ഭാഗം 7
ദൈവം പ്രവാചകന്മാരിലൂടെ വാഗ്ദാനം ചെയ്തത്
ദൈവത്തിൽ വിശ്വാസമുണ്ടെന്നു തെളിയിച്ചവരായിരുന്നു പുരാതന കാലത്തെ പ്രവാചകന്മാർ. ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ അവർക്ക് ശക്തമായ വിശ്വാസമുണ്ടായിരുന്നു; ആ വാഗ്ദാനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു അവരുടെ ജീവിതം. അത്തരം ചില വാഗ്ദാനങ്ങൾ നമുക്ക് ഇപ്പോൾ നോക്കാം.
ആദാമും ഹവ്വായും അനുസരണക്കേടു കാണിച്ച ഉടനെ ഏദെൻ തോട്ടത്തിൽവെച്ച് ദൈവം ഒരു പ്രവചനം ഉച്ചരിച്ചു. ‘പാമ്പിന്റെ,’ അതായത് ‘പിശാച് എന്നും സാത്താൻ എന്നും പേരുള്ളവനായ മഹാസർപ്പത്തിന്റെ’ തല തകർത്ത് അവനെ എന്നേക്കുമായി നശിപ്പിക്കാൻ താൻ ഒരാളെ നിയോഗിക്കുമെന്നായിരുന്നു അത്. (ഉല്പത്തി 3:14, 15; വെളിപാട് 12:9, 12) ആ വ്യക്തി ആരായിരുന്നു?
അവൻ പ്രവാചകനായ അബ്രാഹാമിന്റെ പിൻഗാമിയായിരിക്കുമെന്ന് ഏതാണ്ട് 2,000 വർഷത്തിനുശേഷം യഹോവ അബ്രാഹാമിനു വെളിപ്പെടുത്തിക്കൊടുത്തു. ദൈവം ഇങ്ങനെ പറഞ്ഞു: “നീ എന്റെ വാക്കു അനുസരിച്ചതുകൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും.”—ഉല്പത്തി 22:18.
ഈ “സന്തതി”യെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബി.സി. 1473-ൽ ദൈവം മോശയ്ക്കു കൈമാറി. മോശ ഇസ്രായേൽമക്കളോട് ഇങ്ങനെ പറഞ്ഞു: “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവർത്തനപുസ്തകം 18:15) അതെ, മോശയെപ്പോലെ ആ പ്രവാചകനും അബ്രാഹാമിന്റെ പരമ്പരയിലൂടെ വരുമായിരുന്നു.
ആ പ്രവാചകൻ ദാവീദുരാജാവിന്റെ ഒരു പിൻഗാമിയായിരിക്കുമെന്നും പിന്നീട് രാജാവായിത്തീരുമെന്നും ദൈവം ദാവീദിനോടു പറഞ്ഞു: ‘നിന്റെ സന്തതിയെ ഞാൻ നിനക്കു പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കുകയും ചെയ്യും.’ (2 ശമൂവേൽ 7:12, 13) ദാവീദിന്റെ ഈ പിൻഗാമി “സമാധാനപ്രഭു” എന്നു വിളിക്കപ്പെടുമെന്നും ദൈവം വെളിപ്പെടുത്തി. മാത്രമല്ല, “അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും” എന്നും ദൈവം പറഞ്ഞു. (യെശയ്യാവു 9:6, 7) അതെ, നീതിനിഷ്ഠനായ ആ നേതാവ് ഭൂമിയിലെമ്പാടും സമാധാനം കൊണ്ടുവരുകയും ന്യായം നടപ്പാക്കുകയും ചെയ്യും. പക്ഷേ, അവൻ എപ്പോൾ വരുമായിരുന്നു?
ഗബ്രിയേൽ (ജിബ്രീൽ) ദൂതൻ ദാനിയേൽ പ്രവാചകനോട് ഇങ്ങനെ പറഞ്ഞു: ‘നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാൽ: യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായോരു പ്രഭുവരെ ഏഴു ആഴ്ചവട്ടം; (കൂടാതെ) അറുപത്തിരണ്ടു ആഴ്ചവട്ടം.’ (ദാനീയേൽ 9:25) ഇവിടെ പറഞ്ഞിരിക്കുന്ന 69 ആഴ്ചകൾ, 7 ദിവസം അടങ്ങുന്ന ആഴ്ചകളല്ല മറിച്ച് 7 വർഷം അടങ്ങുന്ന ആഴ്ചകളാണ്; അതായത് മൊത്തം 483 വർഷങ്ങൾ. ബി.സി. 455-ൽ തുടങ്ങിയ ആ കാലഘട്ടം എ.ഡി. 29-ൽ അവസാനിച്ചു. a
മോശയെപ്പോലുള്ള പ്രവാചകനും വാഗ്ദാനം ചെയ്യപ്പെട്ട “സന്തതി”യും ആയ മിശിഹാ എ.ഡി. 29-ൽത്തന്നെ പ്രത്യക്ഷനായോ? നമുക്കു നോക്കാം.
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, ജീവിതം ആസ്വദിക്കാം പുസ്തകത്തിന്റെ 255-ാം പേജിലെ പിൻകുറിപ്പ് 2 കാണുക.