യഥാർത്ഥ സമാധാനത്തിലും സുരക്ഷിതത്വത്തിലുമുളള ജീവിതത്തിന് ഉറപ്പു നൽകുന്ന തെരഞ്ഞെടുപ്പ്
അധ്യായം 16
യഥാർത്ഥ സമാധാനത്തിലും സുരക്ഷിതത്വത്തിലുമുളള ജീവിതത്തിന് ഉറപ്പു നൽകുന്ന തെരഞ്ഞെടുപ്പ്
1. നാം ശരിയായ തെരഞ്ഞെടുപ്പു നടത്തുന്നുവെങ്കിൽ ഇപ്പോൾ എന്തു സമാധാനവും ഉറപ്പും നമ്മുടേതായിരിക്കാൻ കഴിയും?
ജീവിതത്തിൽ ഒരു യഥാർത്ഥ ഉദ്ദേശ്യമുണ്ടായിരിക്കുന്നത്, നിങ്ങൾ എവിടേയ്ക്കാണ് പോകുന്നത് എന്നറിയുന്നത് എന്തോരു സന്തോഷമാണ്! നിങ്ങൾക്ക് സ്വീകരിക്കാൻ സാദ്ധ്യമായ കൂടുതൽ മെച്ചപ്പെട്ട ഒരു ഗതി ഇല്ലെന്നുളള ഉറപ്പിൽനിന്ന് ഹൃദയത്തിനും മനസ്സിനും എന്തോരു സമാധാനമാണ് കൈവരുന്നത്! അത്തരം സമാധാനവും ഉറപ്പും നിങ്ങളുടേതായിരിക്കാൻ കഴിയും. എന്നാൽ ഇപ്പോൾ നിങ്ങൾ ശരിയായ തെരഞ്ഞെടുപ്പ് നടത്തുന്നുവെങ്കിൽ മാത്രം.
2. നാം യഹോവയേയും അവന്റെ ഉദ്ദേശ്യങ്ങളെയും അറിയുന്നത് നമ്മുടെ ജീവിത വീക്ഷണം സംബന്ധിച്ച് നമ്മെ സഹായിക്കുന്നതെങ്ങനെ?
2 യഥാർത്ഥ സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ഉറവെന്നനിലയിൽ നമുക്ക് ഈ ലോകത്തിലേക്ക് നോക്കാൻ കഴിയുകയില്ല എന്നതിന്റെ തെളിവ് വ്യക്തമാണ്. ‘സമാധാനം സുരക്ഷിതത്വം’ എന്ന പ്രഖ്യാപനങ്ങളോടുകൂടിയ ഐക്യരാഷ്ട്രങ്ങൾ ഉൾപ്പെടെ വ്യാപാരപരമോ മതപരമോ രാഷ്ട്രീയമോ ആയ വ്യവസ്ഥിതികൾക്കൊന്നും അതു കൈവരുത്താൻ കഴിയില്ല. അതുകൊണ്ട് യഥാർത്ഥസമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ഏക ഉറവെന്നനിലയിൽ ബൈബിൾ യഹോവയാം ദൈവത്തിലേക്ക് വിരൽ ചൂണ്ടുന്നു. അവനെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച് അറിയുന്നത്, നാം ഇവിടെ ഭൂമിയിലായിരിക്കുന്നതെന്തുകൊണ്ടെന്നും കാര്യങ്ങൾ ഇന്നു നിലവിലിരിക്കുന്നതുപോലെ ആയിരിക്കുന്നതെന്തുകൊണ്ടെന്നും മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. യഹോവയുടെ അഖിലാണ്ഡ പരമാധികാരം ഉൾപ്പെട്ടിരിക്കുന്ന വലിയ വിവാദ വിഷയത്തെക്കുറിച്ചും അതു നമ്മിലോരോരുത്തരേയും ബാധിക്കുന്നതെങ്ങനെയെന്നും നാം മനസ്സിലാക്കുന്നു. നാം നമ്മുടെ ലാക്കുകളുടെ ഔചിത്യത്തെയും ജ്ഞാനത്തെയും തൂക്കിനോക്കാൻ പഠിക്കുന്നു, കൂടാതെ നാം അനുസരിക്കേണ്ട ആശ്രയയോഗ്യമായ ധാർമ്മിക പ്രമാണങ്ങളുടെ ഒരു സംഹിത നമുക്ക് ലഭിക്കുന്നു. രോഗത്തെയോ വാർദ്ധക്യത്തെയോ അല്ലെങ്കിൽ മരണത്തെയോ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ, ആവശ്യമെങ്കിൽ മരിച്ചവരിൽ നിന്നുളള പുനരുത്ഥാനത്താൽ പോലും, നീതിയുളള ആരോഗ്യപ്രദമായ ഒരു നൂതനക്രമത്തിലെ ജീവന്റെ ആശ്വാസപ്രദമായ പ്രത്യാശ നമുക്കുണ്ട്.
3. നമ്മുടെ സകല പ്രത്യാശകളും ആരിൽ സ്ഥിതിചെയ്യണമോ ആ ഒരുവൻ യഹോവയായിരിക്കേണ്ടതെന്തുകൊണ്ട്?
3 അപ്പോൾ യെശയ്യാവ് 26:4 ഇങ്ങനെ പ്രബോധിപ്പിക്കുന്നത് അതിശയമല്ല: “ജനങ്ങളേ എല്ലാക്കാലത്തും യഹോവയിൽ ആശ്രയിക്കുക, എന്തുകൊണ്ടെന്നാൽ യഹോവയാം യാഹിൽ അനിശ്ചിത കാലങ്ങളിലെ പാറയുണ്ട്.” മാററമില്ലാത്തവനും സർവ്വശക്തനും നിത്യനുമായ യഹോവയിലാണ് തീർച്ചയായും നമ്മുടെ പ്രത്യാശകളെല്ലാം സ്ഥിതിചെയ്യേണ്ടത്. അവന്റെ മാർഗ്ഗനിർദ്ദേശവും സംരക്ഷണവും, ഇപ്പോൾ മാത്രമല്ല മറിച്ച് വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്ന അവന്റെ നൂതനക്രമത്തിൽ ഭാവിയിലെല്ലാം ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾ എന്തുചെയ്യണം?
4. യഹോവയുടെ പ്രീതി നേടുന്നതിന് നമുക്ക് എന്താവശ്യമാണ്, അതു സാദ്ധ്യമാക്കുന്നതെന്ത്?
4 നമ്മുടെ ആദ്യമാതാപിതാക്കളുടെ പാപം നിമിത്തം പൊതു മനുഷ്യവർഗ്ഗം ദൈവത്തിൽനിന്ന് അന്യപ്പെട്ടിരിക്കുകയാണ്. എന്നാൽ തന്റെ പുത്രന്റെ ബലി മുഖാന്തരം ദൈവം തന്നോടുളള ഈ രഞ്ജിപ്പിനും സൗഹൃദത്തിനുമുളള വഴി തുറന്നിരിക്കുന്നു. (2 കൊരിന്ത്യർ 5:19-21; എഫേസ്യർ 2:12, 13) എന്നിരുന്നാലും നാം ഇപ്പോൾ ദൈവത്തിന്റെ സൗഹൃദം ആഗ്രഹിക്കുന്നുവെന്ന് വെറുതേ പറഞ്ഞാൽ പോര.
5. യഹോവയുടെ സൗഹൃദം തേടുന്നതിൽ നമ്മെ പ്രേരിപ്പിക്കുന്ന ശക്തി എന്തായിരിക്കണം?
5 നാം ഇതു ആഗ്രഹിക്കുന്നുവെന്നും അതു ശരിയായ ആന്തരത്തിൽ നിന്നാണെന്നും അവന് തെളിയിച്ചു കൊടുക്കാൻ നാം മനസ്സുളളവർ, ആകാംക്ഷയുളളവർ പോലുമായിരിക്കണം. ഉദാഹരണത്തിന് മുഖ്യമായും വിപത്തിൽ നിന്ന് രക്ഷപെടാൻ വേണ്ടി മാത്രമാണോ നാം യഹോവയുടെ സൗഹൃദം തേടുന്നത്? നാം ദൈവവുമായി ഒരു ശരിയായ നിലപാടിലായിരിക്കണമെങ്കിൽ ആ സൗഹൃദം അവന്റെ ന്യായവിധിയുടെ മുമ്പുളള ഈ അടിയന്തിര കാലഘട്ടത്തേയ്ക്കു മാത്രമായിരിക്കുകയോ വരാൻ പോകുന്ന “മഹോപദ്രവ”ത്തെ അതിജീവിക്കുന്നതിനുവേണ്ടി മാത്രമായിരിക്കുകയോ അരുത്. (മത്തായി 24:21, 22) അതു വരുവാനുളള എല്ലാക്കാലത്തേക്കുമായിരിക്കണം. യഥാർത്ഥ സ്നേഹം മാത്രമേ നമുക്ക് ഈ പ്രേരണാശക്തി നൽകുകയുളളു. അവന്റെ സൗഹൃദത്തിനുവേണ്ടിയുളള നമ്മുടെ ആഗ്രഹത്തിന്റെ ആത്മാർത്ഥത പ്രകടമാക്കേണ്ടതിന് യഹോവ തന്റെ വചനത്തിൽ, അവനോട് രഞ്ജിപ്പിലാകേണ്ടതിന് നാം ചെയ്യേണ്ട ചില കാര്യങ്ങൾ വിവരിച്ചിട്ടുണ്ട്.
ഒരു സജീവ വിശ്വാസം
6. ദൈവത്തെ പ്രസാദിപ്പിക്കുന്നതിന് നമുക്ക് അവനെ സംബന്ധിച്ച് എന്ത് ഉറപ്പുണ്ടായിരിക്കേണ്ടതാണ്?
6 യഹോവ സത്യത്തിന്റെ ഒരു ദൈവമാണ്. അതുകൊണ്ട് അവന്റെ വാഗ്ദത്തങ്ങളിൽ നമുക്ക് പൂർണ്ണവിശ്വാസമുണ്ടായിരിക്കാൻ കഴിയും. യഥാർത്ഥത്തിൽ, “വിശ്വാസം കൂടാതെ ദൈവത്തെ നന്നായി പ്രസാദിപ്പിക്കുക അസാദ്ധ്യമാണ്, എന്തുകൊണ്ടെന്നാൽ അവനെ സമീപിക്കുന്നവർ അവൻ ഉണ്ടെന്നും തന്നെ ആത്മാർത്ഥമായി അന്വേഷിക്കുന്നവരുടെ പ്രതിഫലദായകനായിത്തീരുന്നുവെന്നും വിശ്വസിക്കേണ്ടതാണ്.” (എബ്രായർ 11:6) നിങ്ങൾക്ക് അത്തരം വിശ്വാസമുണ്ടെങ്കിൽ അപ്പോൾ ദൈവം ചെയ്യുന്ന എല്ലാററിനും നീതിപൂർവ്വകമായ ഒരു ഉദ്ദേശ്യമുണ്ടെന്നും അവന് എല്ലായ്പ്പോഴും നമ്മുടെ ഉത്തമ താല്പര്യങ്ങൾ അവന്റെ ഹൃദയത്തിലുണ്ടെന്നും നിങ്ങൾക്കറിയാം. അവന്റെ സൃഷ്ടിക്രിയകളിൽ നിന്നും അവന്റെ എഴുതപ്പെട്ട വചനത്തിൽ നിന്നും അവൻ സർവ്വജ്ഞാനിയും സർവ്വശക്തനുമാണെന്ന് മാത്രമല്ല പിന്നെയോ സ്നേഹദയയുളള ഒരു ദൈവവുമാണെന്നും നിങ്ങൾ കാണുന്നു. അവൻ ഒരിക്കലും അവന്റെ നീതിയുളള പ്രമാണങ്ങളിൽ നിന്ന് മാറിപ്പോകയില്ല. എന്നിരുന്നാലും നാം അപൂർണ്ണരും തെററു ചെയ്യുന്നവരുമാണെങ്കിലും നാം നീതിയെ സ്നേഹിക്കുന്നുവെങ്കിൽ നമ്മോട് ഇടപെടാൻ നമ്മുടെ അനുഗ്രഹങ്ങളിൽ കലാശിക്കുന്ന ഒരു വിധം അവനുണ്ട്.
7. യഹോവയുടെ ഔചിത്യത്തിലും ജ്ഞാനത്തിലുമുളള ഉറപ്പ് നമ്മെ എങ്ങനെ കാത്തുസൂക്ഷിക്കും?
7 അപ്രകാരം ദൈവത്തിൽനിന്ന് നമുക്ക് തിരുത്തൽ ലഭിക്കുമ്പോൾ അതു നമ്മുടെ നിത്യ ക്ഷേമത്തിനാണെന്ന് നാം അറിയും. ഒരു പുത്രനോ പുത്രിയോ സ്നേഹവാനും ജ്ഞാനിയും ശക്തനുമായ ഒരു പിതാവിനെ വിശ്വസിക്കുന്നതു പോലെ നാം യഹോവയാം ദൈവത്തെ വിശ്വസിക്കാനിടയാകും. (സങ്കീർത്തനം 103:13, 14; സദൃശവാക്യങ്ങൾ 3:11, 12) ഒരു കാലത്തേക്ക് നമുക്ക് ചില കാര്യങ്ങൾ മുഴുവനായി മനസ്സിലാകാതിരുന്നേക്കാമെങ്കിലും, അത്തരം വിശ്വാസമുണ്ടായിരുന്നാൽ നാം അവന്റെ ബുദ്ധിയുപദേശത്തിന്റെ ജ്ഞാനത്തെയോ അവന്റെ വഴികളുടെ ഔചിത്യത്തെയോ സംശയിക്കുകയില്ല. അതുവഴി നാം സങ്കീർത്തനക്കാരൻ വർണ്ണിക്കുന്ന തരം ആളുകളുടെ കൂട്ടത്തിൽ നമ്മെത്തന്നെ ആക്കി വയ്ക്കുന്നു: “നിന്റെ നിയമത്തെ സ്നേഹിക്കുന്നവർക്ക് സമൃദ്ധമായ സമാധാനമുണ്ട്, അവർക്ക് ഇടർച്ചവസ്തു ഇല്ല.”—സങ്കീർത്തനം 119:165; സദൃശവാക്യങ്ങൾ 3:5-8.
8. (എ) വിശ്വാസം മാത്രം മതിയാകയില്ലാത്തതെന്തുകൊണ്ട്? (ബി) പ്രവൃത്തികൾ 3:19-ൽ പറഞ്ഞിരിക്കുന്ന ഏതു പ്രവർത്തനത്തിന് വിശ്വാസം നമ്മെ പ്രേരിപ്പിക്കണം?
8 എന്നാൽ “പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജീവമാണ്” എന്ന് യാക്കോബ് 2:26 ചൂണ്ടിക്കാണിക്കുന്നു. യഥാർത്ഥ വിശ്വാസം ഒരു വ്യക്തിയെ പ്രവർത്തനത്തിന് പ്രേരിപ്പിക്കുന്നു. അതു ഒരു വ്യക്തി ചെയ്യാൻ പ്രേരിപ്പിക്കുന്ന ആദ്യകാര്യങ്ങളിലൊന്ന് അപ്പോസ്തലനായ പത്രോസ് ആവശ്യപ്പെട്ടതു തന്നെയാണ്: “യഹോവയാം വ്യക്തിയിൽനിന്ന് ആശ്വാസകാലങ്ങൾ വരേണ്ടതിന്, നിങ്ങളുടെ പാപങ്ങൾ മായിച്ചുകിട്ടാൻ തക്കവണ്ണം അനുതപിക്കുകയും . . . തിരിഞ്ഞുവരികയും ചെയ്യുവിൻ.” (പ്രവൃത്തികൾ 3:19) ഇതിന്റെ അർത്ഥമെന്താണ്?
അനുതപിക്കുകയും തിരിഞ്ഞുവരികയും ചെയ്യുക
9. (എ) യഥാർത്ഥ അനുതാപം എന്താണ്? (ബി) നാം എന്തു സംബന്ധിച്ച് അനുതപിക്കേണ്ട ആവശ്യമുണ്ട്?
9 ബൈബിളിൽ അനുതാപം, മുൻജീവിതഗതിയോ തെററായ പ്രവൃത്തിയോ സംബന്ധിച്ചുളള ഹൃദയംഗമമായ പശ്ചാത്താപം സഹിതമുളള ഒരു മനം മാററത്തെ സൂചിപ്പിക്കുന്നു. (2 കൊരിന്ത്യർ 7:9-11) എന്നാൽ നാം ദൈവത്തിൽനിന്ന് വാഗ്ദത്തം ചെയ്യപ്പെട്ട “ആശ്വാസകാലങ്ങൾ” ആസ്വദിക്കണമെങ്കിൽ നാം കഴിഞ്ഞകാലത്തെ ദുഷ്പ്രവൃത്തികൾ സംബന്ധിച്ച് മാത്രം അനുതപിച്ചാൽ പോര. പകരം ആദാമിന്റെ സന്തതിയെന്നനിലയിൽ നമ്മുടെ പ്രകൃതി തന്നെ പാപപൂർണ്ണമായിരിക്കുന്നതുകൊണ്ട് നാം അനുതാപം പ്രകടമാക്കേണ്ടതാണ്. അപ്പോസ്തലനായ യോഹന്നാൻ പ്രസ്താവിക്കുന്നതുപോലെ: “‘നമുക്ക് പാപം ഇല്ല’ എന്ന പ്രസ്താവന നാം ചെയ്യുന്നുവെങ്കിൽ നാം നമ്മെത്തന്നെ വഴിതെററിക്കുകയാണ് . . . നാം [ദൈവത്തെ] ഒരു ഭോഷ്ക്കാളിയാക്കുകയാണ്, അവന്റെ വചനം നമ്മിലില്ല.” (1 യോഹന്നാൻ 1:8, 10) നാം ഉചിതമായി നമ്മുടെ സ്രഷ്ടാവിന്റെ ‘പ്രതിച്ഛായയും സാദൃശ്യവും’ പ്രതിഫലിപ്പിച്ചുകൊണ്ട് അവനെ പ്രതിനിധാനം ചെയ്യണം. എന്നിരുന്നാലും അവകാശപ്പെടുത്തപ്പെട്ട പാപം ഒരു പൂർണ്ണമായ വിധത്തിൽ ഇതു ചെയ്യുന്നതിൽനിന്ന് നമ്മെ തടയുന്നു. അതുകൊണ്ട് നാം ‘ലക്ഷ്യം പിഴയ്ക്കുന്നു.’ ബൈബിളിൽ “പാപം” എന്ന പദത്തിന്റെ അർത്ഥം അതാണ്.—ഉല്പത്തി 1:26; റോമർ 3:23.
10, 11. (എ) നാം ജീവനുവേണ്ടി ആരോട് കടപ്പെട്ടിരിക്കുന്നു, എന്തുകൊണ്ട്? (ബി) അതുകൊണ്ട് നാം നമ്മുടെ ജീവിതത്തെ എങ്ങനെ ഉപയോഗിക്കണം?
10 അതുകൊണ്ട് നമുക്ക് ദൈവത്തിന്റെ ക്ഷമ ആവശ്യമാണ്. (മത്തായി 6:12) നമ്മുടെ സ്രഷ്ടാവെന്നനിലയിൽ നമ്മുടെ ജീവനുവേണ്ടി നാം അവനോട് കടപ്പെട്ടിരിക്കുന്നു എന്ന് നാം തിരിച്ചറിയുന്നു. എന്നാൽ ഇപ്പോൾ ദൈവപുത്രന്റെ ബലി മുഖാന്തരം മനുഷ്യവർഗ്ഗം വളരെ മൂല്യവത്തായ “ഒരു വിലയ്ക്കു വാങ്ങപ്പെട്ടിരിക്കുന്നു” എന്ന് നാം തിരിച്ചറിയുന്നു. അതുകൊണ്ട് നാം “മനുഷ്യരുടെ അടിമ”കളായിരിക്കരുത്, നമ്മുടെ തന്നെ സ്വാർത്ഥ മോഹങ്ങളുടേതു പോലുമായിരിക്കരുത്. (1 കൊരിന്ത്യർ 7:23) എന്നിരുന്നാലും സത്യം പഠിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിനു മുൻപ് നാമെല്ലാം ആയിരുന്നത് അതല്ലേ?—യോഹന്നാൻ 8:31-34.
11 ദൈവം തന്റെ പുത്രനെ ദാനം ചെയ്തതിനെയും പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്നുളള മോചനം ലഭ്യമാക്കാൻ അവൻ ക്രിസ്തു മൂലം ചെയ്തിട്ടുളളതിനെയും നിങ്ങളുടെ ഹൃദയത്തിൽ നിങ്ങൾ വിലമതിക്കുന്നുണ്ടോ? എങ്കിൽ തീർച്ചയായും നിങ്ങളുടെ സ്രഷ്ടാവിനോടുളള അനുസരണത്തിൽ നിങ്ങളുടെ ജീവിതത്തെ ഉപയോഗിക്കുന്നതിൽ ഉണ്ടായ ഏതു കഴിഞ്ഞകാല പരാജയം സംബന്ധിച്ചും നിങ്ങൾ ആത്മാർത്ഥമായി അനുതപിക്കും. ഇതു ദൈവത്തിന്റെ ഇഷ്ടത്തോടും ഉദ്ദേശ്യങ്ങളോടും ചേർച്ചയിലല്ലാതെ ലോകത്തിന്റേതു പോലുളള ഒരു ജീവിതഗതി പിൻതുടർന്നതു സംബന്ധിച്ച് ഹൃദയംഗമമായി അനുതപിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും.—പ്രവൃത്തികൾ 17:28, 30; വെളിപ്പാട് 4:11.
12. അനുതാപമുളള ഒരു വ്യക്തി തന്റെ മുൻഗതി യഥാർത്ഥമായി ഉപേക്ഷിച്ചിരിക്കുന്നുവെന്ന് എങ്ങനെ പ്രകടമാക്കുന്നു?
12 ഈ യഥാർത്ഥ അനുതാപം ഒരു ‘തിരിഞ്ഞുവരവിലേക്കു നയിക്കുന്നു’, അതാണ് “പരിവർത്തനം” എന്ന പദം അർത്ഥമാക്കുന്നത്. യഥാർത്ഥമായ അനുതാപമുളള വ്യക്തി തന്റെ ജീവിതം ദുരുപയോഗപ്പെടുത്തിയതിൽ കേവലം ഖേദിക്കുക മാത്രമല്ല ചെയ്യുന്നത്. അയാൾ ആ തെററായ ഗതി ത്യജിക്കുകയും തന്റെ തെററായ വഴികളെ വെറുക്കുകയും ചെയ്യുന്നു. തന്റെ ജീവിതത്തെ ദൈവേഷ്ടത്തോട് ചേർച്ചയിൽ കൊണ്ടുവന്നുകൊണ്ട് ‘തിരിഞ്ഞു വരുന്നതിനാലും’ “അനുതാപത്തിനു യോജിച്ച പ്രവൃത്തികൾ” ചെയ്യുന്നതിനാലും അയാൾ ഇതു പ്രകടമാക്കുന്നു.—പ്രവൃത്തികൾ 26:20; റോമർ 6:11.
13. (എ) തന്റെ അനുയായികൾ ‘തങ്ങളെത്തന്നെ ത്യജിക്കണ’മെന്നുളള യേശുവിന്റെ പ്രസ്താവനയുടെ അർത്ഥമെന്ത്? (ബി) ഏതു കാരണത്താൽ നാം ഇപ്രകാരം യഹോവയ്ക്കു പൂർണ്ണമായി കീഴ്പ്പെടുത്തുന്നു, ഇത് നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു?
13 ഈ അനുതാപത്തിന്റെയും തിരിഞ്ഞു വരവിന്റെയും ഭാഗമെന്നനിലയിൽ ‘തങ്ങളെത്തന്നെ ത്യജിക്കുക’ എന്ന് യേശു വിളിച്ചതും ഉൾപ്പെടുന്നു. (മത്തായി 16:24) അതായത് നാം മേലാൽ ദൈവത്തിന്റെ ഇഷ്ടത്തിനും ഉദ്ദേശ്യങ്ങൾക്കും ശ്രദ്ധ കൊടുക്കാതെ നമ്മുടെ സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾ മാത്രം അനുസരിച്ച് ജീവിക്കുന്നില്ല. മറിച്ച്, നമ്മുടെ സ്രഷ്ടാവെന്ന നിലയിലും അവന്റെ പുത്രന്റെ മറുവിലയാഗത്തിലൂടെ നമ്മെ വിലയ്ക്കു വാങ്ങിയവനെന്നനിലയിലും യഹോവയാം ദൈവത്തിന് നമ്മുടെ ജീവിതത്തിൻമേൽ പൂർണ്ണ അവകാശമുണ്ടെന്ന് നാം അംഗീകരിക്കുന്നു. ബൈബിൾ വിശദമാക്കുന്നപ്രകാരം: ‘നാം നമുക്കു തന്നെയുളളവരല്ല എന്തുകൊണ്ടെന്നാൽ നാം വിലയ്ക്കു വാങ്ങപ്പെട്ടിരിക്കുകയാണ്.’ (1 കൊരിന്ത്യർ 6:19, 20) അതുകൊണ്ട് സത്യം നമുക്ക് തുറന്നു തന്നിരിക്കുന്ന മഹത്തായ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുന്നതിനു പകരം ദൈവേഷ്ടം ചെയ്യുന്നതിന് നാം നമ്മെത്തന്നെ പൂർണ്ണമായി കീഴ്പ്പെടുത്തുന്നു. (ഗലാത്യർ 5:13; 1 പത്രോസ് 2:16) നാം അതു ചെയ്യുന്നത് അതു ശരിയായിരിക്കുന്നതുകൊണ്ട് മാത്രമല്ല പിന്നെയോ നാം യഹോവയാം ദൈവത്തെ ‘നമ്മുടെ പൂർണ്ണ ഹൃദയത്തോടും ദേഹിയോടും മനസ്സോടും ശക്തിയോടുംകൂടെ’ സ്നേഹിക്കുന്നതുകൊണ്ടുമാണ്. (മർക്കോസ് 12:29, 30) തീർച്ചയായും ഇതു നമ്മിലോരോരുത്തരും ദൈവത്തിന് സമർപ്പിക്കപ്പെട്ട ഒരു ജീവിതം നയിക്കേണ്ടത് ആവശ്യമാക്കിത്തീർക്കുന്നു. ഈ ഗതി ഒരു ഭാരമായിരിക്കുന്നതിനു പകരം ഇത് മുമ്പെന്നെത്തേക്കാളും അധികമായി ജീവിതം ആസ്വദിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു.—മത്തായി 11:28-30.
രക്ഷയ്ക്കുവേണ്ടി പരസ്യപ്രഖ്യാപനം നടത്തൽ
14. (എ) തന്റെമേലുളള യഹോവയുടെ ന്യായയുക്തമായ ഉടമസ്ഥാവകാശം ഒരു വ്യക്തി സമ്മതിക്കുമ്പോൾ അയാൾക്ക് അത് ദൈവത്തോട് എങ്ങനെ പ്രകടമാക്കാൻ കഴിയും? (ബി) റോമർ 10:10-ൽ സൂചിപ്പിക്കുന്നപ്രകാരം വേറെ എന്തു ചെയ്യാൻ അയാൾ ആഗ്രഹിക്കണം?
14 ദൈവത്തിന് നമ്മുടെ മേലുളള ഉടമസ്ഥാവകാശത്തെ അംഗീകരിച്ചുകൊണ്ട് അവന്റെ കരുതലിലുളള നമ്മുടെ വിശ്വാസത്തെ പ്രാർത്ഥനയിൽ പ്രകടമാക്കുന്നത് ഒരു നല്ല സംഗതിയാണ്. എന്നാൽ നമ്മുടെ വിശ്വാസത്തിന്റെ പ്രകടനം അതിലപ്പുറം കൊണ്ടുപോകാൻ കഴിയും. അങ്ങനെ ചെയ്യാൻ നാം ആഗ്രഹിക്കുകയും വേണം. റോമർ 10:10 നമ്മോട് പറയുന്നതുപോലെ: “ഹൃദയം കൊണ്ട് ഒരുവൻ നീതിക്കായി വിശ്വാസം പ്രകടിപ്പിക്കുന്നു, എന്നാൽ വായ് കൊണ്ട് ഒരുവൻ രക്ഷയ്ക്കായി പരസ്യപ്രഖ്യാപനം നടത്തുന്നു.” യഹോവയിലും അവന്റെ കരുതലിലുമുളള നമ്മുടെ വിശ്വാസത്തിന്റെ “പരസ്യ”പ്രഖ്യാപനം വിലമതിപ്പ് നിറഞ്ഞ ഒരു ഹൃദയത്തിൽനിന്ന് സന്തോഷപൂർവ്വം വരണം. ഈ പരസ്യപ്രഖ്യാപനത്തിൽ യഹോവയുടെ ഇഷ്ടം ചെയ്യാൻ അവന് നമ്മുടെ ജീവിതത്തെ സമർപ്പിക്കുന്നതും അതു ജലസ്നാപനത്താൽ ലക്ഷ്യപ്പെടുത്തുന്നതും ഉൾപ്പെടുന്നു.
15. നാം ജല സ്നാപനത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതെന്തുകൊണ്ട്?
15 യേശുക്രിസ്തു തന്റെ പരസ്യ ശുശ്രൂഷ ആരംഭിച്ചപ്പോൾ സ്നാപകയോഹന്നാൻ തന്നെ വെളളത്തിൽ മുക്കുന്നതിന് അവൻ ഇടയാക്കി. അപ്പോൾ യേശു ദൈവത്തോട് ഇങ്ങനെ പറഞ്ഞതായി ബൈബിൾ റിപ്പോർട്ടു ചെയ്യുന്നു: “നിന്റെ ഇഷ്ടം ചെയ്യാൻ ഞാൻ വന്നിരിക്കുന്നു.” (എബ്രായർ 10:9; സങ്കീർത്തനം 40:7, 8) തന്റെ ശിഷ്യൻമാരായിത്തീരുന്നവരെല്ലാം സ്നാപനം കഴിപ്പിക്കപ്പെടണമെന്ന് യേശു നിർദ്ദേശിച്ചു. നിങ്ങൾ അങ്ങനെയൊരു ശിഷ്യനാണോ? അപ്പോൾ നിങ്ങളുടെ ജലസ്നാനം അതിന്റെ ഒരു “പരസ്യപ്രഖ്യാപന”മായിരിക്കും.—മത്തായി 28:19, 20.
16. (എ) നിങ്ങൾ സ്നാപനപ്പെടാൻ തയ്യാറായിരിക്കുന്നുവെന്ന് നിങ്ങൾക്ക് എങ്ങനെ നിശ്ചയിക്കാൻ കഴിയും? (ബി) സ്നാപനത്തിനുളള ഒരുക്കത്തിൽ മേൽവിചാരകൻമാർ വ്യക്തികളെ എങ്ങനെ സഹായിക്കുന്നു?
16 അഖിലാണ്ഡ പരമാധികാരിയായ യഹോവയുടെ സമർപ്പിതനും സ്നാപനമേററവനുമായ ഒരു സാക്ഷിയായിരിക്കുക എന്നത് ഒരു മഹത്തായ പദവിയാണ്. ഇതിൽ ഉൾപ്പെട്ടിരിക്കുന്നതെന്തെന്ന് ഇപ്പോൾ പുനരവലോകനം ചെയ്യുക: യഹോവ, അവനുമായി നിങ്ങൾക്ക് ഒരു സൗഹൃദം ഉണ്ടായിരിക്കുന്നതിന് സ്നേഹപൂർവ്വം വഴിതുറന്നിരിക്കുന്നു. എന്നാൽ അതു നേടുന്നതിന് നിങ്ങൾക്ക് വിശ്വാസമുണ്ടായിരിക്കണം, ബൈബിൾ ദൈവത്തിന്റെ നിശ്വസ്ത വചനമാണെന്ന് യഥാർത്ഥമായി വിശ്വസിച്ചുകൊണ്ടുതന്നെ. (2 തിമൊഥെയോസ് 3:16, 17) ദൈവത്തിന്റെയടുത്ത് സ്വീകാര്യമായ ഒരു നിലപാട് സമ്പാദിക്കുന്നതിനുളള ഏക മാർഗ്ഗമെന്ന നിലയിൽ യേശുവിന്റെ മറുവിലയാഗത്തിലും നിങ്ങൾ വിശ്വാസം പ്രകടിപ്പിക്കേണ്ടതാണ്. (പ്രവൃത്തികൾ 4:12) നിങ്ങൾ യഹോവയാം ദൈവത്തിലുളള നിങ്ങളുടെ ആശ്രയത്തെ വിലമതിക്കുകയും ഏതാനും ചില വർഷങ്ങളിലേയ്ക്കല്ല, എന്നേക്കും അവന്റെ ഇഷ്ടം ചെയ്യാൻ നിങ്ങളുടെ ജീവിതത്തെ അവനു സമർപ്പിക്കുകയും ചെയ്യേണ്ട ആവശ്യമുണ്ട്. അത്തരമൊരു ഗതിയിൽ “ലോകത്തിന്റെ ഭാഗമല്ലാതിരിക്കുന്നത്” ഉൾപ്പെടുന്നു. (യോഹന്നാൻ 17:16; 1 യോഹന്നാൻ 2:15) നിങ്ങൾ അനുതപിക്കുകയും ‘തിരിഞ്ഞു വരികയും’ ചെയ്തു എന്നതിന്റെ തെളിവായി ദൈവത്തിന്റെ നീതിയുളള പ്രമാണങ്ങൾക്ക് വിരുദ്ധമായ എല്ലാ നടപടികളും നിങ്ങൾ ഉപേക്ഷിക്കുകയും ദൈവം കല്പിക്കുന്നത് ചെയ്തുകൊണ്ടിരിക്കുകയും വേണം. നിങ്ങൾ ജീവിതത്തെ ഈ വിധത്തിൽ വീക്ഷിക്കാൻ തക്കവണ്ണം നിങ്ങൾ നിങ്ങളുടെ മനസ്സ് പുതുക്കിയിരിക്കുന്നുവോ? (റോമർ 12:1, 2) അങ്ങനെയെങ്കിൽ അത്തരം വിശ്വാസത്തിന്റെ “പരസ്യപ്രഖ്യാപനം” നടത്താൻ ബൈബിൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെ പ്രദേശത്തെ യഹോവയുടെ സാക്ഷികളുടെ മേൽവിചാരകൻമാരിലൊരാളെ സമീപിക്കുന്നതും നിങ്ങളുടെ വിചാരമെന്തെന്ന് അദ്ദേഹത്തെ അറിയിക്കുന്നതുമാണ് ആദ്യപടി. സ്നാപനത്തിനുളള ഒരുക്കമെന്ന നിലയിൽ ബൈബിളിലെ അടിസ്ഥാന ഉപദേശങ്ങൾ നിങ്ങളുമായി പുനരവലോകനം ചെയ്യുന്നതിന് അദ്ദേഹം ഏർപ്പാടു ചെയ്യും.
17. നാം ‘നമ്മുടെ വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനം നടത്തു’ന്നതിൽ തുടരേണ്ടതെങ്ങനെയെന്ന് ബൈബിളിൽ നിന്നു കാണിക്കുക.
17 സ്നാപനത്തിന്റെ പടി നിങ്ങൾ ‘നിങ്ങളുടെ വിശ്വാസം പരസ്യപ്രഖ്യാപനം’ ചെയ്യുന്നതിന്റെ അവസാനത്തെ അടയാളപ്പെടുത്തുകയില്ല. യഹോവയാം ദൈവത്തിന് സമർപ്പിക്കപ്പെട്ട ഒരു ക്രിസ്ത്യാനിയെന്നനിലയിൽ നിങ്ങളുടെ പ്രത്യാശ പൊതു സഭാകൂട്ടത്തിൽ പ്രകടമാക്കിക്കൊണ്ട് ‘മഹാസഭയിൽ അവനെ സ്തുതിക്കാൻ’ നിങ്ങൾ ആഗ്രഹിക്കും. (സങ്കീർത്തനം 35:18; 40:9, 10) യഹോവ തന്നെ സേവിക്കാനാഗ്രഹിക്കുന്ന സകലർക്കും നിയോഗിച്ചു കൊടുക്കുന്ന പ്രത്യേക വേലയാകുന്ന “പരസ്യപ്രഖ്യാപനത്തിൽ”—രാജ്യത്തിന്റെ സുവാർത്ത മുഴുലോകത്തിലും പ്രസംഗിക്കുന്നതിലും സകല ജനതകളെയും ശിഷ്യരാക്കുന്നതിലും—പങ്കുപററാനും നിങ്ങൾ ആഗ്രഹിക്കും.—മത്തായി 24:14; 28:19.
ദൈവത്തോടുളള നിങ്ങളുടെ ബന്ധത്തെ കാത്തുസൂക്ഷിക്കൽ
18. യഹോവയോടുളള ഒരുവന്റെ ബന്ധം നിലനിൽക്കുമെന്ന് ഉറപ്പുവരുത്തുന്നതിൽ വ്യക്തിപരമായ പഠനം എത്ര പ്രധാനമാണ്?
18 എന്നാൽ ഇപ്പോൾ യഹോവയുമായുളള നിങ്ങളുടെ ബന്ധം ഒരിക്കൽ സമ്പാദിച്ചു കഴിഞ്ഞാൽ അതു സന്തുഷ്ടമായ സമാധാനത്തിലും സുരക്ഷിതത്വത്തിലും എന്നേയ്ക്കും നിലനിൽക്കുമെന്ന് നിങ്ങൾക്ക് എങ്ങനെ ഉറപ്പു വരുത്താൻ കഴിയും? അവനെക്കുറിച്ചുളള പരിജ്ഞാനത്തിൽ വളർന്നുകൊണ്ടിരിക്കാൻ നിങ്ങൾ ആഗ്രഹിക്കും എന്നതാണ് ഒരു സംഗതി. വ്യക്തിപരമായ പഠനത്തിലൂടെ ദൈവവചനത്തിൽ സംഭവിച്ചിരിക്കുന്ന അറിവിന്റെ നിക്ഷേപങ്ങൾ സമ്പാദിക്കുന്നതിൽ നിങ്ങൾ യഥാർത്ഥ സന്തോഷം കണ്ടെത്തും. നിങ്ങൾക്ക് സങ്കീർത്തനം 1:2,3-ൽ വർണ്ണിച്ചിരിക്കുന്നയാളെപ്പോലെയായിരിക്കാൻ കഴിയും: “അയാളുടെ പ്രമോദം യഹോവയുടെ നിയമത്തിലാണ്, അവന്റെ നിയമത്തിൽ അയാൾ ഒരു മന്ദസ്വരത്തിൽ രാവും പകലും വായിക്കുന്നു. അയാൾ തീർച്ചയായും തക്കകാലത്തു ഫലം നൽകുന്നതും ഇലവാടാത്തതുമായി നീരൊഴുക്കുകൾക്കരികെ നട്ടിരിക്കുന്ന വൃക്ഷത്തെപ്പോലെയായിത്തീരും. അവൻ ചെയ്യുന്നതെല്ലാം വിജയിക്കും.” ഉവ്വ്, ദൈവത്തെ സംബന്ധിച്ചുളള പരിജ്ഞാനം സമ്പാദിക്കുന്നതും അതു ബാധകമാക്കുന്നതും “ഉല്ലാസത്തിന്റെ വഴികളിലും” ‘സമാധാന പാതകളിലും’ നടക്കാൻ നിങ്ങളെ പ്രാപ്തരാക്കും, എന്തുകൊണ്ടെന്നാൽ അതു ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും അഭിമുഖീകരിക്കാനുളള ജ്ഞാനം നിങ്ങൾക്ക് നൽകും. (സദൃശവാക്യങ്ങൾ 3:13,17,18) അത്തരം ബൈബിൾ പരിജ്ഞാനത്തിനുവേണ്ടിയുളള നിങ്ങളുടെ ദാഹം ദൈവത്തിന്റെ നൂതനക്രമത്തിൽ ജീവിക്കുന്നതിനുളള നിങ്ങളുടെ യോഗ്യത പ്രകടമാക്കും, എന്തുകൊണ്ടെന്നാൽ അപ്പോൾ “വെളളങ്ങൾ സമുദ്രത്തെത്തന്നെ മൂടുന്നതുപോലെ യഹോവയെക്കുറിച്ചുളള പരിജ്ഞാനത്താൽ ഭൂമി തീർച്ചയായും നിറയും.”—യെശയ്യാവ് 11:9.
19. യഹോവയുടെ ജനത്തിന്റെ ജീവിതത്തിൽ നിരന്തര യോഗഹാജർ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
19 നിങ്ങൾക്ക് ജീവൽപ്രധാനമായി ആവശ്യമായിരിക്കുന്ന മറെറാരു സംഗതി ക്രമമായി യഹോവയുടെ മററു ദാസൻമാരോടൊപ്പം മീററിംഗിൽ സംബന്ധിക്കുന്നതാണ്. അവിടെ നിങ്ങൾ സ്നേഹത്തിനും സൽപ്രവൃത്തികൾക്കുമുളള യഥാർത്ഥ ഉത്സാഹവും ദൈവവുമായി നല്ല ബന്ധത്തിൽ ഉറച്ചു നിൽക്കുന്നതിനുളള പ്രോത്സാഹനവും കണ്ടെത്തും. (എബ്രായർ 10:23-25) യഹോവയുടെ ദാസൻമാരുടെ ഉല്ലാസപ്രദവും കുടുംബസമാനവുമായ സഹവാസം ദൈവത്തിന്റെ നൂതനക്രമത്തിൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സമാധാന പൂർണ്ണതയും സുരക്ഷിതത്വവും ഒരു യാഥാർത്ഥ്യമാണെന്നുളളതിന് ബലദായകമായ തെളിവ് നൽകുന്നു.—സങ്കീർത്തനം 133:1; 1 കൊരിന്ത്യർ 14:26, 33.
20. എതിർപ്പിന്റെയും വ്യക്തിപരമായ പ്രയാസത്തിന്റെയും കാലഘട്ടത്തിൽ സഭയിലെ പ്രായമേറിയ പുരുഷൻമാർക്ക് നമ്മെ എങ്ങനെ സഹായിക്കാൻ കഴിയും?
20 സഭയിൽ സ്നേഹപൂർവ്വകമായ മറെറാരു കരുതലിൽനിന്ന് നിങ്ങൾക്ക് പ്രയോജനം അനുഭവിക്കാൻ കഴിയും. ‘നല്ലയിടയനായ’ യേശുക്രിസ്തുവിന് ഭൂമിയിൽ ‘ഉപ ഇടയൻമാർ’ ഉണ്ട്. ഇത് അവന്റെ “ആടുകളെ” പരിപാലിക്കുന്ന മേൽവിചാരകൻമാർ അല്ലെങ്കിൽ ആത്മീയമായി പ്രായമേറിയ പുരുഷൻമാരാണ്. ഭൂമിയിലെങ്ങുമുളള ദൈവത്തിന്റെ ഒന്നിച്ചുകൂട്ടപ്പെട്ട ജനത്തിന്റെ ഇടയിലെ സമാധാനത്തിനും സുരക്ഷിതത്വത്തിനും പ്രചോദനം നൽകുന്ന ഒരു ശക്തമായ ഘടകമാണവർ. (1 പത്രോസ് 5:2, 3) ഈ പുരുഷൻമാർ “കാററിൽ നിന്നുളള ഒരു ഒളിപ്പിടവും പിശറിൽനിന്നുളള ഒരു മറവിടവും പോലെയും വെളളമില്ലാത്ത രാജ്യത്ത് നീർത്തോടുകൾ പോലെയും ക്ഷീണിച്ച ദേശത്ത് ഒരു വമ്പാറയുടെ തണൽപോലെയുമാണെന്ന് തെളിയിക്കുന്നു.” (യെശയ്യാവ് 32:1, 2) അതെ, ലോകത്തിൽനിന്നുളള എതിർപ്പോ വ്യക്തിപരമായ പ്രയാസങ്ങളോ നിമിത്തമുളള കുഴപ്പത്തിന്റെയോ സമ്മർദ്ദത്തിന്റെയോ കൊടുങ്കാററു നിറഞ്ഞകാലങ്ങളിൽ അവരുടെ പാറ തുല്യമായ വിശ്വാസത്താലും ദൈവത്തിന്റെ വചനത്തോടുളള ഉറച്ച പററിനിൽപ്പിനാലും ഈ ആത്മീയമായി പ്രായമേറിയ പുരുഷൻമാർക്ക് യഥാർത്ഥ പിന്തുണ നൽകാൻ കഴിയും. അവർക്ക് നവോൻമേഷദായകമായ ബുദ്ധിയുപദേശവും പ്രോത്സാഹനവും നിങ്ങൾക്ക് നൽകാൻ കഴിയും.
21. മററുളളവരുടെ അപൂർണ്ണതകൾ യഹോവയോടുളള നമ്മുടെ ബന്ധത്തെ എന്നെങ്കിലും ദുഷിപ്പിക്കാൻ അനുവദിക്കുന്നതിൽ നിന്ന് നമ്മെ എന്തു തടയും?
21 ദൈവദാസൻമാരുടെ ഇടയിൽപോലും മാനുഷാപൂർണ്ണതകൾ പ്രത്യക്ഷമാകുമെന്നുളളതു സത്യം തന്നെ. നാമെല്ലാം ദിവസവും തെററു ചെയ്യുന്നു. (യാക്കോബ് 3:2) എന്നാൽ നാം മററുളളവരുടെ അപൂർണ്ണതകളാൽ ഇടറിക്കപ്പെടുന്നതിനും അതു യഹോവയുമായുളള നമ്മുടെ ബന്ധത്തെ മോശമാക്കുന്നതിനും നാം അനുവദിക്കുമോ? നാമും തെററു ചെയ്യുന്നു എന്നുളളതിനാൽ നമുക്കു തന്നെ ആവശ്യമായിരിക്കുന്ന ക്ഷമ നാം മററുളളവരോടു കാണിക്കേണ്ടതല്ലേ? (മത്തായി 6:14, 15) നാം ദൈവത്തിന്റെ സമാധാനപൂർണ്ണമായ നൂതനക്രമത്തിന് കൊളളാവുന്ന പ്രജകളാണെന്ന് തെളിയിക്കണമെങ്കിൽ മററുളളവരുമായി സമാധാനത്തിൽ കഴിഞ്ഞുകൂടാനുളള പ്രാപ്തി നാം ഇപ്പോഴേ പ്രകടമാക്കണം. ക്രിസ്തു ആർക്കുവേണ്ടി മരിച്ചുവോ നമ്മുടെ ആ ആത്മീയ സഹോദരൻമാരെയും സഹോദരിമാരെയും കൂടെ സ്നേഹിക്കാതെ നമുക്ക് ദൈവത്തെ സ്നേഹിക്കാൻ കഴിയുകയില്ല.—1 യോഹന്നാൻ 4:20, 21.
22. പ്രാർത്ഥനയ്ക്ക് നമ്മുടെ ജീവിതത്തിൽ എന്തു സ്ഥാനം ഉണ്ടായിരിക്കണം?
22 ദൈവവുമായുളള നിങ്ങളുടെ ശരിയായ ബന്ധം നിങ്ങൾക്ക് മറെറാരു മഹത്തായ പദവി നൽകുന്നു: നിങ്ങളെ ദൈവം കേൾക്കുന്നുവെന്ന ഉറപ്പോടെ പ്രാർത്ഥനയിൽ അവനെ സമീപിക്കൽ. ആ ബന്ധത്തെ കാത്തു സൂക്ഷിക്കുകയും അനുദിനം ദിവസത്തിലുടനീളം അതുപയോഗിക്കുകയും ചെയ്യുക. പ്രശ്നങ്ങൾ പൊന്തിവരും. നിങ്ങളുടെ സ്വന്തം അപൂർണ്ണതകൾ നിങ്ങളെ ശല്യപ്പെടുത്തിയേക്കാം. എന്നിരുന്നാലും ബൈബിൾ ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “യാതൊന്നിനേക്കുറിച്ചും ഉൽക്കണ്ഠപ്പെടരുത്, എന്നാൽ എല്ലാററിലും നന്ദി നൽകലോടെ പ്രാർത്ഥനയാലും അഭ്യർത്ഥനയാലും നിങ്ങളുടെ അപേക്ഷകൾ ദൈവത്തെ അറിയിക്കുക. സകല ചിന്തയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും മാനസിക ശക്തികളെയും ക്രിസ്തുയേശു മുഖേന കാക്കും.”—ഫിലിപ്യർ 4:6, 7.
23. നമ്മുടെ വിശ്വാസത്തിന്റെ പേരിൽ പരിശോധനകളെയും പീഡനത്തെയും അഭിമുഖീകരിക്കുമ്പോൾ സഹിച്ചു നിൽക്കാൻ നമ്മെ എന്തു സഹായിക്കും?
23 സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും യഥാർത്ഥ ഉറവായ യഹോവയെ സേവിക്കാൻ തെരഞ്ഞെടുത്തതിനാലും നിങ്ങളുടെ പ്രത്യാശ അവന്റെ നൂതന ക്രമത്തിൽ വച്ചതിനാലും നിങ്ങൾ ശരിയായ ഒരു ആരംഭമിട്ടിരിക്കുന്നു. ഇപ്പോൾ ബൈബിൾ പറയും പ്രകാരം, “നിങ്ങൾ ദൈവേഷ്ടം ചെയ്തശേഷം വാഗ്ദത്ത നിവൃത്തി പ്രാപിക്കേണ്ടതിന് നിങ്ങൾക്ക് സഹിഷ്ണുതയുടെ ആവശ്യമുണ്ട്.” (എബ്രായർ 10:36) യഹോവയുമായുളള ഒരു ശരിയായ ബന്ധത്തിന്റെ അനുഗ്രഹങ്ങൾ ആസ്വദിച്ചിട്ടുളളതിനാൽ അത് ഒരിക്കലും ഉപേക്ഷിക്കാതിരിക്കാൻ നിശ്ചയം ചെയ്യുക. ലോകത്തിന്റെ ക്ഷണികമായ ഉല്ലാസങ്ങൾ ഒരിക്കലും നിങ്ങളെ അകററിക്കളയാൻ അനുവദിക്കരുത്. ഒരു ശത്രു ലോകത്തിൽ നിന്നുളള പരിശോധനകൾ കഠിനമായിത്തീർന്നാലും അവ താല്കാലികം മാത്രമാണെന്നോർക്കുക. തന്നെ സ്നേഹിക്കുന്നവർക്ക് യഹോവ നൽകുന്ന അനുഗ്രഹങ്ങളോടുളള താരതമ്യത്തിൽ അത്തരം കഷ്ടപ്പാടുകൾ ഏതുമില്ലാത്തതു പോലെയാണ്.—2 കൊരിന്ത്യർ 4:16-18.
24. (എ) ഇന്ന് വിശേഷിച്ച് എന്തിൽ സന്തോഷിക്കുന്നതിന് നമുക്ക് കാരണമുണ്ട്? (ബി) സങ്കീർത്തനക്കാരനെപ്പോലെ നാം എല്ലായ്പ്പോഴും യഹോവയെയും അവനോടുളള നമ്മുടെ ബന്ധത്തെയും കുറിച്ച് എങ്ങനെ വിചാരിക്കണം?
24 ദൈവഭക്തിയുടെ ഗതിയാണ് ഇപ്പോഴത്തെ ഉത്തമജീവിത രീതിയെന്നും അതു ദൈവത്തിന്റെ നൂതനക്രമത്തിലെ നിത്യജീവനിലേക്കു നയിക്കുമെന്നുമുളള ഉറപ്പോടെ അതിൽ തുടരുക. (1 തിമൊഥെയോസ് 4:8) ആ നൂതനക്രമത്തിൻ സാമീപ്യത്തിന്റെ തെളിവിലും അതു കൈവരുത്തുന്ന നിത്യ സമാധാനത്തിലും സുരക്ഷിതത്വത്തിലും സന്തോഷിക്കുക. യഹോവയുമായുളള നിങ്ങളുടെ ബന്ധത്തെ നിങ്ങൾ പരിപുഷ്ടിപ്പെടുത്തുന്നതിൽ തുടരുമ്പോൾ പിൻവരുന്നപ്രകാരം എഴുതിയ നിശ്വസ്ത സങ്കീർത്തനക്കാരനെപ്പോലെ എല്ലായ്പ്പോഴും വിചാരിക്കുക: “ദൈവം അനിശ്ചിത കാലത്തോളം എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയുമാകുന്നു. എന്തുകൊണ്ടെന്നാൽ, നോക്കൂ! നിന്നിൽനിന്ന് അകന്നു നിൽക്കുന്നവർ നശിച്ചു പോകും. നിന്നെ അധാർമ്മികമായി ഉപേക്ഷിക്കുന്ന ഏവനെയും നീ തീർച്ചയായും നിശബ്ദനാക്കും. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം, ദൈവത്തോട് അടുത്തു ചെല്ലുന്നത് എനിക്ക് നന്ന്. നിന്റെ സകല പ്രവൃത്തികളെയും ഘോഷിക്കേണ്ടതിന് പരമാധീശകർത്താവായ യഹോവയിൽ ഞാൻ ശരണം വച്ചിരിക്കുന്നു.”—സങ്കീർത്തനം 73:26-28.
[അധ്യയന ചോദ്യങ്ങൾ]
[181-ാം പേജിലെ ചിത്രം]
പരസ്യപ്രഖ്യാപനം നടത്തൽ