ലോകത്തിലെ മതങ്ങൾ ശരിയായ മാർഗ്ഗദർശനം നൽകുന്നുവോ?
അധ്യായം 3
ലോകത്തിലെ മതങ്ങൾ ശരിയായ മാർഗ്ഗദർശനം നൽകുന്നുവോ?
1. ലോകത്തിലെ മതങ്ങളെ സംബന്ധിച്ച് ഏതു സുപ്രധാന ചോദ്യങ്ങൾ ഇവിടെ ഉന്നയിക്കപ്പെട്ടിരിക്കുന്നു?
“മതം ചരിത്രത്തിലെ അത്യന്തം ശക്തമായ സ്വാധീനങ്ങളിലൊന്നായിരുന്നിട്ടുണ്ട്,”28 എന്നു ദി വേൾഡ് ബുക്ക് എൻസൈക്ലോപീഡിയാ പ്രസ്താവിക്കുന്നു. എന്നാൽ ലോകത്തിലെ മതങ്ങൾ സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുളള ഒരു യഥാർത്ഥ സ്വാധീനമായിരുന്നിട്ടുണ്ടോ? സഹോദര സ്നേഹം ദേശീയ അതിർത്തികൾക്കും ജാതിവ്യത്യാസങ്ങൾക്കും അതീതമായി തീരണമെന്ന് അവ അവയുടെ അനുയായികളെ പഠിപ്പിച്ചിട്ടുണ്ടോ? കൂടാതെ, കത്തോലിക്ക, പ്രൊട്ടസ്ററൻറ്, ഓർത്തഡോക്സ് എന്നിവപോലുളള ക്രൈസ്തവ മണ്ഡലത്തിലെ മതങ്ങൾ “സമാധാന പ്രഭു”വായ ക്രിസ്തുവിന്റെ അനുയായികളാണ് തങ്ങളെന്ന അവകാശവാദം സത്യമാണെന്ന് തെളിയിച്ചിട്ടുണ്ടോ? അതോ അവ മമനുഷ്യന്റെ ഭാവിയെ അപകടത്തിലാക്കുന്ന വിദ്വേഷം വളർത്താൻ യഥാർത്ഥത്തിൽ സഹായിച്ചിട്ടുണ്ടോ? ചരിത്രരേഖയുടെ ഒരു പരിശോധന ആശ്ചര്യജനകമായ ഉത്തരം നൽകും.
2. ചരിത്രപരമായ രേഖയെ സംബന്ധിച്ച് വിവിധ ഉറവുകൾ നമ്മോടെന്തു പറയുന്നു?
2 ഇതു സംബന്ധിച്ച് പരേഡ് മാസിക ഇപ്രകാരം പറഞ്ഞു: “പഠിക്കാൻ മനസ്സൊരുക്കമുളളവരെ ചരിത്രം പാഠങ്ങൾ പഠിപ്പിക്കുന്നു. മതങ്ങളുടെയോ മതത്തിനുളളിലെ അവാന്തര വിഭാഗങ്ങളുടെയോ അഭിപ്രായ ഭിന്നതകളെ അടിസ്ഥാനമാക്കിയുളള സംഘട്ടനങ്ങളാണ് മിക്കപ്പോഴും ഏററം ഹീനവും, ദീർഘിക്കുന്നതും പരിഹരിക്കാൻ ഏററം പ്രയാസമുളളതും എന്നതാണ് ചരിത്രം പഠിപ്പിക്കുന്ന അടിസ്ഥാന പാഠങ്ങളിലൊന്ന്.”29ചിക്കാഗോ ട്രിബ്യൂൺ പ്രസ്താവിച്ചപ്രകാരം: “എല്ലാ പ്രമുഖ മതങ്ങളും തന്നെ സമാധാനവും സാഹോദര്യവും കരുണയും പ്രസംഗിക്കുന്നു. എന്നാൽ ചരിത്രത്തിലെ ഏററം ക്രൂരവും അസഹിഷ്ണുതയോടുകൂടിയതുമായ അടിച്ചമർത്തലുകളിൽ പലതും ദൈവത്തിന്റെ പേരിലായിരുന്നു നടന്നത്.”30 അത്തരം ചരിത്രവസ്തുതകൾ മനസ്സിൽ പിടിച്ചുകൊണ്ട് ഒരു പത്രാധിപനായ സി. എൻ. സുൾസ്ബേർജർ ഉചിതമായി ചോദിക്കുന്നു: “ഈ വിഷയം അസുഖകരമാണെങ്കിലും സാമ്രാജ്യവാദം, വർഗ്ഗീയ വാദം, സൈനീക മേധാവിത്വം എന്നീ കാരണങ്ങളോടൊപ്പം മതം കൂടെ കൂടെ മാനവ ജീവന് ഒരു കൂടിയ ഭീഷണിയായി വികാസം പ്രാപിച്ചിരിക്കുന്നു എന്ന് നാം തിരിച്ചറിയേണ്ടതല്ലേ?”31
3. നമ്മുടെ 20-ാം നൂററാണ്ടിന്റെ ചരിത്രം മതത്തിന്റെ ഏതു ലജ്ജാകരമായ നടപടി വെളിപ്പെടുത്തുന്നു?
3 അതെ, ചരിത്രം മതപരമായ പിന്തുണയുളള പോരാട്ടങ്ങളുടെ രക്തത്താൽ കറപുരണ്ടതാണ്. നമ്മുടെ ഈ നൂററാണ്ടിൽത്തന്നെ രണ്ടു ലോകമഹായുദ്ധങ്ങളിലും അവയ്ക്കുശേഷവും ഒരേ മത വിശ്വാസത്തിൽപ്പെട്ടവർ—കത്തോലിക്കർ കത്തോലിക്കരെയും പ്രൊട്ടസ്ററൻറുകാർ പ്രൊട്ടസ്ററൻറുകാരെയും മുസ്ലീങ്ങൾ മുസ്ലീങ്ങളെയും അതുപോലെ മററുളളവരും—പരസ്പരം കൊല്ലുന്ന ലജ്ജാകരമായ നടപടി നാം നേരിൽ കണ്ടിട്ടുണ്ട്. കൂടാതെ, എതിർ പക്ഷങ്ങളിലുളള പുരോഹിതൻമാർ ഒരേ മതത്തിൽപെട്ടവരാണങ്കിലും മതപരമായ തങ്ങളുടെ സഹോദരൻമാരെ കൊല്ലാൻ പുറപ്പെടുന്ന സൈനീകരെ അനുഗ്രഹിച്ചിട്ടുണ്ട്.
4. (എ) ക്രൈസ്തവ മണ്ഡലത്തിലെ സഭകൾ ഏററം നിന്ദാർഹമായിരിക്കുന്നതെന്തുകൊണ്ട്? (ബി) യുദ്ധത്തെ സംബന്ധിച്ച് ഒരു മുഖപ്രസംഗം എന്തഭിപ്രായപ്പെടുന്നു?
4 ഇക്കാര്യത്തിൽ ഏററം നിന്ദാർഹമായത് ക്രൈസ്തവ മണ്ഡലത്തിലെ മതങ്ങളാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർ ബൈബിളിലെ ദൈവത്തെയും, “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാരാണെന്ന് എല്ലാവരും അറിയും” എന്നു പറഞ്ഞ അവന്റെ പുത്രനെയും പ്രതിനിധാനം ചെയ്യുന്നതായി അവകാശപ്പെടുന്നു. (യോഹന്നാൻ 13:35) എന്നാൽ ഏററം മോശമായ കൂട്ടക്കൊലകൾ നടന്നിട്ടുളളത് ക്രൈസ്തവ ലോകത്തിന്റെ ഹൃദയഭാഗത്തുതന്നെയാണ്. ഇയ്യോവയിലെ വാട്ടർലൂ കൂറിയറിന്റെ ഒരു മുഖപ്രസംഗം പ്രഖ്യാപിച്ചപ്രകാരം: “ക്രിസ്ത്യാനികൾക്കൊരിക്കലും മററു ക്രിസ്ത്യാനികൾക്കെതിരെ യുദ്ധം ചെയ്യുന്നതിൽ മടുപ്പു തോന്നിയിട്ടില്ല. തോന്നിയിരുന്നെങ്കിൽ യൂറോപ്പിലെ ഉശിരൻ യുദ്ധങ്ങളിൽ ഒന്നും തന്നെ നടക്കുമായിരുന്നില്ല. . . . ക്രിസ്ത്യാനികൾ ക്രിസ്ത്യാനികളെ കൊല്ലുന്നതിൽ സർവ്വകാല റിക്കാർഡ് സ്ഥാപിച്ച ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ നടക്കുമായിരുന്നില്ല.”32
5. (എ) യഥാർത്ഥത്തിൽ ദൈവത്തെ സേവിക്കുന്നവരോട് ബൈബിൾ വ്യക്തമായി എന്തു പറയുന്നു? (ബി) തങ്ങളുടെ സ്വന്തം സഭകളെ സംബന്ധിച്ച് സഭാംഗങ്ങൾ എന്തു ചോദ്യം അഭിമുഖീകരിക്കണം?
5 ഈ സംഗതി സംബന്ധിച്ച് ബൈബിൾ പറയുന്നത് വളരെ വ്യക്തമാണ്: യഥാർത്ഥത്തിൽ ദൈവത്തെ സേവിക്കുന്നവർ “സമാധാനം അനേഷിക്കാനും അതിനെ പിന്തുടരാനും,” “അവരുടെ വാളുകളെ കൊഴുക്കളായി അടിച്ചു തീർക്കാനും,” “മേലാൽ യുദ്ധം അഭ്യസിക്കാതിരിക്കാനും” തന്നെ. (1 പത്രോസ് 3:11; യെശയ്യാവ് 2:2-4) “ദുഷ്ടനായവങ്കൽനിന്ന് [പിശാചായ സാത്താനിൽനിന്ന്] ഉത്ഭവിക്കുകയും സ്വന്തം സഹോദരനെ കൊല്ലുകയും ചെയ്ത കയീനെപ്പോലെ ആയിരിക്കാതെ നാം അന്യോന്യം സ്നേഹിക്കേണം.” (1 യോഹന്നാൻ 3:10-12) എന്നാൽ ഈ ലോകമതങ്ങളുടെ അനുയായികൾ കയീനെപ്പോലെ തങ്ങളുടെ സഹോദരൻമാരെ കൊല്ലുന്നതിൽ തുടരുന്നു. അവയിലെ പുരോഹിതൻമാരാകട്ടെ ആ ഗതി പിന്തുടരുന്നവർക്കു പിന്തുണ കൊടുക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾ ഒരു മതത്തിൽ ഉൾപ്പെട്ടയാളാണെങ്കിൽ നിങ്ങളോടുതന്നെ ചോദിക്കുക: ‘ലോകത്തിലുളള എല്ലാവരും എന്റെ മതത്തിൽപ്പെട്ടവരായിരുന്നെങ്കിൽ യുദ്ധങ്ങൾ ഇല്ലാതാവുകയും ഈ ഭൂമി യഥാർത്ഥസമാധാനമുളള ഒരു സ്ഥലമായിത്തീരുകയും ചെയ്യുമായിരുന്നോ?’
6. ലോകത്തിലെ മതങ്ങളുടെ ഭിന്നിച്ചതും പരസ്പരം പോരാടുന്നതുമായ അവസ്ഥ എന്തു തെളിയിക്കുന്നു?
6 ലോകമതങ്ങളുടെ ഭിന്നിച്ചതും അന്യോന്യം ഏററുമുട്ടുന്നതുമായ അവസ്ഥ അവരെ പിന്താങ്ങുന്നത് ദൈവമല്ല എന്നു തെളിയിക്കുന്നു. ദൈവത്തെ പ്രതിനിധാനം ചെയ്യുന്നതായി അവകാശപ്പെടുന്നതുകൊണ്ട് എല്ലാമതവും നല്ലതാണെന്നു വിചാരിക്കുന്നവർക്ക് ഇത് ആശ്ചര്യകരമായി തോന്നിയേക്കാം. എന്നാൽ “ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമാണ്” എന്ന് ബൈബിൾ വ്യക്തമായി കാണിക്കുന്നു. (1 കൊരിന്ത്യർ 14:33) സത്യമതവും വ്യാജമതവും ഉണ്ടെന്നും അതു കാണിക്കുന്നു. സത്യത്തിൽ അധിഷ്ഠിതമായ, കപടവേഷത്തിൽനിന്ന് സ്വതന്ത്രമായ ആരാധനയ്ക്കു മാത്രമേ ദൈവത്തിന്റെ പിന്തുണ ഉളളു എന്നും അതു പ്രസ്താവിക്കുന്നു.—മത്തായി 15:7-9; യോഹന്നാൻ 4:23, 24; തീത്തോസ് 1:16.
7. (എ) ലോകമതങ്ങളെ വർണ്ണിക്കാൻ ബൈബിൾ ഏതു പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നു? (ബി) അവർക്കെതിരെ എന്തു കുററം ആരോപിക്കപ്പെട്ടിരിക്കുന്നു?
7 ലോകത്തിലെ മതങ്ങൾ രാഷ്ട്രീയവും വ്യാപാരപരവും സാമൂഹികവുമായ നേട്ടങ്ങൾക്കുവേണ്ടി ഫലത്തിൽ വ്യഭിചാരവൃത്തിയിൽ ഏർപ്പെട്ടിട്ടുളളതിനാൽ ബൈബിൾ അവ ഒരു വേശ്യയായിരിക്കുന്നതായി ചിത്രീകരിക്കുന്നു. ഈ “വേശ്യ”യെപ്പററി അതു പറയുന്നു: “ഭൂമിയിൽ കൊലചെയ്യപ്പെട്ടിട്ടുളള സകലരുടെയും രക്തം അവളിൽ കാണപ്പെട്ടിരിക്കുന്നു.” (വെളിപ്പാട് 17:1-6; 18:24) അതെ, ഈ ലോകത്തിലെ മതങ്ങൾ ലോകചരിത്രത്തിലെ എല്ലാ കൂട്ടക്കൊലകളും സംബന്ധിച്ച് ഭാരിച്ച ഒരു രക്തപാതകക്കുററം വഹിക്കുന്നു! ഇതിന് അവ കണക്കു ബോധിപ്പിക്കേണ്ടിവരും.
8. “കുരുടൻമാരായ വഴികാട്ടികളെ” സംബന്ധിച്ച യേശുവിന്റെ വാക്കുകൾ ഇന്ന് ബാധകമാകുന്നതെങ്ങനെ?
8 വ്യക്തമായും, തങ്ങളുടെ നടപടി ബൈബിളിന് വിരുദ്ധമായിരിക്കുന്ന യാതൊരു മതത്തിനും മനുഷ്യവർഗ്ഗത്തെ യഥാർത്ഥ സമാധാനത്തിലേയ്ക്കും സുരക്ഷിതത്വത്തിലേയ്ക്കും നയിക്കുന്നതിൽ വിജയിക്കാൻ കഴിയുകയില്ല. അതുകൊണ്ടാണ് തന്റെ നാളിലെ വ്യാജമതനേതാക്കൻമാരെ സംബന്ധിച്ച് യേശു ഇപ്രകാരം പറഞ്ഞത്: “അവർ കുരുടൻമാരായ വഴികാട്ടികളാണ്. കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും.” (മത്തായി 15:14) അതുപോലെ, യുദ്ധത്തിന്റെ സംഗതിയിലും ജീവിതത്തിന്റെ അതിപ്രധാനമായ മററുവശങ്ങളിലും ഇന്നു ലോകത്തിലെ മതങ്ങൾ “കുരുടൻമാരായ വഴികാട്ടികളാ”ണ്.
ലോകമതങ്ങൾ സൻമാർഗ്ഗത്തെ അഭിവൃദ്ധിപ്പെടുത്തുന്നുവോ?
9, 10. (എ) യഥാർത്ഥ ധാർമ്മിക നിലവാരങ്ങൾ മുറുകെ പിടിക്കുന്നത് സമാധാനത്തിനും സുരക്ഷിതത്വത്തിനും പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്? (ബി) ബൈബിൾ പഠിപ്പിക്കുന്ന പ്രകാരം അത്തരം ധാർമ്മികതയെ പ്രചോദിപ്പിക്കുന്നതെന്ത്?
9 ധാർമ്മികതയുടെ യഥാർത്ഥ നിലവാരങ്ങൾ ഉയർത്തിപ്പിടിക്കുന്നില്ലെങ്കിൽ ആർക്കെങ്കിലും തന്റെ അയൽക്കാരുമായി യഥാർത്ഥസമാധാനമോ യഥാർത്ഥ സുരക്ഷിതത്വമോ ആസ്വദിക്കാൻ കഴിയുമോ? അത്തരം നിലവാരങ്ങൾ ഇല്ലാത്തിടത്ത് ഭോഷ്ക്കുപറച്ചിലും മോഷണവും വ്യഭിചാരവും മററ് അതുപോലുളള പ്രവർത്തനങ്ങളും സർവ്വസാധാരണമാണ്. നേരെ മറിച്ച് യഥാർത്ഥ അയൽസ്നേഹം ധാർമ്മികത അഭിവൃദ്ധിപ്പെടുത്തണം.
10 ധാർമ്മികതയെ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം ബൈബിൾ ഇപ്രകാരം പ്രകടമാക്കുന്നു: “സഹമനുഷ്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നു. ‘വ്യഭിചാരം ചെയ്യരുത്, കൊല ചെയ്യരുത്, മോഷ്ടിക്കരുത്, മോഹിക്കരുത്,’ എന്നുളളതും മററ് ഏതു കല്പനയും ‘കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക’ എന്നീ വചനത്തിൽ സംക്ഷേപിച്ചിരിക്കുന്നു; സ്നേഹം ഒരുവന്റെ അയൽക്കാരനോട് ദോഷം ചെയ്യുന്നില്ല.”—റോമർ 13:8-10.
11, 12. (എ) ധാർമ്മിക നിലവാരങ്ങളോട് പററിനിൽക്കാത്ത ഒരു വ്യക്തിക്ക് ദൈവവുമായി സമാധാനം ആസ്വദിക്കാമെന്ന് പ്രതീക്ഷിക്കാൻ കഴിയുമോ? (ബി) ഉചിതമായി, ആരാണ് ആ നിലവാരങ്ങൾ നിശ്ചയിക്കുന്നത്?
11 എന്നാൽ അതിലും പ്രധാനമായി, ധാർമ്മികത സംബന്ധിച്ച ദൈവത്തിന്റെ നിലവാരം അനുസരിക്കാത്ത ഒരുവന് ദൈവത്തിന്റെ പ്രീതിയും സംരക്ഷണവും ലഭിക്കുമെന്ന ഉറപ്പോടെ ദൈവവുമായി സമാധാനത്തിലായിരിക്കാൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? തന്നെ സേവിക്കുന്നവരെന്ന് അവകാശപ്പെടുന്നവരിൽ നിന്ന് അത്തരം ധാർമ്മികത അവകാശപ്പെടാത്ത ഒരു ദൈവത്തെ നിങ്ങൾക്ക് ആദരിക്കാൻ പോലും കഴിയുമോ?
12 തന്റെ നിലവാരങ്ങളോട് പററി നിൽക്കാൻ ദൈവം ആവശ്യപ്പെടണമെങ്കിൽ ആ നിലവാരങ്ങൾ എന്തൊക്കെയാണെന്ന് അവൻ വ്യക്തമാക്കേണ്ടതുണ്ട്. തന്റെ വചനമായ ബൈബിളിലൂടെ അവൻ അതു ചെയ്തിട്ടുണ്ട്. (2 തിമൊഥെയോസ് 3:16, 17) ഓരോ മനുഷ്യനും തന്റേതായ സ്വന്തം ധാർമ്മിക നിലവാരങ്ങൾ വയ്ക്കുകയും അതനുസരിക്കുകയും ചെയ്യണമെന്നു പറയുന്നത് ഓരോ വ്യക്തിയും തന്റേതായ ട്രാഫിക് നിയമങ്ങൾ നിർമ്മിച്ച് അവ അനുസരിക്കണം എന്നു പറയുന്നതിനേക്കാൾ ഒട്ടും കൂടുതൽ ന്യായയുക്തമല്ല. അതിന്റെ ഫലമെന്തായിരിക്കുമെന്ന് നിങ്ങൾക്കറിയാം. ദൈവത്തിന്റെ അംഗീകാരം നേടിത്തരുന്ന ഒരേ ഒരു വഴിയെ ഉളളു എന്നു ബൈബിൾ യുക്തിയാനുസരണം ചൂണ്ടിക്കാണിക്കുന്നു. യേശു പറഞ്ഞതുപോലെ മറെറല്ലാ വഴികളും നാശത്തിലേക്കു നയിക്കുന്നു.—മത്തായി 7:13, 14; ലൂക്കോസ് 13:24.
13-15. (എ) ഒരുവന്റെ സ്വന്തം സഭയിലെ അംഗങ്ങളുടെ ധാർമ്മികതയെപ്പററി എന്തു ചോദ്യങ്ങൾ ചോദിക്കപ്പെടേണ്ടതുണ്ട്? (ബി) ദൈവ നിയമങ്ങൾ ലംഘിക്കുന്നതിൽ തുടരുന്ന ഒരു സഭാംഗത്തെ എന്തു ചെയ്യണമെന്നാണ് ബൈബിൾ പറയുന്നത്? (സി) സഭകളിൽ ഇതു ചെയ്യപ്പെടുന്നുണ്ടോ?
13 ക്രൈസ്തവലോകത്തിലെ സഭകൾ വിശേഷിച്ച് ധാർമ്മികത സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങൾ ഉയർത്തിപ്പിടിക്കുകയും അങ്ങനെ ശേഷം ലോകത്തിന് ഒരു മാതൃക വയ്ക്കുകയും ചെയ്തിട്ടുണ്ടോ? അത്തരം സഭകളിൽ അംഗങ്ങളായിട്ടുളള അനേകരുടെ ജീവിതം എന്തു വെളിപ്പെടുത്തുന്നു? നിങ്ങൾ ഒരു സഭയിൽ ഉൾപ്പെട്ട ഒരാളാണോ? എങ്കിൽ നിങ്ങളോടുതന്നെ ചോദിക്കുക: ‘ഭൂമിയിലുളള എല്ലാവരും എന്റെ മതത്തിലെ ആളുകളെപ്പോലെ ജീവിക്കുകയാണെങ്കിൽ അതുവഴി കുററകൃത്യവും സത്യസന്ധമല്ലാത്ത വ്യാപാര ഇടപാടുകളും ശണ്ഠയും ലൈംഗീക ദുർമ്മാർഗ്ഗവും അവസാനിക്കുമോ?’
14 “അല്പം പുളിമാവ് മുഴുപിണ്ഡത്തെയും പുളിപ്പിക്കുന്നു” എന്നും “ചീത്ത സഹവാസം പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു” എന്നും ബൈബിൾ മുന്നറിയിപ്പു നൽകുന്നു. (ഗലാത്യർ 5:9; 1 കൊരിന്ത്യർ 15:33) ഇക്കാരണത്താൽ ബൈബിൾ ക്രിസ്ത്യാനികളോട് ഇങ്ങനെ കൽപ്പിക്കുന്നു: “എന്നാൽ സഹോദരൻ എന്നു വിളിക്കപ്പെടുന്ന ഒരുവൻ ദുർന്നടപ്പുകാരനോ, അത്യാഗ്രഹിയോ, വിഗ്രഹാരാധിയോ, അസഭ്യം സംസാരിക്കുന്നവനോ, മദ്യപാനിയോ, പിടിച്ചുപറിക്കാരനോ ആകുന്നു എങ്കിൽ അവനോടു സംസർഗ്ഗം അരുത്. അങ്ങനെയുളളവനോടു കൂടി ഭക്ഷണം കഴിക്കപോലും അരുത്. . . . ‘ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയുവിൻ.’”—1 കൊരിന്ത്യർ 5:11-13.
15 ഒരു വ്യക്തി തെററായി ഒരു ചുവടു വയ്ക്കുകയും എന്നാൽ പിന്നീടു നേരെയാവുകയും ചെയ്തേക്കാം എന്നതു സത്യംതന്നെ. എന്നാൽ അത്തരം കാര്യങ്ങൾ തുടരെ ചെയ്യുന്നവരെ സംബന്ധിച്ചെന്ത്? ഇവർ ദൈവത്തെ സേവിക്കുന്നതായി അവകാശപ്പെടുന്നെങ്കിൽ അവർ കപടവേഷക്കാരാണ്. തീർച്ചയായും നിങ്ങൾ കാപട്യത്തെ വെറുക്കുന്നു. കാപട്യത്തെയും കാപട്യം കാണിക്കുന്നവരെയും ദൈവവും വെറുക്കുന്നു എന്ന് ബൈബിൾ വ്യക്തമാക്കുന്നു. (മത്തായി 23:27, 28; റോമർ 12:9) അപ്പോൾ നിങ്ങളുടെ മതത്തെ സംബന്ധിച്ചെന്ത്? ദൈവ നിയമങ്ങൾ തുടരെ ലംഘിക്കുന്നവരെയും അതു സംബന്ധിച്ച് യഥാർത്ഥ അനുതാപമില്ലാത്തവരെയും “നീക്കിക്കളയാനുളള” ബൈബിളിന്റെ കല്പന അതനുസരിക്കുന്നുണ്ടോ? അതോ മററുളളവരുടെ ആത്മീയതയും കൂടി അപകടത്തിലാക്കാൻ ഇടയാക്കിക്കൊണ്ട് അത്തരം ആളുകൾ സമുന്നത സ്ഥാനങ്ങളിൽ തുടരാൻ അത് അനുവദിച്ചിരിക്കുകയാണോ? കുററകൃത്യങ്ങളുടെ നേരെ കണ്ണടച്ചുകൊണ്ടോ അല്ലെങ്കിൽ മാപ്പുകൊടുത്തുകൊണ്ടു പോലുമോ അത് ധാർമ്മികതയ്ക്കു വെറുതെ അധരസേവ ചെയ്യുകമാത്രമാണോ ചെയ്യുന്നത്?—മത്തായി 15:7, 8.
16. (എ) ലൈംഗിക നടത്തയെ സംബന്ധിച്ച് അനേകം പുരോഹിതൻമാർ ഇന്ന് എന്തു പറയുന്നു? (ബി) അത്തരം നടത്തയെ സംബന്ധിച്ച് ബൈബിൾ എന്തു പറയുന്നു?
16 പരസംഗവും, വ്യഭിചാരവും, സ്വവർഗ്ഗസംഭോഗവും അവശ്യം തെററല്ല എന്ന് കൂടുതൽ കൂടുതൽ പുരോഹിതൻമാർ പറയുന്നു. എന്നാൽ അവർ ദൈവത്തിന്റെ ചിന്തകളോട് പൊരുത്തത്തിലല്ല. അവന്റെ വചനം വ്യക്തമായി പറയുന്നു: “വഴിതെററിക്കപ്പെടരുത്; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, അസ്വാഭാവിക ഉദ്ദേശ്യങ്ങൾക്കായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന പുരുഷൻമാർ, പുരുഷൻമാരോടുകൂടി ശയിക്കുന്ന പുരുഷൻമാർ, മോഷ്ടാക്കൾ, അത്യാഗ്രഹികൾ, മദ്യപാനികൾ, അസഭ്യം സംസാരിക്കുന്നവർ പിടിച്ചു പറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.”—1 കൊരിന്ത്യർ 6:9, 10.
ദൈവവചനത്തെ തളളിക്കളഞ്ഞതിന്റെ ഫലങ്ങൾ
17-19. (എ) അപ്പോസ്തലനായ പൗലോസ് ബൈബിളിനെ എങ്ങനെ വീക്ഷിച്ചു? (ബി) അനേകം പുരോഹിതൻമാർ ഇന്നു ബൈബിളിനെ എങ്ങനെ വീക്ഷിക്കുന്നു?
17 ലോകമതങ്ങൾ ഇത്ര ഭിന്നിപ്പിലും കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലും ആയിരിക്കുന്നതിന്റെ അടിസ്ഥാനകാരണം ദൈവവചനമായ ബൈബിളിൽ കാണപ്പെടുന്ന അവന്റെ നിയമങ്ങൾ അവർ അവഗണിക്കുന്നു എന്നതാണ്. വാസ്തവത്തിൽ, അനേകം പുരോഹിതൻമാർ ബൈബിളിനെ ദൈവത്തിന്റെ നിശ്വസ്ത വചനമായി അംഗീകരിക്കുന്നില്ല. എന്നാൽ നിശ്വസ്ത അപ്പോസ്തലനായ പൗലോസ് പ്രഖ്യാപിച്ചു: “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തമാണ്.” (2 തിമൊഥെയോസ് 3:16) കൂടാതെ, ബൈബിളിനെ “മനുഷ്യരുടെ വചനമായിട്ടല്ല, അതു സത്യസന്ധമായി ആയിരിക്കുന്നതുപോലെ ദൈവത്തിന്റെ വചനമായിട്ടുതന്നെ” സ്വീകരിക്കാൻ പൗലോസ് നമ്മെ പ്രോത്സാഹിപ്പിച്ചു. (1 തെസ്സലോനീക്യർ 2:13) തീർച്ചയായും ഈ ഭയാനകമായ പ്രപഞ്ചത്തിന്റെയെല്ലാം സർവ്വശക്തനായ സ്രഷ്ടാവായ യഹോവയാം ദൈവത്തിന് ഒരു പുസ്തകം എഴുതിക്കുന്നതിനും ഈ നൂററാണ്ടുകളിലൂടെയെല്ലാം അതു തെററുകൂടാതെ കാത്തുസൂക്ഷിക്കുന്നതിനും കഴിയുമായിരുന്നു!
18 എന്നാൽ ന്യൂ കാത്തലിക് എൻസൈക്ലോപ്പീഡിയ പറയുന്നു: “ശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും ആധുനിക അറിവു വച്ച് വിധിക്കുമ്പോൾ ബൈബിളിന്റെ പല പ്രസ്താവനകളും ഒട്ടും ശരിയല്ല.”39യു. എസ്. കാത്തലിക് എന്ന മാസികയിൽ എഴുതിയ ഒരു പുരോഹിതൻ പറഞ്ഞത്: “ഭൂമിയുടെ സൃഷ്ടി ഉല്പത്തിപ്പുസ്തകത്തിൽ വിവരിച്ചിരിക്കുന്നപ്രകാരം സംഭവിച്ചിരിക്കുക അസാദ്ധ്യമാണ്.” മനുഷ്യ സൃഷ്ടിയെപ്പററിയുളള ഉല്പത്തിവിവരണം സംബന്ധിച്ച് അദ്ദേഹം പറഞ്ഞത് “മനുഷ്യവർഗ്ഗത്തിനു തുടക്കം കുറിച്ചത് അങ്ങനെയായിരുന്നില്ല”40 എന്നാണ്. ഒരു എപ്പിസ്ക്കോപ്പൽ മെത്രാൻ പറഞ്ഞു: “ബൈബിളിൽ തെററുകളും കൃത്യതയില്ലാത്ത പ്രസ്താവനകളും വൈരുദ്ധ്യങ്ങളും ഉണ്ട്. പ്രമുഖ ക്രിസ്തീയ സഭകൾ ബൈബിളിനെ തെററില്ലാത്തതായി കണക്കാക്കാത്തത് എന്തുകൊണ്ടെന്ന് മനസ്സിലാക്കാവുന്നതേയുളളു.”41 ഇംഗ്ലണ്ടിലെ ഒരു ആംഗ്ലിക്കൻ മെത്രാൻ ക്രിസ്തുവിന്റെ പുനരുത്ഥാനത്തെപ്പററി “എല്ലുകൾ കൊണ്ടൊരു മാന്ത്രിക വിദ്യ”42 എന്നാണ് പരാമർശിച്ചത്.
19 അപ്രകാരം, പുരോഹിതൻമാരിൽ അനേകരും ഒന്നുകിൽ ബൈബിളിനെ നിസ്സാരീകരിക്കുന്നു അല്ലെങ്കിൽ അതിനെ ആദരിക്കുന്നതിനും അതിലുളള ദൈവകല്പനകളെ അനുസരിക്കുന്നതിനും തങ്ങളുടെ അനുയായികളെ പഠിപ്പിക്കുന്നില്ല. ക്രൈസ്തവലോകത്തിലെല്ലാമുളള ദൈവവചനം സംബന്ധിച്ച ഞെട്ടിക്കുന്ന അജ്ഞതയുടെ മുഖ്യകാരണം അതാണ്. ഒരു മത നിരൂപകനായ എം. ജെ. മാക്മാനൂസ് പളളിയിൽ പോക്കുകാരെ സംബന്ധിച്ച് ഇപ്രകാരം എഴുതി: “1980-കളിൽ വ്യവസ്ഥാപിത മതത്തിന്റെ അടിത്തറ മാന്തുമെന്ന് ഭീഷണിപ്പെടുത്തുന്ന പ്രവണതകളിൽ ബൈബിൾ പരിജ്ഞാനത്തിന്റെ പരിതാപകരമായ അവസ്ഥപോലെ മറെറാന്നും തന്നെയില്ല.” മിക്ക പളളിയിൽ പോക്കുകാർക്കും “ബൈബിൾ വായിക്കപ്പെടാത്ത ഒരു അപരിചിത രേഖമാത്രമായിരിക്കുന്നതായി” അദ്ദേഹം കുറിക്കൊണ്ടു.43
20, 21. ബൈബിൾപ്രബോധനങ്ങൾ തളളിക്കളഞ്ഞതിന്റെ ഫലങ്ങൾ എന്തൊക്കെയായിരുന്നിട്ടുണ്ട്?
20 ഇതിന്റെയെല്ലാം ഫലം എന്തായിരുന്നിട്ടുണ്ട്? ബൈബിൾ പ്രബോധനങ്ങളെ തരംതാഴ്ത്തുകയും എന്നാൽ അപ്പോഴും സമാധാനവും നല്ല ധാർമ്മികതയും തങ്ങളുടെ അനുയായികൾക്കിടയിൽ ഉല്പാദിപ്പിക്കാമെന്നും ലോകമതങ്ങൾ തെളിയിച്ചിട്ടുണ്ടോ? നേരെമറിച്ച് ഭൂവിസ്തൃതമായി അവസ്ഥകൾ കൂടുതൽ വഷളാവുകയാണ്. ക്രൈസ്തവേതര മതങ്ങൾ നിലവിലുളള രാഷ്ട്രങ്ങൾ, കൂടുതൽ കൂടുതൽ പ്രക്ഷുബ്ധതയുടെയും ഭിന്നതയുടെയും രാഷ്ട്രീയാഴിമതിയുടെയും ധാർമ്മികാധഃപതനത്തിന്റെയും രംഗമായി തീർന്നിരിക്കുന്നു. എന്നാൽ കുററകൃത്യം, ദുർമ്മാർഗ്ഗം, മയക്കുമരുന്നുകളുടെ ദുരുപയോഗം, ജാതീയ പോരാട്ടം, യുദ്ധം എന്നിവ ഏററം കൂടുതലായി കാണപ്പെടുന്നത് വിശേഷിച്ചും ക്രൈസ്തവലോകത്തിലാണ്. ദൈവത്തിന്റെ ആശ്രയയോഗ്യമായ വചനം മുൻകൂട്ടിപ്പറഞ്ഞതുപോലെതന്നെ സംഭവിച്ചിരിക്കുന്നു. “അവർ യഹോവയുടെ വചനത്തെത്തന്നെ തളളിക്കളഞ്ഞിരിക്കുന്നു. അവർക്ക് എന്തു ജ്ഞാനമാണുളളത്?”—യിരെമ്യാവ് 8:9.
21 തെളിവ് അനിഷേധ്യമാണ്. ഈ ലോകത്തിലെ മതങ്ങൾ സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുളള ഒരു സ്വാധീനമല്ല എന്ന് അതു കാണിക്കുന്നു. അവ അവരുടെ അനുയായികളെ യഥാർത്ഥ പ്രത്യാശ—ദൈവരാജ്യം—സംബന്ധിച്ച് അജ്ഞരായി വിട്ടിരിക്കുന്നു. അപ്പോൾ ഇതിന്റെയെല്ലാം അർത്ഥമെന്താണ്?
ലോകമതങ്ങളുടെ അന്ത്യം ആസന്നം
22, 23. ഈ ലോകത്തിലെ വ്യാജമതങ്ങളുടെമേൽ എന്തു വരുമെന്നാണ് ബൈബിൾ പറയുന്നത്?
22 “എന്റെ പിതാവ് നടാത്ത ഏതു സസ്യവും വേരോടെ പിഴുതുകളയും” എന്ന് യേശുക്രിസ്തു പ്രസ്താവിച്ചു. (മത്തായി 15:13) ഈ ലോകമതങ്ങൾ ഉല്പാദിപ്പിച്ചിരിക്കുന്ന മോശമായ ഫലങ്ങൾ അവ ദൈവം നട്ടതല്ല എന്നു തെളിയിക്കുന്നു. അപ്രകാരം എല്ലാ വ്യാജാരാധനാക്രമത്തിന്റെയും വരാൻ പോകുന്ന നാശം ബൈബിൾ മുൻകൂട്ടിപ്പറയുന്നു.
23 ഈ മത വ്യവസ്ഥിതികളെപ്പററി, “മഹാബാബിലോൻ” എന്ന വേശ്യാസ്ത്രീയുടെ പ്രതീകം ഉപയോഗിച്ചുകൊണ്ട് വ്യാജമത ലോക സാമ്രാജ്യത്തെപ്പററി ദൈവം പറയുന്നു: “അവളുടെ പാപങ്ങൾ ആകാശത്തോളം കുന്നിച്ചിരിക്കുന്നു. ദൈവം അവളുടെ അകൃത്യം ഓർത്തിട്ടുമുണ്ട്. . . . മരണം, വിലാപം, ക്ഷാമം എന്നിങ്ങനെ അവളുടെ ബാധകൾ ഒററദിവസം കൊണ്ട് വരും. അവളെ തീയിൽ ഇട്ട് പൂർണ്ണമായി ദഹിപ്പിച്ചുകളയും. എന്തുകൊണ്ടെന്നാൽ അവളെ ന്യായംവിധിച്ച യഹോവയാം ദൈവം ശക്തനാണ്.”—വെളിപ്പാട് 18:2, 5-8.
24. അത്തരം നാശം എങ്ങനെ വരും, ഏത് ഉറവിൽനിന്ന്?
24 ഈ നാശം ആശ്ചര്യകരമാംവണ്ണം പെട്ടെന്ന് “ഒററ ദിവസം”കൊണ്ടെന്നപോലെ വരും എന്നത് കുറിക്കൊളളുക. അനേകം ആളുകൾക്ക് ആശ്ചര്യവും അങ്കലാപ്പും ഉളവാക്കിക്കൊണ്ട് വ്യാജമതം അവൾ ആരോടുകൂടി ദീർഘനാളായി വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്നുവോ അതേ രാഷ്ട്രീയ ജനപദങ്ങളാൽ നശിപ്പിക്കപ്പെടും.—വെളിപ്പാട് 18:10-17, 21; 17:12, 16.
25. (എ) വെളിപ്പാട് 18:4-ൽ ദൈവത്തിന്റെ അംഗീകാരം ആഗ്രഹിക്കുന്ന വ്യക്തികൾ എന്തു ചെയ്യാനാണ് ഉത്തേജിപ്പിക്കപ്പെട്ടിരിക്കുന്നത്? (ബി) അത്തരമൊരു നടപടി സ്വീകരിക്കാൻ ഒരുവനെ പ്രേരിപ്പിക്കേണ്ടതെന്താണ്?
25 അതുകൊണ്ട് ദിവ്യ അരുളപ്പാട് ഇതാണ്: “എന്റെ ജനമായുളേളാരെ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടു പുറത്തുപോരുവിൻ.” (വെളിപ്പാട് 18:4) അത്തരം നടപടി സ്വീകരിക്കുക എന്നാൽ ഒരുവൻ വ്യാജമതത്തെ ദൈവം വീക്ഷിക്കുന്നതുപോലെ വീക്ഷിക്കുന്നു എന്നാണ് അതിന്റെ അർത്ഥം. അതിന്റെ ചീത്തഫലങ്ങൾ, കപടവേഷം, അന്ധവിശ്വാസം എന്നിവയുടെ പേരിൽ അതിനെ വെറുക്കുന്നു എന്നാണതിന്റെ അർത്ഥം. വ്യാജമതം മനുഷ്യവർഗ്ഗത്തിന്റെ മുമ്പാകെ ദൈവത്തെ തെററായി പ്രതിനിധാനം ചെയ്തതിനാലും ആളുകളുടെ കഷ്ടപ്പാടിനും മർദ്ദനത്തിനും അതിടയാക്കിയിരിക്കുന്നതിനാലും അതിനെ വെറുക്കേണ്ടതാണ്. (റോമർ 2:24; യിരെമ്യാവ് 23:21, 22) നിങ്ങൾ ഇതു തിരിച്ചറിയുന്നുവെങ്കിൽ അവയുടെ മേലുളള ദൈവത്തിന്റെ ന്യായവിധിയോടുളള നിങ്ങളുടെ പൂർണ്ണപിന്തുണ പ്രകടമാക്കിക്കൊണ്ട് അത്തരം മതങ്ങൾക്കുളള നിങ്ങളുടെ പിന്തുണ നിങ്ങൾ പിൻവലിക്കും.
26. (എ) ദൈവത്തിൽ നിന്നുളള സമാധാനവും സംരക്ഷണവും ആസ്വദിക്കണമെങ്കിൽ ഒരു വ്യക്തി കൂടുതലായി എന്തു കണ്ടെത്തണം? (ബി) സത്യാരാധന ആചരിക്കുന്നവരെ കണ്ടെത്താൻ അന്വേഷിക്കുമ്പോൾ ഒരുവൻ ഏതുതരം വ്യക്തികളെ കണ്ടെത്താൻ പ്രതീക്ഷിക്കണം?
26 എന്നാൽ വെറുതെ പിൻവാങ്ങുന്നതുമാത്രം മതിയാകുന്നില്ല. മുൻകൂട്ടിപറയപ്പെട്ട നാശം വരുമ്പോൾ ദൈവത്തിന്റെ സമാധാനവും സംരക്ഷണവും നിങ്ങൾക്കു കൈവരുത്തുന്ന സത്യവും കാപട്യമില്ലാത്തതുമായ ആരാധനാരീതി നിങ്ങൾ അന്വേഷിച്ചു കണ്ടുപിടിക്കുക കൂടി ചെയ്യണം. അത്തരം സത്യാരാധനയിൽ ഏർപ്പെടുന്നവർ ഇപ്പോൾ തന്നെ ‘മേലാൽ യുദ്ധപരിശീലനം നേടാതെ തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചു തീർത്തിട്ടുളളവരായിരിക്കണം.’ (യെശയ്യാവ് 2:4) അവർ ദൈവവചനം വിശ്വസിക്കുന്നവരും അതിനെ തങ്ങളുടെ ജീവിതത്തിലെ മാർഗ്ഗദർശക ശക്തിയായിരിക്കാൻ അനുവദിച്ചുകൊണ്ട് അതനുസരിച്ച് ജീവിക്കുന്നവരും ആയിരിക്കണം. (സങ്കീർത്തനം 119: 105) അവർ തങ്ങളുടെ സഹമനുഷ്യരോട് യഥാർത്ഥമായ, കപടഭാവമില്ലാത്ത സ്നേഹം പ്രകടമാക്കുന്നവരായിരിക്കണം. (യോഹന്നാൻ 13:35; റോമർ 13:8) അത്തരം ഒരു ആരാധനാരീതി ഇന്നു നിലവിലുണ്ടോ? ദശലക്ഷക്കണക്കിനാളുകൾ അത് യഹോവയുടെ സാക്ഷികൾക്കിടയിൽ കണ്ടെത്തിയിരിക്കുന്നു. ബൈബിളിൽ കാണപ്പെടുന്ന ദൈവകല്പനയോടുളള പററിനിൽപ്പിനാൽ അവർ ഇന്ന് ലോകത്തിൽ എല്ലാം അറിയപ്പെടുന്നു. അവർ ആസ്വദിക്കുന്ന സമാധാനവും സുരക്ഷിതത്വവും ദൈവവചനത്തിന്റെ സത്യതയെയും ശക്തിയെയും സംസ്ഥാപിക്കുന്നു.
27. യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ അവരുടെ മീററിംഗിൽ സംബന്ധിക്കുന്നതിനാൽ നിങ്ങൾക്ക് നേരിട്ട് എന്തു നിരീക്ഷിക്കാൻ കഴിയും?
27 വ്യാജമതങ്ങൾ ആളുകളെ കൊണ്ടെത്തിച്ചിരിക്കുന്ന അപകടകരമായ സാഹചര്യം സംബന്ധിച്ച് യഹോവയുടെ സാക്ഷികൾ ആഴമായ വിചാരമുളളവരാണ്. അവർ തങ്ങളുടെ ജീവിതത്തിൽ ദൈവവചനത്തിന് ഒന്നാംസ്ഥാനം കൊടുക്കാൻ ആത്മാർത്ഥമായി ശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ്. നിങ്ങളുടെ പ്രദേശത്തെ രാജ്യഹാളിലെ അവരുടെ മീററിംഗുകൾ നിരീക്ഷിക്കാനും അവർ എത്രത്തോളം ദൈവത്തിന്റെ ആത്മാവ് പ്രകടമാക്കുന്നുവെന്നും അതുകൈവരുത്തുന്ന സമാധാനവും സുരക്ഷിതത്വവും അവർ എത്രത്തോളം ആസ്വദിക്കുന്നുവെന്നും കാണാനും നിങ്ങളെ ക്ഷണിക്കുന്നു. വരാൻപോകുന്ന നാശത്തെ അതിജീവിക്കുകയും തന്റെ സ്വർഗ്ഗീയ രാജ്യഭരണത്തിൻ കീഴിലെ നീതിയുളള പുതിയ വ്യവസ്ഥിതിയിൽ ജീവിക്കുകയും ചെയ്യാനുളളവരിൽ നിന്ന് ദൈവം ആവശ്യപ്പെടുന്ന കാര്യങ്ങൾ അവർ പഠിക്കുകയും ബാധകമാക്കുകയും ചെയ്യുന്നതെങ്ങനെയെന്നും നിങ്ങൾ കാണും.
[അധ്യയന ചോദ്യങ്ങൾ]
[29-ാം പേജിലെ ചതുരം]
ശീർഷകങ്ങളുടെയും വാർത്തകളുടെയും ഈ മാതൃകകൾ കാണിക്കുന്നതുപോലെ ലൈംഗിക അധാർമ്മികതയായി ബൈബിൾ കുററം വിധിക്കുന്നതിനെ കൂടുതൽ കൂടുതൽ പുരോഹിതൻമാർ അംഗീകരിച്ചിരിക്കുന്നു:
“ചീത്തയായിരിക്കുന്നത് നല്ലതായിത്തീരുമ്പോൾ പുരോഹിതൻമാർ അതു നമ്മോട് പറയും” “[ആംഗ്ലിക്കൻ സഭ] ഇപ്പോൾ അതിന്റെ പഴഞ്ചൻ അധികാരഭാവം ഉപേക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹത്തിന് മുമ്പത്തെ, ഒന്നോ അതിലധികമോ പങ്കാളികളുമായുളള ലൈംഗിക ബന്ധം . . . ഇനിമുതൽ ധാർമ്മികമായി സ്വീകാര്യമായി കണക്കാക്കപ്പെടും.”—ആൽബെർട്ട റിപ്പോർട്ട്.33
“വിവാഹത്തിന് മുമ്പത്തെ ലൈംഗികത സംബന്ധിച്ച് പാസ്ററർമാർ നിശബ്ദർ.” “അമേരിക്കയിലെ പാസ്ററർമാർ വിവാഹത്തിനുമുമ്പെയുളള ലൈംഗികത സംബന്ധിച്ച് പ്രസംഗിക്കുന്നതിൽ പാപകരമായി നിശബ്ദരായിരുന്നിട്ടുണ്ട് . . . അവർക്ക് അവരുടെ ഇടവകക്കാരിൽ ചിലരെ നഷ്ടമാകുമെന്ന് അവർക്ക് ഭയമാണ്. അത്തരം പുരോഹിതൻമാരെപ്പററി യെശയ്യാവിന് അറിയാമായിരുന്നു. അവന്റെ പുസ്തകം ഒന്നാം അദ്ധ്യായത്തിൽ അവരെപ്പററി ഇപ്രകാരം പറയുന്നതായി അവൻ കർത്താവിനെ ഉദ്ധരിക്കുന്നു: ‘ഞാൻ നിങ്ങളിൽനിന്ന് എന്റെ കണ്ണുകളെ മറയ്ക്കും; നിങ്ങൾ അനേകം പ്രാർത്ഥന കഴിച്ചാലും ഞാൻ ശ്രദ്ധിക്കുകയില്ല; നിങ്ങളുടെ കരങ്ങൾ രക്തം കൊണ്ട് നിറഞ്ഞിരിക്കുന്നു.’”—റെറലഗ്രാഫ്, നോർത്ത് പ്ലാററ്, നെബ്രാസ്ക്ക.34
“വ്യഭിചാരം കൂടുതൽ മയപ്പെട്ട വെളിച്ചത്തിൽ.” “ഏഴാം കല്പന സംബന്ധിച്ച സഭയുടെ മയപ്പെട്ട വീക്ഷണത്തെപ്പററി സംസാരിച്ചപ്പോൾ ആ ആംഗ്ലിക്കൻ പുരോഹിതൻ നെററി ചുളിച്ചു . . . ‘ഞങ്ങളുടെ നിലപാട് വിധിക്കുക എന്നതിനേക്കാൾ പരിചരണം കൊടുക്കുക എന്നതാണ്,’ എന്ന് അദ്ദേഹം പറഞ്ഞു.”—ദി സൺഡേ റൈറംസ്, പേർത്ത്, ആസ്ത്രേലിയ.35
“യൂണിറേററിയൻസ് സ്വവർഗ്ഗവിവാഹങ്ങളെ അംഗീകരിക്കുന്നു.”—ദി ന്യൂയോർക്ക് ടൈംസ്.36
“കാനഡായിലെ ഐക്യസഭകളിലെ ഒരു സംഘം സ്വവർഗ്ഗസംഭോഗികളെ പുരോഹിതൻമാരായി അഭിഷേകം ചെയ്യുന്നതിനെ പിന്താങ്ങിയിരിക്കുന്നു.”—ദി റെറാറെന്റോ സ്ററാർ.37
“വ്യഭിചാരം നിയമാനുസൃതമാക്കുക—പരിശുദ്ധമായ പരിഹാരം അതാണ്.”—ഫിലഡേൽഫിയ ഡെയിലി ന്യൂസിൽ ഒരു കത്തോലിക്ക മോൺസിഞ്ഞോർ എഴുതിയ മുഖ പ്രസംഗം.38
[25-ാം പേജിലെ ചിത്രങ്ങൾ]
ഏകാധിപതികൾക്ക് പിന്തുണ കൊടുത്തുകൊണ്ട് പുരോഹിതൻമാർ തങ്ങളുടെ കാര്യങ്ങൾ രക്തപങ്കിലമാക്കിയിരിക്കുന്നു