ഭാഗം 4
സത്യദൈവം ആരാണ്?
ആളുകൾ അനേകം ദൈവങ്ങളെ ആരാധിക്കുന്നുണ്ട്. എന്നാൽ സത്യദൈവം ഒന്നേയുള്ളൂ എന്നാണ് വിശുദ്ധ തിരുവെഴുത്തുകൾ പഠിപ്പിക്കുന്നത്. അവൻ അതുല്യനും അത്യുന്നതനും നിത്യനുമാണ്. സ്വർഗത്തിലും ഭൂമിയിലുമുള്ള സകലതും സൃഷ്ടിച്ചത് അവനാണ്. നമുക്കു ജീവൻ തന്നതും ആ ദൈവംതന്നെ. അതുകൊണ്ട് അവനെ മാത്രമേ നാം ആരാധിക്കാവൂ.
ദൈവത്തിന് സ്ഥാനപ്പേരുകൾ പലതുണ്ടെങ്കിലും പേര് ഒന്നേയുള്ളൂ, യഹോവ. ദൈവം മോശയോടു പറഞ്ഞു: “നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.” (പുറപ്പാടു 3:15) വിശുദ്ധ തിരുവെഴുത്തുകളിൽ ഏതാണ്ട് 7,000 പ്രാവശ്യം യഹോവ എന്ന ദൈവനാമം കാണാം. “യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ” എന്നാണ് സങ്കീർത്തനം 83:18 ദൈവത്തെക്കുറിച്ചു പറയുന്നത്.
മനുഷ്യരാരും ദൈവത്തെ കണ്ടിട്ടില്ല. “നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല” എന്ന് ദൈവംതന്നെ മോശയോടു പറയുകയുണ്ടായി. (പുറപ്പാടു 33:20) അതെ, സ്വർഗത്തിൽ വസിക്കുന്ന ദൈവം മനുഷ്യനേത്രങ്ങൾക്ക് അദൃശ്യനാണ്. അതുകൊണ്ടുതന്നെ ദൈവത്തിന്റെ പ്രതിമയോ ചിത്രമോ പ്രതീകമോ ഉണ്ടാക്കുന്നതും അവയോടു പ്രാർഥിക്കുന്നതും തെറ്റാണ്. യഹോവയാംദൈവം പ്രവാചകനായ മോശ മുഖാന്തരം ഇങ്ങനെ കൽപ്പിച്ചു: “ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു.” (പുറപ്പാടു 20:2-5) പിന്നീട്, യെശയ്യാപ്രവാചകനിലൂടെ ദൈവം ഇങ്ങനെ പറഞ്ഞു: “ഞാൻ യഹോവ, അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.”—യെശയ്യാവു 42:8.
ചിലർ ദൈവത്തിൽ വിശ്വസിക്കുന്നുണ്ട്. പക്ഷേ ആർക്കും മനസ്സിലാക്കാനാകാത്ത, ആർക്കും അടുക്കാൻ പറ്റാത്ത, ഭയങ്കരനായ ഒരുവനായിട്ടാണ് അവർ അവനെ വീക്ഷിക്കുന്നത്. നിങ്ങളുടെ അഭിപ്രായം എന്താണ്? നിങ്ങളുടെ ക്ഷേമത്തിൽ താത്പര്യമുള്ള ഒരാളായിട്ടാണോ നിങ്ങൾ ദൈവത്തെ കാണുന്നത്? ദൈവത്തെ അടുത്തറിയാനും അവനോട് അടുക്കാനും സാധിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ദൈവത്തിന്റെ മഹനീയ ഗുണങ്ങളെക്കുറിച്ച് തിരുവെഴുത്തുകൾ എന്താണു പറയുന്നതെന്ന് നമുക്കു നോക്കാം.