വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 11

യഥാർഥ വിശ്വാ​സം ഇന്ന്‌

യഥാർഥ വിശ്വാ​സം ഇന്ന്‌

വിശ്വാ​സി​ക​ളാ​ണോ എന്നു ചോദി​ച്ചാൽ പലരു​ടെ​യും ഉത്തരം ‘അതെ’ എന്നായി​രി​ക്കും. എന്നാൽ വളരെ കുറച്ചു​പേർക്കു മാത്രമേ യഥാർഥ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കൂ എന്ന്‌ യേശു പറഞ്ഞു. “നാശത്തി​ലേ​ക്കുള്ള പാത വീതി​യു​ള്ള​തും വിശാ​ല​വും ആകുന്നു. അതിലൂ​ടെ പോകു​ന്നവർ അനേക​ര​ത്രേ. എന്നാൽ ജീവനി​ലേ​ക്കുള്ള വാതിൽ ഇടുങ്ങി​യ​തും പാത ഞെരു​ക്ക​മു​ള്ള​തും ആകുന്നു. അതു കണ്ടെത്തു​ന്നവർ ചുരു​ക്ക​മ​ത്രേ.”—മത്തായി 7:13, 14.

അങ്ങനെ​യെ​ങ്കിൽ, യഥാർഥ വിശ്വാ​സ​മു​ള്ള​വരെ എങ്ങനെ തിരി​ച്ച​റി​യാം? “അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക്‌ അവരെ തിരി​ച്ച​റി​യാം. . . . നല്ല വൃക്ഷ​മൊ​ക്കെ​യും നല്ല ഫലം കായ്‌ക്കു​ന്നു. ചീത്ത വൃക്ഷമോ ചീത്ത ഫലം കായ്‌ക്കു​ന്നു” എന്ന്‌ യേശു പറഞ്ഞു. (മത്തായി 7:16, 17) അതെ, യഥാർഥ വിശ്വാ​സം “നല്ല ഫലം” പുറ​പ്പെ​ടു​വി​ക്കും. അത്‌ ദൈവി​ക​ഗു​ണങ്ങൾ പ്രകട​മാ​ക്കാൻ ആളുകളെ പ്രചോ​ദി​പ്പി​ക്കും. എങ്ങനെ​യാണ്‌ അവർ അതു ചെയ്യു​ന്നത്‌?

അധികാ​ര​വും ശക്തിയും ശരിയായ വിധത്തിൽ ഉപയോഗിക്കുന്നു

യഥാർഥ വിശ്വാ​സ​മു​ള്ളവർ, ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തു​ക​യും മറ്റുള്ള​വർക്കു പ്രയോ​ജ​ന​പ്പെ​ടു​ക​യും ചെയ്യുന്ന വിധത്തിൽ മാത്രമേ അധികാ​ര​വും ശക്തിയും ഉപയോ​ഗി​ക്കൂ. “നിങ്ങളിൽ വലിയ​വ​നാ​കാൻ ആഗ്രഹി​ക്കു​ന്ന​വ​നൊ​ക്കെ​യും നിങ്ങളു​ടെ ശുശ്രൂ​ഷകൻ ആയിരി​ക്കണം,” യേശു പഠിപ്പി​ച്ചു. (മർക്കോസ്‌ 10:43) അതു​പോ​ലെ, വിശ്വാ​സ​മുള്ള ഒരു ഭർത്താവ്‌, വീടി​ന​ക​ത്താ​യാ​ലും പുറത്താ​യാ​ലും സ്വേച്ഛാ​ധി​പ​തി​യെ​പ്പോ​ലെ പെരു​മാ​റില്ല. അയാൾ തന്റെ ഭാര്യയെ വിലമ​തി​ക്കും. അവളോട്‌ ആദര​വോ​ടെ പെരു​മാ​റു​ക​യും അവളുടെ ആവശ്യങ്ങൾ സ്‌നേ​ഹ​പൂർവം നിറ​വേ​റ്റു​ക​യും ചെയ്യും. “ഭർത്താ​ക്ക​ന്മാ​രേ, നിങ്ങളു​ടെ ഭാര്യ​മാ​രെ സ്‌നേ​ഹി​ക്കു​വിൻ; അവരോ​ടു കയ്‌പാ​യി​രി​ക്കു​ക​യും അരുത്‌” എന്ന്‌ തിരു​വെ​ഴു​ത്തു​കൾ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു. (കൊ​ലോ​സ്യർ 3:19) “ഭർത്താ​ക്ക​ന്മാ​രേ, നിങ്ങളു​ടെ പ്രാർഥ​നകൾ തടസ്സ​പ്പെ​ടാ​തി​രി​ക്കേ​ണ്ട​തിന്‌ സ്‌ത്രീ​ജനം ഏറെ ബലഹീ​ന​മായ പാത്രം എന്നോർത്ത്‌ അവരെ ആദരിച്ച്‌ വിവേ​ക​പൂർവം അവരോ​ടൊ​പ്പം വസിക്കു​വിൻ. അവർ മഹാകൃ​പ​യാ​ലുള്ള ജീവനു നിങ്ങളു​ടെ കൂട്ടവ​കാ​ശി​ക​ളു​മ​ല്ലോ.”—1 പത്രോസ്‌ 3:7.

അതേസ​മ​യം യഥാർഥ വിശ്വാ​സ​മുള്ള ഭാര്യ ‘ഭർത്താ​വി​നെ ആഴമായി ബഹുമാ​നി​ക്കും.’ (എഫെസ്യർ 5:33) അവൾ ‘ഭർത്താ​വി​നെ​യും മക്കളെ​യും സ്‌നേ​ഹി​ക്കും.’ (തീത്തൊസ്‌ 2:4) യഥാർഥ വിശ്വാ​സ​മുള്ള മാതാ​പി​താ​ക്കൾ കുട്ടി​ക​ളോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കു​ക​യും അവരെ ദൈവിക നിയമ​ങ്ങ​ളും തത്ത്വങ്ങ​ളും പഠിപ്പി​ക്കു​ക​യും ചെയ്യും. വീട്ടി​ലോ ജോലി​സ്ഥ​ല​ത്തോ, മറ്റെവി​ടെ​യും ആയി​ക്കൊ​ള്ളട്ടെ, അവർ അന്തസ്സോ​ടും ആദര​വോ​ടും കൂടെ മറ്റുള്ള​വ​രോട്‌ ഇടപെ​ടും. “പരസ്‌പരം ബഹുമാ​നി​ക്കു​ന്ന​തിൽ മുന്നി​ട്ടു​നിൽക്കു​വിൻ” എന്ന തിരു​വെ​ഴു​ത്തു ബുദ്ധി​യു​പ​ദേശം അവർ അനുസ​രി​ക്കും.—റോമർ 12:10.

ദൈവ​ദാ​സ​ന്മാർ അനുസ​രി​ക്കുന്ന മറ്റൊരു കൽപ്പന​യുണ്ട്‌: “നീ സമ്മാനം (“കൈക്കൂ​ലി,” പി.ഒ.സി. ബൈബിൾ) വാങ്ങരുത്‌.” (പുറപ്പാ​ടു 23:8) സ്വാർഥ​നേ​ട്ട​ങ്ങൾക്കു​വേണ്ടി അവർ ഒരിക്ക​ലും തങ്ങളുടെ അധികാ​രം ദുർവി​നി​യോ​ഗം ചെയ്യില്ല. അതേസ​മയം മറ്റുള്ള​വരെ, വിശേ​ഷി​ച്ചും സഹായം ആവശ്യ​മു​ള്ള​വരെ സഹായി​ക്കാ​നുള്ള ഒരവസ​ര​വും അവർ പാഴാ​ക്കു​ക​യു​മില്ല. അവർ ഈ കൽപ്പന അനുസ​രി​ക്കു​ന്നു: “നന്മ ചെയ്യാ​നും നിങ്ങൾക്കു​ള്ളത്‌ മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാ​നും മറക്കരുത്‌. ഇങ്ങനെ​യുള്ള യാഗങ്ങ​ളി​ല​ല്ലോ ദൈവം പ്രസാ​ദി​ക്കു​ന്നത്‌.” (എബ്രായർ 13:16) അങ്ങനെ യേശു​വി​ന്റെ പിൻവ​രുന്ന വാക്കു​ക​ളു​ടെ സത്യത അവർ അനുഭ​വി​ച്ച​റി​യു​ന്നു: “വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ല​ത്രേ.”—പ്രവൃ​ത്തി​കൾ 20:35.

ദിവ്യ​നീ​തി ഉയർത്തിപ്പിടിക്കുന്നു

യഥാർഥ വിശ്വാ​സ​മു​ള്ളവർ മനസ്സോ​ടെ ദൈവ​നി​യ​മങ്ങൾ അനുസ​രി​ക്കും. അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം “അവന്റെ കൽപ്പനകൾ ഭാരമു​ള്ള​വയല്ല.” (1 യോഹ​ന്നാൻ 5:3) “യഹോ​വ​യു​ടെ ന്യായ​പ്ര​മാ​ണം തികവു​ള്ളതു; . . . യഹോ​വ​യു​ടെ ആജ്ഞകൾ നേരുള്ളവ; അവ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കു​ന്നു; യഹോ​വ​യു​ടെ കല്‌പന നിർമ്മ​ല​മാ​യതു; അതു കണ്ണുകളെ പ്രകാ​ശി​പ്പി​ക്കു​ന്നു” എന്ന്‌ അവർക്ക്‌ അറിയാം.—സങ്കീർത്തനം 19:7, 8.

യഥാർഥ വിശ്വാ​സം എല്ലാത്തരം മുൻവി​ധി​ക​ളെ​യും ചെറു​ക്കാൻ അവരെ പ്രചോ​ദി​പ്പി​ക്കു​ന്നു. അവർ ഒരു വർഗത്തി​നോ രാജ്യ​ത്തി​നോ മറ്റുള്ള​വ​യെ​ക്കാൾ ശ്രേഷ്‌ഠത കൽപ്പി​ക്കില്ല; സാമ്പത്തി​ക​സ്ഥി​തി​യു​ടെ അടിസ്ഥാ​ന​ത്തിൽ ആളുകളെ തരംതി​രി​ക്കു​ക​യു​മില്ല. പകരം അവർ ദൈവത്തെ അനുക​രി​ക്കു​ന്നു. ‘ദൈവം പക്ഷപാ​ത​മു​ള്ള​വനല്ല . . . ഏതൊരു ജനതയി​ലും അവനെ ഭയപ്പെ​ടു​ക​യും നീതി പ്രവർത്തി​ക്കു​ക​യും ചെയ്യുന്ന മനുഷ്യൻ അവനു സ്വീകാ​ര്യ​നാണ്‌.’—പ്രവൃ​ത്തി​കൾ 10:34, 35.

യഥാർഥ വിശ്വാ​സ​മു​ള്ളവർ “സകലത്തി​ലും സത്യസ​ന്ധ​രാ​യി​രി​ക്കാൻ” ശ്രമി​ക്കും. (എബ്രായർ 13:18) മാത്രമല്ല അവർ മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ അപവാദം പ്രചരി​പ്പി​ക്കു​ക​യോ ഏഷണി പറയു​ക​യോ ചെയ്യില്ല. “നാവു​കൊ​ണ്ടു കുരള (അപവാദം) പറയാ​തെ​യും തന്റെ കൂട്ടു​കാ​ര​നോ​ടു ദോഷം ചെയ്യാ​തെ​യും . . . ഇരിക്കുന്ന”വനെയാണ്‌ ദൈവം അംഗീ​ക​രി​ക്കു​ന്ന​തെന്ന്‌ സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദ്‌ പറയു​ന്നുണ്ട്‌.—സങ്കീർത്തനം 15:3.

ദിവ്യ​ജ്ഞാ​നം പ്രതിഫലിപ്പിക്കുന്നു

യഥാർഥ വിശ്വാ​സ​മു​ള്ളവർ വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളിൽ അധിഷ്‌ഠി​ത​മായ ഉപദേ​ശ​ങ്ങ​ളാ​യി​രി​ക്കും പിൻപ​റ്റുക. “എല്ലാ തിരു​വെ​ഴു​ത്തും ദൈവ​നി​ശ്വ​സ്‌ത​മാണ്‌; പഠിപ്പി​ക്കു​ന്ന​തി​നും ശാസി​ക്കു​ന്ന​തി​നും കാര്യങ്ങൾ നേരെ​യാ​ക്കു​ന്ന​തി​നും നീതി​യിൽ ശിക്ഷണം നൽകു​ന്ന​തി​നും അവ ഉപകരി​ക്കു​ന്നു” എന്ന്‌ അവർക്ക്‌ ഉറച്ച ബോധ്യ​മുണ്ട്‌. (2 തിമൊ​ഥെ​യൊസ്‌ 3:16) മറ്റുള്ള​വ​രോട്‌ ഇടപെ​ടു​മ്പോൾ അവർ “ഉയരത്തിൽനി​ന്നുള്ള ജ്ഞാനം” പ്രതി​ഫ​ലി​പ്പി​ക്കു​ന്നു. ആ ജ്ഞാനമാ​കട്ടെ, “ഒന്നാമതു നിർമ​ല​മാ​കു​ന്നു; കൂടാതെ അതു സമാധാ​നം പ്രിയ​പ്പെ​ടു​ന്ന​തും ന്യായ​ബോ​ധ​മു​ള്ള​തും അനുസ​രി​ക്കാൻ സന്നദ്ധമാ​യ​തും കരുണ​യും സത്‌ഫ​ല​ങ്ങ​ളും നിറഞ്ഞ​തു​മാ​കു​ന്നു.” (യാക്കോബ്‌ 3:17) അവർ മാനുഷ പാരമ്പ​ര്യ​ങ്ങ​ളും ഭൂതവി​ദ്യ​യും ഒഴിവാ​ക്കു​ക​യും ‘വിഗ്ര​ഹ​ങ്ങ​ളിൽനിന്ന്‌ അകന്നി​രി​ക്കു​ക​യും ചെയ്യും.’—1 യോഹ​ന്നാൻ 5:21.

യഥാർഥ സ്‌നേഹം കാണിക്കുന്നു

“നിന്റെ ദൈവ​മായ യഹോ​വയെ നീ പൂർണ്ണ ഹൃദയ​ത്തോ​ടും പൂർണ്ണ​മ​ന​സ്സോ​ടും പൂർണ്ണ​ശ​ക്തി​യോ​ടും കൂടെ സ്‌നേ​ഹി​ക്കേണം” എന്ന്‌ പ്രവാ​ച​ക​നായ മോശ പറഞ്ഞി​ട്ടുണ്ട്‌. (ആവർത്ത​ന​പു​സ്‌തകം 6:5) വിശ്വാ​സ​മു​ള്ള​വർക്ക്‌ ദൈവ​ത്തോട്‌ അത്തരം സ്‌നേ​ഹ​മു​ണ്ടാ​യി​രി​ക്കും. അവർ യഹോവ എന്ന ദൈവ​നാ​മത്തെ ആദരി​ക്കും. ‘യഹോ​വെക്കു സ്‌തോ​ത്രം​ചെ​യ്യും.’ മാത്രമല്ല, അവർ വിശ്വാ​സ​ത്തോ​ടെ ‘അവന്റെ നാമത്തെ വിളി​ച്ച​പേ​ക്ഷി​ക്കും.’ (സങ്കീർത്തനം 105:1) “കൂട്ടു​കാ​രനെ നിന്നെ​പ്പോ​ലെ തന്നേ സ്‌നേ​ഹി​ക്കേണം” എന്ന കൽപ്പന​യും ദൈവ​ദാ​സ​ന്മാർ അനുസ​രി​ക്കും. (ലേവ്യ​പു​സ്‌തകം 19:18) “സകല മനുഷ്യ​രോ​ടും സമാധാ​ന​ത്തിൽ വർത്തി​ക്കാൻ” പരമാ​വധി ശ്രമി​ക്കുന്ന അവർ എല്ലാത്തരം അക്രമ​വും ഒഴിവാ​ക്കും. (റോമർ 12:18) ‘അവർ യുദ്ധം അഭ്യസി​ക്കു​ക​യില്ല.’ ആലങ്കാ​രി​ക​മാ​യി “അവർ തങ്ങളുടെ വാളു​കളെ കൊഴു​ക്ക​ളാ​യും കുന്തങ്ങളെ വാക്കത്തി​ക​ളാ​യും അടിച്ചു​തീർക്കും.” (യെശയ്യാ​വു 2:4) അവർ ‘പരസ്‌പരം സ്‌നേ​ഹി​ക്കു​ന്നു.’ (യോഹ​ന്നാൻ 13:35) അവർക്ക്‌ ഒരു ആഗോള സഹോ​ദ​ര​വർഗ​മുണ്ട്‌. ഇന്ന്‌ അങ്ങനെ​യുള്ള ആളുകളെ നിങ്ങൾക്ക്‌ അറിയാ​മോ?