ഭാഗം 3
ജീവിതം മെച്ചപ്പെടുത്തുന്ന പ്രായോഗിക ഉപദേശങ്ങൾ
നിങ്ങളുടെ പ്രദേശത്തേക്ക് പുതുതായി ഒരു ഡോക്ടർ താമസംമാറി വന്നെന്നിരിക്കട്ടെ. ആദ്യമൊക്കെ അദ്ദേഹത്തിന്റെ കഴിവിൽ നിങ്ങൾക്ക് അത്ര വിശ്വാസം തോന്നിയെന്നുവരില്ല. പക്ഷേ നിങ്ങളുടെ സുഹൃത്തുക്കളിൽ ചിലർ അദ്ദേഹത്തിന്റെ സഹായം തേടുകയും അവരുടെ ആരോഗ്യസ്ഥിതിയിൽ കാര്യമായ മാറ്റമുണ്ടാകുകയും ചെയ്തിട്ടുണ്ടെങ്കിലോ? ആ ഡോക്ടറെ ചെന്നുകാണുന്നതിനെക്കുറിച്ച് നിങ്ങളും ചിന്തിക്കും, ശരിയല്ലേ?
ഒരർഥത്തിൽ പറഞ്ഞാൽ, വിശുദ്ധ തിരുവെഴുത്തുകൾ ആ ഡോക്ടറെപ്പോലെയാണ്. ചിലർ തിരുവെഴുത്തുകളെ സംശയത്തോടെ വീക്ഷിക്കുന്നു. എന്നാൽ അതിലെ ജ്ഞാനവത്തായ ഉപദേശങ്ങൾ പ്രാവർത്തികമാക്കുമ്പോൾ അവരുടെ ജീവിതം വളരെയേറെ മെച്ചപ്പെടുന്നു. അത്തരത്തിലുള്ള ചില അനുഭവങ്ങളാണ് പിൻവരുന്നവ.
ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കുന്നു
“വിവാഹത്തിന്റെ ആദ്യനാളുകളിൽ ഭർത്താവ് ഡൂമസ് എന്നെ അവഗണിക്കുന്നതുപോലെ എനിക്കു തോന്നി,” സുമൈട്ടുൺ പറയുന്നു. “ആ നിരാശയിൽ പലപ്പോഴും ഞാൻ അദ്ദേഹത്തിനുനേരെ സാധനങ്ങൾ വലിച്ചെറിയുകയും ആക്രോശിക്കുകയും അദ്ദേഹത്തെ ഇടിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. മനസ്സ് അങ്ങേയറ്റം പ്രക്ഷുബ്ധമായ ചില സാഹചര്യങ്ങളിൽ ഞാൻ ബോധരഹിതയാകുകപോലും ചെയ്തിട്ടുണ്ട്.
“ഡൂമസ് വിശുദ്ധ തിരുവെഴുത്തുകൾ പഠിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അദ്ദേഹത്തെ കളിയാക്കി. പക്ഷേ, അധ്യയനം നടക്കുന്ന സമയത്ത് അടുത്ത മുറിയിലിരുന്ന് ഞാൻ എല്ലാം കേൾക്കുമായിരുന്നു. ഒരിക്കൽ ഒരു തിരുവെഴുത്തുഭാഗം വായിച്ചുകേട്ടത് എന്നെ വല്ലാതെ സ്പർശിച്ചു: ‘ഭാര്യമാർ കർത്താവിന് എന്നപോലെ തങ്ങളുടെ ഭർത്താക്കന്മാർക്കു കീഴ്പെട്ടിരിക്കട്ടെ; . . . ഭാര്യയോ ഭർത്താവിനെ ആഴമായി ബഹുമാനിക്കേണ്ടതുമാകുന്നു.’ (എഫെസ്യർ 5:22, 33) ഭർത്താവിനോട് മോശമായി പെരുമാറിയതിന് ഞാൻ ദൈവത്തോട് ക്ഷമ ചോദിച്ചു. ഒരു നല്ല ഭാര്യയായിത്തീരാൻ സഹായിക്കേണമേ എന്ന് ഞാൻ ദൈവത്തോട് അപേക്ഷിച്ചു. വൈകാതെ ഞാനും ഡൂമസിനോടൊപ്പം തിരുവെഴുത്തുകൾ പഠിക്കാൻ തുടങ്ങി.”
‘ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരെ സ്വന്തം ശരീരത്തെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു’ എന്നും തിരുവെഴുത്തുകൾ പറയുന്നുണ്ട്. (എഫെസ്യർ 5:28) സുമൈട്ടുൺ തുടരുന്നു: “പഠിച്ച കാര്യങ്ങൾ ഞങ്ങളെ വളരെയധികം സ്വാധീനിച്ചു. അദ്ദേഹം ജോലി കഴിഞ്ഞു വരുമ്പോൾ ചായ ഉണ്ടാക്കിക്കൊടുക്കാനും അദ്ദേഹത്തോട് സ്നേഹത്തോടെ സംസാരിക്കാനും ഞാൻ ശ്രദ്ധിച്ചു. ഡൂമസും എന്നോടു കൂടുതൽ സ്നേഹം കാണിച്ചു, വീട്ടുജോലികളിൽ എന്നെ സഹായിക്കാനും തുടങ്ങി. ‘തമ്മിൽ ദയയും ആർദ്രാനുകമ്പയും ഉള്ളവരായിരിക്കാനും അന്യോന്യം ഉദാരമായി ക്ഷമിക്കാനും’ ഞങ്ങൾ ശ്രമിച്ചു. (എഫെസ്യർ 4:32) ഞങ്ങൾക്കിടയിലെ സ്നേഹവും ആദരവും ഒന്നിനൊന്നു വളർന്നുവന്നു. ഞങ്ങളുടെ സന്തുഷ്ട ദാമ്പത്യം ഇപ്പോൾ 40 വർഷം പിന്നിട്ടിരിക്കുന്നു. ദൈവവചനത്തിലെ ബുദ്ധിയുപദേശങ്ങളാണ് ഞങ്ങളുടെ ദാമ്പത്യത്തെ തകർച്ചയിൽനിന്നു രക്ഷിച്ചത്!”
കോപം നിയന്ത്രിക്കുന്നു
“പെട്ടെന്നു കോപിക്കുന്ന പ്രകൃതമായിരുന്നു എന്റേത്” തേയിബ് പറയുന്നു. “അടിപിടികൾ പതിവായിരുന്നു. പലപ്പോഴും തോക്കു ചൂണ്ടി ഞാൻ മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഭാര്യ കൂസ്ട്രിയയെ ഞാൻ അടിച്ചു താഴെയിട്ടിട്ടുണ്ട്. ആളുകൾക്ക് എന്നെ പേടിയായിരുന്നു.
“അങ്ങനെയിരിക്കെ ഒരു ദിവസം യേശുവിന്റെ പിൻവരുന്ന വാക്കുകൾ ഞാൻ വായിക്കാനിടയായി: ‘ഞാൻ നിങ്ങൾക്ക് ഒരു പുതിയ കൽപ്പന നൽകുന്നു; നിങ്ങൾ തമ്മിൽത്തമ്മിൽ സ്നേഹിക്കണം . . . ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെതന്നെ.’ (യോഹന്നാൻ 13:34) ആ വാക്കുകൾ എന്റെ മനസ്സിൽത്തട്ടി. മാറ്റംവരുത്താൻ ഞാൻ തീരുമാനിച്ചു. ഉള്ളിൽ ദേഷ്യം നുരഞ്ഞുപൊന്തിയപ്പോഴൊക്കെ മനസ്സു ശാന്തമാക്കാൻ സഹായിക്കേണമേ എന്ന് ഞാൻ ദൈവത്തോട് പ്രാർഥിക്കുമായിരുന്നു. അത് ഗുണംചെയ്തു. മാത്രമല്ല, എഫെസ്യർ 4:26, 27-ലെ ബുദ്ധിയുപദേശം ബാധകമാക്കാൻ ഞാനും ഭാര്യയും ശ്രമിച്ചു: ‘സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുത്; പിശാചിന് ഇടംകൊടുക്കുകയുമരുത്.’ ദിവസവും രാത്രി ഞങ്ങൾ ഒരുമിച്ചു ദൈവവചനം വായിച്ചു; ഒരുമിച്ചു പ്രാർഥിച്ചു. അങ്ങനെ ഓരോ ദിവസത്തെയും സംഘർഷങ്ങൾ അലിഞ്ഞില്ലാതായി, ഞങ്ങൾ പരസ്പരം കൂടുതൽ അടുത്തു.
“ഇപ്പോൾ, സമാധാനപ്രിയനായ ഒരാളായിട്ടാണ് ഞാൻ അറിയപ്പെടുന്നത്. ഭാര്യയും മക്കളും എന്നെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. കുറെ നല്ല സുഹൃത്തുക്കളും എനിക്കുണ്ട്, ദൈവവുമായും നല്ലൊരു ബന്ധമുണ്ട്. ഞാൻ തികച്ചും സന്തുഷ്ടനാണ്.”
ലഹരിയുടെ പിടിയിൽനിന്ന് പുറത്തുവരുന്നു
“ഒരു ഗുണ്ടാസംഘത്തിൽ അംഗമായിരുന്നു ഞാൻ. കടുത്ത പുകവലിശീലവും ഉണ്ടായിരുന്നു. രാത്രി കുടിച്ചു ലക്കുകെട്ട് റോഡിൽ കിടക്കുക സ്ഥിരം സംഭവമായിരുന്നു,” തന്റെ കഴിഞ്ഞകാലം ഓർക്കുകയാണ് ഗോയിൻ. “ഞാൻ മാരിഹ്വാന, എക്സ്റ്റസി എന്നീ മയക്കുമരുന്നുകൾ ഉപയോഗിക്കുകയും വിൽക്കുകയും ചെയ്തിരുന്നു. ബുള്ളറ്റ്പ്രൂഫ് ജാക്കറ്റിനുള്ളിലാണ് ഞാൻ അവ സൂക്ഷിച്ചിരുന്നത്. മട്ടും ഭാവവും കണ്ടാൽ ഒരു പരുക്കനാണെന്നു തോന്നുമായിരുന്നെങ്കിലും സദാ ഭയത്തിന്റെ നിഴലിലായിരുന്നു ഞാൻ.
“അങ്ങനെയിരിക്കെ ഒരാൾ എനിക്ക് ഒരു തിരുവെഴുത്ത് കാണിച്ചുതന്നു: ‘മകനേ എന്റെ ഉപദേശം മറക്കരുത്; . . . അവ ദീർഘായുസ്സും സദൃശവാക്യങ്ങൾ 3:1, 2) ദീർഘായുസ്സും സമാധാനവും! ഞാൻ വളരെയേറെ ആഗ്രഹിച്ചിരുന്ന കാര്യങ്ങളായിരുന്നു അവ. മറ്റൊരു തിരുവെഴുത്തും ഞാൻ വായിക്കാനിടയായി: ‘പ്രിയമുള്ളവരേ, ഈ വാഗ്ദാനങ്ങൾ നമുക്കുള്ളതിനാൽ ജഡത്തെയും ആത്മാവിനെയും മലിനമാക്കുന്ന എല്ലാറ്റിൽനിന്നും നമ്മെത്തന്നെ ശുദ്ധീകരിച്ച് നമുക്കു ദൈവഭയത്തിൽ നമ്മുടെ വിശുദ്ധിയെ പരിപൂർണമാക്കാം.’ (2 കൊരിന്ത്യർ 7:1) അങ്ങനെ ഞാൻ മയക്കുമരുന്ന് ഉപേക്ഷിച്ചു; ഗുണ്ടാസംഘവുമായുള്ള സകല ബന്ധവും അവസാനിപ്പിച്ച് ദൈവത്തെ സേവിക്കാൻ തുടങ്ങി.
ജീവകാലവും സമാധാനവും നിനക്കു വർദ്ധിപ്പിച്ചുതരും.’ (“ഞാൻ ലഹരിയുടെ പിടിയിൽനിന്ന് പുറത്തുവന്നിട്ട് 17-ലേറെ വർഷമായി. ഇപ്പോൾ എനിക്ക് നല്ല ആരോഗ്യമുണ്ട്, നല്ല സുഹൃത്തുക്കളും. സന്തുഷ്ടമായ കുടുംബജീവിതവും ശുദ്ധമായ ഒരു മനസ്സാക്ഷിയും ഇന്ന് എനിക്കുണ്ട്. പണ്ട് കുടിച്ച് വഴിയിൽ കിടന്നിരുന്ന ഞാൻ ഇപ്പോൾ സമാധാനത്തോടെ എന്റെ വീട്ടിൽ കിടന്നുറങ്ങുന്നു.”
വംശീയ മുൻവിധി മറികടക്കുന്നു
“കൗമാരപ്രായത്തിൽത്തന്നെ ഞാൻ പല കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടിട്ടുണ്ട്,” ബാംബാങ് പറയുന്നു. “ഞാൻ വെറുത്തിരുന്ന ഒരു വംശത്തിൽപ്പെട്ടവരായിരുന്നു മിക്കവാറും എന്റെ ഇരകൾ.
“അങ്ങനെയിരിക്കെ ഞാൻ ദൈവത്തെ അന്വേഷിക്കാൻ തുടങ്ങി. വിശുദ്ധ തിരുവെഴുത്തുകൾ പഠിക്കാനായി കൂടിവന്നിരുന്ന ഒരു വിഭാഗം ആളുകളിലാണ് ആ അന്വേഷണം എന്നെക്കൊണ്ടെത്തിച്ചത്. ഞാൻ വെറുത്തിരുന്ന വംശത്തിൽപ്പെട്ട ആളുകൾതന്നെ അവിടെ എന്നെ സ്വാഗതം ചെയ്തപ്പോൾ എനിക്കത് വിശ്വസിക്കാനായില്ല! പല വംശക്കാരുണ്ടായിരുന്നു ആ കൂട്ടത്തിൽ; പക്ഷേ എല്ലാവരും സ്നേഹത്തോടെ ഇടപഴകുന്നു. ഞാൻ അത്ഭുതപ്പെട്ടുപോയി. ‘ദൈവം പക്ഷപാതമുള്ളവനല്ല; ഏതൊരു ജനതയിലും അവനെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യൻ അവനു സ്വീകാര്യനാണ്’ എന്ന വാക്കുകളുടെ അർഥം അപ്പോഴാണ് എനിക്കു മനസ്സിലായത്.—പ്രവൃത്തികൾ 10:34, 35.
“ഇന്ന് എന്റെ മനസ്സിൽ മുൻവിധിയുടെ വിഷമില്ല. എന്റെ അടുത്ത സുഹൃത്തുക്കളിൽ ചിലർ മുമ്പ് ഞാൻ വെറുത്തിരുന്ന ആ വംശത്തിൽപ്പെട്ടവരാണ്. ദൈവമാണ് സ്നേഹിക്കാൻ എന്നെ പഠിപ്പിച്ചത്, തിരുവെഴുത്തുകളിലൂടെ!”
അക്രമം ഉപേക്ഷിക്കുന്നു
“കൗമാരപ്രായത്തിൽ മൂന്നുതവണ ഞാൻ ജയിലിൽ കിടന്നിട്ടുണ്ട്—മോഷണത്തിന് രണ്ടുതവണയും ഒരാളെ കുത്തിപ്പരുക്കേൽപ്പിച്ചതിന് ഒരു തവണയും,” ഗെരോഗയുടെ വാക്കുകൾ. “പിന്നീട് ഒരു വിപ്ലവസംഘത്തിൽ ചേർന്ന ഞാൻ ഒരുപാടുപേരെ
കൊലപ്പെടുത്തി. വിപ്ലവം അവസാനിച്ചപ്പോൾ, ആളുകളെ ഭീഷണിപ്പെടുത്തി പണവും മറ്റും തട്ടിയെടുക്കുന്ന ഒരു സംഘത്തിന്റെ നേതാവായി. എവിടെ പോകുമ്പോഴും ബോഡിഗാർഡുകൾ എന്റെ കൂടെയുണ്ടായിരുന്നു. ശരിക്കും ഒരു അപകടകാരിയായിരുന്നു ഞാൻ.“അങ്ങനെയിരിക്കെ, ഞാൻ ഒരു തിരുവെഴുത്ത് വായിക്കാനിടയായി: ‘സ്നേഹം ദീർഘക്ഷമയും ദയയുമുള്ളത്. സ്നേഹം അസൂയപ്പെടുന്നില്ല; ആത്മപ്രശംസ നടത്തുന്നില്ല; വലുപ്പം ഭാവിക്കുന്നില്ല; അയോഗ്യമായി പെരുമാറുന്നില്ല; തൻകാര്യം അന്വേഷിക്കുന്നില്ല; പ്രകോപിതമാകുന്നില്ല. അത് ദ്രോഹങ്ങളുടെ കണക്കുസൂക്ഷിക്കുന്നില്ല.’ (1 കൊരിന്ത്യർ 13:4, 5) ആ തിരുവെഴുത്ത് എന്നെ വല്ലാതെ സ്വാധീനിച്ചു. ഞാൻ പുതിയൊരു സ്ഥലത്തേക്കു താമസം മാറ്റി. ദൈവവചനം പഠിച്ച് അതിലെ ബുദ്ധിയുപദേശങ്ങൾ ജീവിതത്തിൽ ബാധകമാക്കുകയും ചെയ്തു.
“ഇപ്പോൾ ഞാൻ ആരെയും ഉപദ്രവിക്കാറില്ല. മറ്റുള്ളവരെ ദൈവവചനം പഠിപ്പിക്കുന്ന എന്നെ ആളുകൾ ബഹുമാനിക്കുന്നു. ജീവിതത്തിന് അർഥം കൈവന്നത് ഇപ്പോഴാണ്.”
ദൈവവചനത്തിന് ശക്തിയുണ്ട്
“ദൈവത്തിന്റെ വചനം ജീവനും ശക്തിയുമുള്ള”താണെന്നു തെളിയിക്കുന്ന ഇത്തരം അനുഭവങ്ങൾ ധാരാളമുണ്ട്. (എബ്രായർ 4:12) ലളിതവും പ്രായോഗികവും ആയ അതിലെ ബുദ്ധിയുപദേശങ്ങൾ നല്ലൊരു ജീവിതം നയിക്കാൻ ആളുകളെ സഹായിക്കുന്നു.
ആകട്ടെ, വിശുദ്ധ തിരുവെഴുത്തുകൾക്ക് നിങ്ങളെ സഹായിക്കാനാകുമോ? തീർച്ചയായും. ഏതു പ്രശ്നങ്ങളിന്മധ്യേയും നിങ്ങളെ സഹായിക്കാൻ തിരുവെഴുത്തുകൾക്കാകും. കാരണം, “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തമാണ്; പഠിപ്പിക്കുന്നതിനും ശാസിക്കുന്നതിനും കാര്യങ്ങൾ നേരെയാക്കുന്നതിനും നീതിയിൽ ശിക്ഷണം നൽകുന്നതിനും അവ ഉപകരിക്കുന്നു; ദൈവത്തിന്റെ മനുഷ്യൻ സകല സത്പ്രവൃത്തികളും ചെയ്യാൻ പര്യാപ്തനായി തികഞ്ഞവൻ ആയിത്തീരേണ്ടതിനുതന്നെ.”—2 തിമൊഥെയൊസ് 3:16, 17.
അതുകൊണ്ട്, വിശുദ്ധ തിരുവെഴുത്തുകളിൽ കാണുന്ന ചില അടിസ്ഥാന ഉപദേശങ്ങൾ നമുക്ക് ഇപ്പോൾ പരിശോധിക്കാം.