഒരു പ്രശ്നവും ഇല്ല. (എഫേസ്യർ 4:22-24; 1 കൊരിന്ത്യർ 10:13) ഇതിൽ നമുക്ക് എത്ര സന്തുഷ്ടരായിരിക്കാൻ കഴിയും! എന്തുകൊണ്ട്? കാരണം അതു നിത്യജീവനുവേണ്ടിയുളള ദൈവത്തിന്റെ കരുതലിൽനിന്നും സകലതരം സ്ത്രീപുരുഷൻമാരും പ്രയോജനമനുഭവിക്കുന്നതിന് അവരെ സഹായിക്കാൻ കഴിയുന്ന സഹാനുഭൂതിയും കരുണയുമുളള രാജാക്കൻമാരും പുരോഹിതൻമാരുമായിരിക്കും അവരെന്ന് ഉറപ്പു നൽകുന്നു.
24. ഈ കാലത്ത് ജീവിക്കുകയും മരിക്കുകയും ചെയ്ത മററു ലക്ഷോപലക്ഷം—അവരിൽ അനേകർ ബൈബിളിനേക്കുറിച്ച് അജ്ഞരായിരുന്നു—ആളുകളെ സംബന്ധിച്ചെന്ത്?
24 ഈ ക്രമീകരണത്തിന് പുറത്തുളള മനുഷ്യവർഗ്ഗത്തെ സംബന്ധിച്ചെന്ത്? ഇക്കാലമത്രയും ദൈവം ഭൂമിയിലെ വിവിധ ഗവൺമെൻറുകളുടെ കാര്യത്തിൽ ഇടപെട്ടിരുന്നില്ല. അവർതന്നെ തെരഞ്ഞെടുക്കുന്ന വഴിയെ നടക്കാൻ അവൻ മനുഷ്യരെ അനുവദിച്ചു. തീർച്ചയായും ദശലക്ഷക്കണക്കിനാളുകൾ ഇവിടെ ജീവിച്ചു മരിച്ചുപോയിട്ടുണ്ട്. അവരിൽ അനേകരും ബൈബിളിനെപ്പററിയോ ദൈവരാജ്യത്തെപ്പററിയോ ഒരിക്കലും കേട്ടിട്ടില്ല. എന്നാൽ ദൈവം അവരെ മറന്നുകളഞ്ഞിട്ടില്ല. അവൻ അപ്പോസ്തലനായ പൗലോസ് പറഞ്ഞ ആ കാലത്തിനുവേണ്ടി ഒരുങ്ങുകയായിരുന്നു: “നീതിമാൻമാരുടെയും നീതികെട്ടവരുടെയും ഒരു പുനരുത്ഥാനം ഉണ്ടാകാൻ പോകുന്നു എന്ന് . . . ഞാൻ ദൈവത്തിങ്കൽ പ്രത്യാശ വച്ചിരിക്കുന്നു.” (പ്രവൃത്തികൾ 24:15) അനന്തരം ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിലെ അനുകൂലസാഹചര്യങ്ങളിൽ യഹോവയുടെ വഴികളെപ്പററി പഠിക്കാൻ അവർക്ക് ധാരാളം അവസരം ലഭിക്കും. അതിനെ അടിസ്ഥാനമാക്കി അഖിലാണ്ഡ പരമാധികാരത്തിന്റെ വിവാദ പ്രശ്നത്തിൽ അവർക്ക് വ്യക്തിപരമായ ഒരു നിലപാടെടുക്കാൻ കഴിയും. നീതിയെ സ്നേഹിക്കുന്നവർക്ക് എന്നേയ്ക്കും ജീവിക്കുന്നതിനുളള അവസരം നൽകപ്പെടും.
“അന്ത്യം” അടുത്തുവരുമ്പോൾ
25, 26. (എ) തക്കസമയത്ത് ക്രിസ്തുവിന് കൂടുതലായ എന്തധികാരം കൊടുക്കപ്പെടും, അവൻ ആർക്കെതിരായി നടപടിസ്വീകരിക്കും? (ബി) ഇത് ഭൂമിയിലെ അവസ്ഥകളെ എങ്ങനെ ബാധിക്കും?
25 ആ നൂതന ക്രമത്തിന്റെ ആഗമനത്തിനു മുമ്പ് പുളകപ്രദമായ സംഭവങ്ങൾ നടക്കേണ്ടിയിരുന്നു. ലോകകാര്യങ്ങളിലെ ഒരു സുപ്രധാനമായ മാററം ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. അപ്പോൾ യേശുക്രിസ്തു കേവലം തന്റെ ശിഷ്യൻമാരുടെമേൽ മാത്രം ഭരണം നടത്തുന്നതിനല്ല പിന്നെയോ മുഴുലോകത്തിൻമേലും നടപടി എടുക്കുന്നതിനുളള അധികാരത്തോടെ സിംഹാസനസ്ഥനാക്കപ്പെടും. സ്വർഗ്ഗത്തിൽ ഈ വിളംബരം ചെയ്യപ്പെടും: “ലോകരാജ്യം നമ്മുടെ കർത്താവിന്റെയും അവന്റെ ക്രിസ്തുവിന്റെയും രാജ്യമായിത്തീരുകതന്നെ ചെയ്തു, അവൻ എന്നുമെന്നേയ്ക്കും രാജാവായി ഭരിക്കും.” (വെളിപ്പാട് 11:15) രാജാവിന്റെ ആദ്യനീക്കം “ഈ ലോക ഭരണാധികാരി”യായ പിശാചായ സാത്താനും അവന്റെ ഭൂതങ്ങൾക്കും എതിരായിതന്നെ ആയിരിക്കും. (യോഹന്നാൻ 14:30) ഈ ദുഷ്ടശക്തികൾ സ്വർഗ്ഗത്തിൽനിന്ന് കീഴ്പ്പോട്ടെറിയപ്പെടുകയും ഭൂമിയുടെ പരിസരത്ത് ഒതുക്കി നിർത്തപ്പെടുകയും ചെയ്യും. എന്തുഫലത്തോടെ?
26 പ്രാവചനിക വർണ്ണന സ്വർഗ്ഗത്തിൽ നിന്നുളള ഒരു ശബ്ദം ഇങ്ങനെ പറയുന്നതായി രേഖപ്പെടുത്തുന്നു: “ഈ കാരണത്താൽ സ്വർഗ്ഗങ്ങളെ നിങ്ങളും, അതിൽ വസിക്കുന്നവരെ നിങ്ങളും സന്തോഷിക്കുവിൻ! ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം എന്തുകൊണ്ടെന്നാൽ പിശാചു തനിക്ക് ഒരു ചുരുങ്ങിയ കാലഘട്ടമാണുളളതെന്നറിഞ്ഞുകൊണ്ട് മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.” (വെളിപ്പാട് 12:12) മുമ്പുണ്ടായിട്ടില്ലാത്തതരം പ്രക്ഷുബ്ധത രാഷ്ട്രങ്ങൾക്കിടയിൽ ഉണ്ടാകും. എന്നാൽ അവസാനം പെട്ടെന്നു വരികയില്ല.
27. (എ) “അന്ത്യം” അടുത്തുവരുമ്പോൾ ഏതു വലിയ വേർതിരിക്കൽ വേല നടക്കും, എങ്ങനെ? (ബി) മുൻകൂട്ടിപ്പറയപ്പെട്ട ലോകനാശം എത്ര വലുതായിരിക്കും?
27 ഒരു വലിയ വേർതിരിക്കൽ വേലയ്ക്കുളള സമയം ഇതായിരിക്കും. സിംഹാസനസ്ഥനാക്കപ്പെട്ട യേശുക്രിസ്തുവിന്റെ മാർഗ്ഗനിർദ്ദേശത്തിൻ കീഴിൽ അവന്റെ വിശ്വസ്താനുഗാമികൾ “രാജ്യത്തിന്റെ ഈ സുവാർത്ത”യുടെ പ്രസംഗം സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി മുഴുനിവസിതഭൂമിയിലേയ്ക്കും വ്യാപിപ്പിക്കും. എല്ലായിടത്തുമുളള ജനങ്ങൾക്ക് ദിവ്യഭരണത്തോടുളള തങ്ങളുടെ മനോഭാവം പ്രകടമാക്കാൻ ഒരു അവസരം നൽകപ്പെടും. (മത്തായി 24:14; 25:31-33) യേശു വിശദീകരിച്ചതുപോലെ ഇതു നിർവ്വഹിക്കപ്പെട്ടുകഴിയുമ്പോൾ “അവസാനം വരും.” അതു “ലോകാരംഭം മുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും, ഇല്ല, ഇനിമേലിൽ സംഭവിക്കുകയില്ലാത്തതുമായ മഹോപദ്രവം” ആയിരിക്കും. (മത്തായി 24:21) ദൈവം എന്തുചെയ്തുകൊണ്ടാണിരിക്കുന്നത്? എന്നു മനുഷ്യർ മേലാൽ ഒരിക്കലും ചോദിക്കുകയില്ല. അവൻ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നു കണ്ടുപിടിക്കാനും ലോകനാശം വന്നെത്തുന്നതിനുമുമ്പ് തങ്ങളുടെ ജീവിതത്തെ അവന്റെ വ്യവസ്ഥകളോട് യോജിപ്പിൽ കൊണ്ടുവരാനും വേണ്ടത്ര ശ്രമിച്ചവരായിരിക്കും അതിജീവകരായി ഉണ്ടായിരിക്കുക.
28. (എ) ക്രിസ്തുവിന്റെ സിംഹാസനാരോഹണവും സകല ജനതകളിലേയും ആളുകളുടെ വിഭജനവും എപ്പോൾ സംഭവിക്കുന്നു? (ബി) അതുകൊണ്ട് നിങ്ങൾ വ്യക്തിപരമായി എന്തു ചെയ്യുന്നത് അടിയന്തിരമാണ്?
28 എന്നാൽ എപ്പോഴായിരിക്കും ഈ കാര്യങ്ങൾ സംഭവിക്കുക? രാജാവായി ഭരിക്കാനും സകല രാഷ്ട്രങ്ങളിലെയും ആളുകളുടെ വേർതിരിക്കൽ നടത്താനും ക്രിസ്തുവിന് അധികാരം കൊടുക്കപ്പെടുന്നതെപ്പോഴാണ്? ദൈവം ഈ കാര്യങ്ങൾ ഈ ഇരുപതാം നൂററാണ്ടിൽ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു എന്ന് വസ്തുതകൾ കാണിക്കുന്നു. ക്രിസ്തു ഇപ്പോൾതന്നെ തന്റെ സ്വർഗ്ഗീയ സിംഹാസനത്തിലാണ്; വേർതിരിക്കൽ വേല അതിന്റെ പൂർത്തീകരണത്തോട് അടുക്കുകയുമാണ്. അഖിലാണ്ഡ പരമാധികാരത്തിന്റെ വിവാദ പ്രശ്നത്തിൽ യഹോവയുടെ പക്ഷത്തായിരിക്കുന്നതായി നിങ്ങളെത്തന്നെ തിരിച്ചറിയിക്കാനുളള സമയം വളരെ ചുരുങ്ങിയതാണ്. മഹോപദ്രവം സമീപിച്ചിരിക്കുകയാണ്! അടുത്തകാലത്തെ ചരിത്രത്തിന്റെ വെളിച്ചത്തിൽ ബൈബിൾ പ്രവചനങ്ങളുടെ ഒരു പരിശോധന ഇതു സത്യമാണെന്ന് തെളിയിക്കുന്നു. അതു ശ്രദ്ധാപൂർവ്വം പരിചിന്തിക്കാൻ ഞങ്ങൾ നിങ്ങളെ പ്രേരിപ്പിക്കുകയാണ്.
[അധ്യയന ചോദ്യങ്ങൾ]
[62-ാം പേജിലെ ചിത്രം]
മനുഷ്യരോടുകൂടെ വസിക്കുക വഴി ഭൂമിയുടെ പുതിയ ഭരണാധിപതി മനുഷ്യവർഗ്ഗത്തെ കൂടുതൽ മെച്ചമായി മനസ്സിലാക്കാൻ ഇടയായി