വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 9

മിശി​ഹാ​യിൽനി​ന്നു പഠിക്കുക

മിശി​ഹാ​യിൽനി​ന്നു പഠിക്കുക

സകല ജനതക​ളു​ടെ​യും നേതാ​വാ​യി മിശി​ഹാ​യെ നിയമി​ക്കു​മെന്ന്‌ ദൈവം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. നമുക്ക്‌ എങ്ങനെ​യുള്ള ഒരു നേതാ​വി​നെ​യാണ്‌ ആവശ്യ​മെന്ന്‌ നന്നായി അറിയാ​വുന്ന ദൈവം ഏറ്റവും അനു​യോ​ജ്യ​നായ ഒരാ​ളെ​യാണ്‌ അതിനാ​യി തിര​ഞ്ഞെ​ടു​ത്തത്‌. എങ്ങനെ​യുള്ള ഒരു നേതാ​വാ​യി​രു​ന്നു മിശിഹാ? കരുത്ത​നായ ഒരു സേനാ​പ​തി​യോ? കഴിവുറ്റ ഒരു രാഷ്‌ട്രീ​യ​ക്കാ​ര​നോ? അതോ ജ്ഞാനി​യായ ഒരു തത്ത്വചി​ന്ത​ക​നോ? വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ള​നു​സ​രിച്ച്‌, മിശിഹാ ഒരു പ്രവാ​ച​ക​നാ​യി​രു​ന്നു; യേശു​ക്രി​സ്‌തു എന്ന ശ്രേഷ്‌ഠ​നായ പ്രവാ​ചകൻ!—മത്തായി 23:10.

യേശു പൂർണ​ത​യുള്ള, വിശു​ദ്ധ​നായ ഒരു ശിശു​വാ​യി ജനിക്കാൻ ദൈവം ഇടയാക്കി. മാത്രമല്ല, തന്നെ ദുഷി​പ്പി​ക്കാ​നുള്ള സാത്താന്റെ എല്ലാ ശ്രമങ്ങ​ളെ​യും യേശു ചെറുത്തു. ശക്തി, നീതി, ജ്ഞാനം, സ്‌നേഹം എന്നീ ദൈവി​ക​ഗു​ണങ്ങൾ യേശു പൂർണ​മാ​യി പ്രതി​ഫ​ലി​പ്പി​ച്ചു, വാക്കി​ലും പ്രവൃ​ത്തി​യി​ലും. യേശു​വി​ന്റെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാ​നാ​കും?

യേശു മനസ്സോ​ടെ മറ്റുള്ള​വരെ സഹായിച്ചു

യേശു തന്റെ ദൈവദത്ത ശക്തി മറ്റുള്ള​വരെ സഹായി​ക്കാ​നാ​യി ഉപയോ​ഗി​ച്ചു. ആളുക​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാ​യി​രു​ന്നു യേശു. അവരെ സഹായി​ക്കാൻവേണ്ടി തന്റെ ശക്തി ഉപയോ​ഗി​ക്കാൻ അവൻ ഒട്ടും മടിച്ചില്ല. “ഈ ജനക്കൂ​ട്ട​ത്തോട്‌ എനിക്ക്‌ അലിവു തോന്നു​ന്നു. . . . ഇവർക്കു ഭക്ഷിക്കാൻ ഒന്നുമില്ല” എന്ന്‌ ഒരിക്കൽ അവൻ പറയു​ക​യു​ണ്ടാ​യി. (മർക്കോസ്‌ 8:2) തുടർന്ന്‌, തന്റെ പ്രസംഗം കേൾക്കാ​നാ​യി കൂടി​വ​ന്നി​രുന്ന ആ വലിയ ജനക്കൂ​ട്ടത്തെ അവൻ അത്ഭുത​ക​ര​മാ​യി പോഷി​പ്പി​ച്ചു.

പഠിപ്പി​ക്കു​ക​യും “ജനങ്ങളു​ടെ സകലതരം രോഗ​ങ്ങ​ളും വ്യാധി​ക​ളും സൗഖ്യ​മാ​ക്കു​ക​യും ചെയ്‌തു”കൊണ്ട്‌ യേശു ഗ്രാമ​ന്തോ​റും പട്ടണ​ന്തോ​റും സഞ്ചരിച്ചു. (മത്തായി 4:23) അനേകം ആളുകൾ അവനെ അനുഗ​മി​ച്ചു. “അവനിൽനി​ന്നു ശക്തി പുറ​പ്പെട്ട്‌ അവരെ​യെ​ല്ലാം സൗഖ്യ​മാ​ക്കി​യി​രു​ന്ന​തി​നാൽ ജനമൊ​ക്കെ​യും അവനെ തൊടാൻ ശ്രമി​ച്ചു​കൊ​ണ്ടി​രു​ന്നു.” (ലൂക്കോസ്‌ 6:19) യേശു വന്നത്‌ “ശുശ്രൂ​ഷി​ക്ക​പ്പെ​ടാ​നല്ല, ശുശ്രൂ​ഷി​ക്കാ​നും അനേകർക്കു​വേണ്ടി തന്റെ ജീവൻ മറുവി​ല​യാ​യി കൊടു​ക്കാ​നും” ആയിരു​ന്നു. (മത്തായി 20:28) a ഇതു​പോ​ലെ ആത്മപരി​ത്യാ​ഗി​ക​ളായ എത്ര നേതാ​ക്ക​ന്മാ​രെ നമുക്ക​റി​യാം?

യേശു​വിന്‌ കുട്ടി​കളെ ഇഷ്ടമായിരുന്നു

അവൻ ദൈവ​ത്തി​ന്റെ നീതി പ്രതി​ഫ​ലി​പ്പി​ച്ചു. ദൈവ​ത്തി​ന്റെ നിയമ​ങ്ങ​ളും തത്ത്വങ്ങ​ളും യേശു അണുവി​ട​തെ​റ്റാ​തെ അനുസ​രി​ച്ചു. തിരു​വെ​ഴു​ത്തു​കൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്ന​തു​പോ​ലെ അവൻ ഫലത്തിൽ ഇങ്ങനെ പറഞ്ഞു: “എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ പ്രിയ​പ്പെ​ടു​ന്നു; നിന്റെ ന്യായ​പ്ര​മാ​ണം എന്റെ ഉള്ളിൽ ഇരിക്കു​ന്നു.” (സങ്കീർത്തനം 40:8) പണക്കാ​രെ​ന്നോ പാവ​പ്പെ​ട്ട​വ​രെ​ന്നോ സ്‌ത്രീ​ക​ളെ​ന്നോ പുരു​ഷ​ന്മാ​രെ​ന്നോ കുട്ടി​ക​ളെ​ന്നോ മുതിർന്ന​വ​രെ​ന്നോ വ്യത്യാ​സ​മി​ല്ലാ​തെ എല്ലാവ​രോ​ടും യേശു മാന്യ​ത​യോ​ടും ആദര​വോ​ടും കൂടെ പെരു​മാ​റി. ആരോ​ടും അവൻ മുഖപക്ഷം കാണി​ച്ചില്ല. അങ്ങനെ അവൻ ദൈവത്തെ അനുക​രി​ച്ചു. ഒരിക്കൽ കുട്ടി​ക​ളെ​യും​കൊണ്ട്‌ യേശു​വി​നെ കാണാ​നെ​ത്തിയ മാതാ​പി​താ​ക്കളെ ശിഷ്യ​ന്മാർ ശകാരി​ച്ച​പ്പോൾ യേശു പറഞ്ഞത്‌ ശ്രദ്ധി​ക്കുക: “ശിശുക്കൾ എന്റെ അടുക്കൽ വന്നു​കൊ​ള്ളട്ടെ; അവരെ തടയരുത്‌. ദൈവ​രാ​ജ്യം ഇങ്ങനെ​യു​ള്ള​വ​രു​ടേ​ത​ത്രേ.”—മർക്കോസ്‌ 10:14.

യേശു ദിവ്യ​ജ്ഞാ​നം പ്രകട​മാ​ക്കി. ആളുകളെ നന്നായി മനസ്സി​ലാ​ക്കാ​നുള്ള കഴിവ്‌ യേശു​വിന്‌ ഉണ്ടായി​രു​ന്നു. “മനുഷ്യ​നി​ലു​ള്ളത്‌ എന്താ​ണെന്ന്‌ അവന്‌ അറിയാ​മാ​യി​രു​ന്നു.” (യോഹ​ന്നാൻ 2:25) യേശു​വി​നെ പിടി​കൂ​ടാ​നാ​യി ശത്രുക്കൾ അയച്ച ആളുകൾപോ​ലും ഇങ്ങനെ പറയു​ക​യു​ണ്ടാ​യി: “ഈ മനുഷ്യൻ സംസാ​രി​ക്കു​ന്ന​തു​പോ​ലെ ആരും ഒരിക്ക​ലും സംസാ​രി​ച്ചി​ട്ടില്ല.” യേശു​വിന്‌ ഈ ജ്ഞാനം എവി​ടെ​നി​ന്നു കിട്ടി? യേശു​തന്നെ പറയുന്നു: “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവ​ന്റേ​ത​ത്രേ.”—യോഹ​ന്നാൻ 7:16, 46.

അനുക​മ്പ​യോ​ടെ യേശു രോഗി​കളെ സൗഖ്യമാക്കി

അവൻ ദൈവ​ത്തി​ന്റെ സ്‌നേഹം പ്രതി​ഫ​ലി​പ്പി​ച്ചു. ആർദ്രാ​നു​ക​മ്പ​യോ​ടെ​യാണ്‌ യേശു ആളുക​ളോട്‌ ഇടപെ​ട്ടത്‌. ഒരിക്കൽ, “ദേഹമാ​സ​കലം കുഷ്‌ഠം ബാധിച്ച” ഒരു മനുഷ്യൻ അവനോട്‌ ഇങ്ങനെ യാചിച്ചു: “കർത്താവേ, നിനക്കു മനസ്സു​ണ്ടെ​ങ്കിൽ എന്നെ ശുദ്ധനാ​ക്കാൻ കഴിയും.” അനുകമ്പ തോന്നിയ യേശു “കൈനീ​ട്ടി അവനെ തൊട്ട്‌, ‘എനിക്കു മനസ്സുണ്ട്‌; ശുദ്ധനാ​കുക’ എന്നു പറഞ്ഞു. തത്‌ക്ഷണം അവന്റെ കുഷ്‌ഠം മാറി.” (ലൂക്കോസ്‌ 5:12, 13; മർക്കോസ്‌ 1:41, 42) ആ മനുഷ്യ​നെ സുഖ​പ്പെ​ടു​ത്താൻ യേശു ആത്മാർഥ​മാ​യി ആഗ്രഹി​ച്ചു.

നിങ്ങളു​ടെ കാര്യ​ത്തി​ലും യേശു​വിന്‌ താത്‌പ​ര്യ​മു​ണ്ടോ? യേശു​വി​ന്റെ​തന്നെ വാക്കുകൾ ശ്രദ്ധി​ക്കുക: “ക്ലേശി​ത​രും ഭാരം ചുമക്കു​ന്ന​വ​രും ആയു​ള്ളോ​രേ, എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്ക്‌ ഉന്മേഷം പകരും. എന്റെ നുകം ഏറ്റു​കൊണ്ട്‌ എന്നിൽനി​ന്നു പഠിക്കു​വിൻ. ഞാൻ സൗമ്യ​ത​യും താഴ്‌മ​യും ഉള്ളവനാ​ക​യാൽ നിങ്ങൾ ഉന്മേഷം കണ്ടെത്തും.”—മത്തായി 11:28, 29.

നമുക്കു കിട്ടാ​വു​ന്ന​തി​ലും ഏറ്റവും ശ്രേഷ്‌ഠ​നായ നേതാ​വാണ്‌ യേശു. ആ യേശു​വാണ്‌, “എന്നിൽനി​ന്നു പഠിക്കു​വിൻ” എന്ന്‌ നമ്മോടു പറയു​ന്നത്‌. ഹൃദ്യ​മായ ആ ക്ഷണം നിങ്ങൾ സ്വീക​രി​ക്കു​മോ? അതു സ്വീക​രി​ച്ചാൽ, നിങ്ങളു​ടെ ജീവിതം സന്തോ​ഷ​വും സംതൃ​പ്‌തി​യും നിറഞ്ഞ​താ​യി​ത്തീ​രും!

a മറുവിലയെക്കുറിച്ച്‌ കൂടുതൽ അറിയാൻ ജീവിതം ആസ്വദി​ക്കാം പുസ്‌ത​ക​ത്തി​ന്റെ 27-ാം പാഠം കാണുക.