ലൈംഗിക കാര്യങ്ങൾ സംബന്ധിച്ച നിങ്ങളുടെ വീക്ഷണം—അത് എന്തു വ്യത്യാസമുളവാക്കുന്നു?
അധ്യായം 13
ലൈംഗിക കാര്യങ്ങൾ സംബന്ധിച്ച നിങ്ങളുടെ വീക്ഷണം—അത് എന്തു വ്യത്യാസമുളവാക്കുന്നു?
1-3. (എ) പുരുഷനും സ്ത്രീയും തമ്മിലുളള ലൈംഗിക ബന്ധങ്ങൾക്ക് ദിവ്യാംഗീകാരമുണ്ടെന്ന് ബൈബിൾ പ്രകടമാക്കുന്നതെങ്ങനെ? (ബി) ഒരു വ്യക്തി തന്റെ ലൈംഗിക ശക്തികളുടെ അനിയന്ത്രിത ഉപയോഗത്തിൽ ഏർപ്പെടുന്നത് അയാൾക്ക് നൻമ കൈവരുത്തുമോ?
ലൈംഗിക കാര്യങ്ങളോടു ബന്ധപ്പെട്ട എന്തിന്റെയും നേരെ ബൈബിൾ നെററി ചുളിക്കുന്നു എന്ന ആശയമാണ് ചിലർക്കുളളത്. എന്നിരുന്നാലും ബൈബിളിന്റെ തന്നെ ഒരു പരിശോധന അതു സത്യമല്ലെന്ന് വെളിപ്പെടുത്തുന്നു. ദൈവം ആദ്യമനുഷ്യനെയും സ്ത്രീയെയും സൃഷ്ടിച്ചതിനെക്കുറിച്ചു പറഞ്ഞശേഷം ബൈബിൾ തുടർന്ന് ഇപ്രകാരം പ്രതിപാദിക്കുന്നു: “ദൈവം അവരെ അനുഗ്രഹിക്കുകയും ദൈവം അവരോട്: ‘സന്താനപുഷ്ടിയുളളവരായി പെരുകി ഭൂമിയിൽ നിറയുവിൻ’ എന്നു പറയുകയും ചെയ്തു.”—ഉല്പത്തി 1:27, 28.
2 അപ്പോൾ, പുരുഷനും സ്ത്രീയും തമ്മിലുളള ലൈംഗിക ബന്ധങ്ങൾക്ക് വ്യക്തമായും ദിവ്യ അംഗീകാരമുണ്ട്. എന്നാൽ അനിയന്ത്രിതമായ ലൈംഗികതയെ ദൈവം അംഗീകരിക്കുന്നുണ്ടോ? ഇതു ജീവിതത്തിൽ ഏററവുമധികം ആസ്വാദനം കൈവരുത്തുമോ? അതു നമുക്കും ചുററുമുളളവർക്കും യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും കൈവരുത്തുമോ?
3 മററു മാനുഷപ്രവർത്തനങ്ങൾപോലെതന്നെ ലൈംഗിക പ്രവർത്തനവും ദുരുപയോഗത്തിനു വിധേയമാണ്. ഭക്ഷണം കഴിക്കുന്നത് ജീവന് നല്ലതും അത്യന്താപേക്ഷിതവുമാണ്. എന്നിരുന്നാലും അതിഭക്ഷണത്തിന് ആരോഗ്യത്തെ ക്ഷയിപ്പിക്കാനും ഒരുവന്റെ ആയുസ്സു ചുരുക്കാനും കഴിയും. ഉറക്കവും മർമ്മപ്രധാനമാണ്. എന്നാൽ അതിലെ അമിതത്വം ജീവിതത്തിൽനിന്ന് നേട്ടത്തെ കവർന്നുകളയുന്നു, അതിന് ശരീരത്തെ ദുർബ്ബലീകരിക്കാൻ പോലും കഴിയും. യഥാർത്ഥ ജീവിതാസ്വാദനം അതിഭക്ഷണത്തിൽനിന്നും മുഴുക്കുടിയിൽ നിന്നും മടിയിൽനിന്നും സംജാതമാകാത്തതുപോലെ അതു ഒരുവന്റെ ലൈംഗിക പ്രാപ്തികളുടെ അനിയന്ത്രിതമായ ഉപയോഗത്തിൽനിന്നും സംജാതമാകുന്നില്ല. ആയിരക്കണക്കിനു വർഷങ്ങളിലെ മാനുഷാനുഭവം ഇതിനു സാക്ഷ്യം വഹിക്കുന്നു. നാം അതു വ്യക്തിപരമായ കൈപ്പേറിയ അനുഭവങ്ങളാൽ പഠിക്കേണ്ടതുണ്ടോ? അതിലും മെച്ചപ്പെട്ട ഒരു മാർഗ്ഗമുണ്ട്.
4. ലൈംഗിക കാര്യങ്ങൾ സംബന്ധിച്ച ദൈവത്തിന്റെ പ്രമാണങ്ങളെ ഉയർത്തിപ്പിടിക്കാൻ നമ്മെ എന്തു പ്രേരിപ്പിക്കണം?
4 ദൈവത്തിന്റെ വചനം ലൈംഗിക കാര്യങ്ങൾ സംബന്ധിച്ച നമ്മുടെ സന്തുഷ്ടിയെ ഇപ്പോഴും ഭാവിയിലും കാത്തുസൂക്ഷിക്കുന്ന സന്തുലിതമായ ഒരു വീക്ഷണം നൽകുന്നു. എന്നാൽ നമ്മുടെ സ്വന്തം സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടി മാത്രമല്ല ഈ പ്രാപ്തികളുടെ ഉപയോഗം സംബന്ധിച്ച ദൈവത്തിന്റെ മാനദണ്ഡങ്ങൾ നാം പഠിക്കുകയും അവയോട് പററി നിൽക്കുകയും ചെയ്യുന്നത്. അതിലുപരിയായി നമ്മുടെ സ്രഷ്ടാവിനോടുളള നമ്മുടെ ആദരവ് നിമിത്തം നാം അങ്ങനെ ചെയ്യണം. പരമാധികാരത്തിന്റെ വിവാദവിഷയത്തിൽ നാം വാസ്തവത്തിൽ അവന്റെ പക്ഷത്താണെങ്കിൽ ഈ സംഗതിയിലും നാം അവന്റെ ശ്രേഷ്ഠജ്ഞാനത്തിനും പരമമായ അധികാരത്തിനും സന്തോഷത്തോടെ കീഴ്പ്പെടും.—യിരെമ്യാവ് 10:10, 23.
വിവാഹം എല്ലാവരുടെയും ഇടയിൽ മാന്യമായി സൂക്ഷിക്കൽ
5. വിവാഹത്തിന് പുറത്ത് ഏതെങ്കിലും ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുന്നത് സംബന്ധിച്ച് ബൈബിൾ എന്തു പറയുന്നു?
5 ബൈബിൾ ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “വിവാഹം എല്ലാവരുടെയും ഇടയിൽ മാന്യവും വിവാഹശയ്യ നിർമ്മലവുമായിരിക്കട്ടെ, എന്തുകൊണ്ടെന്നാൽ ദൈവം പരസംഗക്കാരെയും വ്യഭിചാരികളെയും ന്യായം വിധിക്കും.” (എബ്രായർ 13:4) അതുകൊണ്ട് ദൈവം വിവാഹത്തിന് പുറമേയുളള ലൈംഗിക ബന്ധങ്ങൾക്കെതിരാണ്. ഇത് ആദ്യ മനുഷ്യന് ഒരു ഇണയെ കൊടുത്തപ്പോൾ ഒരു പുരുഷനും അവന്റെ ഭാര്യയും നിലനിൽക്കുന്ന ഒരു ഐക്യബന്ധത്തിൽ “ഏക ജഡ”മായിത്തീരണമെന്നുളളതാണ് തന്റെ ഇഷ്ടമെന്ന് ദൈവം പ്രകടമാക്കിയെന്ന വസ്തുതയോട് പരസ്പരം യോജിപ്പിലാണ്. ഏതാണ്ട് നാലായിരം വർഷം കഴിഞ്ഞ് തന്റെ പിതാവ് ഈ പ്രമാണത്തെ ഉപേക്ഷിച്ചിട്ടില്ലെന്ന് ദൈവപുത്രൻ പ്രകടമാക്കി. (ഉല്പത്തി 2:22-24; മത്തായി 19:4-6) എന്നാൽ അത്തരമൊരു പ്രമാണം അനാവശ്യമായി നിയന്ത്രിക്കുന്നതാണോ? അതു നമ്മിൽനിന്ന് എന്തെങ്കിലും നൻമ കവർന്നുകളയുന്നുണ്ടോ?
6. വ്യഭിചാരത്തിനെതിരായ ദൈവനിയമം നമ്മുടെ നൻമയ്ക്കുവേണ്ടിയാണെന്ന് എന്തു പ്രകടമാക്കുന്നു?
6 വ്യഭിചാരം ഈ ദിവ്യപ്രമാണത്തെ ലംഘിക്കുന്നു, വ്യഭിചാരികൾക്കെതിരായുളള ന്യായവിധിയിൽ താൻ “ഒരു ശീഘ്രസാക്ഷി”യായിത്തിരുമെന്ന് യഹോവയാം ദൈവം വാഗ്ദത്തം ചെയ്യുന്നു. (മലാഖി 3:5) വിവാഹബന്ധത്തിന് പുറമേയുളള ലൈംഗികവേഴ്ചയുടെ ദുഷ്ഫലങ്ങൾ ദൈവനിയമത്തിന്റെ ജ്ഞാനത്തെ ദൃഢീകരിക്കുന്നു. വ്യഭിചാരം തകർന്ന വിശ്വാസവും ആശ്രയനഷ്ടവുമുളവാക്കുന്നു. അത് അരക്ഷിതാവസ്ഥയ്ക്കു കാരണമാവുകയും വൈവാഹിക സമാധാനത്തിന് തുരങ്കം വയ്ക്കുകയും ചെയ്യുന്നു. തൽഫലമായുണ്ടാകുന്ന വേദനയും ഹൃദയഭേദനവും മിക്കപ്പോഴും വിവാഹമോചനത്തിലേക്കു നയിക്കുന്നു. തങ്ങളുടെ കുടുംബം ശിഥിലമായിത്തീരുന്നതു കാണുമ്പോൾ കുട്ടികൾ ക്ലേശമനുഭവിക്കുന്നു. വ്യക്തമായും ദൈവം വ്യഭിചാരത്തെ കുററം വിധിച്ചിരിക്കുന്നത് നമ്മുടെ നൻമയ്ക്കുവേണ്ടിയാണ്. അയൽക്കാരനോട് യഥാർത്ഥ സ്നേഹമുളള ആരും വ്യഭിചാരം ചെയ്യുകയില്ലെന്ന് അവന്റെ വചനം പ്രകടമാക്കുന്നു.—റോമർ 13:8-10.
7. ബൈബിളിൽ പരാമർശിച്ചിരിക്കുന്ന “പരസംഗ”ത്താൽ എന്തർത്ഥമാക്കപ്പെടുന്നുവെന്ന് വിശദീകരിക്കുക.
7 നാം നിരീക്ഷിച്ചതുപോലെ ബൈബിൾ പരസംഗക്കാർക്കെതിരായ ദൈവത്തിന്റെ ന്യായവിധിയെയും വെളിപ്പെടുത്തുന്നു. കൃത്യമായി “പരസംഗം” എന്താണ്? ഈ പദത്തിന്റെ ബൈബിളിലെ ഉപയോഗത്തിൽ അവിവാഹിതരായ ആളുകളുടെ ഭാഗത്തെ ലൈംഗിക ബന്ധവും അതുപോലെ തന്നെ വ്യഭിചാരവും ഉൾപ്പെടാൻ കഴിയുമെന്നിരിക്കെ മിക്കപ്പോഴും അതിന് അതിലും വളരെ വിശാലമായ അർത്ഥമുണ്ട്. യേശുവിന്റെയും അവന്റെ ശിഷ്യൻമാരുടെയും പ്രസ്താവനകൾ രേഖപ്പെടുത്തുമ്പോൾ “പരസംഗം” എന്നതിന് ഉപയോഗിക്കപ്പെട്ടത് പോർണിയ എന്ന ഗ്രീക്ക് പദമാണ്. അതു “പോർണോഗ്രാഫി” (അശ്ലീലം) എന്ന ആധുനിക പദത്തിന്റെ അതേ മൂല പദത്തിൽനിന്ന് വന്നിട്ടുളളതാണ്. ബൈബിൾകാലങ്ങളിൽ വിവാഹത്തിനു പുറമേയുളള വിവിധങ്ങളായ നിയമവിരുദ്ധ ലൈംഗിക ബന്ധങ്ങളെ പരാമർശിക്കാൻ പോർണിയ ഉപയോഗിക്കപ്പെട്ടിരുന്നു. പാർണിയായിൽ ഒരു വ്യക്തിയുടെയെങ്കിലും ലൈംഗികാവയവത്തിന്റെ (ലൈംഗികാവയവങ്ങളുടെ) (സ്വാഭാവികമോ അസ്വാഭാവികമോ ആയ) വികൃതമായ അധാർമ്മിക ഉപയോഗം ഉൾപ്പെടുന്നു. കൂടാതെ ആ അധർമ്മ പ്രവൃത്തിക്ക് മറെറാരു കൂട്ടാളിയും ഉണ്ടായിരിക്കാം—ഏതെങ്കിലും ലിംഗവർഗ്ഗത്തിൽപ്പെട്ട മനുഷ്യനോ മൃഗമോ.
8. ഏതു ശക്തമായ കാരണങ്ങളാൽ അപ്പോസ്തലനായ പൗലോസ് “പരസംഗം വർജ്ജിക്കാൻ” ക്രിസ്ത്യാനികളെ ശക്തിയായി ഉപദേശിച്ചു?
8 “പരസംഗം വർജ്ജിക്കാൻ” ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചമ്പോൾ അപ്പോസ്തലനായ പൗലോസ് ഇപ്രകാരം പറഞ്ഞുകൊണ്ട് ശക്തമായ കാരണങ്ങൾ നൽകി: “ഈ കാര്യത്തിൽ ആരും തന്റെ സഹോദരന്റെ അവകാശങ്ങളെ ദ്രോഹിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ഘട്ടം വരെ പോകരുത്, എന്തുകൊണ്ടെന്നാൽ യഹോവയാണ് ഈ കാര്യങ്ങൾക്കെല്ലാം ശിക്ഷ ബലാൽ അവശ്യപ്പെടുന്നവൻ . . . കാരണം ദൈവം നമ്മെ വിളിച്ചത് അശുദ്ധിക്കുളള അനുവാദത്തോടെയല്ല . . . അതുകൊണ്ട്, അപ്പോൾ അനാദരവ് കാണിക്കുന്ന മനുഷ്യൻ മനുഷ്യനെയല്ല, ദൈവത്തെയാണ് അനാദരിക്കുന്നത്.”—1 തെസ്സലോനീക്യർ 4:3-8.
9, 10. (എ) ചിലർ എതിർലിംഗവർഗ്ഗത്തിൽപ്പെട്ട ഒരാളോടുകൂടെ ജീവിക്കുന്നുവെങ്കിലും നിയമപരമായ വിവാഹത്തിൽ നിന്ന് പിൻമാറിനിൽക്കുന്നതെന്തുകൊണ്ട്? (ബി) പരസംഗം പരസ്പര സമ്മതത്തോടെയാണെങ്കിൽപോലും അതിൽ ‘മററുളളവരുടെ അവകാശങ്ങളെ ദ്രോഹിക്കുകയും ആക്രമിക്കുകയും ചെയ്യൽ’ ഉളളതെങ്ങനെ?
9 പരസംഗം ചെയ്യുന്ന ഒരുവൻ തീർച്ചയായും ‘മററുളളവരുടെ അവകാശങ്ങളെ ദ്രോഹിക്കുകയും ആക്രമിക്കുകയുമാണ് ചെയ്യുന്നത്.’ ഉദാഹരണത്തിന് നിയമപരമായ വിവാഹത്തിന്റെ ആനുകൂല്യമില്ലാതെ ഒരുമിച്ച് ജീവിക്കുന്ന സ്ത്രീപുരുഷൻമാരെ സംബന്ധിച്ച് ഇതു സത്യമാണ്. അവർ ഇതു ചെയ്യുന്നത് എന്തുകൊണ്ടാണ്? മിക്കപ്പോഴും ഇത് അവർ ആഗ്രഹിക്കുമ്പോൾ ബന്ധം ഉപേക്ഷിക്കാൻ കഴിയേണ്ടതിനാണ്. അവർ അവരുടെ പങ്കാളിക്ക് ഉത്തരവാദിത്വമുളള വിവാഹം കൈവരുത്തേണ്ട സുരക്ഷിതത്വം നൽകുന്നില്ല. എന്നാൽ രണ്ടുപേരും ഈ ബന്ധത്തിൽ മനസ്സോടെയാണ് പ്രവേശിക്കുന്നതെങ്കിൽ അപ്പോഴും അവർ ‘മററുളളവരുടെ അവകാശങ്ങളെ ദ്രോഹിക്കുകയും ആക്രമിക്കുകയുമാണോ’? അതെ, തീർച്ചയായും അങ്ങനെ തന്നെയാണ്.
10 പരസംഗക്കാരുടെ പ്രവർത്തനങ്ങൾക്ക് ‘മററുളളവരുടെ അവകാശങ്ങളിൻമേൽ ആക്രമണം നടത്തുന്ന’ അനേകം ഫലങ്ങളുണ്ട്. ഒരു സംഗതി, പരസംഗത്തിൽ പങ്കെടുക്കുന്ന ഏവനും മറേറയാളിന്റെ മനസ്സാക്ഷിക്കും അതുപോലെതന്നെ ഒരുവന് ദൈവത്തിന്റെയടുത്തു ഉണ്ടായിരുന്നിരിക്കാവുന്ന ശുദ്ധമായ നിലയ്ക്കും ഹാനി വരുത്തുന്നതിൽ പങ്കുപററുന്നു എന്നതാണ്. പരസംഗക്കാരൻ ഒരു ശുദ്ധമായ തുടക്കത്തോടെ വിവാഹത്തിലേക്കു പ്രവേശിക്കാനുളള മറേറയാളിന്റെ അവസരത്തെ നശിപ്പിക്കുന്നു. അയാൾ മറേറയാളിന്റെയും അതുപോലെതന്നെ തന്റെയും കുടുംബാംഗങ്ങൾക്ക് അപമാനവും നിന്ദയും ദുഃഖവും വരുത്തിവയ്ക്കാനിടയുണ്ട്. അയാൾ മറേറയാളിന്റെ മാനസികവും വൈകാരികവും ശാരീരികവുമായ ആരോഗ്യത്തെയും അപകടപ്പെടുത്തിയേക്കാം. മാരകമായ എയ്ഡ്സ് (അക്വയർഡ് ഇമ്മ്യൂൺ ഡെഫിഷ്യൻസി സിൻഡ്രോം) പോലെ ലൈംഗിക ബന്ധത്തിലൂടെ പരക്കുന്ന ഭയങ്കര രോഗങ്ങൾ മിക്കപ്പോഴും ലൈംഗിക അധാർമ്മികതയോട് ബന്ധപ്പെട്ടിരിക്കുന്നു.
11. ദൈവം പരസംഗത്തെ അനുവദിക്കുമെന്ന് വിശ്വസിക്കാൻ യാതൊരുത്തർക്കും കാരണമില്ലാത്തതെന്തുകൊണ്ട്?
11 അനേകരും ഈ ദൂഷ്യങ്ങൾക്കു നേരെ കണ്ണടയ്ക്കുന്നതിനെ തെരഞ്ഞെടുക്കുന്നു. എന്നാൽ ദൈവം തന്റെ നീതിയിൽ മററുളളവരുടെ അവകാശങ്ങളോടുളള ഇത്തരം നിർദ്ദയമായ അനാദരവിനെ ശിക്ഷിക്കാതെ വിടുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ദൈവത്തിന്റെ വചനം അവന്റെ പാവനമായ വിവാഹക്രമീകരണത്തെ തരം താഴ്ത്തുന്നതും നിരാകരിക്കുന്നതുമല്ല പിന്നെയോ ‘മാനിക്കുന്നത്’ ആവശ്യമാക്കിത്തീർക്കുന്നു.—എബ്രായർ 13:4; മത്തായി 22:39.
12. (എ) സ്വവർഗ്ഗ സംഭോഗത്തെക്കുറിച്ചുളള ദൈവത്തിന്റെ വീക്ഷണം എന്ത്? (ബി) സ്വവർഗ്ഗസംഭോഗത്തെ വിലക്കുന്ന ദൈവത്തിന്റെ നിയമം എന്തിനെതിരെ നമ്മെ സംരക്ഷിക്കുന്നു?
12 സ്വവർഗ്ഗസംഭോഗത്തെ സംബന്ധിച്ചെന്ത്? നാം കണ്ടുകഴിഞ്ഞതുപോലെ, ഈ നടപടി യേശുവും അവന്റെ ശിഷ്യൻമാരും ഉപയോഗിച്ച പോർണിയ (“പരസംഗം”) എന്ന പദത്തിൽ ഉൾപ്പെടുന്നു. സോദോമിലെയും ഗൊമോറയിലെയും പുരുഷൻമാരുടെ അസ്വാഭാവിക ലൈംഗിക പ്രവൃത്തികളെ പരാമർശിച്ചപ്പോൾ ശിഷ്യനായ യൂദാ ആ പദം ഉപയോഗിച്ചു. (യൂദാ7) അവിടത്തെ സ്വവർഗ്ഗസംഭോഗം ഉച്ചത്തിലുളള “പരാതിയുടെ ഒരു നിലവിളി” ഉളവാക്കിയ അധഃപതനത്തിനിടയാക്കി. അതു ആ നഗരങ്ങളുടെയും അതിലെ നിവാസികളുടെയും ദൈവത്താലുളള നാശത്തിലേക്കു നയിക്കുകയും ചെയ്തു. (ഉല്പത്തി 18:20; 19:23, 24) അതിനുശേഷം ദൈവത്തിന്റെ വീക്ഷണം മാറിയിട്ടുണ്ടോ? ഇല്ല. ദൃഷ്ടാന്തമായി, 1 കൊരിന്ത്യർ 6:9, 10 “പുരുഷൻമാരോടുകൂടെ ശയിക്കുന്ന പുരുഷൻമാരെ” അവർ ആ നടപടി തുടരുന്നുവെങ്കിൽ, ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലാത്തവരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നു. കൂടാതെ, “അസ്വാഭാവിക ഉപയോഗത്തിനുവേണ്ടി ജഡ”ത്തിന്റെ പിന്നാലെ പോയി ‘തങ്ങളുടെ ശരീരങ്ങളെ അശുദ്ധിയിൽ അപമാനിക്കുന്നവർ’ക്കുണ്ടാകുന്ന ഫലങ്ങളെ വർണ്ണിച്ചുകൊണ്ട് “അവർക്ക് അന്യോന്യം, പുരുഷൻമാർക്ക് പുരുഷൻമാരോട് ഉഗ്രമായ കാമം ജ്വലിക്കുകയും മ്ലേച്ഛത പ്രവർത്തിച്ചുകൊണ്ട് അവരുടെ മാർഗ്ഗഭ്രംശത്തിനു തക്ക പൂർണ്ണപ്രതിഫലം തങ്ങളിൽതന്നെ സ്വീകരിക്കുകയും ചെയ്തു” എന്ന് ബൈബിൾ പറയുന്നു. (റോമർ 1:24, 27) അത്തരമാളുകൾ ദൈവത്തിന്റെ ശിക്ഷാവിധിയിൻ കീഴിൽ വരുന്നുവെന്ന് മാത്രമല്ല അവർ മാനസികവും ശാരീരികവുമായ ദുഷിപ്പിന്റെ ഒരു “പ്രതിഫലം” സ്വീകരിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഇന്ന് സ്വവർഗ്ഗസംഭോഗികളുടെയിടയിൽ അസാധാരണ നിരക്കിൽ ഉഷ്ണപ്പുണ്ണ്, എയ്ഡ്സ് എന്നിവപോലെ ലൈംഗികമായി പകരുന്ന രോഗങ്ങളുണ്ട്. ദൈവവചനത്തിലെ സമുന്നത പ്രമാണം നമ്മിൽ നിന്ന് എന്തെങ്കിലും നൻമ കവർന്നുകളയുന്നതിനുപകരം അത്തരം ഉപദ്രവങ്ങളിൽനിന്ന് നമ്മെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.
വിവാഹമോചനം സംബന്ധിച്ച് ദൈവത്തിന്റെ വീക്ഷണം സ്വീകരിക്കൽ
13. ഒരുവന്റെ വിവാഹപ്രതിജ്ഞകളോടുളള വിശ്വസ്തതയുടെ സംഗതി എത്ര ഗൗരവമുളളതാണ്?
13 “ഞാൻ വിവാഹമോചനത്തെ വെറുക്കുന്നു.” ഇപ്രകാരമാണ് തങ്ങളുടെ വിവാഹ ഇണകളോട് ‘വഞ്ചനാത്മകമായി ഇടപെട്ടവരെ’ ശാസിച്ചപ്പോൾ യഹോവയാം ദൈവം തന്റെ വീക്ഷണം വ്യക്തമാക്കിയത്. (മലാഖി 2:14-16, റിവൈസ്ഡ് സ്ററാൻഡാർഡ് വേർഷൻ) അവന്റെ വചനം വിവാഹം വിജയപ്രദമാക്കുന്നതിനും വിവാഹമോചനത്തിന്റെ കൈയ്പ്പേറിയ അനുഭവങ്ങൾ ഒഴിവാക്കുന്നതിനും ദമ്പതികളെ സഹായിക്കുന്നതിന് ധാരാളം ബുദ്ധിയുപദേശം നൽകുന്നുണ്ട്. ദൈവം ഒരുവന്റെ വിവാഹ പ്രതിജ്ഞകളോടുളള വിശ്വസ്തതയെ ഒരു പാവനമായ ഉത്തരവാദിത്വമായി വീക്ഷിക്കുന്നുവെന്നും അതു വ്യക്തമാക്കുന്നു.
14, 15. (എ) വിവാഹമോചനത്തിനുളള ഉചിതമായ ഏക അടിസ്ഥാനം എന്താണ്? (ബി) പരസംഗം വിവാഹബന്ധത്തെ താനേ വേർപെടുത്തുന്നുവോ? (സി) ഏതു സാഹചര്യങ്ങളിൽ പുനർവിവാഹം അനുവദനീയമാണ്?
14 അവൻ വിവാഹമോചനത്തിന് ഉചിതമായ ഒററ അടിസ്ഥാനം മാത്രമേ അംഗീകരിക്കുന്നുളളു എന്ന വസ്തുതയാൽ ഇതു ദൃഢീകരിക്കപ്പെട്ടിരിക്കുന്നു. അതു എന്താണെന്ന് യേശു കാണിച്ചു തന്നു: “പരസംഗം [പോർണിയാ] എന്ന കാരണത്താലല്ലാതെ തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും മറെറാരാളെ വിവാഹം കഴിക്കുകയും ചെയ്യുന്ന ഏവനും വ്യഭിചാരം ചെയ്യുന്നു.” (മത്തായി 19:9; 5:32) നാം കണ്ടുകഴിഞ്ഞതുപോലെ പോർണിയ, സ്വാഭാവികമോ അസ്വാഭാവികമോ ആയാലും വിവാഹത്തിനു പുറമേയുളള ലൈംഗിക ബന്ധങ്ങളെ പരാമർശിക്കുന്നു.
15 ഒരുവന്റെ ഇണ പരസംഗം സംബന്ധിച്ച് അപരാധിയായിത്തീരുന്നുവെങ്കിൽ ഇതു താനെ വിവാഹബന്ധത്തെ വേർപെടുത്തുന്നുവോ? ഇല്ല, അങ്ങനെ ചെയ്യുന്നില്ല. നിരപരാധിയായ ഇണയ്ക്കു ക്ഷമിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാവുന്നതാണ്. വിവാഹമോചനത്തിന് തീരുമാനിക്കുമ്പോൾ ഒരു ക്രിസ്ത്യാനിയുടെ ലൗകികാധികാരികളോടുളള കീഴ്പ്പെടൽ സത്യസന്ധമായ അടിസ്ഥാനത്തിൽ അയാൾ തന്റെ വിവാഹം നിയമപരമായി അഴിക്കാനിടയാക്കും. (റോമർ 13:1, 2) നടപടികൾ പൂർത്തീകരിക്കപ്പെട്ടു കഴിയുമ്പോൾ പുനർവിവാഹം അനുവദനീയമാണ്. എന്നാൽ അങ്ങനെയുളള ഏതു വിവാഹവും “കർത്താവിൽ” ആയിരിക്കുന്ന മറെറാരു ക്രിസ്ത്യാനിയുമായി മാത്രമേ ആയിരിക്കാവൂ എന്ന് ബൈബിൾ ബുദ്ധിയുപദേശിക്കുന്നു.—1 കൊരിന്ത്യർ 7:39.
16. യാതൊരു അടിസ്ഥാനത്തിലും ലൗകിക നിയമം വിവാഹമോചനം അനുവദിക്കാത്ത രാജ്യങ്ങളിൽ യഹോവയുടെ സാക്ഷികൾ ഈ സംഗതിയിൽ ദൈവ നിയമത്തോട് ആദരവ് പ്രകടമാക്കുന്നതെങ്ങനെ?
16 ഒരു രാജ്യത്തിലെ നിയമങ്ങൾ ലൈംഗിക ദുർമ്മാർഗ്ഗമെന്ന കാരണത്താൽപോലും യാതൊരു വിവാഹമോചനവും അനുവദിക്കുന്നില്ലെങ്കിലോ? അങ്ങനെയുളള സന്ദർഭങ്ങളിൽ നിരപരാധിയായ ഇണയ്ക്കു വിവാഹമോചനം അനുവദിക്കുന്ന ഒരു രാജ്യത്ത് അതു നേടാൻ കഴിഞ്ഞേക്കും. തീർച്ചയായും സാഹചര്യങ്ങൾ ഇതു അനുവദിക്കാതിരുന്നേക്കാം. എന്നാൽ ഒരുവന്റെ സ്വന്തം രാജ്യത്ത് ഏതെങ്കിലും രൂപത്തിലുളള നിയമപരമായ വേർപാട് ലഭ്യമായിരിക്കാം, അപ്പോൾ അതു നേടാൻ കഴിയും. സംഗതി എന്തുതന്നെയായിരുന്നാലും നിരപരാധിയായ ഇണ കുററം ചെയ്ത ഇണയിൽ നിന്ന് വേർപെടുകയും യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയിലെ മേൽവിചാരകൻമാരുടെ മുമ്പാകെ വിവാഹമോചനത്തിനുളള സുനിശ്ചിതമായ തെളിവ് ഹാജരാക്കുകയും ചെയ്യേണ്ടതാണ്. അനന്തരം അയാൾ മറെറാരു ഇണയെ സ്വീകരിക്കാൻ തീരുമാനിക്കുന്നെങ്കിലെന്ത്? അയാൾ തന്റെ ഇപ്പോഴത്തെ ഇണയോടുളള വിശ്വസ്തതയുടെ വാഗ്ദാനവും നിയമപരമായോ മരണം മൂലമോ തന്റെ മുൻവിവാഹം അഴിയുന്നുവെങ്കിൽ അപ്പോൾ നിയമപരമായ വിവാഹ സർട്ടിഫിക്കററ് ഹാജരാക്കിക്കൊളളാമെന്നുളള സമ്മതവും ഉൾക്കൊളളുന്ന ഒരു ലിഖിത പ്രസ്താവന സഭയ്ക്കു നൽകുന്നുവെങ്കിൽ ഒരു വ്യഭിചാരിയെന്നനിലയിൽ അയാളെ പുറത്താക്കാനുളള നടപടി സഭ സ്വീകരിക്കുകയില്ല. എന്നിരുന്നാലും സഭയ്ക്കു പുറത്തെ ലോകത്തെ സംബന്ധിച്ചിടത്തോളം അയാളുടെ പ്രവൃത്തിയുടെ ഫലങ്ങളെ അയാൾ തന്നെ അഭിമുഖീകരിക്കേണ്ടി വരും. എന്തുകൊണ്ടെന്നാൽ ദൈവനിയമം മനുഷ്യനിയമത്തേക്കാൾ ശ്രേഷ്ഠമാണെന്നും മാനുഷ നിയമങ്ങൾക്ക് ആപേക്ഷികമായ അധികാരമേയുളളു എന്നും ലോകം പൊതുവേ അംഗീകരിക്കുന്നില്ല.—പ്രവൃത്തികൾ 5:29 താരതമ്യപ്പെടുത്തുക.
സകല അശുദ്ധിയെയും ലൈംഗികമായ അത്യാഗ്രഹത്തെയും ജ്ഞാനപൂർവ്വം ഒഴിവാക്കൽ
17. വിവാഹിതരായ ആളുകളുടെ ജീവിതത്തിൽ ലൈംഗികബന്ധങ്ങൾക്കുളള ഉചിതമായ സ്ഥാനത്തെ തിരുവെഴുത്തുകളിൽനിന്ന് വിശദീകരിക്കുക.
17 വിവാഹിതരായ ആളുകളുടെ ജീവിതത്തിൽ ലൈംഗിക ബന്ധങ്ങൾക്ക് വ്യക്തമായും ഉചിതമായ ഒരു സ്ഥാനമുണ്ട്. കുട്ടികൾ ഉളവാക്കപ്പെടാനുളള മാർഗ്ഗമായും മാതാപിതാക്കൾക്ക് ഉല്ലാസത്തിനുളള ഒരു ഉറവെന്നനിലയിലുമാണ് ദൈവം ഇതു നൽകിയത്. (ഉല്പത്തി 9:1; സദൃശവാക്യങ്ങൾ 5:18, 19; 1 കൊരിന്ത്യർ 7:3-5) എന്നാൽ ഈ വരത്തെ ദുരുപയോഗപ്പെടുത്തുന്നതിനെതിരെ അവൻ മുന്നറിയിപ്പ് നൽകി.—എഫേസ്യർ 5:5.
18, 19. (എ) സ്വയംഭോഗം അഥവാ സ്വദുരുപയോഗം എന്ന നടപടി ഒരു ക്രിസ്ത്യാനിക്ക് ഉചിതമല്ലാത്തതെന്തുകൊണ്ട്? (ബി) അങ്ങനെയുളള ഒരു നടപടി ഒഴിവാക്കുന്നതിന് ഒരു വ്യക്തിയെ സഹായിക്കാൻ എന്തിനു കഴിയും?
18 ഇന്ന് ലൈംഗിക കാര്യങ്ങൾക്ക് നൽകപ്പെടുന്ന ഊന്നൽ നിമിത്തം, വിവാഹം കഴിക്കാനുളള നിലയിലായിരിക്കുന്നതിന് മുൻപ് തന്നെ തങ്ങളുടെ ലൈംഗിക സംതൃപ്തിക്കുളള ആഗ്രഹം ഉണർത്തപ്പെടുന്നതായി അനേകം യുവജനങ്ങൾ കണ്ടെത്തുന്നു. തൽഫലമായി, അവരിൽ ചിലർ തങ്ങളുടെ ലൈംഗികാവയവങ്ങളുടെ സ്വയോദ്ദീപനത്തിലൂടെ ഉല്ലാസം തേടുന്നു. ഇതു സ്വയംഭോഗം അഥവാ സ്വദുരുപയോഗമാണ്. ഇത് ഉചിതമോ ജ്ഞാനപൂർവ്വകമോ ആയ നടപടിയാണോ?
19 തിരുവെഴുത്തുകൾ ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “ആകയാൽ പരസംഗം, അശുദ്ധി, ലൈംഗിക വാഞ്ഛ, ദ്രോഹപരമായ ആഗ്രഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം എന്നിവ സംബന്ധിച്ച് ഭൂമിയിലുളള നിങ്ങളുടെ ശരീരാവയവങ്ങളെ മരിപ്പിക്കുക.” (കൊലോസ്യർ 3:5) സ്വയംഭോഗം നടത്തിക്കൊണ്ടിരിക്കുന്ന ഒരാൾ ‘ലൈംഗിക വാഞ്ഛ സംബന്ധിച്ച് തന്റെ ശരീരാവയവങ്ങളെ മരിപ്പിക്കുന്നുണ്ടോ?’ മറിച്ച്, അയാൾ ലൈംഗികവാഞ്ഛയെ ഉദ്ദീപിപ്പിക്കുകയാണ്. അത്തരം പ്രശ്നങ്ങളിലേക്കു നയിക്കുന്ന ചിന്തയും നടത്തയും ഒഴിവാക്കാനും പകരം ആരോഗ്യാവഹമായ പ്രവർത്തനങ്ങളിലേർപ്പെടാനും ആത്മനിയന്ത്രണം നട്ടുവളർത്താനും ബൈബിൾ ശക്തിയായി ബുദ്ധിയുപദേശിക്കുന്നു. (ഫിലിപ്യർ 4:8; ഗലാത്യർ 5:22, 23) ഇതു ചെയ്യാൻ ആത്മാർത്ഥമായ ശ്രമം ചെയ്യുമ്പോൾ മാനസികവും വൈകാരികവും ആത്മീയവുമായ പ്രയോജനം കൈവരുത്തിക്കൊണ്ട് സ്വദുരുപയോഗത്തെ ഒഴിവാക്കാൻ കഴിയും.
20. ഭർത്താവും ഭാര്യയും അന്യോന്യമുളള തങ്ങളുടെ ലൈംഗിക ബന്ധങ്ങളിൽ സകല നിയന്ത്രണവും തളളിക്കളയുന്നത് ഉചിതമല്ലെന്ന് എന്തു പ്രകടമാക്കുന്നു?
20 “അശുദ്ധി, ലൈംഗികവാഞ്ഛ, ദ്രോഹകരമായ ആഗ്രഹം” എന്നിവയെക്കുറിച്ച് ബൈബിൾ പറയുന്നത് അവിവാഹിതരും വിവാഹിതരുമായ എല്ലാ ക്രിസ്ത്യാനികൾക്കും ബാധകമാകുന്നു. ഭർത്താവിനും ഭാര്യക്കും അന്യോന്യം ലൈംഗിക ബന്ധങ്ങളിലേർപ്പെടുന്നതിനുളള തിരുവെഴുത്തുപരമായ അവകാശമുണ്ടെന്നത് സത്യംതന്നെ. എന്നാൽ അവർക്ക് സകല നിയന്ത്രണവും തളളിക്കളയാൻ കഴിയുമെന്ന് ഇതിനർത്ഥമുണ്ടോ? ദൈവവചനം ആത്മനിയന്ത്രണം നട്ടുവളർത്താൻ എല്ലാ ക്രിസ്ത്യാനികളെയും പ്രോത്സാഹിപ്പിക്കുന്നു എന്ന വസ്തുത അങ്ങനെയുളള ഒരു വീക്ഷണത്തിനെതിരായി വാദിക്കുന്നു. (2 പത്രോസ് 1:5-8) ഭർത്താവിന്റെയും ഭാര്യയുടെയും പുനരുൽപാദനേന്ദ്രിയങ്ങൾ അന്യോന്യം പൂരകമായിരിക്കുന്ന സ്വാഭാവിക വിധത്തെ നിശ്വസ്ത ബൈബിളെഴുത്തുകാരൻ വിശദീകരിക്കേണ്ടയാവശ്യമില്ലായിരുന്നു. പ്രസ്പഷ്ടമായി സ്വവർഗ്ഗ ബന്ധങ്ങൾക്ക് ഈ സ്വാഭാവിക വിധത്തെ അനുസരിക്കാൻ കഴിയുകയില്ല. അതുകൊണ്ട് പുരുഷൻമാരും സ്ത്രീകളുമായ സ്വവർഗ്ഗസംഭോഗികൾ അപ്പോസ്തലൻ “അപമാനകരമായ ലൈംഗികാഭിലാഷങ്ങളെ”ന്നും “അസഭ്യ” നടപടികളെന്നും പരാമർശിച്ച തരത്തിലുളള ലൈംഗികബന്ധങ്ങളിൽ ഏർപ്പെടുന്നു. (റോമർ 1:24-32) വിവാഹിത ഇണകൾക്ക് അവരുടെ സ്വന്തം വിവാഹബന്ധങ്ങളിൽ അത്തരം സ്വവർഗ്ഗസംഭോഗരൂപങ്ങളെ അനുകരിക്കുന്നതിനും ദൈവദൃഷ്ടിയിൽ “അപമാനകരമായ ലൈംഗികാഭിലാഷങ്ങളൊ” “ദ്രോഹകരമായ ആഗ്രഹമോ” പ്രകടിപ്പിക്കുന്നതിൽനിന്ന് അപ്പോഴും സ്വതന്ത്രരായിരിക്കുന്നതിനും കഴിയുമോ?
21. കഴിഞ്ഞകാലത്ത് ഒരു വ്യക്തിയുടെ ജീവിതരീതി എന്തായിരുന്നെന്ന് പരിഗണിക്കാതെ, അയാൾക്ക് ഇപ്പോൾ എന്ത് അവസരം ലഭ്യമാണ്?
21 തിരുവെഴുത്തുകൾ പറയുന്നതു പരിചിന്തിക്കുമ്പോൾ ഒരു വ്യക്തി, ഈ കാര്യങ്ങൾ സംബന്ധിച്ചുളള തന്റെ മുൻചിന്ത ബൈബിൾ പറയുന്നതുപോലെ “സകല ധാർമ്മികബോധവും വിട്ട”വരായിരിക്കുന്ന ആളുകളാൽ രൂപപ്പെടുത്തപ്പെട്ടതായിരുന്നുവെന്ന് തിരിച്ചറിഞ്ഞേക്കാം. എന്നാൽ ദൈവ സഹായത്താൽ ഒരുവന് ദൈവത്തിന്റെ നീതിയുളള പ്രമാണങ്ങളോട് ചേർച്ചയിലുളള ഒരു “പുതിയ വ്യക്തിത്വം” ധരിക്കാൻ കഴിയും. (എഫേസ്യർ 4:17-24) ഈ വിധത്തിൽ ഒരു വ്യക്തി താൻ ദൈവേഷ്ടം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നു പറയുമ്പോൾ അതു യഥാർത്ഥത്തിൽ അർത്ഥമാക്കുന്നു എന്ന് പ്രകടമാക്കുന്നു.
നിങ്ങളുടെ വീക്ഷണം നിങ്ങളുടെ സമാധാനത്തെയും സുരക്ഷിതത്വത്തെയും മർമ്മപ്രധാനമായി ബാധിക്കുന്നു
22. ലൈംഗിക സദാചാരം സംബന്ധിച്ച് ദൈവവചനത്തിലെ ആലോചന ബാധകമാക്കുന്നവർക്ക് എന്ത് സത്വര പ്രയോജനങ്ങൾ സിദ്ധിക്കുന്നു?
22 ലൈംഗിക സദാചാരം സംബന്ധിച്ച ദൈവവചനത്തിലെ ബുദ്ധിയുപദേശം ബാധകമാക്കുന്നത് ഭാരമുളളതല്ല. ബൈബിൾ വിവരിക്കുന്ന ഗതിയുടെ ഫലത്തെ ലോകത്തിലെ ഉയർന്ന വിവാഹമോചന നിരക്കിനോടും അതിലെ തകർന്ന ഭവനങ്ങളോടും ദുഷ്പ്രവൃത്തിക്കാരായ കുട്ടികളോടും വേശ്യാവൃത്തിയോടും രോഗത്തോടും ലൈംഗിക വികാരത്തോടുളള ബന്ധത്തിൽ ചെയ്യപ്പെടുന്ന അതിക്രമത്തോടും കൊലപാതകത്തോടും താരതമ്യപ്പെടുത്തുക. (സദൃശവാക്യങ്ങൾ 7:10, 25-27) ദൈവവചനത്തിന്റെ ജ്ഞാനം എത്രവ്യക്തമാണ്! സ്വാർത്ഥമോഹത്തിലധിഷ്ഠിതമായ ചിന്തയെ ത്യജിക്കുകയും നിങ്ങളുടെ ചിന്തയെ യഹോവയുടെ ബുദ്ധിയുപദേശത്തോട് ചേർച്ചയിൽ കൊണ്ടുവരികയും ചെയ്യുമ്പോൾ നിങ്ങളുടെ ഹൃദയം ശരിയായ ആഗ്രഹങ്ങളിൽ ശക്തിപ്പെടുന്നു. ലൈംഗിക ദുർമ്മാർഗ്ഗത്തിന്റെ ക്ഷണികമായ ഉല്ലാസത്തിനു പകരം നിങ്ങൾ ശുദ്ധമായ ഒരു മനസ്സാക്ഷിയും നിലനിൽക്കുന്ന സമാധാനവും ആസ്വദിക്കുന്നു. വിവാഹ ഇണകൾ തമ്മിലുളള വിശ്വാസത്തിന്റെയും അവരുടെ മക്കളിൽ നിന്നുളള ബഹുമാനത്തിന്റെയും വളർച്ചയ്ക്കൊത്ത് വിവാഹബന്ധങ്ങളും കുടുംബബന്ധങ്ങളും ബലിഷ്ഠമാക്കപ്പെടുന്നു.
23. ഒരുവന്റെ ലൈംഗിക വീക്ഷണം അയാൾ ദൈവത്തിന്റെ “പുതിയ ഭൂമി”യിലേക്ക് അതിജീവിക്കുന്നതിന് ‘അടയാളമിടപ്പെടു’ന്നതിൽ ഒരു ഘടകമായിരിക്കുന്നതെങ്ങനെ?
23 നിങ്ങളുടെ നിത്യജീവന്റെ പ്രത്യാശ തന്നെ ഉൾപ്പെട്ടിരിക്കുന്നു എന്ന വസ്തുതയുടെ കാഴ്ചപ്പാട് നഷ്ടപ്പെടുത്തരുത്. അതുകൊണ്ട് തിരുവെഴുത്തു സദാചാരം നിങ്ങളുടെ ഇപ്പോഴത്തെ ആരോഗ്യത്തിലും കവിഞ്ഞതിന് സംഭാവന ചെയ്യും. (സദൃശവാക്യങ്ങൾ 5:3-11) അതു ദൈവത്തെ കണക്കിലെടുക്കാത്ത ആളുകൾ ചെയ്യുന്ന വെറുക്കത്തക്ക കാര്യങ്ങളെ നിങ്ങൾ യഥാർത്ഥമായി അപലപിക്കുന്നുവെന്നും അധാർമ്മികതയല്ല, മറിച്ച് നീതി വസിക്കാനിരിക്കുന്ന ദൈവത്തിന്റെ “പുതിയഭൂമി”യിലേക്കുളള അതിജീവനത്തിനുവേണ്ടി നിങ്ങൾ ‘അടയാളമിടപ്പെട്ടിരിക്കുന്നു’വെന്നുമുളളതിന്റെ തെളിവിന്റെഭാഗമായിത്തീരും. അപ്പോൾ ‘കറയും കളങ്കവുമില്ലാത്തവരായി സമാധാനത്തിൽ ദൈവത്താൽ ഒടുവിൽ കാണപ്പെടേണ്ടതിന് ഇപ്പോൾ നിങ്ങളുടെ പരമാവധി പ്രവർത്തിക്കുന്നത്’ എത്ര മർമ്മപ്രധാനമാണ്.—യെഹെസ്ക്കേൽ 9:4-6; 2 പത്രോസ് 3:11-14.
[അധ്യയന ചോദ്യങ്ങൾ]