മനുഷ്യർക്ക് നിലനിൽക്കുന്ന സമാധാനവും സുരക്ഷിതത്വവും കൈവരുത്താൻ കഴിയുമോ?
അധ്യായം 2
മനുഷ്യർക്ക് നിലനിൽക്കുന്ന സമാധാനവും സുരക്ഷിതത്വവും കൈവരുത്താൻ കഴിയുമോ?
1. നാം എന്തു ചോദ്യങ്ങൾ ചോദിക്കേണ്ടിയിരിക്കുന്നു, എന്തുകൊണ്ട്?
പ്രത്യാശയ്ക്ക് എന്തെങ്കിലും അർത്ഥമുണ്ടായിരിക്കണമെങ്കിൽ അതു യാഥാർത്ഥ്യത്തിൻമേൽ, സത്യത്തിൻമേൽ സ്ഥാപിതമായിരിക്കണം. വ്യാജമായ പ്രത്യാശ യാഥാർത്ഥ്യങ്ങളുടെ നേരെ ആളുകളെ അന്ധരാക്കുകയേയുളളു. അതുകൊണ്ട്, നാം ചോദിക്കേണ്ടിയിരിക്കുന്നു: യഥാർത്ഥസമാധാനവും സുരക്ഷിതത്വവും കൊണ്ടുവരേണ്ടതിന് പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങൾ എത്ര വലിയവയാണെന്ന് നാം തിരിച്ചറിയുന്നുണ്ടോ? സാഹചര്യം എത്ര അടിയന്തിരമായിത്തീർന്നിരിക്കുന്നു എന്നു നാം തിരിച്ചറിയുന്നുണ്ടോ? മനുഷ്യരാലുളള പരിഹാരങ്ങൾ പ്രശ്നങ്ങളുടെ ഗൗരവസ്വഭാവത്തിനു ചേർച്ചയിലായിരിക്കും എന്നതിന് എന്തെങ്കിലും തെളിവുണ്ടോ?
2, 3. (എ) സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുളള അന്വേഷണം ഇന്ന് കൂടുതൽ അടിയന്തിരമായിരിക്കുന്നതെന്തുകൊണ്ട്? (ബി) ഭൂമിയിലെ ജീവനെതിരെ മറെറന്ത് ഭീഷണികളാണുളളത്?
2 ആയിരക്കണക്കിന് വർഷങ്ങളായി മനുഷ്യർ നിലനിൽക്കുന്ന സമാധാനവും സുരക്ഷിതത്വവും അന്വേഷിച്ചിട്ടുണ്ടെങ്കിലും അതു കണ്ടെത്തുന്നതിൽ വിജയിച്ചിട്ടില്ല. എന്നാൽ ആണവയുദ്ധത്തിന്റെ ഭീഷണി നിലനിൽക്കുന്നതുകൊണ്ട് ഇന്നു സാഹചര്യം അത്യന്തം ഗുരുതരമാണ്. ഒരു കനേഡിയൻ വാർത്താകുറിപ്പ് ഇപ്രകാരം മുന്നറിയിപ്പ് നൽകി: “ജയിക്കാവുന്നതരത്തിലുളള ഒരു ആണവയുദ്ധം ഇല്ല. കാരണം അതിജീവകർക്ക് മരിച്ചവരോട് അസൂയ തോന്നാൻ തക്കവണ്ണം അതിന്റെ അനന്തരഫലങ്ങൾ അത്ര ഭീകരമായിരിക്കും.”3 എന്തുകൊണ്ട് എന്ന് വിശദീകരിക്കുകയിൽ ജ്യോതിശാസ്ത്രജ്ഞനായ കാൾ സാഗൻ ഇപ്രകാരം പ്രസ്താവിച്ചു: “ഇന്ന് 50,000-ത്തിലധികം ന്യൂക്ലിയർ ആയുധങ്ങൾ ഉണ്ട് . . . ഒരു ദശലക്ഷം ഹിറോഷിമകളെ തുടച്ചു നീക്കാൻ അവ മതിയാകും.” “നമ്മുടെ ആഗോള സംസ്കാരം നശിപ്പിക്കപ്പെടുമെന്നുളളതിന് അശേഷം സംശയം ഇല്ല” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.4
3 കൂടാതെ, മററു ഭീഷണികളും ഭൂമിയിലെ ജീവൻ അപകടത്തിൽ ആക്കിയിരിക്കുന്നു. അതിലൊന്ന് ഭൂമിയുടെയും വായുവിന്റെയും ജലത്തിന്റെയും ആഗോള മലിനീകരണമാണ്. മറെറാന്ന് പട്ടിണി, രോഗം, അസ്വസ്ഥത എന്നിവ സഹിതമുളള ജനസംഖ്യാ സ്ഫോടനവും.
4. മനുഷ്യവർഗ്ഗത്തിന്റെ ഇന്നത്തെ അവസ്ഥ എങ്ങനെ വർണ്ണിക്കപ്പെട്ടിരിക്കുന്നു?
4 മനുഷ്യവർഗ്ഗം ഇന്ന് അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെ സംബന്ധിച്ച് സമാധാനത്തിനുവേണ്ടിയുളള നോർവ്വേയിലെ ഒരു സ്ഥാപനം പ്രസ്താവിച്ചത് ഇപ്രകാരമാണ്: “ഇന്നത്തെ അന്താരാഷ്ട്ര സാഹചര്യത്തിന്റെ സവിശേഷത സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം, സൈനീകം, ആത്മീകം, ധാർമ്മികം എന്നുവേണ്ട മാനുഷ പ്രവർത്തനങ്ങളുടെ എല്ലാ മണ്ഡലങ്ങളെയും തന്നെ ഒരു ദുർഘട ഘട്ടം ആഴത്തിൽ ബാധിച്ചിരിക്കുന്നു എന്നതാണ്.” അത് ഇപ്രകാരം കൂട്ടിച്ചേർത്തു: “അക്രമപ്രവർത്തനങ്ങൾ വർദ്ധിച്ചുവരുന്നു. നയത്തിന്റെയും നയതന്ത്രജ്ഞതയുടെയും ഒരു ഉപകരണമെന്ന നിലയിൽ ബലപ്രയോഗം വ്യാപകമായിരിക്കുന്നു . . . സമാധാനത്തിനും യുദ്ധത്തിനുമിടയിലുളള സന്തുലനാവസ്ഥ കൂടുതൽ അപകടകരമായിത്തീരുകയാണ്.”5 ഇത് എങ്ങോട്ടാണ് നയിക്കുന്നത്? ഐക്യരാഷ്ട്രസംഘടനയുടെ സെക്രട്ടറി ജനറൽ ഇപ്രകാരം മുന്നറിയിപ്പു നൽകി: നമ്മൾ ഒരു പുതിയ അന്താരാഷ്ട്ര അരാജകത്വത്തോട് അപായകരമാംവണ്ണം അടുത്തെത്തിയിരിക്കുന്നു.”6
മാനുഷ ശ്രമങ്ങളാൽ യുദ്ധമില്ലാത്ത ഒരു ലോകമോ?
5. യുദ്ധത്തിന് അറുതി വരുത്താനുളള മമനുഷ്യന്റെ പ്രാപ്തി സംബന്ധിച്ച് ചരിത്രം എന്തു പ്രകടമാക്കുന്നു?
5 യുദ്ധത്തിന് ഒരറുതിവരുത്താൻ മനുഷ്യർക്ക് കഴിയുമെന്ന് വിശ്വസിക്കാൻ എന്തെങ്കിലും ന്യായമുണ്ടോ? ചരിത്രപരമായി കണക്കാക്കിയാൽ അവിടവിടെയായി ചുരുക്കം ചില വർഷങ്ങളിൽ മാത്രമാണ് ഈ ഭൂമി യുദ്ധത്തിൽ നിന്ന് പൂർണ്ണമായി വിമുക്തമായിരുന്നത്. ഈ 20-ാം നൂററാണ്ടിൽ മാത്രം ഏതാണ്ട് പത്ത് കോടിയിലധികം ആളുകൾ യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്! കഴിഞ്ഞ കാലത്തെ സർവ്വരാജ്യസഖ്യത്തിനോ ഇന്നത്തെ ഐക്യരാഷ്ട്രസംഘടനയ്ക്കോ ഈ കൂട്ടക്കൊല തടയാൻ കഴിഞ്ഞിട്ടില്ല.
6. ന്യൂക്ലിയർ യുദ്ധത്തെപ്പററിയുളള ഭയം സമാധാനത്തിനുളള ഒരു ഉറച്ച അടിസ്ഥാനമാണോ?
6 എന്നാൽ ന്യൂക്ലിയർ ആയുധങ്ങൾ മൂലമുളള നാശത്തെക്കുറിച്ചുളള ഭയം ഇതിന് മാററം വരുത്തുകയില്ലേ? 1945-ൽ ആററം ബോംബുകൾ രണ്ടു ജാപ്പനീസ് നഗരങ്ങൾ നിർമ്മൂലമാക്കിയപ്പോൾ ന്യൂക്ലിയർ ആയുധങ്ങളോട് വേണ്ടത്ര ഭയം ഉണർത്തപ്പെട്ടില്ലേ? കൊളളാം, അതിനുശേഷം ഇപ്പോൾ അതിലും വളരെ ശക്തമായ ന്യൂക്ലിയർ ആയുധശേഖരത്തിന്റെ കൂന ഒരായിരം മടങ്ങ് വളർന്നിരിക്കുന്നു. 1945-നുശേഷം മാത്രമായി കണക്കുകൾ അനുസരിച്ച് 3.5 കോടിയിലധികം ആളുകൾ നൂറിലേറെ രാഷ്ട്രങ്ങൾ ഉൾപ്പെട്ട യുദ്ധങ്ങളിലും വിപ്ലവങ്ങളിലുമായി കൊല്ലപ്പെട്ടിരിക്കുന്നു. ഈ അടുത്ത കാലങ്ങളിൽ ഒരു വർഷത്തിൽ തന്നെ 45 രാഷ്ട്രങ്ങൾ സംഘട്ടനങ്ങളിൽ ഉൾപ്പെട്ടിരുന്നു!7 ഇല്ല, ന്യൂക്ലിയർ ആയുധങ്ങളോടുളള ഭയം യുദ്ധം ഇല്ലാതാക്കിയിട്ടില്ല.
7. നിരായുധീകരണ കരാറുകളുടെയോ സമാധാന ഉടമ്പടികളുടെയോ ഒപ്പു വയ്ക്കൽ നിലനിൽക്കുന്ന സമാധാനത്തിന് ഉറപ്പു നൽകുന്നുവോ?
7 രാഷ്ട്രങ്ങൾ നിരായുധീകരണ ഉടമ്പടികളോ സമാധാന കരാറുകളോ ഒപ്പുവയ്ക്കുന്നുണ്ട്, മിക്കവാറും ഇനിയും അങ്ങനെ ചെയ്യുന്നതിൽ തുടരും എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. നൂററാണ്ടുകളിലായി അക്ഷരാർത്ഥത്തിൽ അത്തരം ആയിരക്കണക്കിന് കരാറുകൾ ഒപ്പുവയ്ക്കപ്പെട്ടിട്ടുണ്ട്. എന്നാൽ യുദ്ധത്തിന് അനുകൂലമായ വികാരം ശക്തിപ്പെട്ടപ്പോൾ ആ കരാറുകൾ വിലയില്ലാത്ത കടലാസു കഷണങ്ങളായി മാറി. ഐക്യരാഷ്ട്രസംഘടനയും യുദ്ധം തടയുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. കാരണം മിക്കവാറും എല്ലാ രാജ്യങ്ങളും ഇന്ന് ഐക്യരാഷ്ട്രസംഘടനയുടെ ഭാഗമാണെങ്കിലും അവർക്കു തോന്നുമ്പോഴെല്ലാം അവർ അതിനെ അവഗണിക്കുന്നു. അതുകൊണ്ട് ഭാവി ലോകനേതാക്കൻമാർ കഴിഞ്ഞകാലത്തെ ലോകനേതാക്കൻമാരെക്കാൾ മെച്ചമായി തങ്ങളുടെ വാക്കുപാലിക്കും എന്നു പ്രതീക്ഷിക്കുന്നത് യാഥാർത്ഥ്യ ചിന്തയായിരിക്കുമോ?
8. നിലനിൽക്കുന്ന സമാധാനം നേടാനുളള മമനുഷ്യന്റെ പരാജയം സംബന്ധിച്ച് ബൈബിൾ സത്യം പറഞ്ഞിരിക്കുന്നതെങ്ങനെ?
8 നേരെ മറിച്ച്, ബൈബിളിന്റെ നിലപാട് ചരിത്രം പഠിപ്പിക്കുന്ന പാഠത്തോട് ചേർച്ചയിലാണ്. സമാധാനം കൈവരുത്താനുളള മാനുഷശ്രമങ്ങളിൽ ആശ്രയം വയ്ക്കാൻ അതു ശുപാർശ ചെയ്യുന്നില്ല. അതിനു വിപരീതമായി, മാനുഷശ്രമങ്ങൾ ഒരിക്കലും നിലനിൽക്കുന്ന സമാധാനം കൈവരുത്തുകയില്ല എന്ന് അത് ദീർഘനാൾ മുൻപുതന്നെ മുൻകൂട്ടിപ്പറഞ്ഞു. ഈ വ്യവസ്ഥിതിയുടെ സമാപനത്തിന് തൊട്ടുമുൻപിലായി ‘ജനത ജനതയ്ക്കെതിരായും രാഷ്ട്രം രാഷ്ട്രത്തിനെതിരായും’ എഴുന്നേൽക്കുക വഴി ലോകവ്യാപകമായി യുദ്ധവും ക്രമരാഹിത്യവും വർദ്ധമാനമാകും എന്ന് അതു മുന്നറിയിപ്പു നൽകിയിരിക്കുന്നു. (ലൂക്കോസ് 21:9, 10, 31; വെളിപ്പാട് 6:1-4) 1914 മുതലുളള ലോക സംഭവങ്ങൾ ആ പ്രവചനങ്ങളെ നിവർത്തിച്ചിരിക്കുന്നു. അതുകൊണ്ട് വ്യാജമായ പ്രതീക്ഷകൾ ഉണർത്താതെ ബൈബിൾ സത്യസന്ധമായി ഇപ്രകാരം പ്രഖ്യാപിക്കുന്നു. “തന്റെ വഴികൾ ഭൗമമനുഷ്യനുളളതല്ല. സ്വന്തം കാലടികളെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുളളതല്ല.”—യിരെമ്യാവ് 10:23.
ജനപ്പെരുപ്പ ബോംബിനെ നേരിടാൻ മനുഷ്യനു കഴിയുമോ?
9-11. (എ) ഭൂമിയിലെ ജനസംഖ്യ എത്ര വേഗത്തിലാണ് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്? (ബി) ഏത് അവസ്ഥകൾ വളരെയേറെ ആളുകളെ ബാധിച്ചിരിക്കുന്നു?
9 ഭൂമിയിലെ ജനസംഖ്യ 19-ാം നൂററാണ്ടിൽ 100 കോടിയിലെത്തി. ഇന്നത് 500 കോടിയാണ്.8 ഓരോ ശതകോടിയിലും നാം കൂടുതൽ കൂടുതൽ വേഗത്തിൽ എത്തിച്ചേർന്നുകൊണ്ടിരിക്കുന്നു. ഓരോ വർഷവും ഏതാണ്ട് 9 കോടി എന്ന കണക്കിന് ജനം പെരുകിക്കൊണ്ടിരിക്കുന്നു! ഈ വളർച്ചയിൽ അധികവും ഇപ്പോൾത്തന്നെ ദാരിദ്ര്യവും പട്ടിണിയും രോഗവും നിലവിലുളളടത്ത് അതു വർദ്ധിപ്പിക്കുക മാത്രം ചെയ്യുന്നു. ഈ ജനസംഖ്യാ വർദ്ധനവ് ഉചിതമായും ജനപ്പെരുപ്പബോംബ് എന്നു വിളിക്കപ്പെട്ടിരിക്കുന്നു. ദി ന്യൂയോർക്ക് ടൈംസ് ഇപ്രകാരം അഭിപ്രായപ്പെട്ടു: “ന്യൂക്ലിയർ ബോംബുകൊണ്ടുളള സമൂല നാശത്താലെന്നപോലെതന്നെ അനിയന്ത്രിതമായ ജനസംഖ്യാ വർദ്ധനവിന്റെ സമ്മർദ്ദത്താലും പട്ടിണിയാലും ഭൂമിയുടെ വിശാലമായ പ്രദേശങ്ങൾ മരുഭൂമിയായി മാററപ്പെടുക എന്നത് സാദ്ധ്യമാണ്.”9
10 ആഗോള പട്ടിണിയുടെ വ്യാപ്തി സംബന്ധിച്ച് ടൈം മാസിക ഇപ്രകാരം പറഞ്ഞു: “ഇന്നത്തെ ഭക്ഷ്യപ്രശ്നം കഴിഞ്ഞ കാലങ്ങളിലേതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് . . . ഇന്ന് ലോകത്തിന്റെ വളരെയേറെ ഭാഗങ്ങളിൽ തുടരെയുളള വർഷങ്ങളിൽ കുറച്ചു മാത്രം ഭക്ഷണം ലഭിക്കുന്നതിനാൽ ലോകജനസംഖ്യയുടെ 25 ശതമാനം പട്ടിണിക്കാരോ വികലമായി മാത്രം പോഷിപ്പിക്കപ്പെടുന്നവരോ ആണ്.”10 ഓരോ വർഷവും വികലപോഷണത്തിന്റെയും രോഗത്തിന്റെയും ഫലമായി 1 കോടി 10 ലക്ഷം ശിശുക്കളെങ്കിലും തങ്ങളുടെ ആദ്യപിറന്നാളാഘോഷത്തിനു മുമ്പ് മരിക്കുന്നുണ്ട് എന്നാണ് ഒരു കണക്കു കാണിക്കുന്നത്.
11 അതേ റിപ്പോർട്ട് പ്രസ്താവിക്കുന്നു: “അഞ്ചുപേരിൽ ഒരാളെങ്കിലും പൂർണ്ണ ദാരിദ്ര്യത്തിൽ കുടുങ്ങിക്കിടക്കുകയാണ്. അതു ഒരു തരം നിശബ്ദ വർഗ്ഗ വിച്ഛേദമായിരിക്കാൻ തക്കവണ്ണം അവരുടെ നിർഗ്ഗതി അത്ര സമ്പൂർണ്ണമാണ്.”11 എന്നാൽ ഇത് ദി റെറാറൊന്റോ സ്ററാർ ചൂണ്ടിക്കാണിച്ചതുപോലെ ഒരു ദശകം മുമ്പ് റോമിലെ ലോക ഭക്ഷ്യസമ്മേളനം “ഒരു ദശകത്തിനുളളിൽ ഒരു കുട്ടിയും ഭക്ഷണം ലഭിക്കാതെ ഉറങ്ങാൻ പോകേണ്ടിവരില്ല, ഒരു കുടുംബവും തങ്ങളുടെ അടുത്ത ദിവസത്തെ അപ്പത്തെപ്പററി ആകുലപ്പെടേണ്ടിവരില്ല, വികലപോഷണത്താൽ ആരുടെയും വളർച്ച മുരടിച്ചുപോകാൻ ഇടയില്ല,”12 എന്ന് പ്രതിജ്ഞയെടുത്തശേഷമായിരുന്നു. അത്തരം വാഗ്ദാനങ്ങൾ എത്ര പൊളളയാണെന്ന് തെളിഞ്ഞിരിക്കുന്നു! വാസ്തവം ഇംഗ്ലണ്ടിലെ ഗാർഡിയൻ നിരീക്ഷിച്ചതു പോലെയാണ്: “മുഴു ലോകവും ഒരു മാനുഷ ദുരന്തത്തിന്റെ വക്കിലാണ് . . . മുഴു ഭൂഖണ്ഡങ്ങളും ഭാവിയെ സംബന്ധിച്ച തങ്ങളുടെ പ്രത്യാശ അപ്രത്യക്ഷമാകുന്നത് കണ്ടിരിക്കുന്നു.”13
12. സൈനീക ചെലവ് വെട്ടിച്ചുരുക്കുന്നത് യഥാർത്ഥത്തിൽ പ്രശ്നം പരിഹരിക്കുമോ?
12 ഈ പ്രശ്നം മുഖ്യമായും ഭൂമിയുടെ കുഴപ്പം കൊണ്ടല്ല. മറിച്ച് ഭരണാധികാരികളുടെയും ആളുകളുടെയും അവരുടെ മനോഭാവങ്ങളുടെയും കുഴപ്പം നിമിത്തമാണ്. ഉദാഹരണത്തിന്, ദശലക്ഷങ്ങൾ പട്ടിണി കിടക്കുമ്പോൾ രാഷ്ട്രങ്ങൾ ഇന്ന് ഓരോ വർഷവും ആയുധീകരണത്തിന് 10,000 കോടി ഡോളർ ചെലവഴിക്കുന്നു. ഈ ഭീമമായ സൈനീക ചെലവ് ഉപേക്ഷിച്ചാൽ പോലും ലോകത്തിന്റെ വിഘടിതമായ സമ്പദ് വ്യവസ്ഥ ഈ പ്രശ്നത്തിന്റെ യഥാർത്ഥ പരിഹാരത്തിന് തടസ്സമായി നിൽക്കും. മിക്കപ്പോഴും ഭക്ഷണ സാധനങ്ങൾ ലഭ്യമായിരിക്കുമ്പോൾ അമിത ലാഭത്തിനുവേണ്ടിയുളള ആഗ്രഹം ഭക്ഷണം അത്യാവശ്യമായിരിക്കുന്നവർക്ക് അതു വിതരണം ചെയ്യുന്നതിനു തടസ്സമായി നിൽക്കുന്നു. അമിതോല്പാദനം വിലകൾ വളരെ താഴാൻ ഇടയാക്കുമെന്നുളളതിനാൽ ചില സ്ഥലങ്ങളിൽ ചിലയിനം കൃഷികളിറക്കാതിരിക്കാൻ ഗവൺമെൻറ് കൃഷിക്കാർക്കു പണം നൽകുന്നു. മിച്ചം എന്ന നിലയിൽ വളരെയധികം ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കപ്പെട്ടിട്ടുപോലുമുണ്ട്.
13. ലോകാവസാനത്തിങ്കൽ നിലവിലിരിക്കുന്ന അവസ്ഥകൾ മുൻകൂട്ടിപ്പറഞ്ഞപ്പോൾ ബൈബിൾ കൃത്യതയുളളതായിരുന്നോ?
13 അങ്ങനെ എല്ലാ ശാസ്ത്രീയ നേട്ടങ്ങളും ഉണ്ടായിട്ടും ആധുനിക സമൂഹത്തിന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞ അവസ്ഥ ഒഴിവാക്കാൻ കഴിഞ്ഞിട്ടില്ല. ഈ “വ്യവസ്ഥിതിയുടെ സമാപനകാലത്ത്” രൂക്ഷമായ “ഭക്ത്യക്താമം” ഉണ്ടാകും എന്നു അത് കൃത്യമായി മുൻകൂട്ടി പറഞ്ഞു.—മത്തായി 24:3, 7; വെളിപ്പാട് 6:5-8.
മനുഷ്യന് ഭൂമിയുമായി സമാധാനത്തിലായിരിക്കാൻ കഴിയുമോ?
14-16. മലിനീകരണത്തിന്റെ പ്രശ്നം എത്ര ഗുരുതരമാണ്?
14 ദശകങ്ങളായി മനുഷ്യർ, അവർ അധിവസിക്കുന്ന ഭൂമിയുമായി യുദ്ധത്തിലാണ്. അവർ വിഷലിപ്തമായ പാഴ്വസ്തുക്കൾ അതിലെ ജലത്തിലേയ്ക്കും വായുവിലേയ്ക്കും മണ്ണിലേയ്ക്കും തളളിയിരിക്കുന്നു. റെറാറെന്റോ സ്ററാറിന്റെ ഒരു തലക്കെട്ട് ഇപ്രകാരം പ്രഖ്യാപിച്ചു: “മലിനീകരണം ഭൂമിയെ അപകടത്തിലാക്കിയിരിക്കുന്നു.” ആ ലേഖനം ഇപ്രകാരം പറഞ്ഞു: “ഭൂഗ്രഹം മാരകമായ ആക്രമണത്തിൻ കീഴിലാണ്. ആക്രമണകാരി മനുഷ്യൻ തന്നെയാണ്.” “അവന്റെ പുരോഗതിയുടെ വിഷം” അവന്റെ ആസ്തിക്യത്തെത്തന്നെ അപകടത്തിലാക്കിയിരിക്കുന്നു എന്ന് അത് കുറിക്കൊണ്ടു. അതിപ്രകാരവും കൂടെ നിരീക്ഷിച്ചു: “പരിസ്ഥിതിയുടെ അധഃപതനം ന്യൂക്ലിയർ യുദ്ധഭീഷണി പോലെതന്നെ ഗൗരവതരമാണെന്ന് ശാസ്ത്രജ്ഞൻമാർ കണക്കാക്കുന്നു.”14
15 ഉദാഹരണത്തിന്, ഐക്യനാടുകളെ സംബന്ധിച്ച് ഡിസ്കവർ മാസിക പറയുന്നു: “ഭൂമിയിലേയ്ക്കു ഊറി ഇറങ്ങുന്ന അപകടകരമായ രാസവസ്തുക്കളും ലോഹങ്ങളും ദേശത്തിന്റെ ഭൂഗർഭജലശേഖരത്തെ ഭീഷണിപ്പെടുത്തുകയാണ്. അതിന്റെ നാലിലൊന്നുപോലും രക്ഷപ്പെടുത്താൻ ഇപ്പോൾ സമയം വൈകിപ്പോയിരിക്കുന്നു എന്നാണ് ചില ജലശാസ്ത്രവിദഗ്ദ്ധൻമാർ ഭയപ്പെടുന്നത്.”15 ഇംഗ്ലണ്ടിൽ രാസമലിനീകരണം “ഇംഗ്ലണ്ടിന്റെ കുടിനീരിൽ മിക്കവാറും മുഴുവനും തന്നെ”16 മലിനമാക്കിയിരിക്കുന്നു എന്നാണ് ഒബ്സേർവർ പറഞ്ഞത്. ന്യൂ സയൻറിസ്ററ് ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “മലിനമായ ജലത്തോട് ബന്ധപ്പെട്ട രോഗത്താൽ ഓരോ ദിവസവും 50,000 പേർ മരിക്കുന്നു എന്ന് ലോകാരോഗ്യ സംഘടന പറയുന്നു.”17
16 അന്തരീക്ഷത്തിൽ ഉയർന്നതോതിൽ വിഷവസ്തുക്കൾ ഉണ്ട് എന്നാണ് ഐക്യനാടുകളിലെ ഒരു കോൺഗ്രസ്സ് പഠനസംഘം വെളിപ്പെടുത്തിയത്. ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്ത പ്രകാരം: “നൂറുകണക്കിന് ഫാക്ടറികളിൽ നിന്ന് ആയിരക്കണക്കിനു ടൺ കാൻസറിന് ഇടയാക്കുന്ന ഘടകങ്ങളും മററ് അപകടകരമായ വസ്തുക്കളും അന്തരീക്ഷത്തിലേയ്ക്കുയരുന്നു.”18 ഇതിനു പുറമേയാണ് കീടനാശിനികളായി മണ്ണിൽ പ്രയോഗിക്കുന്ന അപകടകരമായ രാസവസ്തുക്കളും മൃഗതീററിയെന്ന നിലയിൽ ഭക്ഷ്യശൃംഖലയിലേയ്ക്ക് കടത്തിവിടുന്നവയും.
17. സാങ്കേതിക വിദ്യ ഈ പ്രശ്നം പരിഹരിച്ചേക്കാനുളള സാദ്ധ്യതയുണ്ടോ?
17 ഇതിൽ നിന്നു നമ്മെ രക്ഷിക്കാൻ സാങ്കേതികജ്ഞാനത്തിനു കഴിയുമോ? പ്രശ്നങ്ങളിൽ മിക്കവയും അതുതന്നെ സൃഷ്ടിച്ചവയായതിനാൽ അതിനുളള സാദ്ധ്യതയുണ്ടോ? പരിസര ധർമ്മശാസ്ത്രം എന്ന പുസ്തകം കുറിക്കൊളളും പ്രകാരം: “പരിമിതമായ പ്രയോജനം മാത്രം ഉളളതും ഒട്ടുംതന്നെ ആശ്രയിക്കാൻ കൊളളാത്തതുമായ ഒരു സേവകനാണ് സാങ്കേതിക ജ്ഞാനം. അതു ഒരു പ്രശ്നം പരിഹരിക്കുമ്പോൾ മിക്കപ്പോഴും പുതിയ രണ്ടെണ്ണം സൃഷ്ടിക്കുന്നു—അവയുടെ അനുബന്ധഫലം സാധാരണയായി മുൻകൂട്ടിക്കാണുക പ്രയാസവുമാണ്.”19
18. മലിനീകരണത്തെ നേരിടുന്നതിൽ ഏതു മർമ്മപ്രധാനമായ അറിവാണ് മനുഷ്യർക്കില്ലാത്തത്, എന്നാൽ ആർക്ക് അതുണ്ട്?
18 വീണ്ടും, ഭൂമിയിലെ ദാനങ്ങൾ ഉപയോഗിക്കുന്നതിലെ മനുഷ്യരുടെ ജ്ഞാനത്തിന്റെ അഭാവം ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു. വെളിപ്പാട് 11:18-ലെ പ്രവചനം “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കാൻ” ദൈവം നടപടി എടുക്കേണ്ടിവരുന്ന ഒരു സമയത്തെപ്പററി സംസാരിച്ചു. ഭൂമിയുടെ സങ്കീർണ്ണമായ പാരിസ്ഥിതിക വിജ്ഞാനം മനുഷ്യന് പൂർണ്ണമായി മനസ്സിലാക്കാൻ കഴിയുന്നില്ല എന്നു നാം സമ്മതിക്കേണ്ടിയിരിക്കുന്നു. എന്നാൽ സ്രഷ്ടാവ് എന്ന നിലയിൽ ദൈവത്തിന് അതു കഴിയുന്നു. പ്രശ്നങ്ങളുടെ പരിഹാരത്തിന് ഈ ഉറവിലേയ്ക്കു നോക്കുന്നത് ജ്ഞാനപൂർവ്വകമായിരിക്കില്ലേ?
കുററകൃത്യം നീക്കം ചെയ്യപ്പെടുന്നതിനാലുളള സുരക്ഷിതത്വം
19. ഇന്ന് അനേകർക്ക് എന്തു ഭയമുണ്ട്, എന്തുകൊണ്ട്?
19 മലിനീകരണം മാനുഷ ആസ്തിക്യത്തിന് ഏററം അത്യാവശ്യമായ കാര്യങ്ങളെ അപകടപ്പെടുത്തുന്നു. എന്നാൽ കൂടുതൽ ആളുകളെ ഭയവിഹ്വലരാക്കിയിരിക്കുന്നത് കുററകൃത്യത്തിന്റെ വർദ്ധനവാണ്. വൻ നഗരങ്ങളിൽ മാത്രമല്ല, ചെറുപട്ടണങ്ങളിലും നാട്ടിൻപുറങ്ങളിലും പോലും കുററകൃത്യം കൂടുതൽ കൂടുതൽ ആളുകളുടെ വ്യക്തിപരമായ സുരക്ഷിതത്വം കവർന്നു കളയുന്നു. വസ്തുവകകൾ മാത്രമല്ല മിക്കപ്പോഴും ഒരുവന്റെ ശരീരവും ജീവനും അപകടത്തിലാണ്.
20, 21. (എ) പുതിയ നിയമനിർമ്മാണം കുററകൃത്യങ്ങളെ ഇല്ലായ്മ ചെയ്യുകയില്ലാത്തതെന്തുകൊണ്ട്? (ബി) വർദ്ധിച്ച ഐശ്വര്യമോ കുററകൃത്യങ്ങളെ നേരിടുന്നതിനുളള പുതിയ സമ്പ്രദായങ്ങളോ പ്രശ്നം പരിഹരിക്കുമോ?
20 ഒരുപക്ഷേ പുതിയ നിയമ നിർമ്മാണങ്ങൾ വഴി ഈ അപകടങ്ങളിൽ നിന്നുളള യഥാർത്ഥ സുരക്ഷിതത്വം കൈവരുത്താൻ മനുഷ്യനു കഴിയുമോ? ലോകത്തിലെ നിയമ പുസ്തകങ്ങളിൽ ആയിരക്കണക്കിനു നിയമങ്ങളുണ്ട്. എന്നാൽ ഇവ കുററകൃത്യങ്ങൾ തടഞ്ഞിട്ടില്ല. കൂടാതെ നിയമം നടപ്പാക്കാൻ ഉത്തരവാദിത്വപ്പെട്ടവരുടെ ഇടയിൽ മിക്കപ്പോഴും ആഴത്തിൽ വേരൂന്നിയ അഴിമതി വികാസം പ്രാപിക്കുന്നു. ഉന്നത സ്ഥാനങ്ങളിലെ സത്യസന്ധത ഇല്ലായ്മ സത്യസന്ധമായി നിയമം നടപ്പാക്കാനുളള ശ്രമങ്ങളെത്തന്നെ അസാധുവാക്കിയേക്കാം.
21 കുററകൃത്യങ്ങൾ കണ്ടുപിടിക്കുന്നതിനും, അതിനുളള ശ്രമങ്ങൾ പരാജയപ്പെടുത്തുന്നതിനുമുളള പുതിയ സമ്പ്രദായങ്ങളിലാണോ ഇതിനുളള ഉത്തരം സ്ഥിതിചെയ്യുന്നത്? ഓരോ നവീന സമ്പ്രദായങ്ങളെയും മറികടക്കുന്നതിന് കുററവാളികളും പുതിയ രീതികൾ ആവിഷ്ക്കരിക്കുന്നു. അപ്പോൾ പിന്നെ മെച്ചപ്പെട്ട സാമ്പത്തിക നില പ്രശ്നം പരിഹരിക്കുമോ? കുററകൃത്യം താഴ്ന്ന വരുമാനക്കാരുടെ ഒരു സവിശേഷതയാണെന്ന് നിഗമനം ചെയ്യുന്നത് തെററായിരിക്കും. വെളളക്കോളർ കുററകൃത്യങ്ങളും കുതിച്ചുയർന്നുകൊണ്ടിരിക്കുന്നു. ഉദാഹരണത്തിന്, ഓരോവർഷവും ഐക്യനാടുകളിൽ അത്തരം കുററകൃത്യങ്ങൾ മൂലം 8,000 ഡോളർ നഷ്ടമാകുന്നു. പരാജയപ്പെടുന്ന വ്യവസായങ്ങളിൽ 30% അത്തരം കുററകൃത്യങ്ങളുടെ ഫലമായിട്ടാണ് പരാജയപ്പെടുന്നത്. ജോലിക്കാർക്കിടയിലെ മോഷണത്തിന്റെ ഫലമായി ഒരു വർഷം ഏകദേശം 1,500 ബിസിനസ്സുകൾ പൊളിഞ്ഞു എന്ന് ദക്ഷിണാഫ്രിക്ക റിപ്പോർട്ടു ചെയ്യുന്നു.20
22. മാനുഷ ശ്രമങ്ങൾ കൊണ്ടുമാത്രം കുററകൃത്യത്തിന്റെ പ്രശ്നം പരിഹരിക്കാനാവില്ല എന്ന് എന്തു തെളിവ് പ്രകടമാക്കുന്നു?
22 കുതിച്ചുയരുന്ന കുററകൃത്യം ഏതാനും രാഷ്ട്രങ്ങൾക്കായി മാത്രം പരിമിതപ്പെടുത്തപ്പെട്ടിരിക്കുന്നില്ല. അതു എല്ലായിടത്തുമുണ്ട്. ലോകത്തിന് ചുററും നിന്നുളള ചില തലക്കെട്ടുകൾ ശ്രദ്ധിക്കുക. ബ്രസ്സീൽ: “കുതിച്ചുയരുന്ന കുററകൃത്യ നിരക്ക്.” കാനഡ: “സ്ത്രീകൾക്കിടയിലെ കുററകൃത്യ നിരക്ക് കുതിച്ചുയരുന്നു.” ഇംഗ്ലണ്ട്: “സ്ഥിരം ഉയർന്നുകൊണ്ടിരിക്കുന്ന ബാലജന ദുഷ്കൃത്യം.” ഇൻഡ്യ: “സംഘടിത കുററകൃത്യം ഒരു വളരുന്ന വ്യവസായം.” സോവ്യററ് യൂണിയൻ: “വർദ്ധിച്ചു വരുന്ന കുററകൃത്യം സംബന്ധിച്ച സോവ്യററ് ആപൽസൂചന.”21മാക്ലീൻസ് മാസിക ഇപ്രകാരം പ്രസ്താവിച്ചു: “ഡെററ്റോയിററിൽ അക്രമാസക്തമായ കുററകൃത്യം സർവ്വസാധാരണമായി തീർന്നിരിക്കുന്നതിനാൽ കൊലപാതകങ്ങൾ പത്രങ്ങളുടെ പിൻപേജുകളിൽ ഒരു ഹ്രസ്വമായ പരാമർശനമേ അർഹിക്കുന്നുളളു.”22 അതെ, കുതിച്ചുയരുന്ന കുററകൃത്യം ഒരു അന്താരാഷ്ട്രപ്രശ്നമാണ്. മാനുഷശ്രമങ്ങൾ കൊണ്ട് മാത്രം അതു പരിഹരിക്കാനാവില്ല. മാനുഷ പരിഹാരം സാദ്ധ്യമായിരുന്നെങ്കിൽ ഇത്രയധികം സമയവും ശ്രമവും ചെലവിടപ്പെട്ട സ്ഥിതിക്ക് കുററകൃത്യം ഇന്നൊരു പ്രശ്നമായിരിക്കുമായിരുന്നില്ല.
23. നമ്മുടെ നാളുകളിലെ അവസ്ഥകൾ സംബന്ധിച്ച് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞത് നിവൃത്തിയേറിയിരിക്കുന്നുവോ?
23 ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത് ബൈബിൾ ദീർഘനാൾ മുമ്പ് മുൻകൂട്ടിപ്പറഞ്ഞതുപോലെതന്നെയാണ്: “അന്ത്യനാളുകളിൽ ഇടപെടാൻ പ്രയാസമേറിയ ദുർഘടസമയങ്ങൾ വരും. കാരണം മനുഷ്യർ സ്വസ്നേഹികളായിരിക്കും . . . ആത്മനിയന്ത്രണമില്ലാത്തവരും ഉഗ്രൻമാരും നൻമപ്രിയമില്ലാത്തവരും . . . ദൈവത്തെ സ്നേഹിക്കുന്നതിനേക്കാൾ ഉല്ലാസങ്ങളെ സ്നേഹിക്കുന്നവരുമായിരിക്കും. (2 തിമൊഥെയോസ് 3:1-4) ദൈവരാജ്യം ഭൂമിയെ ‘സൗമ്യതയുളളവർ’ മാത്രം അധിവസിക്കുന്ന ഒരു സ്ഥലമായി മാററുന്നതിനുമുമ്പുളള സമയത്തിന്റെ സവിശേഷത “അധർമ്മത്തിന്റെ വർദ്ധനവായിരിക്കും” എന്ന് യേശു മുൻകൂട്ടി പറഞ്ഞു. “അധർമ്മത്തിന്റെ ആ വർദ്ധനവ്” നമ്മുടെ നാളിൽ ഒരു ജീവിത യാഥാർത്ഥ്യമാണ്.—മത്തായി 24:12; 5:5; സങ്കീർത്തനം 37:29.
സകലത്തിലും വലിയ പ്രശ്നം
24. ഇതുവരെ ചർച്ച ചെയ്യപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ മനുഷ്യർക്ക് കഴിഞ്ഞാലും അതിലും വലിയ ഏതു ശത്രുക്കൾ അവശേഷിക്കും?
24 യുദ്ധം, ദാരിദ്രം, വിശപ്പ്, മലിനീകരണം, കുററകൃത്യം എന്നീ പ്രശ്നങ്ങൾ മനുഷ്യർക്ക് പരിഹരിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് കരുതുക. ഇത് നിങ്ങൾക്ക് പൂർണ്ണതോതിലുളള സമാധാനവും സുരക്ഷിതത്വവും കൈവരുത്തുമായിരുന്നോ? ഇല്ല. അപ്പോഴും ചില കുറവുകൾ ഉണ്ടായിരിക്കും. അപ്പോഴും കീഴ്പ്പെടുത്തപ്പെടാത്ത ശത്രുക്കളായി രോഗവും മരണവും ഉണ്ടായിരിക്കും. വാസ്തവത്തിൽ, പ്രിയപ്പെട്ട ഒരാൾ രോഗം ബാധിച്ചു മരിക്കുന്നതു കാണുമ്പോൾ, അല്ലെങ്കിൽ നിങ്ങളുടെ തന്നെ ശരീരം ഒരു മാരക രോഗത്താൽ ആക്രമിക്കപ്പെട്ടുകാണുമ്പോൾ മററു പ്രശ്നങ്ങളിൽ നിന്നുളള ആശ്വാസത്തിന് എന്തു പ്രസക്തിയാണുളളത്?
25, 26. രോഗങ്ങളെ കീഴടക്കുന്നതു സംബന്ധിച്ച് എന്തു ഭാവി പ്രതീക്ഷയാണ് വൈദ്യശാസ്ത്ര ഗവേഷകർക്കുളളത്?
25 വൈദ്യശാസ്ത്രരംഗത്ത് പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും അതു രോഗത്തിൽനിന്നും മരണത്തിൽ നിന്നുമുളള സ്വാതന്ത്ര്യം കൈവരുത്തിയിട്ടുണ്ടോ? വൈദ്യശാസ്ത്രരംഗത്തെ ഒരു ആധികാരിക കേന്ദ്രം ഉത്തരം നൽകുന്നു: “പകർച്ചവ്യാധികൾ പരാജയപ്പെടുത്തപ്പെട്ടിട്ടില്ല. ലോകത്തിലെ മരണത്തിനു മുഖ്യകാരണം അവതന്നെ. ഇവിടെ [ഐക്യനാടുകളിൽ] രോഗത്തിന്റെ മുഖ്യകാരണവും അവയാണ്.”23 ഒരു റിപ്പോർട്ടിൻപ്രകാരം: “1,000 കുട്ടികളിൽ 500 പേർ 5 വയസ്സ് തികയുന്നതിനു മുമ്പ് മരിച്ചു പോകാൻ തക്കവണ്ണം” ആഫ്രിക്കയിൽ രോഗങ്ങൾ അത്ര അനിയന്ത്രിതമാണ്.24 മലമ്പനി, നിദ്രാരോഗം, കോളറാ, കുഷ്ഠം എന്നിവയും മററു രോഗങ്ങളും ലോകത്തെമ്പാടുമായി കോടിക്കണക്കിന് ആളുകളെ ബാധിച്ചിരിക്കുന്നു. ചില മുന്നോക്ക രാജ്യങ്ങളിൽ ആകെ മരണത്തിൽ പകുതിയോളം ഹൃദ്രോഗം മൂലവും അഞ്ചിലൊന്നു മരണങ്ങൾ കാൻസർ മൂലവുമാണ് സംഭവിക്കുന്നത്. കൂടാതെ ബ്രിട്ടീഷ് വൈദ്യശാസ്ത്ര മാസികയായ ലാൻസെററ് പ്രസ്താവിക്കുന്നു: “ലോകത്തിലെല്ലാമായി ഓരോ വർഷവും 25 കോടി ജനങ്ങളെ ഗൊണോറിയായും 5 കോടി ജനങ്ങളെ സിഫിലിസും ബാധിക്കുന്നു. ലൈംഗിക ബന്ധങ്ങളിലൂടെ പകരുന്ന മററു രോഗങ്ങൾ ഇതിലും സാധാരണമായിരിക്കാം.”25
26 കാൻസർ, ഹൃദ്രോഗം, വൃക്കരോഗം എന്നിവയ്ക്കു പ്രതിവിധി കണ്ടുപിടിച്ചാൽ മററുരോഗങ്ങൾ അതിലും വലിയ കൊലയാളികളായി മാറും എന്നാണ് ഒരു ശാസ്ത്രജ്ഞൻ പ്രസ്താവിച്ചത്. “അടുത്ത കാലത്തെങ്ങും ആയുർ ദൈർഘ്യം അധികം വർദ്ധിപ്പിക്കാനോ, വാർദ്ധക്യം പ്രാപിക്കുന്നതു നീട്ടിവയ്ക്കാനോ ഒട്ടുംതന്നെ സാദ്ധ്യതയില്ല”26 എന്നു അദ്ദേഹം കൂട്ടിച്ചേർത്തു. സോവ്യററ് യൂണിയനിലെ ഡോക്ടർമാർ പറയുന്നു: “വൈദ്യശാസ്ത്രരംഗത്തെ ഈ നേട്ടങ്ങളെല്ലാം ഉണ്ടായിട്ടും രേഖപ്പെടുത്തപ്പെട്ട ചരിത്ര കാലത്തൊക്കെയും ജീവശാസ്ത്രപരമായ ആയുർദൈർഘ്യം മാററമില്ലാത്തതായി തുടരുന്നു.”27
27. (എ) മമനുഷ്യന്റെ ആയുർ ദൈർഘ്യം സംബന്ധിച്ച ബൈബിളിലെ ഏതഭിപ്രായം ഇന്നും സത്യമാണ്? (ബി) മാനുഷ ജീവിതം ഇത്ര ഹ്രസ്വവും പ്രശ്നങ്ങൾ നിറഞ്ഞതുമായിരിക്കുന്നതെന്തുകൊണ്ടെന്ന് നമുക്ക് എവിടെ നിന്ന് മനസ്സിലാക്കാം?
27 ഇയ്യോബ് 14:1, 2-ലെ വാക്കുകൾ ഇന്നോളം എത്ര സത്യമായി തുടർന്നിരിക്കുന്നു: “സ്ത്രീയിൽനിന്നു ജനിച്ച മനുഷ്യൻ അല്പായുസ്സുളളവനും പ്രക്ഷുബ്ധത നിറഞ്ഞവനും ആകുന്നു. ഒരു പൂ പോലെ അവൻ വിടരുന്നു. ഛേദിക്കപ്പെടുന്നു. അവൻ നിഴൽ പോലെ ഓടിപ്പോകുന്നു. അവൻ ആസ്തിക്യത്തിൽ തുടരുന്നില്ല.” ബൈബിൾ ഇതിനുളള കാരണവും കൂടെ കാണിക്കുന്നു. നാം പിന്നാലെ കാണാൻ പോകുന്നതുപോലെ മനുഷ്യരുടെ എല്ലാ പ്രശ്നങ്ങളുടെയും കാരണം അതു തിരിച്ചറിയിക്കുന്നു.
നിങ്ങൾ എന്തിൽ പ്രത്യാശ വയ്ക്കും?
28-30. മനുഷ്യവർഗ്ഗത്തെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ, മനുഷ്യരുടേതിനേക്കാൾ ദൈവത്തിന്റെ പരിഹാരത്തെ ആശ്രയിക്കുന്നത് കൂടുതൽ യാഥാർത്ഥ്യബോധമുളളതായിരിക്കുന്നതെന്തുകൊണ്ട്?
28 സത്യസന്ധമായി പറഞ്ഞാൽ, മനുഷ്യവർഗ്ഗത്തെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മനുഷ്യരിൽ ആശ്രയിക്കുന്നതു വസ്തു നിഷ്ഠമായ ഒരു സംഗതിയായിരിക്കുമോ? അതോ ബൈബിൾ ചൂണ്ടിക്കാണിക്കുന്ന പരിഹാരത്തിൽ, അതായത് നീതിയുളള ഒരു സ്വർഗ്ഗീയ ഗവൺമെൻറ് മുഖാന്തരമുളള ദൈവത്തിന്റെ തന്നെ നടപടിയിൽ ആശ്രയം വയ്ക്കുന്നതായിരിക്കുമോ കൂടുതൽ വസ്തുനിഷ്ഠമായത്?
29 ദീർഘനാൾ മുമ്പ് നിശ്വസ്ത സങ്കീർത്തനക്കാരൻ ഈ വാക്കുകൾ എഴുതി: “നിങ്ങൾ പ്രഭുക്കൻമാരിൽ ആശ്രയിക്കരുത്. രക്ഷിപ്പാൻ കഴിയാത്ത ഭൗമ മമനുഷ്യന്റെ പുത്രനിലും അരുത്. അവന്റെ ആത്മാവു പോകുന്നു, അവൻ മണ്ണിലേക്ക് തിരിയുന്നു; അന്നുതന്നെ അവന്റെ ചിന്തകൾ നശിക്കുന്നു. യാക്കോബിന്റെ ദൈവം സഹായിയായി, ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ തന്റെ ദൈവമായ യഹോവയിൽ ആശ്രയിക്കുന്ന മനുഷ്യൻ സന്തുഷ്ടനാകുന്നു.”—സങ്കീർത്തനം 146:3-6.
30 മനുഷ്യർ എത്ര ആത്മാർത്ഥതയുളളവരായിരുന്നാലും ലോകനേതാക്കൻമാർ എത്ര സ്വാധീനമുളളവരോ ശക്തരോ ആയിരുന്നാലും അവരെല്ലാവരും മരിച്ചുപോകുന്നവരാണെന്നു ഒരിക്കലും മറക്കരുത്. അവർക്ക് അവരെത്തന്നെ രക്ഷിപ്പാൻ കഴിയാത്തപ്പോൾ അവരെങ്ങനെയാണ് മററുളളവരെ രക്ഷിക്കുക? അവർക്ക് അതു സാദ്ധ്യമല്ല. തന്റെ രാജ്യ ഗവൺമെൻറിലൂടെ ദൈവത്തിനു മാത്രമേ അതുകഴിയുകയുളളു.
[അധ്യയന ചോദ്യങ്ങൾ]
[13-ാം പേജിലെ ചിത്രം]
ചരിത്രത്തിലുടനീളം മനുഷ്യർ അന്ധമായി ഒരു ദുരന്തത്തിൽ നിന്ന് മറെറാന്നിലേക്ക് തട്ടിമുട്ടി നീങ്ങുകയായിരുന്നു—യുദ്ധം, വർദ്ധിച്ചുവരുന്ന കുററകൃത്യം, മലിനീകരണം, ദാരിദ്ര്യം അങ്ങനെ പലതും. ബൈബിൾ സത്യസന്ധമായി പറയുംപ്രകാരം: “തന്റെ കാലടികളെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുളളതല്ല”
[21-ാം പേജിലെ ചിത്രം]
“രക്ഷിപ്പാൻ കഴിയാത്ത ഭൗമ മമനുഷ്യന്റെ പുത്രനിൽ നിങ്ങളുടെ ആശ്രയം വയ്ക്കരുത്”