മുൻകൂട്ടി പറയപ്പെട്ടലോകനാശം എപ്പോൾ വരും?
അധ്യായം 7
മുൻകൂട്ടി പറയപ്പെട്ടലോകനാശം എപ്പോൾ വരും?
1. ദൈവത്തിന് മനുഷ്യവർഗ്ഗത്തെ സംബന്ധിച്ച് എന്ത് മഹത്തായ ഉദ്ദേശ്യമുണ്ട്?
യുദ്ധവും കുററകൃത്യവും ഭൂമിയിലെ മലിനീകരണവും അവസാനിപ്പിച്ചു കാണുന്നത് എന്തോരാശ്വാസമായിരിക്കും! ഒരുവനും ഒരുവന്റെ കുടുംബത്തിനും പൂർണ്ണസുരക്ഷിതത്വം ആസ്വദിക്കാൻ കഴിയുന്ന, യഥാർത്ഥത്തിൽ നീതിയുളള ഒരു ഭരണത്തിൻകീഴിൽ ജീവിക്കുന്നത് എത്ര ഉല്ലാസകരമാണ്! ദൈവം ഈ കാര്യങ്ങൾ ഒരു യാഥാർത്ഥ്യമാക്കിത്തീർക്കുമെന്ന് ബൈബിൾ പ്രകടമാക്കുന്നു. എന്നാൽ എപ്പോൾ?
2. (എ) “യഹോവയുടെ ദിവസം” വരുമ്പോൾ ആർ സംഭ്രമിച്ചുപോകും? (ബി) നമുക്ക് അതു സംഭവിക്കുന്നതിനെ നമുക്ക് എങ്ങനെ ഒഴിവാക്കാൻ കഴിയും?
2 ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിലേയ്ക്കു വഴിതെളിക്കുന്ന ലോകനാശത്തെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് പറയുന്നു: “യഹോവയുടെ ദിവസം കൃത്യമായിട്ട് രാത്രിയിലെ ഒരു കളളനെപ്പോലെ വരുന്നു.” അവൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “എന്നാൽ സഹോദരൻമാരേ, ആ ദിവസം കളളൻമാരെ എന്നപോലെ നിങ്ങളെ പിടിക്കത്തക്കവണ്ണം നിങ്ങൾ ഇരുട്ടിലല്ല.” (1 തെസ്സലോനീക്യർ 5:2, 4) അതുകൊണ്ട് “യഹോവയുടെ ദിവസം” വന്നെത്തുമ്പോൾ മുന്നറിയിപ്പു ശ്രദ്ധിക്കുന്നതിൽ പരാജയപ്പെടുന്നവർ പെട്ടെന്നു കെണിയിൽ പിടിക്കപ്പെടുന്ന മൃഗങ്ങളെപ്പോലെ ആയിരിക്കും. എന്നാൽ അതു നിങ്ങൾക്കു സംഭവിക്കേണ്ടതില്ല. തിരുവെഴുത്തു പ്രസ്താവിക്കുന്നതുപോലെ “ഇരുട്ടിലല്ലാത്ത” ആളുകൾ ഉണ്ട്. ഇത് അവർ അന്വേഷണം നടത്തുകയും നമ്മുടെ നാളിനെ സംബന്ധിച്ച് ദൈവവചനം പറയുന്നത് ഗൗരവമായി എടുക്കുകയും ചെയ്യുന്നതുകൊണ്ടാണ്.—ലൂക്കോസ് 21:34-36.
3, 4. (എ) ഇരുപതാം നൂററാണ്ടിലെ സംഭവങ്ങളുടെ പൂർണ്ണമായ പ്രാധാന്യം എവിടെ വിശദീകരിക്കപ്പെട്ടിരിക്കുന്നു? (ബി) ബൈബിൾ പ്രവചനത്തിൽ വിവരിച്ചിരിക്കുന്ന ഏതു അഞ്ച് മുഖ്യ ആശയങ്ങൾ നാമിപ്പോൾ പരിശോധിക്കാൻ പോകുകയാണ്?
3 ഈ ഇരുപതാം നൂററാണ്ടിലെ സംഭവങ്ങളെ ബൈബിൾ വ്യക്തമായി വിവരിക്കുന്നു. എന്നാൽ അത് ഏതാണ്ട് രണ്ടായിരം വർഷങ്ങൾ മുമ്പുകൂട്ടി ഇതു ചെയ്തു! സംഭവങ്ങളിൽതന്നെ അനേകവും പൊതുവേ അറിയപ്പെടുന്നവയാണെങ്കിലും ബൈബിൾ മാത്രമേ അവയുടെ പൂർണ്ണമായ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നുളളു.
4 .നമ്മുടെ നാളിനെ സംബന്ധിച്ചു ബൈബിളിലടങ്ങിയിരിക്കുന്ന വിവരങ്ങളിൽ പിൻവരുന്നവ ഉൾപ്പെടുന്നു: (1) ദൈവം “മനുഷ്യവർഗ്ഗത്തിന്റെ രാജ്യം” “താൻ ആഗ്രഹിക്കുന്ന ഒരുവന്” കൊടുക്കുന്ന കൃത്യ വർഷം. (2) “വ്യവസ്ഥിതിയുടെ സമാപനം” എന്നറിയപ്പെടുന്ന കാലഘട്ടത്തിൽ നടക്കുന്ന പ്രമുഖ സംഭവങ്ങൾ. (3) അക്കാലത്തെ ശ്രദ്ധാർഹമായ മതപരമായ സംഭവവികാസങ്ങൾ. (4) “വ്യവസ്ഥിതിയുടെ സമാപന”ത്തിന്റെ തുടക്കം കണ്ട തലമുറയിലെ ചിലരുടെയെങ്കിലും അതിജീവനം (5) ലോകനാശം തുടങ്ങാറായിരിക്കുന്നു എന്നതിന്റെ ഒരു അന്തിമ അടയാളമെന്നനിലയിൽ ലോകകാര്യങ്ങളിലെ ഒരു സുപ്രധാന സംഭവ വികാസം. നമുക്ക് ഈ പോയിൻറുകൾ പരിശോധിക്കാം.
(1) അടയാളപ്പെടുത്തപ്പെട്ട വർഷം—പൊ. യു. 1914
5. ഒരു സുപ്രധാന വർഷമെന്നനിലയിൽ ബൈബിൾ പൊ. യു. 1914-ലേക്ക് വിരൽ ചൂണ്ടിയെന്ന് എത്ര നേരത്തെയുളള ഒരു തീയതിയിൽ യഹോവയുടെ സാക്ഷികൾ തിരിച്ചറിഞ്ഞു?
5 മുമ്പ് 1876-ൽ തന്നെ ബൈബിൾ പ്രവചനങ്ങൾ 1914-നെ മാനുഷ കാര്യാദികളിൻമേൽ ദൂരവ്യാപകമായ ഫലങ്ങൾ ഉളള പ്രമുഖ സംഭവങ്ങൾ നടക്കുന്ന ഒരു സമയമായി അടയാളപ്പെടുത്തിയിരിക്കുന്നു എന്ന് യഹോവയുടെ സാക്ഷികൾ തിരിച്ചറിഞ്ഞു. ഈ വസ്തുതയ്ക്കുളള കാരണത്തിന് അവർ വിപുലമായ പ്രചാരം നൽകി.
6. (എ) ദാനിയേൽ 4:2, 3, 17 വാക്യങ്ങളിൽ എന്ത് ചർച്ച ചെയ്യപ്പെട്ടിരിക്കുന്നു? (ബി) യഹോവ ആർക്കു “രാജ്യം” കൊടുക്കുന്നുവോ ആ “ഒരുവൻ” ആരാണ്?
6 നിങ്ങൾ നിങ്ങളുടെ ബൈബിൾ ദാനിയേൽ 4-ാം അദ്ധ്യായത്തിലേയ്ക്കു തുറക്കുന്നുവെങ്കിൽ ഭൂമിമേലുളള പരമാധികാരം സംബന്ധിച്ച ദൈവോദ്ദേശ്യം വെളിപ്പെടുത്തുന്ന ഒരു പ്രവചനം നിങ്ങൾ കണ്ടെത്തും. ആ പ്രവചനനിവൃത്തിയുടെ പിന്നിലെ ഉദ്ദേശ്യം “അത്യുന്നതൻ മനുഷ്യവർഗ്ഗത്തിന്റെ രാജ്യത്തിൽ ഭരണാധികാരിയാണെന്നും താൻ ആഗ്രഹിക്കുന്ന ഒരുവന് അവൻ അതു കൊടുക്കുന്നുവെന്നും ജീവിച്ചിരിക്കുന്നവർ അറിയണമെന്നുളളതാണെന്നും” പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. (2, 3, 17 വാക്യങ്ങൾ) അത്യുന്നതൻ “രാജ്യം” കൊടുക്കുന്ന ഈ “ഒരുവൻ” ക്രിസ്തുയേശു ആണ്. ബൈബിളിന്റെ അവസാന പുസ്തകം “ലോകരാജ്യം” സ്വർഗ്ഗീയ രാജാവെന്ന നിലയിൽ അവനു കൊടുക്കപ്പെടുന്ന സമയത്തെക്കുറിച്ചു പറയുന്നു. (വെളിപ്പാട് 11:15; 12:10) അപ്പോൾ ഇതിന്റെ അർത്ഥം യേശുക്രിസ്തുവിനു “ലോകരാജ്യം” നൽകിക്കൊണ്ട് ദൈവം മാനുഷ കാര്യാദികളിൽ ഇടപെടുന്ന സമയത്തെക്കുറിച്ച് ദാനിയേൽ പ്രവചനം പ്രതിപാദിക്കുന്നു എന്നാണ്. അതെപ്പോഴായിരിക്കുമെന്നാണ് പ്രവചനം ചൂണ്ടിക്കാണിക്കുന്നത്?
7. (എ) ദാനിയേൽ 4:10-16-ൽ ഏതു പ്രാവചനിക സ്വപ്നം വിവരിക്കപ്പെട്ടിരിക്കുന്നു? (ബി) അതു നെബൂഖദ്നേസ്സർ രാജാവിന് എങ്ങനെ ബാധകമായി?
7 ദാനിയേലിലെ പ്രവാചക സ്വപ്നം വെട്ടിയിടപ്പെട്ടതും അതിൻമേൽ “ഏഴുകാലങ്ങൾ” കടന്നു പോകുവോളം ഇരുമ്പും ചെമ്പും കൊണ്ട് ബന്ധിക്കപ്പെട്ടതുമായ ഒരു വലിയ വൃക്ഷത്തെ വർണ്ണിക്കുന്നു. ആ കാലത്ത് അതിന് “ഒരു മൃഗത്തിന്റെ ഹൃദയം” കൊടുക്കപ്പെടുമായിരുന്നു. (ദാനിയേൽ 4:10-16) ഇതിന്റെ അർത്ഥമെന്തായിരുന്നു? ദാനിയേൽ ഇതു വിശദീകരിക്കാൻ ദൈവം ഇടയാക്കി: ബാബിലോൻ രാജാവായ നെബുഖദ്നേസ്സറിന് സുബോധം നഷ്ടപ്പെടുകയും അവൻ തന്റെ സിംഹാസനത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുകയും ഒരു മൃഗത്തേപ്പോലെ ജീവിക്കാൻ മനുഷ്യരുടെ ഇടയിൽനിന്ന് ഓടിച്ചുകളയപ്പെടുകയും ചെയ്യുമായിരുന്നു. ഏഴു വർഷങ്ങൾക്കുശേഷം അവന്റെ സുബോധം തിരിച്ചുവരും. ഇത് രാജാവിനു വാസ്തവത്തിൽ സംഭവിക്കുകയും ദൈവത്തിന്റെ ഭരണത്തിന്റെ ശ്രേഷ്ഠതയെ അംഗീകരിച്ചവനെന്നനിലയിൽ തന്റെ സിംഹാസനത്തിൻമേൽ പുനഃസ്ഥിതീകരിക്കപ്പെടുകയും ചെയ്തു. (ദാനിയേൽ 4:20-37) എന്നിരുന്നാലും ഇതിനെല്ലാം വലിപ്പമേറിയ ഒരർത്ഥമുണ്ടായിരുന്നു, ആ കാരണത്താൽ അതു ബൈബിളിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
8. (എ) ഈ പ്രവചനത്തിന്റെ വലിപ്പമേറിയ അർത്ഥം ഏതു രാജ്യത്തോട് ബന്ധപ്പെട്ടിരിക്കുന്നു? (ബി) ഈ വലിപ്പമേറിയ നിവൃത്തിയിൽ, വൃക്ഷത്തിന്റെ വെട്ടിയിടീലിനാൽ എന്തു പ്രതിനിധാനം ചെയ്യപ്പെടുന്നു, ‘അതിന് ഒരു മൃഗത്തിന്റെ ഹൃദയം കൊടുക്കപ്പെട്ട’തെങ്ങനെ?
8 വലിപ്പമേറിയ അർത്ഥത്തിന് ഭൂമിയിലെ സകല ജീവികൾക്കും പ്രയോജനം ചെയ്യുന്ന കൂടുതൽ ശക്തമായ ഒരു ഭരണത്തോട് ബന്ധമുണ്ട്. അതിൽനിന്ന്, പ്രവചനം പറയുന്നു, “എല്ലാവർക്കും ആഹാരവും” മൃഗങ്ങൾക്കും പക്ഷികൾക്കുംപോലും സംരക്ഷണവും ഉണ്ടായിരിക്കും. (ദാനിയേൽ 4:12) ഈ പ്രയോജനങ്ങൾ യഥാർത്ഥത്തിൽ കൈവരുത്താൻ കഴിയുന്ന ഏക ഭരണം ദൈവത്തിന്റെ രാജ്യമാണ്. ഈ ഗവൺമെൻറിന്റെ നീതിയുളള തത്വങ്ങൾ യെരൂശലേം തലസ്ഥാനമാക്കി രാജാക്കൻമാർ ഭരിച്ചിരുന്ന യഹൂദയുടെ ചരിത്രത്താൽ പ്രകടമാക്കപ്പെട്ടു. എന്നാൽ അവിശ്വസ്തത നിമിത്തം യഹൂദ പൊ. യു. മു. 607-ൽ ബാബിലോനാൽ ജയിച്ചടക്കപ്പെടാൻ യഹോവ അനുവദിച്ചു. അതു സ്വപ്നത്തിലെ വൃക്ഷം വെട്ടിയിടപ്പെടുകയും കുററിക്കു ചുററും നിയന്ത്രണത്തിന്റെ ബന്ധനങ്ങൾ വയ്ക്കപ്പെടുകയും ചെയ്തതുപോലെ ആയിരുന്നു. അന്നുമുതൽ ദിവ്യ ഇടപെടൽ കൂടാതെ ദേശീയ ഗവൺമെൻറുകൾ ലോകാധിപത്യം നടത്തിപ്പോരുന്നു. ഈ ദേശീയ രാജ്യങ്ങൾ “മൃഗങ്ങളാൽ” ചിത്രീകരിക്കപ്പെടുന്നതിനാൽ “അതിന് ഒരു മൃഗത്തിന്റെ ഹൃദയം കൊടുക്കപ്പെടട്ടെ, അതിൻമേൽ ഏഴുകാലങ്ങൾ കടന്നുപോകട്ടെ,” എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതൻ പ്രഖ്യാപിച്ചതുപോലെയായിരുന്നു അത്. (ദാനിയേൽ 4:16; 8:1-8, 20-22) എന്നിരുന്നാലും ഒടുവിൽ മൃഗസമാനമായ ഗവൺമെൻറുകളാലുളള ഭരണത്തിന്റെ ആ “ഏഴു കാലങ്ങൾ” അവസാനിക്കുമായിരുന്നു. അപ്പോൾ ‘ബന്ധനങ്ങൾ’ നീക്കപ്പെടുകയും “ലോകരാജ്യം” യഹോവ ആർക്കു കൊടുക്കുന്നുവോ അവൻ ലോകാധിപത്യം പ്രയോഗിച്ചു തുടങ്ങുകയും ചെയ്യുമ്പോൾ “വൃക്ഷം” വീണ്ടും വളരുമായിരുന്നു.
9, 10. (എ) “ഏഴുകാലങ്ങളുടെ” ദൈർഘ്യം കണക്കുകൂട്ടുകയിൽ ഓരോ “കാലവും” എത്ര ദീർഘമാണെന്ന് തെളിയുന്നു? ബൈബിൾ ഇത് എങ്ങനെ സൂചിപ്പിക്കുന്നു? (ബി) “ഏഴു കാലങ്ങൾ” എപ്പോൾ തുടങ്ങി, അവ എത്ര വർഷങ്ങളാണ്, അവ എപ്പോൾ അവസാനിക്കുന്നു?
9 ആ “ഏഴു കാലങ്ങൾ” എത്ര ദൈർഘ്യമുളളവയായിരുന്നു? ഏഴുവർഷങ്ങളേക്കാൾ വളരെയധികം, എന്തുകൊണ്ടെന്നാൽ നൂററാണ്ടുകൾക്കുശേഷം “ജനതകളുടെ നിയമിത കാലങ്ങൾ” അപ്പോഴും തുടരുകയായിരുന്നു എന്ന് യേശു ചൂണ്ടിക്കാട്ടി. പൊ. യു. മു. 607-ൽ ബാബിലോൻ യെരൂശലേമിനെ ജയിച്ചടക്കിയതുമുതൽ അവ ലോകാധിപത്യം പുലർത്തിയിരുന്നു, കുറേക്കാലത്തേയ്ക്കുകൂടി അങ്ങനെ തുടരുകയും ചെയ്യുമായിരുന്നു.—ലൂക്കോസ് 21:24.
10 ബൈബിൾ പ്രവാചക “കാലങ്ങ”ളെ പരാമർശിക്കുന്നതെങ്ങനെയെന്ന് നിങ്ങൾ തന്നെ കാണുക. 1,260 ദിവസങ്ങൾ 42 മാസങ്ങളോ മൂന്നരവർഷങ്ങളോ ആണെന്ന് വെളിപ്പാട് 11:2, 3 കാണിക്കുന്നു. വെളിപ്പാട് 12:6, 14 അതേ ദിവസങ്ങളുടെ എണ്ണത്തേക്കുറിച്ച് (1,260) “കാലവും [1] കാലങ്ങളും [2] അരക്കാലവും,” അതായത് മൂന്നര“കാലങ്ങ”ൾ എന്നാണ് പറഞ്ഞിരിക്കുന്നത്. ആ “കാലങ്ങളി”ൽ ഒരോന്നും 360 ദിവസങ്ങളാണ്. (3 1⁄2×360=1,260) ഒരു വർഷത്തിന് ഒരു ദിവസം എന്ന തത്വം അനുസരിച്ച് ഈ പ്രവാചക “കാലങ്ങ”ളുടെ “ഓരോ ദിവസവും ഒരു പൂർണ്ണവർഷത്തെ” പ്രതിനിധാനം ചെയ്യുന്നു. (സംഖ്യാപുസ്തകം 14:34; യെഹെസ്ക്കേൽ 4:6) അപ്രകാരം “ഏഴ് കാലങ്ങൾ” 2,520 വർഷങ്ങൾ ആണ് (7×360). യഹൂദയിലെ മാതൃകാപരമായ ദൈവരാജ്യം ബാബിലോനാൽ നിലംപരിചാക്കപ്പെട്ട പൊ. യു. മു. 607-ലെ ശരത്കാലം മുതൽ എണ്ണിയാൽ 2,520 വർഷങ്ങൾ പൊ. യു. 1914-ലെ ശരത്കാലത്ത് നമ്മെ എത്തിക്കുന്നു (606 1⁄4+1913 3⁄4=2,520). “ലോകരാജ്യം” യേശുക്രിസ്തുവിന് ഭരമേൽപ്പിക്കപ്പെടാനുളള വർഷം അതായിരുന്നു.
11. ആയിരത്തിത്തൊളളായിരത്തി പതിനാല് എന്ന വർഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചരിത്രകാരൻമാർ എന്തു പറയുന്നു?
11 ബൈബിൾ 1914-ലേയ്ക്കു വിരൽ ചൂണ്ടുന്നു എന്ന് പ്രഖ്യാപിച്ചശേഷം അതിന്റെ അനന്തരഫലം കാണുന്നതിന് മുമ്പ് യഹോവയുടെ സാക്ഷികൾക്ക് പല ദശാബ്ദങ്ങൾ കാത്തിരിക്കേണ്ടതുണ്ടായിരുന്നു. 1914-ന്റെ ആരംഭത്തിൽ നിലവിലിരുന്ന സമാധാനാവസ്ഥ യാതൊന്നും സംഭവിക്കാൻ പോകുന്നില്ല എന്ന് പലരും വിചാരിക്കാൻ ഇടയാക്കി. എന്നാൽ വേനൽ അവസാനിക്കുന്നതിനുമുമ്പ് അന്നുവരെ സംഭവിച്ചിട്ടില്ലാത്ത തരം ഒരു യുദ്ധത്തിൽ ലോകം മുഴുകിയപ്പോൾ സാക്ഷികളുടെ ആത്മവിശ്വാസം ന്യായയുക്തമാണെന്നു തെളിയിക്കപ്പെട്ടു. 1914 എന്ന പുസ്തകത്തിന്റെ പുനരവലോകനത്തിൽ ചരിത്രകാരനായ എ. എൽ. റൗസ് ഇപ്രകാരം എഴുതി: “ഒരു യുഗത്തിന്റെ അന്ത്യത്തെയും മറെറാന്നിന്റെ ആരംഭത്തെയും അടയാളപ്പെടുത്തിയ ഒരു വർഷം എന്നെങ്കിലും ഉണ്ടായിരുന്നിട്ടുണ്ടെങ്കിൽ അത് 1914 ആയിരുന്നു. ആ വർഷം പഴയലോകത്തെ അതിന്റെ സുരക്ഷിതത്വബോധത്തോടെ അന്ത്യത്തിലേയ്ക്കു വരുത്തുകയും ആധുനികയുഗത്തിന് തുടക്കമിടുകയും ചെയ്തു. അതിന്റെ പ്രത്യേക ലക്ഷണങ്ങൾ നമ്മുടെ ദൈനംദിനപങ്കായ അരക്ഷിതാവസ്ഥയാണ്.”44 ബ്രിട്ടീഷ് രാജ്യതന്ത്രജ്ഞനായിരുന്ന വിൻസ്ററൺ ചർച്ചിലിനെ കുറിച്ചുളള ഒരു റിപ്പോർട്ട് ഇപ്രകാരം കുറിക്കൊണ്ടു: “സാരാജെവോയിൽ 1914 ജൂൺ 28-ന് വച്ച വെടി സുരക്ഷിതത്വവും സൃഷ്ടിപരമായ ന്യായബോധവുമുളള ലോകത്തെ തകർത്തിരുന്നു. . . . അന്നുമുതൽ ലോകം ഒരിക്കലും അതേസ്ഥലം തന്നെ ആയിരുന്നിട്ടില്ല. . . . അത് ഒരു വഴിത്തിരിവായിരുന്നു. അത്ഭുതകരവും ശാന്തവും ആകർഷകവുമായിരുന്ന ഇന്നലത്തെ ലോകം വീണ്ടും ഒരിക്കലും പ്രത്യക്ഷപ്പെടാത്തവണ്ണം അപ്രത്യക്ഷമായിരുന്നു.”45 നൂററാണ്ടുകൾക്കുമുമ്പേ ബൈബിൾ പ്രവചനത്താൽ അടയാളപ്പെടുത്തപ്പെട്ട ആ വർഷം വാസ്തവത്തിൽ ചരിത്രത്തിലെ ഒരു വഴിത്തിരിവാണെന്നു തെളിഞ്ഞു.
12. ആയിരത്തിത്തൊളളായിരത്തി പതിനാലിലും അതിനു ശേഷവും മാനുഷകാര്യാദികളിലുണ്ടായിട്ടുളള വലിയ വിപ്ലവ മുന്നേററങ്ങളുടെ കാരണമെന്തായിരുന്നു?
12 ക്രിസ്തുവിന്റെ സിംഹാസനാരോഹണം ഭൂമിയിൽ മുമ്പുണ്ടായിട്ടില്ലാത്ത തരം യുദ്ധത്താൽ അടയാളപ്പെടുത്തപ്പെടുന്നത് ആദ്യം വിചിത്രമായി തോന്നിയേക്കാം. എന്നാൽ “ലോകത്തിന്റെ ഭരണാധിപൻ” പിശാചായ സാത്താനാണെന്ന് മറക്കരുത്. (യോഹന്നാൻ 14:30) ദൈവരാജ്യം ഭൂമിയിലെ കാര്യാദികളെ നയിക്കുന്നതു കാണാൻ അവൻ ആഗ്രഹിച്ചില്ല. ആ രാജ്യത്തിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് തങ്ങളുടെ തന്നെ പരമാധികാരം സംബന്ധിച്ച അവകാശവാദം ഉയർത്തിപ്പിടിക്കാനുളള ഒരു യുദ്ധത്തിലേയ്ക്കു അവൻ മനുഷ്യരെ തന്ത്രപൂർവ്വം നയിച്ചു. അതിലുപരി, രാജ്യഗവൺമെൻറിനെ അതിന്റെ ജനനത്തിങ്കൽതന്നെ വിഴുങ്ങിക്കളയുവാൻ സാത്താനും അവന്റെ ഭൂതങ്ങളും ശ്രമിച്ചു എന്ന് ബൈബിൾ പ്രകടമാക്കുന്നു. ഫലമെന്തായിരുന്നു? “സ്വർഗ്ഗത്തിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. . . . മുഴുനിവസിത ഭൂമിയെയും വഴിതെററിക്കുന്ന പിശാചും സാത്താനും എന്നു വിളിക്കപ്പെടുന്ന ആദ്യപാമ്പായ മഹാസർപ്പം താഴോട്ടു വലിച്ചെറിയപ്പെട്ടു; അവൻ താഴോട്ട് ഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ടു; അവന്റെ ദൂതൻമാരും അവനോടുകൂടെ താഴോട്ടു വലിച്ചെറിയപ്പെട്ടു.” സാത്താന് “ഒരു ചുരുങ്ങിയ കാലഘട്ടം” മാത്രമേ അവശേഷിച്ചിട്ടുണ്ടായിരുന്നുളളൂ എന്നതിനാൽ അവന്റെ കോപം വലുതായിരുന്നു. (വെളിപ്പാട് 12:3-12) അതിന് പത്തൊൻപതു നൂററാണ്ടുകൾക്കു മുമ്പ് തന്നെ അനന്തരഫലത്തെക്കുറിച്ച് ബൈബിൾ കൃത്യമായ ഒരു വിവരണം നൽകി.
(2) പ്രത്യേക പ്രാധാന്യമുളള സംഭവങ്ങൾ
13. യേശു ‘തന്റെ സാന്നിദ്ധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളം’ പ്രസ്താവിക്കുന്നതിലേക്ക് നയിച്ചതെന്ത്?
13 പൊ. യു. 33-ാമാണ്ടിൽ യേശു ‘തന്റെ സാന്നിദ്ധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളം’ വിശദമായി വിവരിച്ചു. ഇത് മത്തായി 24, 25, മർക്കോസ് 13, ലൂക്കോസ് 21 എന്നീ അദ്ധ്യായങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഒരു സംഘം ശിഷ്യൻമാരോടുകൂടെ യെരൂശലേമിലായിരിക്കുമ്പോൾ യേശു അവിടത്തെ ആലയത്തിന്റെ നാശം മുൻകൂട്ടിപ്പറഞ്ഞിരുന്നു. അപ്പോൾ അവന്റെ ശിഷ്യൻമാർ ചോദിച്ചു: “ഞങ്ങളോടു പറയൂ, ഈ കാര്യങ്ങൾ എപ്പോഴായിരിക്കും, നിന്റെ സാന്നിദ്ധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളം എന്തായിരിക്കും?”—മത്തായി 24:1-3.
14. യേശു “അടയാള”ത്തിലുൾപ്പെടുത്തിയ സുപ്രധാന സംഭവങ്ങളിൽ ചിലത് പറയുക.
14 ഉത്തരമായി യേശു പറഞ്ഞു: “നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ച് കേൾക്കാൻ പോവുകയാണ്. നിങ്ങൾ ഭയപ്പെടാതിരിക്കാൻ ശ്രദ്ധിച്ചുകൊൾക. എന്തുകൊണ്ടെന്നാൽ ഈ കാര്യങ്ങൾ സംഭവിക്കേണ്ടതാണ്, എന്നാൽ അന്ത്യം അപ്പോഴും ആയിട്ടില്ല. എന്തുകൊണ്ടെന്നാൽ രാഷ്ട്രം രാഷ്ട്രത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും എഴുന്നേൽക്കും, ഭക്ഷ്യക്ഷാമങ്ങളും അവിടവിടെ ഭൂകമ്പങ്ങളും ഉണ്ടായിരിക്കും. ഈ കാര്യങ്ങളെല്ലാം കൊടും വിപത്തിന്റെ യാതനകളുടെ ആരംഭമാണ്.” ലൂക്കോസ് 21:11 പ്രകടമാക്കുന്നതുപോലെ അവൻ ‘അവിടവിടെ മഹാമാരി’ ഉണ്ടാകുന്നതിനെക്കുറിച്ചും പറഞ്ഞിരുന്നു. അവൻ “നിയമരാഹിത്യത്തിന്റെ വർദ്ധനവി”നെക്കുറിച്ചു മുന്നറിയിപ്പുകൊടുത്തു. ഇതു നിമിത്തം “അധികം പേരുടെയും സ്നേഹം തണുത്തുപോകു”മെന്ന് അവൻ പറഞ്ഞു. പ്രാധാന്യമർഹിക്കുന്നതായി, “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി നിവസിത ഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും, അപ്പോൾ അവസാനംവരും” എന്ന് അവൻ മുൻകൂട്ടി പറഞ്ഞു.—മത്തായി 24:4-14.
15, 16. (എ) പൊ. യു. 70-ൽ യെരൂശലേം നശിപ്പിക്കപ്പെടുന്നതിന് മുമ്പ് യേശുവിന്റെ പ്രവചനങ്ങളിലേതെങ്കിലും നിവൃത്തിയേറിയോ? (ബി) ഇതിലുമധികം പ്രധാനമായ മറെറാരു നിവൃത്തികൂടെ ഉണ്ടായിരിക്കേണ്ടതാണെന്ന് നാം എങ്ങനെ അറിയുന്നു?
15 ‘എന്നാൽ ഈ പ്രവചനങ്ങളിൽ ചിലത് പൊ. യു. 70-ാമാണ്ടിൽ റോമാക്കാരാൽ യെരൂശലേമിനുണ്ടായ നാശത്തിന് മുമ്പ് നിവൃത്തിയായില്ലേ?’ എന്ന ചോദ്യം ചോദിക്കപ്പെട്ടേക്കാം. ഉവ്വ്, ചിലത് നിവൃത്തിയായി. എന്നാൽ ആ പ്രവചനങ്ങൾ തന്നെ പ്രകടമാക്കുന്നതുപോലെ, കൂടുതൽ സംഭവിക്കാനിരുന്നു. യേശു തന്റെ ശിഷ്യൻമാർക്ക് നേരിട്ട് താല്പര്യമുളള ഒരു ചോദ്യത്തിന് ഉത്തരം കൊടുക്കുകയായിരുന്നു എന്നത് വാസ്തവമാണ്. എന്നാൽ “ശക്തിയോടും മഹത്വത്തോടും കൂടി” “മനുഷ്യപുത്രൻ” വരുന്നതും “ദൈവരാജ്യം ആസന്നമായിരിക്കുന്ന”തുമായ സമയത്തെക്കുറിച്ചും ഭൂവ്യാപകമായ വിവരങ്ങൾ നൽകാൻ അവൻ ഈ അവസരം ഉപയോഗിച്ചു.—ലൂക്കോസ് 21:27, 31.
16 തീർച്ചയായും, ഈ കാര്യങ്ങൾ പൊ. യു. 70-ലെ യെരൂശലേമിന്റെ നാശത്തിന്റെ സമയമായപ്പോഴേയ്ക്കും സംഭവിച്ചില്ല. പൊ. യു. 96-നോടടുത്ത് എഴുതപ്പെട്ട ബൈബിളിന്റെ അവസാന പുസ്തകമായ വെളിപ്പാട് രാജ്യത്തെ സംബന്ധിച്ചുളള ഈ സംഭവങ്ങൾ ഭാവിയിൽ നടക്കാനുളളതാണെന്ന് പ്രകടമാക്കുന്നു. (വെളിപ്പാട് 1:1; 11:15-18; 12:3-12). യേശു മുൻകൂട്ടിപ്പറഞ്ഞ യുദ്ധങ്ങൾ, ഭക്ഷ്യക്ഷാമങ്ങൾ, പകർച്ചവ്യാധികൾ എന്നിവ അസാധാരണ അളവിലുളള ഭാവി സംഭവങ്ങൾ ആയിരിക്കുമെന്ന് വെളിപ്പാട് പുസ്തകം പ്രതീകാത്മക ഭാഷയിൽ പ്രകടമാക്കുന്നു. അവ യേശുക്രിസ്തു ദൈവരാജ്യത്തിന്റെ സകല എതിരാളികളെയും കീഴടക്കാൻ തുടങ്ങുകയും കീഴടക്കൽ പൂർത്തിയാക്കുകയും ചെയ്യുന്ന സമയത്തെ അടയാളപ്പെടുത്തും. (വെളിപ്പാട് 6:1-8) യേശുവിന്റെ പ്രവചനത്തിലെ ചില ഭാഗങ്ങൾ ഒന്നാം നൂററാണ്ടിൽ പൂർത്തിയാകുകതന്നെ ചെയ്തു എന്ന വസ്തുത അതു സത്യമാണെന്നു മുദ്രയടിച്ചു. അത് യേശു പറഞ്ഞ ബാക്കി കാര്യങ്ങളും നിവൃത്തിയാകുമെന്ന് വിശ്വസിക്കാൻ നല്ല കാരണം നൽകുന്നു.
17. ഇന്നത്തെ ലോകാവസ്ഥകൾ 1914-നു മുമ്പത്തേതിൽനിന്ന് യഥാർത്ഥത്തിൽ വളരെ വ്യത്യസ്തമാണോ?
17 ഈ പ്രവചനങ്ങൾക്ക് 20-ാം നൂററാണ്ടിൽ വലിപ്പമേറിയ, പൂർണ്ണമായ നിവൃത്തിയുണ്ടായിട്ടുണ്ടോ? 70 വയസ്സിൽ കുറഞ്ഞ, കാര്യജ്ഞാനമില്ലാത്ത ആളുകൾ നമ്മുടെ കാലം സാധാരണ നിലയിലുളളതാണ് എന്ന് കരുതിയേക്കാം. കാരണം കാര്യങ്ങൾ ഇതിൽനിന്ന് വ്യത്യസ്തമായിരുന്ന ഒരു സമയം അവർ ഓർമ്മിക്കുന്നില്ല. എന്നാൽ പ്രായമേറിയ ആളുകൾക്ക്, ചരിത്രം സംബന്ധിച്ച് അഭിജ്ഞരായവർക്കും വാസ്തവസ്ഥിതി ഇതല്ലെന്നറിയാം. 1914-ലെ സംഭവങ്ങളെപ്പററി ഒരു ചരിത്ര പുസ്തകം പറഞ്ഞ പ്രകാരം: “പതിനഞ്ച് രാജ്യങ്ങൾ മാത്രമേ യുദ്ധത്തിൽ ഉൾപ്പെടാതിരുന്നുളളു. . . . എന്നാൽ അവയുടെ ഇടയിൽ മദ്ധ്യസ്ഥനായി പ്രവർത്തിക്കാൻ ശക്തിയുളള ഒരു വലിയ രാജ്യം ഉണ്ടായിരുന്നില്ല. ലോക ചരിത്രത്തിൽ ഇത് ഒരിക്കലും സംഭവിച്ചിട്ടില്ലായിരുന്നു; യാതൊരു യുദ്ധത്തിനും ഒരിക്കലും ഇത്തരം പരിമാണങ്ങൾ ഉണ്ടായിരുന്നിട്ടില്ല. ‘ജനത ജനതയ്ക്കെതിരായും രാജ്യം രാജ്യത്തിനെതിരായും എഴുന്നേല്ക്കു’മെന്നുളള വിശുദ്ധ ബൈബിളിലെ പ്രവചനം അക്ഷരീയമായി നിറവേറി.”46
18. വിപുലവ്യാപകമായ യുദ്ധം മാത്രമാണ് “അടയാള”ത്തിൽ ഉൾപ്പെട്ടിരുന്നതെന്ന് നാം നിഗമനം ചെയ്യുന്നത് തെററായിരിക്കുന്നതെന്തുകൊണ്ട്?
18 എന്നാൽ “അടയാളം” എന്ന് യേശു പറഞ്ഞത് ഇത്തരം കാര്യങ്ങൾ മാത്രമായിരുന്നില്ല. ഒരു ദൃഷ്ടാന്തമുപയോഗിച്ചുകൊണ്ട് അവനിങ്ങനെ പറഞ്ഞു: “അത്തിവൃക്ഷത്തെയും മറെറല്ലാവൃക്ഷങ്ങളെയും ശ്രദ്ധിക്കുക. അവ തളിർക്കുമ്പോൾ തന്നെ അതു നിരീക്ഷിക്കുന്നതിനാൽ വേനൽ ഇപ്പോൾ അടുത്തിരിക്കുന്നുവെന്ന് നിങ്ങൾ തന്നെ അറിയുന്നു. ഈ വിധത്തിൽ, ഈ കാര്യങ്ങൾ സംഭവിക്കുന്നതായി നിങ്ങൾ കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്ന് നിങ്ങളും അറിഞ്ഞുകൊൾവിൻ. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, സകലവും സംഭവിക്കുന്നതുവരെ ഈ തലമുറ യാതൊരു പ്രകാരത്തിലും നീങ്ങിപ്പോകയില്ല.” (ലൂക്കോസ് 21:29-32) കാലം തെററി ഒരു വൃക്ഷം മാത്രം ഇലകൾ പുറപ്പെടുവിക്കുന്നതായി നിങ്ങൾ കണ്ടാൽ വേനൽ അടുത്തിരിക്കുന്നു എന്ന് നിങ്ങൾ വിചാരിക്കില്ല. എന്നാൽ സകല വൃക്ഷങ്ങളും ശരിയായ സമയത്ത് തളിർക്കുന്നതു കാണുമ്പോൾ അതിന്റെ അർത്ഥമെന്താണെന്ന് നിങ്ങൾക്കറിയാം. അതുപോലെ യേശുവിന്റെ “സാന്നിദ്ധ്യവും” “വ്യവസ്ഥിതിയുടെ സമാപനവും” അടയാളപ്പെടുത്തുന്നത് യുദ്ധത്താൽ മാത്രമല്ല, പിന്നെയോ എല്ലാം ഒരു തലമുറയിൽ തന്നെ സംഭവിക്കുന്നതായ, നിരവധികാര്യങ്ങളാലാണെന്ന് അവൻ മുൻകൂട്ടിപ്പറഞ്ഞു.
19. (എ) തുടർന്നുവരുന്ന ചാർട്ടിൽ കാണിച്ചിരിക്കുന്നതുപോലെ “അടയാള”ത്തിന്റെ വിവിധ വശങ്ങൾ 1914 മുതൽ നിവൃത്തിയേറിയിരിക്കുന്നതെങ്ങനെ? (ബി) മുമ്പു നടന്നിട്ടുളള യുദ്ധങ്ങളും ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും മററും യേശു പ്രസ്താവിച്ച “അടയാള”മായിരിക്കാത്തതെന്തുകൊണ്ട്?
19 ആ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടോ? “അടയാളം എന്തായിരിക്കും?” എന്ന ശീർഷകം വഹിക്കുന്ന തുടർന്നു വരുന്ന ചാർട്ട് പരിശോധിക്കുമ്പോൾ മുൻനൂററാണ്ടുകളിലെ യുദ്ധങ്ങളെക്കുറിച്ച് വായിച്ചിട്ടുളളത് നിങ്ങൾ ഓർമ്മിച്ചേക്കാം. എന്നാൽ ഒന്നാം ലോകമഹായുദ്ധം മറെറല്ലാററിൽ നിന്നും വിഭിന്നമായി, ചരിത്രത്തിലെ ഒരു വഴിത്തിരിവായി, മുന്തിനിൽക്കുന്നു. 1914-നു മുമ്പ് ഭക്ഷ്യക്ഷാമങ്ങളോ പകർച്ചവ്യാധികളോ ഭൂകമ്പങ്ങളോ നിയമരാഹിത്യത്തിന്റെ കാലങ്ങളോ സമാധാനവും സുരക്ഷിതത്വവും സ്ഥാപിക്കാനുളള അസാധാരണ ശ്രമങ്ങളോ ഉണ്ടായിരുന്നിട്ടുളളതായി നിങ്ങൾ അനുസ്മരിച്ചേക്കാം. എന്നിരുന്നാലും ചരിത്രത്തിലെ മറെറാരു സമയത്തും ഈ കാര്യങ്ങളെല്ലാംകൂടി ഒരു തലമുറയിൽ ഇത്ര ഉഗ്രമായ അളവിൽ സംഭവിച്ചിട്ടില്ല. സത്യസന്ധമായി നോക്കിയാൽ, 1914-മുതലുളള സംഭവങ്ങൾ അടയാളത്തെ നിവൃത്തിക്കുന്നില്ലെങ്കിൽ എന്താണ് കൂടുതലായി ആവശ്യമുളളത്? നിസ്സംശയമായി, രാജ്യാധികാരത്തിലുളള യേശുവിന്റെ “സാന്നിദ്ധ്യ”കാലത്താണ് നാം ജീവിക്കുന്നത്.
20, 21. ഒന്നാം ലോക മഹായുദ്ധത്തോടു ബന്ധപ്പെട്ട സംഭവങ്ങൾ, യേശുമുൻകൂട്ടി പറഞ്ഞതുപോലെ “കൊടുംവിപത്തിന്റെ യാതനകളുടെ ആരംഭം” മാത്രമാണെന്ന് തെളിഞ്ഞതെങ്ങനെ?
20 “അടയാള”ത്തിന്റെ ഈ വശങ്ങളുടെ പ്രത്യക്ഷതയ്ക്കു ദൈവരാജ്യം ഉടനടി ഭൂമിയിൽ നിന്ന് ദുഷ്ടത തുടച്ചു നീക്കുമെന്ന് അർത്ഥമില്ലായിരുന്നു. യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെ, “ഈ കാര്യങ്ങളെല്ലാം കൊടും വിപത്തിന്റെ യാതനകളുടെ ഒരു ആരംഭമാണ്.” (മത്തായി 24:8) മററുളളവ പിന്തുടരാനിരുന്നു. ദി വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ ഇപ്രകാരം പറയുന്നു: “ഒന്നാം ലോകമഹായുദ്ധവും അതിന്റെ അനന്തരഫലങ്ങളും 1930-കളുടെ ആരംഭത്തിൽ ചരിത്രത്തിലുണ്ടായിട്ടുളളതിലേയ്ക്കും വലിയ സാമ്പത്തിക മാന്ദ്യത്തിലേയ്ക്കു നയിച്ചു. യുദ്ധത്തിന്റെ പരിണത ഫലങ്ങളും സമാധാന ക്രമീകരണത്തിന്റെ പ്രശ്നങ്ങളും മിക്കവാറും എല്ലാ രാഷ്ട്രത്തിലും അസ്വസ്ഥതയിലേയ്ക്കു നയിച്ചു.”47 ഏതാനും വർഷങ്ങൾ കഴിഞ്ഞ് രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. അത് ഒന്നാമത്തേതിനേക്കാൾ അനേകമടങ്ങുഘോരമായിരുന്നു. അന്നു മുതൽ ജീവനോടും സ്വത്തിനോടുമുളള അനാദരവു വളർന്നു വന്നിരിക്കുന്നു, കുററകൃത്യങ്ങളെ സംബന്ധിച്ച ഭയം അനുദിനജീവിതത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു. സദാചാരങ്ങൾ തളളിക്കളയപ്പെട്ടിരിക്കുന്നു. ജനസംഖ്യാസ്ഫോടനം പരിഹരിക്കപ്പെടാൻ കഴിയാത്ത പ്രശ്നങ്ങൾ വരുത്തിക്കൂട്ടുന്നു. മലിനീകരണം ജീവിതത്തിന്റെ ഗുണനിലവാരം താഴ്ത്തുകയും ജീവനെത്തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഒരു ന്യൂക്ലിയർ കൂട്ടക്കൊലയുടെ ഭീഷണിയും നിലവിലുണ്ട്.
21 ഈ “കൊടും വിപത്തിന്റെ യാതനകൾ” എപ്പോഴാണ് തുടങ്ങിയത്? ലണ്ടൻ സ്ററാർ ഇങ്ങനെ നിരീക്ഷിക്കുകയുണ്ടായി: “ലോകത്തിന് ഭ്രാന്തുപിടിച്ച ദിവസം. . . . 1914 [ൽ] ആയിരുന്നുവെന്ന് അടുത്ത നൂററാണ്ടിൽ ഏതെങ്കിലും ചരിത്രകാരൻ ശരിയായി നിഗമനം ചെയ്തേക്കാം.”48 1914 എന്ന ആ വർഷം ബൈബിൾ പ്രവചനത്താൽ ദീർഘകാലം മുമ്പേ അടയാളപ്പെടുത്തപ്പെട്ടിരുന്നു.
(3) ശ്രദ്ധാർഹമായ മതവികാസങ്ങൾ
22. (എ) വർദ്ധിച്ച നിയമ രാഹിത്യത്തെയും സ്നേഹത്തിന്റെ തണുക്കലിനെയും സംബന്ധിച്ച തന്റെ പ്രവചനത്തെ യേശു എന്തിനോട് ബന്ധപ്പെടുത്തി? (ബി) ക്രൈസ്തവലോകത്തിലെ വൈദികരുടെ ഉപദേശങ്ങൾ ഈ അവസ്ഥയ്ക്കു സംഭാവന ചെയ്തിരിക്കുന്നതെങ്ങനെ?
22 “വ്യവസ്ഥിതിയുടെ സമാപനകാല”ത്തെ അടയാളപ്പെടുത്തുമെന്ന് യേശു പറഞ്ഞ സുപ്രധാന സംഭവങ്ങളിൽ പിൻവരുന്നവ ഉൾപ്പെടുന്നു: “അനേകം കളള പ്രവാചകൻമാർ എഴുന്നേല്ക്കുകയും അനേകരെ വഴിതെററിക്കുകയും ചെയ്യും; നിയമരാഹിത്യത്തിന്റെ വർദ്ധനവ് നിമിത്തം അധികം പേരുടെയും സ്നേഹം തണുത്തുപോകും.” (മത്തായി 24:11, 12) യേശു വർദ്ധിച്ച നിയമരാഹിത്യത്തെയും സ്നേഹത്തിന്റെ തണുക്കലിനെയും കളളപ്രവാചകൻമാരുടെ, ദൈവത്തിനുവേണ്ടി സംസാരിക്കുന്നതായി അവകാശപ്പെടുന്ന മതോപദേഷ്ടാക്കളുടെ, സ്വാധീനത്തോട് ബന്ധപ്പെടുത്തി. പുരോഹിതൻമാർ രാഷ്ട്രങ്ങളുടെ യുദ്ധങ്ങളെ പിന്താങ്ങുകയും ബൈബിളിന്റെ ധാർമ്മിക നിലവാരങ്ങൾ കാലോചിതമല്ലാത്തവയെന്ന് പറഞ്ഞ് നിസ്സാരീകരിക്കുകയും ബൈബിളിന്റെ ഭാഗങ്ങൾ സത്യവിരുദ്ധമെന്നു മുദ്രയടിക്കുകയും ചെയ്തിട്ടുണ്ട് എന്നതിനു തെളിവ് ഈ പുസ്തകത്തിൽ നേരത്തെ സമർപ്പിച്ചിരുന്നു. എന്തുഫലത്തോടെ? ദൈവത്തോടും അവന്റെ പ്രമാണങ്ങളോടുമുളള സ്നേഹത്തിന്റെ ഒരു ‘തണുക്കൽ.’ അധികാരസ്ഥാനത്തോടുളള അനാദരവും സഹമനുഷ്യരോടുളള താല്പര്യത്തിന്റെ അഭാവവും സഹിതം ധാർമ്മീകാധ:പതനത്തിന്റെ ഒരു മുഖ്യകാരണം ഇതായിരുന്നിട്ടുണ്ട്.—2 തിമൊഥെയോസ് 3:1-5.
23, 24. അടുത്ത വർഷങ്ങളിൽ മതങ്ങൾക്ക് എന്തു സംഭവിച്ചുകൊണ്ടാണിരിക്കുന്നത്?
23 ഇത്തരം അവസ്ഥകൾ നിമിത്തം ദശലക്ഷക്കണക്കിനാളുകൾ മതസ്ഥാപനങ്ങൾ വിട്ട് പോയിട്ടുണ്ട്. ചിലർ ബൈബിളിലേയ്ക്കു തിരിയുകയും അതിന്റെ വഴികളോട് പൊരുത്തപ്പെടുകയും ചെയ്യുന്നു. മററുളളവർ നിരാശയിലും വെറുപ്പിലും പിൻമാറുകയാണ്. അനേകർ മതത്തിന്റെ ശത്രുക്കളായിതീർന്നുകൊണ്ടിരിക്കുന്നു. ഒരു എഴുത്തുകാരൻ ഇപ്രകാരം പ്രസ്താവിച്ചു: “ലോകത്തിലെ കുഴപ്പങ്ങളിൽ എത്രയധികം മതങ്ങളിൽ വേരൂന്നിയിരിക്കുന്നു എന്ന വസ്തുത ഒരുവനെ തീർച്ചയായും അത്ഭുതസ്തബ്ധനാക്കും. മതേതര രാഷ്ട്രീയ ശത്രുതകളിൽ ഒന്നും തന്നെ മതപരമായ യുദ്ധത്തിന്റെ രക്തദാഹത്തോടുകൂടിയ ആവേശം ജനിപ്പിക്കുന്നില്ല.” ഇതിന്റെ വീക്ഷണത്തിൽ അദ്ദേഹം ചോദിച്ചു: “എന്തുകൊണ്ട് മതത്തെ ഇല്ലായ്മ ചെയ്തുകൂടാ?”49
24 പ്രമുഖമതങ്ങളുടെ അധഃപതനത്തിന് മതിയായ രേഖയുണ്ട്. ഉദാഹരണത്തിന്, ഇററലിയെ സംബന്ധിച്ച ഒരു റിപ്പോർട്ട് കാണിക്കുന്നത് 95 ശതമാനം ആളുകളും തങ്ങളെത്തന്നെ കത്തോലിക്കരായി തിരിച്ചറിയിക്കുന്നുണ്ടെങ്കിലും “ഞായറാഴ്ചകളിലെ പളളിഹാജർ 20 ശതമാനത്തിലും കുറവാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.”50 ലോകത്തിലാകമാനം പുരോഹിതൻമാരുടെ എണ്ണം കഴിഞ്ഞ പത്തുവർഷങ്ങളിലായി 25,000 കണ്ട് കുറഞ്ഞിരിക്കുന്നു എന്നാണ് മറെറാരു കണക്ക് വെളിപ്പെടുത്തുന്നത്.51 ഐക്യനാടുകളിലെ ഒരു സഭാപഠനം മുൻകൂട്ടിപ്പറയുന്നതു “2000-ാമാണ്ടോടുകൂടി അമേരിക്കയിലെ കത്തോലിക്കാ പുരോഹിതൻമാരുടെ എണ്ണം 50 ശതമാനവും കൂടി കുറയും” എന്നാണ്.52 ഇരുപതു വർഷത്തിൽ കുറഞ്ഞ ഒരു കാലയളവിൽ “ഐക്യനാടുകളിലെ കത്തോലിക്കാ സെമിനാരികളിൽ പ്രവേശിക്കുന്നവരുടെ എണ്ണം 48,992 എന്ന അത്യുച്ചത്തിൽ നിന്ന് 11,262 ആയി കുറഞ്ഞിരിക്കുന്നു” എന്ന് യു. എസ്. ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട കുറിക്കൊണ്ടു.53 കഴിഞ്ഞ 15 വർഷങ്ങളിൽ ലോകവ്യാപകമായി “കന്യാസ്ത്രീകളുടെ എണ്ണം 1,81,421-ൽ നിന്ന് 1,21,370 ആയി കുറഞ്ഞു,”54 എന്ന് ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു. മിക്ക മതങ്ങളിലെയും സാഹചര്യം സമാനമാണ്.
25. (എ) ഇതിനു വിരുദ്ധമായി, ഈ കാലത്ത് സത്യാരാധന സംബന്ധിച്ച് എന്തു സംഭവിക്കുമെന്ന് ബൈബിൾ സൂചിപ്പിക്കുന്നു? (ബി) സത്യദൈവത്തിന്റെ ആരാധകരുടെ ഈ കൂട്ടിച്ചേർപ്പ് ആരുടെ മാർഗ്ഗനിർദ്ദേശ പ്രകാരം നടത്തപ്പെടുന്നു, എന്തടിസ്ഥാനത്തിൽ? (സി) സകല രാഷ്ട്രങ്ങളിലെയും ആളുകൾ ഏതു വിവാദവിഷയത്തെ അഭിമുഖീകരിക്കുന്നു?
25 ഇതിന് വിരുദ്ധമായി, സകല ജനതകളിൽ നിന്നുമുളള ഒരു “മഹാപുരുഷാരം” ഈ അന്ത്യകാലത്ത് യഹോവയുടെ സത്യാരാധനയിലേയ്ക്കു ആകർഷിക്കപ്പെടുമെന്ന് ബൈബിൾ സൂചിപ്പിക്കുന്നു. താൻ ആളുകളെ “മഹോപദ്രവത്തിലൂടെ” സംരക്ഷിക്കുന്നതിനായിട്ടോ അല്ലെങ്കിൽ അവരുടെ “നിത്യഛേദനത്തി”നായിട്ടോ രണ്ടായി തിരിക്കും എന്നു പറഞ്ഞുകൊണ്ട് യേശു ഈ കൂട്ടിച്ചേർക്കലിനെ മുൻകൂട്ടിപ്പറഞ്ഞു. (വെളിപ്പാട് 7:9, 10, 14; യെശയ്യാവ് 2:2-4; മത്തായി 25:31-33, 46) എന്താണ് അതിജീവനത്തിനുവേണ്ടി ആളുകളെ വേർതിരിക്കുന്നത്? ബൈബിൾ ഉത്തരം നൽകുന്നു: “ലോകം നീങ്ങിപ്പോവുകയാകുന്നു, അതിന്റെ മോഹങ്ങളും അങ്ങനെതന്നെ, എന്നാൽ ദൈവേഷ്ടം ചെയ്യുന്നവനോ എന്നേയ്ക്കും ഇരിക്കുന്നു.” (1 യോഹന്നാൻ 2:17) എന്നാൽ ദൈവത്തിന്റെ ഇഷ്ടമെന്താണെന്ന് ആളുകൾ എങ്ങനെയാണ് അറിയുക? ഇപ്രകാരം പറഞ്ഞപ്പോൾ യേശു മുൻകൂട്ടിപ്പറഞ്ഞ ലോകവ്യാപക വിദ്യാഭ്യാസവേലയോട് അനുകൂലമായി പ്രതിവർത്തിക്കുന്നതിനാൽ തന്നെ. “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി നിവസിത ഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും. അപ്പോൾ അവസാനം വരും.” (മത്തായി 24:14) ഈ പ്രസംഗം സകല ജനതകളിലെയും ആളുകൾ ഈ വിവാദപ്രശ്നത്തെ അഭിമുഖീകരിക്കാൻ ഇടയാക്കുന്നു. അവർ ദൈവത്തിന്റെ ഭരണത്തിന് അനുകൂലമാണോ? അതോ ഏദെനിലെ സാത്താന്റെ പ്രേരണയോടുളള ചേർച്ചയിൽ അവർ മനുഷ്യരാലുളള സ്വതന്ത്രഭരണം ആഗ്രഹിക്കുന്നോ? യഹോവ ആളുകൾക്കു തെരഞ്ഞെടുക്കാനുളള അവസരം നൽകുന്നു.
26, 27. (എ) ഈ സാക്ഷ്യവേല ഇപ്പോൾതന്നെ എത്രത്തോളം നിർവ്വഹിക്കപ്പെട്ടിരിക്കുന്നു? (ബി) രാജ്യദൂതിനോടുളള ഒരുവന്റെ പ്രതിപ്രവർത്തനം ഗൗരവമുളള ഒരു സംഗതിയായിരിക്കുന്നതെന്തുകൊണ്ട്?
26 വർദ്ധമാനമായ തോതിൽ ലോകവ്യാപകമായി രാജ്യസാക്ഷ്യം നൽകപ്പെട്ടുകൊണ്ടിരിക്കുന്നു. ഇരുനൂറിലേറെ രാജ്യങ്ങളിൽ ദശലക്ഷക്കണക്കിന് യഹോവയുടെ സാക്ഷികൾ ആളുകളെ അവരുടെ വീടുകളിൽ സന്ദർശിക്കുകയും സൗജന്യമായി അവരോടൊത്ത് ബൈബിൾ പഠിക്കാൻ തയ്യാറാവുകയും ചെയ്യുന്നു. അവർ ഉപയോഗിക്കുന്ന പ്രസിദ്ധീകരണങ്ങൾ ലോകത്തിലെ ബൈബിൾ പ്രസിദ്ധീകരണങ്ങളിൽ അത്യന്തം വ്യാപകമായി പ്രചാരത്തിലിരിക്കുന്നവയിൽപ്പെടുന്നവയാണ്. വാസ്തവത്തിൽ അവ ഏതുതരത്തിലുമുളള പ്രസിദ്ധീകരണങ്ങളിൽ ഏററം വ്യാപകമായ പ്രചാരമുളളവയിൽപ്പെടുന്നവയാണ്. അവ ഇപ്പോൾ ഏതാണ്ട് 190 ഭാഷകളിൽ ലഭ്യവുമാണ്.
27 ഈ വേർതിരിക്കൽ വേല അനേക വർഷങ്ങളായി നടന്നുകൊണ്ടാണിരുന്നിട്ടുളളത്. ഇപ്പോൾ അത് അതിന്റെ സമാപനത്തോട് അടുത്തിരിക്കുന്നു. ദൈവവചനമനുസരിച്ച് അവന്റെ രാജ്യഭരണത്തെ തളളിക്കളഞ്ഞിട്ടുളളവരും അവനെപ്പററി പഠിക്കാനുളള അവസരം ഉദാസീനമായി ഉപേക്ഷിച്ചു കളഞ്ഞവരും ഛേദിക്കപ്പെടും. (മത്തായി 25:34, 41, 46; 2 തെസ്സലോനീക്യർ 1:6-9) ദൈവരാജ്യത്തിന്റെ പിന്തുണക്കാരായി തങ്ങളെത്തന്നെ തിരിച്ചറിയിക്കുന്ന മററുളളവർക്ക് ഇതു മഹത്തായ ആശ്വാസത്തിന്റെ സമയമായിരിക്കും. എന്നാൽ ഈ ന്യായവിധി എപ്പോൾ വരും?
(4) ‘ഈ തലമുറ കടന്നുപോകയില്ല’
28. മുൻകൂട്ടിപ്പറയപ്പെട്ട ലോകനാശം ഏതു സമയപരിധിക്കുളളിൽ വരുമെന്ന് യേശു പറഞ്ഞു?
28 “ആ നാളും നാഴികയും സംബന്ധിച്ച് പിതാവല്ലാതെ സ്വർഗ്ഗത്തിലെ ദൂതൻമാരോ പുത്രനോകൂടി അറിയുന്നില്ല” എന്ന് യേശു പറഞ്ഞു. എന്നാൽ “ഇതെല്ലാം സംഭവിക്കുവോളം ഈ തലമുറ ഒരു പ്രകാരത്തിലും കടന്നു പോകയില്ല” എന്നു പറഞ്ഞപ്പോൾ അവൻ സഹായകമായ ഒരു സമയ സൂചകം തരികതന്നെ ചെയ്തു. (മത്തായി 24:34, 36) അതിൻ പ്രകാരം “അടയാള”ത്തിന്റെ എല്ലാവശങ്ങളും “മഹോപദ്രവവും” 1914-ലെ ആ ഒരൊററ തലമുറയുടെ ആയുഷ്കാലത്തുതന്നെ സംഭവിക്കണം. അതിന്റെ അർത്ഥം “വ്യവസ്ഥിതിയുടെ സമാപനത്തിനു” തുടക്കം കുറിച്ച 1914-ലെ സംഭവങ്ങൾ നിരീക്ഷിച്ച തലമുറയിലെ കുറേ ആളുകൾ “മഹോപദ്രവം” പൊട്ടിപ്പുറപ്പെടുമ്പോൾ അതിന്റെ അന്ത്യം കാണാൻ ജീവനോടിരിക്കും. 1914-ലെ സംഭവങ്ങൾ ഓർമ്മിക്കുന്നവർക്ക് ഇപ്പോൾ പ്രായം ഏറിവരികയാണ്. അവരിൽ മിക്കവരും മരിച്ചുപോയിരിക്കുന്നു. എന്നാൽ ഈ ദുഷ്ട വ്യവസ്ഥിതിയുടെ നാശം വരുന്നതിനു മുമ്പ് “ഈ തലമുറ ഒരു പ്രകാരത്തിലും നീങ്ങിപ്പോകയില്ല” എന്ന് യേശു നമുക്ക് ഉറപ്പു നൽകി.—മത്തായി 24:21.
29. ആയിരത്തിത്തൊളളായിരത്തി പതിനാലു മുതലുളള സംഭവങ്ങൾ ഇത്രത്തോളം വികാസം പ്രാപിക്കാൻ അനുവദിച്ചതിനാൽ ദൈവം ശരിയായ തീരുമാനം ചെയ്യുക മനുഷ്യർക്ക് കൂടുതൽ എളുപ്പമാക്കിത്തീർത്തിരിക്കുന്നതെങ്ങനെ?
29 അനുതാപത്തിനു ദീർഘമായ ഈ അവസരം നൽകിയിരിക്കുന്നതിൽ യഹോവ എത്ര ക്ഷമകാട്ടിയിരിക്കുന്നു! (2 പത്രോസ് 3:9) ചരിത്രത്തിലാദ്യമായി പ്രശ്നങ്ങൾ ഒന്നിനു പിറകെ ഒന്നായി, ബൃഹത്തായ പരിമാണങ്ങളിലെത്തിയിരിക്കുന്നു—യുദ്ധവും, മലിനീകരണവും, അമിതജനസംഖ്യയും മററു പലതും തന്നെ. അവയിൽ ഏതിനു വേണമെങ്കിലും സമ്പൂർണ്ണ വിനാശം വരുത്താൻ കഴിയും. അത്തരം തെളിവുകൾ കുന്നുകൂടാൻ അനുവദിച്ചുകൊണ്ട്, മനുഷ്യർക്ക് ഈ പ്രശ്നങ്ങൾക്കുളള പരിഹാരം ഇല്ലെന്നു കാണുക ദൈവം ആളുകൾക്കു കൂടുതൽ എളുപ്പമാക്കിത്തീർത്തിരിക്കുന്നു. അതേ സമയം “രാജ്യസുവാർത്തയുടെ” പ്രസംഗം യഥാർത്ഥ സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുളള ഏക പ്രത്യാശ ദൈവരാജ്യമാണെന്ന് തിരിച്ചറിയാൻ പരമാർത്ഥഹൃദയമുളള ആളുകളെ സഹായിച്ചിരിക്കുന്നു. അങ്ങനെ വലിയ വിവാദ പ്രശ്നത്തിൽ തന്റെ പക്ഷത്താണെന്ന് തിരിച്ചറിയിക്കാൻ ദൈവം അവർക്ക് സമയം നൽകുന്നു.
(5) ഒരു അന്തിമ അടയാളം
30. ലോകനാശത്തിന്റെ സാമീപ്യത്തിന്റെ എന്ത് അന്തിമ അടയാളം ബൈബിൾ പ്രത്യേകമായി നൽകുന്നു?
30 ലോകനാശം ആസന്നമായിരിക്കുന്നു എന്നതിന്റെ പിശകുപററാനാവാത്ത അടയാളമായി ഒരു സംഭവം കൂടി ഇനിയും നടക്കേണ്ടിയിരിക്കുന്നു. ഇതേപ്പററി അപ്പോസ്തലനായ പൗലോസ് എഴുതി: “യഹോവയുടെ ദിവസം കൃത്യമായി രാത്രിയിലെ ഒരു കളളനെപ്പോലെ വരുന്നു. അവർ ‘സമാധാനവും സുരക്ഷിതത്വവും!’ എന്നു പറഞ്ഞു കൊണ്ടിരിക്കുന്നതെപ്പോഴോ അപ്പോൾ പെട്ടെന്നുളള നാശം അവരുടെമേൽ ക്ഷണത്തിൽ വരാനിരിക്കയാണ്. . . . അവർ യാതൊരു പ്രകാരത്തിലും രക്ഷപെടുകയില്ല.”—1 തെസ്സലോനീക്യർ 5:2, 3; ലൂക്കോസ് 21:34, 35.
31, 32. (എ) രാഷ്ട്രീയ ഭരണാധികാരികൾ വിളംബരം ചെയ്യുന്ന “സമാധാനവും സുരക്ഷിതത്വവും” യഥാർത്ഥമായിരിക്കുമോ? (ബി) അതിനാൽ വഴിതെററിക്കപ്പെടുന്നത് അപകടകരമായിരിക്കുന്നതെന്തുകൊണ്ട്?
31 ഒരു ന്യൂക്ലിയർ യുദ്ധത്തിന്റെ അർത്ഥം പ്രായോഗികമായി ഇല്ലായ്മപ്പെടലാണെന്ന് ലോകനേതാക്കൻമാർക്കറിയാം. മലിനീകരണം, ജനസംഖ്യാ സ്ഫോടനം, കുടുംബപ്രശ്നങ്ങൾ എന്നിങ്ങനെയുളള നിർണ്ണായക പ്രശ്നങ്ങൾ ശ്രദ്ധയും പണവും ആവശ്യമാക്കിത്തീർക്കുന്നു. അതുകൊണ്ട് വഷളായ അന്താരാഷ്ട്ര ബന്ധങ്ങളിൽ അയവുവരുത്താൻ അവർ ആഗ്രഹിക്കുന്നു. ഐക്യരാഷ്ട്ര സംഘടന 1986-നെ ‘അന്തരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും വർഷ’മായി പ്രഖ്യാപിച്ചത് ഇതിനൊരു തെളിവാണ്. ഇതു നിസ്സംശയമായും പൗലോസിന്റെ മേലുദ്ധരിച്ച വാക്കുകളുടെ നിവൃത്തിയിലെ ഒരു പടിയാണ്. തീർച്ചയായും രാഷ്ട്രീയ കൂടിയാലോചനകളും കരാറുകളും ആളുകൾ തമ്മിൽ തമ്മിൽ സ്നേഹിക്കാൻ ഇടയാക്കാൻ തക്കവണ്ണം അവരിൽ എന്തെങ്കിലും കാര്യമായ മാററം വരുത്തുന്നില്ല. അവ കുററകൃത്യങ്ങൾ അവസാനിപ്പിക്കുകയോ രോഗവും മരണവും ഇല്ലാതാക്കുകയോ ചെയ്യുന്നില്ല. എന്നാൽ തങ്ങൾ ഒരളവിൽ “സമാധാനവും സുരക്ഷിതത്വവും” നേടിയെടുത്തിരിക്കുന്നു എന്ന് രാഷ്ട്രങ്ങൾ പ്രഖ്യാപിക്കുന്ന ഒരു സമയം വരുമെന്ന് പ്രവചനം പ്രകടമാക്കുന്നു. അതു സംഭവിക്കുമ്പോൾ മനുഷ്യവർഗ്ഗത്തെ തെററിച്ചിരിക്കുന്നവരുടെമേലും അവരിൽ ആശ്രയം വച്ചിരിക്കുന്നവരുടെമേലും “പെട്ടെന്നുളള നാശം” “ക്തണത്തിൽ” വരും.
32 എന്നാൽ അതിജീവകരുണ്ടായിരിക്കും. നിങ്ങൾ അവരിൽ ഒരാളായിരിക്കുമോ?
[അധ്യയന ചോദ്യങ്ങൾ]
[78, 79 പേജുകളിലെ ചതുരം]
“അടയാളം എന്തായിരിക്കും?”
“രാഷ്ട്രം രാഷ്ട്രത്തിനെതിരായി എഴുന്നേൽക്കും”—
“ഒന്നാം ലോകമഹായുദ്ധം സമഗ്രയുദ്ധത്തിന്റെ—ആ പദത്തിന്റെ പ്രഥമവും പൂർണ്ണവുമായ അർത്ഥത്തിൽ—ആഗോളയുദ്ധത്തിന്റെ നൂററാണ്ടിനെ ആനയിച്ചു. . . . 1914-1918-നു മുമ്പ് ഒരിക്കലും ഒരു യുദ്ധം ഭൂമിയുടെ ഇത്ര വലിയ ഒരു ഭാഗത്തെ ഉൾപ്പെടുത്തിയിട്ടില്ല. സംഹാരം ഒരിക്കലും ഇത്ര വ്യാപകവും വിവേചനാരഹിതവുമായിരുന്നിട്ടില്ല.”—ഒന്നാം ലോകമഹായുദ്ധം എച്ച്. ബാൾഡ്വിനാലുളളത്.
ഒന്നാം ലോക മഹായുദ്ധം ഭടൻമാരും പൗരജനങ്ങളുമായി 14 ദശലക്ഷം പേരെ കൊന്നൊടുക്കി. രണ്ടാം ലോകമഹായുദ്ധം 55 ദശലക്ഷം പേരെ കൊന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം നൂറുകണക്കിന് വിപ്ലവങ്ങളിലും മത്സരങ്ങളിലും യുദ്ധങ്ങളിലുമായി 35 ദശലക്ഷം ആളുകളുടെ ജീവൻ നഷ്ടമായി.
അങ്ങനെ 1914 മുതൽ യുദ്ധം മൂലം 10 കോടി ജീവൻ നഷ്ടമായിട്ടുണ്ട്!
“ഭക്ഷ്യക്ഷാമങ്ങൾ ഉണ്ടായിരിക്കും”—
ഒന്നാം ലോകമഹായുദ്ധത്തിനും രണ്ടാം ലോകമഹായുദ്ധത്തിനും ശേഷം ഭക്ഷ്യക്ഷാമം അനേകം രാജ്യങ്ങളെ ബാധിച്ചു.
ഇപ്പോൾ ശാസ്ത്രീയ പുരോഗതിയുടെ അനേക വർഷങ്ങൾക്ക് ശേഷവും ലോകത്തിന്റെ ഏതാണ്ട് നാലിലൊന്ന് പട്ടിണിയിലാണ്. കണക്കുകളനുസരിച്ച് ഓരോ വർഷവും 12 ദശലക്ഷം കുട്ടികൾ വികല പോഷണത്തിന്റെ ഫലമായി ഒരു വയസ്സു തികയുന്നതിനു മുമ്പ് മരണമടയുന്നു. ഓരോ വർഷവും ദശലക്ഷക്കണക്കിന് മററുളളവരും അതേ കാരണത്താൽ മരിക്കുന്നു.
“പകർച്ചവ്യാധികൾ”—
രേഖപ്പെടുത്തപ്പെട്ടിട്ടുളള യാതൊരു പകർച്ചവ്യാധിയും 1918-1919-ലെ സ്പാനിഷ് ഇൻഫ്ളുവൻസയ്ക്കു തുല്യമായിരുന്നിട്ടില്ല. അതു കുറഞ്ഞപക്ഷം 50 കോടി ആളുകളെ ബാധിച്ചു; രണ്ടുകോടിയിൽപരം ആളുകൾ മരിച്ചു.
ഇന്ന് വൈദ്യശാസ്ത്രത്തിന് ഹൃദ്രോഗംപോലുളള രോഗങ്ങളെ സാംക്രമിക പരിമാണങ്ങളിലെത്തുന്നതിൽനിന്ന് തടയാൻ കഴിഞ്ഞിട്ടില്ല. കാൻസർ വളർന്നുവരുന്ന ഒരു ശാപമാണ്. ലൈംഗികമായി പരക്കുന്ന രോഗം ബാധിച്ചവരുടെ എണ്ണം കുതിച്ചുയർന്നിരിക്കുന്നു.
“ഭൂകമ്പങ്ങൾ” അനേകം സ്ഥലങ്ങളിൽ—
മരണമടഞ്ഞവരുടെ വ്യത്യസ്ത കേന്ദ്രങ്ങളിൽനിന്നുളള കണക്കുകൾ വ്യത്യസ്തമായിരുന്നിട്ടുണ്ട്. ഏതാനും ചില ദൃഷ്ടാന്തങ്ങൾ കാണുക: 1915-ൽ ഇററലിയിലുണ്ടായ ഒരു ഭൂകമ്പത്തിൽ 30,000-നും 32,000-നും ഇടയ്ക്കു ആളുകൾ മരിച്ചു. 1920-ൽ 1 ലക്ഷത്തിനും 2 ലക്ഷത്തിനും ഇടയ്ക്കു ചൈനയിലും 1923-ൽ 95,000-നും 1,50,000-നും ഇടയ്ക്കു ജപ്പാനിലും 1935-ൽ 25,000-നും 60,000-നും ഇടയ്ക്കു ഇൻഡ്യയിലും 1968-ൽ 12,000-നും 20,000-നും ഇടയ്ക്ക് ഇറാനിലും 1970-ൽ 54,000-നും 70,000-നും ഇടയ്ക്കു പെറുവിലും 1976-ൽ 20,000-നും 23,000-നുമിടയ്ക്കു ഗോട്ടിമാലയിലും 1976-ൽ തന്നെ 1 ലക്ഷത്തിനും 8 ലക്ഷത്തിനും
ഇടയ്ക്കു ചൈനയിലും ആളുകൾ മരണമടഞ്ഞു. 1914 മുതൽ നൂറുകണക്കിന് വലിയ ഭൂകമ്പങ്ങളിൽ ആയിരക്കണക്കിന് ആളുകൾ ഭൂമിയിലെല്ലാമായി മരണമടഞ്ഞിട്ടുണ്ട്.1914 മുതലുളള ഓരോ വർഷത്തിലുമുണ്ടായ വലിയ ഭൂകമ്പങ്ങളുടെ ശരാശരി എണ്ണം അതിനുമുമ്പ് രണ്ടായിരം കൊല്ലങ്ങളിലുണ്ടായ ശരാശരി ഭൂകമ്പങ്ങളുടെ എണ്ണത്തേക്കാൾ അനേക മടങ്ങ് വലുതാണെന്ന് വിവിധ ഉറവുകളിൽ നിന്നുളള കണക്കുകൾ തെളിയിക്കുന്നു.
“നിയമ രാഹിത്യത്തിന്റെ വർദ്ധനവ്”—
നിങ്ങൾക്ക് വസ്തുതകളറിയാം. കുതിച്ചുയരുന്ന കുററകൃത്യം ഭൂമിയിലെ എല്ലാ രാജ്യങ്ങളെയും ബാധിക്കുന്നു. നിങ്ങളുടെതന്നെ ജീവിതത്തെ അതു ബാധിച്ചിരിക്കുന്നു. നിങ്ങളുടെ തന്നെ സമൂഹത്തിൽ സ്കൂളുകളിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? നിങ്ങളുടെ പ്രദേശത്ത് മയക്കുമരുന്നുകളുടെ നിയമവിരുദ്ധമായ ഉപയോഗമുണ്ടോ? വ്യാപാരത്തിലെ വഞ്ചനയെ സംബന്ധിച്ചെന്ത്? രാത്രിയിൽ തെരുവുകളിൽ നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് തോന്നുന്നു?
നിയമരാഹിത്യം മാനുഷ നിയമം സംബന്ധിച്ചു മാത്രമല്ല അതിൽകൂടുതലായി ദൈവ നിയമം സംബന്ധിച്ചും ഉണ്ട്. (2 തിമൊഥെയോസ് 3:1-5, 13 കാണുക.)
ദൈവരാജ്യം ലോകവ്യാപകമായി പ്രസംഗിക്കപ്പെടുന്നു—
ഈ വേല 200-ലധികം രാജ്യങ്ങളിൽ ദശലക്ഷക്കണക്കിന് യഹോവയുടെ സാക്ഷികളാൽ ക്രമമായ അടിസ്ഥാനത്തിൽ നിർവ്വഹിക്കപ്പെടുന്നു.
കഴിഞ്ഞ പത്തു വർഷങ്ങളിൽ മാത്രം ഈ ദൂതിന്റെ പരസ്യ പ്രഖ്യാപനത്തിനായി യഹോവയുടെ സാക്ഷികൾ ഏതാണ്ട് 400 കോടി മണിക്കൂറുകൾ ചെലവഴിച്ചിരിക്കുന്നു. അതേ കാലയളവിൽ മമനുഷ്യന്റെ ഏക പ്രത്യാശ എന്ന നിലയിൽ ദൈവരാജ്യത്തിലേക്കു വിരൽ ചൂണ്ടുന്ന 500 കോടിയിലധികം സാഹിത്യശകലങ്ങൾ ഏതാണ്ട് 190 ഭാഷകളിലായി അവർ പുറത്തിറക്കിയിരിക്കുന്നു.
“സമാധാനം സുരക്ഷിതത്വം” എന്ന പ്രഖ്യാപനം—
ഒരു ന്യൂക്ലിയർ സമഗ്ര നാശത്തെ ഒഴിവാക്കുന്നതിനും വളർന്നു വരുന്ന മററു പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സമാധാനത്തിന്റെ ആവശ്യത്തെ ലോക നേതാക്കൻമാർ തിരിച്ചറിയുന്നു. ഐക്യരാഷ്ട്രസംഘടന 1986-നെ “സമാധാനത്തിന്റെയും അന്താരാഷ്ട്ര സുരക്ഷിതത്വത്തിന്റെയും സഹകരണത്തിന്റെയും” വർഷമായി പ്രഖ്യാപിച്ചത് ഈ ദിശയിലുളള ഒരു ചുവടു വയ്പാണ്.—ജനറൽ അസംബ്ലി, അജൻഡ ഐററം 32, 39-ാം സമ്മേളനം.
ഇതെല്ലാം എന്തിന്റെ “അടയാള”മാണ്? നമ്മൾ “ഈ വ്യവസ്ഥിതിയുടെ സമാപനകാലത്ത്” ജീവിക്കുന്നു എന്നുളളതിന്റെ. ക്രിസ്തു തന്റെ സ്വർഗ്ഗീയ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നുവെന്നും സകല ജനതകളിൽ നിന്നും ദൈവേഷ്ടം ചെയ്യാൻ ആഗ്രഹിക്കുന്നവരെ വേർതിരിക്കുകയാണെന്നുളളതിനും. “മഹോപദ്രവം” ആസന്നമായിരിക്കുന്നു എന്നുളളതിനും. കൂടുതലായ വിശദാംശങ്ങൾക്ക് മത്തായി 24, 25, മർക്കോസ് 13, ലൂക്കോസ് 21 എന്നീ അദ്ധ്യായങ്ങൾ വായിക്കുക.