യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും ആസന്നം!
അധ്യായം 1
യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും ആസന്നം!
1. എന്തവസ്ഥകൾ യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും അത്ര ആഗ്രഹിക്കത്തക്കതാക്കുന്നു?
തീർച്ചയായും മിക്കയാളുകളെയും പോലെ, നിങ്ങളും സമാധാനവും സുരക്ഷിതത്വവും ആഗ്രഹിക്കുന്നു. കുററകൃത്യത്താലും അക്രമപ്രവർത്തനത്താലും യുദ്ധത്താലും ഭീഷണിപ്പെടുത്തുന്ന അണുക യുദ്ധമെന്ന പേടിസ്വപ്നത്താലും എല്ലായിടത്തും ആളുകൾ മടുത്തിരിക്കുന്നു. വളരെയേറെ ആളുകൾക്ക് മാന്യമായ ജോലികളോ മതിയായ വാസസ്ഥലങ്ങളോ വേണ്ടത്ര ഭക്ഷണമോ ഇല്ല. അത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ കഴിയുകയും, ഈ ഭൂമി അതിലെ നിവാസികൾക്ക് സന്തുഷ്ടവും സുരക്ഷിതവുമായ ഒരു ഭവനമായി തീരുകയും ചെയ്തിരുന്നെങ്കിൽ അതു എത്ര വലിയ ഒരു സന്തോഷമായിരിക്കുമായിരുന്നു!
2, 3. (എ) യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും വാസ്തവത്തിൽ ആസന്നമാണെങ്കിൽ എന്തു ചോദ്യങ്ങൾ ചോദിക്കപ്പെടേണ്ടിയിരിക്കുന്നു? (ബി) ഐക്യരാഷ്ട്രങ്ങൾ എടുത്തിരിക്കുന്ന നടപടി സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുളള ആഗ്രഹത്തോട് ചേർച്ചയിലായിരിക്കുന്നതായി തോന്നുന്നതെങ്ങനെ?
2 ആശ്ചര്യകരമെന്നു പറയട്ടെ, നാം ആഗ്രഹിക്കുന്ന ആ ആശ്വാസം ആസന്നമാണെന്നും ഭൂവിസ്തൃതമായ സമാധാനവും സുരക്ഷിതത്വവും യാഥാർത്ഥ്യത്തോട് അടുക്കുകയാണെന്നും വിശ്വസിക്കാൻ ഈടുററ കാരണമുണ്ട്! എന്നാൽ ആരാണ് ഇതിനിടയാക്കുന്നത്? ഇതു കൈവരിക്കാൻവേണ്ടി ലോകരാഷ്ട്രങ്ങൾ അവരുടെ ഭിന്നതകൾ മറക്കുമോ?
3 ലോകനേതാക്കൾ “സമാധാനമെന്നും സുരക്ഷിതത്വ!” a മെന്നും പ്രഖ്യാപിക്കുന്ന ഒരു സമയം വരുമെന്ന് രസകരമായ ഒരു ബൈബിൾ പ്രവചനം പ്രസ്താവിച്ചിരുന്നു. വാസ്തവത്തിൽ ഐക്യരാഷ്ട്രങ്ങൾ 1986 “അന്താരാഷ്ട്ര സമാധാന വർഷ”മായി പ്രഖ്യാപിച്ചപ്പോൾ ആ വർഷം മുതൽ “സമാധാനവും അന്താരാഷ്ട്ര സുരക്ഷിതത്വവും സഹകരണവും”1 എന്ന ലക്ഷ്യം പുരോഗമിപ്പിക്കുന്നതിന് എല്ലായിടത്തും എല്ലാ സ്ഥാപനങ്ങളും സകല ശ്രമവും ചെയ്യണമെന്ന് അത് ആവശ്യപ്പെട്ടു.
4. സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുളള എന്തെങ്കിലും ഏർപ്പാട് നിങ്ങൾക്ക് പ്രയോജനം ചെയ്യണമെങ്കിൽ അതു എന്തു പ്രശ്നങ്ങൾ പരിഹരിക്കണം?
4 എന്നാൽ ഇത് ഒരു യഥാർത്ഥ “സമാധാനവും സുരക്ഷിതത്വവും” ആയിരിക്കുമോ? അതു നിങ്ങളുടെ അയൽപ്രദേശങ്ങളിലേക്കും നിങ്ങളുടെ ഭവനത്തിലേക്കും എത്തുകയും വ്യക്തിപരമായി നിങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമോ? വർദ്ധിച്ചുവരുന്ന കുററകൃത്യം, മയക്കുമരുന്നിലുളള ആസക്തി, കുതിച്ചുയരുന്ന ഭക്ഷ്യവില, ഭാരിച്ച നികുതി പിരിവ്, വ്യാപകമായിക്കൊണ്ടിരിക്കുന്ന മലിനീകരണം, പെരുകികൊണ്ടിരിക്കുന്ന കുടുംബതകർച്ച എന്നീ പ്രശ്നങ്ങളെ അതു പരിഹരിക്കുമോ? ഇത്തരം സാഹചര്യങ്ങൾ തുടരുന്നിടത്തോളം കാലം അവ നിങ്ങളുടെ വ്യക്തിപരമായ സമാധാനത്തെയും സുരക്ഷിതത്വത്തെയും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കും.
5, 6. നിങ്ങളുടെ സ്വന്തം ജീവിതാനുഭവത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യർ ഈ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ?
5 തങ്ങൾക്ക് ഈ പ്രയാസങ്ങളെ തരണം ചെയ്യാൻ കഴിയും എന്ന് മനുഷ്യർ പ്രതീക്ഷിക്കുന്നു എന്നത് വാസ്തവം തന്നെ. യുദ്ധത്തിന്റെ ഞെരുക്കുന്ന സാമ്പത്തിക ഭാരത്തിൽനിന്ന് സ്വതന്ത്രരായാൽ തങ്ങൾക്ക് ധനവും ഗവേഷണവും മാനുഷശക്തിയും എല്ലാം അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്ക് തിരിച്ചു വിടാൻ കഴിയുമെന്ന് അവർ പറയുന്നു.
6 നിങ്ങൾ യഥാർത്ഥത്തിൽ അതു വിശ്വസിക്കുന്നുണ്ടോ? മനുഷ്യർക്ക് സ്ഥിരമായ പരിഹാരം കാണാൻ കഴിയുമെന്നുളളതിന് ഈടുററ തെളിവുകൾ എന്തെങ്കിലുമുണ്ടോ? ചരിത്രം എന്തു തെളിയിക്കുന്നു? വാസ്തവത്തിൽ നിങ്ങളുടെതന്നെ ജീവിതാനുഭവങ്ങൾ നിങ്ങളോട് എന്തുപറയുന്നു?
7, 8. (എ) പരിഹാരത്തിന് വേണ്ടി നമുക്ക് മറെറവിടേയ്ക്കു നോക്കാം? (ബി) ബൈബിൾ എത്രത്തോളം പ്രധാനപ്പെട്ട ഒരു പുസ്തകമാണ്?
7 ‘മനുഷ്യർക്കു പരിഹാരം ഇല്ലെങ്കിൽ പിന്നെ എന്താണ് അവശേഷിക്കുന്നത്?’ എന്ന് നിങ്ങൾ ചോദിച്ചേക്കാം. കൊളളാം, ഭൂമിയും അതിലെ ജീവജാലങ്ങളും ബുദ്ധിപൂർവ്വകമായ രൂപസംവിധാനം പ്രതിഫലിപ്പിക്കുന്നു എന്നതിന് നിഷേധിക്കാനാവാത്ത തെളിവുണ്ട്. (എബ്രായർ 3:4) ഈ രൂപ സംവിധാനത്തിന്റെ പിന്നിലുളള ആൾ രംഗത്തേയ്ക്കു കടന്നുവരിക സാദ്ധ്യമാണോ? മാനുഷ കാര്യാദികളിൽ അവൻ ഇടപെടുമോ? ഈ ചോദ്യങ്ങൾക്കുളള ഉത്തരങ്ങൾ നൽകുന്നത് ബൈബിൾ മാത്രമാണ്.
8 ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളുടെ ഗൗരവം പരിഗണിക്കുമ്പോൾ ഈ കാര്യം സംബന്ധിച്ച് ബൈബിൾ പറയുന്നത് ഗൗനിക്കുന്നത് ഒരു വിലപ്പെട്ട സംഗതിയായിരിക്കില്ലേ? അതു ഏററം വ്യാപകമായി തർജ്ജമ ചെയ്യപ്പെട്ടതും പ്രചാരം സിദ്ധിച്ചിട്ടുളളതുമായ പുസ്തകമാണെന്ന് ഒരുപക്ഷേ നിങ്ങൾക്കറിയാമായിരിക്കാം. മുഴുവനായോ അല്ലെങ്കിൽ ഭാഗികമായോ 1,800-ലേറെ ഭാഷകളിൽ അതിന്റെ അനേക കോടി കോപ്പികൾ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്.2 എന്നാൽ ഈ പുരാതന പുസ്തകം ഈ ഇരുപതാം നൂററാണ്ടിൽ നമുക്ക് ഏററം താല്പര്യമുളള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു എന്ന് നിങ്ങൾ അറിഞ്ഞിരുന്നോ?
9, 10. (എ) ഭാവിയെ സംബന്ധിച്ചും മാനുഷ ഗവൺമെൻറുകളെ സംബന്ധിച്ചും ബൈബിൾ എന്തു പറയുന്നു? (ബി) ദൈവത്തിന്റെ രാജ്യം എന്താണ്, ഇന്നത്തെ ഗവൺമെൻറുകളിൽ നിന്ന് അത് നിയന്ത്രണം ഏറെറടുക്കുന്നതെപ്പോഴാണ്?
9 ബൈബിൾ ഒരു ‘ലോകാവസാനം’ മുൻകൂട്ടിപ്പറയുന്നു എന്ന് അനേകർക്കും അറിയാം. എന്നാൽ അതു എപ്പോഴായിരിക്കും അല്ലെങ്കിൽ അതിനുശേഷം ഭൂമിയിലെ ജീവിതം എങ്ങനെയുളളതായിരിക്കും എന്നും മററുമുളള കാര്യങ്ങളെപ്പററി ബൈബിൾ എന്തുപറയുന്നു എന്നത് അധികം പേർക്ക് അറിഞ്ഞുകൂടാ. (മത്തായി 24:21, 22; 2 പത്രോസ് 3:11-13) ‘ദൈവരാജ്യം വരാൻ’വേണ്ടി യാചിക്കുന്ന കർത്താവിന്റെ പ്രാർത്ഥന അവർ ചൊല്ലിയേക്കാം. (മത്തായി 6:9, 10) എന്നാൽ ദൈവരാജ്യം ഇന്നത്തെ രാഷ്ട്രീയ വ്യവസ്ഥിതികളെയെല്ലാം നീക്കം ചെയ്യുന്ന ഒരു യഥാർത്ഥ ഗവൺമെൻറാണ് എന്ന് ആരും തന്നെ തിരിച്ചറിയുന്നില്ല. ദാനിയേൽ പ്രവാചകൻ പ്രവചിച്ചപ്രകാരം: “ആ രാജാക്കൻമാരുടെ കാലത്ത് സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജ്യം സ്ഥാപിക്കും. . . . അത് ഈ രാജ്യങ്ങളെയെല്ലാം തകർത്തു നശിപ്പിക്കുകയും അതുതന്നെ അനിശ്ചിതകാലത്തോളം നിലനിൽക്കുകയും ചെയ്യും.”—ദാനിയേൽ 2:44.
10 രസാവഹമായി, “സമാധാനവും സുരക്ഷിതത്വവും” സംബന്ധിച്ച് നാം നേരത്തെ കുറിക്കൊണ്ട ബൈബിൾ പ്രവചനത്തിൽ ഈ സവിശേഷതകളും ഉൾപ്പെട്ടിരിക്കുന്നു: “അവർ ‘സമാധാനമെന്നും സുരക്ഷിതത്വമെന്നും!’ പറയുന്നതെപ്പോഴോ അപ്പോൾ തന്നെ പെട്ടെന്നുളള നാശം അവരുടെമേൽ വരും.” (1 തെസ്സലോനീക്യർ 5:3) അതുകൊണ്ട് മാനുഷനേതാക്കൻമാർ പ്രഖ്യാപിച്ചേക്കാവുന്ന ഏതു സമാധാനവും സുരക്ഷിതത്വവും വ്യക്തമായും അല്പനേരത്തേയ്ക്കു മാത്രമുളളതായിരിക്കും. കാരണം അതിനു തൊട്ടു പിന്നാലെ സകല മാനുഷ ഭരണങ്ങളെയും തകർത്ത് ഇല്ലാതാക്കുമെന്നും തൽസ്ഥാനത്തു മുഴുഭൂമിക്കുംവേണ്ടിയുളള ഒരൊററ ഗവൺമെൻറ്—ദൈവരാജ്യം—നിലവിൽ വരുമെന്നും പ്രവചനങ്ങൾ സൂചിപ്പിക്കുന്നു.
11, 12. ദൈവരാജ്യം ചെയ്യുമെന്ന് ബൈബിൾ പറയുന്നതും മാനുഷ നേതാക്കൻമാർ ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതും തമ്മിലുളള ചില വ്യത്യാസങ്ങൾ എന്തൊക്കെയാണ്?
11 കൂടാതെ, ദൈവരാജ്യം കൈവരുത്തുന്ന സമാധാനവും സുരക്ഷിതത്വവും മാനുഷ നേതാക്കൻമാർ വാഗ്ദാനം ചെയ്യുന്നതും തമ്മിലുളള അനേകം വ്യത്യാസങ്ങൾ ബൈബിൾ വെളിപ്പെടുത്തുന്നു. ഇന്നു പരസ്പര കരാറുകളിലൂടെ ആയുധങ്ങൾ കുറയ്ക്കുന്നതിനെപ്പററി മനുഷ്യർ സംസാരിക്കുന്നു. തികച്ചും വ്യത്യസ്തമായി, താമസിയാതെ ദൈവം സകല ആയുധീകരണത്തിനും പൂർണ്ണവിരാമം ഇടുമെന്നും യുദ്ധത്തിന്റെ അടിസ്ഥാന കാരണങ്ങൾ തന്നെ നീക്കം ചെയ്യുമെന്നും ബൈബിൾ പ്രഖ്യാപിക്കുന്നു. (സങ്കീർത്തനം 46:9; യെശയ്യാവ് 2:2-4) കൂടാതെ, ദൈവം വാഗ്ദാനം ചെയ്യുന്ന സുരക്ഷിതത്വം രാഷ്ട്രങ്ങൾ തമ്മിലുളള യുദ്ധത്തിൽ നിന്ന് മാത്രമല്ല അതു എല്ലാത്തരം ശത്രുക്കളിൽ നിന്നുമാണ്. തൽഫലമായി, മേലാൽ—രാവോ പകലോ—ആരും ഭയപ്പെടുകയില്ല. (മീഖാ 4:3, 4) കൂടാതെ മനുഷ്യർ ഇന്ന് കുററകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനാണ് ശ്രമിക്കുന്നത് എന്നാൽ കുററകൃത്യത്തിലേക്ക് നയിക്കുന്ന മനോഭാവങ്ങളും സാഹചര്യങ്ങളുംപോലും ഇല്ലാതാക്കുക എന്നതാണ് ദൈവത്തിന്റെ പ്രഖ്യാപിത ഉദ്ദേശ്യം.—സങ്കീർത്തനം 37:8-11; ഗലാത്യർ 5:19-21.
12 വൈദ്യശാസ്ത്ര ഗവേഷണത്തിലെ പുരോഗതിയിലും രോഗികളുടെയും പ്രായമായവരുടെയും സംരക്ഷണം മെച്ചപ്പെടുത്താൻ കഴിഞ്ഞതിലും രാഷ്ട്രങ്ങൾ അഭിമാനം കൊളളുന്നു. എന്നാൽ വാർദ്ധക്യത്തെയും മരണത്തെയും പോലും കീഴടക്കിക്കൊണ്ട് ദൈവരാജ്യം എങ്ങനെ പൂർണ്ണവും നിലനിൽക്കുന്നതുമായ ആരോഗ്യം കൈവരുത്തുമെന്ന് ബൈബിൾ വിശദീകരിക്കുന്നു! (വെളിപ്പാട് 21:3, 4) കൂടാതെ, ദൈവരാജ്യത്തിൻ കീഴിൽ ഒരുവന്റെ ജോലി യഥാർത്ഥ സംതൃപ്തി നൽകിക്കൊണ്ട് തികച്ചും അർത്ഥവത്തായിരിക്കും. കാരണം, നിങ്ങളുടെ ജോലി നിങ്ങളെ ഭഗ്നാശനാക്കുന്നതോ അല്ലെങ്കിൽ ഒരു യഥാർത്ഥ നേട്ടത്തിന്റെ തോന്നൽ ഉളവാക്കാത്തതോ ആണെങ്കിൽ നിങ്ങൾക്ക് എത്രത്തോളം സന്തുഷ്ടനായിരിക്കാൻ കഴിയും?—യെശയ്യാവ് 65:21-23; റോമർ 8:19-21.
13. നാം ഏതു ചോദ്യങ്ങൾ പരിശോധിക്കുന്നത് പ്രയോജനകരമായിരിക്കും?
13 നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും മെച്ചപ്പെടുത്തുന്ന തരത്തിലുളള സമാധാനവും സുരക്ഷിതത്വവും വച്ചുനീട്ടുന്നത് ഏതാണ് എന്നാണ് നിങ്ങൾ വിശ്വസിക്കുന്നത്—തന്റെ രാജ്യ ഗവൺമെൻറിലൂടെ നടപ്പാക്കപ്പെടുന്ന ദൈവിക വാഗ്ദാനങ്ങളോ മനുഷ്യരുടെ വാഗ്ദാനങ്ങളോ? ലോകത്തിനു പൊതുവേ വച്ചു നീട്ടാനുളളതിനോട് പൊരുത്തപ്പെട്ടുപോകുന്നതിനാൽ ജീവിതത്തിൽ നിന്ന് യഥാർത്ഥത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾ കണ്ടെത്തിയിരിക്കുന്നുവോ? ഇന്നു ജനരഞ്ജകമായിരിക്കുന്നതിനോടൊപ്പം അടിച്ചൊഴുക്കികൊണ്ടു പോകാൻ നിങ്ങൾ നിങ്ങളെത്തന്നെ അനുവദിക്കുകയും എന്നാൽ പിന്നീട് വഴിതെററിക്കുന്ന വാഗ്ദാനങ്ങളാൽ വഞ്ചിക്കപ്പെട്ട് യഥാർത്ഥ സമാധാനമോ സുരക്ഷിതത്വമോ ഇല്ലാത്ത അവസ്ഥയിൽ വിടപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ തിരിച്ചറിയുകയും ചെയ്യുന്നുവെങ്കിലെന്ത്? നേരെമറിച്ച് ബൈബിൾ വാഗ്ദാനം ചെയ്യുന്നത് വിശ്വാസയോഗ്യവും പ്രായോഗികവും വാസ്തവികവുമാണെന്ന് വിശ്വസിക്കാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ? തീർച്ചയായും അത്തരം ചോദ്യങ്ങൾക്കുളള ഉത്തരങ്ങൾ ചിന്താപൂർവ്വകമായ പരിശോധന അർഹിക്കുന്നു.
[അടിക്കുറിപ്പുകൾ]
[അധ്യയന ചോദ്യങ്ങൾ]
[4-ാം പേജ് നിറയെയുള്ള ചിത്രം]
[9-ാം പേജിലെ ചിത്രം]
മേലാൽ ഒരിക്കലും, രാവോ പകലോ, ആരും പേടിക്കയില്ല