വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 6

ഭൂമിയെ സംബന്ധിച്ച ദൈ​വോ​ദ്ദേ​ശ്യം എന്താണ്‌?

ഭൂമിയെ സംബന്ധിച്ച ദൈ​വോ​ദ്ദേ​ശ്യം എന്താണ്‌?

മനുഷ്യർക്കു വസിക്കാ​നാണ്‌ ദൈവം ഭൂമിയെ സൃഷ്ടി​ച്ചത്‌. “സ്വർഗ്ഗം യഹോ​വ​യു​ടെ സ്വർഗ്ഗ​മാ​കു​ന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടു​ത്തി​രി​ക്കു​ന്നു” എന്ന്‌ ദൈവ​വ​ചനം പറയുന്നു.—സങ്കീർത്തനം 115:16.

ആദ്യമ​നു​ഷ്യ​നാ​യ ആദാമി​നെ സൃഷ്ടി​ക്കു​ന്ന​തി​നു മുമ്പ്‌ ദൈവം, ഭൂമി​യു​ടെ ചെറി​യൊ​രു ഭാഗം തിര​ഞ്ഞെ​ടുത്ത്‌ അതിനെ മനോ​ഹ​ര​മായ ഒരു തോട്ട​മാ​ക്കി. ഏദെൻ എന്നായി​രു​ന്നു അതിന്റെ പേര്‌. യൂഫ്ര​ട്ടീസ്‌ (ഫ്രാത്ത്‌), ടൈ​ഗ്രിസ്‌ (ഹിദ്ദേക്കൽ) എന്നീ നദിക​ളു​ടെ ഉത്ഭവം ഏദെനിൽനി​ന്നാ​യി​രു​ന്നു എന്ന്‌ തിരു​വെ​ഴു​ത്തു​കൾ പറയുന്നു. a ഇപ്പോ​ഴത്തെ കിഴക്കൻ തുർക്കി​യി​ലാണ്‌ ഏദെൻ തോട്ടം സ്ഥിതി​ചെ​യ്‌തി​രു​ന്ന​തെന്നു കരുത​പ്പെ​ടു​ന്നു. അതെ, ഏദെൻ തോട്ടം ഭൂമി​യിൽത്ത​ന്നെ​യാ​യി​രു​ന്നു!

ദൈവം ആദാമി​നെ സൃഷ്ടിച്ച്‌ “ഏദെൻതോ​ട്ട​ത്തിൽ വേല ചെയ്‌വാ​നും അതിനെ കാപ്പാ​നും” അവിടെ ആക്കി. (ഉല്‌പത്തി 2:15) പിന്നീട്‌ ദൈവം ആദാമി​ന്റെ ഭാര്യയെ സൃഷ്ടിച്ചു; ഹവ്വാ എന്നായി​രു​ന്നു അവളുടെ പേര്‌. ദൈവം അവരെ അനു​ഗ്ര​ഹി​ച്ചു​കൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ സന്താന​പു​ഷ്ടി​യു​ള്ള​വ​രാ​യി പെരുകി ഭൂമി​യിൽ നിറഞ്ഞു അതിനെ അടക്കി . . . വാഴു​വിൻ.” (ഉല്‌പത്തി 1:28) അതെ, “വ്യർത്ഥ​മാ​യി​ട്ടല്ല (ദൈവം) അതിനെ (ഭൂമിയെ) സൃഷ്ടി​ച്ചത്‌; പാർപ്പി​ന്ന​ത്രേ അതിനെ നിർമ്മി​ച്ചത്‌.”—യെശയ്യാ​വു 45:18.

എന്നാൽ ദൈവ​കൽപ്പന മനഃപൂർവം ലംഘി​ച്ചു​കൊണ്ട്‌ ആദാമും ഹവ്വായും ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണിച്ചു. ദൈവം അവരെ ഏദെൻ തോട്ട​ത്തിൽനി​ന്നു പുറത്താ​ക്കി. അങ്ങനെ, അവർക്കു പറുദീസ നഷ്ടമായി. ആദാമി​ന്റെ പാപം വരുത്തി​വെച്ച പ്രശ്‌നങ്ങൾ അവിടം​കൊണ്ട്‌ അവസാ​നി​ച്ചില്ല. “ഏകമനു​ഷ്യ​നി​ലൂ​ടെ പാപവും പാപത്തി​ലൂ​ടെ മരണവും ലോക​ത്തിൽ കടന്നു. അങ്ങനെ, എല്ലാവ​രും പാപം ചെയ്‌ത​തി​നാൽ മരണം സകലമ​നു​ഷ്യ​രി​ലേ​ക്കും വ്യാപി​ച്ചു” എന്ന്‌ തിരു​വെ​ഴു​ത്തു​കൾ പറയുന്നു.—റോമർ 5:12.

ഭൂമി ഒരു പറുദീ​സ​യാ​യി മാറണ​മെ​ന്നും മനുഷ്യർ സന്തോ​ഷ​ത്തോ​ടെ അതിൽ വസിക്ക​ണ​മെ​ന്നു​മുള്ള തന്റെ ഉദ്ദേശ്യം ദൈവം ഉപേക്ഷി​ച്ചോ? ഒരിക്ക​ലു​മില്ല. “എന്റെ വായിൽനി​ന്നു പുറ​പ്പെ​ടുന്ന എന്റെ വചനം . . . വെറുതെ എന്റെ അടുക്ക​ലേക്കു മടങ്ങി​വ​രാ​തെ എനിക്കു ഇഷ്ടമു​ള്ളതു നിവർത്തി​ക്ക​യും ഞാൻ അയച്ച കാര്യം സാധി​പ്പി​ക്ക​യും ചെയ്യും” എന്ന്‌ ദൈവം പറയുന്നു. (യെശയ്യാ​വു 55:11) അതെ, ഭൂമി പറുദീ​സ​യാ​യി​ത്തീ​രും!

പറുദീ​സ​യി​ലെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രി​ക്കും? തുടർന്നു​വ​രുന്ന രണ്ടു​പേ​ജു​ക​ളിൽ കൊടു​ത്തി​രി​ക്കുന്ന തിരു​വെ​ഴു​ത്തു വാഗ്‌ദാ​നങ്ങൾ ശ്രദ്ധി​ക്കുക.

a ഉല്‌പത്തി 2:10-14 പറയുന്നു: “തോട്ടം നനെപ്പാൻ ഒരു നദി ഏദെനിൽനി​ന്നു പുറ​പ്പെട്ടു; അതു അവി​ടെ​നി​ന്നു നാലു ശാഖയാ​യി പിരിഞ്ഞു. ഒന്നാമ​ത്തേ​തി​ന്നു പീശോൻ എന്നു പേർ. . . . രണ്ടാം നദിക്കു ഗീഹോൻ എന്നു പേർ. . . . മൂന്നാം നദിക്കു ഹിദ്ദേ​ക്കെൽ (ടൈ​ഗ്രിസ്‌) എന്നു പേർ; അതു അശ്ശൂരി​ന്നു കിഴ​ക്കോ​ട്ടു ഒഴുകു​ന്നു; നാലാം നദി ഫ്രാത്ത്‌ (യൂഫ്ര​ട്ടീസ്‌) ആകുന്നു.” ആദ്യത്തെ രണ്ടുന​ദി​കൾ എവി​ടെ​യാ​ണെ​ന്നോ ഇന്ന്‌ ഏതു പേരി​ലാണ്‌ അറിയ​പ്പെ​ടു​ന്ന​തെ​ന്നോ വ്യക്തമല്ല.